സദാചാരം
(രചന: Atharv Kannan)
“നിങ്ങളുടെ മകളും മൂന്നാലു ആണ്പിള്ളേരും കൂടി കാറിൽ വേണ്ടാത്ത കാര്യങ്ങളും ചെയ്തു കറങ്ങി നടക്കുവായിരുന്നു. ഇതിനാണോ നിങ്ങളു മോളേ കോളേജിലേക്ക് വിട്ടത് ?
എന്തായാലും ഞങ്ങളുടെ കോളേജിൽ ഇതൊന്നും നടക്കത്തില്ല എന്ത് തിരക്കായാലും ശരി നിങ്ങളു ഇന്ന് തന്നെ ഇവിടെ വന്നേ പറ്റത്തുള്ളൂ.. മുവാറ്റുപുഴ നിന്നും ഇവിടെ വരെ കൂടിപ്പോയ നാല് മണിക്കൂർ അല്ലേ ഉളളൂ? ഇല്ലേൽ മോളേ പെട്ടീം കിടക്കേം എടുത്തു ഞങ്ങളങ്ങോടു പാക്ക് ചെയ്യും “
അച്ഛനോട് ഫോണിൽ പ്രിൻസി പറയുന്നതും കേട്ടു നെഞ്ചിടിപ്പോടെ അഞ്ജന ഭിത്തിയിൽ ചാരി നിന്നു. വരാന്തയിലൂടെ വന്നും പോയീം ഇരുന്നവർ പരസ്പരം അടക്കം പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു…
” എന്നാലും അഞ്ചാംപിള്ളേരുടെ കൂടെ ഒക്കെ… ഇവളെ സമ്മതിക്കണം ““വിര പോലേ ഇരിക്കണെ ഇവളെ കണ്ടാ പറയുവോ ഇത്രേം കാ മം മൂത്തു നടക്കുവാന്നു “
” മിനിയാന്ന് പോയതാനൊക്കയാ കേക്കുന്നെ… ““ഇപ്പോഴത്താ പിള്ളേരുടെ ഓരോ കാഴ്ചപ്പാടുകളെ”
” ഇവക്കൊക്കെ ഇച്ചിരി ശരീരം കൂടി ഉണ്ടായിരുന്നെങ്കിൽ എന്തായേനെ? “” ക്ലാസ്സിൽ ആരും മൈൻഡ് ചെയ്യാറില്ലളിയാ… അതാണ്… മൂന്നാലു ചെക്കന്മാരങ്ങു നിരന്നു നിന്നപ്പോ കണ്ട്രോൾ പോയി കാണും
” കാശിനു പോവാറുണ്ടന്നാ കേട്ടത്… ഹാ വീട്ടിനു ദൂരേക്ക് പഠിക്കാൻ മാറി നിന്ന ഇതാ അവസ്ഥ.. കാശുള്ള ചേർക്കന്മാരല്ലേ.. പിടിച്ച സ്ഥിരം ബിസിനെസ്സ് ആവൂലോ “
” ഫസ്റ്റ് ഇയർ ഇങ്ങനാണേൽ ഇറങ്ങുമ്പോഴേക്കും ഇവള് കോടീശ്വരി ആവൂലോ ” അവരുടെ വാക്കുകൾ ഓരോന്നും തല കുനിച്ചു നിന്നു കേട്ടുകൊണ്ട് അഞ്ജന അവിടെ തന്നെ നിന്നു.
” എവിടെ പോയതായിരുന്നീടി നീ? ” കലിയോടെ അവൾക്ക് മുന്നിൽ വന്നു നിന്നു അർജുൻ ചോദിച്ചു. ഒരു കാമുകന്റെ ദേഷ്യവും അമർഷവും എല്ലാം അവന്റെ മുഖത്തുണ്ടായിരുന്നു.
