പഴയ കാമുകിമാർ ആരെങ്കിലും വീണ്ടും പ്രണയവുമായി വന്നുവോ?” സാമ്പാറിന് കഷ്ണങ്ങൾ നുറുക്കുന്നതിന് ഇടയ്ക്ക് അവൾ കണ്ണുകൾ ഇറക്കി കൊണ്ട് ചോദിച്ചു.

(രചന : അംബിക ശിവശങ്കരൻ)

“സുധിയേട്ടാ.. ഉച്ചയ്ക്ക് ഉണ്ണുതിന് മുന്നേ അച്ഛനെയും അമ്മയെയും കൂട്ടിയിട്ട് വരണേ.. മോളുടെ അച്ഛഛന്റെയും അച്ഛമ്മയുടെയും കൂടെയല്ലേ കഴിഞ്ഞ പിറന്നാളിന് എല്ലാം അവൾ സദ്യ കഴിച്ചിരുന്നത് ഇത്തവണയും അതിന് ഒരു മാറ്റവും ഉണ്ടാകരുത്.”

ഉമ്മറത്തു ഫോണ് നോക്കിക്കൊണ്ടിരുന്ന ഭർത്താവ് സുധിക്ക് ഒരു കപ്പ് ചായവുമായി ഇന്ദു ചെന്നു.

” ഹോ.. ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ എന്റെ അച്ഛനും അമ്മയും പുണ്യം ചെയ്യണം എന്താ സ്നേഹം.. ” അവൻ അവളെ കളിയാക്കി.

“കുടുംബത്തിലെ മൂത്തമകൻ ആയതുകൊണ്ടാണ് നമ്മൾ അവിടെ നിന്നും മാറി താമസിച്ചത്. അല്ലാതെ അവരെ സഹിക്കാൻ പറ്റാത്തതുകൊണ്ട് ഒന്നുമല്ല. പിന്നെ അമ്മായിയമ്മ അമ്മായിഅച്ഛൻ എന്ന വേർതിരിവൊന്നും ഞാൻ ഇതുവരെ കാണിച്ചിട്ടില്ല.

അവരെന്റെ സ്വന്തം അച്ഛനും അമ്മയും തന്നെയാണ്. ഇവിടെ എന്ത് പരിപാടി നടക്കുന്നുണ്ടെങ്കിലും അവരും ഉണ്ടായിരിക്കണം എന്നത് എനിക്ക് നിർബന്ധമാണ്.”
അവൻ തമാശയാണ് പറഞ്ഞതെങ്കിൽ അവൾ ഗൗരവത്തോടെ പറഞ്ഞു.

“എന്റെ ഭാര്യേ..ഞാനൊരു തമാശ പറഞ്ഞതല്ലേ..”
അപ്പോഴേക്കും അമ്മാളു എഴുന്നേറ്റ് വന്നിരുന്നു. കുഞ്ഞിനെ എടുത്ത് ഉറക്കച്ചടവ് മാറ്റിയശേഷം അവൾ അടുക്കളയിലേക്ക് നടന്നു.

“സാർ ഇവിടെ വാചകം അടിച്ചോണ്ടിരിക്കാതെ വേഗം എന്റെ കൂടെ വാ.. അടുക്കളയിൽ നിറയെ ജോലി കിടപ്പുണ്ട്. വന്ന് എന്നെ ഒന്ന് സഹായിക്ക്.”
അലസമായി കിടന്നിരുന്ന സാരി തലപ്പ് അരക്കെട്ടിൽ തിരുകി കൊണ്ട് അവൾ പറഞ്ഞു.

