(രചന: അച്ചു വിപിൻ)
എനിക്കിനിയിവിടെ പറ്റില്ലമ്മേ എത്രയെന്നു വെച്ചാണ് ഞാൻ സഹിക്കുന്നത്. ഇതിപ്പോ നാലാമത്തെ തവണയാണ് അയാളെ ഞാൻ വേറൊരു സ്ത്രീയോടൊപ്പം കാണാൻ പറ്റാത്ത സാഹചര്യത്തിൽ കാണുന്നത്.
ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഇത്രയും നാൾ ഞാൻ സഹിച്ചു. എന്റെ കുഞ്ഞിനെയോർത്തെല്ലാം ക്ഷമിച്ചു, ഇനി എനിക്ക് പറ്റില്ല, ഇതുപോലൊരുത്തന്റെ കൂടെ ജീവിക്കാൻ എനിക്ക് വയ്യമ്മേ.
വിശേഷം തിരക്കാൻ വേണ്ടി വിളിച്ചയമ്മയോട് വിഷമങ്ങൾ പങ്കു വെക്കുമ്പോളെന്റെ നെഞ്ചിരുന്നു വിങ്ങുകയായിരുന്നു.കടലോളമുണ്ടായിരുന്നു മനസ്സിൽ സങ്കടങ്ങൾ..
മോളെ നീയൊന്നടങ്ങു, ഇതൊക്കെ ഉറക്കെ വിളിച്ചു പറയാതെ.ആരെങ്കിലും കേൾക്കും. നാലാളറിഞ്ഞാൽ നിനക്കാണതിന്റെ നാണക്കേട്. വളർന്നു വരുന്നൊരു മോളുണ്ട് നിനക്ക്, അതോർത്താൽ നിനക്ക് കൊള്ളാം..
ആണുങ്ങളായാൽ അങ്ങനാടി “ചെളി കണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും” നീയത് കാര്യമാക്കണ്ട അവനെ പറഞ്ഞു മനസ്സിലാക്കാൻ നോക്ക് .നമ്മൾ പെണ്ണുങ്ങൾ വേണം ഇതൊക്കെ ക്ഷമിക്കാൻ..നീ ഇപ്പൊ ധൃതി പിടിച്ചിങ്ങോട്ട് വരണ്ട,ഇനി വന്നാൽ തന്നെ അതിന്റെ നാണക്കേട് നിന്റെ ചേട്ടനാണ്.
അവനു നാലാളുടെ മുന്നിൽ തലയുയർത്തി നടക്കേണ്ടതല്ലേ കൊച്ചേ, അതിനെ പറ്റി നീയെന്താ ചിന്തിക്കാത്തത്?തല്ക്കാലം നീയവിടെ നിൽക്കാൻ നോക്കു. ഒരു കുടുംബമൊക്കെയാവുമ്പോൾ ഇതൊക്കെ പതിവാണ്..
അമ്മ ഓരോ കാരണങ്ങൾ പറഞ്ഞെന്നോട് ന്യായീകരിച്ചുകൊണ്ടിരുന്നു.
ഭർത്താവിന്റെ വഴി വിട്ട ബന്ധങ്ങളെ കുറിച്ച് വേദനയോടെ പറയുമ്പോളല്പം ആശ്വാസവാക്കുകളാണമ്മയിൽ നിന്നും ഞാൻ പ്രതീക്ഷിച്ചത്, അതിനു പകരം കേൾക്കേണ്ടി വന്നതോ?
എത്രപെട്ടെന്നാണ് സ്വന്തം വീട്ടുകാർക്ക് പോലും ഞാൻ അന്യയായി മാറിയത്.ജന്മം നൽകിയ മകൾ ഒരു ദുരിതത്തിലാണെന്നറിഞ്ഞിട്ടും ലാഘവത്തോടെ പെരുമാറാൻ ഇവർക്കെങ്ങനെ സാധിക്കുന്നു എന്നെനിക്കെത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല…
അമ്മ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ തുടർന്നു…ഇല്ലമ്മേ ഞാനിത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ എന്നെ മാത്രം വിഷമിപ്പിച്ചിട്ടയാൾ സുഖിച്ചു ജീവിക്കണ്ട നാട്ടുകാരുടെ മുന്നിൽ മാന്യനായി വിലസുന്ന അയാളുടെ മറ്റൊരു മുഖം എല്ലാവരും അറിയട്ടെ.
മോളെ ഇവിടെ നിർത്തിയിട്ടാണ് ഞാൻ വരുന്നത്. മുടങ്ങിപ്പോയ എന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യണം അവൾ കൂടെ നിന്നാൽ എനിക്കതിനു പറ്റില്ല മാത്രല്ല പെട്ടെന്നവളുടെ സ്കൂളു മാറ്റാനും പറ്റില്ല, അവളുടെ വിദ്യാഭ്യാസവും എനിക്ക് പ്രധാനപ്പെട്ടതാണ്.
അവളെ അവളുടെ അച്ഛൻ നോക്കട്ടെ മകളെ നോക്കാൻ അയാൾക്കും ഉത്തരവാദിത്വമുണ്ട്. ഞാൻ ഇങ്ങോട്ട് വന്നപ്പോൾ കുഞ്ഞിനേയും കൊണ്ടല്ലല്ലൊ വന്നത്.
ഒരു പെൺകുഞ്ഞിനെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് അയാളും അറിയട്ടെ.എന്തായാലും അവൾക്കൊരു കുറവും ഉണ്ടാകില്ല വൃത്തികെട്ടവനാണെങ്കിലും മോളെ അയാൾക്ക് ജീവനാണ് അവൾക്കു തിരിച്ചും അങ്ങനെ തന്നെയാണ് ആ ഒരാശ്വാസം ഉണ്ടെനിക്ക്.
എപ്പഴും ഭർത്താവിനാൽ അവഗണിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകൾ കുഞ്ഞിനെ നോക്കണമെന്ന രീതി ഞാനായിട്ടു മാറ്റുകയാണ്. അവൾക്കിവിടെ ഒരു കുറവുമുണ്ടാകില്ലെന്നെനിക്കറിയാം.
അവൾ വളരേണ്ടതിവിടെയാണ്. എന്തായാലും അടുത്തുള്ള സ്റ്റേഷനിൽ ചെന്നെന്റെ മോളെ അച്ഛനെ ഏൽപ്പിച്ചിട്ടാണ് വീട്ടിലേക്കു വരുന്നതെന്നെഴുതി കൊടുത്തിട്ടേ ഞാൻ പോരൂ..അവളുടെ സുരക്ഷയെനിക്കും പ്രധാനമാണ്.
അപ്പൊ എല്ലാം അവസാനിനിപ്പിച്ചാണോ നീ ഇങ്ങോട്ട് വരുന്നത്?അതെയമ്മേ ഇനിയൊരു പരീക്ഷണത്തിനെനിക്ക് വയ്യ,ആണുങ്ങൾ എന്ത് പോക്കിരിത്തരം കാണിച്ചാലും പെണ്ണുങ്ങൾ സഹിക്കക്കണമെന്ന് പറയുന്നതിനോട് യോചിക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്.
വീട്ടിലേക്കു വരുന്നതിൽ നിന്നും എന്നെ തടയാൻ നിങ്ങൾക്ക് കഴിയില്ല കാരണം പഠിച്ചു കൊണ്ടിരുന്ന എന്നെ നിർബന്ധിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിട്ടത് നിങ്ങളാണ്..
ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്നു കാലു പിടിച്ചു പറഞ്ഞയെന്റെ വാക്കുകൾക്കു വില കൽപിക്കാതെ നിങ്ങളെന്റെ കല്യാണം നടത്തി.
മോളെ ഞാൻ പറയുന്നത് കേൾക്കു പെട്ടെന്നൊരു തീരുമാനമെടുക്കാതെ.. അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കു,നിന്റെ നന്മക്കു വേണ്ടിയാണമ്മ പറയുന്നത്.
നിർത്തമ്മേ നന്മയുടെ കാര്യം അമ്മയിനി മിണ്ടി പോകരുത്.കല്യാണത്തിനു മുന്നേ പറഞ്ഞു ഈ കല്യാണം കഴിക്കുന്നതാണു നിന്റെ നന്മയെന്നു ഇപ്പോൾ പറയുന്നു വൃത്തികെട്ടവനായ ഒരുത്തന്റെ കൂടെ ജീവിക്കുന്നതാണ് നിന്റെ നന്മയെന്ന്. നന്മ എന്ന വാക്കിനു വേറൊരർത്ഥമുണ്ടെന്നിപ്പോഴാണെനിക്ക് മനസ്സിലായത്
കാലു പിടിച്ചും,പട്ടിണി കിടന്നും,ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കാത്ത ഭർത്താവാണിനി ഞാൻ പറയുന്ന വാക്കുകൾ കേട്ടു നേരെയാകാൻ പോകുന്നത്.
കണ്ട പെണ്ണുങ്ങടെ കൂടെയൊക്കെ കിടന്നിട്ടു വരുന്ന ഒരുത്തന്റെ കൂടെ താമസിക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്.
നിങ്ങളെന്നെ സ്വീകരിച്ചേ പറ്റു.ആത്മഹത്യ ഞാൻ ചെയ്യില്ല അത്രയും ഭീരുവല്ല ഞാൻ.സഹിച്ചു ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാകും പക്ഷെ എനിക്കിനി സഹിക്കാൻ പറ്റില്ല.. വീട്ടിൽ വന്നാൽ ഞാൻ അയാൾകക്കെതിരെ നിയമനടപടിക്കൊരുങ്ങും തീർച്ച.
എനിക്കിനിയീ ബന്ധം തുടർന്ന് പോകാൻ ഒട്ടും താല്പര്യമില്ല.ഞാനാണിതുപോലെ കണ്ട ആണുങ്ങടെ കൂടെ പോയതെങ്കിൽ അയാൾ ക്ഷമിക്കുമോ ഇല്ലല്ലോ അല്ലെ?അപ്പൊ ഞാനും വല്യ മാലാഖയാവേണ്ട കാര്യമൊന്നുമില്ലമ്മേ.
ഭർത്താവ് കണ്ട പെണ്ണുങ്ങടെ കൂടെപ്പോയിട്ടവസാനം ക്ഷമയും പറഞ്ഞു വരുമ്പോൾ നാണവും മാനവുമില്ലാത്ത അങ്ങേരുടെ കാലു പിടിച്ച ശേഷം “എനിക്ക് ചേട്ടനില്ലാതെ വയ്യ എന്നെ ഉപേക്ഷിക്കല്ലേ ചേട്ടാ” എന്നു പറയുന്ന ചില ഊളപ്പെണ്ണുങ്ങളുണ്ട് എന്നെ അതിനു കിട്ടില്ല,
എനിക്കല്പം അഭിമാനം ഉണ്ടമ്മേ.എന്നെ വേണ്ടാത്തവനെ എനിക്കും വേണ്ട..ഞാൻ ഫോൺ വെക്കുന്നു ഇനി വീട്ടിൽ വന്നിട്ട് കാണാം..
വൈകിട്ട് ഭർത്താവ് വീട്ടിൽ വന്നപ്പോൾ അയാളോട് ഞാൻ വീട്ടിലേക്കു പോകുവാണെന്ന കാര്യം സൂചിപ്പിച്ചു. വീട്ടിലേക്കു പോയാൽ തിരിച്ചിങ്ങോട്ട് കയറാമെന്നു സ്വപ്നo കാണേണ്ടന്നയാളെന്നെ ഭീഷണിപ്പെടുത്തി.
“ദുസ്സ്വപ്നം” കാണുന്നത് നിർത്തിയെന്നൊരൊറ്റ മറുപടിയിൽ ഞാനെന്റെ വാക്കുകൾ അവസാനിപ്പിച്ചു.
എട്ടു വയസ്സായ മോളെ അമ്മായമ്മയുടെ കയ്യിൽ ഏൽപ്പിച്ചു പോരാൻ നേരമെനിക്ക് നെഞ്ചു പൊള്ളുന്നുണ്ടായിന്നു. പക്ഷെ അവളെയും കൂട്ടി വീട്ടിലേക്കു പോയാൽ എന്റെ തുടർന്നുള്ള പഠിത്തവും ഒരു ജോലിയെന്ന ലക്ഷ്യവും സാക്ഷാത്കരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ടാകുമെന്നെനിക്കുറപ്പുണ്ടായിരുന്നു.
കുറച്ചു കാലം നീ അമ്മയെ പിരിഞ്ഞിരിക്കു മകളെ അമ്മയൊരു നിലയിൽ എത്തിച്ചേർന്നാൽ ഉറപ്പായും നീയെന്റെ അരികിൽ ഉണ്ടാകും തീർച്ച.
വേദനയെല്ലാം നെഞ്ചിലൊതുക്കിയവിടെ നിന്നും പടിയിറങ്ങുമ്പോൾ “ആത്മാഭിമാനം” പണയം വെച്ചില്ലല്ലോ എന്ന ആശ്വാസമായിരുന്നെന്റെ മനസ്സ് നിറയെ.
NB: കല്യാണം കഴിപ്പിച്ചു വിട്ട ശേഷം ദുരിതമനുഭവിക്കുന്ന മകളോട് എങ്ങനെയെങ്കിലും സഹിച്ചു നിൽക്കു എന്നു പറയുന്ന വീട്ടുകാരോട് ഒരു ലോഡ് പുച്ഛം മാത്രം.