” ഞാൻ ” പറഞ്ഞു തീർന്നതും മറ്റു കുട്ടികൾ നോക്കി നിൽക്കെ അവന്റെ അടി അവളുടെ മുഖത്ത് വീണു. വേദനയോടെ കണ്ണീരോടെ അവൾ ചുറ്റും നോക്കി…
” പിഴച്ചവളെ… കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടാൻ പോയേക്കുന്നു…….” അവൻ കലിയോടെ നടന്നകന്നു.. ഹൃദയം തകർന്ന വേദനയോടെ അവൾ നിന്നു.
“അഞ്ചാണങ്ങൾക്കൊപ്പം ആയിരുന്നു മോളുടെ അഴിഞ്ഞാട്ടം… എന്താ ചെയ്യണ്ടേ നിങ്ങൾ തന്ന പറഞ്ഞോ? “
തന്റെ മുന്നിൽ എത്തിയ അഞ്ജനയുടെ അച്ഛനോട് പ്രിൻസി പറഞ്ഞു നിർത്തി. ഒപ്പം മറ്റു സാറുമാരും മുറിയിലേക്ക് വന്നു.
” ഈ കോളേജിന്റെ ചരിത്രത്തിൽ ഇന്ന് വരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. “
” ഇതൊരു നാട്ടിൻ പുറമാണ്.. കോളേജിന് ചുറ്റും സാധാരണക്കാരായ ആളുകളും. അവർക്കീ യൂറോപ്യൻ സംസ്കാരം ഒന്നും അംഗീകരിക്കാൻ പറ്റത്തില്ല. “
” ഇവിടെ ആണ്പിള്ളേരും പെൺപിള്ളേരും ഒരുമിച്ചു മരത്തണലിൽ പോലും ഇരിക്കാൻ ഞങ്ങൾ അനുവദിച്ചിട്ടില്ല.. ആ കോളേജിന്റെ പേരാണ് ഒറ്റ ദിവസം കൊണ്ടു ഇല്ലാണ്ടായത്.. “
ഓരോരുത്തരായി അവർക്കു പറയാനുള്ളത് പറഞ്ഞു നിർത്തി.” എനിക്ക് എന്റെ മോൾക്ക് പറയാനുള്ളത് കൂടി കേൾക്കണം ” അയ്യാൾ സൗമ്യനായി പറഞ്ഞു.
പ്രിൻസി ഒരു അധ്യാപകനെ നോക്കി. അയ്യാൾ അവളെ വിളിച്ചുകൊണ്ടു വന്നു.
കൈ കാലുകൾ വിറച്ചു കൊണ്ടു അവൾ അകത്തേക്ക് വന്നു.അച്ഛന്റെ മുഖത്തേക്ക് നോക്കാൻ തന്നെ അവൾക്കു ഭയമായിരുന്നു.
” നിന്റെ ഭാഗം കൂടി കേൾക്കണം എന്ന നിന്റെ അച്ഛൻ പറഞ്ഞെ… നിനക്കെന്തെങ്കിലും പറയാൻ ഉണ്ടങ്കിൽ പറയു ” പ്രിൻസി ഒരു പരിഹാസ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു. മറ്റു അധ്യാപകർ കൗതുകത്തോടെ അവളെ നോക്കി.
അവൾ മുഖമുയർത്തി അച്ഛനെ നോക്കി” എന്താ മോളേ നടന്നത്? ” അയ്യാൾ സൗമ്യനായി ചോദിച്ചു
” വിഷ്ണു സ്റ്റെപ്പിൽ നിന്നും വീണച്ച… അവന്റെ കാലിനു നീരുണ്ടായിരുന്നു. ഞാനും തൻസീംറും അവന്റെ കാറിൽ ആണ് ഹോസ്പിറ്റൽ കൊണ്ടു പോയത്. വിഷ്ണുവിനെ വീട്ടിലാക്കി മടങ്ങി വരുമ്പോ ഇഷാനും, റിക്കിയും, ബേസിലും, ഡോണും ഞങ്ങടെ കൂടെയ വന്നത്. ബാക്കി ഒന്നും എനിക്കറിയില്ല “
” എപ്പോഴാ നിങ്ങൾ ഹോസ്പിറ്റലിൽ പോയത്? “” എട്ടേകാൽ ആയിക്കാണും “” അവനെ വീട്ടിൽ വിട്ടതോ? “” പത്തര “” മറ്റു കുട്ടികൾ എങ്ങിടാ വന്നത്? “
” അവരു കോളേജിലേക്ക് വരാതെ ബസിനു ഹോസ്പിറ്റലിലേക്ക് വന്നു. ” അച്ഛൻ പ്രിൻസിയെ നോക്കി…” നിങ്ങളെന്തൊരച്ഛനാണ്? ഇങ്ങനെ ചോദിച്ച അവളു സമ്മതിച്ചു തരുവോ? “” ഇവളെ ഇപ്പൊ പുറത്ത് നിർത്തിയിരുന്നത് എന്തിനാ? “
” നിങ്ങളെന്താ ഞങ്ങളെ പൊട്ടനാക്കുവാ? ഈ പെൺകുട്ടി അഞ്ചു ആൺകുട്ടികൾക്കൊപ്പം കാറിൽ കറങ്ങി നടന്നു പലതും ചെയ്തത് കണ്ടവർ ഉണ്ട്.. അങ്ങനൊരു മോശം കാര്യം ചെയ്തതിനാണ് അവളെ പുറത്ത് നിർത്തിയതും നിങ്ങളെ വിളിപ്പിച്ചതും
” എന്ത് മോശം കാര്യം ചെയ്തു? ” സാറുമാർ പരസ്പരം നോക്കി…” ശരി… നിങ്ങൾ പറയുന്നതു പോലെ ആണെങ്കിൽ ആ പറഞ്ഞവരെ ഒന്ന് വിളിക്കാമോ? “
” ആരെ? മനസ്സിലായില്ല”” എന്റെ മകൾ മോശം കാര്യം ചെയ്തത് കണ്ടവരെ “” അത്… ” പ്രിൻസി മറ്റുള്ളവരെ നോക്കി
” എന്തെ? ബുദ്ധിമുട്ടുണ്ടോ? ” അദ്ദേഹം സൗമ്യമായി ചോദിച്ചു.” അതല്ല… ഈ കിഷോർ സാറും, പ്യൂൺ ഹരിദാസും ഒക്കെ ആണ് കണ്ടത്.. ” അദ്ദേഹം അവരെ രണ്ട് പേരെയും നോക്കി
” എന്ത് മോശം കാര്യമാണ് ചെയ്യുന്നത് നിങ്ങൾ കണ്ടത്? ” അദ്ദേഹം സൗമ്യനായി ചോദിച്ചുഇരുവരും പരസ്പരം നോക്കി പരുങ്ങി
” അത്… ഞാൻ ഗ്ലാസ്സിലൂടെ അവർക്കൊപ്പം ഇവൾ ഇരിക്കുന്നത് മാത്രമേ കണ്ടുള്ളു.. നാലഞ്ചു ആൺകുട്ടികൾക്കൊപ്പം കാറിൽ ഇരിക്കുന്നത് കാണുമ്പൊൾ ഊഹിക്കാലോ “കിഷോർ സാറിന്റെ വാക്കുകൾ കേട്ടു കഴിഞ്ഞു അച്ഛൻ പ്യൂണിനെ നോക്കി
” അത്.. സത്യത്തിൽ ഞാൻ നേരിട്ട് കണ്ടില്ല.. അഞ്ജന ഭക്ഷണം കഴിക്കാൻ പോവാറുള്ള ഹോട്ടലിന്റെ ഓണരുടെ പയ്യനാ പറഞ്ഞത് മൂന്നാലു ആണ്പിള്ളേരുടെ കൂടെ സിറ്റിയിൽ കണ്ടെന്നു.. പിന്നെ അന്വേഷിച്ചപ്പോ രാവിലേ ക്ലാസിലും വന്നിട്ടില്ല.. അതാ “
പ്യൂൺ പറഞ്ഞു നിർത്തി.” എന്നിട്ടു ആ ആൺകുട്ടികൾ എന്ത്യേ? “” അവരെ ക്ലാസ്സിലേക്ക് വിട്ടു ” പ്രിൻസി കൂൾ ആയി മറുപടി പറഞ്ഞു
” അതെന്തേ? അവരുടെ വീട്ടിന്നു ആരേം വിളിപ്പിച്ചില്ലേ? “” നിങ്ങളിതെന്തു വാർത്തമാനമാണ് മിസ്റ്റർ പറയുന്നത് ? ഈ കോളേജിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പെണ്ണും
പറഞ്ഞു തീരും മുന്നേ ചാടി എണീറ്റ അദ്ദേഹം ” ചീ നിർത്തടി… ഇതൊരു കോളേജും നീ ഇതിന്റെ പ്രിൻസിപ്പളും ആയി പോയി,ഇല്ലേ നിന്റെ ഒക്കെ നാവു ഞാൻ പിഴുതെടുത്തേനേ..
നീയൊക്കെ അവനവൻ ചെയ്യുന്നതേ കാണു, മറ്റൊരാളുടെ സാഹചര്യത്തിൽ നീയൊക്കെ ആണെങ്കിൽ എന്താണോ ചെയ്യൂ അതെ മറ്റുള്ളവരെ പറ്റിയും വിചാരിക്കു…
നാലാൺപിള്ളേരുടെ കൂടെ ഇരുന്ന നിനക്കും ദേ ഇവന്റെ ഒക്കെ പെണ്ണുങ്ങൾക്കും മോശം കാര്യങ്ങൾ മാത്രമേ ചെയ്യാൻ ഉണ്ടായിരുവുള്ളൂ.. പക്ഷെ അങ്ങനല്ല ഞാനെന്റെ മോളേ വളർത്തിയത്.. ഇനി മേലാ ഇങ്ങനെന്തേലും എന്റെ കൊച്ചിനെ പറ്റി പറഞ്ഞുണ്ടാക്കിയാൽ.. ഹാ..”അഞ്ജന നടുങ്ങി നിന്നു… അദ്ദേഹം അവളുടെ മുഖത്തേക്ക് നോക്കി.
” നീയെന്തിനാടി കരയണത്? കണ്ണു തുടച്ചു കള “അവൾ കണ്ണുകൾ തുടച്ചു.” അതെ… ആണും പെണ്ണും എന്താണെന്ന് പറഞ്ഞു കൊടുത്താ ഞാനെന്റെ മക്കളെ വളർത്തിയത്.. നിനക്കൊക്കെ ഇപ്പോഴത്തെ പിള്ളേരെ കാണുമ്പോ പ്രായം തെറ്റിയതിന്റെ വല്ല കഴപ്പും തോന്നുന്നുണ്ടങ്കിൽ അതിനു പോയി മരുന്ന് മേടിക്ക് ”
കിഷോറിനോടും പ്യൂണോടുമായി അയ്യാൾ പറഞ്ഞു.എല്ലാവരും അന്തം വിട്ടു നിന്നു. അവർ പുറത്തേക്കിറങ്ങി .” സോറി അച്ഛാ ” അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു” തെറ്റ് ചെയ്തവരാ സോറി പറയേണ്ടത്..
അല്ലാത്തവർ തല ഉയർത്തി നിക്കണം “” അച്ഛനും കൂടി എന്നെ മനസ്സിലാക്കി ഇല്ലായിരുന്നെങ്കിൽ.. ഞാൻ “” അയ്യേ… ഇതൊക്കെ എന്ത്… നിങ്ങട ഒരു കാര്യത്തിലും അച്ഛൻ വാശി പിടിക്കാറില്ലല്ലോ.. എന്താ കാരണം? എനിക്കറിയാം ഞാനറിയാത്ത ഒന്നും നിങ്ങടെ ജീവിതത്തിൽ ഇല്ലെന്നു..
ഇനി ഇണ്ടായാലും അതിനെ നേരിടാനുള്ള മനക്കട്ടി ഒക്കെ എന്റെ മക്കൾക്ക് ഉണ്ട്… തെറ്റ് പറ്റി എന്ന് എപ്പോഴേലും തോന്നിയാലും നിങ്ങളു പറയും എന്നച്ഛന് അറിയാം… “അവളുടെ മനസ്സ് ശാന്തത കൈ വരിച്ചു.”
