ഭദ്രേട്ടൻ എന്നെ ജോലിക്ക് വിടില്ല ചേച്ചി… അവൾ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു.”ദാമ്പത്യം എന്നാൽ

ഈ മിഴികളിൽ
രചന: Bhavana babu S. (ചെമ്പകം )

“ചേച്ചി, ഞങ്ങൾഎറണാകുളം റെയിൽവേ സ്റ്റേഷനിലിറങ്ങി ഒറ്റ മിനിറ്റ് ഞാനിപ്പോ വരാം എന്നും പറഞ്ഞ് എന്നേം ഇവിടെ ഒറ്റക്കാക്കി ഭദ്രനെങ്ങോട്ടോ പോയി…. ഇപ്പൊ ഏകദേശം ഒരു മണിക്കൂറായിട്ട് അവന്റെ ഒരു വിവരവുമില്ല. ഇവിടെ ഓരോരുത്തന്മാരുടെ നോട്ടം കണ്ടിട്ടെനിക്ക് പേടിയാവുന്നു ”

വീണയുടെ മെസ്സേജ് വായിച്ചതും ഞെട്ടലോടെ ഞാൻ ക്ളോക്കിലേക്ക് നോക്കി. ഇപ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. അവൾ പത്തു മണിക്ക് അയച്ച മെസ്സേജാണ്.

ഫോണിൽ ഓരോന്ന് നോക്കി എപ്പോഴാ ഒന്ന് മയങ്ങിപ്പോയതെന്നോർമ്മയില്ല. ഇതിപ്പോ കുഞ്ഞി പെണ്ണ് “അമ്മേ നേരം ഒത്തിരിയായി എഴുന്നേറ്റ് വല്ലോം കഴിച്ചു നേരെ കിടക്കാൻ നോക്കെന്നും പറഞ്ഞു വിളിച്ചു ണർത്തിയപ്പോഴാണ് അവളുടെ മെസ്സേജ് കാണുന്നത്…. മെസ്സേജ് മാത്രമല്ല, ഒന്ന് രണ്ട് മിസ്സ്ഡ് കാൾ കൂടിയുണ്ട്.

ഉറക്ക പിച്ചൊക്കെ മാറ്റി അപ്പൊ തന്നെ അങ്ങോട്ട് വിളിച്ചെങ്കിലും അവളുടെ ഫോൺ സ്വിച്ചഡ് ഓഫ്‌.ആകെ ടെൻഷൻ ആയല്ലോ എന്നോർത്ത് ഞാൻ വെറുതെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.

തൃശൂർ കേരള വർമ്മ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാനെന്റെ വീണയെ പരിചയപ്പെടുന്നത് . എന്നേക്കാൾ ഒരു വർഷം ജൂനിയർ ആയിരുന്നു അവൾ. ക്യാന്റീനിൽ നിന്നു തുടങ്ങിയ ഞങ്ങളുടെ പരിചയം ഒരു ചിരിക്കും പങ്ക് വയ്ക്കലുകൾക്കുമപ്പുറം എത്രയോ വളർന്നു എന്റെ കുഞ്ഞനുജത്തിയോളം വലുതായി.

ഡിഗ്രി കഴിഞ്ഞ് ഞാൻ മറ്റൊരു കോളേജിൽ പിജി ക്ക് ചേർന്നപ്പോഴും ആ ഫ്രണ്ട്ഷിപ്പിന് ഒരു ഉടച്ചിലും തട്ടിയില്ല. പിജി കഴിഞ്ഞ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ്

തിരക്കൊഴിഞ്ഞൊരു സായാഹ്നത്തിൽ അവളുടെ കോൾ എന്നെ തേടി വരുന്നത്.
“ചേച്ചി നാളെ എന്റെ രെജിസ്റ്റർ മാരിയേജ് ആണേ…. അടുപ്പമുള്ള ഒന്ന് രണ്ട് പേരെ മാത്രമേ ക്ഷിണിക്കുന്നുള്ളു.ചേച്ചി വരണേ.”