“വാചകം മാത്രം ഉള്ളു അല്ലേ.. ഞങ്ങളുടെ കുടുംബത്തിലെ ആണുങ്ങൾ ഒന്നും അടുക്കളയിൽ കയറാറില്ല കേട്ടോ..എത്രപേർക്ക് വേണ്ട സദ്യ വട്ടവും ഒറ്റയ്ക്കുവെച്ചു വിളമ്പാൻ കുടുംബത്തിലെ പെണ്ണുങ്ങൾക്ക് സാമർത്ഥ്യം ഉണ്ടായിരുന്നു. നീ നമ്മുടെ അമ്മയെ തന്നെ കണ്ടിട്ടില്ലേ അമ്മയ്ക്ക് ഒരാളുടെയും സഹായം വേണ്ട..”

” അതൊക്കെ പണ്ട്. നിങ്ങൾ ഈ സമത്വം സമത്വം എന്ന് കേട്ടിട്ടില്ലേ? വിവാഹജീവിതം എന്ന് പറഞ്ഞാൽ തന്നെ എല്ലാം പരസ്പരം ഷെയർ ചെയ്യലാണ്. അതിലെ ഈ വീട്ടുജോലിയും പെടും. ”

“ഹാ ഇന്നത്തെ കാലത്ത് പെണ്ണുങ്ങളോട് എതിർത്തൊന്നും പറയാൻ പറ്റാത്ത അവസ്ഥയല്ലേ.. പറഞ്ഞാൽ പിന്നെ കേസ് ആയി കോടതിയായി പീഡനമായി.” അവൾക്ക് പിറകെ നടന്ന് കൊണ്ട് അവൻ അവളെ കളിയാക്കി.

“പറയുന്നത് കേട്ടാൽ തോന്നും എന്നും ഇവിടത്തെ പണി മുഴുവൻ സുധിയേട്ടനാണ് ചെയ്യുന്നതെന്ന്. കഴിച പാത്രം പോലും കഴുകി വയ്ക്കാത്ത ആളാണ് ഈ പറയുന്നതെന്ന് ഓർക്കണം.”

പിന്നെ അവൻ മറുത്ത് ഒന്നും പറയാൻ നിന്നില്ല.വെറുതെ എന്തിനാണ് വടി കൊടുത്ത് അടി വാങ്ങുന്നത്. മിണ്ടാതെ അവിടെ ഇരുന്നു തേങ്ങ ചിരകാൻ തുടങ്ങി.

“അല്ല സുധിയേട്ടാ ഞാൻ ചായയുമായി വരുമ്പോൾ ആരോടായിരുന്നു കുത്തിയിരുന്ന് ചാറ്റിങ്? ആരായിരുന്നു പഴയ കാമുകിമാർ ആരെങ്കിലും വീണ്ടും പ്രണയവുമായി വന്നുവോ?”
സാമ്പാറിന് കഷ്ണങ്ങൾ നുറുക്കുന്നതിന് ഇടയ്ക്ക് അവൾ കണ്ണുകൾ ഇറക്കി കൊണ്ട് ചോദിച്ചു.

” അയ്യോ അത് നീ കണ്ടുപിടിച്ചോ? ഞാൻ സീക്രട്ട് ആക്കി വെച്ചേക്കുകയായിരുന്നു. എന്റെ കൂടെ പഠിച്ച സിന്ധുവാണ്.കാര്യം പുള്ളിക്കാരിയുടെ കല്യാണം ഒക്കെ കഴിഞ്ഞെങ്കിലും ഇപ്പോൾ പുള്ളി കരിക്ക് ഞാനില്ലാതെ വയ്യ എന്ന്.. കെട്ടിയോൻ അറിയാതെ ആണ് എനിക്ക് മെസ്സേജ് അയക്കുന്നത്. ഞാൻ എന്ത് ചെയ്യാനാ.. ”

തേങ്ങ ചിരക്കുന്നതിനിടയിൽ ഇളിച്ചു കൊണ്ട് അവൻ പറഞ്ഞു.” ആ ചിരവ തേങ്ങ ചിരകാൻ മാത്രമുള്ളതല്ല. അങ്ങനെ എന്നെയെങ്ങാൻ പറ്റിച്ചാൽ രണ്ടിനെയും കൊന്ന് അന്തസായി ഞാൻ ജയിലിൽ കിടക്കും. ”

കത്തിയും ചൂണ്ടി അവന് നേരെ ചെന്നപ്പോഴാണ് ക്ലോക്കിൽ ഒൻപതു മണിയുടെ ബെൽ മുഴങ്ങിയത്.

“അയ്യോ കളി പറഞ് നിന്ന് സമയം പോയതറിഞ്ഞില്ല. ഒന്നു വേഗം ആവട്ടെ സുധിയേട്ടാ..”
അങ്ങനെ അല്പസമയത്തേക്ക് കളിചിരികൾ മാറ്റിവെച്ചുകൊണ്ട് അവർ രണ്ടുപേരും കൂടി അടുക്കളപ്പണികൾ എല്ലാം വേഗത്തിൽ ചെയ്തുതീർത്തു.

” ഇന്ദു ഈ വരുന്ന പതിനഞ്ചാം തീയതി നമുക്കൊരു വിവാഹത്തിന് പോണം. ഒരു സുഹൃത്തിന്റെ വിവാഹമാണ് കുറച്ച് അകലെയാണ് എങ്കിലും പോകാതിരിക്കാൻ കഴിയില്ല ഒഴിവാക്കാൻ പറ്റാത്ത വിവാഹമാണ്. ”

അച്ഛനെയും അമ്മയും കൂട്ടിക്കൊണ്ടുവരാൻ ഇറങ്ങുന്നതിനിടെ സുധി ഇന്ദുവിനെ ഓർമിപ്പിച്ചു.

“പതിനഞ്ചാം തീയതി എന്ന് പറഞ്ഞാൽ ഇങ്ങടുത്തില്ലേ? എന്നിട്ട് ഇപ്പോഴാണോ സുധിയേട്ടാ പറയുന്നത്?””ഇന്ന് രാവിലെ ആണ് അവൻ ക്ഷണിച്ചത്. തിരക്ക് കാരണം വൈകിയതാവും.”

“ഹ്മ്മ് ശെരി..”അതും പറഞ്ഞ് അവൻ കാറും എടുത്ത് ഇറങ്ങി.അച്ഛനെയും അച്ഛമ്മയെയും കണ്ടപ്പോൾ അമ്മാളുവിന് എന്തെന്നറിയാത്ത സന്തോഷമായിരുന്നു. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞതും അവർ തിരികെ പോകാൻ നിർബന്ധം പിടിച്ചു.

അല്ലെങ്കിലും പൊതുവേ അച്ഛനും അമ്മയും തന്റെ കോഴികളെയും ആടുകളെയും വിട്ട് എങ്ങോട്ടേക്കും മാറിനിൽക്കാറില്ല. അവരെ തിരികെ കൊണ്ടു വിടാൻ നേരം സുധിയുടെ കയ്യിൽ ഇന്ദു ഒരു പാത്രത്തിൽ നിറയെ പായസവും കൊടുത്തുവിട്ടു.

പതിനാലാം തീയതി രാവിലെ തന്നെ സുധി ഇന്ദുവിനെ വിവാഹത്തെക്കുറിച്ച് ഓർമിപ്പിച്ചു. അത് പ്രകാരം തന്നെ പുറപ്പെടാനുള്ള എല്ലാ തയ്യാറെടുപ്പുകളും അവൾ നടത്തിയിരുന്നു.

പിറ്റേന്ന് രാവിലെയും അമ്മാളുവിനെയും പുറപ്പെടുവിച്ച് അവർ നേരത്തെ തന്നെ യാത്രതിരിച്ചു. പത്തരയ്ക്കും പതിനൊന്നു മണിക്കും ഇടയിലായിരുന്നു മുഹൂർത്തം.

എന്നാൽ കാർ ഇടക്കിവെച്ച് ഒന്ന് ബ്രെക്ക് ഡൌൺ ആയതിനാൽ താലികെട്ട് കഴിഞ്ഞതിനുശേഷം ആണ് അവർക്ക് മണ്ഡപത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത്. മണ്ഡപത്തിന് മുന്നിൽ കണ്ട പേര് കണ്ടതും അവൾ ഒരു നിമിഷം ഞെട്ടിയെങ്കിലും അതവൾ പുറമേ പ്രകടമാക്കിയില്ല. ‘ഹരി ‘.ആ പേര് പോലും മനസ്സിന് ഒരു നോവ് സമ്മാനിക്കുന്നുവോ?

ഓഡിറ്റോറിയത്തിൽ കയറി ചെറുക്കനെ കണ്ടതും അവൾ ഒരു നിമിഷം ഞെട്ടി. ആ പയ്യന്റെ മുഖത്തും അതേ ഞെട്ടൽ ഉണ്ടായിരുന്നു.

“വിവാഹം ക്ഷണിച്ചിരുന്നുവെങ്കിലും ഇന്ദു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒത്തിരി സന്തോഷം നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ. രേഖ ഇതാണ് ഇന്ദു ഞാൻ പറഞ്ഞിരുന്നില്ലേ.. ഹരി തന്റെ ഭാര്യയുടെ നേരെ തിരിഞ്ഞ് അവരെ പരസ്പരം പരിചയപ്പെടുത്തി.” അപ്പോഴും ഇന്ദുവിന്റെ മുഖത്തെ അമ്പരപ്പ് മാറിയിരുന്നില്ല.

രണ്ടു വർഷങ്ങൾക്കു മുൻപാണ് ഈ മുഖം അവസാനമായി കണ്ടത്. ഇപ്പോൾ വീണ്ടും കണ്ടപ്പോൾ നെഞ്ചിൽ ഒരു ഭാരം വന്നു നിറയുന്നത് പോലെ.. വീട്ടുകാരുടെ സ്വാർത്ഥതയ്ക്ക് മുന്നിൽ സകല വേദനയും കടിച്ചമർത്തിയാണ് ഹരി അന്ന് തന്നെ വേണ്ടെന്ന് പറഞ്ഞത്.

തന്നെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ് അലറി വിളിച്ചു കരയുമ്പോഴും നിസ്സഹായനായി നിൽക്കേണ്ടി വന്ന ഈ പാവത്തിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. വീട്ടുകാരുടെ വാശിക്ക് മുന്നിൽ അന്ന് ഹരിക്ക് മറ്റു വഴി ഉണ്ടായിരുന്നില്ല.

അന്ന് നാടുവിട്ടുപോയ ഹരിയെ കുറിച്ച് ഒരുപാട് അന്വേഷിച്ചു. അവൻ വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു എന്ന് വീട്ടുകാർ പറഞ്ഞത് കള്ളമാണെന്ന് ഈ നിമിഷമാണ് മനസ്സിലാകുന്നത്. പക്ഷേ സുധിയേട്ടനുമായി ഹരിക്ക് എന്താണ് ബന്ധം? ”

“ഇന്ദു നമുക്ക് അങ്ങോട്ട് മാറിയിരിക്കാം ഒരുപാട് ആളുകൾക്ക് ഫോട്ടോ എടുക്കാൻ ഉണ്ട്. ”
സുധി ആണ് അവളെ തട്ടി ഉണർത്തിയത്. സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോഴും നടന്ന സംഭവങ്ങൾ ഒന്നും തന്നെ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

” സുധിയേട്ടാ, ഇതെങ്ങനെ? എന്നോട് സത്യം പറ പ്ലീസ്,.. ”
കൊച്ചു കുഞ്ഞിനെപ്പോലെ കെഞ്ചുന്ന തന്റെ ഭാര്യയെ കണ്ടതും അവൻ അവളുടെ ഫോൺ എടുത്ത് അമ്മാളുവിന്റെ പിറന്നാൾ ദിവസം ഹരി അയച്ച മെസ്സേജ് കാണിച്ചു കൊടുത്തു.

“ഞാനിത് നീ കാണാതിരിക്കാൻ വേണ്ടി ഞാൻ ഹൈഡ് ചെയ്തു വച്ചേക്കുകയായിരുന്നു. നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.” അവൾ അത് ആകാംക്ഷയോടെ വായിച്ചുനോക്കി.

” ഇന്ദു..ഞാനാണ് ഹരി. നാല് വർഷങ്ങൾക്ക് ശേഷമാണ് നിന്നെ ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നത്. നിനക്ക് അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു.

അന്ന് മനസ്സ് ഒരുതരം മരവിച്ച അവസ്ഥയായിരുന്നു. വിശപ്പോ ദാഹമോ എന്താണെന്ന് അറിയാത്ത ഒരുതരം മരവിപ്പ്.നിന്റെ അച്ഛനും അമ്മയും തൊഴുതു പറഞ്ഞപ്പോൾ എനിക്ക് അന്ന് വേറെ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.

ഈ ഗതിയില്ലാത്തവന്റെ കൂടെ മകൾ ജീവിക്കുന്നത് കാണാൻ അവർക്ക് പ്രാപ്തി ഉണ്ടാകില്ല ആയിരിക്കും. അതുകൊണ്ടാണ് നിന്നെ ഞാൻ അന്ന് തള്ളിപ്പറഞ്ഞത്. പക്ഷേ നിന്റെ കല്യാണദിവസം ഞാൻ വന്നിരുന്നു. നീ മറ്റൊരാളുടേതാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ..

പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിഞ്ഞില്ല നിന്നെ ഇനി ഒരിക്കലും കാണരുത് എന്ന് കരുതിയാണ് ഞാൻ അന്ന് എങ്ങോട്ടെന്നില്ലാതെ ഓടി രക്ഷപ്പെട്ടത്. പക്ഷേ എന്നിട്ടും നിന്റെ ഓർമ്മകളിൽ നിന്നൊരു മോചനം എനിക്കുണ്ടായില്ല. എനിക്കറിയാം എന്നെക്കുറിച്ച് ഓർത്ത് നീയും നീറുന്നുണ്ടാകുമെന്ന്.

എന്നെക്കുറിച്ച് നീ അറിയാൻ ശ്രമിച്ചപ്പോഴൊക്കെയും ഞാൻ മറഞ്ഞുനിന്നത് എന്റെ അവസ്ഥ കണ്ട് നീ ഇനിയും ദുഃഖിക്കാതിരിക്കാൻ വേണ്ടിയാണ്.ഇപ്പോൾ ഈ മെസ്സേജ് അയക്കുന്നത് തന്നെ നിനക്ക് ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം പറയാനാണ്.

ഈ മാസം പതിനഞ്ചാം തീയതി എന്റെ വിവാഹമാണ് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് കരുതിയ ജീവിതത്തിൽ നിന്നും എന്നെ കൈപിടിച്ചുയർത്തിയവളെ തന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. വിവാഹത്തിന് നീ എത്തും എന്ന പ്രതീക്ഷയോടെ… ഹരി. ”

അത് വായിച്ചു കഴിഞ്ഞതും അവളുടെ കണ്ണുകളിൽ നിന്ന് ധാരധാരയായി നീർത്തുള്ളികൾ അടർന്നു വീണുകൊണ്ടിരുന്നു. അത് ആനന്ദക്കണ്ണീർ ആണെന്ന് അവൾ തിരിച്ചറിഞ്ഞു.

” ദൈവമേ നന്ദി. “അവൾ നിറഞ്ഞ കണ്ണുകളോടെ തന്റെ ഭർത്താവിനെ നോക്കുമ്പോൾ വാത്സല്യപൂർവ്വം അവൻ അവളെ ചേർത്തുപിടിച്ചു. ആ മുഹൂർത്തം നോക്കി പുഞ്ചിരിച്ചുകൊണ്ട് സ്റ്റേജിൽ ഹരിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *