ജാലകങ്ങൾ
(രചന: സൃഷ്ടി)
ഫ്ലാറ്റിന്റെ മുൻവാതിൽ അടിച്ചതിനു ശേഷം സിന്ധു സോഫയിലേയ്ക്ക് ചാഞ്ഞിരുന്നു. ഇനിയൊന്നു ദീർഘമായി നിശ്വസിക്കാം.. വാൾ ക്ലോക്കിൽ സമയം എട്ടര കഴിഞ്ഞു..
സാവദാനം അവൾ എണീറ്റ് സ്പീക്കർ ഓണാക്കി മൊബൈലിൽ കണക്ട് ചെയ്തു. പ്രിയപ്പെട്ട പ്ലേ ലിസ്റ്റ് ഓണാക്കി..” കണ്ണാടികയ്യിൽ കല്യാണം കണ്ടോ ”
സ്പീക്കറിൽ നിന്നും ഒഴുകി വന്ന ഗാനത്തിനൊപ്പം സിന്ധുവും മൂളി.. പിന്നെ തലയിലെ ടവൽ കെട്ടഴിച്ചു ഹാളിലെ വലിയ ജനലരികിൽ വന്നു നിന്നു. ആ ഫ്ലാറ്റിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം ആ ജനവാതിൽ ആയിരുന്നു.
അതിലൂടെ നോക്കിയാൽ വിശാലമായ ആകാശവും, ഫ്ലാറ്റിലേയ്ക്കുള്ള നീണ്ട നടപ്പാതയും റോഡും ഒക്കേ കാണാം.. ആ വഴിയരികിൽ പൂത്ത് നിൽക്കാറുള്ള ഗുൽമോഹർ മരങ്ങൾ അവളെ പലതും
ഓർമിപ്പിക്കും.. തനിച്ചാവുന്ന പകലുകളിൽ അവളെ ഓർമ്മകളുടെ തേരിലേറ്റി കൊണ്ടുപോകുന്ന ആ ജാലകക്കാഴ്ചകളെ സിന്ധു അത്രമേൽ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
ആ പൂനാ നഗരത്തിലേയ്ക്ക് ജീവിതം പറിച്ചു നട്ട അനവധി മലയാളികളിൽ ഒരുവൾ ആയിരുന്നു സിന്ധുവും. ഭർത്താവ് അനിലും, കുഞ്ഞുങ്ങളായ അച്ചുമോളും അപ്പുമോനും അടങ്ങുന്ന കൊച്ചു കുടുംബം.
ആ ഫ്ലാറ്റിൽ നിന്നും ഒത്തിരി ദൂരെയാണ് അനിലിന്റെ ഓഫീസ്. അയാൾക്ക് രാവിലെ ഏഴു മണിയ്ക്ക് മുൻപ് തന്നെ ഫ്ലാറ്റിൽ നിന്നിറങ്ങിയാൽ മാത്രമേ സമയത്ത് എത്തുകയുള്ളൂ. വരാനും വൈകും.
രാവിലെ എട്ടരയോടെ മൂന്നിലും ഒന്നിലും പഠിക്കുന്ന മക്കളും പോയിക്കഴിഞ്ഞാൽ പിന്നെ സിന്ധു ആ ഫ്ലാറ്റിൽ തനിച്ചാണ്.
അവൾക്ക് ജോലിയെന്തെങ്കിലും ശരിയാക്കാമെന്ന് അനിൽ പലവട്ടം പറഞ്ഞെങ്കിലും സിന്ധുവിനു അത് ഒട്ടും ഇഷ്ടമില്ലായിരുന്നു.
സ്വന്തമായി തീർത്തൊരു സ്വപ്നലോകത്തു അങ്ങനെ അലഞ്ഞു നടക്കാനായിരുന്നു അവൾക്കിഷ്ടം. അനിലും പിന്നെ അവളെ നിർബന്ധിച്ചുമില്ല.
സിന്ധു അതിരാവിലെ ഉണർന്ന് കുളിച്ചു അനിലിനും മക്കൾക്കുമുള്ള ഭക്ഷണം തയ്യാറാക്കും. അനിൽ ഒരു കോഫി മാത്രം കുടിച്ചാണ് പോകുക. പ്രാതലും ഉച്ചഭക്ഷണവും സിന്ധു കൊടുത്തുവിടും. മക്കൾക്കും സ്നാക്സ്സും ഉച്ചഭക്ഷണവും കൊണ്ടുപോണം.
അവരെല്ലാം പോകുമ്പോളേക്കും സിന്ധുവിന്റെ പാചകം കഴിഞ്ഞിരിക്കും. പിന്നെ മെല്ലെ വീടെല്ലാം വൃത്തിയാക്കി, മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ അലക്കിയിട്ട് സിന്ധു അവൾക്കേറെ
പ്രിയപ്പെട്ട ആ ജാലകത്തിനരികിൽ വന്നിരിക്കും. ചിലപ്പോൾ പാട്ട് കേൾക്കും.. ചിലപ്പോൾ പുസ്തകങ്ങൾ വായിക്കും.. മറ്റു ചിലപ്പോൾ വല്ലതും കുത്തിക്കുറിയ്ക്കും..
ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാൽ അവിടെയുള്ള ചാരുകസേരയിൽ ഇരുന്നു അവൾ ചെറുതായി മയങ്ങും. പിന്നെ ഉണർന്നു മക്കൾക്കുള്ള കാപ്പി റെഡി ആക്കുമ്പോളേക്കും അവരെത്തും.
പിന്നെ അവരുമായി വിശേഷം പറഞ്ഞു ഭക്ഷണം കൊടുത്തു ഹോം വർക്ക് ചെയ്തു തീരുമ്പോളേക്കും അനിൽ എത്തും. അനിൽ കൂടി ഫ്രഷ് ആയാൽ അച്ഛനും മക്കളും കൂടി ഒരു നടത്തമുണ്ട്.
അപാർട്മെന്റിനു പുറത്തുള്ള നടപ്പാതയിലൂടെ അവരങ്ങനെ ഒന്ന് നടന്നു വരും. ആ സമയത്താണ് രാത്രിയിലേയ്ക്കുള്ള ചപ്പാത്തി സിന്ധു ഉണ്ടാക്കുക. കൂടെ പിറ്റേന്നത്തേയ്ക്ക്
വേണ്ട കാര്യങ്ങൾ ഒരുക്കലും.. പിന്നെ നാലുപേരും ഒന്നിച്ചു ഭക്ഷണം കഴിക്കും. സിന്ധു അതെല്ലാം വൃത്തിയാക്കി വരുമ്പോളേക്കും മക്കളേ അനിൽ ഉറക്കിയിരിക്കും.
പിന്നെ അവരുടെ മാത്രമായ ലോകത്തു പ്രണയം പങ്കിട്ടു കൊണ്ട് സുഖകരമായ ഉറക്കം.. വലിയ മാറ്റങ്ങളൊന്നും കൂടാതെ സിന്ധുവിന്റെ ദിവസങ്ങൾ കൊഴിഞ്ഞു പോയെങ്കിലും അവൾക്ക് അതിൽ പരാതിയോ നിരാശയോ തോന്നിയിരുന്നില്ല.
എന്തുകൊണ്ടോ ആ ജീവിതവും ഏകാന്തതയും ഒക്കെ അവൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. സ്വന്തം ഓഫീസിന്റെ അടുത്ത് മറ്റൊരു ഫ്ലാറ്റിലേയ്ക്ക് താമസം
മാറാമെന്ന് പല തവണ അനിൽ പറഞ്ഞപ്പോളും അവനെ അതിൽ നിന്ന് വിലക്കിയത് സിന്ധുവിന്റെ ആ ഫ്ലാറ്റിനോടും ആ ജാലകത്തോടുമുള്ള ഇഷ്ടം തന്നെയായിരുന്നു.
പതിവുപോലെ ഒരു പകലിൽ ഒറ്റയ്ക്ക് പുറംകാഴ്ചകളിൽ സിന്ധു കണ്ണും നട്ടിരിക്കുമ്പോളാണ് ഒരു മഞ്ഞ കാർ വരുന്നത് കണ്ടത്. ആ നിറത്തോടുള്ള കൗതുകം കൊണ്ട് അതിലേക്ക് നോക്കിയപ്പോളാണ് അതിൽ നിന്നിറങ്ങിയ ആളെ അവൾ ശ്രദ്‌ധിച്ചത്..
വിനീത്..സിന്ധു ഒരു നിമിഷം വല്ലാതെ പകച്ചുപോയി. കാറിൽ നിന്നിറങ്ങി ചുറ്റിലും നിരീക്ഷിക്കവേ വിനീതിന്റെ കണ്ണുകൾ തന്റെ ഫ്ലാറ്റിനു നേരെ
നീളുന്നുണ്ട് എന്ന് കണ്ടതും സിന്ധു ഉടനെ അവിടെ നിന്നും മറഞ്ഞു നിന്നു. ഒരു നിമിഷം സിന്ധുവിന്റെ മനസ്സ് അവളുടെ കലാലയ ജീവിതത്തിലേക്ക് പാഞ്ഞു..
ഡിഗ്രിയ്ക്ക് പഠിക്കാനാണ് ആദ്യമായി താൻ വീടിൽ നിന്നും കുറച്ചു മാറിയുള്ള വലിയ കോളേജിലേയ്ക്ക് പോകുന്നത്. ആദ്യമായി അങ്ങനെ പോകുന്നതിന്റെ വെപ്രാളം ഉണ്ടായിരുന്നു. പോരാത്തതിന് ചേച്ചിമാർ പറഞ്ഞു പേടിപ്പിച്ച റാഗിങ്ങിന്റെ കഥകളും.
അങ്ങനെ ഭയന്നും വിറച്ചും പോയ ആദ്യത്തെ ദിവസങ്ങളിൽ എന്നോ ആണ് വിനീതിനെ കാണുന്നത്.
ബസ്റ്റോപ്പിൽ നിന്നും കോളേജിലേയ്ക്ക് മഴയത്തു നടന്നു നീങ്ങുന്ന തന്റെ കുടയിലേയ്ക്ക് അനുവാദം കൂടാതെ ഓടിക്കയറി വന്നതായിരുന്നു വിനീത്..
” ഹോ.. ഹേമയല്ലേ സോറി.. സെക്കന്റ് ഇയറിലെ ഞാൻ ഹേമയാണെന്നു കരുതി. അവൾ എന്റെ സിസ്റ്റർ ആണ് ”
ഭയന്ന് പോയ തന്നെ നോക്കി പറഞ്ഞ ക്ഷമാപണത്തിന്റെ സ്വരം.” എന്തായാലും കയറിപ്പോയില്ലേ? ഒന്ന് കോളേജ് വരേ ആക്കാമോ? ഞാനും അങ്ങോട്ടാണ് ”
മറുത്തു പറയാനാവാതെ ആദ്യമായി അന്യനായ ഒരു ചെറുപ്പക്കാരനുമായി ചേർന്നു നടന്നത് തന്നെ ആഴത്തിൽ തന്നെ സ്വാധീനിച്ചു. കോളേജിലെത്തി വിനീതിനെ അവിടെയാക്കി താൻ നടന്നു
നീങ്ങി. ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവിടെ നിന്നുകൊണ്ട് തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ.. വെപ്രാളത്തോടെ തിരിഞ്ഞു നടക്കുമ്പോളും മനസ്സിൽ വല്ലാത്തൊരു പിടപ്പായിരുന്നു.
പിന്നെ വിനീത് ഒരു സ്ഥിരം കാഴ്ചയായി. ബസ്സിറങ്ങുമ്പോളും തിരിച്ചു പോകുമ്പോളും ബസ്സ്റ്റോപ്പിലും, ഒഴിവുസമയങ്ങളിൽ തന്റെ ക്ലാസ്സ് പരിസരത്തും,
ലൈബ്രറിയിലും ഒക്കെ തനിക്ക് പിറകെ വിനീതും ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ പേരറിയാതൊരു ഉൾത്തുടിപ്പായിരുന്നു മനസ്സിൽ.
” എടി സിന്ധൂ.. ആ തേർഡ് ഇയറിലെ ചുള്ളൻ ചേട്ടൻ നിന്നെ തന്നെയാണല്ലോ നോക്കുന്നത് ”
എന്നൊക്കെ കൂട്ടുകാരികൾ കളിയാക്കി പറയുമ്പോൾ അവരോട് കള്ളദേഷ്യം കാണിക്കുമ്പോളും, റാഗിങ്ങിൽ നിന്നൊക്കെ രക്ഷപ്പെട്ടു പോരുന്നത്
വിനീത് വിലക്കിയിട്ടാണ് എന്നറിഞ്ഞപ്പോളും മനസ്സിൽ എന്തൊക്കെയോ മുള പൊട്ടുകയായിരുന്നു.
മെല്ലെ വിനീതിനു നേർക്ക് തന്റെ കണ്ണുകളും വിരുന്നുപോയി. നോട്ടങ്ങൾ ചെറുപുഞ്ചിരികളായി.. അത് പിന്നെ ഒഴിഞ്ഞ വരാന്തയിലും, ഗ്രൗണ്ടിലെ പടവുകളിലും ഒക്കെയുള്ള പ്രണയ സല്ലാപങ്ങളായി.. ഒരുപാട് ഇഷ്ടമായിരുന്നു വിനീതിനോട്..
ഒന്നിച്ചുള്ള ജീവിതത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ ഒരുമിച്ചു കണ്ടിട്ടുണ്ട് ഇരുവരും ചേർന്ന്.. ഡിഗ്രി കഴിഞ്ഞു പോകുമ്പോൾ ഉടനെ ഒരു ജോലി നേടി
തന്റെ വീട്ടിലേയ്ക്ക് വരുമെന്ന് വാക്ക് തന്നിട്ടാണ് വിനീത് പിരിഞ്ഞത്.. അന്നെത്ര കരഞ്ഞിരിക്കുന്നു..! വിനീതില്ലാത്ത കോളേജ് തന്നെ വെറുപ്പായിരുന്നു..
കോളേജിൽ നിന്ന് പോയ ശേഷവും വിനീത് പല തവണ കാണാനായി വന്നിരുന്നു. ആദ്യമൊക്കെ വലിയ സന്തോഷവും പ്രതീക്ഷയും ആയിരുന്നെങ്കിൽ പിന്നീട് ആളാകെ നിരാശയിലായിരുന്നു.
ഉദ്ദേശിച്ച പോലെ ജോലിയൊന്നും കിട്ടാത്തത് വിനീതിനെ പാടേ മാറ്റി മറിച്ചു. അവസാനമായി കണ്ടത് ഇന്നലെയെന്ന പോലെ ഓർമ്മയുണ്ട്.
” നമ്മൾ പലപ്പോളും സ്വപ്‌നങ്ങൾ കാണാറില്ലേ സിന്ധൂ.. അതെല്ലാം സത്യമാകാറില്ലലോ.. അതുപോലെയാണ് ഈ ബന്ധവും എന്ന് നീ കരുതണം. എന്നേ മറന്നു മറ്റൊരു ജീവിതത്തിലേക്ക് പോണം
അച്ഛന്റെ സുഹൃത്തിന്റെ മകളുമായി കല്യാണം ഉറപ്പിച്ചു എന്നായിരുന്നു അന്ന് പറഞ്ഞത്. വിവാഹത്തോടൊപ്പം ആ പെൺകുട്ടിയുടെ അച്ഛന്റെ ബിസിനസുകൾ കൂടി വിനീതിനു കിട്ടുമത്രേ.
ഒറ്റയടിയ്ക്ക് എല്ലാം കൊണ്ടും ജീവിതം സുരക്ഷിതമാക്കാനുള്ള മാർഗ്ഗം മുന്നിൽ വരുമ്പോൾ അവിടെ പൈങ്കിളി പ്രണയത്തിന് എന്ത് വില! ഒരു വിവാഹ കാർഡ് നൽകി വിനീത് തിരിഞ്ഞു നടന്നപ്പോൾ താനും വല്ലാതെ മരവിച്ചിരുന്നു.
പിന്നെ നഷ്ടപ്രണയത്തിന്റെ കനലുകളും പേറി കുറെ നാൾ.. ആരോടും പറയാനോ സങ്കടങ്ങൾ പങ്കുവെയ്ക്കാനോ കഴിയാതെ ഉരുകി ഉരുകി തീർന്ന നാളുകൾ.. പിന്നെ അതിന്റെ പകപ്പ് മാറുന്നതിനു മുൻപ് തന്നെ അനിലുമായുള്ള വിവാഹം..
അനിലേട്ടനുമായുള്ള വിവാഹത്തിന് താൻ മാനസികമായി ഒട്ടും തയ്യാറല്ലായിരുന്നു. എന്നിട്ടും അച്ഛനെ എതിർക്കാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് ഒരു പാവയെ പോലെ എല്ലാത്തിലും നിന്നു.
തന്റെ നിസ്സഹായതയുടെ കണ്ണീർ വീട്ടുകാരെ പിരിയുന്ന സങ്കടമായി കണക്കാക്കി എല്ലാവരും. അനിലേട്ടൻ പക്ഷേ പാവമായിരുന്നു. തന്നെ ഒരുപാട് സ്നേഹത്തോടെ മനസ്സിലാക്കി. നല്ലൊരു കൂട്ടുകാരനും ഭർത്താവും ഒക്കെയായി.
കോളേജ് കാലത്തെ തന്റെ പ്രണയം അനിലേട്ടന് തമാശയായിരുന്നു. അങ്ങനെ യാതൊരു ഭാരവുമില്ലാത്ത മനസ്സോടെ അനിലേട്ടനോടൊപ്പം ഒരു ജീവിതം തുടങ്ങി. സ്നേഹം കൊണ്ട് തീർത്ത ആ കൂട്ടിൽ അപ്പുവും അച്ചുവും കൂടി
വന്നതോടെ അതൊരു കൊച്ചു സ്വർഗ്ഗം തന്നെയായിരുന്നു. ഇപ്പോൾ അവിടെക്ക് എന്തിനാണ് വിനീത് വന്നതെന്ന് അവൾ ആകുലതയോടെ ഓർത്തു..
ക്ലോക്ക് അടിച്ചപ്പോളാണ് സമയം ഒത്തിരി വൈകിയത് സിന്ധു അറിഞ്ഞത്. തന്റെ ദിനചര്യ ആകെ തകിടം മറിഞ്ഞത് അവൾ നടുക്കത്തോടെ കണ്ടു. ദൃതിയിൽ ജോലികൾ തീർത്ത അവൾ കുഞ്ഞുങ്ങളെ കൂട്ടാനായി പോയി..
കുട്ടികളുമായി തിരികെ വരുമ്പോളാണ് വരാന്തയിൽ വിനീതിനെ അവൾ കണ്ടത്. അവളെ കണ്ട അതിശയത്തോടെ വിനീത് അടുത്ത് ചെന്നു.
” സിന്ധൂ.. നീ ഇവിടെ? “വിനീത് അതിശയിച്ചിരുന്നു.പിന്നെ തീർത്തും ഔപചാരികമായ ചെറിയ സംഭാഷണങ്ങൾ. ചോദ്യോത്തരങ്ങൾ .
വിനീത്, സിന്ധുവിന്റെ മക്കളേ അരുമയായി നോക്കി. വിനീതിനോട് യാത്ര പറഞ്ഞു നീങ്ങുമ്പോൾ പിന്നിൽ അവൻ നോക്കി നിൽപ്പുണ്ടായിരിക്കും എന്നറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല.
അവളുടെ ശ്രദ്ധ മുന്നേ ഓടുന്ന തന്റെ മക്കളിൽ ആയിരുന്നു. പിന്തിരിഞ്ഞു നോക്കാതെ പോകുന്ന സിന്ധുവിനെ വിനീത് വേദനയോടെ നോക്കി നിന്നു..
” അതേ.. അനിയേട്ടാ.. നമുക്കു അനിയേട്ടൻ പറഞ്ഞ ഓഫീസിന്റെ അടുത്തുള്ള ഫ്ലാറ്റിലേയ്ക്ക് മാറിയാലോ? ”
അന്ന് രാത്രിയിൽ മക്കളേ ഉറക്കിയ ശേഷം അനിലിന്റെ നെഞ്ചിലേയ്ക്ക് ചായുമ്പോൾ സിന്ധു ചോദിച്ചു.. അനിൽ അതുകേട്ടു അവളെ അവിശ്വസനീയമായി നോക്കി..
” എന്ത് പറ്റി നിനക്ക്? ഈ ഫ്ലാറ്റിനോടുള്ള പ്രേമവും ജനാലയോടുള്ള ഇന്റിമസിയും ഒക്കെ കഴിഞ്ഞോ?? ”
പാതി കളിയായും പാതി കാര്യമായും അനിൽ ചോദിച്ചപ്പോൾ നേരിയ സങ്കോചത്തോടെ സിന്ധു വിനീതിനെ കണ്ട കാര്യങ്ങൾ ഒക്കെ അവനോട് പറഞ്ഞു.
ഉറക്കെയുള്ള ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ പ്രതികരണം.. സിന്ധു അതുകണ്ടു അവൾ അവനെ പരിഭവത്തോടെ നോക്കി.
” എന്റെ സിന്ധൂ.. അയാൾ അവിടെ താമസിക്കുന്നു എന്നോർത്തു നമ്മൾ ഇവിടം വിട്ട് പോണം എന്നുണ്ടോ? അയാൾ അവിടെയും വന്നാലോ? നിനക്കെന്താ? ”
” അനിയേട്ടൻ കളിയാക്കിക്കോ.. പക്ഷേ എനിക്ക് എന്തോ.. അയാൾ അവിടെയുള്ളത് ഒരു വല്ലായ്മ പോലെ.. അനിയേട്ടൻ എപ്പോളും പറയാറില്ലേ നെഗറ്റീവ് വൈബ് വന്നാൽ പിന്നെ
ഒന്നിലും സന്തോഷം ഉണ്ടാവില്ല എന്ന്.. എനിക്ക് നമ്മുടെ ഈ കുടുംബത്തിന് നേർക്ക് ഒരു നിഴൽ പോലും വീഴുന്നത് ഇഷ്ടമല്ല.. ”
” ശരി.. എല്ലാം നിന്റെ ഇഷ്ടം.. എനിക്കെന്തായാലും അങ്ങോട്ട് മാറുന്നത് നല്ല കാര്യം തന്നെയാണ് ”
അനിൽ ഉറക്കത്തിലേയ്ക്ക് വഴുതി വീണപ്പോളും സിന്ധു ഉറങ്ങിയിരുന്നില്ല..” എന്റെ സിന്ധൂ.. നിന്റെ വേണ്ട എന്ന് വെച്ചതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്..
അന്ന് എന്തൊക്കെ പ്രലോഭനങ്ങൾ വന്നാലും നിന്നെ ഞാൻ വിട്ട് കളയരുതായിരുന്നു എന്ത് ചെയ്യാനാ.. പറ്റിപ്പോയി.. കല്യാണം കഴിഞ്ഞ് അവിടെ എനിക്കൊരു വിലയും ഇല്ലായിരുന്നു.
അവൾക്ക് പേരിനൊരു ഭർത്താവ്. അവളുടെ വീട്ടുകാർക്കും.. ആകെ ഉണ്ടായ മെച്ചം എന്റെ അച്ഛന്റെ കടങ്ങൾ വീടി.. വീടിന്റെ പണി കഴിഞ്ഞു.. പെങ്ങന്മാർ രണ്ടുപേരെയും കെട്ടിച്ചു വിട്ടു.
ഇപ്പൊ അവൾക്ക് എന്നെക്കാൾ നല്ലൊരാളെ കിട്ടിയപ്പോൾ ഞാൻ പുറത്തുമായി. ഇപ്പൊ ഇവിടെ ഒരു സുഹൃത്തിന്റെ കമ്പനിയിൽ ജോലിയാണ്.
അവളെ പിരിയാൻ അവൾ ഓഫർ ചെയ്ത തുക ഞാൻ വാങ്ങി. ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങി. ഇനിയൊരു പുതിയ ജീവിതമാണ്. അപ്പോളാണ് നിന്നെ കാണുന്നത്. എല്ലാം ഓരോ നിമിത്തങ്ങൾ..അല്ലേ? എനിക്കറിയാം.. നിനക്കും എന്നേ പൂർണ്ണമായി മറക്കാൻ സാധിക്കില്ല എന്ന്.
അയാളെ മറന്നെന്നും മനസ്സിൽ അനിയേട്ടൻ മാത്രമാണെന്നും വിളിച്ചു പറയണം എന്നാഗ്രഹിച്ചു എങ്കിലും സാധിച്ചില്ല. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ അറിയില്ല. ഒന്ന് മാത്രമറിയാം.. ഈ കുടുംബം ഇല്ലാതെ പറ്റില്ല എന്ന്..
ദിവസങ്ങൾക്കു ശേഷം സിന്ധുവും കുടുംബവും അയൽവാസികളോട് യാത്ര പറഞ്ഞു മടങ്ങുന്നത് വിനീത് ബാൽക്കണിയിൽ നിന്ന് കണ്ടു. അയാൾ നിരാശയോടെ നെടുവീർപ്പിട്ടു.
കാർ മുന്നോട്ട് നീങ്ങുമ്പോൾ സിന്ധുവിന്റെ മനസ്സ് ശാന്തമായിരുന്നു. ചിലപ്പോളൊക്കെ ചില പലായനങ്ങൾ അനിവാര്യമാണ്. ചില മൗനങ്ങൾ അഭികാമ്യവും.. അവൾ മക്കളേ ചേർത്തു പിടിച്ചു.