“നാളത്തെ കല്യാണത്തിന് നീ ഇപ്പോഴാണോ എന്നെ വിളിക്കുന്നത് “?എന്റെ പരിഭവം പറച്ചിൽ കേട്ടതും പതിവ് പൊട്ടിച്ചിരിയോടെ അവൾ മൗനിയായി.

“കാര്യങ്ങളൊക്കെ ചേച്ചിക്ക് അറിയാല്ലോ… ഞാനും ഭദ്രനുമായുള്ള പ്രണയം തറവാട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ. ഇതാകുമ്പോൾ റിസ്ക് ഇല്ല ചേച്ചി.ഇപ്പൊ ഇങ്ങനെ ഞാൻ ധൈര്യം സംഭരിച്ചൊരു തീരുമാനം എടുത്തില്ലെങ്കിൽ ഒരു പക്ഷെ എനിക്കവനെ എന്നെന്നേക്കുമായി നഷ്ടമായേക്കും.

“പിജി ഒക്കെ കംപ്ലീറ്റ് ആയി ഒരു ജോലിയൊക്കെ ഒപ്പിച്ചിട്ട് പോരേ മോളെ ഒരു കല്യാണമൊക്കെ “?

“തുടർന്ന് പഠിക്കുന്നതിൽ ഭദ്രേട്ടന് എതിർപ്പൊന്നുമില്ല ചേച്ചി…. ജോലിക്ക് പോകുന്നതിനോടാണ് പുള്ളിക്കൊരു താല്പര്യ ക്കുറവ്.”

വീണ ഭദ്രന്റെ നിലപാടിനെക്കുറിച്ച് പറഞ്ഞത് എനിക്കെന്തോ അതത്ര രസിച്ചില്ല. “ജോലിക്ക് വിടുന്നില്ലെങ്കിൽ, പഠിച്ചു കിട്ടിയ സർട്ടിഫിക്കറ്റൊക്കെ നീ

തലയിണക്ക് പകരമായി വച്ചുറങ്ങിക്കോ “എന്നെനിക്ക് അവളോട് പറയാൻ തോന്നി. പക്ഷെ നാളെ അവളുടെ ജീവിതത്തിലെ മനോഹരമായ ദിവസമാണല്ലോ എന്നോർത്തു ഞാൻ മിണ്ടാതെ നിന്നു.

കോളേജിലെ വിപ്ലവത്തിന്റെ മുഖമായ ഭദ്രനും, എഴുത്തുകാരിയായ വീണയും എപ്പോഴാണ് പ്രണയത്തിലായതെന്ന് കൃത്യമായി എനിക്കോർമ്മയില്ല.

പൗരുഷത്തിന്റെ ജ്വലിക്കുന്ന മുഖം അതായിരുന്നു കോളേജിൽ അവനുള്ള സ്ഥാനം. തീപ്പൊരി ചിതറുന്ന അവന്റെ പ്രസംഗം കേൾക്കാൻ എത്രയോ പെൺകുട്ടികൾ അന്ന് തടിച്ചു

കൂടിയിരുന്നു.അവരിൽ പലരും അവനെ രഹസ്യമായി പ്രണയിച്ചിരുന്നിരിക്കാം. പക്ഷെ അവന്റെ മനസ്സിലൊരു സ്ഥാനം കിട്ടിയത് വീണക്ക് മാത്രമായിരുന്നു.

രെജിസ്റ്റർ ഓഫീസിലെ അഗ്രിമെന്റിലെ ഒന്നാം സാക്ഷി ഞാനായിരുന്നു. ഭദ്രന്റെ മുഖത്ത് സാദാ സമയം ഉള്ള ഗൗരവം തന്നെയായിരുന്നു അപ്പോഴും . പക്ഷെ വീണ വളരെ സന്തോഷവതിയായി എനിക്ക് തോന്നി. അവരെ രണ്ട് പേരെയും വാടക വീട്ടിലാക്കി തിരിച്ചിറങ്ങുമ്പോൾ എന്തൊക്കെയോ ആസ്വസ്ഥതകൾ എന്നെ പൊതിഞ്ഞിരുന്നു.

