ഒരു പ്രിക്യുയേഷനും നൂറു ശതമാനം സേഫ് ആയിരിക്കില്ലയെന്ന് ഞാനും ഓർക്കണമായിരുന്നു… ഇപ്പോൾ എന്റെ ഉള്ളിൽ എന്റെ പൂർണ്ണ സമ്മതത്തോടെ അല്ലെങ്കിലും

സ്വപ്നം
(രചന: മിഴി വർണ്ണ)

ഡിഗ്രി സെക്കന്റ്‌ ഇയർ കഴിയാറായപ്പോഴായിരുന്നു ഒരു ഗവണ്മെന്റ് ജോലിക്കാരന്റെ കല്യാണാലോചന വന്നത്.

ഡിഗ്രി കംപ്ലീറ്റ് ചെയ്യാതെ കല്യാണലോചനയും പെണ്ണുകാണലും ഒന്നും പറ്റിയില്ലയെന്ന് കോളേജിൽ ചേരുമ്പോൾ തന്നെ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നതായിരുന്നു.

പക്ഷേ കൂട്ടുകാരന്റെ മോനും ഒപ്പം ഗവണ്മെന്റ് ജീവനക്കാരനുമായ ആദർശേട്ടന്റെ വിവാഹാലോചന വന്നതും അച്ഛനും അമ്മയും കളം മാറ്റിച്ചവിട്ടി.

സ്വന്തം മകൾക്കു നൽകിയ വാക്കും കൂട്ടുകാരന്റെ മകനോടുള്ള സ്നേഹവും ഒരു തുലാസിൽ അളന്നപ്പോൾ നേരിയ വ്യത്യാസത്തിൽ ഞാൻ എന്ന മകൾക്ക് പരാജയപ്പെടേണ്ടി വന്നു.

ആ പരാജയത്തിനു കാരണം കൂട്ടുകാരനോടും മകനോടുമുള്ള സ്നേഹമല്ല മറിച്ചു വില്ലേജ് ഓഫീസിൽ അയാൾ അവകാശിയായുള്ള വില്ലേജ് ഓഫീസ്സറുടെ കസേരയാണെന്ന് മനസ്സിലാക്കാൻ എനിക്ക് നിമിഷനേരം ധാരാളമായിരുന്നു.

എന്റെ എതിർപ്പുകളെ അവഗണിച്ചു ചായക്കപ്പും തന്നു ഉമ്മറത്തേക്ക് വിടുമ്പോൾ അമ്മ ആശ്വാസ്സിപ്പിക്കാനെന്നോണം പറഞ്ഞു
“കണ്ടിട്ട് പൊയ്ക്കോട്ടേ മോളേ… ഇപ്പോഴേ കെട്ടിച്ചൊന്നും വിടില്ലല്ലോന്നു.”

ചായയുമായി ഉമ്മറത്തേക്ക് നടക്കുമ്പോഴും ആ വർഷത്തെ കോളേജിന്റെ റാങ്ക് പ്രതീക്ഷയായ എനിക്ക് ഡിഗ്രി പൂർത്തിയാകും വരെയെങ്കിലും ബന്ധനങ്ങൾ ഇല്ലാതെ പറക്കാൻ അനുവാദം ലഭിക്കുമെന്നു വെറുതെ മോഹിച്ചു ഞാൻ.

പക്ഷേ ചെക്കന്റെ ജാതകത്തിൽ എന്തോ ദോഷമുണ്ടെന്നും മൂന്നു മാസത്തിനുള്ളിൽ വിവാഹം നടന്നില്ലയെങ്കിൽ പിന്നെ വിവാഹയോഗം ഇല്ലയെന്നുമുള്ള

ചെക്കന്റെ അമ്മാവന്റെ വാക്കുകളിൽ പൊലിഞ്ഞു പോയത് പഠനം കഴിയും വരെയെങ്കിലും സ്വന്തമായി പറക്കണം എന്നയെന്റെ സ്വപ്‌നമായിരുന്നു.

“വിവാഹം കഴിഞ്ഞും പഠിക്കാമല്ലോ…പക്ഷേ ഇതു ഗവണ്മെന്റ് ജോലിക്കാരൻ ആണ്. ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാം. ” എന്ന അച്ഛന്റെ വാക്കുകൾ എനിക്ക് വേദനയെക്കാളേറെ സമ്മാനിച്ചതു അത്ഭുതമായിരുന്നു.

അന്തസ്സോടെ കൂലിപ്പണി ചെയ്തു എന്നെ ഇത്രയും വളർത്തിയ അച്ഛൻ തന്നെ ഗവണ്മെന്റ് ജോലിയുടെ മഹത്വത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോൾ…

എന്റെ മൗനം അച്ഛനോട് പറയാതെ പറയുന്നുണ്ടായിരുന്നു ജീവിക്കാൻ വേണ്ടത് എന്തു പണി ചെയ്‌തും തന്റെ കുടുംബത്തെ പട്ടിണിക്കിടാതെ നോക്കാനുള്ളൊരു മനസ്സാണെന്നു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു… രണ്ടാഴ്ച്ചയ്ക്കകം നിച്ഛയവും രണ്ടു മാസത്തിനകം വിവാഹവും നടന്നു. പൂർണ്ണസമ്മതത്തോടെ അല്ലെങ്കിലും ആദർശേട്ടന്റെ താലിക്ക് മുന്നിൽ കഴുത്തു കുനിക്കുമ്പോൾ പ്രാർഥിച്ചത് ഒന്നു മാത്രമായിരുന്നു.

എന്റെ സ്വപ്‌നങ്ങളുടെ ചിറകുകൾ മുറിക്കാതെ അവ നേടാൻ എന്റെ ചിറകുകൾ ആകുന്ന ഇണയാകണേ എന്റെയെന്ന്…മനമുരുകി പ്രാർഥിച്ചതുകൊണ്ടാകും ദൈവം എന്റെ മനസ്സിന്റെ വേദന കണ്ടതും.

ആദർശേട്ടനും അച്ഛനും അമ്മയുമടങ്ങുന്ന കുഞ്ഞു കുടുബത്തിലേക്ക് ആ വിഷുപ്പുലരിയിൽ നിലവിളക്കുമേന്തി വലംകാൽ വെച്ചു കയറുപോൾ ഞാൻ ആ വീടിന്റെ സ്വന്തം മകളായി മാറുകയായിരുന്നു.

ആദ്യരാത്രിയിൽ വിറയാർന്ന ശബ്ദത്തിൽ ഞാൻ ആദർശേട്ടനോട് ഒന്നേ ആവിശ്യപ്പെട്ടുള്ളു.

അതെന്റെ ഡിഗ്രി പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് മാത്രമായിരുന്നു. അതിനേട്ടൻ സമ്മതം മൂളുമ്പോൾ ഈ ലോകത്തെ ഏറ്റവും സന്തുഷ്ടയായ പെണ്ണ് ഞാൻ ആണെന്ന് പോലുമെനിക്ക് തോന്നിപ്പോയി.

ദിവസങ്ങൾ മുന്നോട്ടു പോയി….പല കളിയാക്കളുകളും പ്രതീക്ഷിച്ചാണ് വെക്കേഷൻ കഴിഞ്ഞു കോളേജിൽ തിരിച്ചു ചെന്നത്.

പക്ഷേ കൂട്ടുകാരികളുടെ ഭാഗത്തു നിന്നും വിചാരിച്ചതുപോലുള്ള കളിയാക്കലുകൾ ഒന്നും തന്നെയുണ്ടായില്ല. ജീവിതം സുഖമമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് അന്നൊരു ശനിയാഴ്ച ഞാൻ വീട്ടിൽ തലകറങ്ങി വീണത്.

ഈ ലോകത്ത് ഒരു പെണ്ണിനു കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷ വാർത്തയായിരുന്നു ദൈവം എനിക്കായന്നു സമ്മാനിച്ചതെങ്കിലും എന്റെ മനസ്സിനു ആ സന്തോഷത്തെ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

പൂർത്തിയാക്കാൻ ആഗ്രഹിച്ച പഠനം പാതിവഴിയിൽ നിന്നുപോകുമെന്ന സങ്കടം അതിനനുവദിച്ചില്ല എന്നു പറയുന്നതാകും കൂടുതൽ ശരി.

വീട്ടിൽ എല്ലാർക്കും സന്തോഷത്തിനതിരുണ്ടായിരുന്നില്ല. അച്ഛനാകാൻ പോകുന്നു എന്നറിഞ്ഞു ആദർശേട്ടൻ സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നെന്ന് വേണം പറയാൻ.

പക്ഷേ എന്റെ മുഖം മാത്രം ചെറുകാർമേഘങ്ങൾക്ക് പിറകിലോളിച്ച ചന്ദ്രികയെ പോലെ പാതിശോഭയിൽ നിന്നു.എന്റെ മുഖത്തെ സന്തോഷക്കുറവിന്റെ കാരണം മനസ്സിലായിട്ടെന്നോണം ഏട്ടൻ പറഞ്ഞു

“ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആയിരുന്നു…
നിന്റെ സ്റ്റഡീസ് കംപ്ലീറ്റ് ആകുവരെ ഞാൻ വളരെയധികം സൂക്ഷിക്കേണ്ടതായിരുന്നു… സോറി

ടാ..പറ്റിപ്പോയി നിനക്ക് ഇപ്പോൾ ഒരു കുഞ്ഞിനു താല്പര്യമില്ലയെങ്കിൽ നമുക്കിതു വേണ്ടാന്ന് വയ്ക്കാം…ഞാനതിന് എതിരു നിൽക്കില്ല.”

ഇടറുന്ന ശബ്ദത്തിൽ അതു പറയുമ്പോൾ ഏട്ടന്റെ മനസ്സ് വിങ്ങുന്നതു കണ്ണീർ ഒളിപ്പിക്കാൻ പാടുപെടുന്ന ആ കണ്ണുകൾ എനിക്ക് കാട്ടിത്തരുന്നുണ്ടായിരുന്നു.

പഠിക്കാനുള്ള ആഗ്രഹം പാതിവഴിയിൽ മുടങ്ങിപോകുമെന്ന സങ്കടം മനസ്സിൽ ഉണ്ടെങ്കിലും ഒരു ജീവൻ നശിപ്പിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല.

“ഏട്ടാ…. നമ്മുടെ കുഞ്ഞിനെ കൊന്നുകൊണ്ടു എനിക്കൊന്നും വേണ്ട. പഠിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടെന്നുള്ളതു സത്യമാണ്…പക്ഷേ അതിനു വേണ്ടി ഒരു ജീവനെ നശിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല എനിക്ക്.

മാത്രവുമല്ല തെറ്റ് ഏട്ടന്റെ മാത്രമല്ലല്ലോ… എന്റെ സമ്മതമില്ലാതെ ഏട്ടൻ ഒന്നും ചെയ്തിട്ടില്ല. ഒരു പ്രിക്യുയേഷനും നൂറു ശതമാനം സേഫ് ആയിരിക്കില്ലയെന്ന് ഞാനും ഓർക്കണമായിരുന്നു…

ഇപ്പോൾ എന്റെ ഉള്ളിൽ എന്റെ പൂർണ്ണ സമ്മതത്തോടെ അല്ലെങ്കിലും ഒരു ജീവൻ തുടിക്കുന്നുണ്ട്…ആ ജീവനു ഈ ഭൂമിയിൽ പിറക്കാനുള്ള അവകാശമുണ്ട്. എന്റെ ആഗ്രഹതത്തേക്കാൾ വലുതല്ലേ ഏട്ടാ നമ്മുടെ കുഞ്ഞിന്റെ ആ അവകാശം. ”

ഈ അവസ്ഥയിൽ കോളേജിൽ പോകാൻ എനിക്ക് മടിയില്ലെന്ന് പറയണമെന്ന് തോന്നിയെങ്കിലും പറയാനുള്ള ധൈര്യം എന്തുകൊണ്ടോ മനസ്സിനു വന്നില്ല.

അങ്ങോട്ടുമിങ്ങോട്ടുമുള്ള മൂന്നു മണിക്കൂർ ബസ്സ് യാത്രയ്ക്കു ഏട്ടൻ സമ്മതിക്കില്ലയെന്നെനിക്ക് ഉറപ്പായിരുന്നതായിരിക്കാം അതിനു കാരണം.

ഏട്ടനും അച്ഛനും സമ്മതിച്ചാലും ഒരു ഗർഭിണിയുടെ ആരോഗ്യ പ്രശ്നങ്ങൾ അറിയുന്ന അമ്മയ്ക്ക് അതൊരിക്കലും സമ്മതിക്കാൻ കഴിയുമായിരുന്നില്ല. സ്വന്തം മകളെ പോലെ എന്നെ സ്നേഹിക്കുന്ന അമ്മയ്ക്ക് എന്റെ ആരോഗ്യത്തെക്കാൾ വലുതാവില്ലല്ലോ പഠനം.പക്ഷേ പിറ്റേന്ന് അമ്മയുടെ ചോദ്യം എന്നെ വല്ലാതെ ഞെട്ടിച്ചു.

“ഈ അവസ്ഥയിൽ മൂന്നു മണിക്കൂർ യാത്ര ചെയ്യാൻ നിനക്ക് കഴിയുമെങ്കിൽ…എന്റെ മോൾ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആകുന്നതു ഈ അമ്മയ്ക്ക് കാണണം. ഈ അവസ്ഥയിൽ അമ്മയുടെ ആഗ്രഹം നടത്തിത്തരാൻ കഴിയോ മോൾക്ക്‌?? ”

ഒരു വാക്ക് പോലും മറുപടി പറയാതെ അമ്മയുടെ നെഞ്ചിലേക്ക് വീഴുമ്പോൾ എന്റെ മനസ്സ് മനസ്സിലാക്കുന്ന ഒരമ്മയേ തന്നതിൽ മനസ്സുകൊണ്ടു ഒരു നിമിഷം ദൈവത്തിനോട് നന്ദി പറഞ്ഞിരുന്നു ഞാൻ.

പുറകിൽ പുഞ്ചിരിയോടെ ആ കാഴ്ച കണ്ടു നിൽക്കുന്നയേട്ടനെ കണ്ടപ്പോൾ മനസ്സിലായി ഞാൻ പറയാതെ തന്നെ എന്റെ മനസ്സ് അദ്ദേഹം മനസിലാക്കിയിരുന്നെന്ന്.

ഒരു നിമിഷം ഉള്ളുകൊണ്ടു ഞാൻ ആഗ്രഹിച്ചുപോയി എല്ലാ പെൺകുട്ടികൾക്കും ആദർശേട്ടനെപോലുള്ള ഭർത്താവിനെയും ഇതുപോലുള്ള കുടുംബവും കിട്ടിയിരുന്നെങ്കിലെന്നു.

കാരണം എങ്കിൽ ഒരു പെണ്ണിന്റെയും സ്വപ്‌നങ്ങളുടെ ചിറകറ്റുപോകില്ലായിരുന്നല്ലോ. അന്നുമുതലങ്ങോട്ട് എനിക്കാവീട്ടിൽ ആകെ ഉണ്ടായിരുന്നതു രണ്ടേരണ്ടു പണികൾ മാത്രാമായിരുന്നു..

ഒന്നു പഠിക്കുക മറ്റൊന്ന്‌ കഴിക്കുക. അറിയാതെ പോലും അടുക്കളയിൽ പണിചെയ്യാൻ കയറിയാൽ കാലുതല്ലിയൊടിക്കുമെന്ന അമ്മയുടെ ഭീഷണിക്കുമുന്നിൽ തോറ്റുകൊടുക്കയല്ലാതെ മറ്റുവഴികൾ ഉണ്ടായിരുന്നില്ലയെനിക്ക്.

പിന്നീട് അങ്ങോട്ട് ഓരോ ദിവസവും കാത്തിരുപ്പായിരുന്നു അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനും…എന്റെ കുഞ്ഞിനെ നെഞ്ചോടു ചേർക്കാനും.

പക്ഷേ ആ കാത്തിരുപ്പ് അത്രയെളുപ്പമായിരുന്നില്ല. മൂന്നു മണിക്കൂർ യാത്രയും പഠനഭാരവും അമ്മയാകും മുൻപ് അവളുടെ ക്ഷമ പരീക്ഷിക്കാനെത്തുന്ന ശർദിയും, തളർച്ചയും, മേലുവേദനയും എല്ലാം ഈ പാവം പെണ്ണിനെ ചെറുതായൊന്നുമല്ല കുഴപ്പിച്ചത്.

രാവിലെ വീട്ടിൽ നിന്നിറങ്ങി വൈകുന്നേരം തളർന്നു തിരിച്ചെത്തും വരെയും ആധിയോടെ കാത്തിരിക്കുന്ന അമ്മയുടെ മടിയിൽ കിടക്കുമ്പോൾ…

ആ കൈകൊണ്ടു വാരിത്തരുന്ന ഭക്ഷണം കഴിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഉന്മേഷം മനസ്സിനും ശരീരത്തിലും വന്നു നിറയുന്നതു പലപ്പോഴും അനുഭവിച്ചറിയുമ്പോൾ പലപ്പോഴും സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞിരുന്നു.

എന്റെ രണ്ടു വീട്ടുകാരും മാത്രമല്ല…കോളേജിൽ ടീച്ചർമാരും കൂട്ടുകാരും എല്ലാം സ്നേഹവും കരുതലും കൊണ്ടു വീർപ്പുമുട്ടിക്കുകയായിരുന്നു.

കോളേജിന്റെ റാങ്ക് പ്രതീക്ഷ തകർക്കാതെ ഇങ്ങനെയോരവസ്ഥയിലും പഠിക്കാനെത്തിയ എനിന്നോട് ടീച്ചർമാരുടെ സ്നേഹം മുൻപത്തെക്കാൾ കൂടിയിരുന്നു.

ശർദിച്ചു തളരുമ്പോൾ മുതുകു തിരുമിതന്നും മടിയിൽ കിടത്തിയും അമ്മയുടെ കൊട്ടേഷൻ ഏറ്റെടുത്തു ഭക്ഷണം തന്നു തന്നും ഇവളുമാരെന്നെ

സ്നേഹിച്ചു സ്നേഹിച്ചു കൊല്ലാൻ ആണോ എന്തോ പ്ലാനെന്നു ചിന്തിപ്പിച്ച ചങ്കത്തിമാരേക്കാൾ എന്നെ ഞെട്ടിച്ചത് എന്നെ അനാവശ്യമായി കമന്റ് അടിച്ച മറ്റൊരു ഡിപ്പാർട്മെന്റിലെ പയ്യന്മാരെ തല്ലിയവശരാക്കിയ ഞാനൊരു പുഞ്ചിരിയിൽ ഒതുക്കി നിർത്തിയിരുന്ന കൂട്ടുകാരൻമാരായിരുന്നു.

ഏഴാം മാസത്തിലെ ചടങ്ങുകഴിഞ്ഞു വീട്ടിൽ കൊണ്ടു വന്നയെന്നെ പിറ്റേന്ന് രാവിലെ മോളേ കാണാതിരിക്കാൻ പറ്റത്തില്ലെടയെന്നു പറഞ്ഞു തിരികെ കൊണ്ടുപോകാൻ വന്ന അമ്മയെ കണ്ടു എന്റെ മാത്രാമല്ല അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ പോലും നിറഞ്ഞിരുന്നു.

അമ്മയുടെ കയ്യും പിടിച്ചു പ്രസവവും കഴിഞ്ഞു നൂറാം ദിവസം പടിയിറങ്ങേണ്ട വീട്ടിൽ നിന്നും വന്നതിനു പിറ്റേ ദിവസം തന്നെ മടങ്ങുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തു പരിഭവത്തേക്കാൾ നിറഞ്ഞു നിന്നത് ആശ്വാസമായിരുന്നു.

സ്വന്തം മകളെ തങ്ങളെക്കാളേറെ സ്നേഹിക്കുന്നവർ ഉള്ള കുടുബത്തിലേക്ക് ആണല്ലോ തങ്ങൾ നൽകിയതെന്നുള്ള ആശ്വാസം.

എല്ലാം സുഖമമായി മുന്നോട്ടു പോവുകയായിരുന്നു… പുതിയ അഥിതിക്കായുള്ള കാത്തിരുപ്പും എന്റെ ഡിഗ്രി ജീവിതവും അതിന്റെ അവസാനത്തോടടുക്കുന്നു.

മാർച്ച്‌ 28നകം ഞങ്ങളുടെ ജീവിതത്തിൽ പുതിയ അതിഥി വരുകയെന്ന് ഡോക്ടർമാരും അറിയിച്ചു കഴിഞ്ഞിരുന്നു. പക്ഷേ എല്ലാ സന്തോഷങ്ങളും ആധിയിലേക്ക് വഴിമാറിയത് പരീക്ഷ ടൈംടേബിൾ വന്നപ്പോഴായിരുന്നു.

ഒരു പക്ഷേ എന്റെ ജീവിതത്തിലെ തന്നെ അവസാന പരീക്ഷയാകാവുന്ന ഡിഗ്രി അവസാന പരീക്ഷയും ഡോക്ടർമാർ എന്റെ കുഞ്ഞിന്റെ വരവ് തീരുമാനിച്ച

ദിവസവും ഒന്നായിരുന്നു. സ്വപ്നം പൂർത്തിയാകാൻ ശ്രമിക്കണോ അതോ എന്റെ കുഞ്ഞിനെ ഒരു ആപത്തും കൂടാതെ കിട്ടാൻ ശ്രമിക്കണമോ എന്നറിയാത്ത അവസ്ഥ.

ഒരു അമ്മയുടെ സ്വപ്‌നങ്ങളും മാതൃത്വവും തമ്മിൽ മത്സരിച്ചാൽ മാതൃത്വം മാത്രമേ എന്നും വിജയിക്കൂ. എന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു.

എന്റെ പൊന്നോമനയ്ക്കു വേണ്ടി സ്വപ്‌നങ്ങളുടെ ബലി നൽകുവാൻ തീരുമാനിക്കുമ്പോൾ ഉണ്ടായ സങ്കടം ആരും കാണാതെ ഞാനെന്റെ ഉള്ളിൽ ഒളിപ്പിച്ചു.

പക്ഷേ അവിടെ വീണ്ടും അമ്മയെന്നെ ഞെട്ടിച്ചു. അവസാന പരീക്ഷയുടെ പേരും പറഞ്ഞു ബാക്കിയും ഒഴിവാക്കാനുള്ള എന്റെ തീരുമാനത്തോട് യോജിക്കാൻ അമ്മ തയാറായില്ല.

“ഡോക്ടർ തീരുമാനിക്കുന്നത് എപ്പോഴും ശരിയാകണമെന്നില്ല മോളേ… അവസാന നിമിഷം വരെയും ദൈവം കൂടെ നിന്നാൽ എന്റെ മോൾ അമ്മയ്ക്ക് തന്ന വാക്കും പൂർത്തിയാകും.”

എന്ന അമ്മയുടെ വാക്കുകൾ എന്നിലും അതുവരെയും ഇല്ലാത്തൊരു പ്രതീക്ഷ നിറച്ചു. പിന്നീട് പ്രാർഥനയായിരുന്നു എന്റെ സ്വപ്‌നവും കുഞ്ഞിനേയും സ്വന്തമാക്കാൻ അനുഗ്രഹിക്കണേയെന്ന്.

എന്നെക്കാളും ഏട്ടനെക്കാളുമൊക്കെയതിനു വേണ്ടി നേർച്ച നേർന്നു കാത്തിരുന്നതു അമ്മയായിരുന്നു. വെറുതെയെങ്കിലും ഉള്ളിൽ തുടിക്കുന്ന ജീവനോടും ഞാൻ പറഞ്ഞുകൊണ്ടിരുന്നു…

അമ്മയുടെ സ്വപ്നം കൂടി പൂർത്തിയാക്കിട്ടേ നീയിങ്ങു വരാവുള്ളൂയെന്ന്. മറുപടിയെന്നോണം വയറ്റിൽ ചവിട്ടി സുഖമുള്ള നോവുകൾ അവൾ സമ്മാനിക്കുമ്പോൾ എന്റെ പ്രതീക്ഷകൾക്ക് കൂടുതൽ ബലം വയ്ക്കുകയായിരുന്നു.

ഡോക്ടറുടെ കാലുപിടിച്ചിട്ട് ആണെങ്കിലും അമ്മ ഹോസ്പിറ്റലിൽ നിന്നു പോയി പരീക്ഷ എഴുതുവാനുള്ള അനുവാദം വാങ്ങി തരുമ്പോൾ ഒരു നിമിഷം ഞാൻ

പോലും അത്ഭുതപ്പെട്ടു സ്വന്തം മകന്റെ കുഞ്ഞിനെക്കാളും എന്റെ സ്വപ്‌നങ്ങൾക്ക് ഒപ്പം നിൽക്കാനെങ്ങനെ സാധിക്കുന്നെന്നോർത്തു.

പറഞ്ഞ ദിവസത്തിനും രണ്ടു ദിവസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമ്പോഴും കൈകളിൽ എന്റെ സ്വപ്നത്തിലെ അവസാന പടികയറാനായി പുസ്തകകങ്ങളെന്ന കൂട്ടുകാരെയും ഞാൻ ഒപ്പം കൂട്ടിയിരുന്നു.

അവസാന പരീക്ഷയ്ക്കു ഡോക്ടറിന്റെ അർദ്ധസമ്മതവും വാങ്ങി ഞാൻ പുറപ്പെടുമ്പോഴും അമ്മ വിശ്രമമില്ലാതെ പ്രാർഥിക്കുന്നുണ്ടായിരുന്നു.

ആ പ്രാർഥന അവസാന പരീക്ഷയും കഴിഞ്ഞു ഞാൻ പുറത്തിറങ്ങും വരെ മാത്രമല്ല അന്നു രാത്രി ജീവിതത്തിലെ ഏറ്റവും വലിയ വേദനയിൽ ഞാൻ

പിടയുമ്പോഴും തുടരുന്നതു പാതി മയക്കത്തിലെന്ന പോൽ എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.

ഒന്നര മാസത്തിനു ശേഷം അമ്മയ്ക്ക് നൽകിയ വാക്ക് ഞാൻ പൂർത്തിയാക്കിയെന്ന വാർത്തയെന്നെ തേടിയെത്തുമ്പോൾ ആ സന്തോഷം പങ്കിടാൻ അവളും

എന്നോടൊപ്പമുണ്ടായിരുന്നു.. എന്നെയമ്മയാക്കിയ… ഈ അമ്മയുടെ സ്വപ്‌നങ്ങൾക്കൊപ്പം നിന്ന എന്റെ സ്വപ്നമോൾ.

ഇനിയെന്ത അടുത്ത പരുപാടിയെന്ന അമ്മയുടെ ചോദ്യത്തിന് മറുപടിയായി എന്റെ മോളുടെ അമ്മയായി ഈ വീടിന്റെ മരുമകളായി ജീവിക്കണമെന്നു ഞാൻ പറയുമ്പോൾ അമ്മയുടെ കണ്ണിൽ നിറഞ്ഞ മിഴിനീർ തുടച്ചുകൊണ്ടു ഞാൻ മെല്ലെ പറഞ്ഞു.

“അമ്മയുടെ മോളായി എന്റെ പൊന്നിന്റെ അമ്മയായി ജീവിക്കുമ്പോൾ നേടിയെടുക്കാൻ സ്വന്തമായി ജോലിയെന്നുള്ള ഒരു സ്വപ്നവും ബാക്കിയുണ്ട്… അതു ഞാൻ പൂർത്തിയാക്കും വരെ എന്റെ പൊന്നിനെയമ്മ എന്നെക്കാളേറെ സ്നേഹിക്കണം. ”

അതു കേട്ടപ്പോൾ അമ്മയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും തോളിലമർന്ന ഏട്ടന്റെ കരങ്ങളും പര്യാപ്തമായിരുന്നു എന്റെ ലക്ഷ്യം നേടാനുള്ള യാത്ര തുടങ്ങാൻ.

NB: ഈ കഥ നൂറു ശതമാനവും സാങ്കല്പികമാണ്…യഥാർത്ഥ ജീവിതവുമായി ഒരൽപ്പം പോലുമിതിനു സാമ്യമില്ല. കാരണം യഥാർത്ഥ ജീവിതത്തിൽ വിവാഹം കഴിഞ്ഞുള്ള പഠനം കഠിനമാണ്…ഗർഭിണിയുടെ പഠനം അധികഠിനവും.

രക്ഷിതാക്കളോടു ഒന്നു മാത്രമേ പറയാനുള്ളൂ… വിവാഹം കഴിഞ്ഞും പഠിക്കാമല്ലോ എന്ന വാക്കിൽ മയങ്ങി പെൺകുട്ടികളുടെ ഭാവി നശിപ്പിക്കാതിരിക്കുക. ജോലി കിട്ടുംവരെയും വിവാഹം നീട്ടിവയ്ക്കണമെന്ന് പറയുകയില്ല ഞാൻ.

പക്ഷേ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ അതു പൂർത്തിയാകും വരെയെങ്കിലും സ്വാതന്ത്രമായി പറക്കാനനുവദിക്കുക. കാരണം കഥകളിലേതു പോലെ സുഖകരമാകില്ല വിവാഹം കഴിഞ്ഞുള്ള പഠനം.

Leave a Reply

Your email address will not be published. Required fields are marked *