(രചന: മഴ മുകിൽ)
ദിനേശൻ പണിക്കിടയിൽ കെട്ടിടത്തിൽ നിന്നു വീണു…ആ വാർത്ത കേട്ടതും വീണ അലമുറയിട്ട് നിലവിളിച്ചു.
ദിനേശന്റെയും വീണയുടെയും പ്രണയവിവാഹം ആയിരുന്നു.. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറു മാസമായി.
അവൾക്ക് വിശേഷം ഉണ്ടെന്നറിഞ്ഞ് ആദ്യം ഓടിയെത്തിയത് ദിനേശന്റെ അമ്മയായിരുന്നു..
അപ്പോഴും വീണയുടെ വീട്ടുകാരുടെ പിണക്കം മാറിയിരുന്നില്ല വീണയെക്കാൾ ജാതിയിൽ കുറവായിരുന്നു ദിനേശൻ അതുകൊണ്ടുതന്നെ മകളുടെ ഭർത്താവിനെയോ ആ കുഞ്ഞിനെയോ അംഗീകരിക്കാൻ അവർ തയ്യാറായില്ല.
അവളുടെ ഓരോ കുഞ്ഞു ആഗ്രഹം പോലും ചോദിച്ചറിഞ്ഞ് അവനെ കൊണ്ടാകുന്ന രീതിയിൽ അവളെ സന്തോഷത്തോടെ നോക്കാൻ അവനു കഴിഞ്ഞു.
ദിനേശന്റെ അമ്മ അവളെ ഒരു മകളെ പോലെയാണ് സ്നേഹിച്ചതും പരിചരിച്ചതുമൊക്കെ. അവർക്ക് ആണായും പെണ്ണായും ദിനേശൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വീണ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. കാഴ്ചയിൽ ദിനേശനെ പോലെ തന്നെ.
അതുകൂടിയായപ്പോൾ ദിനേശന്റെ അമ്മ അവളെ താഴത്തും തറയിലും വയ്ക്കാതെ നോക്കി.
വീണയുടെ പ്രസവ ശുശ്രൂഷകൾ എല്ലാം നോക്കിയത് ദിനേശന്റെ അമ്മ തന്നെയായിരുന്നു. കുടുംബശ്രീയിൽ നിന്നും ലോണും മറ്റുമൊക്കെ എടുത്ത കാശും ചിട്ടി കിട്ടിയ കാശും ചേർത്തുവച്ച് അവർ കുഞ്ഞിനുള്ള സ്വർണാഭരണങ്ങൾ വാങ്ങി.
കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് അടുത്തുള്ള സ്വന്തക്കാരെയും അയൽക്കാരെയും ഒക്കെ വിളിച്ചുകൂട്ടി വളരെ ആർഭാടത്തോടുകൂടിയാണ് നടത്തിയത്.
കുറച്ചു ദിവസമായി ദിനേശന് അല്പം അകലെയാണ് പണി. ആഴ്ചയിൽ ഒരിക്കൽ മാത്രമേ അവൻ വീട്ടിൽ വരികയുള്ളൂ. വരുമ്പോൾ കൈ നിറയെ കാശും കുഞ്ഞിന് വേണ്ട ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങിയാണ് വരുന്നത്.
വന്നുകഴിയുമ്പോൾ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയാണ്.ദിവസങ്ങൾ ഓടി മാറിക്കൊണ്ടിരുന്നു..
മഴക്കാലമാവുമ്പോഴേക്കും പണി അല്പം കുറയും എങ്കിലും അവൻ ഒരിക്കലും ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും ഒന്നും പട്ടിണി കിടത്തിയിട്ടില്ല.
ഒരു കുഞ്ഞു സ്വർഗം തന്നെയായിരുന്നു അവന്റെ വീട്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനേശൻ വളരെ ആഘോഷത്തോടുകൂടിയാണ് നടത്തിയത്.ബന്ധുക്കളെയും അയൽക്കാരെയും കൊണ്ട് വീട് നിറഞ്ഞു. അമ്മയ്ക്കും വീണയ്ക്കുമൊക്കെ വല്ലാത്ത സന്തോഷമായിരുന്നു.
കുഞ്ഞി പെണ്ണ് പിച്ച വെച്ച് നടക്കാൻ തുടങ്ങിയതോടെ മുത്തുകൾ നിറഞ്ഞ കൊലുസ് വാങ്ങി കാലിൽ അണിയിച്ചു.