കുറച്ചു മാസങ്ങൾക്കൊടുവിൽ ചെറിയച്ഛനെനിക്ക് രാജീവേട്ടന്റെ ആലോചനയുമായി വന്നപ്പോൾ എതിർപ്പൊന്നും തോന്നിയില്ല. അദ്ദേഹം തന്നെയാണ് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം നടത്തി തന്നത്. രാജീവേട്ടനും.

ഒരർത്ഥത്തിൽ എന്നെപ്പോലെ അനാഥൻ തന്നെയായിരുന്നു. പിജി കംപ്ലീറ്റ് ആയിട്ട് ജോലിക്ക് പോണില്ലേ എന്നും പറഞ്ഞു നിർബന്ധിച്ചു പി. എസ്. സി കോച്ചിങ്ങിനു ചേർത്തതും ഏട്ടൻ തന്നെയായിരുന്നു.

ഇതിനിടയിലാണ് ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു ഞാനൊരു അമ്മയായത്. കുഞ്ഞിപ്പെണ്ണിന്റെ വരവോടെ എല്ലാ കാര്യങ്ങളും ചെറുതായൊന്നു താളം തെറ്റി . കരയ്യുന്ന മോളെ നെഞ്ചിൽ ചേർത്തു വച്ചു “ഉമേ നീ പോയി പഠിച്ചോ “എന്ന ഏട്ടന്റെ വാക്കുകളാണ് ഒടുവിൽ ജോലിയെന്ന സ്വപ്നം യഥാർഥ്യമായി എന്റെ കൈപ്പിടിയിൽ ഒതുങ്ങിയത്…

മെയിൻ ലിസ്റ്റിൽ പേര് വന്നെങ്കിലും അപ്പോയ്ന്റ്മെന്റ് കുറച്ചു വൈകും എന്നറിഞ്ഞപ്പോൾ രാജീവേട്ടൻ കുറച്ചു ടെൻഷനിലായി. തൃശൂരിൽ തന്നെ അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ മതിയായിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ എവിടെയായാലും നമ്മൾ ഒരു മിച്ച് എന്നും പറഞ്ഞു അദ്ദേഹമെന്നെ ചേർത്തു പിടിച്ചു.

ഈയിടെ രാജീവേട്ടന് ക്ഷീണവും തളർച്ചെയും തലവേദനയും ഉണ്ടെന്ന് തോന്നിയപ്പോൾ ഞാനാണ് അദ്ദേഹത്തെ നിർബന്ധിച്ചു ഡോക്ടറെ കാണുവാൻ പോയത്. ഉറക്കമിളിച്ചു മോളെ നോക്കുന്നത് കൊണ്ടാകും എന്ന് പറഞ്ഞു ഞങ്ങൾ പരസ്പരം സമാധാനിച്ചുവെങ്കിലും റിപ്പോർട്ട്‌ വന്നപ്പോൾ ഞെട്ടി.ബ്രെയിൻ ട്യൂമർ അതും

തേർഡ് സ്റ്റേജ്. കറുത്തു തടിച്ച അക്ഷരങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ ഉറക്കെ അലമുറ ഇട്ട് കരയനാണെനിക്ക് തോന്നിയത്. പക്ഷെ അദേഹത്തിന്റെ വിളറി ചിരിച്ച മുഖത്തേക്ക് നോക്കിയപ്പോൾ ആകെ മരവിച്ച പോലെയായി എന്റെ മനസ്സ്…..

അന്ന് രാത്രി രാജീവേട്ടന്റെ മടിയിൽ കരഞ്ഞും, സ്വന്തം വിധിയെ പഴിച്ചും ഞാൻ നേരം വെളുപ്പിച്ചു. ജീവിതത്തിലേക്കുള്ള ദൂരം തനിക്ക് കുറഞ്ഞു വരികയാണെനും കാര്യങ്ങൾ

പ്രാക്ടിക്കലായി കാണണമെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞാനും സങ്കടങ്ങ കൾ പുറമേക്ക് കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കി വയ്ക്കാൻ ശ്രമിച്ചു.

ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിൽ എൽ. ഡി. കളർക്ക് ആയി നിയമിച്ചു കൊണ്ടുള്ള ഓർഡർ എനിക്ക് കിട്ടി.പക്ഷെ അത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല. അതിനുമുന്നേ നനഞ്ഞുറഞ്ഞ ഒരു പ്രഭാതത്തിൽ എന്നെയും കുഞ്ഞിപെണ്ണിനേം ഒറ്റക്കാക്കി അദ്ദേഹം യാത്രയായി.

അങ്ങനെ ഈ തലസ്ഥാന നഗരിയിൽ ഞാനും എന്റെ മൂന്നു വയസ്സുള്ള മോളും ജീവിതത്തിന്റെ പാഠങ്ങൾ ഓരോന്നായി അറിഞ്ഞു.ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും പതിയെ ഞാൻ അതിനോട് ഇഴുകിച്ചേർന്നു . ഇടക്ക് വീണയെ വിളിക്കുന്നതാണ് ഒരു ആശ്വാസമായെനിക്ക് തോന്നിയത്.

തുടക്കത്തിൽ വീണയുടെ ജീവിതം വളരെ മനോഹരമായിട്ടാണ് എനിക്ക് അവളുടെ വാക്കുകളിൽ നിന്നും അറിയാൻ കഴിഞ്ഞത് . എന്നാൽ അധികം വൈകാതെ അവൾ ഭദ്രനൊരു ഭാരമാവുകയായിരുന്നു. പാർട്ടി സമ്മേളനം

എന്നും പറഞ്ഞു പോകുന്ന അവന്റെ ദിവസങ്ങൾ കഴിഞ്ഞുള്ള വരവിനെ അവൾ ചോദ്യം ചെയ്യാൻ തുടങ്ങിയതായിരുന്നു ആദ്യത്തെ പ്രശ്നം . ഒറ്റപ്പെടലുകളും, ഭദ്രന്റെ അവഗണയും അവളെ തീർത്തും നിരാശയിലാക്കാൻ തുടങ്ങി .

വിവാഹം കഴിഞ്ഞ് പത്തു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാഞ്ഞ തിൽ വീണ വളരെ ആസ്വസ്ഥതയിലായിരുന്നു.
ഒരു ഡോക്ടറെ കണ്ടാലോ എന്ന് അവൾ അവനോട് ചോദിച്ചപ്പോൾ അവൻ അതിനും സമ്മതിച്ചില്ല. ഒടുവിൽ

തൊട്ടടുത്തുള്ള സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടിയപ്പോൾ ഭദ്രന്റെ അനുവാദത്തിന് കാത്ത് നിൽക്കാതെ അവൾ അതിനു പോയി.അന്ന് രാത്രി ഭദ്രൻ അവളുമായി വഴക്കടിച്ചു പിണങ്ങിക്കിടന്നു.

“ഉമേച്ചി, ഞാൻ മടുത്തു….. എന്തൊക്കെ സ്വാപ്നങ്ങളോടെയാണ് ഞാൻ ഭദ്രേട്ടന്റെ ഭാര്യയായതെന്ന് ചേച്ചിക്ക് അറിയോ…..”

“പ്രണയം മനോഹരമായൊരു സ്വപ്നവും, ജീവിതം കയ്പ്പ് നിറഞ്ഞൊരു യഥാർഥ്യവുമാണെന് “ഞാൻ അവളോട് പറഞ്ഞു.

ഇനി ഞാനെന്ത് ചെയ്യും ചേച്ചി…. സങ്കടത്തോടെ അവൾ ചോദിച്ചു.പി. ജി. യും ഒടുവിൽ ഡോക്ടറേറ്റും കിട്ടിയ അവൾക്ക് എറണാകുളത്തെ നല്ലൊരു സ്കൂളിൽ പ്ലസ് ടു ടീച്ചറായി ജോലി കിട്ടി.

ഭദ്രേട്ടൻ എന്നെ ജോലിക്ക് വിടില്ല ചേച്ചി… അവൾ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു.”ദാമ്പത്യം എന്നാൽ പരസ്പരം മനസ്സിലാക്കുന്നതും, തോറ്റു കൊടുക്കുന്നതും മാത്രമല്ല, ഇടക്കൊക്കെ നമ്മുടെ ഇഷ്ടങ്ങളും, മോഹങ്ങളും നേടുന്നതുകൂടിയാണെന്നുള്ള സത്യം ഞാൻ അവൾക്ക് മനസ്സിലാക്കിച്ചു കൊടുത്തു.”

എങ്ങനെയാണ് ഭദ്രൻ അവളുടെ വാക്കുകളെ ഉൾക്കൊണ്ടതും, ഒടുവിൽ അവൾക്കൊപ്പം എറണാകുളത്തേക്ക് യാത്ര തിരിക്കുവാൻ സമ്മതിച്ചതെന്നുമുള്ള അവളുടെ വാക്കുകളെനിക്ക് പൂർണ്ണമായി മനസ്സിലായില്ല. എങ്കിലും വീണയെ അവനിപ്പോഴും സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം….

ഒടുവിൽ ആ യാത്ര ഇങ്ങനെയായല്ലോ എന്നോർത്ത് ഞാൻ വളരെയധികം സങ്കടപ്പെട്ടു.

കുഞ്ഞിപെണ്ണ് നല്ല ഉറക്കത്തിലാണ്.ഞാൻ വീണ്ടും ഫോണെടുത്തു വീണയെ വിളിച്ചു നോക്കി. പതിവ് പോലെ സ്വിച്ചഡ് ഓഫ്‌.

വാഷ് റൂമിൽ പോയി മുഖം കഴുകി തിരിച്ചു വന്നപ്പോഴാണ് വാട്ട്സ് അപ്പിലെ മെസ്സേജ് ഞാൻ ശ്രദ്ധിച്ചത്…. നോക്കിയപ്പോൾ വീണയുടെ മെസ്സേജ്.

“ചേച്ചി, പതിനൊന്നു മണിയായപ്പോൾ ഭദ്രേട്ടൻ തിരികെ വന്നു. കുറേ സോറിയൊക്കെ പറഞ്ഞു. തൃശൂരിൽ നിന്ന് ഇങ്ങനെയൊരു പറിച്ചു നടലിന് അദേഹത്തിന്റെ മനസ്സ് ഇപ്പോൾ ഒരുക്കമല്ലെന്ന് പറഞ്ഞു. നാട്ടിൽ എന്നെ

ജോലിക്ക് വിടുന്നതിൽ അദ്ദേഹത്തിന് എതിർപ്പില്ലത്രേ. ഇപ്പോൾ ഞാൻ അദ്ദേഹത്തിനൊപ്പം തിരികെ പോകുകയാണ് . ഇനി വഴക്കും, പ്രശ്നങ്ങളും ഒന്നും ഉണ്ടാകുകില്ലെന്ന് അദ്ദേഹമെനിക്ക് വാക്ക് തന്നു.പിന്നെ

ഞാൻ പ്രെഗ്നന്റ് ആണോ എന്നൊരു ഡൌട്ട് ഉണ്ട്…. ഉറപ്പില്ല…. കൺഫേം ചെയ്തിട്ട് പറയാമെ ” ഒരു കുസൃതി സ്മൈലിയോടെ ആ മെസ്സേജ് അവസാനിച്ചു.

ആ വരികളെനിക്ക് വല്ലാത്തൊരാശ്വാസമായി ഭദ്രന്റെ മനസ്സുമാറിയതിൽ ഞാൻ ഈശ്വരനോട് നന്ദി പറഞ്ഞുകൊണ്ട് കുഞ്ഞിപ്പെണ്ണിനേം ചേർത്തു പിടിച്ചു ഞാനാ രാത്രിയിൽ ഉറങ്ങാൻ കിടന്നു.

ഇന്ന് സെക്കന്റ് സാറ്റർഡേ ആണല്ലോ എന്നോർത്തു എഴുന്നേൽക്കാൻ മടിച്ചുകൊണ്ട് ഞാൻ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കേറി.ഒടുവിൽ കണ്ണു തുറന്നപ്പോൾ പത്ത് മണി കഴിഞ്ഞിരുന്നു. മോൾ അപ്പോഴേക്കും എണീറ്റ് ബ്രഷ്

ചെയ്ത് ഹോം വർക്ക് ചെയ്യാൻ തുടങ്ങിയിരുന്നു.എട്ടു വയസ്സുള്ള അവൾക്ക് രാജീവേട്ടന്റെ സ്വാഭാവമാണല്ലോ കിട്ടിയതെന്നോർത്തു ഞാൻ വളരെയധികം സന്തോഷിച്ചു….

കിച്ചനിലേക്ക് പോയി ഫുഡ്‌ ഉണ്ടാക്കി ടേബിളിൽ വച്ചപ്പോഴാണ് വാട്ട്സ് അപ്പിലെ തുടർച്ചയായുള്ള നോട്ടിഫിക്കേഷൻ ഞാൻ കേട്ടത്. ഫോണെടുത്ത് നോക്കിയപ്പോൾ കേരളവർമ്മ കോളേജിലെ പഴയ ഗ്രൂപ്പിൽ

നിന്നാണ്. ആരുടെയെങ്കിലും ബര്ത്ഡേയോ, വെഡിങ് ആനിവേഴ്സറിയോ ആകും എന്നു കരുതിയാണ് ഞാനത് ഓപ്പൺ ചെയ്തത്.

ഒന്നിന് പിറകെ ഒന്നായി പ്രണാമം എന്നു കണ്ടതും എന്റെ നെഞ്ചോന്നു പിടച്ചു….. ആരുടെയോ വേർപെടലാണ്…. അറിയുന്ന ആരും ആകരുതേ എന്ന പ്രാർത്ഥനയോടെ ഞാനോരോ മെസ്സേജും സ്ക്രോൾ ചെയ്തു മുകളിലേക്ക് പോയി…..

നല്ല കുട്ടിയായിരുന്നു, എന്ത് ഭംഗിയായിരുന്നു അവളുടെ കവിതകൾ എന്നൊക്കെ കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു അപകടം മിന്നി….. തൊട്ട് മുകളിലായി വീണയുടെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോ.അത് കണ്ടതും ഭ്രാന്ത് പിടിക്കുന്നത് പോലെയായി എന്റെ അവസ്ഥ.

വീണയുടെ മരണം ഒരാത്മഹത്യ ആയിരുന്നു എന്ന് വിശ്വസിക്കാനാകാതെ തളർച്ചയോടെ ഞാൻ ബെഡിലേക്ക് ചാഞ്ഞു വീണു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അവളുടെ ജീവിതത്തിൽ എന്താകും സംഭവിച്ചതെന്നറിയാതെ എന്റെ മനസ്സാകെ പുകഞ്ഞു തുടങ്ങി….

മരണത്തിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ച എന്നെയും ഉന്മാദം കൊള്ളിക്കുന്നത് പോലെ….. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചാലോ എന്ന് ഞാനും ചിന്തിച്ചു തുടങ്ങിയപ്പോഴാണ് കുഞ്ഞിപ്പെണ്ണിന്റെ “എഴുന്നേൽക്ക് അമ്മചുന്ദരീ,നേരം കുറെയായി എന്ന സ്നേഹം ചേർത്തുള്ള വിളി.

ഒരു നിമിഷം തൊട്ടു മുന്നിൽ രാജീവേട്ടനാണോ എന്നു തോന്നിപ്പോയി…..”ഉമേ, കുഞ്ഞിപ്പെണ്ണിനെ നിന്നെയേല്പിച്ചാണ് ഞാനീ ലോകം വിട്ട് പോകുന്നത്….. ഓരോ പ്രതിസന്ധികളെയും ധൈര്യത്തോടെ തരണം ചെയ്യുന്ന നീ ഒരു ഭീരുവല്ലെന്ന വിശ്വാസത്തോടെ “.

ഏട്ടൻ അവസാനമെന്നോട് പറഞ്ഞ വാക്കുകളായിരുന്നു എന്നുമെന്റെ കൂട്ട്… പെട്ടെന്ന് മനസ്സിലേറ്റിയ ചിന്തകളെ ആട്ടിപ്പായിച്ചു ഞാൻ മോളെ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. വീണയുടെ ആത്മാശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് അപ്പോഴുമെന്റെ ചേച്ചിമനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *