ആദ്യ ഭാര്യയെ കൊന്നു ജീവ പര്യന്തം കഴിഞ്ഞു വന്നവന്റെ കൂടെ പൊറുക്കാൻ വല്ലാത്ത ധൈര്യം തന്നെ””” “”അടുത്തത് നിന്നെ തീർത്താവും അടുത്ത ജീവപര്യന്തം

(രചന: ജ്യോതി കൃഷ്ണകുമാര്‍)

“””കൊലപാതകിയുടെ രണ്ടാം ഭാര്യ “”” അതായിരുന്നു രേണുകക്ക് നാട്ടുകാർ ചാർത്തി കൊടുത്ത പേര്….

“”ആദ്യ ഭാര്യയെ കൊന്നു ജീവ പര്യന്തം കഴിഞ്ഞു വന്നവന്റെ കൂടെ പൊറുക്കാൻ വല്ലാത്ത ധൈര്യം തന്നെ”””

“”അടുത്തത് നിന്നെ തീർത്താവും അടുത്ത ജീവപര്യന്തം “””“””ഇവളിത് എന്ത് കണ്ടിട്ടാ “””എന്നിങ്ങനെ പലരും പറഞ്ഞിട്ടും അതൊന്നും രേണുകയിൽ ഇത്തിരി പോലും ഭയം ഉണ്ടാക്കിയിരുന്നില്ല..

അത്രമേൽ അയാളെ അവൾ മനസിലാക്കിയിരുന്നു…“”ബാലൻ “””” അതായിരുന്നു അയാളുടെ പേര്…

ക്വാറിയിലെ ജോലിക്കിടയിൽ അപ്രതീക്ഷിതമായി കണ്ടതാണ് ആ ഒരാളെ…. വയ്യാത്ത അമ്മയുടെ മരുന്നിനും ജീവിതം തള്ളി നീക്കുവാനും ആയി ഇത്തിരി കഠിനം എങ്കിലും ആ ജോലി തെരെഞ്ഞെടുക്കേണ്ടി വന്നു….

ആരോടും മിണ്ടാത്ത ഒരാൾ.. ആരോടും കൂട്ടില്ലാത്ത ഒരാൾ..ജോലി ചെയ്യും കൂലി മേടിച്ചു പോകും.. ഒരാളുടെ കാര്യത്തിലും ഇടപെടില്ല… എല്ലാവരും കൊലപാതകി എന്ന് അടക്കം പറഞ്ഞിരുന്നു… അകലം പാലിച്ചിരുന്നു..എങ്കിലും, എന്തോ ഒരു കൗതുകം തോന്നിയിരുന്നു ആാാ ഒരാളിൽ….

ഒരു ദിവസം ക്വാറിയിലെ ജോലിക്കാരിൽ ഒരു തമിഴൻ അപമാര്യാദയായി പെരുമാറിയപ്പോൾ അയാളെ വേറെ ഒന്നും നോക്കാതെ അയാളുടെ മൂക്ക് ഇടിച്ചു തകർത്തപ്പോഴാണ് അറിഞ്ഞതൊന്നും സത്യമാവില്ല എന്ന് മനസ്സ് പറഞ്ഞത്….

ഒരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ നടന്നകലുന്ന ആൾക്ക് എങ്ങനെ ഒരാളെ കൊല്ലാൻ കഴിയും എന്ന് തോന്നിപ്പോയി….

പിന്നെ മുഴുവൻ അന്വേഷിച്ചത് ആ ഒരാളെ പറ്റി ആയിരുന്നു… എന്തിനാ എന്ന് ചോദിച്ചാൽ അറിയില്ല…

ബാലൻ””” എന്നാണ് പേര് എന്നും… ഒരിക്കൽ വിവാഹം കഴിച്ച് നല്ല രീതിയിൽ കഴിഞ്ഞവൻ… സ്വന്തം ഭാര്യയെ തന്നെ ആണ് കൊന്നത്….

എന്നെല്ലാം അങ്ങനെ കിട്ടിയ വിവരങ്ങൾ ആയിരുന്നു… കേട്ടതും കണ്ടതും തമ്മിൽ എന്തോ പൊരുത്തമില്ലായ്‌മ…

അവിടെ ഉള്ള ചെറിയ ഒരു ഹോട്ടലിൽ നിന്നായിരുന്നു ഒരുവിധം എല്ലാവരും ഭക്ഷണം കഴിച്ചിരുന്നത്.. പെണ്ണുങ്ങൾ കൊണ്ട് വരും…. ഒരിക്കൽ കുറച്ചു നാളത്തേക്ക് അതു പൂട്ടി…

തൊഴിലാളികളുമായി എന്തോ തർക്കം… അതല്ലാതെ ഭക്ഷണം കഴിക്കാനായി വേറെ ഹോട്ടൽ അടുത്ത് ഒന്നും ഇല്ലായിരുന്നു…

എല്ലാവരും അവരവരുടെ വീട്ടിൽ പോയി… ഞാനും പോകാൻ നോക്കിയപ്പോൾ ഈ ഒരാൾ മാത്രം എങ്ങും പോകാതെ അവിടെ ഇരിക്കുന്ന കണ്ടു….

“”ഭക്ഷണം കഴിക്കണില്ലേ???””” എന്ന് അടുത്ത് ചെന്ന് ചോദിച്ചു..അങ്ങനെ പ്രതീക്ഷിക്കാത്തത് കൊണ്ടാവാം,

“””ഇല്ല “” എന്നൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞത് .. വീട്ടിൽ പോയി വന്നപ്പോഴും ഒരു പാറ കല്ലിന്റെ പുറത്ത് ബീഡിയും വലിച്ച് ഇരിക്കുന്നുണ്ടായിരുന്നു….

“”ദാ….””” എന്ന് പറഞ്ഞ് വാഴ ഇല വാട്ടി പൊതിഞ്ഞു അയാൾക്കായി കരുതിയ ചോറ് നീട്ടി…

“””ഏയ്‌ വേണ്ട “”” എന്ന് പറഞ്ഞൂ എണീറ്റ ആളിനോട്, ഇത്തിരി കടുപ്പിച്ചു തന്നെ പറഞ്ഞു,

“””ഇത് നിങ്ങൾക്കായി കൊണ്ടു വന്നതാ… വൈകീട്ട് കൂലി കിട്ടും വരെയും പണി എടുക്കേണ്ടതാ, ഇപ്പോ ഉള്ള രസം ഉണ്ടാവില്ല വെശക്കുമ്പോ..”” എന്ന്..

“”ദാ…. എന്ത് വേണേലും ചെയ്യാം “”” എന്ന് പറഞ്ഞാ പൊതി മുന്നിൽ വച്ചിട്ട് നടന്നു നീങ്ങുമ്പോ,

അത് എടുക്കും എന്നും കഴിക്കും എന്നും ഒട്ടും കരുതിയതല്ല…എന്തോ അത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞിരുന്നു… വൈകീട്ട് കൂലി വാങ്ങി പോകാൻ നേരം ആ ഒരാൾ കാത്ത് നിന്നിരുന്നു…

അമ്പത് രൂപ നീട്ടിയിട്ട്…“”ഇത് ഞാനാ ഹോട്ടലിൽ കൊടുക്കുന്നതാണ് “”” എന്ന് പറഞ്ഞ് കയ്യിലേക്ക് വച്ച് തന്ന് നടന്നു നീങ്ങിയിരുന്നു…

എന്ത് ചെയ്യണം എന്നറിയാതെ നിന്നു..
ഉള്ളിൽ എന്തോ നോവ് ഉടലെടുത്തത് അറിഞ്ഞു….

പിറ്റേ ദിവസം രണ്ട് പൊതി പൊതിഞ്ഞെടുത്തിരുന്നു… രാവിലെ തന്നെ നീട്ടിയപ്പോൾ സംശയത്തോടെ മുഖത്തേക്ക് നോക്കി..

“”ഇന്നലെ തന്ന പണം ഇച്ചിരി കൂടുതലാ ബാക്കി പൈസക്ക് ഉള്ളതെ എടുത്തിട്ടുള്ളൂ “”” എന്നു പറഞ്ഞ് അവിടെ വച്ച് കൊടുത്ത് നടന്നു… എന്തിനോ പകരം വീട്ടിയ പോലൊരു സുഖം ഉള്ളിൽ അപ്പോൾ നിറഞ്ഞ് വന്നു…

ഇത് പതിവായപ്പോൾ ചിലരുടെ കണ്ണുകൾ ഞങ്ങളുടെ ഇടയിലെ അവിഹിതം തിരയാൻ എത്തി… അവർ ചെറിയ ഓരോ പൊട്ടും പൊടിയും ചേർത്ത് കഥകൾ മെനഞ്ഞു…

ബാലന്റെയും രേണുകയുടെയും അവിഹിതം ചൂട് ചായയോടൊപ്പവും ബീ ഡി യോടൊപ്പവും ചെലവായി കൊണ്ടിരുന്നു..

അതൊരു ദിവസം കള്ളു കുടിച്ചെത്തിയ തമിഴൻ എല്ലാരുടെയും മുന്നിൽ വിളിച്ച് പറയുന്നിടം വരെ എത്തി… അപ്പോഴത്തെ രക്ഷപെടലിനു വേണ്ടി ആണോ എന്നറിയില്ല… ബാലേട്ടൻ,

“”ഞാൻ ഓളെ കെട്ടാൻ പോവാ ഇയ്യ് എന്താച്ചാൽ ചെയ്യ് “””” എന്ന് പറഞ്ഞത്..പിന്നെ ആർക്കും ഒന്നും പറയാനില്ലാരുന്നു… ഇതിനിടയിൽ അമ്മക്ക് അസുഖം കൂടിയപ്പോൾ ആശുപത്രിയിൽ കൂടെ വന്നതും വേണ്ട”””

എന്ന് നിർബന്ധിച്ചു പറഞ്ഞിട്ടും പണം കയ്യിൽ വച്ചു തന്നതും പിന്നെ ആരും അവിഹിതത്തിൽ പെടുത്തിയില്ല… പകരം ഉപദേശം കൊണ്ട് മൂടി.. കൊലപാതകി “””” അതാരുന്നു അയാളുടെ കുറ്റം…

ഒടുവിൽ യാത്ര പറയാണ്ട് അമ്മയും കൂടങ്ങു പോയപ്പോൾ തീർത്തും അനാഥത്വം അറിയുകയായിരുന്നു… ആൾ ഇടക്ക് വന്നു മിണ്ടാതെ ഉമ്മറ തിണ്ണയിൽ ഇരിക്കും.. വാങ്ങിയ സാധനങ്ങൾ അവിടെ വച്ച് മെല്ലെ നടന്നു നീങ്ങും..

“”””എന്തേലും വേണേൽ പറയാൻ മടിക്കേണ്ട “””” എന്നൊന്നു പറയും….എല്ലാം ഒന്നടങ്ങി മനസ്സ് ശാന്തമായപ്പോഴാ ചോദിച്ചത്, “”എന്തിന്റെ പേരിലാ ഞാനീ സഹായങ്ങൾ സ്വീകരിക്കേണ്ടത് “”” എന്ന്…

മൗനം ആയിരുന്നു മറുപടി.. അതെന്നെ വല്ലാതെ നീറ്റി…“”എല്ലാത്തിനും കണക്ക് വച്ചോളൂ തിരികെ തരും “”” എന്ന് പറയാനാണ് തോന്നിയത്….

അപ്പോഴാ, “”രേണുകാ “” എന്ന് ആദ്യമായി വിളിച്ചത്..“””ഞാൻ… ഞാനൊരു “””പറയാൻ ഉള്ള പ്രയാസം മനസിലാക്കി,ബാക്കി പറയാൻ സമ്മതിക്കാതെ പറഞ്ഞ്ഞു… അറിയാം”””” എന്ന്…പിന്നെയും ആൾ സംസാരിച്ചു തുടങ്ങി..

“”പഴകി ദ്രവിച്ചൊരു കഥ തന്നെയാണ് പറയാൻ ഉള്ളത്… വിശ്വസിക്കാം.. ഇല്ലാതിരിക്കാം എല്ലാം നിനക്ക് തോന്നും പോലെ….

പ്രാണൻ കൊടുത്ത് സ്നേഹിച്ചവൾ,
അവളെ താലി ചാർത്തി സ്വന്തമാക്കിയപ്പോൾ….

എന്റെ പ്രാണൻ അതിനേക്കാൾ വില അവൾ മാറ്റാർക്കോ കല്പിച്ചു നൽകി…
കാണാൻ പാടില്ലാത്തത് കണ്ടു പോയപ്പോൾ നിയന്ത്രണം വിട്ടു… അപ്പോഴും അവൾക്ക് നോവണം എന്ന് കരുതിയതല്ല.. പറ്റി പോയതാണ്… “”””

അത് പറഞ്ഞപ്പോൾ ആ മിഴിയിലൂടെ രണ്ടു നീർതുള്ളികൾ ഒഴുകി ഇറങ്ങിയത് കണ്ടു… ആ ഒരാൾക്ക് ഒട്ടും ചേർച്ച ഇല്ലാത്ത പോലെ…

“””എന്റെ കഴുത്തിൽ ഒരു മഞ്ഞ ചരട് കെട്ടിത്തരമോ???””” എന്ന് മാത്രം ചോദിച്ചു…“””എനിക്ക്… അതിനുള്ള…..”””

“””പ്രാണനായവൾക്ക് കൊടുത്തതിൽ ബാക്കി സ്നേഹം മാത്രം മതി… പരാതി ഇല്ലാണ്ട് സ്വീകരിച്ചോളാം “”” എന്ന് പറഞ്ഞപ്പോൾ എന്റെ മിഴികളും അനുസരണക്കേട് കാണിച്ചു തുടങ്ങി…

പിന്നെ അമ്പല നടയിൽ ആണ് ഞാൻ ആളെ കാണുന്നത്.. ഇത്തിരി പൊന്നിൽ തീർത്തൊരു താലിയും ആയി… അതോടൊപ്പം ഭ്രാന്തമായ ആ പ്രണയവും എന്നിലേക്ക് പകർന്നിരുന്നു ആ മനുഷ്യൻ.. ഒട്ടും കുറയാതെ ഞാൻ തിരിച്ചും….

ആ മനസ്സ് അറിയാവുന്നിടത്തോളം മറ്റൊരാളുടെ ഊഹാഭോഹങ്ങൾക്ക് ഞങ്ങക്കിടയിൽ സ്ഥാനം ഇല്ലായിരുന്നു…

എവിടെയോ ഇരുന്ന് ആളുകൾ പറയുന്നതല്ല സത്യം എന്ന് എനിക്ക് അറിയുന്നിടത്തോളം, എല്ലാം തമാശകൾ ആയിരുന്നു….

എന്നിട്ടും ആളുകൾ ഉപദേശം തുടർന്നു… എല്ലാം കേട്ടും ആ മുഖത്ത് എനിക്കായി ഒരു പുഞ്ചിരി ബാക്കി നിർത്തുമായിരുന്നു.. പ്രണയത്തിന്റെ……

Leave a Reply

Your email address will not be published. Required fields are marked *