പുനർവിവാഹം
(രചന : ഡേവിഡ് ജോൺ)
നീ അമ്മ പറയുന്നതൊന്നു കേൾക്കു മോളെ, അവരെയൊന്നു കാണു, സംസാരിച്ചട്ടു ഇഷ്ടമായില്ലെങ്കിൽ ആരും നിന്നെ നിര്ബന്ധിക്കില്ല. അറിഞ്ഞിടത്തോളം നല്ല കൂട്ടരാണ്.
പയ്യനും തെറ്റില്ല. സുഖല്ലാത്ത മോനേം കൊണ്ട് എത്ര നാൾ നീയിങ്ങനെ ഒറ്റയ്ക്ക് തുഴയും. അച്ഛന്റേയും, അമ്മയുടെയും കാലം കഴിഞ്ഞാ പിന്നെ എന്റെ കുട്ടിക്കാരാ.. മാത്രല്ല ഇപ്പൊ നിനക്ക് ഒറ്റയ്ക്ക് മോനെ നോക്കാം, പക്ഷെ അവനൊരു ആൺകുട്ടിയാണ്..
നാളെ വലുതാകുമ്പോ എല്ലാം നിന്നെ കൊണ്ട് ആകോ?? ഇതിപ്പോ എല്ലാം അറിഞ്ഞും കേട്ടും വന്ന സ്ഥിതിക്ക്… കണ്ണടക്കുമ്പോ ഞങ്ങൾക്കും ഒരു സമാധാനം വേണ്ടേ… എന്തായാലും അവരൊന്നു വന്നു കാണട്ടെ… ബാക്കി എന്നിട്ടല്ലേ, എന്റെ മൗനം സമ്മതമായി എടുത്ത് അമ്മ താഴേക്കു പോയി…
എന്തു തീരുമാനം എടുക്കണം എന്നു സ്മിതക്കറിയില്ലായിരുന്നു. ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥ ആയതു കൊണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വേറൊരു ജീവിതത്തെ പറ്റി ആലോചിക്കാൻ അവൾക്കാകുമായിരുന്നില്ല..
പ്രീഡിഗ്രി കാലം തൊട്ടേ ഉള്ള പ്രണയം ആയിരുന്നു പ്രദീപും ആയിട്ട്. നീണ്ട പതിനൊന്നു വർഷത്തെ പ്രണയത്തിനു ശേഷം വീട്ടുകാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ പ്രദീപിന്റെ കൈ പിടിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയാതവളാണ് താനെന്നു അവൾക്കു തോന്നി.
എതിർക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നു വേണം പറയാൻ.. എല്ലാം രീതിയിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം തന്നെ ആയിരുന്നു അതു..
ഒന്നിനും ഒരു കുറവുമില്ലാതെ, ആഘോഷമായി തന്നെ വിവാഹം നടന്നു. സ്വര്ണമായും, പണമായും, കാർ ആയും ഒരു കുറവുമില്ലാതെയാണ് സ്മിതയെ വീട്ടുകാർ പറഞ്ഞയച്ചത്..
വിവാഹ ശേഷം സ്വന്തം ഇഷ്ടപ്രകാരം സ്മിത ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു.. സ്വർഗ്ഗ തുല്യം ആയിരുന്നു അവരുടെ ജീവിതം.സ്നേഹത്തിന്റെ സമ്മാനമായി അവർക്കൊരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉത്സവമായിരുന്നു രണ്ടു വീട്ടിലും. താഴത്തും, തലയിലും വെക്കാതെ ആണ് അവളെ പ്രദീപ് കൊണ്ട് നടന്നത്…
എന്നാൽ ജനിച്ച കുഞ്ഞ് കരയാതെ ഇരുന്നപ്പോൾ കൂടുതൽ ടെസ്റ്റുകൾ വേണമെന്ന് ഡോക്ടർസ് ആവശ്യപ്പെട്ടു… പരിശോധനയിൽ കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടെന്നു അറിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു…
ഈ കുഞ്ഞ് തന്റെ അല്ലെന്നും, ഇങ്ങനെ കുറവുള്ളൊരു കുഞ്ഞ് തനിക്കു ജനിക്കില്ലെന്നും, ഇതിനെ ഇവിടെ തന്നെ ഉപേക്ഷിക്കണം എന്നും ആശുപത്രിയിൽ വെച്ചു പറഞ്ഞ പ്രദീപിനെ വല്ലാത്തൊരു ഞെട്ടലോടെയാണ് സ്മിത നോക്കിയത്..
നൊന്തു പെറ്റ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ സ്മിതയുടെ നേരെ ചീറിയടുത്തു അയാൾ. വിരോധം തീരാതെ, ഈ നാശം ആണ് എല്ലാത്തിനും കാരണം, ഇതിനെ ഞാനിപ്പോൾ അവസാനിപ്പിക്കും എന്നു പറഞ്ഞു കുഞ്ഞിന് നേരെ പല്ലും ഞെരിച്ചു ചെന്ന പ്രദീപിനെ എല്ലാരും കൂടെ ഒരു വിധത്തിൽ പുറത്താക്കി.
സ്നേഹ സമ്പന്നനായ ഭർത്താവിന്റെ മറ്റൊരു മുഖം കാണുകയായിരുന്നു അവൾ. അയാളോടൊപ്പം വീട്ടുകാരും ഇറങ്ങി പോയി..
തന്റെ സ്ത്രീത്വത്തെ അപമാനിച്ച, കുഞ്ഞിനെ കൊല്ലാൻ നോക്കിയ അയാളോടൊപ്പം തുടരാൻ സ്മിത തയാറായിരുന്നില്ല… കുഞ്ഞിനെ ഉപേക്ഷിച്ചാൽ പൊന്നുപോലെ അവൻ നിന്നെ നോക്കും എന്നു പറഞ്ഞവരെ ആട്ടി ഒടിച്ചു അവൾ.. ഡിവോഴ്സ് വാങ്ങി. വാശിക്ക് പഠിച്ചു സർക്കാർ ഉദ്യോഗസ്ഥയായി..
മോനിപ്പോ ഏഴു വയസ്സായി. നാളുകളായുള്ള ചികിത്സയുടെ ഫലമായി അവനു ചെറിയ മാറ്റങ്ങളൊക്കെ ഉണ്ട്. പക്ഷെ എപ്പോഴും നോക്കാൻ ആള് വേണം… അങ്ങനെ ഇരിക്കെയാണ് ഇപ്പൊ വീണ്ടുമൊരു ആലോചന.. എന്തായാലും കണ്ടു നോക്കാം….
കാണാൻ വരുമ്പോൾ മോനെയും ഒപ്പം നിർത്തും എന്നത് സ്മിതയുടെ വാശി ആയിരുന്നു.. പക്ഷെ തന്റെ രണ്ടു മക്കളെയും കൊണ്ട് പെണ്ണ് കാണാൻ വന്നു അയാൾ സ്മിതയെ ഒന്ന് ഞെട്ടിച്ചു…
അയാൾ സംസാരിച്ചു തുടങ്ങി..സ്മിതാ, ഞാൻ രവി, കുടുംബമായി ഗൾഫിലായിരുമാണ്, വൈഫിനു കാൻസർ ആണെന്ന് തിരിച്ചറിയാൻ ഒരുപാടു വൈകി. രക്ഷിച്ചെടുക്കാൻ കുറെ ശ്രമിച്ചെങ്കിലും…
അയാൾ നിശബ്ദനായി..ഇപ്പോൾ രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..ഇനി എന്റെ മായയുടെ സ്ഥാനത്തു ഒരാളെ കാണാൻ സാധിക്കുമോ എന്നെനിക്കു ഉറപ്പില്ല.. പക്ഷെ എന്റെ സ്വാർത്ഥത മൂലം എന്റെ മക്കൾക്ക് ലഭിക്കേണ്ട അമ്മയുടെ സ്നേഹം നഷ്ടമാകരുതെന്നു തോന്നി..
മായക്ക് സമ്മതമാണെങ്കിൽ ഇന്നു.. ഇപ്പോൾ മുതൽ നമുക്ക് മൂന്ന് മക്കളാണ്..അവിശ്വസനീയതയോടെ സ്മിത അയാളെ നോക്കി. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ കുഞ്ഞുങ്ങളെ നോക്കി, അവരെ നിരാശരാക്കാൻ അവൾക്കു തോന്നിയില്ല.
അവളൊരു ഉത്തരത്തിലേക്കു എത്തുമ്പോഴേക്കും മക്കൾ മൂന്ന് പേരും കൂടെ മുറ്റത്തു കളി തുടങ്ങിയിരുന്നു. അവർ അവരുടേതായൊരു ലോകം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.
പരസ്പരം ഒന്ന് ചിരിച്ചു സ്മിതയും, രവിയും മക്കളുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും അവിടെ പുതിയൊരു കുടുംബം ജനിച്ചിരുന്നു…
ഒപ്പം വിവാഹ തീയതി നിശ്ചയിക്കാൻ പണിക്കർ കാവടിയും നിരത്താൻ തുടങ്ങിയിരുന്നു.. കർമം കൊണ്ട് കൂടെ മാതാ പിതാക്കളാകുന്നവരുടെ കഥ അല്ല കുടുംബകഥ അന്ന് അവിടെ തുടങ്ങുകയായിരുന്നു…
ഒരു ദുഖവും ശാശ്വതമല്ല…. പ്രതീക്ഷയുടെ അവസാന കണികയും വറ്റുന്നിടത്തു സ്മിതയെയും, മോനെയും തേടി രവിയും മക്കളും എത്തിയ പോലെ എല്ലാവർക്കുമോരോ തുരുത്തുകൾ എവിടെയൊക്കെയോ…