എന്നും രാവിലെ പണിക്കു പോകുന്നതിനു മുന്നേ കുഞ്ഞി പെണ്ണിനെ കളിപ്പിച്ചും ചിരിപ്പിച്ചും മുറ്റത്തുകൂടി നടത്തിച്ചിട്ടും ഒക്കെയാണ് ദിനേശൻ ജോലിക്ക് പോകുന്നത്.
വണ്ടിയിൽ ഇരുത്തി ഗേറ്റിനടുത്ത് വരെ കൊണ്ടുപോകും,വീണ പെണ്ണിനെ ചെന്ന് എടുക്കുമ്പോൾ അവൾ വലിയ വായിൽ നിലവിളിക്കും.. അത് കാണുമ്പോൾ ദിനേശൻ വല്ലായ്മയോടുകൂടി അവളെ നോക്കും.
എന്റെ ദിനേശേട്ടാ ഈ പെണ്ണിനെ കൊഞ്ചിച്ച് നിന്നാൽ നിങ്ങൾക്ക് ഇന്ന് പണിക്ക് പോകാൻ പറ്റില്ല.. അവൾ അല്പനേരം കൂടി കരയും അത് കഴിയുമ്പോൾ പിണക്കം ഒക്കെ മാറും ഏട്ടൻ പോകാൻ നോക്ക്…
മനസ്സില്ല മനസ്സോടുകൂടി കുഞ്ഞിനെ ഒന്നു നോക്കിയിട്ട് ദിനേശൻ വണ്ടിയുമായി പോകും.. വർക്ക് സൈറ്റിൽ ചെന്നാൽ ഉടനെ ആദ്യം വിളിക്കുന്നത് വീണയെയാണ് കുഞ്ഞി പെണ്ണ് കരച്ചിൽ നിർത്തിയോ എന്നറിയാനാണ് ആ വിളി.
അവൾക്ക് കുഴപ്പമൊന്നുമില്ല ഭക്ഷണം കഴിച്ചെന്നും ഇപ്പോൾ കളിക്കുകയാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അവന് സമാധാനമാകും.
ദിവസങ്ങൾ ഓരോന്നായി അങ്ങനെ ഓടി മാറിക്കൊണ്ടേയിരുന്നു. ഒരു ദിവസം രാവിലെ പതിവുപോലെ ജോലിക്ക് പോകാൻ എഴുന്നേൽക്കുമ്പോൾ വല്ലാത്ത ക്ഷീണം തോന്നി ദിനേശന്…
എഴുന്നേറ്റ് വീണ്ടും അവൻ കിടന്നു…പതിവില്ലാതെയുള്ള ദിനേശന്റെ കിടപ്പ് കണ്ടപ്പോൾ വീണ അടുത്തെത്തി കാര്യം തിരക്കി..
എന്തുപറ്റി ദിനേശേട്ടാ ആകെ ഒരു വല്ലായ്മ സുഖമില്ലേ…എന്താന്നറിയില്ല വല്ലാത്ത മേലുകാച്ചിലാണ്…
എന്നാ പിന്നെ ഇന്നിനി പണിക്കു പോകണ്ട മേശിരിയോട് വിളിച്ചു പറഞ്ഞേക്ക്…മേശിരിയെ വിളിക്കാനായി ഫോൺ എടുക്കും മുമ്പേ കോൾ ഇങ്ങോട്ട് വന്നു..
ദിനേശാ, നീ അവധി എടുക്കരുത് കാരണം എന്താന്ന് വെച്ചാൽ കൂട്ടത്തിൽ രണ്ട് പണിക്കാർ കുറവാണ്.. ഇന്ന് തന്നെ ആ കെട്ടിടത്തിന്റെ പണിപൂർത്തിയാക്കി കൊടുക്കണം അവർക്ക് പാലുകാച്ചി കയറി താമസിക്കാൻ ഉള്ളതാണ്…
അങ്ങോട്ട് എന്തെങ്കിലും പറയും മുമ്പേതന്നെ മേശിരി ഫോൺ കട്ടാക്കി…ഇന്നിനി ഇവിടെ കിടക്കാം എന്ന് കരുതേണ്ട നീ ഒരു കാര്യം ചെയ്യ് വല്ലതും എടുത്ത് വയ്ക്കുക ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം…
ദിനേശന് കഴിക്കാൻ ഇരുന്നപ്പോൾ വീണ ഇഡ്ഡലി എടുത്ത് വച്ചു… ഒരെണ്ണം കഴിച്ചപ്പോൾ തന്നെ അവന് മതിയായി,…
കുഞ്ഞിനെ എടുത്ത് കവിളുകളിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് അവൻ വണ്ടിയിൽ കയറിപ്പോയി..