എന്നാ ഞാൻ പോട്ടെ ??? പണി പകുതിയിൽ ആക്കി ഓടി വന്നതാ. തിരിച്ചു ചെല്ലുമ്പോഴേക്കും ഇനി രാത്രി ആവും.. “” ഉം “അയ്യാൾ നടക്കാൻ ഒരുങ്ങി…” അച്ഛാ ” അവൾ പിന്നിൽ നിന്നും വിളിച്ചു…അയ്യാൾ മെല്ലെ തിരിഞ്ഞു” എനിക്കൊരു കാര്യം കൂടി പറയാനുണ്ട് ” അയ്യാൾ അവളുടെ അടുത്തേക്ക് വന്നു.
അല്പ സമയത്തിന് ശേഷം പ്യൂൺ ക്ലാസിലേക്ക് വന്നു പറഞ്ഞു ” അർജുൻ, കാണാൻ ഒരാൾ വന്നിരിക്കുന്നു.. പുറത്തേക്കൊന്നു വരണം “അർജുൻ വരാന്തയിലേക്ക് ഇറങ്ങി ചെന്നു… അവിടെ ഒരു മൂലയിൽ അഞ്ജനയും അച്ഛനും നിക്കുന്നുണ്ടായിരുന്നു.
അങ്ങിങ്ങായി മറ്റു ക്ലാസ്സിലെ കുട്ടികളും.” എന്നെ മനസ്സിലായോ? ഞാൻ അഞ്ജനയുടെ അച്ഛനാണ് ” അയ്യാൾ സൗമ്യനായി പറഞ്ഞു” ആ അറിയാം അങ്കിളേ… അഞ്ജന പറഞ്ഞി…പറഞ്ഞു തീരും മുന്നേ പടക്കം പൊട്ടും പോലെ ഒന്ന് അർജുന്റെ കരണത്തു വീണു… അവനു തല കറങ്ങുന്ന പോലെ തോന്നി… ഒരു നിമിഷം തരിച്ചു നിന്നു പോയി..
” അപ്പൊ നിനക്കറിയാം ഞാൻ ചത്തിട്ടില്ലെന്നു… സ്നേഹത്തിന്റെ പേരിൽ അല്ല എന്തിന്റെ പേരിൽ ആയാലും എന്റെ കൊച്ചിന്റെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ വെട്ടി അരിഞ്ഞു പട്ടിക്കു ഇട്ടു കൊടുക്കും ഞാൻ നാ യി ന്റെ മോനേ…
” അവന്റെ കണ്ണുകൾ നിറഞ്ഞു” ഇപ്പൊ നിനക്ക് മനസ്സിലായോട നാല് പേരുടെ മുന്നിൽ വെച്ചു മുഖത്ത് അടി കിട്ടിയാൽ ഉള്ള വേദന എന്താണെന്ന്? ” അർജുൻ പകച്ചു നിന്നു…
” വിശ്വാസം ഇല്ലെങ്കിൽ കളഞ്ഞിട്ടു പോടാ.. ആണാണെന്നും പറഞ്ഞു നടക്കുന്നു.. ” ശേഷം അവളുടെ നേരെ തിരിഞ്ഞു ” ഇനി ഇവന്റെ കാര്യം എങ്ങാനും നീ മിണ്ടിയാൽ.. അടി നിനക്കായിരിക്കും” അഞ്ജന തലയാട്ടി..
” എന്നാ ഞാൻ പോട്ടെ? ” അവനെ നോക്കി.. ” പോട്ടെടാ മോനേ “തരിപ്പ് മാറാതെ അർജുൻ നോക്കി നിന്നു.. അദ്ദേഹം നടന്നകന്നു … മനസ്സിലെ ഭാര്യമിറാക്കി വെച്ച സന്തോഷത്തോടെ തന്നെ പരിഹസിച്ചവർക്ക് മുന്നിലൂടെ തല ഉയർത്തി അവൾ ക്ലാസ്സിലേക്ക് നടന്നു.