ശോശാമ്മയ്ക്ക് വയറ്റിലുണ്ടെന്ന്….!’ അതുകേട്ടപ്പോൾ അന്നമ്മയുടെ വായ താനേ തുറന്ന് നിന്നു. എന്നിട്ടൊരു

(രചന: ശ്രീജിത്ത് ഇരവിൽ)

‘എടീ…. നീയാ ശോശാമ്മയുടെ കാര്യമറിഞ്ഞോ..?’എന്റെ ചോദ്യം കേട്ടപ്പോൾ അലക്കുമ്പോൾ പൊക്കി കുത്തിയ മാക്സി താഴേക്കിട്ട് വേലിയുടെ അടുത്തേക്ക് അന്നമ്മ വന്നു. ശോശാമ്മയ്ക്ക് എന്തുപറ്റിയെന്ന് കണ്ണുകൾ പുറത്തേക്കിട്ട് ചോദിച്ചു.

‘ആഹാ… അറിഞ്ഞില്ലേ… ന്നാ… നീ മാത്രേ.. ഈ പഞ്ചായത്തിലിത് അറിയാൻ ബാക്കിയുള്ളൂ…'”ഞാനൊന്നുമറിഞ്ഞില്ല…!

അത് പറയുമ്പോൾ സോപ്പ് പത തൂങ്ങുന്ന പുറം കൈ കൊണ്ട് അവൾ തന്റെ ചുളിഞ്ഞ നെറ്റിയിലൊന്ന് വലിച്ച് കുടഞ്ഞു.’ശോശാമ്മയ്ക്ക് വയറ്റിലുണ്ടെന്ന്….!’

അതുകേട്ടപ്പോൾ അന്നമ്മയുടെ വായ താനേ തുറന്ന് നിന്നു. എന്നിട്ടൊരു പാവയ്ക്ക നീരിറക്കിയത് പോലെ കവിൾ ചുളുക്കിയൊന്ന് കൂടി വേലിയുടെ അടുത്തേക്ക് നീങ്ങി.

‘അതെങ്ങനെ ശരിയാകും…! ഓളുടെ കെട്ടിയോൻ ഗൾഫിൽ പോയിട്ട് കൊല്ലമൊന്നാകാറായില്ലേ…!?’

“അത് തന്നെയാണ് കാര്യം….! പത്രോസ് വരുമ്പോൾ നമ്മുടെ കപ്പിയാരുടെ ഛായയിൽ അവളൊരു കുഞ്ഞിനെ പെറുമെന്നാണ് നാട്ടിലെ സംസാരം.. ഓളുടെ വീട്ടിൽ രാത്രിയിലയാൾ പോകാറുണ്ടത്രേ….”

അതും കൂടി കേട്ടപ്പോൾ അന്നമ്മ അണ്ടി കിട്ടിയ അണ്ണാനെ പോലെ മോണ കാട്ടി എന്നോട് ചിരിച്ചു…

‘ഓള് കൊള്ളാല്ലോ…. മിണ്ടാപ്പൂച്ച കലമൊടച്ചൂന്നൊക്കെ കേട്ടിട്ടുണ്ട്… ഇതിപ്പോ….!'”ഇതിപ്പോ…….! “‘കപ്പിയാരുടെ മണിയാണല്ലോ കർത്താവേ ഓള് ….!’

എനിക്ക് ചിരിയടക്കാൻ സാധിച്ചില്ല. തൊടിയിൽ നിന്ന് പറിച്ച ചീരയുമായി വേലിയിലേക്ക് ചാഞ്ഞ് ഞാൻ ചിരിച്ചപ്പോൾ ബലമുള്ള ആ വേലിയാകെ ഇളകുന്നുണ്ടായിരുന്നു…

എന്നാലും അന്നമ്മേ… ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് ഞാൻ വീട്ടിനകത്തേക്ക് കയറി. അന്നമ്മ തന്റെ അലക്ക് കല്ലിനടുത്തേക്കും പോയി..

സന്ധ്യക്ക്‌ പിള്ളേരുടെ അപ്പൻ വന്നപ്പോഴും ശോശാമ്മയുടേയും കപ്പിയാരുടേയും കാര്യം പറഞ്ഞ് ഞാൻ ചിരിച്ചു. അങ്ങേർക്ക് ആ വക കാര്യത്തിലൊന്നും യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല…

ഞാൻ ഓർക്കുകയായിരുന്നു…. പണ്ട് കുർബാന കൂടി പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ കാപ്പിയാരും ശോശാമ്മയും ഇണപ്രാവുകളെ പോലെ കുറുകി നിൽക്കുന്നത് ഞാൻ കണ്ടതാണ്. എന്നെ കണ്ടപ്പോൾ പരീക്ഷയ്ക്ക് കോപ്പിയടി പിടികൂടിയ കുട്ടിയുടെ വെപ്രാളമായിരുന്നു അവൾക്ക്.

അതാണ് മീത്തലെ സരോജനിയിത് സൂചിപ്പിച്ചപ്പോൾ തന്നെ എനിക്ക് വിശ്വസിക്കാൻ പറ്റിയത്… അല്ലെങ്കിലും ഒരു രഹസ്യം കേട്ടാൽ നാലാളെ അറിയിക്കാതെ എന്റെ നാവിന് വിശ്രമിക്കാൻ പറ്റാറില്ല. അപ്പോഴാണ് എരിവും പുളിയും ചേർത്ത് വിളമ്പാൻ പാകമൊരു അവിഹിത ഗർഭത്തെ എനിക്ക് കിട്ടുന്നത്…. പിന്നെ പറയാനുണ്ടോ…..!

അയൽക്കൂട്ടത്തിലും പുല്ല് പറിക്കാൻ വന്ന ശാന്തയോടും അന്നമ്മയോടും എന്നുവേണ്ട കാണുന്നവരോടെല്ലാം ഞാൻ ഇത് പറയുകയും ചെയ്തു. എന്താണെന്ന് അറിയില്ല ഇപ്പോൾ വല്ലാത്തയൊരു സുഖമുണ്ട് എന്റെ ഉള്ളിന്…

ഇനിയിപ്പോൾ ഗൾഫിലുള്ള പത്രോസ്സ് വന്നാലാണ് രംഗം കൂടുതൽ രസകരമാകുക… കാപ്പിയാരെ പള്ളിയിൽ നിന്ന് പുറത്താക്കുമായിരിക്കും..! ശോശാമ്മയ്ക്ക് പുറത്തിറങ്ങി നടക്കാനും പറ്റില്ല. ഹോ…! ഓർക്കുമ്പോൾ തന്നെയെന്ത് സുഖം…!

മഹത്തായ വാർത്ത പ്രസ്ദ്ധീകരിച്ചയൊരു പത്രപ്രവർത്തകയുടെ തൃപ്തിയിലാണ് ഞാൻ അന്ന് കിടന്നുറങ്ങിയത്.

പിറ്റേന്ന് നേരം പുലർന്നപ്പോഴേക്കും അന്നമ്മ എന്റെ വീട്ടിലേക്ക് വന്നു. അവളുടെ കൂടെ മീത്തലെ സരോജിനിയുമുണ്ടായിരുന്നു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി. തുടർന്ന് കേട്ടതും അറിഞ്ഞതുമെല്ലാം തെറ്റാണെന്ന് പറഞ്ഞ് നിരാശ പ്രകടിപ്പിച്ചു.

ശോശാമ്മയ്ക്ക് ഗ്യാസിന്റെ അസ്കിതയായിരുന്നു വയറിലെന്ന് അവർ പറഞ്ഞപ്പോൾ ഞാനൊരു കാറ്റ് പോയ ബലൂൺ പോലെ ചുരുങ്ങി.

‘ഓളുടെ രഹസ്യക്കാരൻ കാപ്പിയാര് തന്നെയാണ്… എനിക്ക് ഒരു സംശയവുമില്ല….’

സരോജനി പറഞ്ഞതും കേട്ട് ഞാൻ വാതിൽ പടിയിലിരുന്നു.. അലസിപ്പോയ ഗർഭത്തിന്റെ വേദനയിലാണ് ഞാൻ പിന്നീട് ശ്വസിച്ചത്…

എന്തൊക്കെയായിരുന്നു… പള്ളിയിൽ നിന്ന് പുറത്താക്കപ്പെടുന്ന കപ്പിയാർ…! നാട്ടിൽ നാണക്കേടുമായി ജീവിക്കേണ്ടി വരുന്ന ശോശാമ്മ…! തലയ്ക്ക് തീ പിടിച്ച് വിമാനം കേറി വരുന്ന പത്രോസ്സ്..! ഈശോയെ… എല്ലാം പോയി…!’ഉള്ളതാണോ… നിങ്ങളീ പറയുന്നത്…!?’

ആണെന്നും പറഞ്ഞ് നിരാശയോടെ അന്നമ്മയും സരോജിനിയും മടങ്ങി… എനിക്ക് ആകെയൊരു പരവേശം തോന്നി. അങ്ങേര് ജോലിക്കും പിള്ളേര് സ്കൂളിലേക്കും പോയതിന് ശേഷം നിജസ്ഥിതി അറിയാൻ ശോശാമ്മയുടെ വീട്ടിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.

കേട്ടപ്പോൾ തന്നെ സത്യമാണെന്ന് വിശ്വസിച്ച വാർത്തയാണ്… പിന്നീട് നുണയായിരുന്നുവെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

നമുക്ക് രസം തോന്നുന്ന രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തും മുമ്പേ അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നൊന്നുമില്ല.. അറിഞ്ഞതെല്ലാം കള്ളമാണെന്ന് പറയുമ്പോഴാണ് പ്രശ്നം…. എങ്ങനെയാണ് ആ രസചരടും പൊട്ടി മനസമാധാനത്തോടെ വീട്ടിലിരിക്കുക..!

എന്താണെന്ന് ചോദിച്ചാൽ ഇളയവന്റെ പിറന്നാളാണെന്ന് പറയാം. അതിനായി ഒരു മൊന്ത പായസം ഞാൻ കരുതിയിരുന്നു. അറിഞ്ഞതെല്ലാം വാസ്തവമായിരിക്കണേ കർത്താവേയെന്നും പ്രാർത്ഥിച്ച് ശോശാമ്മയുടെ വീട്ടിലേക്ക് ഞാൻ ആഞ്ഞ് നടന്നു.

അവളുടെ വീട്ടിൽ പത്രോസ്സിന്റെ കിടപ്പിലായ അമ്മച്ചി മാത്രമേ ഉണ്ടാകൂവെന്നാണ് ഞാൻ ആദ്യം കരുതിയത്. അകത്തൊരു പുരുഷന്റെ ശബ്ദം കേട്ടപ്പോൾ കാളിങ് ബെല്ലടിക്കാതെ ഞാൻ പിന്നാമ്പുറത്തേക്ക് നടന്നു.

എന്റെ കാൽ പെരുമാറ്റം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു… നടന്ന് ചുറ്റി അടുക്കള വാതിലിലേക്ക് ഞാൻ എത്തും മുമ്പേ, ഒരാൾ ഉടുമുണ്ടും ചുറ്റിപ്പിടിച്ച് ശര വേഗത്തിൽ അകത്ത് നിന്ന് പുറത്തേക്ക് പാഞ്ഞത്…!

അയാൾ പാഞ്ഞ് മതിലിലേക്ക് വലിഞ്ഞ് കയറി ചാടുമ്പോൾ ആ മുഖമൊരു മിന്നായം പോലെ ഞാൻ കണ്ടു. കർത്താവേയെന്ന് ഞാൻ അറിയാതെ വിളിച്ചുപോയി..

കയ്യിൽ നിന്ന് പായസ മൊന്തയും താഴേക്ക് വീണു…! പറയാതെ വയ്യ…! ആ മുഖം എന്റെ പിള്ളേരുടെ അപ്പന്റേതായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *