(രചന: Kannan Saju)
“ഇവിടുത്തെ കച്ചോടം കൊണ്ടു രാത്രിയിലെ കസ്റ്റമേഴ്‌സിനെ കൂട്ടാൻ ഇറങ്ങിയിരിക്കുവാ ആണും പെണ്ണും കെട്ടവളുമാര് ” തന്റെ വഴിയോര ഭക്ഷണ കച്ചവടത്തിന് എതിർവശം മുവാറ്റുപുഴ തൊടുപുഴ റോഡിൽ കച്ചവടം നടത്തുന്ന
രേമ്യയെയും കൂട്ടരെയും കളിയാക്കിക്കൊണ്ടു അജ്മൽ നടന്നു പോവുന്നരും അവളുടെ അടുത്തു നിന്നും ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നിക്കുന്നവരും കേൾക്കുമാറ് ഉറക്കെ വിളിച്ചു പറഞ്ഞു..
രെമ്യയുടെ അടുത്തു ഭക്ഷണം വാങ്ങാനായി നിന്നായാൾ ചുറ്റും ഉള്ള എല്ലാവരെയും നോക്കി… അവരുടെ നോട്ടം കണ്ടു അയ്യാൾ വല്ലാതായി..
കടയുടെ മറുവശം നിന്ന അജ്മലിന്റെ പങ്കാളി വിഷ്ണു ഇങ്ങനെ വിളിച്ചു പറഞ്ഞു ” ഇവരൊക്കെ അവളുമാരുടെ പറ്റു പടിക്കാർ ആയിരിക്കുന്നെ.. അല്ലാതെ ഇവളൊക്കെ ഉണ്ടാക്കുന്നത് ആരെങ്കിലും വാങ്ങിക്കുവോ ? ”
അതും കൂടി കേട്ടതോടെ താനെന്തോ മഹാപാപം ചെയ്തത് പോലെ ആയ അയ്യാൾ രമ്യയെ നോക്കി” എടുക്കണ്ട… എനിക്ക് വേണ്ട ! ”
” അതെന്താ സർ? “ഒന്നും മിണ്ടാതെ അയ്യാൾ ബൈക്കും എടുത്തു പോയി…” വെല്ല അറിയാവുന്ന പണിയും ചെയ്തു ജീവിച്ച പോരെ.. നിനക്കൊക്കെ രാത്രി പണിയേ പറഞ്ഞിട്ടുള്ളു.. അതിനു വേണേൽ പറ.. ഞങ്ങള് സഹായിക്കാം ! ”
രമ്യയുടെ കൂടെ ഉള്ളവരും സങ്കടത്തിൽ ആയി…അജ്മൽ ഏർപ്പാടാക്കിയ കൂട്ടുകാർ ചീറി പാഞ്ഞു വന്നു അവളുടെ മുന്നിൽ വണ്ടി നിർത്തി.. താൻ ഹെൽത്ത് ഇൻസ്‌പെക്ടർ ആണെന്ന് അയ്യാൾ സ്വയം പരിചയപ്പെടുത്തി.. രെമ്യ ഹെൽത്തിൽ നിന്നും അനുമതി വാങ്ങിയതിന്റെ രേഖകൾ അയ്യാളെ കാണീച്ചു..
” ഇവിടെ മുഴുവൻ നിലവാരം ഇല്ലാത്ത ഭക്ഷണ സാധനങ്ങൾ ആണ് വിളിക്കുന്നതെന്ന് പരക്കെ പരാതി ഉണ്ടല്ലോ ? ”
” അയ്യോ !!! ഇല്ല സർ…. ഞങ്ങൾ കുറച്ചേ ഉണ്ടാക്കാറുള്ളു… അത് കഴിഞ്ഞ ദിവസം വരെ വിറ്റു തീരുമായിരുന്നു ”
” അതെ കഴിഞ്ഞ ദിവസം വരെ വിറ്റു തീരുമായിരുന്നു.. ഇപ്പൊ തീരില്ല ! കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു ഉണ്ടന്നും പറഞ്ഞു ഒരു യുവാവ് പോസ്റ്റ് ഇട്ടിരുന്നു.. അതെ തുടർന്നാണ് ഞങ്ങൾ
അന്വേഷിക്കാനായി വന്നത് ” അയ്യാൾ അജ്മലിന്റെ കൂട്ടുകാരൻ തന്നെ മനപ്പൂർവം ഇട്ട പോസ്റ്റുകൾ അവരെയും നാട്ടുകാരെയും വഴിയോരത്തു വണ്ടി നിർത്തി നോക്കി നിന്നവരെയും കാണിച്ചു.
” അയ്യോ സർ.. ഒരിക്കലും ഇങ്ങനെ വരില്ല സർ.. ഇതിലെന്തോ ചതിയുണ്ട് ! ഞങ്ങൾ എല്ലാവർക്കും നല്ല ഭക്ഷണമാണ് സർ കൊടുക്കാറ് ” രെമ്യ ദയനീയതയോടെ പറഞ്ഞു
” അത് ശരിയായിരിക്കും സർ.. എല്ലാത്തിനേം കണ്ടാൽ തന്നെ അറിയാം നല്ല കൊടുപ്പുകാർ ആണെന്ന് ! ” അജ്മൽ കളിയാക്കി പറഞ്ഞു.. ചുറ്റും നോക്കി നിന്നവരെല്ലാം ചിരി തുടങ്ങി.. കൂടെ ഉണ്ടായിരുന്നവർ രമ്യയുടെ പിന്നിലേക്ക് ഭയത്തോടെ പതുങ്ങി നിന്നു
” ഇങ്ങനെ നാട്ടുകാരെ പറ്റിച്ചു ജീവിക്കാതെടോ ! എന്തായാലും ഒരു തവണത്തേക്കു ക്ഷമിച്ചിരിക്കുന്നു.. ഇനിയെങ്കിലും നല്ല നിലവാരം ഉള്ള ഭക്ഷണം കൊടുക്കാൻ ശ്രമിക്കു… കഷ്ടം ” അതും പറഞ്ഞു അവർ വണ്ടിയിൽ കയറി സ്ഥലം വിട്ടു…
അജ്മലും കൂട്ടരും മാറി കഴിഞ്ഞപ്പോൾ അവിടെ നോക്കി നിന്ന ഒരു വൃദ്ധൻ അങ്ങോടു വന്നു..
” മോളേ അവൻ ഹെൽത് ഇൻസ്‌പെക്ടർ ഒന്നും അല്ല.. മീൻ കച്ചവടമാണ് അവനു തൊടുപുഴയിൽ.. ഇവന്റെ കൂട്ടുകാരനാ.. നിങ്ങളെ പേടിപ്പിക്കാൻ ചെയ്തതാ.. നല്ല കച്ചവടം കിട്ടുന്ന വേറെ എങ്ങോടെലും പോവാൻ നോക്കു… ദേഹോപദ്രവം ഏൽപ്പിക്കാൻ പോലും അവരു മടിക്കില്ല ”
അയ്യാളുടെ അനുകമ്പ നിറഞ്ഞ വാക്കുകളിൽ രമ്യക്ക് അല്പം ആശ്വാസം തോന്നി..
” നമ്പർ ഒന്ന് തരാമോ? ” അടക്കം പറയും പോലെ ഉള്ള അയ്യാളുടെ ചോദ്യം കേട്ടു അവൾക്കു സങ്കടം തോന്നി
” അല്ലെങ്കിൽ എവിടെയാന്നു പറഞ്ഞ മതി ഞാൻ വന്നോളാം ” കിളവൻ ചിരിച്ചു കൊണ്ടു പറഞ്ഞു..
” മോളും മരുമോളും ഒന്നും ഇല്ലേ വീട്ടിൽ ? ” രെമ്യ എടുത്തടിച്ചു ചോദിച്ചു..” ഓഹ് പിന്നെ.. നിന്റെ ഒക്കെ സ്വഭാവം എന്നാന്നു എല്ലാവർക്കും അറിയാം…. ഹും ” അതും പറഞ്ഞു അയ്യാൾ സ്ഥലം വിട്ടു..
” ചേച്ചി.. ആരും വണ്ടി നിർത്തുന്നില്ലല്ലോ… ! 80 പൊതി ബാക്കിയാണ് ! ഇങ്ങനെ പോയാൽ… ”
” നമുക്ക് പോലീസിൽ പരാതി കൊടുക്കാം മക്കളെ ! ” രെമ്യ നിറ കണ്ണുകളോടെ പറഞ്ഞുസ്റ്റേഷനിൽ.
” ഇതൊക്കെ ഒരു പരാതി ആണോ.. അവിടെ അവരു സമ്മതിക്കില്ലേൽ വേറെ എങ്ങോടെങ്കിലും പോ ” si പുച്ഛത്തോടെ പറഞ്ഞു..
” സർ.. കുത്തുവാക്കുകൾ സഹിക്കാൻ വയ്യ സർ.. എവിടെ പോവാനാണ് സർ.. അവിടെ കച്ചവടം നടത്താനുള്ള അവകാശം ഞങ്ങക്കും ഇല്ലേ സർ ? ” രെമ്യ ചുരിദാറിന്റെ ശാളു കൊണ്ടു കണ്ണുകൾ തുടച്ചു പറഞ്ഞു..
” ഇതാണ് ഒട്ടകത്തിന് സ്ഥലം കൊടുത്തു എന്ന് പറയുന്നത്.. ! ഒരിച്ചിരി മനുഷ്യപ്പറ്റു കാണിച്ചപ്പോൾ അവള്ടെ ഒക്കെ ഒരു അവകാശം പറച്ചില്… ”
” സർ.. പ്ലീസ് സർ.. നിങ്ങൾ അവിടെ വന്നു അവരോടു ഒന്ന് സംസാരിച്ചാൽ മതി സർ “” ഇപ്പൊ രാവിലെ വേറെ നൂറു കൂട്ടം കാര്യങ്ങൾ ഉണ്ട്… വൈകുന്നേരം എങ്ങാനും നോക്കാം ! “അവൾ ഒന്നും മിണ്ടാത്തെ എണീറ്റു…
ഉച്ച ആയിട്ടും കടയിലേക്ക് ആരും വരുന്നില്ല.. അജ്മലും കൂട്ടരും എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നുണ്ട്..
ഒരാൾ ബൈക്കിൽ വന്നു…” എന്താണ് സർ വേണ്ടത് ? “” പാപ്പം ” അവളെ അടിമുടി നോക്കി അയ്യാൾ പറഞ്ഞു..
രെമ്യ ദേഷ്യം കടിച്ചടക്കി… ” സർ.. ചെറു കടി ആണോ ഉദ്ദേശിച്ചത്? “” കടി ചെറുതായാലും വലുതായാലും കടി കടി തന്നെയല്ലേ? ”
രെമ്യ ഒന്നും മിണ്ടാത്തെ മാറി നിന്നു…അവൻ ബൈക്ക് തിരിച്ചു അജ്മലിന് അരികിലേക്ക് പോയി….
” ചേച്ചി.. നമുക്ക് പോവാം ചേച്ചി.. വേറെ എവിടേലും പോവാം ” പേടിയോടെ കൂട്ടത്തിൽ ഒരാൾ പറഞ്ഞു…
” എവിടെ പോവാനാ മോളേ.. എല്ലായിടത്തും ഇതുപോലുള്ളവർ തന്നെ അല്ലേ? ”
വൈകുന്നേരം ആയും പോലീസിനെ കാണാഞ്ഞു രെമ്യ വീണ്ടും സ്റ്റേഷനിൽ ചെന്നു.” അതിനിപ്പോ ഞങ്ങക്ക് നിന്റെ പൊതിച്ചോറ് വിറ്റു തരാൻ പറ്റുവോ ? ”
” സർ.. ജീവിക്കാൻ വേണ്ടിയാണു.. ഞങ്ങൾ ആരോടും പിച്ച ചോദിച്ചിട്ടില്ല.. ഉണ്ടായിരുന്നതെല്ലാം വിറ്റു പറക്കി തുടങ്ങിയ ബിസിനസ് ആണ്… ഇന്ന് 180 പൊതി ബാക്കിയാണ്.. നാളത്തേക്കുള്ള സാധനം വാങ്ങാൻ പോലും പണമില്ല ! ”
” അതിനു? പണം ഇല്ലെങ്കിൽ കച്ചവടം ചെയ്യേണ്ടന്നു വെക്കണം… ഓരോന്നുങ്ങൾ ഇറങ്ങിക്കോളും… ”
” അവളുമാരുടെ അടുത്തുന്നൊക്കെ വാങ്ങാൻ വരുന്നവർ എത്തരക്കായിരിക്കുന്നു സാറിനു അറിയാൻ പാടില്ലേ ”
” അതല്ലേ ഞാൻ പോവാത്തത് “അവർ പരസ്പരം പറഞ്ഞു ചിരിച്ചു..” ഈ നാശം എന്റെ വയറ്റിൽ വന്നു പിറന്നല്ലോ ! ” അമ്മയുടെ വാക്കുകൾ രെമ്യ ഓർത്തു….
ആദ്യമായി പെൺവേഷം കെട്ടിയപ്പോൾ തല്ലിയ അച്ഛനെ ഓർത്തു…സ്കൂളിൽ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കൂടെ ഇരുത്താതെ നടുക്കു നിലത്തിരുന്നോളാൻ പറഞ്ഞ ടീച്ചറെ ഓർത്തു…
കുത്തുവാക്കുകൾക്കും ഒറ്റപ്പെടുത്തലുകള്കും ഇടയിൽ യുദ്ധം ചെയ്തു നിന്ന കാലം ഓർത്തു..
പഠിക്കണം എന്ന് അതിയായ ആഗ്രഹത്താൽ തളരാതെ നിന്നപ്പോൾ ഇന്റെര്ണല് മാർക്ക് തരാൻ രാത്രി വീട്ടിലേക്കു ക്ഷണിച്ച അദ്ദ്യാപകനെ ഓർത്തു..
സെക്കന്റ് ഷോ കഴിഞ്ഞു സുഹൃത്തിനൊപ്പം മടങ്ങുമ്പോൾ അറസ്റ്റ് ചെയ്തു കൊണ്ടു പോയ പൊലീസുകാരെ ഓർത്തു..
കല്യാണത്തിന് വരരുതെന്ന് പറയാൻ തന്നെ തേടി എത്തിയ സഹോദരങ്ങളെ ഓർത്തു..
ആത്മാർത്ഥ സുഹൃത്തു പോലും പൊതു ഇടങ്ങളിൽ കാണുമ്പോൾ മൗനം പാലിച്ചു മുഖം താഴ്ത്തി നടക്കുന്നത് ഓർത്തു…
വീട്ടിലേക്കു വണ്ടി ഓടിക്കുമ്പോൾ എല്ലാം അവൾ ചിന്തയിൽ ആയിരുന്നു..ജനിച്ചു പോയില്ലേ… മരിക്കാൻ മനസ്സില്ല.. എങ്കിലും കണ്ണുകൾ നിറയുന്നു…
ഒടുവിൽ എല്ലാ ധൈര്യവും സംഭരിച്ചു ഫെയ്‌സ്ബുക്കിൽ നടന്ന കാര്യങ്ങളെ കുറിച്ച് കുറിപ്പിട്ടു…
മികച്ച നടന്മാരിൽ ഒരാൾ അത് ഷെയർ ചെയ്തതോടെ ആളുകൾ കൂടുതൽ അറിഞ്ഞു.. പക്ഷെ അപ്പോഴും അത് ഷെയർ ചെയ്യാൻ ആ നടൻ കാണിച്ച നല്ല മനസ്സിനെ പുകഴ്ത്തിയും മറ്റു നടന്മാരെ കുറ്റപ്പെടുത്തിയും, ഫെമിനിസ്റ്റുകൾ
പ്രതികരിക്കാത്തതിനെ ചൊല്ലിയും ആയിരുന്നു കൂടുതൽ കമന്റുകളും.. ഇടയിൽ പ്രചോദനമായ വാക്കുകൾ പറഞ്ഞവരും ഉണ്ടായിരുന്നു..
” നാളത്തേക്ക് സാധനങ്ങൾ വാങ്ങാൻ എന്ത് ചെയ്യും ചേച്ചി ! “ആ ചോദ്യം കേട്ടു ഉത്തരം ഇല്ലാതെ രെമ്യ ഇരുന്നു…മുന്നിൽ ഒരു വണ്ടി വന്നു നിന്നു.. ഒരാൾ ഇറങ്ങി..
” ഞാൻ കുറിപ്പ് വായിച്ചിരുന്നു… നിങ്ങൾ രാത്രി റോഡിൽ നിന്നും കൈ കാണിക്കണമെന്നും ട്രെയിനിൽ പിച്ച ചോദിക്കണമെന്നും തന്നെ ചിന്തിക്കുന്നവരുടെ മുന്നിൽ തോറ്റു കൊടുക്കരുത്… നാളത്തേക്കുള്ള പണം ഞാൻ തരാം.. വിറ്റു കിട്ടുമ്പോൾ ലാഭം എടുത്തിട്ട് എനിക്ക് മുതൽ മാത്രം തന്നാൽ മതി.. തല്ക്കാലം എന്നെ കൊണ്ടു ഇതേ പറ്റു ”
അയ്യാൾ രമ്യയുടെ കൈകളിൽ പണം വെച്ചു.. നിറ കണ്ണുകളോടെ അവൾ അയ്യാളെ നോക്കി” ഇത് ഔദാര്യമല്ല.. അവകാശമാണ്.. ജീവിക്കാൻ ഉള്ള നിങ്ങളുടെ അവകാശം… ”
അയ്യാൾ ഇറങ്ങി നടന്നുഒരു കോൾ വന്നു” രെമ്യ, പരിചയക്കാരൻ ആണ് നമ്പർ തന്നത്.. ആ വിറ്റു പോവാത്ത ബിരിയാണി 180 എണ്ണതിന്റെ പണം ഞാൻ തരാം ”
” വേണ്ട സർ.. എപ്പോളെങ്കിലും അത് വഴി പോയാൽ ഞങ്ങളെ കാണുമ്പോൾ വണ്ടി നിർത്തി ഒരു പൊതി വാങ്ങിയാൽ മാത്രം മതി.. പിന്നെ കൂട്ടുകാരോടും വാങ്ങാൻ പറയണം.. ഒരുപാടു നന്ദിയുണ്ട് സർ.. ”
അവൾ ഫോൺ വെച്ചു…പിറ്റേന്ന് ബിരിയാണിയും മറ്റുമായി അവർ വരാൻ ഒരു കൂട്ടം കാത്തു നിക്കുന്നുണ്ടായിരുന്നു..
” നിങ്ങൾ ഇന്ന് വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് വിഷമായേനെ.. തോറ്റു കൊടുക്കാതെ മുന്നോട്ട് പോവുക.. വാങ്ങാൻ ഞങ്ങൾ ഉള്ളപ്പോൾ ആരെന്തു പറഞ്ഞാലും ചെയ്താലും നിങ്ങൾ ഭയക്കേണ്ട.. ”
അവരിൽ ഒരാൾ പറഞ്ഞു.. മറ്റുള്ളവർ അത് ഏറ്റു പറഞ്ഞു… മാറ്റി നിർത്തിയവർ നേടി എടുത്ത വിജയങ്ങളെ എന്നും ചരിത്രത്തിന്റെ താളുകളിൽ എഴുത പെട്ടിട്ടുള്ളു…. നാളെ അവരും ചരിത്രം എഴുതും.. ആ കാലം വിദൂരമല്ല…
ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവരും കാലെടുത്തു വെക്കുന്ന ദിനം വരും.. ആ ഒഴുക്കിനെ തടയാൻ എത്ര വലിയ അണ നിങ്ങൾ കെട്ടിയാലും അത് തകർക്കപെടും.. എന്തെന്നാൽ… ഈ ഭൂമി എല്ലാവരുടെയും ആണ്…. !