കാൽപ്പാടുകൾ
(രചന: അച്ചു വിപിൻ)
എന്തോന്നടി ഇത്? നിന്റെ വയറു മൊത്തം വരയും കുറിയും ആണല്ലോ? മാത്രല്ല പ്രസവം കഴിഞ്ഞപ്പോ നീയങ്ങു തടിച്ചു കൊഴുത്തു ചക്ക പോലായി..ഹോ പണ്ടെങ്ങനെ ഇരുന്ന പെണ്ണാ…
സൂസനതന്റെ മുഖത്ത് നോക്കി പറയുമ്പോ എന്തോ പോലായി ഞാൻ …നീ വിഷമിക്കാൻ പറഞ്ഞതല്ലടി..ദേ എന്നെ നോക്ക് മോളുണ്ടായി ആറുമാസം കഴിഞ്ഞപ്പഴേക്കും ഞാൻ ദേ പഴയ പോലായി…
കൊച്ചിയിൽ ഉള്ള ന മി ത പിള്ളയാണ് എന്റെ ഫിറ്റ്നസ് ഗുരു വണ്ണവും പോയി ക്രീം ഒക്കെ തേച്ചു വയറിൽ ഉള്ള സ്ട്രെച്ച് മാർക്കും പോയി..വേണേൽ നീയും പോരെ എന്റെ കൂടെ ഈ വണ്ണമൊക്കെ കളഞ്ഞു നമുക്ക് പഴയ പോലാവാം…
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ആഹാ നല്ല കഥയായി മോനെ ഇട്ടിട്ടു ഒരു ദിവസം മാറിനിക്കാൻ വയ്യടി മാത്രല്ല അവൻ പാലുകുടിക്കണ്ടു അപ്പൊ എങ്ങനെ ഡയറ്റു ചെയ്യാനാ? ഞാൻ ഇല്ല എന്തായാലും…
ആ ബെസ്റ്റ് നീ ഇപ്പഴും കുഞ്ഞിന് പാല് കൊടുക്കണ്ടോ ഒരുവയസ്സായില്ലെ ഇനി നിർത്തിക്കൂടെ? ഞാനൊക്കെ മൂന്നുമാസെ കൊടുത്തുള്ളൂ അത് തന്നെ അമ്മ നിർബന്ധിച്ചിട്ട..
നീ കൊച്ചിന് പാലും കൊടുത്തു ഇങ്ങനെ തടിച്ചി ആയി നടന്നോ ഒടുക്കം നിന്റെ കെട്ടിയോൻ കണ്ട പെണ്ണുങ്ങടെ പുറകെ പോകും…
ഈ വയറ്റത്ത് പാടും വെച്ചു ചക്ക പോലെ ഇരിക്കുന്ന നിന്നെ നിന്റെ ഭർത്താവിന് പോലും അവസാനം മടുക്കും.അങ്ങനെ ഒരവസ്ഥ വരാതിരിക്കാനാ ദിവ്യെ നിന്നോട് ഞാൻ ഇതൊക്കെ പറഞ്ഞത്..സ്ലിം ആയി നടന്ന നിനക്ക് കൊള്ളാം…
അവൾ പറഞ്ഞത് എന്റെ ചങ്കിൽ ആണ് കൊണ്ടത് അന്ന് രാത്രി എനിക്കുറക്കം വന്നില്ല..
ഒന്നും അറിയാതെ അടുത്ത് കിടന്നുറങ്ങുന്ന അനിയേട്ടന്റെ മുഖത്തേക്ക് ദയനീയതയോടെ ഞാൻ നോക്കി..അവൾ പറഞ്ഞത് സത്യമാകുമോ? എന്നെ ഇട്ടിട്ടെങ്ങാൻ പോയി കളയുമോ ദൈവമേ…
പിന്നീടുള്ള ദിവസങ്ങളിൽ വിഷമം കൂടി കൂടി വന്നു… പകൽ സമയങ്ങളിൽ ഓരോന്ന് പറഞ്ഞു അടുത്ത് വന്ന അനിയേട്ടനെ മനഃപൂർവം ഞാൻ ഒഴിവാക്കി…ആൾടെ മുന്നിൽ നിന്നും ഡ്രസ്സ് മാറാൻ പോലും മടിച്ചു ഞാൻ…
ഒരു ദിവസം രാത്രി കിടക്കാൻ നേരം അനിയേട്ടൻ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു,നിനക്കിതെന്താ ദിവ്യ പറ്റിയത്..ഒന്നടുത്തു പോലും വരുന്നില്ലല്ലോ നീ..എന്താ നിന്റെ പ്രശ്നം എന്താണേലും എന്നോട് തുറന്നു പറയ്…
അത് അത് പിന്നെ…ഞാൻ ഇങ്ങനെ വണ്ണം വെച്ചിരിക്കുന്നതിൽ ഏട്ടനെന്തേലും കുഴപ്പോണ്ടോ?എന്റെ വയറു നോക്കിക്കെ മുഴോനും പ്രസവശേഷം വന്ന പാടുകള…ഇങ്ങനെ ഒക്കെ ഇരുന്ന നിന്റെ ഭർത്താവ് കണ്ട പെണ്ണുങ്ങടെ പുറകെ പോകുമെന്നാ സൂസൻ പറഞ്ഞു..
നീയിത് എന്തൊക്കെയാ ദിവ്യ ഈ പറയുന്നത്…കണ്ട പെണ്ണുങ്ങൾ വല്ലോം പറഞ്ഞെന്നു വെച്ചു നീ എന്തിനാ വേണ്ടാത്തത് ചിന്തിച്ചു കൂട്ടുന്നത്…
ഒക്കെ എനിക്കറിയാം എന്റെ ഭംഗി ഒക്കെ പോയി കുറച്ചു കഴിയുമ്പോ അനിയേട്ടനെന്നോടു വെറുപ്പ് തോന്നും… അല്ലേലും വയറ്റത്ത് പാടും വണ്ണവും കൊണ്ട് നടക്കുന്ന എന്നെ ഇനി എന്തിനു കൊള്ളാം…
ആഹാ ഇപ്പൊ ഇതൊക്കെയാണല്ലേ നിന്റെ മനസ്സിൽ…എടി നിന്നെ പോലെ ഒന്ന് വണ്ണം വെച്ചിരുന്നെങ്കിൽ അല്ലെങ്കി നിന്റെ വയറ്റിൽ ഉള്ളപോലുള്ള പാടുകൾ എനിക്കും വന്നിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന എത്രയോ പെണ്ണുങ്ങൾ ഇണ്ടീ ലോകത്തു അവരെ തട്ടിച്ചു നോക്കുമ്പോ നീ ഭാഗ്യവതിയല്ലേടി..
അല്ലേലും ഈ കാണുന്ന പാടുകൾ സ്വയം ഉണ്ടായതല്ലല്ലോ, ഞാൻ അല്ലെ അതിനു പൂർണ്ണ ഉത്തരവാദി.അങ്ങനെ ഉള്ളപ്പോ ഞാൻ നിന്നെ ഇട്ടിട്ടു പോകുന്നതെങ്ങനാടി ….
പിന്നെ,പ്രസവിച്ച ശേഷം വണ്ണം വെക്കുന്ന സ്ത്രീകളോട് പുരുഷന്മാർക്ക് ഇഷ്ടം കുറയുമെന്ന് നിന്നോടാരാടി പോത്തേ പറഞ്ഞെ? അങ്ങനെ ആരേലും ഉണ്ടേൽ തന്നെ നൂറിൽ ആറേ കാണുള്ളൂ….
നിന്റെ വയറ്റിൽ ഉള്ള ഈ പാടുകൾ കാണുമ്പോൾ എനിക്ക് നിന്നോടുള്ള സ്നേഹം കുറയുകയല്ല മറിച്ചു കൂടുകയാണ് ചെയ്തിട്ടുള്ളത്,സത്യം പറഞ്ഞ ഇത് കാണുമ്പോ നമ്മടെ ആദിയെ നീ വയറ്റിൽ ഇട്ടു നടന്നോണ്ടിരുന്നത് ഓർമ്മവരുമെനിക്ക്…
നിന്നെ ഏറ്റവും സുന്ദരിയായി ഞാൻ കണ്ടിട്ടുള്ളത് നീ എന്റെ കാമുകിയായി ഇരുന്നപ്പോഴോ എന്റെ ഭാര്യയായി ഇരുന്നപ്പോഴോ അല്ല മറിച്ചു നീ നമ്മടെ മോനെ ഗർഭിണിയായി ഇരുന്നപ്പോഴാണ്…
നിന്റെ വയറിൽ കാണുന്ന,ഒരിക്കലും മായരുതെന്നു ഞാൻ ആഗ്രഹിക്കുന്ന ഈ പാടുകൾ,എന്റെ മോൻ അവന്റെ കുഞ്ഞിക്കാലുകൊണ്ട് ചവിട്ടിയും തൊഴിച്ചും ഉണ്ടാക്കിയതാണ്.. ഇതിവിടെ തന്നെ കിടന്നോട്ടെ എന്നെ ആദ്യമായി അച്ഛാ എന്ന് വിളിച്ച എന്റെ മോന്റെ ഓർമക്കായി….
ഇത്രയും പറഞ്ഞുകൊണ്ടാ മനുഷ്യൻ എന്റെ വയറ്റിൽ അമർത്തി ചുംബിക്കുമ്പോൾ പറയാൻ വന്ന വാക്കുകൾ ജലകണങ്ങളായി എന്റെ കണ്ണിൽ നിന്നും ഒഴുകുകയായിരുന്നു…..
NB:നമ്മടെ നായിക ദിവ്യയുടെ അതെ സംശയം എനിക്കുമുണ്ടായിരുന്നൂട്ടോ… അപ്പോഴാണ് എന്റെ മോന്റെ പപ്പയെനിക്ക് ഒരു കുഞ്ഞിനെ കൂടി റെക്കമെന്റ് ചെയ്തത്..ഇപ്പൊ ആദ്യത്തവൻ വരച്ചത് കൂടാതെ വട്ടത്തിലും, കുറുകെയും ,
നീളത്തിലുമായി ഇമ്മിണി വല്യ പാടുകൾ രണ്ടാമത്തെയാൾ കാരണം വയറു മൊത്തം വന്നിട്ടുണ്ട്..അത് കാണുന്നത് തന്നെ ഒരു സുഖാണ്…മനസുഖം നൽകുന്ന ആ പാടുകൾ എല്ലാ സ്ത്രീകൾക്കും ദൈവം കൊടുക്കട്ടെ…