(രചന: J. K)
“”” ഞാൻ… എനിക്കൊരു കാര്യം പറയാനുണ്ട് പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം””ഒരു മുഖവുരയോടെ തന്റെ മുന്നിൽ വന്നു നിൽക്കുന്നവളെ ഒന്ന് നോക്കി വിജയ്…
“” തനിക്ക് എന്തോ എന്നോട് തുറന്നു പറയാനുള്ള അനുവാദം ഞാൻ എന്നെ തന്നിട്ടുള്ളതാണല്ലോ അനിത… തനിക്ക് എന്താണ് പറയാനുള്ളത് എന്ന് വെച്ചാൽ ധൈര്യമായി എന്നോട് പറയാലോ അതിനെന്തിനാണ് ഇതുപോലെ വളഞ്ഞ് മൂക്ക് പിടിക്കുന്നത്”””
“” എനിക്ക് പറയാനുള്ള കാര്യം കേട്ടാൽ വിജയിക്കും മനസ്സിലാവും എന്തിനാണ് ഞാൻ ഇതുപോലെ നിന്റെ മുന്നിൽ വന്ന് ഇങ്ങനെ നിന്ന് പരുങ്ങുന്നത് എന്ന് “”
വിജയ് അനിതയെ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു..”” എടോ ഇപ്പോൾ തന്നെ എനിക്ക് അത്യാവശ്യം നല്ല വയസ്സുണ്ട് ഇനിയും ഇങ്ങനെ ഒറ്റത്തടിയായി പോകാൻ എനിക്ക് താല്പര്യമില്ല പലപ്പോഴും എന്റെ ഫ്ലാറ്റിലെ ഏകാന്തത എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.
അപ്പോഴൊക്കെ ഞാൻ വിചാരിക്കും ഒന്ന് മിണ്ടി പറയാമെങ്കിലും കൂട്ടിന് ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് പക്ഷേ അങ്ങനെ വല്ലവരെയും തിരഞ്ഞെടുക്കാനും എനിക്ക് വയ്യ എപ്പോഴും ഒരു കൂട്ട് എന്ന് ഞാൻ ആലോചിക്കുമ്പോൾ,
അപ്പോഴൊക്കെ തെളിഞ്ഞിട്ടുള്ളത് തന്റെ മുഖമാണ് തന്നോട് അത് ഒരു തവണയല്ല പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് പക്ഷേ അന്നൊക്കെ തന്ന മറുപടി എന്താണെന്ന് ഞാൻ പറയേണ്ടല്ലോ… “””
“”” അനിത എനിക്ക് അന്ന് പറഞ്ഞത് തന്നെയേ ഇപ്പോഴും… “”എന്നുപറഞ്ഞ് വിജയ് പറയാൻ തുടങ്ങിയത് അനിത പാതിക്ക് നിർത്തിയിരുന്നു…
“”” ഇതുപോലെ എടുത്തടിച്ച് ഒരു മറുപടിയല്ല എനിക്ക് വേണ്ടത് വിജയ് നീ ആലോചിച്ച് തീരുമാനിച്ച് എനിക്ക് തരുന്ന ഒരു മറുപടിയാണ്… “”അതും പറഞ്ഞ് അവൾ അവിടെ നിന്നും ഇറങ്ങിപ്പോയി…
എല്ലാംകൂടി ഭ്രാന്ത് പിടിക്കുന്ന ഒരു അവസ്ഥയിലായിരുന്നു വിജയ് അനിതയോട് തനിക്ക് ദേഷ്യം ഒന്നുമില്ല പക്ഷേ അവൾ വിചാരിക്കുന്ന തരത്തിൽ ഒരു ഇഷ്ടം അവളോട് ഇന്നേവരെ തോന്നിയിട്ടുമില്ല ഇനി അങ്ങനെ പാടില്ല എന്നുമില്ല…
ഒരുമിച്ച് പഠിച്ചതാണ് അനിതയും വിജയിയും അന്നേ അവൾക്ക് തന്നോട് എന്തോ ഒരു സോഫ്റ്റ് കോർണർ താൻ ശ്രദ്ധിച്ചിട്ടുള്ളതാണ് പക്ഷേ അതിന് കൂടുതൽ ഒരു മൈൻഡ് താൻ കൊടുത്തിരുന്നില്ല അതുകൊണ്ടുതന്നെ കോളേജ് തീർന്നപ്പോൾ അതവിടെ നിന്നതും ആണ്..
പിന്നീട് തന്റെ വിവാഹം കഴിഞ്ഞു തനിക്കൊരു മകനും ഉണ്ടായി അതിനുശേഷം ട്രാൻസ്ഫറായി എല്ലാവരും ചേർന്ന് മഞ്ചേരി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് വീണ്ടും അവളെ കണ്ടുമുട്ടുന്നത് അനിതയെ അവിടെ വെച്ച് പരിചയം പുതുക്കി…
അവളും ബാങ്ക് എംപ്ലോയി തന്നെയാണ് തന്റെ പോലെ.. അന്നുമുതൽ ഒരു നല്ല സുഹൃത്തായി അവൾ കൂടെയുണ്ടായിരുന്നു സുഖത്തിലും ദുഃഖത്തിലും
പക്ഷേ അതിരുകവിഞ്ഞ ഒരു ബന്ധവും തങ്ങൾ ഉണ്ടായിരുന്നില്ല അവൾ അവിവാഹിതയാണ് എന്നറിഞ്ഞതും എന്തോ മനസ്സിൽ ഒരു വല്ലായ്മ
തോന്നിയിരുന്നു അവൾക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ കൂടുതലായി അതിനെപ്പറ്റി ഒന്നും ചിന്തിക്കാൻ നിന്നില്ല….
എന്റെ ജീവിതം അധികനാൾ ഒന്നും സമാധാനപരമായിരുന്നില്ല ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു…
ഭാര്യയും നാലു വയസ്സുകാരൻ മകനും ഒന്നിച്ച് വളരെ സന്തോഷപരമായ ജീവിതം തന്നെയായിരുന്നു എന്റേത് പക്ഷേ അവൻ ഇടയ്ക്ക് വരാറുള്ള വയറുവേദന അത്ര ഞങ്ങൾ കാര്യമാക്കിയിരുന്നില്ല എന്തെങ്കിലും ഫുഡ് പോയ്സൺ ആകും എന്ന് വിചാരിച്ചു.
പക്ഷേ ഇടയ്ക്കിടയ്ക്ക് അത് വരാൻ തുടങ്ങി അവന് വേദന കലശലായതോടെയാണ് ഒരു നല്ല ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചത് അപ്പോഴേക്കും അറിഞ്ഞു അവന് വലിയൊരു രോഗമാണെന്ന്
ഈ ലോകത്തിന്റെ ഏത് കോണിൽ കൊണ്ടുപോയി എത്ര പണം ചെലവാക്കി എന്റെ ഉള്ളതെല്ലാം വിറ്റു പെറുക്കിയാണെങ്കിലും അവനെ
ചികിത്സിക്കാൻ ഞാൻ തയ്യാറായിരുന്നു പക്ഷേ ഡോക്ടർ പറഞ്ഞിരുന്നു ഇനി ഒന്നിനും ഞങ്ങളുടെ മകനെ ഞങ്ങൾക്ക് തിരികെ തരാൻ ആവില്ല എന്ന്…
ജീവിതം പോലും വെറുക്കുന്ന അവസരമായിരുന്നു അത് മുന്നോട്ട് ജീവിക്കാൻ എനിക്കും അവൾക്കും ഒരുപോലെ തോന്നിയില്ല എങ്കിലും അവൾക്ക് ബലം നൽകി ഞാൻ കൂടെ നിന്നു പക്ഷേ മോൻ പോയതോടുകൂടി അവൾ ആകെ മാറി
അവളുടെ ചിരി കളിക്കൽ മാഞ്ഞു എപ്പോഴും ചിന്തയിലാണ്ടു വല്ലപ്പോഴും പൊട്ടിക്കരയും ചിലപ്പോൾ അവന്റെ കാര്യങ്ങൾ മാത്രം പറയുന്നത് കേൾക്കാം അവൻ മരിച്ചു പോയത് അംഗീകരിക്കാത്ത പോലെ പെരുമാറുന്നത് കാണാം…
അവൾക്ക് ഞാൻ കാവൽ ഇരുന്നു എന്നിട്ടും എന്റെ കണ്ണ് വെട്ടിച്ച് അവളും അവനോടൊപ്പം പോയി ഒരു കുപ്പി വി ഷം അത് അവളെ എങ്ങനെ എവിടെ നിന്ന് സംഘടിപ്പിച്ചു എന്നത് പോലും എനിക്ക് അജ്ഞാതമായിരുന്നു….
അവളും കൂടി പോയപ്പോൾ ഞാൻ ആദ്യം തളർന്നു അവരുടെ വഴി തന്നെ തിരഞ്ഞെടുത്താലും എന്നുപോലും തീരുമാനിച്ചു അവിടെയെല്ലാം എനിക്കൊരു താങ്ങായത് അനിതയായിരുന്നു അവൾ എപ്പോഴും എന്റെ കൂടെ തന്നെയുണ്ടായിരുന്നു
എനിക്ക് ധൈര്യം പകർന്ന് വീണ്ടും ഓഫീസിലേക്ക് പോയി തുടങ്ങാൻ നിർദ്ദേശിച്ചത് അവളായിരുന്നു ഒരു നല്ല സുഹൃത്തിനെ ഞാൻ അവളിൽ കണ്ടു. അവളില്ലായിരുന്നെങ്കിൽ ഉറപ്പായും ഒരുപക്ഷേ ഞാൻ എന്റെ ഭാര്യയുടെ വഴി തന്നെ തിരഞ്ഞെടുത്തേനേ…
ഞാനൊന്ന് ഓക്കേ ആയി എന്ന് തോന്നിയ നിമിഷത്തിലാണ് അവൾ അവളുടെ മനസ്സ് എന്നോട് തുറന്നു പറഞ്ഞത് പക്ഷേ അതുവരെയുള്ള എന്റെ ജീവിതം മറന്നു പുതിയ ഒരു ജീവിതത്തിലേക്ക് കടക്കാൻ ഞാൻ അപ്പോഴും പ്രാപ്തനായിരുന്നില്ല…
ഒറ്റയ്ക്ക് ജീവിക്കുന്നത് വളരെ മടുപ്പാണ് അതെനിക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മനസ്സിലായിരുന്നു അവൾക്കും ഏറെക്കാലമായി അത് പരിചയമാണല്ലോ അതുകൊണ്ട് അതിൽനിന്ന് ഒരു റിലീഫ് എന്ന് കരുതിയാവാം അവളെന്നോട് അങ്ങനെയെല്ലാം ആവശ്യപ്പെട്ടത്
പക്ഷേ പെട്ടെന്ന് ഒന്നും എനിക്ക് മനസ്സുമാറ്റാൻ കഴിയുമായിരുന്നില്ല എങ്കിൽപോലും അവളോട് എനിക്ക് ഒരു സഹതാപം തോന്നിയിരുന്നു…
അവൾക്ക് ഭയം ഉണ്ടായിരുന്നു അവൾ അങ്ങനെ ചോദിച്ചത് ഞങ്ങൾക്കിടയിലെ സുഹൃത്ത് ബന്ധത്തിനെ ബാധിക്കുമോ എന്ന് ഒരിക്കലും അവൾ എന്നോട് അങ്ങനെ ചോദിച്ചെന്ന് കരുതി എനിക്ക് അവളോട് ഒരു ദേഷ്യവും ഇല്ല
പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ മാത്രമേ ഈ ലോകത്ത് ജീവിക്കാൻ കഴിയുള്ളൂ എന്നത് എനിക്കും അറിയാമായിരുന്നു….
എന്റെ എല്ലാ സുഖത്തിലും ദുഖത്തിലും അവൾ കൂടെയുണ്ടായിരുന്നു ക്രമേണ ഞാനും ചിന്തിച്ചു തുടങ്ങി എന്തുകൊണ്ട് ഒരുമിച്ച് ഒരു ജീവിതം മുന്നോട്ടു പോയിക്കൂടെ എന്ന്….
സ്വയമേ ഒരു ജീവിതം വേണ്ട എന്ന് തീരുമാനിച്ചവളാണ് അവൾ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നിട്ട് എല്ലാം ഒരു നിമിഷം കൊണ്ട് എന്നിൽ നിന്ന് തട്ടിപ്പറിക്കും പോലെ കൊണ്ട് പോയതാണ് എന്റേത്…
അതുകൊണ്ടുതന്നെ അവൾക്ക് വേണ്ടി ഒരുപക്ഷേ എനിക്ക് വേണ്ടി ഞാൻ അവളോട് ഒരുമിച്ച് ജീവിക്കാം എന്ന് പറഞ്ഞു…
അവൾക്ക് അത് ഒരുപാട് സന്തോഷം നൽകിയിരുന്നു ഞങ്ങൾ നിയമപരമായി കല്യാണം കഴിച്ചു…
അതിനുശേഷം ഇന്ന് ഒരു ദിവസം ഞാൻ അവളോട് ചോദിച്ചിരുന്നു കോളേജിൽ നിന്ന് പോയതിനുശേഷം എന്തുകൊണ്ടാണ് മറ്റൊരു ജീവിതത്തെ പറ്റി ചിന്തിക്കാതിരുന്നത് എന്ന്…
“” താൻ എന്റെ ഉള്ളിൽ അത്രയ്ക്ക് ഉണ്ടായിരുന്നെടോ… അതു മറച്ചുവെച്ച് മറ്റൊരാളുടെ കൂടെ ജീവിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല…
അന്ന് ഞാൻ വിശ്വസിച്ചിരുന്നു എന്റെ പ്രണയം സത്യമാണെങ്കിൽ എന്നെങ്കിലും ഒരിക്കൽ എന്റെ അരികിൽ അത് വരിക തന്നെ ചെയ്യും എന്ന്… താൻ പക്ഷേ ഇതിനിടയിൽ ഒരുപാട് അനുഭവിച്ചു.. അതിലെല്ലാം എനിക്ക് ദുഃഖമുണ്ട്, എന്റേതായി തീർന്നതിൽ ഒരുപോലെ സന്തോഷവും…
അവളുടെ മിഴികൾ പെട്ടെന്ന് നിറഞ്ഞത് ഞാൻ കണ്ടിരുന്നു അവളുടെ ആഭാവം മതിയായിരുന്നു അവൾക്ക് ഞാൻ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു
എന്ന് മനസ്സിലാക്കാൻ ഒരിക്കൽ പോലും ഞാൻ അവളുടെ മനസ്സ് കാണാൻ ശ്രമിച്ചിരുന്നില്ല അത് എന്റെ തെറ്റ് ഇനി തെറ്റ് തിരുത്തണം അവളെ ഒരുപാട് സ്നേഹിക്കാൻ ശ്രമിക്കണം…
ഇതുവരെ ഒറ്റയ്ക്ക് ജീവിച്ചിരുന്നവൾക്ക് എല്ലാമാവണം….അതിന്റെ മുന്നോടി എന്നോണം തന്റെ നെഞ്ചിലേക്ക് അവളെ ചേർത്തു പിടിച്ചിരുന്നു വിജയ്..
എന്ന് ഒരുപാട് മോഹിച്ച കൊതിച്ച ഈ ഒരു നിമിഷം തന്നിലേക്ക് എത്തിച്ചേർന്നതിന്റെ സന്തോഷത്തിൽ അവൾ മിഴികൾ നിറഞ്ഞ് അവനോട് ചേർന്നിരുന്നിരുന്നു അപ്പോൾ ഒരു പൂച്ച കുഞ്ഞിനെ പോലെ…..