ഉപ്പോളം
(രചന: അഭിരാമി അഭി)
അമ്മയുടെയും അച്ഛന്റെയും ഇടയിൽ എന്നും വഴക്കുകൾ മാത്രമായിരുന്നു പതിവ്.അമ്മ ഒരിക്കലും അച്ഛന് ചേർന്ന പങ്കാളി ആയിരുന്നില്ലേ എന്ന ചോദ്യത്തിന് അല്ല എന്നതായിരുന്നു എന്നും അച്ഛന്റെ മറുപടി.
പലപ്പോഴും എന്നിലും അങ്ങനെ ഒരു ചിന്ത മൊട്ടിട്ടിരുന്നു. ഫ്രണ്ട്സ്ന്റെയൊക്കെ ഹൈക്ലാസ്സ് അമ്മമാർക്ക് മുന്നിൽ എന്റെ അമ്മ എന്നും ഒരു കുറച്ചിൽ തന്നെയായിരുന്നു.
അറിയപ്പെടുന്ന കുടുംബത്തിലെ ഏക മകൻ ആയിരുന്നു അച്ഛൻ. അതിലുപരി മികച്ച ബിസ്സിനെസ്സ്മാൻ.
എപ്പോഴും തേച്ചുവെടിപ്പാക്കിയ വസ്ത്രങ്ങൾ ധരിച്ചു മുന്തിയ ഇനം പെർഫ്യൂമുകൾ ഉപയോഗിച്ചിരുന്ന അച്ഛനിൽ നിന്നും തീർത്തും വ്യത്യസ്ത ആയിരുന്നു അമ്മ.
കടമകളുടെയും കടപ്പാടുകളുടെയും കൂട്ടുപിടിച്ച് അച്ഛന്റ്റെ ജീവിതത്തിലേക്കു വന്നവളായിരുന്നു നാട്ടിൻപുറത്തിന്റെ ഏതോകോണിൽ ജനിച്ചുജീവിച്ച അമ്മ .
അമ്മ ഒരിക്കൽപോലും അണിഞ്ഞോരുങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
കഞ്ഞിമുക്കിയ കോട്ടൻ സാരികൾ ആയിരുന്നു എപ്പോഴും അമ്മയുടെ വേഷം.സീമന്തരേഖയിൽ സിന്ദൂരചുവപ്പുള്ള അമ്മയുടെ മുഖത്ത് എപ്പോഴും ഒരു തളർന്ന പുഞ്ചിരി കാണപ്പെട്ടിരുന്നു.
അവസാനം ഒന്നിച്ചുപോകാൻ കഴിയില്ലെന്ന അച്ഛന്റ്റെ തീരുമാനത്തിന് മുന്നിലും അമ്മയുടെ പ്രതികരണം മൗനമായിരുന്നു.
അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിനു ശേഷം അച്ഛനോ അമ്മയോ എന്ന ചോദ്യത്തിന് ഉള്ള എന്റെ ഉത്തരവും ‘അച്ഛൻ’ എന്നായിരുന്നു. കാരണം,
അമ്മയെന്നും എന്റെ സ്വാതന്ത്ര്യങ്ങൾക് മുന്നിൽ ഒരു വിലങ്ങുതടിയായിരുന്നു.അപ്പോൾ എവിടെയും വിജയിച്ചുമാത്രം ശീലമുള്ള അച്ഛന്റ്റെ മുഖത്ത് വിജയിയുടെ പുഞ്ചിരിയായിരുന്നു.
അമ്മയുടെ മുഖത്ത് അപ്പോഴും ആ വാടിയ പുഞ്ചിരി മാത്രമായിരുന്നു.അമ്മയുടെ പടിയിറക്കം ആദ്യം ആഘോഷമാക്കിയെങ്കിലും പിന്നീടോരു നഷ്ടബോധമായി എന്നെ പിടിച്ചുലക്കാൻ തുടങ്ങി.
ശമ്പളം മുന്നിൽകണ്ട് ജോലിക്കാർ വിളമ്പിതരുന്ന ഭക്ഷണം കഴിക്കുമ്പോഴും സ്വയം മുടി ചീകികെട്ടുമമ്പോഴും തലയിലെ ഈറൻ തുടച്ചു രാസ്നാദി തടവാൻ
അടുക്കളയിലെ തിരക്കിനിടയിലും അമ്മ ഓടിവരാതിരുന്നപ്പോഴും ഞാനറിഞ്ഞു അമ്മയില്ലാത്തതിന്റെ ഒരുതരം ശൂന്യത.
അച്ഛന്റെ രണ്ടാംഭാര്യ കൂടി വന്നപ്പോൾ ആ വലിയവീട്ടിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടിരുന്നു.
എപ്പോഴും അണിഞൊരുങ്ങി ഷോപ്പിങ്ങും നടത്തി അച്ഛന്റ്റെ പണം വാരിയെഞ്ഞിരുന്ന അച്ഛന്റ്റെ രണ്ടാംഭാര്യയെയും ഉണരുമ്പോൾ മുതൽ
ഞങ്ങൾക്കും വീടിനും വേണ്ടി കഷ്ടപ്പെട്ടിരുന്ന അമ്മയെയും ഒരു ത്രാസ്സിൽ വച്ച് തൂക്കിനോക്കിയപ്പോൾ എപ്പോഴും എന്റെ അമ്മയുടെതട്ട് താഴ്ന്നുതന്നെ നിന്നു.
അവസാനം അച്ഛന്റ്റെ മായം ചേർത്ത ജീവിതവർണങ്ങളെയും ഉപേക്ഷിച്ചു നാട്ടിൻപുറത്തിന്റെ നന്മകളിലൂടെ കടന്ന്
അമ്മയുടെ തറവാട്ടുമുറ്റത്തു ചെന്നുകയറുമ്പോൾ ഞാൻ കണ്ടു പൂമുഖത്ത് ആരെയോ പ്രതീക്ഷിച്ചു പഠിപ്പുരയിലേക്ക് മിഴിനട്ടിരിക്കുന്ന എന്റമ്മയെ…..
നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചുകിട്ടിയ കുട്ടിയുടെ ആവേശത്തോടെ അമ്മയുടെ മാറിൽ ചാഞ്ഞപ്പോൾ
ആ മിഴികളിൽ നിന്നുമിറ്റുവീണ പൊള്ളിക്കുന്ന കണ്ണുനീരിൽ നിന്നും ഞാനറിഞ്ഞു എന്റമ്മയെന്ന സത്യത്തെ.”അല്ലെങ്കിലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്”