അപരാജിത
(രചന: കർണൻ സൂര്യപുത്രൻ)
“നമുക്കൊന്ന് അവിടെ വരെ പോയാലോ ?” ഞാൻ സതീശനെ നോക്കി ചോദിച്ചു… ചായക്കടയിലിരുന്ന് പൊറോട്ടയും ബീ ഫും വലിച്ചു കേറ്റുകയാണ് അവൻ…
“അലീക്കാ, ബീ ഫി ന് ഉപ്പ് ഇച്ചിരി കുറവാ…” എന്നെ ശ്രദ്ധിക്കാതെ അവൻ വിളിച്ചു പറഞ്ഞു.
“പല്ലു തേച്ചിട്ട് മുണുങ്ങെടാ ഹമുക്കേ..” അലീക്കയുടെ മറുപടിയിൽ പാത്രത്തിൽ കിടന്ന ബീ ഫ് വരെ കളിയാക്കി ചിരിച്ചതോടെ സതീശൻ കീഴടങ്ങി…
“അല്ലേലും ഉപ്പ് അധികം കഴിക്കുന്നത് നല്ലതൊന്നുമല്ല….” അവൻ സ്വയം ആശ്വസിപ്പിച്ചു..
“ഞാൻ ചോദിച്ചത് നീ കേട്ടില്ലേ?”എനിക്ക് ദേഷ്യം വന്നു.”കേട്ടു.. ഞാനെന്തേലും മറുപടി പറഞ്ഞാൽ കൂടിപ്പോകും. അതാ മിണ്ടാത്തത്.. എടാ നിന്റെ കുഞ്ഞമ്മയുടെ സ്വഭാവം നല്ലോണം അറിയുന്നത് കൊണ്ടു തന്നാ ഞാൻ അന്നേ പറഞ്ഞത് വേണ്ടാന്ന്…
അപ്പൊ നീ കേട്ടില്ല.. രണ്ടു പേരുടെ പരിശുദ്ധപ്രണയം, മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞ് സപ്പോർട് ചെയ്തു.. എന്നിട്ട് ഇപ്പൊ എന്തായി?”
“എടാ ഇങ്ങനൊക്കെ വരുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല..””അതൊക്കെ ആലോചിക്കണമായിരുന്നു..”
അവൻ പറയുന്നത് സത്യമാണ്.. കുഞ്ഞമ്മയുടെ മോൻ രാജേഷ് ഒരു പെണ്ണിനെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ തലക്ക് ഒരു കൊട്ടും
കൊടുത്ത് ” ജോലി ചെയ്ത് കുടുംബം നോക്കെടാ ” എന്ന് പറയേണ്ടതിനു പകരം അവന്റെ പ്രണയത്തിനു താങ്ങായി നിന്നത് എന്റെ തെറ്റ്..
എന്റെ പ്രേമം തമിഴിലെ “മുഖം ” ആയിപ്പോയതിനു ശേഷം ആര് പ്രേമിക്കുന്നത് കണ്ടാലും കണ്ണടച്ചു സപ്പോർട്ട് ചെയ്യും… ഇതും അങ്ങനെ തന്നായിരുന്നു….
ടൗണിൽ കൊറിയർ സെർവീസിൽ ജോലി ചെയ്യുന്ന രാജേഷും ബ്യുട്ടീഷൻ അനുപമയും എങ്ങനാ ഇഷ്ടത്തിലായതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണ്…
നിനക്ക് വേറാരെയും കിട്ടിയില്ലേ കൊച്ചേ, എന്നവളോട് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ അവൻ സ്വന്തം കുടുംബക്കാരനായിപ്പോയി…. അതുകൊണ്ട് തന്നെ കൂടെ നിന്നു..
എന്റെ കൂട്ടുകാരൻ സാജിദിന്റെ കടയ്ക്ക് പിന്നിലിരുന്നു കുറുകാൻ അവർക്ക് സൗകര്യം ഉണ്ടാക്കികൊടുത്തത് എന്റെ തെറ്റ്..
അവളുടെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാൻ രാത്രി പന്ത്രണ്ടു മണിക്ക് അവന്റെ കൂടെ ബൈക്കും എടുത്ത് പോയത് എന്റെ തെറ്റ്..
അമ്പലത്തിൽ അവർ ഭാവിയിൽ പിറക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി വരെ പ്രാർത്ഥിക്കുമ്പോൾ ആ സ്നേഹം കണ്ട് നെടുവീർപ്പിട്ടത് എന്റെ തെറ്റ്….
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ…ഒടുവിൽ ഈ പ്രണയം അവളുടെ വീട്ടിൽ പ്രശ്നമായതും വേറെ കല്യാണലോചനകൾ തുടങ്ങിയതും അറിഞ്ഞപ്പോൾ കാൽകുപ്പി ബി യറിന്റെ ലഹരിയിൽ അവനെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു…
“കുഞ്ഞേട്ടാ, അവളെ കിട്ടിയില്ലെങ്കിൽ ഞാനീ പുഴയിൽ ചാടി മരിക്കും..”
നീന്തലറിയാവുന്ന അവൻ എങ്ങനെ മുങ്ങി മരിക്കുമെന്ന് ചിന്തിക്കാത്ത എന്റെ ബുദ്ധിയോട് ഇന്ന് പുച്ഛം തോന്നുന്നു…ഗൾഫുകാരനെ കിട്ടിയപ്പോൾ എന്നെ തേച്ചിട്ടു പോയവളുടെ
സ്മാരകമായ മോതിരം അവന് ഊരി നൽകി ഞാൻ കർണ്ണനായി… അവൻ അത് വിറ്റ് ചെറിയൊരു താലിയുടെ ലോക്കറ്റ് വാങ്ങി ചരടിൽ കോർത്ത് അനുപമയുടെ കഴുത്തിൽ കെട്ടി.
“ഇനി നീയെന്റെ പെണ്ണാ… ലോകത്തിൽ ആരെതിർത്താലും നമ്മൾ ഒന്നിച്ചു ജീവിക്കും…”
അവനത് പറയുമ്പോൾ പണ്ട് ബാലരമയുടെ കൂടെ ഉള്ള സ്റ്റിക്കർ കൊടുക്കാതിരുന്ന കടക്കാരൻ ദിനേശേട്ടനോട്..
” ഞാൻ വല്യ പൈസക്കാരനായി തന്റെ കട വിലക്ക് വാങ്ങി തന്നെ ഇവിടെ ജോലിക്ക് വയ്ക്കും കണ്ടോ… ” എന്ന് വെല്ലുവിളിച്ച അതേ ഭാവം….
കുറച്ചു ദിവസം കൂടെ വീട്ടിൽ നിൽക്കാനും രജിസ്റ്റർ മാരെജിനുള്ള ഏർപ്പാട് ഞാൻ ചെയ്യാമെന്നും വാക്കു കൊടുത്ത് ഞാൻ തന്നെയാണ് അനുപമയെ ബസ് കേറ്റി വിട്ടത്.. പക്ഷേ..
ഒരാഴ്ച തികയുന്ന ദിവസം… രാവിലെ കുഞ്ഞമ്മ മുറ്റമടിക്കുമ്പോൾ കൈയിൽ ഒരു ബാഗുമായി അനുപമ വീട്ടിൽ കേറി വന്നു.
“ഇനി ഞാനിവിടാ താമസിക്കുന്നെ..” എന്നും പറഞ്ഞു അവൾ വലതു കാൽ വച്ച് അകത്തേക്ക് കയറിപ്പോയപ്പോൾ കുഞ്ഞമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു നാട്ടുകാരെ മൊത്തം നിമിഷ നേരം കൊണ്ട് മുറ്റത്തു വരുത്തി…
സംഭവം അറിഞ്ഞപ്പോൾ മുതൽ ഞാൻ മൊബൈൽ ഓഫ് ചെയ്തു വച്ചതാ…. ആരൊക്കെ വിളിച്ചിട്ടുണ്ടെന്ന് ദൈവത്തിനറിയാം…
അങ്ങോട്ട് പോയില്ലെങ്കിലും പ്രശ്നമാണ്.. കുഞ്ഞമ്മ വീട്ടിൽ വന്ന് തല്ലും…തനിച്ചു പോകാൻ ഒരു ധൈര്യക്കുറവ്… അതാണ് സതീശന് പൊറോട്ടയും ബീ ഫും കൈക്കൂലിയായി കൊടുക്കുന്നത്… പാതിയും തിന്നു കഴിഞ്ഞിട്ട് ദുഷ്ടൻ ഇപ്പോൾ കാലുമാറുന്നുണ്ടോ എന്നൊരു സംശയം..
അവൻ കൈകഴുകി വരുമ്പോഴേക്കും ഞാൻ കാശ്കൊടുത്തു..”എന്തായാലും നീ പറഞ്ഞതല്ലേ…ഒന്ന് പോയി നോക്കാം.. ആ പെണ്ണ് ജീവനോടെ ഉണ്ടോ അതോ കുഞ്ഞമ്മ തല്ലികൊന്നോ എന്നറിയണമല്ലോ…”
അവൻ കൈലിത്തുമ്പിൽ മുഖം തുടച്ചു..
അങ്ങോട്ട് നടക്കുമ്പോൾ ഹൃദയം നെഞ്ചു പൊളിച്ച് പുറത്തിറങ്ങി ഓടുമോ എന്നായിരുന്നു ഭയം….
ഓമനകുഞ്ഞമ്മയെ മൂത്ത ചേച്ചിയായ എന്റെ അമ്മയ്ക്ക് പോലും പേടിയാണ്.. എന്തെങ്കിലും തീരുമാനിച്ചാൽ അത് നടത്തിയേ അടങ്ങൂ… രാജേഷിനെ ചീത്തവിളിക്കുന്നത് അടുത്ത പഞ്ചായത്തിൽ വരെ കേൾക്കും.
അവനെ ഒരു ഗവണ്മെന്റ് ജോലിക്കാരനാക്കാനും സീരിയലുകളിലെ പോലത്തെ ഒരു പാവം പെണ്ണിനെ കൊണ്ട് കെട്ടിക്കാനും വ്രതം നോറ്റിരുന്ന കുഞ്ഞമ്മയുടെ സ്വപ്നങ്ങളിൽ വില്ലനായത് ഈ ഞാനാണ്.. എങ്ങനെ പ്രതികരിക്കുമെന്നറിയില്ല….
വീടിന്റെ പടിക്കെട്ടിൽ കുഞ്ഞമ്മ ഇരിക്കുന്നുണ്ട്… ഒരു ആട്ട് പ്രതീക്ഷിച്ചു ….”നിന്റെ തള്ളക്ക് വിളിക്കണമെന്നുണ്ട്, പക്ഷേ അവളെന്റെ ചേച്ചിയായിപ്പോയി..”പതിഞ്ഞ സ്വരത്തിൽ കുഞ്ഞമ്മ പറഞ്ഞു..
“എന്നാലും സുധീ.. എന്നോട് ഈ കൊലച്ചതി ചെയ്യാൻ നിനക്കെങ്ങനെ തോന്നിയെടാ..? അവനെ നേർവഴിക്കു നടത്തേണ്ടവനല്ലേ നീ,? എന്റെ കുഞ്ഞിന്റെ ജീവിതം പോയില്ലേ?”
നിലവിളി തുടങ്ങും മുൻപ് ഞാൻ തടഞ്ഞു.
“ഞാനവനോട് പറഞ്ഞതാ വേണ്ടാന്ന്… അപ്പൊ അവൻ ചാകുമെന്ന് ഭീഷണിപ്പെടുത്തി… പിന്നെ ഞാനെന്തോ ചെയ്യണം? ”
നിരപരാധിത്വം തെളിയിക്കാൻ ഒന്ന് ശ്രമിച്ചു നോക്കി..”പോയി ചാകട്ടേന്നു വിചാരിച്ചൂടെ? ഇതിലും നല്ലത് അതായിരുന്നു…”
ഞാൻ മെല്ലെ അകത്തേക്ക് കയറി.. രണ്ടു മൂലകളിലായി വധൂവരന്മാർ ഇരിപ്പുണ്ട്…”നിന്നോട് പറഞ്ഞതല്ലേ അനൂ, കുറച്ച് ദിവസം കാത്തിരിക്കാൻ?”
ഞാൻ ദേഷ്യപ്പെട്ടു… അവൾ കഴുത്തും കൈത്തണ്ടകളും കാണിച്ചു തന്നു… എന്തോ കൊണ്ട് അടിച്ച പാടുകൾ..
“താലി വീട്ടിൽ പിടിച്ചു.. അതിനുള്ള സമ്മാനമാ ഇതൊക്കെ.. ശരീരം മുഴുവനുമുണ്ട്…. മഞ്ചേശ്വരത്തുള്ള മാമന്റെ വീട്ടിലേക്ക് എന്നെ മാറ്റാൻ ശ്രമിച്ചു..
അവിടെ പോയാൽ ആരെ കൊണ്ടെങ്കിലും എന്നെ കെട്ടിക്കും… ഇവനെ വിളിച്ചു പറഞ്ഞപ്പോൾ ആലോചിക്കട്ടേന്ന്… പിന്നെ ഞാനെന്താ ചെയ്യാ??”
അവളുടെ ചോദ്യം ന്യായമാണ്… സതീശൻ കുഞ്ഞമ്മയെ ഒരുവിധം സമാധാനിപ്പിച്ചു.. കൂടെ അയല്പക്കത്തെ സ്ത്രീകളും…വേലയും കൂലിയുമില്ലാതെ കവലയിലിരുന്നു പരദൂഷണം പറയുന്ന കുഞ്ഞപ്പൻ ആൻഡ് പാർട്ടീസിനെ അനുപമയുടെ വീട്ടിൽ പോയി ഒന്ന് തണുപ്പിക്കാൻ പറഞ്ഞു..
രണ്ടു ഫുള്ളും ടച്ചിങ്‌സും വാഗ്ദാനം ചെയ്തപ്പോൾ അവർ സമ്മതിച്ചു… അങ്ങനെ പ്രശ്നങ്ങൾ തത്കാലം ഒതുങ്ങി.. അല്ല, ഒതുങ്ങിയെന്നു ഞാൻ മാത്രം ആശ്വസിച്ചു….
കുറച്ചു നാൾ വല്യ കുഴപ്പങ്ങളില്ലാതെ പോയി.. കുടുംബശ്രീ യോഗം കുഞ്ഞമ്മയുടെ മുറ്റത്തു നടന്നു കൊണ്ടിരിക്കുമ്പോഴാണ് വീടിന്റെ വടക്കു ഭാഗത്തെ പ്ലാവിൻ ചുവട്ടിൽ അനുപമ ശർദിക്കുന്ന ശബ്ദം കേട്ടത്…
അവളുടെ മുതുക് തടവിക്കൊടുത്ത ജാനകിച്ചേച്ചി ഒരു കള്ളച്ചിരിയോടെ കുഞ്ഞമ്മയോട് പറഞ്ഞു..
“ഓമനേ…. നീയൊരു മുത്തശ്ശിയാകാൻ പോകുന്നു…””വന്നു കേറും മുൻപ് വയറ്റിലുണ്ടായോ… കുറച്ചൊക്കെ നാണം വേണം…”
കുഞ്ഞമ്മയുടെ പ്രതികരണം കേട്ടു കൊണ്ട് മുറ്റത്തേക്ക് വന്ന അനുപമ കയ്യിലിരുന്ന ബക്കറ്റ് നിലത്തേക്ക് എറിഞ്ഞു നൈറ്റി ഇടുപ്പിൽ കുത്തി..
“അതേയ്.. എനിക്ക് ദിവ്യഗർഭം ഉണ്ടായതൊന്നുമല്ല.. നിങ്ങടെ മോനാ ഉത്തരവാദി… അവനോട് പോയി പറ..”
കുടുംബശ്രീയിലെ ഗർജിക്കുന്ന പെൺസിംഹം ഓമനക്കുഞ്ഞമ്മയ്ക്ക് ആ വാക്കുകൾ നൽകിയ അപമാനം ചെറുതല്ലായിരുന്നു..
അവിടിരുന്ന ഓരോരുത്തരും പത്തു ന്യൂസ് ചാനലിന് സമമാണെന്ന സത്യം അവരുടെ ലീഡറായ കുഞ്ഞമ്മയ്ക്ക് നന്നായറിയാം…. ഒരു യുദ്ധകാഹളമായിരുന്നു ആ ശർദി.. അങ്ങനെ പോരാട്ടം തുടങ്ങി….
പലതവണ ഒരു മധ്യസ്ഥന്റെ വേഷം ഞാൻ കെട്ടി.. പറയുന്നത് മുഴുവൻ അമ്മായിയമ്മയും മരുമകളും കേൾക്കും.. അടുത്ത ദിവസം വീണ്ടും അങ്കം തുടരും.. ഒടുവിൽ ഞാനാ പരിപാടി നിർത്തി..
അവനവന്റെ ജീവിതം നോക്കി നടക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവ് വന്നപ്പോൾ ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് ഗൾഫിൽ പോയി…. രാജേഷ് ഒരു പെൺകുഞ്ഞിന്റെ അച്ഛനായതൊക്കെ സതീശനാണ് വിളിച്ചു പറഞ്ഞത്….
രണ്ടു വർഷത്തെ പ്രവാസം കഴിഞ്ഞപ്പോൾ ഗതിപിടിക്കാതെ തിരിച്ചു നാട്ടിലെത്തി… ആ അവസ്ഥയിൽ വരുന്ന ഒരാൾക്ക് പട്ടിയുടെ വിലയാണെന്നു ഒരിക്കലും പറയില്ല..
കാരണം വളർത്തു നായ ടോമിയോട് എന്നോടുള്ളതിനേക്കാൾ സ്നേഹം വീട്ടുകാർ കാണിക്കുന്നുണ്ട്….. വീണ്ടും പഴയ പോലെ ഓട്ടോ ഓടിക്കാൻ തുടങ്ങി.. അങ്ങനൊരു ദിവസം ദാണ്ടേ അടുത്ത കുരിശ്……
രാജേഷിനെന്തോ പരിക്ക് പറ്റി എന്നറിഞ്ഞു അവിടേക്ക് പോയതാണ് ഞാൻ.. തലയിലൊരു കെട്ടുമായി അവൻ കസേരയിൽ ഇരിക്കുന്നുണ്ട്.. അടുത്ത തന്നെ കുഞ്ഞമ്മയും… എന്നെ കണ്ടപ്പോൾ കുഞ്ഞമ്മ തന്റെ മാസ്റ്റർപീസായ നെഞ്ചത്തടി തുടങ്ങി…
“നീയിതു കണ്ടോ സുധീ? ആ നശിച്ചവൾ ചെയ്ത പണിയാ.. ലോകത്തെവിടേലും കേട്ടിട്ടുണ്ടോ സ്വന്തം ഭർത്താവിന്റെ തല തല്ലി പൊളിക്കുക എന്ന്.? എന്റെ കുഞ്ഞിന്റെ അവസ്ഥ നോക്കിക്കേ…
സഹിക്കാൻ പറ്റുന്നില്ല.. അവളുടെ തലയിൽ ഇടിത്തീ വീഴണേ….നീയൊക്കെ കൂടി ഇവനിങ്ങനൊരു ഗതി വരുത്തിയില്ലേ….. അച്ഛനില്ലാത്ത കൊച്ചാ…”
നിങ്ങളുടെ സ്വഭാവം കൊണ്ടല്ലേ പെണ്ണുമ്പിള്ളേ അവന്റച്ഛൻ നാടുവിട്ടു പോയത് എന്ന് ചോദിക്കാൻ നാവ് തരിച്ചിട്ടും ഞാൻ അടക്കി… എന്റെ സുരക്ഷ കൂടി നോക്കണമല്ലോ..
“കുഞ്ഞമ്മ കരയാതെ എന്താ സംഭവിച്ചതെന്നു പറ..?””ഒരു പ്രശ്നവുമില്ലായിരുന്നെടാ.. ഒരു കാര്യവുമില്ലാതെ മേശപ്പുറത്തിരുന്ന ടോർച്ചെടുത്ത് ഇവന്റെ തലക്കടിച്ചു… ഒൻപതു സ്റ്റിച് ഉണ്ട്…”
ഒരു കാരണവുമില്ലാതെ ഒരാളുടെ തലക്കടിക്കാൻ അവൾ റിപ്പർ അനുപമ അല്ലെന്നറിയാവുന്നത് അടുത്ത വീട്ടിലെ ജാനകിച്ചേച്ചിയോട് പോയി സ്വകാര്യമായി അന്വേഷിച്ചു..
“എന്റെ മോനേ, അതൊരു പാവം പെണ്ണായിരുന്നു… ഈ അമ്മയും മോനും സ്വൈര്യം കൊടുത്തില്ല… ദിവസവും ഓരോ കാര്യം പറഞ്ഞു വഴക്കായിരുന്നു…
ഇവൻ മര്യാദക്ക് പണിക്കും പോകാതെ ചങ്ങാതിമാരുടെ കൂടെ കറങ്ങി നടക്കും.. അന്നൊരു ദിവസം കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ പോകാൻ പൈസ ചോദിച്ചപ്പോൾ അവന്റെ കൈയിലില്ല..
അവസാനം ഞാനാ കൊടുത്തത്… പണിയെടുത്ത് ഭാര്യയെയും കുഞ്ഞിനേയും നോക്കാൻ എന്ന് തുടങ്ങുന്നോ അന്നുമുതൽ കൂടെ കിടന്നാൽ മതിയെന്ന് ആ കൊച്ചു പറഞ്ഞു…. അതിൽ തെറ്റൊന്നുമില്ലല്ലോ?”
“ഒരു തെറ്റുമില്ല.. ചേച്ചി ബാക്കി പറ..” ഞാൻ പ്രോത്സാഹിപ്പിച്ചു..”അവൾ നമ്മുടെ കവലയിലെ ബ്യുട്ടീപാർലറിൽ പണിക്കു പോകാനും തുടങ്ങി.. എന്റെ മോൻ രാമകൃഷ്ണനാ അത് ഒപ്പിച്ചു കൊടുത്തത്…
നിന്റെ കുഞ്ഞമ്മ നോക്കില്ലാന്ന് പേടിച്ചു കൊച്ചിനേം കൂടെ കൊണ്ടുപോകും… ഈ തല തെറിച്ചവൻ എന്ത് ചെയ്‌തെന്നറിയോ? ഒരു ദിവസം കള്ളുകുടിക്കുമ്പോ കൂട്ടുകാരോട് പറഞ്ഞു ഭാര്യ കൂടെ കിടക്കുന്നില്ലെന്ന്…
അടുത്ത ദിവസം അവൾ ജോലിക്ക് പോയി വരുന്ന വഴി ആ എരണംകെട്ടവന്മാർ തടഞ്ഞു നിർത്തി ചോദിച്ചു നീയെന്താ അവന്റെ കൂടെ കിടക്കാത്തതെന്ന്…. എന്തൊരു വൃത്തികേടാണെന്ന് നോക്കണേ…!”
ജാനകിച്ചേച്ചി താടിക്ക് കൈ വച്ചു..
“എന്നിട്ട്?” എനിക്കു ആകാംഷ സഹിച്ചില്ല..”എന്നിട്ടെന്താ? അവന്മാരെ ഇവള് തല്ലിയില്ല എന്നേയുള്ളൂ.. നല്ല പച്ചത്തെറി വിളിച്ചു.. ഇനിയൊരാളുടെ കുടുംബകാര്യത്തിലും തലയിടാനുള്ള ധൈര്യം അവർക്കുണ്ടാകില്ല.. പിന്നെ ഇവിടെ വന്ന് ഇവനോട് വഴക്കായി…
നിന്റെ കുഞ്ഞമ്മ എരികേറ്റിയപ്പോൾ അവൻ പെണ്ണിനെ പിടിച്ചു തള്ളി.. അവൾ നിലത്തു വീണു.. മനസും ദേഹവും ഒരു പോലെ നൊന്തപ്പോൾ കൈയിൽ കിട്ടിയ ടോർച് എടുത്ത് തലക്കടിച്ചു…
അവള് തന്നാ ഇവിടെ വന്ന് രാമകൃഷ്‌നോട് അവനേം കൂട്ടി ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞത്. പിറ്റേ ദിവസം ഇവിടുന്ന് കുഞ്ഞിനേം കൊണ്ട് പോയതാ… എവിടെക്കാണെന്ന് ആർക്കറിയാം.?. ഇതൊന്നും ഞാൻ പറഞ്ഞെന്ന് ഓമന അറിഞ്ഞേക്കല്ലേ… എന്നെ അവള് കൊല്ലും..”
വല്ലാത്ത വിഷമം തോന്നി… എന്തെന്നില്ലാത്ത ദേഷ്യവും… സതീശനും ഞാനും അന്വേഷിച്ചു.. അനുപമ തിരിച്ചു സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
പക്ഷേ കുടുംബത്തിന്റെ മാനം കളഞ്ഞു താഴ്ന്ന ജാ തി ക്കാ രന്റെ കൂടെ ഒളിച്ചോടിയ പെങ്ങൾ കുഞ്ഞിനേയും കൂട്ടി വന്നപ്പോൾ ചേട്ടന്മാർ ആട്ടിയിറക്കി..
പിന്നെയവൾ എങ്ങോട്ട് പോയി എന്നാർക്കും അറിയില്ല…ഒരാഴ്ച്ച കഴിഞ്ഞ് കുഞ്ഞമ്മയുടെ വീട്ടിൽ കയറി ചെന്നപ്പോൾ രാജേഷ് കാലൊക്കെ നീട്ടി വച്ച് “വെട്ടം ” സിനിമ കാണുന്നു…
“എടാ അനുപമയെ അന്വേഷിച്ചോ?””എന്തിന്? എന്നെ തല്ലിയിട്ട് ഇറങ്ങി പോയവളല്ലേ? ഞാനെന്തിനാ അന്വേഷിക്കുന്നെ?””അവളുടെ കൂടെ നിന്റെ കുഞ്ഞുണ്ട്.. അത് ഓർമ്മയുണ്ടോ ആവോ?”
“അത് അവൾ ചിന്തിക്കണമായിരുന്നു..” കൂസലില്ലാത്ത മറുപടി കേട്ട് കൺട്രോൾ പോയി… കരണം നോക്കി ഒന്ന് പൊ ട്ടിച്ചു..അടിയുടെ ശബ്ദം കേട്ട് കുഞ്ഞമ്മ ഓടിവന്നപ്പോൾ കവിളും പൊത്തിപ്പിടിച്ചു നിൽക്കുന്ന സന്താനത്തേയും കൈ കുടയുന്ന എന്നേയുമാണ് കണ്ടത്..
“നീയെന്താടാ ഈ കാണിക്കുന്നേ? എന്റെ കൊച്ചിനെ നശിപ്പിച്ചതും പോരാഞ്ഞിട്ട് കൊല്ലാൻ നോക്കുന്നോ?”
“ആര് നശിപ്പിച്ചെന്നാ തള്ളേ ഈ പറയുന്നേ? അവളെ പ്രേമിച്ചതും, കഴുത്തിൽ താലി കെട്ടിയതും കൊച്ചിനെ ഉണ്ടാക്കി കൊടുത്തതും നിങ്ങടെ മോനാ.. ഞാനല്ല… ഇനി മേലാൽ അത് പറഞ്ഞാൽ കുഞ്ഞമ്മയാണെന്നൊന്നും ഞാൻ നോക്കില്ല..”
രാജേഷ് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ ദേഷ്യം കൂടി…”കിടപ്പറയിലെ കാര്യം നാട്ടുകാരോട് വിളമ്പിയ ഈ പന്നൻ മാന്യനും, ഇവനോട് ആ പെണ്ണിനെ ത ല്ലാൻ പറഞ്ഞ നിങ്ങള് മദർ തെരേസയും അല്ലേ? അവൾ ഒരു കേസ് കൊടുത്താൽ അകത്തു കിടക്കും രണ്ടും..”
പുറത്തിറങ്ങിയിട്ടും കലിയടങ്ങിയില്ല…. നാല് തെറിയും കൂടി വിളിച്ചിട്ടാണ് അവിടം വിട്ടത്…. പിന്നെ മാസങ്ങളോളം അനുപമയുടെ ഓർമ്മകൾ അലട്ടി…
അന്ന് ഞാൻ എതിർത്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്ന ചിന്ത രാത്രികളിൽ ഉറക്കത്തെ തട്ടിയകറ്റി… മനസ്സിൽ ഒരായിരംവട്ടം അനുപമയോട് മാപ്പ് പറഞ്ഞു..
നാല് വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ല.. ഒരു ഇന്റർവ്യൂ പരാജയപ്പെട്ട ദുഃഖം മാറ്റാൻ ആലുവപ്പുഴയുടെ തീരത്തുള്ള ബാറിൽ നിന്നും നാലെണ്ണം വിട്ടിട്ട് റോഡിൽ ലോട്ടറിവില്പനക്കാരനോട് സംസാരിച്ചു നില്കുകയായിരുന്നു ഞാൻ..
“എത്ര എടുത്തിട്ടും എനിക്കൊന്നും അടിക്കുന്നില്ല ചേട്ടാ?””എല്ലാർക്കും ലോട്ടറി അടിച്ചാൽ കേരളം മുഴുവൻ അംബാനിമാരാവില്ലേ മോനേ? ഭാഗ്യമുണ്ടെങ്കിൽ കിട്ടും..” രണ്ടു ലോട്ടറി എടുത്ത് പോക്കറ്റിലിട്ട് ഓട്ടോയ്ക്ക് കാത്തു നിന്നു… ഒരു സ്കൂട്ടി കുറച്ചു മുന്നോട്ട് പോയി തിരിച്ചു വരുന്നുണ്ട്…
സാധാരണ എന്നെ കണ്ടാൽ ഇങ്ങനെ വരുന്നത് കടം തന്നവരാണ്.. ആലുവയിൽ അങ്ങനാരും ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോഴേക്കും അത് എന്റെ മുന്നിൽ വന്ന് ബ്രേക്കിട്ടു.. ഒരു പെണ്ണാണ്.. ഹെൽമറ്റ് എടുത്തിട്ട് അവൾ ചോദിച്ചു
“സുധിയേട്ടന് എന്നെ മനസ്സിലായില്ലേ?”
മ ദ്യ ല ഹരിയിൽ ആയിരുന്നത് കൊണ്ടാണോ, സന്ധ്യയായത് കൊണ്ടാണോ എന്നറിയില്ല എനിക്കു ആളെ മനസ്സിലായില്ല…
“ഞാനാ അനുപമ.. ഇപ്പൊ മനസ്സിലായോ?”ശരിക്കും ഞെട്ടി…”അനൂ നീയെങ്ങനെ ഇവിടെ? ”
“ഞാനിപ്പോ ഇവിടെയാണ് താമസം… അല്ല, സുധിയേട്ടൻ ഇവിടെന്താ ചെയ്യുന്നെ? “”വേറൊരാവശ്യത്തിന് വന്നതാ.. രണ്ടെണ്ണം കഴിക്കാൻ ഇവിടിറങ്ങി..”
അവൾ ബാറിനെയും എന്നെയും ഒന്ന് നോക്കി..ഞാൻ കണ്ണുകൾ മിഴിച്ച് അവളെയും… ആളാകെ മാറിയിട്ടുണ്ട്.. മുടി കളർ ചെയ്ത്, ജീൻസും ടോപ്പുമിട്ട ഒരു മോഡേൺ ഗേൾ… സംസാരം പോലും വ്യത്യസ്തം…ഇവൾക്ക് എങ്ങനെ എന്നെ മനസിലായി എന്നാണ് അത്ഭുതം…
“നിന്നെ ഞാൻ കുറെ അന്വേഷിച്ചു.. ആർക്കും ഒരറിവുമില്ലായിരുന്നു.. എന്നോടെങ്കിലും ഒരു വാക്ക് പറഞ്ഞൂടായിരുന്നോ?”
ഞാൻ പരിഭവിച്ചപ്പോൾ അനുപമ മനോഹരമായി ഒന്നു പുഞ്ചിരിച്ചു…”ആരോടും പറയാതിരുന്നതാ… എന്തിനാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നെ?
വീട്ടുകാർ ആട്ടിയിറക്കിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.. തോറ്റു കൊടുക്കാൻ മനസ്സുണ്ടായില്ല… മോളെ വളർത്തണമല്ലോ…
കുറച്ചു നാൾ ആലപ്പുഴയിൽ എന്റെ ഒരു കൂട്ടുകാരിയുടെ കൂടെ ഹോസ്റ്റലിൽ തങ്ങി.. അവളുടെ ആന്റി ഇവിടുണ്ട്… അങ്ങനെ ഇവിടെത്തി.. കുറേ കഷ്ടപ്പെട്ടു… ഇപ്പൊ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു..”
“എന്താ ജോലി?””മേക്കപ്പ് ആർട്ടിസ്റ്റ് ആണ്… സീരിയലുകളിലും പിന്നെ ഇടയ്ക്ക് സിനിമകളിലും…കൂടാതെ ചിലരുടെ പേർസണൽ ബ്യുട്ടീഷനായും….” ആ സ്വരത്തിൽ അഭിമാനം നിറഞ്ഞിരുന്നു… തകർന്നിടത്തു നിന്ന് സ്വയം ഉയർന്നു വന്ന ഒരു പെണ്ണ്..
“മോളോ?””അവളിവിടെ സെന്റ് മേരീസിൽ പഠിക്കുന്നു..””വേറെ വിവാഹം വല്ലതും?”.. ചോദിച്ചു കഴിഞ്ഞപ്പോഴാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിയത്..
“അങ്ങനൊരു തുണയുടെ ആവശ്യമുണ്ടെന്നു തോന്നിയില്ല സുധിയേട്ടാ.. ഇപ്പൊ സന്തോഷവും സമാധാനവുമുണ്ട്… ആരെയും ഒന്നും ബോധിപ്പിക്കണ്ട.. തലയുയർത്തി തന്നെ നടക്കാം… ഇനിയും ഒരുപാട് ലക്ഷ്യങ്ങളുണ്ട്.. അതിനിടയിൽ വേറൊന്നും മനസ്സിലില്ല….”
വല്ലാത്തൊരു ആരാധന തോന്നി എനിക്കാ പെൺകുട്ടിയോട്….”സുധിയേട്ടൻ എങ്ങോട്ടാ? റെയിൽവേ സ്റ്റേഷനിലേക്കാണെങ്കിൽ ഞാൻ കൊണ്ടു വിടാം…””വേണ്ട.. ഞാനിവിടെ റൂമെടുത്തിട്ടുണ്ട്..”
“ശരി.. ഞാൻ പോട്ടെ, നേരം വൈകി..” അവൾ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു.”അനൂ….” ഞാൻ വിളിച്ചു… അവൾ ചോദ്യഭാവത്തിൽ നോക്കി..
“മാപ്പ്..” ഹൃദയത്തിൽ നിന്നാണ് ഞാനതു പറഞ്ഞത്. എന്നെങ്കിലും നേരിൽ കണ്ടാൽ പറയാൻ വച്ചിരുന്നത്.”എന്തിനാ ഏട്ടാ?”
“അന്നങ്ങനെയൊക്കെ സംഭവിക്കാൻ ഞാനും ഒരു കാരണമല്ലേ?” അവൾ എന്റെ കണ്ണുകളിലേക് നോക്കി ഹൃദ്യമായി ഒന്നു ചിരിച്ചു..
“നമ്മുടെ ജീവിതം നശിക്കാൻ നമ്മൾ തന്നെയാ കാരണം…സ്വബുദ്ധി ദൈവം തന്നിട്ടും ഉപയോഗിക്കാതെ ഓരോ അബദ്ധങ്ങളിൽ ചെന്നു ചാടുന്നത് അവനവൻ തന്നെയല്ലേ.?.
ഒരാശ്വാസത്തിനു നമ്മൾ മറ്റുള്ളവരുടെ മേലെ പഴി ചാരും…രാജേഷിനെ പ്രണയിച്ചതും ഇറങ്ങിപ്പോയതും എന്റെ തെറ്റ് തന്നെയാ… അവനോടു പോലും എനിക്കിപ്പോൾ ദേഷ്യമില്ല…
അവന്റെ തല അടിച്ചു പൊട്ടിച്ചതിൽ സങ്കടമുണ്ട്… അന്നത്തെ അവസ്ഥ അതായിരുന്നു… പക്ഷെ ഇന്നതൊന്നും എന്നെ അലട്ടുന്നില്ല… ചിന്തിക്കാറുമില്ല… സുധിയേട്ടൻ വെറുതെ കുറ്റബോധവും ചുമന്നോണ്ട് നടക്കേണ്ട കേട്ടോ…”
അവൾ ഹെൽമെറ്റ് വച്ച് തലയാട്ടിയ ശേഷം സ്കൂട്ടി മുന്നോട്ട് എടുത്തു.. അവൾ പോയ ദിശയിൽ കുറേ നേരം കണ്ണും നട്ടിരുന്നു..
വിവാഹലോചനകളെല്ലാം മുടങ്ങുന്നതിലുള്ള നിരാശ കാരണം താടിയും മുടിയും നീട്ടി വളർത്തി ഏറെക്കുറെ ആത്മീയതയിലോട്ട് പ്രവേശിച്ച
രാജേഷിനെയും ദേഹമാസകലം അസുഖങ്ങൾ ബാധിച്ചു നരകിക്കുന്ന കുഞ്ഞമ്മയെയും ഓർത്തപ്പോൾ അത്രയും കാലത്തിനിടെ ആദ്യമായി എനിക്കു സഹതാപം തോന്നി…..
വിലമതിക്കാനാവാത്തത് വലിച്ചെറിഞ്ഞ വിഡ്ഢികൾ…. പൊരുതി ജയിച്ച സ്ത്രീകളുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അനുപമയുടെ കഥ എനിക്കു പ്രിയപ്പെട്ടതാണ്..
കാരണം അവളുടെ കഥയിൽ ഞാനുമുണ്ടല്ലോ…ജീവിതാനുഭവങ്ങളുടെ അഗ്നിയിൽ നിന്നുമുയർത്തെഴുന്നേറ്റവൾ.. അനുപമ… അപരാജിത…..