അവസാനം മിനുക്കു പണികൾക്ക് വേണ്ടി
സൺഷൈഡിൽ ഇറങ്ങി ജോലി ചെയ്തുകൊണ്ട് നിൽക്കുമ്പോഴാണ് പെട്ടെന്ന് തല ചുറ്റുന്നതുപോലെ തോന്നിയത്… പിടിക്കുന്നതിനായി ഒന്നും കിട്ടിയതുമില്ല പിന്നിലേക്ക് മലർന്നു വീഴുകയും ചെയ്തു….
വീഴ്ചയിൽ തലയ്ക്കു പിൻവശം ശക്തിയായി ഇടിച്ചു. എല്ലാവരും ഓടിക്കൂടി ഹോസ്പിറ്റലിൽ എത്തിച്ചു…
20 ദിവസത്തെ ഐസിയു വാസത്തിനു ശേഷം അവൻ കണ്ണുകൾ തുറന്നു…… പക്ഷേ അരക്കു കീഴ്പോട്ട് തളർന്നു പോയി….
കോൺട്രാക്ടറുടെ സുമനസ്സു കൊണ്ട് കുറച്ചു രൂപ കൊണ്ടുവന്നു കൊടുത്തു. ഹോസ്പിറ്റലിൽ ചിലവിന് ആ കാശ് ആണ് എടുത്തത്. ഡിസ്ചാർജ് ചെയ്ത വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കാശൊക്കെ തീർന്നു.
പഞ്ചായത്തിൽ നിന്നും കുറച്ചു കാശ് കിട്ടി യതും ഏകദേശം ചെലവായി…. ഇനി മറ്റൊരു മാർഗം മുന്നിൽ ഇല്ലാതെ ആയപ്പോൾ കുഞ്ഞിനെ അമ്മയുടെ അടുത്ത് ഏൽപ്പിച്ചു വീണ തൊഴിലുറപ്പിന് പോകാൻ തീരുമാനിച്ചു.
ഒരുവിധം തട്ടിയും മുട്ടിയും ആണ് കാര്യങ്ങളൊക്കെ കഴിച്ചു കൊണ്ടുപോയത്.
രാവിലെ എഴുന്നേറ്റ് അടുക്കളയിലെ പണികളെല്ലാം ചെയ്ത് ദിനേശന്റെ കാര്യങ്ങളും നോക്കി പണിക്ക് പോകും. താൻ ഇങ്ങനെ കിടക്കുന്നത് കൊണ്ട് അവൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഒക്കെ ദിനേശൻ കാണുന്നുണ്ടായിരുന്നു.
തനിയെ എഴുന്നേറ്റ് തന്റെ കാര്യങ്ങൾ പോലും ചെയ്യാൻ ആവത് ഇല്ലാത്ത ഒരു ജന്മം. ഓർക്കുംതോറും അവന്റെ കണ്ണുകൾ പുഴകളായി.
തൊഴിലുറപ്പ് പണി കഴിഞ്ഞുവന്ന കുഞ്ഞിന്റെ കാര്യവും വീട്ടുകാര്യങ്ങളും ദിനേശന്റെ കാര്യങ്ങളും ഒക്കെ കൂടിയായപ്പോൾ വീണ ആകെ അവശയായി.
ദിനേശനെ നോക്കുക എന്നത് വീണയെ സംബന്ധിക്കുന്നിടത്തോളം ഇപ്പോൾ വയ്യാത്ത കാര്യമായി മാറി.കിടന്നുകൊണ്ട് തന്നെയാണ് മല മൂത്രവിസർജനം എല്ലാം.
പണിക്ക് പോകുന്നതിനു മുൻപ് എല്ലാം ചെയ്യിച്ചിട്ടാണ് പോകുന്നതെങ്കിലും.. തിരികെ എത്തുമ്പോൾ വീണ്ടും മൂത്രത്തിൽ കിടക്കുന്നത് കാണാം. ആദ്യമാദ്യം വളരെ സ്നേഹത്തോടുകൂടിയുള്ള പരിചരണം ആയിരുന്നുവെങ്കിൽ ഇപ്പോൾ അതിന്റെ രീതിയാകെ മാറി.
മനസ്സും ശരീരവും ഒന്നുപോലെ തളർന്നുപോയവൾക്ക് ഇപ്പോൾ എല്ലാത്തിനോടും ദേഷ്യമാണ്.
ആക്സിഡന്റ് പറ്റി എന്ന് അറിഞ്ഞപ്പോൾ ജീവൻ തിരിച്ചു തരണേ എന്ന് പ്രാർത്ഥിച്ചവർ തന്നെ.. ഇങ്ങനെ കിടന്ന് കഷ്ടപ്പെടുത്താതെ തിരിച്ചു എടുക്കണമേ ദൈവമേ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങി..
വേദനയോടു കൂടിയാണെങ്കിലും ദിനേശന് ഇതെല്ലാം കേട്ടോണ്ട് കിടക്കേണ്ട അവസ്ഥയായി.. ആരോടും പരാതിയും പരിഭവവും പറയാൻ അവൻ ആളല്ലായിരുന്നു.
ഈ ജീവിതം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയാൽ മതിയെന്ന് ദിനേശനും ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചു.
ഒരു ദിവസം തൊഴിലുറപ്പ് പണിക്ക് പോയ വീണ ജോലിക്കിടയിൽ വീണ് കാലൊടിഞ്ഞു പ്ലാസ്റ്റർ ഇട്ട നിലയിലാണ് വീട്ടിലെത്തിയത്. കൂനിന്മേൽ കുരു എന്ന പോലെ മോന്റെ ഒപ്പം മരുമോളും കൂടി കിടപ്പിലായതോടുകൂടി അമ്മയ്ക്ക് ജോലിഭാരം കൂടി.
ഏകദേശം ഒരു മാസക്കാലത്തോളം ഉള്ള വീണയുടെ കിടപ്പ്… അതിന്റെ ബാക്കി പത്രം എന്നവണ്ണം ദിനേശന്റെ ശരീരത്തിന്റെ പിൻഭാഗങ്ങൾ പൊട്ടാൻ തുടങ്ങി.. മുറിവിൽ നിന്നും പഴുപ്പും ചോരയും ഒഴുകി..
വീണയുടെ കാലിൽ നിന്നും പ്ലാസ്റ്റർ മാറ്റി. പക്ഷേ ഇപ്പോൾ അവൾ അധികം ദിനേശന്റെ കാര്യങ്ങൾ നോക്കാറില്ല…
അമ്മയെ കൊണ്ട് എത്രയൊക്കെയാണെങ്കിലും വീണയെപ്പോലെ ദിനേശനെ നോക്കാൻ കഴിയാത്ത അവസ്ഥയായി..
ആദ്യമൊക്കെ സ്നേഹം കൂടുതൽ കൊണ്ടു നോക്കിയിരുന്ന വീണ പിന്നീട് അറപ്പോട് കൂടിയാണ് ദിനേശനെ പരിചരിച്ചത്. ശരിക്കും അവൻ അവൾക്കൊരു ഭാരമായി മാറുകയായിരുന്നു.
ഒരു ദിവസം രാവിലെ അമ്മ ദിനേശന്റെ മുറിയിലേക്ക് വരുമ്പോൾ.. ദിനേശൻ ഉറങ്ങിയത് പോലെ കിടക്കുന്നു. മകൻ ഉറക്കമാണല്ലോ എന്ന് കരുതി അമ്മ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി.
പണിക്ക് പോയി തിരികെ വന്ന വീണ ദിനേശന്റെ മുറിയിലേക്ക് ചെന്നു. രാവിലത്തെ കാപ്പിയും ഉച്ചത്തെ ചോറും എല്ലാം മുറിയിൽ അങ്ങനെ അടച്ചു വെച്ചിരിക്കുന്നു..
അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു. ഇന്ന് എന്താ അമ്മയെ ദിനേശേട്ടന് കാപ്പിയും ചോറും ഒന്നും കൊടുത്തില്ലേ.
രാവിലെ മുതൽ ഉറക്കത്തിലാണ് മോളെ പിന്നെ ഞാൻ ശല്യം ചെയ്തില്ല ജോലി എങ്കിലും നടക്കട്ടെ എന്ന് കരുതി. അവൾ വീണ്ടും മുറിയിലേക്ക് ചെന്ന് ഒന്ന് രണ്ട് ആവർത്തി ദിനേശനെ വിളിച്ചു.
അനക്കം ഒന്നുമില്ലാത്തത് കണ്ട് അവൾ ആകെ പരിഭ്രമിച്ചു നിലവിളിച്ചു. നാട്ടുകാർ ഓടിക്കൂടി ദിനേശനേ ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു.
അമ്മയും വീണയും കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു. മരണകാരണം അറ്റാക്ക് ആയിരുന്നു. ആരെയും ശല്യപെടുത്താതെ ആർക്കും ശല്യം ആകാത്ത ലോകത്തേക്ക് ദിനേശൻ യാത്രയായി….