(രചന: Shincy Steny Varanath)
എടാ എബി, നീ ഈ വീടിൻ്റെ ബാക്കി പണിയെടുക്കാന്ന് പറഞ്ഞിട്ട്, ഇത്തവണയും ചെയ്യുന്നില്ലേ… എബിയോട് ലീലാമ്മ ചോദിച്ചു.
എബിയും ഭാര്യ ലിനിയും ലണ്ടനിലാണ്. അവധിക്ക് വന്നതാണ്. ഈ വീടിനെന്താ മമ്മീ ഇനി പണിയുള്ളത്?
മുകളിലെ നില പണിയണമെന്ന് നീ പറയില്ലായിരുന്നോ… അടുത്ത എല്ലാ വീടുകളും രണ്ട് നിലയാണ്.
മമ്മീം അപ്പേം മാത്രമുള്ള വീട്ടിൽ എന്തിനാ രണ്ട് നില, താഴെയുള്ള രണ്ട് മുറി തന്നെ എപ്പോഴും അടച്ചിടുവാണ്. ഞങ്ങളാരേലും വരുന്നറിയുമ്പോഴല്ലേ അത് തുറന്ന് വൃത്തിയാക്കുന്നത്.
ഇനി മുകളിൽ രണ്ട് മുറികൂടിയെടുത്തിട്ടെന്തിനാ?പുതിയ വീടുകളൊക്കെ രണ്ട് നിലയാടാ…
രണ്ടാൾക്ക് ജീവിക്കാൻ എന്തിനാ മമ്മീ രണ്ട് നില… നാട്ടുകാരെ കാണിക്കാൻ മാത്രമല്ലാതെ എന്താണാവശ്യം?എന്നാൽ നീയൊര് കാറ് വാങ്ങ്? ലീലാമ്മ അടുത്ത ആവശ്യം അവതരിപ്പിച്ചു.
മമ്മി ഡ്രൈവിങ്ങ് പഠിക്കുവോ? എന്നാൽ വാങ്ങാം. അപ്പയ്ക്കിനി ഡ്രൈവിങ്ങ് പഠിക്കാൻ പറ്റില്ലാന്ന് പറഞ്ഞിട്ടുണ്ട്. കണ്ണിന് കാഴ്ചയും കുറഞ്ഞു, പേടിയുമുണ്ടെന്നാ പറഞ്ഞത്. .
നിങ്ങൾക്കൊരു ആവശ്യം വന്നാൽ വിളിച്ചാൽ വരാൻ ഇഷ്ടം പോലെ വാഹനവും ഡ്രൈവർമാരുമടുത്തുമുണ്ട്. അവർക്കുമൊരു വരുമാനമാകും.
ഇപ്പോൾ പോകുന്ന പോലങ്ങ് പോയാൽ പോരെ. പത്രാസ് കാണിക്കാന്നല്ലാതെ, ലക്ഷങ്ങൾ മുടക്കി പോർച്ചിലൊരു വണ്ടി കിടന്നിട്ട് എന്തെങ്കിലുമുപയോഗമുണ്ടോ?
അല്ലേലും നിനക്കെല്ലാം കെട്ടിയോളുടെ വീട്ടിലേയ്ക്ക് മുടക്കാനല്ലെയുള്ളു. ഞാനറിയുന്നുണ്ട് നീ അവളുടെ വീട്ടുകാർക്ക് വീട് വെച്ചു കൊടുക്കുന്നത്? നയാ പൈസ സ്ത്രീധനവും കിട്ടിയില്ല.
അവളെ കാശ് മുടക്കി നമ്മൾ ലണ്ടനിലും വിട്ടിട്ടും ഇങ്ങോട്ടൊന്നുമില്ല, എല്ലാം അങ്ങോട്ട്. ഈ ധർമ്മക്കല്യാണം വേണ്ടാന്ന് അന്നെല്ലാരും പറഞ്ഞതാ. നിൻ്റെ നിർബന്ധം കൊണ്ട് നടത്തിയതല്ലേ…
അവളുടെ രണ്ടനിയത്തിമാരുടെ ഉത്തരവാദിത്വവും നിനക്കായിരിക്കും?
മകൻ തൻ്റെ ഒരാവശ്യവും പരിഗണിക്കുന്നില്ലാന്ന് കണ്ടപ്പോൾ ലീലാമ്മയ്ക്ക് നല്ല ദേഷ്യം വന്നു.
മമ്മീ… ആകെ കൈയിലൊരു ഡിഗ്രി സർട്ടിഫിക്കറ്റും, വിസിറ്റിംഗ് വിസയ്ക്ക് ഗൾഫിൽ പോയി വന്ന എന്നെ കെട്ടാൻ കലക്ടറും ഡോക്ടറുമൊക്കെ ക്യൂവിൽ നിൽക്കുവായിരുന്നല്ലോ അല്ലേ?അതൊക്കെ വേണ്ടാന്ന് വെച്ചിട്ടല്ലേ ഞാൻ അവളെ കെട്ടിയത്?
മോന് കെട്ടാൻ, വേറൊന്നും വേണ്ട, ഒരു പെണ്ണിനെ കിട്ടിയാൽ മതീന്ന് മമ്മിയടക്കം പ്രാർത്ഥിച്ച് നടന്ന കാലം കഴിഞ്ഞിട്ട് വർഷം രണ്ടാകുന്നേയുള്ളു.
അപ്പോൾ, ബി എസ് സി നേഴ്സിൻ്റെ ആലോചന വന്നപ്പോൾ അതൊന്ന് നടന്നു കിട്ടിയാൽ മതീന്ന് പറഞ്ഞതൊന്നും മറക്കണ്ട.
പിന്നെ, അവളെ ലണ്ടനിൽ വിട്ടതിൻ്റെ കണക്ക്, നെഴ്സിങ്ങ് പഠിപ്പിക്കാനും ലണ്ടനിൽ പോകാനുള്ള പരീക്ഷവരെ എഴുതാനുള്ള കാശുമുടക്കിയതും അവളുടെ അപ്പച്ചനും, കഷ്ടപ്പെട്ട് പഠിച്ചത് അവളുമാണ്.
പോകാൻ കുറച്ച് കാശ് മുടക്കിയിട്ടുണ്ട്. അതുകൊണ്ട് ആ കൂടെ എനിക്കും പോകാനായി. അതിനൊക്കെ പകരം ഇങ്ങോട്ട് ഒരാവശ്യവുമില്ലാതെ കാശ് ചിലവാക്കണോ…
മമ്മിയ്ക്ക്, ഒരാവശ്യവുമില്ലാതെ വീട്ടിൽ മുറിയുടെ എണ്ണം കൂട്ടണം എന്നാഗ്രഹിക്കുമ്പോൾ, അവളുടെ അമ്മയ്ക്കും പപ്പയ്ക്കും ചോരാത്തൊരു വീട് മതി.
രണ്ട് മക്കളുടെ പഠിപ്പീരും ഒരാളുടെ കല്യാണവും കഴിഞ്ഞപ്പോഴെയ്ക്കും പണിയെടുത്ത് നടുവ് പൊങ്ങാതായൊരു അപ്പനുണ്ട് അവിടെ.
മാലയുടെയും വളയുടെയും ഫാഷൻ മാറീന്ന് പറഞ്ഞ് മാറി വാങ്ങുന്ന എൻ്റെ മമ്മിടെ സ്ഥാനത്ത്, 10 പവൻ മകൾക്ക് തികച്ച് കൊടുക്കാൻ താലിമാല കൂടി ഊരിക്കൊടുത്തൊരു അമ്മയുണ്ട് അവൾക്ക്.
അവരെ സംരക്ഷിക്കെണ്ട ഉത്തരവാദിത്വം അവൾക്കുണ്ട്. അവളുടെ ഭർത്താവായതുകൊണ്ട് എനിക്കും.ഞാനാണ് പറഞ്ഞത്, നിൻ്റെ ശമ്പളം വീട്ടിലേയ്ക്ക് കൊടുത്ത് വീട് പണിയാൻ.
അല്ലെങ്കിൽ, അടുത്ത അനിയത്തിടെ കല്യാണമാകുമ്പോൾ, നമ്മുടെ ആൻ്റിമാരൊക്കെ പറഞ്ഞ പോലെ അനിയൻ്റെ വീട്ടുകാരും പറയില്ലേ, അങ്ങോട്ട് പോകാൻ നാണക്കേടാന്ന്…
ഇനി അത് പറഞ്ഞാൽ എന്നേക്കൂടിയാണ് ബാധിക്കുന്നത്. ഇപ്പോൾ അവരുടെ മൂത്ത മകൻ ഞാനാണ്.
നമ്മുടെ വീട്ടിൽ കാശിന് കാര്യമായ ആവശ്യങ്ങളൊന്നുമില്ലാന്ന് എനിക്കുമറിയാം, അപ്പയും അത് പറഞ്ഞു.ചേച്ചിടെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞു. നമുക്ക് നല്ല വീടുമുണ്ട്.
നിങ്ങൾക്കാവശ്യമുള്ളതിൽ കൂടുതൽ വരുമാനം പറമ്പിലുമുണ്ട്. പിന്നെ നാട്ടുകാരെ കാണിക്കാനുള്ള, ഒരാവശ്യവുമില്ലാത്ത ആഢംബരം നമ്മുക്ക് വേണ്ടമമ്മീ…
ഇവിടെ രണ്ട് നില മണിമാളിക പണിയുമ്പോൾ, ഉരുണ്ട് വീഴാറായ വീട്ടിൽ അവളുടെ അപ്പനുമമ്മയും കിടക്കുന്നത് ഓർക്കുമ്പോൾ അവൾക്കെങ്ങനെ സന്തോഷിക്കാനാകും.
ആൺമക്കളില്ലാത്തവർക്കൊന്നും മക്കളെക്കൊണ്ട് ഉപകാരം കിട്ടാൻ പാടില്ലാന്ന് പറയുന്നത് ശരിയല്ല. മക്കളെ പഠിപ്പിക്കുമ്പോൾ അവരും ഒരു നല്ല കാലം പ്രതീക്ഷിച്ചിട്ടുണ്ടാകില്ലേ…
വിവാഹത്തോടെ അവര് അവളുടെ മാതാപിതാക്കളും, അവള് മകളുമല്ലാതാകുന്നതെങ്ങനെ…
നമ്മളൊന്നും കൊടുക്കണ്ട, അവരുടെ മകൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുപയോഗിച്ച് ആ പപ്പേം മമ്മീം ഒന്ന് നിവർന്ന് നിൽക്കാറാകട്ടെ.
ഭർത്താവിൻ്റെ അമ്മേനെം പപ്പേനേം ഭാര്യ സ്വന്തമായിട്ട് കരുതുന്നുണ്ടെങ്കിൽ, അതേപോലെ തിരിച്ചും കാണണ്ടേ.
എനിക്ക് ഇപ്പോൾ രണ്ട് കുടുംബമുണ്ട്. വേറെ രണ്ട് അനിയത്തിമാരുമുണ്ട്.
അവർക്ക് ഞാനെ ചേട്ടനായിട്ടുള്ളു. അവളുടെ അനിയത്തി അവളേക്കൊണ്ടാകുന്ന പോലെ സഹായിക്കുന്നുണ്ട്.
മൂന്ന് പെൺകുട്ടികൾ ഒരു പോലെ നിന്ന് കുടുംബം രക്ഷപെടുത്താൻ ശ്രമിക്കുമ്പോൾ, സ്വാർത്ഥനാകാൻ എനിക്കാകില്ല.
നമ്മുടെ നാട്ടുനടപ്പനുസരിച്ച് ഭാര്യേടെ ശമ്പളവും ഭർത്താവിൻ്റെ അവകാശമാണല്ലോ, അതുകൊണ്ട് കുറച്ച് കാശ് എടുത്തോട്ടെന്ന് അവൾ ചോദിച്ചപ്പോൾ,
അത്യാവശ്യങ്ങൾ തീരുന്നവരെ മുഴുവൻ കൊടുക്കാൻ ഞാനാണ് പറഞ്ഞത്. എൻ്റെ ശമ്പളം മതി ഞങ്ങൾക്ക് ജീവിക്കാൻ.
നീ ചെയ്തതാട നല്ലത്, ഇവൾക്ക് പത്രാസ് കാണിക്കാൻ വേണ്ടി കാശ് കളയണ്ട കാര്യമില്ല.
ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള കാര്യത്തിന് പണം ഉപയോഗിക്കണം. ഇപ്പോൾ ഒന്നും ചെയ്യാതെ, അവര് മരിച്ച് കഴിയുമ്പോൾ രണ്ട് കുർബാന ചൊല്ലിച്ചിട്ടെന്ത് കാര്യം.
ഇവളുടെ കുറച്ചു കൂട്ടുകാരികളുണ്ട്. അവരോട് പൊങ്ങച്ചം പറയാൻ ഒന്നും കിട്ടാഞ്ഞിട്ടാണ്.
ഇവിടെ കാശിന് ഒരാവശ്യവുമിപ്പോഴില്ല, ഷുഗറും കൊളസ്ട്രോളും കാരണം ഒന്നും തിന്നാനും കൂടി പറ്റില്ല. എബിടെ പപ്പ ഭാര്യേടെം മോൻ്റെം സംസാരം കേട്ടു വന്ന് പറഞ്ഞു.
നല്ല അമ്മേം അപ്പയുമായതു കാരണമല്ലേ എൻ്റെ വീട്ടിൽ കാശ് കൊടുക്കാൻ സമ്മതിച്ചതെന്ന് പറഞ്ഞ്, അവൾക്ക് നിങ്ങളോട് ഭയങ്കര സ്നേഹമാണ്.
എനിക്ക്, അവരുടെ വീട്ടിൽ സഹായിക്കാൻ മനസ്സ് വരുന്നത് നിങ്ങളുടെ മകനായി വളർന്ന കൊണ്ടാകുന്നൊക്കെയാണ് അവള് പറയുന്നത്.
അവൾ മമ്മീനെം അപ്പേനം വിളിക്കാത്ത അന്വേഷിക്കാത്ത ഒരു ദിവസമുണ്ടോ… ഇങ്ങോട്ട് വന്നപ്പോഴും നിങ്ങൾക്ക് വേണ്ടി ഓരോന്നും വാങ്ങിക്കൂട്ടിയതും അവളാണ്.
ആ സ്നേഹം, വിശ്വസം തെറ്റായിരുന്നെന്ന് അവളറിഞ്ഞാൽ മോശമാണ് മമ്മി… നിങ്ങളെ, ഞങ്ങളുടെ കൂടെ കൊണ്ടു പോണം എന്നൊക്കെ പറഞ്ഞിരിക്കുവാണവൾ…
മമ്മിക്ക് പരിഭവമുണ്ടെന്ന് ചേച്ചി വിളിച്ചപ്പോൾ പറഞ്ഞു. അതു കൊണ്ടാണ് അവളില്ലാത്തപ്പോൾ ഞാനിത്രയും കാര്യം പറഞ്ഞത്… അമ്മയ്ക്കെന്ത് ആവശ്യമുള്ളപ്പോഴും ചോദിച്ചോ… ഞാൻ കാശ് തരും.
ആവശ്യത്തിനാണെന്ന് അമ്മയ്ക്കുറപ്പ് വേണം. വെറുതെ കളയാൻ മാത്രം കാശെനിക്കായിട്ടില്ല. അത്യാവശ്യങ്ങൾ ഇനിയുമുണ്ട്. എബി പറഞ്ഞ് നിർത്തി.
നമ്മൾക്കും അവർക്കുമൊന്നും, മക്കളെ വളർത്തിയതിൽ തെറ്റുപറ്റീട്ടില്ല ലീലാമ്മോ… വന്ന വഴിയും കഷ്ടപ്പാടും വിഷമവുമൊന്നും പണം കണ്ട് കണ്ണ് മഞ്ഞളിക്കുമ്പോൾ മറക്കുന്നവരല്ല നമ്മുടെ മക്കൾ…
സഹായിക്കാൻ മനസ്സുമുണ്ട് അവർക്ക്. എബീടെ പപ്പ, പരിഭവിച്ചിരിക്കുന്ന ഭാര്യയെ ചേർത്ത് പിടിച്ചു പറഞ്ഞു.