കല്യാണം കഴിക്കാതെ പ്രസവിച്ചു എന്നല്ലാതെ ആ കൊച്ച് ആരുടെയാന്നു എല്ലാവർക്കും അറിയാമല്ലോ…” ഉണ്ണിക്കുട്ടന് ഒന്നും മനസ്സിലായില്ല അവൻ വീണ്ടും കളിയുടെ ലോകത്തേക്ക് ലയിച്ചുകൊണ്ടിരുന്നു

ഉണ്ണിക്കുട്ടന്റെ അച്ഛൻ
(രചന: Girish Kavalam)

“അമ്മേ.. അയാൾ പിള്ളേരെ പിടുത്തക്കാരൻ ആണോ “വെളിയിൽ നിന്ന് ഓടി കിതച്ചു വരുന്ന അഞ്ചു വയസുകാരൻ ഉണ്ണിക്കുട്ടൻ അമ്മയോട് ചോദിച്ചു

“ങേ.. ആരാ മോനെ.. “”ആ ബൈക്കിൽ വന്ന താടിയുള്ള ആൾ.. എന്നെ നോക്കി എന്നും ചിരിക്കും.. എന്നിട്ട് എന്റെ നേരെ മിട്ടായി നീട്ടും.. നിക്ക് പേടിയാ അയാളെ ”

“താടിയുള്ള ജൂബ ഇട്ടയാളല്ലേ.. മോനെ അത് പിള്ളേരെ പിടുത്തക്കാരൻ അല്ല.. ഈ നാട്ടിലെ നല്ല ഒരു മനുഷ്യനാ….ആൾക്കും ഉണ്ണിക്കുട്ടനെ പോലെ ഒരു മോൻ ഉണ്ട്… ആ മാമന്റെ കൈയിൽ നിന്ന് മിട്ടായി വാങ്ങിച്ചോ വേറെ ആരുടെ കൈയ്യിൽ നിന്നും വാങ്ങല്ലേ ”

“വേണ്ട ആ മാമന്റെ നോട്ടം കണ്ടാ നിക്ക് പേടിയാ…””ആ..എന്നാ എന്റെ മോൻ ആരുടെ കൈയ്യിൽ നിന്നും മിട്ടായി വാങ്ങണ്ട ”

അന്ന് UKG ക്ലാസ്സ്‌ തീരുന്ന ദിവസം ആയിരുന്നു.. കുട്ടികളുടെ കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു..
പാട്ടും, ഡാൻസും എല്ലാമായി കുട്ടികൾ അടിച്ചു തകർത്തു

“ഈ വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് ഉണ്ണിക്കുട്ടനെയാണ് “ടീച്ചറുടെ അന്നൗൻസ്മെന്റ് കേട്ട എല്ലാ കുട്ടികളും ആർത്തു കൈ അടിച്ചു

ഓടി ചെന്ന് ടീച്ചറുടെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയ ഉണ്ണികുട്ടന്റെ കൈയിൽ ദിയമോൾ പിടിമുറുക്കി അവനോട് ചേർന്ന് നിന്നു

ദിയമോൾ ആണ് ഉണ്ണിക്കുട്ടന്റെ അടുത്ത കൂട്ടുകാരിരക്ഷിതാക്കൾ എല്ലാവരും അവരവരുടെ കുട്ടികളെ കൊണ്ടുപോകുവാൻ തുടങ്ങിയപ്പോഴും ഉണ്ണിക്കുട്ടനും ദിയയും കൈയ്യിൽ പിടിച്ചു തന്നെ നിൽക്കുകയായിരുന്നു.

അപ്പോഴാണ് ദിയയുടെ അമ്മ വരുന്നത്”മമ്മീ.. ഉണ്ണിക്കുട്ടനാ ബെസ്റ്റ് സ്റ്റുഡന്റ്.. ദേ ഗിഫ്റ്റ് കിട്ടി.. ”

ഉണ്ണിക്കുട്ടന്റെ കൈയിലെ ഗിഫ്റ്റ് ചൂണ്ടികാണിച്ചുകൊണ്ട് ഉത്സാഹത്തോടെ ദിയമോൾ പറഞ്ഞു”ഇങ്ങോട്ട് വാടീ നിനക്ക് തന്തയില്ലാത്ത ചെറുക്കനെയെ കൂട്ടായിട്ട് കിട്ടിയുള്ളോ.. ”

ദിയമോളെ പിടിച്ചു വലിച്ചുകൊണ്ട് ഉണ്ണിക്കുട്ടനെ പുച്ഛത്തോടെ ഒരു നോട്ടം നോക്കി അവർ കടന്നു പോയി

ഉണ്ണിക്കുട്ടന്റെ അമ്മ വന്നപ്പോഴേക്കും കരഞ്ഞുകൊണ്ട് നിൽക്കുന്ന തന്റെ മോനെയാണ് കാണുന്നത്എന്ത് പറ്റി മോനെ എന്ന് ചോദിച്ചതും ഉണ്ണിക്കുട്ടന്റെ സങ്കടം ഇരട്ടിച്ചതേയുള്ളൂ

ടീച്ചർ ഉടൻ തന്നെ അവന്റെ അമ്മ ലക്ഷ്മിയെ മാറ്റി നിർത്തി നടന്ന കാര്യങ്ങൾ പറഞ്ഞു

“മോനെ എന്തിനാ കരയുന്നെ മോനല്ലേ ക്‌ളാസ്സിലെ നമ്പർ വൺ സ്റ്റുഡന്റ്.. മോനല്ലേ ഗിഫ്റ്റ് കിട്ടിയുള്ളൂ…. വേറാർക്കും കിട്ടിയില്ലല്ലോ..”

ഉണ്ണിക്കുട്ടനെ സമാധാനപ്പെടുത്തി അവന്റെ ബാഗും തോളത്ത് ഇട്ട് അവന്റെ കൈയിൽ പിടിച്ചുകൊണ്ട് ലക്ഷ്മി വീട്ടിലേക്ക് നടന്നു

വീട്ടിലെത്തിയതും അവന്റെ ചോദ്യം വന്നു”അമ്മേ ശരിക്കും എനിക്ക് അച്ഛൻ ഇല്ലേ…?

“മോനെ അച്ഛൻ ഉണ്ട്.. അങ്ങ് ദൂരെ ദേശത്താ. ഒരു ദിവസം അമ്മേടെ ഉണ്ണിക്കുട്ടനെയും അമ്മേയും കാണാൻ അച്ഛൻ വരും.. ”

“പിന്നെന്തിനാ ദിയമോടെ അമ്മ അങ്ങനെ പറഞ്ഞത് “”അത് മോന്റെ അച്ഛൻ ഇപ്പോൾ ഇവിടെയില്ലല്ലോ അതുകൊണ്ട് പറഞ്ഞതാ.. ”

“ആണോ..,..””ആടാ… “ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ കളിപ്പാട്ടങ്ങളുടെ ലോകത്തേക്ക് തിരിച്ചു പോയി

അന്ന് ഉണ്ണിക്കുട്ടന്റെ ബർത്ത്ഡേ ആയിരുന്നു
രാവിലെ തന്നെ കുളിച്ചു പുത്തൻ ഉടുപ്പും പാന്റ്സും ഇട്ട് അമ്മയുടെ കൂടെ അമ്പലത്തിൽ പോയി വന്ന ഉണ്ണിക്കുട്ടൻ അമ്മയോട് ചോദിച്ചു

“അമ്മേ ഞാൻ ഈ പുത്തൻ ഉടുപ്പും പാന്റും ഇട്ടോണ്ട് കളിക്കാൻ പൊക്കോട്ടെ.. “”പൊക്കോ മോനെ..ആരോടും വഴക്കുണ്ടാക്കല്ലേ ”

സന്തോഷത്തോടെ അയൽവീടുകളിലെ പിള്ളേരുടെ കൂടെ കളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സ്ത്രീ ചോദിച്ചു..

“ആഹാ ഇന്ന് പുത്തൻ ഉടുപ്പ് ആണല്ലോ..
ഏത് അച്ഛൻ വാങ്ങി തന്നതാടാ ഈ ഉടുപ്പും പാന്റും….”

“എന്തായാലും മംഗലത്ത് തറവാട്ടിലെ സന്തതിയാന്നു ആരും പറയും”അതിന് തുടർച്ചയായി എന്നവണ്ണം മറ്റൊരു സ്ത്രീ പറഞ്ഞു

“നിങ്ങള് ആ കൊച്ചിനോട്‌ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നതു..കല്യാണം കഴിക്കാതെ പ്രസവിച്ചു എന്നല്ലാതെ ആ കൊച്ച് ആരുടെയാന്നു എല്ലാവർക്കും അറിയാമല്ലോ…”

ഉണ്ണിക്കുട്ടന് ഒന്നും മനസ്സിലായില്ല അവൻ വീണ്ടും കളിയുടെ ലോകത്തേക്ക് ലയിച്ചുകൊണ്ടിരുന്നു

വൈകുന്നേരം കിടക്കാൻ നേരം ഉണ്ണികുട്ടന്റെ ചോദ്യം”അമ്മേ എനിക്ക് എത്ര അച്ഛൻമാർ ഉണ്ട്… ?

ആ ചോദ്യം ഇടിമിന്നലിലും പ്രഹരശക്തിയുള്ളതായി ലക്ഷ്മിക്ക് തോന്നിസങ്കടം മനസ്സിൽ ഒതുക്കി അവൾ ചോദിച്ചു

“മോനോട് ആരാ അങ്ങനെ ചോദിച്ചത് “”സാവന്ത്ന്റെ അമ്മയാ…. “”മോനെ സാവന്തിന്റെ അമ്മ വലിയ തമാശകാരിയാ.. ചുമ്മാതെ മോനെ കളിയാക്കാൻ വേണ്ടി പറഞ്ഞതാ..ഉണ്ണിക്കുട്ടൻ ഉറങ്ങിക്കോ..”

ഉള്ളിലെ തിളയ്ക്കുന്ന രോഷം ഉണ്ണിക്കുട്ടന്റെ ഓമനത്തമുള്ള മുഖത്തിനു മുൻപിൽ അലിഞ്ഞു മധുരമുള്ള താരാട്ട് പാട്ടായി പുറത്തു വന്നു

അടുത്ത ദിവസം കളിസ്ഥലത്തു നിന്നും നേരത്തെ വന്ന അവനോട് അമ്മ ചോദിച്ചു”എന്താ മോനെ ഇന്ന് നേരത്തെ പൊന്നോ.. അല്ല കുട്ടികൾ കളിക്കുന്നുണ്ടല്ലോ എന്ത് പറ്റി ”

“അമ്മേ.. പിഴച്ചു പെറ്റവൾ എന്ന് പറഞ്ഞാൽ എന്താ….എന്താ എല്ലാവരും അമ്മേ അങ്ങനെ പറയുന്നത് ”

ഒരു നിമിഷം ശ്വാസം നിലച്ചപോലെ നിന്നു പോയ ലക്ഷ്മി.. കണ്ണിൽ ഇരുട്ട് മൂടുന്നപോലെ തോന്നി.. മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്ന പോലെ തോന്നിയ അവൾ അടുത്ത് കിടന്ന ചൂലിൽ നിന്ന് ഈർക്കിലി ഊരി എടുത്തു സ്ഥലകാലബോധം ഇല്ലാതെ ആ കുഞ്ഞു കാലുകളിൽ തല്ലി തന്റെ ദേക്ഷ്യം തീർത്തു…

“നീ അനാവശ്യം പഠിക്കാനാണോടാ കളിക്കാൻ പോകുന്നത് ഇനി മേലിൽ കളിക്കാൻ പോയേക്കല്ല്.. ”

ഉണ്ണികുട്ടന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ പെട്ടന്ന് ലക്ഷ്മിയെ യാഥാർഥ്യത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു

അവന്റെ വെളുത്ത കാലിലെ ഈർക്കിൽ പാടുകൾ ചുവന്നു കിടക്കുന്നത് കണ്ട ലക്ഷ്മിയുടെ ഉള്ളു തകർന്നു പോയി..മരവിച്ചു നിന്ന അവൾക്ക് കണ്ണുനീർ പോലും തനിക്ക് അന്യമായെന്നു തോന്നിഅവൾ അവനെ മാറോടു ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു..

ഇന്ന് നേരത്തെ എഴുന്നേറ്റ ലക്ഷ്മി ഉടൻ തന്നെ ഉണ്ണികുട്ടനെ വിളിച്ചുണർത്തി.. ഇന്ന് ഒന്നാം ക്ലാസ്സിൽ ചേർക്കുന്ന ദിവസം ആണ്
രാവിലെ തന്നെ അവനെ കുളിപ്പിച്ച് പൌഡർ ഇട്ടു പുതിയ ഡ്രസ്സ്‌ ഒക്കെ ഇടീപ്പിച്ചു …

സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുൻപായി ലക്ഷ്മി ഒരു നിമിഷം ആലോചിച്ചു നിന്നുപോയി.. വിറയാർന്ന കൈകളോടെ അവൾ തന്റെ പെട്ടി തുറന്നു അതിൽ നിന്ന് പ്ലാസ്റ്റിക് കൂടിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ച ഒരു ഫോട്ടോ എടുത്തു മോന് കാണാൻ തക്ക പാകത്തിന്

പിടിച്ചു..ലക്ഷ്മിയുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറകുന്നുണ്ടായിരുന്നു..ഒരു നിമിഷം അവൾ ആരെയോ ധ്യാനിച്ച് നിൽക്കുന്ന പോലെയായി

“ങേ.. ഇത്‌ ആ ബൈക്കിൽ പോകുന്ന താടിക്കാരൻ ചേട്ടൻ ആണല്ലോ… . “ഒരു നിമിഷം അവൾ സ്തബ്ധയായി.. അവസാനം അവൾ പറഞ്ഞു

“മോനെ.. ഇത് മോന്റെ അച്ഛനാ…! “”ങേ.. ഇതാണോ അച്ഛൻ ! എന്നിട്ടെന്താ നമ്മടെ വീട്ടിൽ വരാത്തത്.. ”

“ങാ.. അതൊക്കെ പിന്നെ പറയാം ഇപ്പൊ സമയം ഒത്തിരിയായി മോൻ ഈ ഫോട്ടോയിൽ കൈ കൂപ്പി പ്രാർഥിച്ചോളൂ…”അച്ഛാ കാത്തു രക്ഷിക്കണേ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചോ ”

പൊട്ടി വന്ന വിങ്ങൽ അടക്കാൻ പാട് പെട്ടെങ്കിലും അവളെ കബളിപ്പിച്ച് കൊണ്ട് ഇറ്റു വീണ കണ്ണുനീർ മോൻ കാണാതെ കവിളത്തു നിന്നു തുടച്ചു മാറ്റികൊണ്ട് ലക്ഷ്മി പറഞ്ഞു

“അമ്മേ എന്താ അമ്മക്ക് വിഷമം ആണോ എന്നെ സ്കൂളിൽ വിടുന്നതിന്.. അമ്മേടെ മുഖം എന്താ ഇങ്ങനെ…? ”

അതുവരെ ആർക്കും കാണാൻ പറ്റാത്ത വിധം ഉള്ളിൽ ഒതുക്കി വച്ചിരിക്കുകയായിരുന്ന ദുഃഖങ്ങളുടെ കലവറ അവൾ അറിയാതെ മുഖത്തേക്ക് ഒഴുകി വന്നത് തന്റെ കുഞ്ഞു മനസ്സിലാക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ലക്ഷ്മി യാന്ത്രികമായി ഒരു ചിരി വരുത്തികൊണ്ട് പറഞ്ഞു

“ഇല്ല മോനെ അമ്മക്ക് സന്തോഷമാ മോൻ സ്കൂളിൽ പോകുന്നകൊണ്ട് “സ്കൂളിലെ ഹെഡ്മിസ്ട്രസിന്റെ റൂമിൽ എത്തിയതും

“ആ ഇരിക്കൂ.. ലക്ഷ്മി “”ഇത് ഒന്ന് ഫിൽ അപ്പ്‌ ചെയ്തേരു “ഒരു ഫോം നീട്ടിക്കൊണ്ട് കൊണ്ട് ഹെഡ്മിസ്ട്രസ്‌ പറഞ്ഞു

ലക്ഷ്മിയുടെ കൈയിലേക്ക് കിട്ടിയ അപേക്ഷ ഫോം വാങ്ങി പൂരിപ്പിക്കുന്നതിനിടയിൽ ഒരു നിമിഷം അവളുടെ കൈകൾ വിറയ്ക്കുവാൻ തുടങ്ങി, ഏത് നിമിഷത്തെയാണോ താൻ ഭയപ്പെട്ടിരുന്നത് ആ നിമിഷം വന്നിരിക്കുന്നു ..

ആ കോളത്തിൽ എന്ത് എഴുതണം എന്നറിയാതെ ഒരു നിമിഷം ദയനീയ മുഖത്തോടെ ഉണ്ണിക്കുട്ടനെ നോക്കി.. അവസാനം നിസ്സഹായയായി അവൾ ടീച്ചറെ തന്നെ നോക്കി ഇരുന്നു

അപ്പോൾ ടീച്ചറുടെ കണ്ണുകൾ വെളിയിൽ ആർക്കോ വേണ്ടി പരതുന്നുണ്ടായിരുന്നുപ്രതീക്ഷിച്ച നോട്ടത്തിനു മറുപടിയായി ടീച്ചർ ലക്ഷ്മിയോട് പറഞ്ഞു..

“അച്ഛന്റെ കോളത്തിൽ “ഇല്ല “എന്ന് എഴുതിക്കോളൂ…… “അച്ഛൻ എന്ന കോളത്തിൽ, പേര് മഷിയുടെ രൂപത്തിൽ പതിയേണ്ടതിന് പകരം അവളുടെ തിളയ്ക്കുന്ന കണ്ണുനീർ ആയിരുന്നു പതിഞ്ഞത്

ഒന്ന് കൂടി വെളിയിൽ നോക്കിയ ശേഷം ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ടീച്ചർ പറഞ്ഞു”ഇല്ല “എന്ന് എഴുതിക്കോളൂ കുട്ടീ….. “”ഉണ്ട്.”. എന്റെ മകന് അച്ഛൻ ഉണ്ട് ”

പുറകിലേക്ക് തിരിഞ്ഞു നോക്കിയ ലക്ഷ്മിക്ക് വിശ്വസിക്കാൻ ആയില്ല…അവളുടെ കണ്ണുകൾ പ്രതീക്ഷയുടെ കിരണങ്ങൾക്ക് വഴിമാറി

താടിവച്ച ജൂബ ഇട്ട ആൾരൂപം..”അമ്മേ ഇതല്ലേ അച്ഛൻ… ” ഉണ്ണിക്കുട്ടൻ ആവേശത്തോടെ പറഞ്ഞു

ഒരു നിമിഷം ജീവച്ഛവംമാതിരി ഇരിക്കുന്ന ലക്ഷ്മി…എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം വെളിയിൽ വരുന്നില്ല

ഷാളിന്റെ തുമ്പ് കൊണ്ട് സത്യത്തിന്റെ സഹയാത്രികനായ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു

“പിഴച്ചവൾ…പലരുമായി സംബന്ധമുള്ളവൾ… കൊച്ചിന്റെ അച്ഛൻ ആര് എന്ന ചോദ്യത്തിനു പിടിച്ചു നിൽക്കുവാൻ വലിയ വീട്ടിലെ ചെറുക്കന്റെ പേര് വിളിച്ചു പറഞ്ഞവൾ….

വീട്ടുകാർക്ക് മാനഹാനിയുണ്ടാക്കിയവൾ…. എന്നൊക്കെ പറഞ്ഞു സ്വന്തം വീട്ടിൽ നിന്നും തഴയപ്പെട്ടു കൈകുഞ്ഞുമായി ഒറ്റയ്ക്ക് താമസിക്കുവാൻ വിധിക്കപ്പെട്ടവൾ”

” ടീച്ചറെ… ഇതൊന്നും എന്റെ മനസ്സിനെ മുറിവേൽപിച്ചില്ല.. “”പക്ഷേ എന്റെ പൊന്നുമോൻ, അച്ഛൻ ആരെന്ന് ചോദിച്ചാൽ പേര് പറയാൻ എനിക്ക് കഴിയുമെങ്കിലും അത് കേവലം വാക്കുകളിൽ മാത്രം ഒതുങ്ങുന്ന അവസ്ഥ..

പേര് പറയാൻ അച്ഛൻ ഉണ്ടെങ്കിലും അത് പറയാനോ, രേഖപ്പെടുത്താനോ ചെയ്യാൻ കഴിയാത്ത ദയനീയസ്ഥിതിയിൽ എന്റെ കുഞ്ഞിന്റെ മുഖം കാണുമ്പോൾ…അതാണ് ടീച്ചറെ എന്റെ മനസ്സിനെ നിത്യവേദനയുടെ ആഴങ്ങളിലേക്ക് തള്ളിവിടുന്നത്…. ”

അപ്പോൾ ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ ടീച്ചറുടെ ടേബിളിലെ പേപ്പർ വെയ്റ്റ് എടുത്തു ഉരുട്ടി കളിക്കുന്ന തിരക്കിൽ ആയിരുന്നു

ഒരു നിമിഷത്തെ നിശബ്ദദക്ക് ശേഷം ടീച്ചർ അരുണിനെയും, ലക്ഷ്മിയെയും മാറിമാറി നോക്കുന്നു….

അവസാനം നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഉണ്ണികുട്ടനെ നോക്കി ടീച്ചർ പറഞ്ഞു”മോനെ മോന്റെ അച്ഛനും, ഈ അച്ഛനും ഒരേ രൂപം ഉള്ള ഇരട്ടകൾ ആയിരുന്നു.. മോന്റെ കൊച്ചച്ഛൻ ആ………

ടീച്ചർ പ്ലീസ്…. ടീച്ചറുടെ സംസാരം പൂർത്തിയാക്കാൻ സമ്മതിക്കാതെ അരുൺ ഇടയിൽ കയറി പറഞ്ഞു

“.തിരിച്ചറിയുവാൻ പറ്റാത്ത വിധം ഒരേ രൂപവും മനസ്സും ആയിരുന്ന എന്റെ വരുണിന്റെ ചോരയിൽ പിറന്നവൻ ആണെന്ന് എനിക്കൊപ്പം എന്റെ വീട്ടുകാർക്കും അറിയാമായിരുന്നു..

പക്ഷേ കുടുംബ സൽപേരും മഹിമയും നിലനിർത്തുന്നതിന് ഭംഗം വരുത്തുമെന്ന തോന്നൽ അവരെ മാറ്റി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചു…..ഒരു പക്ഷേ അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കിൽ.. ഇന്ന് ഇവർ മംഗലം

തറവാട്ടിൽതന്നെയായിരുന്നേനെ…ഇന്ന് തൊട്ട് ഇവൻ എന്റെ മകൻ തന്നെയായിരിക്കും, കൂടാതെ മംഗലം തറവാടിന്റ ഒരു അവകാശിയും കൂടിയാണിവൻ “അത് പറയുമ്പോൾ അരുണിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു

കസേരയിൽ ഇരിക്കുന്ന അരുൺ ഉണ്ണിക്കുട്ടനെ എടുത്തു തന്റെ മടിയിൽ ഇരുത്തി സ്നേഹചുംബനം നൽകുമ്പോഴേക്കും, ലക്ഷ്മി തന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ മറയ്ക്കാൻ ഷാളിന്റെ തുമ്പ് ഉപയോഗിച്ച് കഷ്ടപ്പെടുകയായിരുന്നു

അപ്പോഴേക്കും ടീച്ചർ നിർവൃതിയോടെ , “Late വരുൺ “എന്ന് അച്ഛൻ എന്ന കോളത്തിൽ എഴുതി ചേർത്തുകൊണ്ടിരുന്നു…..

 

Leave a Reply

Your email address will not be published. Required fields are marked *