(രചന: Lis Lona)
“അമ്മയിങ്ങനെ എന്നെ വിളിച്ച് എടങ്ങേറാക്കരുത്.. ഇക്കണ്ട കാലം അമ്മയ്ക്ക് വേണ്ടി ഞാൻ ജീവിച്ചില്ലേ,
ഇനി ഞാൻ എനിയ്ക്ക് വേണ്ടി ഒന്ന് ജീവിച്ചോട്ടെ.. നിങ്ങളിപ്പോ കിട്ടുന്ന സൗകര്യത്തിൽ ഒന്നവിടെ അഡ്ജസ്റ്റ് ചെയ്യ്
അമ്മയെ ജീവനായി കൊണ്ടുനടന്നിരുന്നവനാണ്.
അമ്മയുടെ ഫോൺ കാളിനായി ദിവസവും സമയം മാറ്റിവച്ചിരുന്നവൻ…
ഇന്നിപ്പോൾ ‘നിങ്ങൾ ‘ എന്നെല്ലാം അഭിസംബോധന ചെയ്ത് അത്യധികം ഗൗരവത്തോടെ തീർത്തുമൊരു അപരിചിതനെപോലെ..
താല്പര്യമില്ലാതെയുള്ള സംസാരം തിടുക്കത്തിൽ അവസാനിപ്പിച്ച് ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് തള്ളി പുറകിലേക്ക് തിരിഞ്ഞതും അവനെന്നെ കണ്ടു.
സഹിക്കാൻ കഴിയാത്ത അമർഷത്തിന്റെയാകാം പല്ലിറുമ്മുന്നതിന്റെ അടയാളമായി താടിയെല്ലുകൾ ചലിക്കുന്നതും അതിനനുസൃതമായി കവിളെല്ലുകൾ മുകളിലേക്കും താഴേക്കുമായി ഉയർന്നു താഴുന്നതും കാണാം.
ഒരുതവണ പോലും ദേഷ്യപ്പെട്ടോ സ്വരമുയർത്തിയോ അമ്മയോട് സംസാരിക്കാത്തവൻ എന്തിനായിരിക്കാം ഇത്രയും കയർത്തു സംസാരിച്ചതെന്നോർത്ത് ഞാനുമൊന്ന് അമ്പരന്നു.
വർഷങ്ങൾക്ക് മുൻപ് ആദ്യമായി കാണുമ്പോഴും അവൻ ഫോണിൽ അമ്മയോട് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു..
അന്ന് പക്ഷെ മിഴികളിലും വാക്കുകളിലും സ്നേഹം നിറഞ്ഞുതുളുമ്പിയിരുന്നു..
അമ്മയെന്ന വാക്കിന് പകരം സ്ഥിരമായി അവരെ വിളിക്കുന്ന ഓമനപ്പേര് സംസാരത്തിനിടയിലെല്ലാം ഇമ്പത്തോടെ കേൾക്കാമായിരുന്നു.
പരിചയപ്പെടാൻ കാത്തുനിന്ന എന്നെ അരമണിക്കൂറെങ്കിലും കാത്തുനില്പിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് ആർക്ക് വേണ്ടിയും അമ്മയെ വിളിക്കുന്ന ഈ സമയം മാറ്റിവെക്കാറില്ലെന്നവൻ അന്ന് അറിയിച്ചപ്പോൾ
ഏഴുകടലിനപ്പുറമുള്ള ഒരമ്മയുടെ മുഖവും മകന്റെ സ്നേഹവും എന്റെ ഉള്ളിലുമൊരു നനുനനുത്ത തണുപ്പേകി .
പതിയെ വളർന്ന ഞങ്ങളുടെ സൗഹൃദത്തിൽ അമ്മ നടന്നുകയറിയ കഷ്ടപ്പാടിന്റെ വഴികളും അവനും അമ്മയും മാത്രമുള്ള ലോകവും അതിനകത്തെ സുന്ദരനിമിഷങ്ങളും എനിക്ക് വേണ്ടി തുറന്ന് തരാൻ മടിച്ചില്ലവൻ.
പിന്നീട് അവൻ അവരെ വിളിക്കുമ്പോൾ വിശേഷങ്ങൾ തിരക്കി ആ അമ്മയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ ഞാനും
ആഴ്ചയിലൊരിക്കലെങ്കിലും പങ്കാളിയായി.
ഭാര്യയേക്കാളും കുടുംബത്തേക്കാളുമേറെ മ ദ്യത്തെ സ്നേഹിച്ച , വഴക്കും ബഹളവും പൊട്ടിത്തെറിയുമായി ഒരു ദിവസം പോലും മനസമാധാനത്തോടെ ഉറങ്ങാൻ സമ്മതിക്കാത്ത ഒരച്ഛന്റെ കീഴിൽ
മകനെ വളർത്താൻ തയ്യാറല്ലെന്നുറപ്പിച്ച് വീട് വിട്ടിറങ്ങാനുള്ള തീരുമാനം തന്റേതായിരുന്നുവെന്ന് പറയുമ്പോൾ ഉരുക്കിന്റെ ശക്തിയുണ്ടായിരുന്നു അമ്മയുടെ വാക്കുകൾക്ക് .
അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് ഇറങ്ങുമ്പോൾ നീ ഗതിയില്ലാതെ നരകിച്ചു ഇവിടേക്ക് തന്നെ മടങ്ങിവരുമെന്ന്
മ ദ്യലഹരിയിൽ കുഴഞ്ഞ ശരീരവും നാവുമായി പടിക്കെട്ടിലെ ദുർഗന്ധം വഹിക്കുന്ന ശർദിലിൽ ഇരുന്നയാൾ പ്രാകുന്നുണ്ടായിരുന്നു.
ആഴ്ചയൊന്ന് തികയും മുൻപേ തനിക്ക് പകരം ഏതോ ഒരുത്തിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നവന്റെ കഥകൾ കാതിലെത്തിയപ്പോഴും അവർക്ക് മാത്രം അത്ഭുതമൊന്നും തോന്നിയില്ല…
ഭാര്യയുള്ള വീട്ടിലേക്ക് മറ്റ് സ്ത്രീകളെ കൂട്ടികൊണ്ട് വന്നിരുന്നവന്റെ ലീലാവിലാസങ്ങൾ അന്നാണ് പുറംലോകം അറിഞ്ഞത്.
താൻ പോകുന്ന വഴിയേ ഭാര്യയും പോകുന്നുണ്ടോയെന്നറിയാനും സ്വയം പരിശുദ്ധനെന്ന് കാണിക്കാനും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അവരെ അയാൾ സംശയദൃഷ്ടിയോടെ നോക്കിക്കണ്ടു.
ഉടുത്തിരുന്ന സാരി വലിച്ചുപറിച്ച് അടിവസ്ത്രങ്ങൾ ബലമായി ഊരിമാറ്റി ഭാര്യയുടെ അ,വി,ഹി,തം ഉറപ്പിക്കാൻ പരിശോധിക്കാൻ തുനിഞ്ഞ അയാളെ ചെകി,ട്ട,ത്ത,ടി,ച്ചാണ് ആത്മാഭിമാനത്തിന് വ്രണമേറ്റവൾ മറുപടി നൽകിയത്.
പിന്നെയൊരു നിമിഷം പാഴാക്കാതെ കുഞ്ഞിനെയുമെടുത്ത് ഇറങ്ങി.സഹോദരൻ കാരണവർസ്ഥാനം ഏറ്റെടുത്ത തറവാട്ടിലേക്ക് കയറിചെല്ലുമ്പോഴുള്ള പ്രതീക്ഷ, എപ്പോഴാ മടങ്ങിപോകുന്നെയെന്നുള്ള തണുത്തുറഞ്ഞ ചോദ്യത്തോടെ മ,ര,ണ,പെ,ട്ടു…
അഭയാർഥിയായി ഒരാഴ്ച്ച തികഞ്ഞില്ല, ഏടത്തിയുടെ മുഖം മാറുന്നതും ഏട്ടൻ അവളെയും കുഞ്ഞിനേയും തീർത്തും അവഗണിക്കുന്നതും ഉള്ളിലൊരു പിടച്ചിലോടെയാണ് തിരിച്ചറിഞ്ഞത്.
പത്താം ക്ലാസ്സിന്റെ ധൈര്യവും ആരോഗ്യവും കൈമുതലുള്ള ബലത്തിൽ വൈകിയില്ല അവിടുന്നും പടിയിറങ്ങാൻ..,
ഒരുപാട് കഷ്ടപ്പെട്ട് അറിഞ്ഞുകൂടാത്ത ജോലികൾ ചെയ്ത് ആരെയും ആശ്രയിക്കാതെ മകനെ വളർത്തി വലുതാക്കുമ്പോഴും അച്ഛനെന്ന അവകാശം അവരായി അവന് നിഷേധിച്ചില്ല..
ഇന്നയാളാണ് നിന്റച്ഛനെന്നും വന്നാൽ കാണണമെന്നും ഇങ്ങോട്ട് വന്നില്ലെങ്കിലും വലുതായാൽ പോയികാണണമെന്നും ചൊല്ലിക്കൊടുക്കാൻ അവർ മറന്നില്ല.
ഏതിനും അമ്മയുടെ ആഗ്രഹത്തിനനുസരിച്ച് നടന്നിരുന്ന മകൻ പക്ഷെ ഇക്കാര്യത്തിൽ അച്ഛനെന്ന സ്ഥാനത്തിന്റെ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാത്തഒരിക്കൽ പോലും മകനെ കാണാൻ ശ്രമിക്കാത്ത അച്ഛനെ കാണാൻ ശ്രമിച്ചില്ല.
ജോലി കിട്ടി ഗൾഫിലേക്ക് വരും മുൻപ് അമ്മയെ നോക്കാനൊരാളെ ഏർപ്പാടാക്കി നല്ലൊരു വാടകവീട്ടിലേക്ക് താമസിപ്പിച്ച് എല്ലാ സുരക്ഷിതത്വവും ഏർപ്പാടാക്കിയാണ് അവൻ വിമാനം കയറിയത്.
ഇവിടെയുള്ള നുള്ളുനുറുങ്ങു കാര്യങ്ങൾ പോലും അമ്മയോട് വിളിച്ചു പറയുന്ന അവന് , ദിവസവും അമ്മയുടെ സ്വരം കേൾക്കാതെ ഉറങ്ങാൻ സാധിക്കില്ലായിരുന്നു.
അമ്മയും മകനും അത്രയേറെ ആത്മബന്ധം.. നാട്ടിൽ വെക്കേഷന് പോയപ്പോൾ അമ്മയേം കൂട്ടി ക്ഷേത്രങ്ങളിൽ ദർശനത്തിന് പോയും വിനോദയാത്രകൾ നടത്തിയും അവരാഘോഷിച്ചു.
അന്നുവരെ യാതൊരുതരത്തിലും അവർക്ക് ഉപകാരം ചെയ്യാതിരുന്നവർ അവന്റെ ഉയർന്ന ജോലിയിലും കനപ്പെട്ട ശമ്പളത്തിലും ആകൃഷ്ടരായി ബന്ധം പുനഃസ്ഥാപിക്കാനെത്തി.
അച്ഛനുമായി ഇണങ്ങാനോ കാണാനോ ഒഴികെ വേറെയെല്ലാത്തിനും അവൻ അമ്മയെ അനുസരിച്ചു.
അമ്മയെ വേദനിപ്പിച്ചവന് ഒരുകാലത്തും മാപ്പ് കൊടുക്കാൻ അവന് സാധിക്കില്ലായെന്ന മകന്റെ വാശിക്ക് മുൻപിൽ അമ്മയും മുട്ടുമടക്കി…
അമ്മയാഗ്രഹിച്ച പോലൊരു വീടും കാറും എല്ലാം അമ്മയുടെ പേരിൽ തന്നെ സ്വന്തമാക്കിയത് കയറിക്കിടക്കാനൊരിടം തേടി അഭയാർഥിയെപോലെ തങ്ങളെ നടത്തിയ ബന്ധുക്കളോടും അച്ഛനോടുമുള്ള നിശബ്ദ പ്രതികാരമായിരുന്നു.
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അമ്മയ്ക്കിഷ്ടപെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാനായിട്ടാണ് ഒന്നരമാസത്തെ ലീവിന് അവൻ അവസാനമായി സന്തോഷത്തോടെ നാട്ടിൽ പോയത്…
വിവാഹം കഴിഞ്ഞു ഒന്നുരണ്ട് മാസങ്ങൾ തികച്ചും ആഹ്ലാദഭരിതമായിരുന്നു..
എന്നെ അത്ഭുതപ്പെടുത്തിയ ഈ ഫോൺ കാളും വഴക്കും നടക്കുമ്പോൾ വിവാഹത്തിന് ഒരു വർഷം പോലും തികഞ്ഞിട്ടില്ല.
ആരുമായും പങ്കുവെക്കാതെ അതുവരെ ഒതുക്കി വച്ച ആത്മസംഘർഷം മുഴുവൻ എനിക്ക് മുൻപിൽ കുടഞ്ഞിട്ട് തളർന്നവശനായി നിറകണ്ണുകളോടെ ഇരിക്കുന്ന അവനെ കണ്ട് ഞാൻ ഞെട്ടി..അവൻ പറഞ്ഞ കഥയിലെ വില്ലത്തി വേഷം അമ്മയ്ക്കായിരുന്നു.
അമ്മയ്ക്കിഷ്ടപെട്ട പെൺകുട്ടിയെ ജീവിതത്തിലേക്ക് ചേർത്തുപിടിക്കുമ്പോൾ അമ്മയുമായി യോജിച്ചുപോകുന്ന അമ്മയെ വേദനിപ്പിക്കാത്ത ഒരുവൾ എന്നായിരുന്നു മനസ്സിൽ.. അങ്ങനെതന്നെ ആയിരുന്നു തുടക്കത്തിലും..
തുടക്കത്തിലെ നിസ്വാർത്ഥമായ പരസ്പര സ്നേഹം രണ്ടുപേരുടെയും പൊസെസ്സിവ്നെസ്സിലെക്ക് വഴി മാറാൻ താമസം ഉണ്ടായില്ല..
അന്നുവരെ അമ്മയ്ക്കും മകനുമിടയിൽ ഇല്ലാതിരുന്ന മൂന്നാമത്തെ വ്യക്തിയുടെ വരവ് തെല്ലൊന്നുമല്ല അവരെ അസ്വസ്ഥയാക്കിയത്.
ഒരുമിച്ചുള്ള ഓരോ നിമിഷത്തിലും മകനിപ്പോഴും തന്റെ അധീനതയിലാണെന്ന് ഉറപ്പിക്കാനുള്ള അമ്മയുടെ ശ്രമങ്ങളെ മരുമകൾ തിരിച്ചറിഞ്ഞെങ്കിലും മകന് മനസിലായില്ല.
മധുവിധുയാത്ര പ്ലാൻ ചെയ്തെങ്കിലും പോകുന്നതിന്റെ അന്ന് പുലർച്ചെ നെഞ്ചുവേദനയോടെ പുളഞ്ഞ അമ്മയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടേണ്ടി വന്നു അവന്.
വേറെ പ്രശ്നങ്ങളൊന്നുമില്ല ഗ്യാസിന്റെയാകും വേദന , വേണമെങ്കിൽ വീട്ടിലേക്ക് പോകാമെന്ന് ഡോക്ടർ അറിയിച്ചിട്ടും ഇന്നൊരു ദിവസം ഞാനിവിടെ കിടക്കാം
മക്കൾ യാത്ര പോകുകയല്ലേ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഓടി വരാൻ ആരുമില്ലല്ലോയെന്ന ‘നിഷ്കളങ്ക’ മറുപടിയിൽ മകൻ യാത്ര മാറ്റിവച്ച് അമ്മയ്ക്ക് കൂട്ടിരുന്നു.
തിരികെ വന്ന് ജോലിയിൽ പ്രവേശിച്ചെങ്കിലും എന്തൊക്കെയോ വീട്ടിൽ പുകഞ്ഞു മറിയുന്നുണ്ടെന്ന് അവനും തോന്നിത്തുടങ്ങിയിരുന്നു.
വയ്യാതായതിൽ പിന്നെ തനിച്ച് കിടക്കാൻ പേടിയാണെന്ന് മകനെ അറിയിച്ച അമ്മയ്ക്ക് കൂട്ടിന് ഭാര്യയോട് ആ മുറിയിലേക്ക് കിടപ്പ് മാറ്റാൻ അവൻ ആവശ്യപ്പെട്ടു.
അതോടെ അമ്മയുടെ മുൻപിൽ വച്ചു മാത്രമേ ഭാര്യക്ക് വിദേശത്ത് ജോലിയുള്ള ഭർത്താവിനോട് സംസാരിക്കാൻ സാധിക്കുകയുള്ളു എന്ന അവസ്ഥയായി.
പരാതിയുടെ രൂപത്തിലല്ലാതെ അമ്മയുടെ വേവലാതികളായി ഭാര്യയുടെ കുറ്റങ്ങളും കുറവുകളും കേൾക്കാൻ തുടങ്ങിയപ്പോഴും അമ്മയും ഭാര്യയുമായുള്ള സൗന്ദര്യപിണക്കങ്ങൾ ആയിരിക്കുമെന്ന് മാത്രമേ കരുതിയുള്ളൂ.
നിസ്സാരകാര്യങ്ങൾക്ക് പോലും ദേഷ്യപെടുന്ന മരുമകളെപറ്റി അമ്മ പരാതി പറയുമ്പോൾ തന്റെ കഴിവിന്റെ പരമാവധി ഭാര്യയെ പറഞ്ഞുമനസിലാക്കിക്കാൻ അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
എന്നാൽ അവനറിയാതെ ‘നീയെത്ര ശ്രമിച്ചാലും അവൻ ഞാൻ പറയുന്നതിന് അപ്പുറം പോകില്ലെന്നും വേണമെങ്കിൽ എനിക്ക് നിന്നെ ഒഴിവാക്കാൻ വരെ അവനോട് പറയാമെന്ന് പരിഹാസത്തോടെ അറിയിച്ച
അമ്മായിഅമ്മയെ എന്താണ് തന്റെ ഭാഗത്തെ തെറ്റെന്നോർത്ത് അവൾ പകച്ചു നോക്കി, അന്നാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിപോകാൻ അവൾ തീരുമാനമെടുത്തത്..
എല്ലാ തെറ്റിദ്ധാരണകളും മാറ്റി ഭാര്യയെ മടക്കിക്കൊണ്ടുവരാൻ മകനോട് കരഞ്ഞുവിളിച്ച അമ്മയെ..
അവളായിട്ട് ഇറങ്ങിപോയതല്ലേ ഞാൻ തിരിച്ചുവിളിക്കില്ലെന്ന് ഉറപ്പിച്ച് പറയുമ്പോഴും അവനറിയാൻ ശ്രമിച്ചില്ല എന്താണ് സംഭവിച്ചതെന്ന്..
വീട്ടിലെത്തി ആ ത്മഹത്യക്ക് ശ്രമിച്ച മകളെയും കൊണ്ട് അച്ഛനമ്മമാർ ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ മരുമകനോട് ഒന്നെ വിളിച്ചുപറഞ്ഞുള്ളൂ, നിനക്ക് വേണ്ടെങ്കിൽ ഡിവോഴ്സ് ഒപ്പിട്ട് അവളെ സ്വാതന്ത്രയാക്കാൻ..
അവളെ കാണാൻ അമ്മയെ പോലും അറിയിക്കാതെ നാട്ടിലെത്തിയ അവനെയും കാത്ത് പക്ഷെ വേറൊരു കഥയും ആ കഥയിലെ അമ്മയ്ക്ക് വേറൊരു രൂപവുമായിരുന്നു…അന്ന് വരെ മകൻ അറിയാത്ത അവന്റെ മുൻപിൽ പ്രത്യക്ഷപെടാത്ത വേറൊരാൾ..
ഈ ലോകത്ത് തനിക്ക് സ്വന്തമെന്ന് പറയാൻ മകൻ മാത്രമേയുള്ളുവെന്ന് വിശ്വസിച്ചു ജീവിച്ചവൾക്ക് മുൻപിൽ മകനിൽ വേറൊരു സ്ത്രീ അവകാശമുന്നയിക്കുന്നത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
മകന്റെ ഭാര്യയാണ് മകളാണ് എന്നൊന്നും സ്വാർത്ഥത നിറഞ്ഞ ആ തലയിൽ കയറിയില്ല.. മരുമകൾക്കും മകനുമിടയിൽ ബോധപൂർവം കയറിക്കൂടാൻ അവരെപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു.
സഹികെട്ട് മറുചോദ്യം ഉന്നയിക്കാൻ തുടങ്ങിയതോടെ മരുമകൾ അവരുടെ ശത്രുവായി.. ആ ശത്രുത , ദേഹോപദ്രവത്തിൽ അവസാനിക്കാൻ തുടങ്ങിയപ്പോൾ അവൾ അവരെ ഭയക്കാൻ തുടങ്ങി..
ഒപ്പം എന്ത് അറിയിച്ചാലും എല്ലാം തന്റെ തെറ്റിദ്ധാരണയാണ് അമ്മയൊരു പാവമാണെന്ന ഭർത്താവിന്റെ വാദവും അവളെ നിസ്സഹായയാക്കി..
അവനറിഞ്ഞ സത്യങ്ങളുടെ ബാക്കിപത്രങ്ങളായ അടയാളങ്ങൾ കൈത്തണ്ടയിലും മുഖത്തും അവശേഷിച്ചിരുന്നത് കൊണ്ട് അവൾക്കും കൂടുതൽ വിശദീകരിക്കേണ്ടി വന്നില്ല..
അവന്റെ ആവശ്യപ്രകാരം അവളുടെ അമ്മ , മകൾ ഹോസ്പിറ്റലിലാണ് എന്നറിയിച്ചതിന് മറുപടിയായിട്ടെത്തിയ ‘എന്നിട്ടവൾ ച,ത്തി,ല്ലേ’ എന്ന പരിഹാസസ്വരം സ്പീക്കറിലിട്ട മകനും കേൾക്കുന്നുണ്ടായിരുന്നു.
ഭാര്യയെയും കൂട്ടി വീട്ടിലേക്ക് കയറിവന്ന മകന്റെ മുൻപിൽ അമ്മ വീണ്ടും നാടകം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ അവനറിഞ്ഞതെല്ലാം വെട്ടിത്തുറന്ന് ചോദിക്കേണ്ടിവന്നു.
നീയെന്റെ മാത്രം മകനാണ് , ഞാൻ കഴിഞ്ഞേ നിന്നിൽ ആർക്കും അവകാശമുള്ളൂ..
സ്നേഹകൂടുതൽ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് കുറ്റസമ്മതം നടത്തി പൊട്ടിക്കരഞ്ഞ അമ്മയോടെന്തോ ക്ഷമിക്കാൻ അവന് കഴിഞ്ഞില്ല.
തന്റെ പേരിൽ വാങ്ങിയ സ്വത്തുവകകൾ മകന്റെ പേരിലേക്ക് തിരികെ എഴുതികൊടുത്തിട്ടും ..
സ്വത്തോ പണമോ അല്ല നീ മാത്രമാണെന്റെ സമ്പാദ്യമെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റുകൾ പൊറുക്കണമെന്നും കേണപേക്ഷിച്ചിട്ടും അവന്റെ മനസ്സലിഞ്ഞില്ല.
കുറെയേറെ ദിവസങ്ങൾ രണ്ടുപേർക്കുമൊപ്പം ജോലി കളഞ്ഞ് നിന്നതിൽ നിന്നും അവന് മനസ്സിലായത് രണ്ടുപേരും വിട്ടുവീഴ്ചകൾക്ക് തയ്യാറല്ല.
അവന്റെ മുൻപിൽ എത്ര സ്നേഹത്തോടെ അഭിനയിച്ചാലും രണ്ടുപേരും കീരിയും പാമ്പും പോലെ ശത്രുക്കളാണ്…
ഒടുവിൽ അവന് ജോലിക്ക് മടങ്ങിപോകാനുള്ള സമയമടുത്തപ്പോൾ അമ്മയുള്ള വീട്ടിൽ തുടർന്ന് തനിയെ താമസിക്കാൻ ഭാര്യ വിസമ്മതം അറിയിച്ചു.
മകനാണ് ,അവന്റെ ജീവിതമാണ്, ഒരു പരിധി കഴിഞ്ഞാൽ അല്ലെങ്കിൽ അവന്റെ ജീവിതത്തിലേക്ക് വേറൊരു പെൺകുട്ടി കടന്നുവന്നാൽ അവരെ അവരായി ജീവിക്കാൻ വിടണമെന്ന തിരിച്ചറിവ് അമ്മയ്ക്കുണ്ടായില്ല , മനസിലാക്കിക്കാൻആർക്കും കഴിഞ്ഞുമില്ല..
എല്ലാം നഷ്ടപെട്ടവൾക്ക് ജീവിക്കാൻ ആകെയുള്ള പ്രതീക്ഷയായ മകനാണ് തന്റെ ലോകമെന്ന് കരുതി ജീവിച്ചതുകൊണ്ടാണ് അളവിൽ കൂടുതൽ അടുപ്പവും സ്വതന്ത്രവും അമ്മക്കെന്ന് മനസിലാക്കാൻ മരുമകൾക്കും സാധിച്ചില്ല..
ഭാര്യയ്ക്കും അമ്മയ്ക്കുമിടയിൽ ട്രപ്പീസുകളിക്കാരനായി ബാലൻസ് ചെയ്ത് രണ്ടുപേരെയും ചേർത്ത് പിടിച്ച് മുന്നോട്ട് ജീവിക്കാനുള്ള സാമർഥ്യമോ വകതിരിവോ അവനുമുണ്ടായില്ല..
അടുത്ത ലീവിന് വരുന്നത് വരെ ഭാര്യയെ തൽക്കാലം അച്ഛനമ്മമാരുടെ അടുത്തേക്ക് കൊണ്ട് വിടാമെന്ന് തീരുമാനിച്ച അന്ന് രാത്രി ,
ഇത്രത്തോളം താനൊരു അധികപറ്റായിടത്ത് ഇനി നിൽക്കുന്നില്ലെന്ന് അറിയിച്ച് അമ്മ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ തുനിഞ്ഞു.
അന്നുവരെ അടക്കിപ്പിടിച്ച അമർഷവും ദേഷ്യവും പൊട്ടിത്തെറിച്ച് അമ്മയും ഭാര്യയും പോരുകോഴികളെ പോലെ അങ്കക്കലിയിൽ തുള്ളുന്നത് നോക്കി നിൽക്കുമ്പോൾ
അവന്റെ മുൻപിൽ രണ്ടുപേരെയും രണ്ടിടങ്ങളിലേക്ക് മാറ്റുകയെന്നല്ലാതെ വേറൊരു വഴിയുണ്ടായിരുന്നില്ല.
ബന്ധുക്കളാരും ഏറ്റെടുക്കില്ലെന്ന് ഉറപ്പായതുകൊണ്ട് അമ്മയെ സ്നേഹാലയത്തിലും ഭാര്യയെ ഭാര്യവീട്ടിലും ഏല്പിച്ച് അവൻ മടങ്ങിവന്നു.
നാട്ടിൽ നിന്ന് വന്ന ശേഷം വരുന്ന ഓരോ ഫോൺ വിളിയിലും അവൻ അസ്വസ്ഥനായിരുന്നു.
ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതായതോടെ ഇവിടെയും വാണിംഗ് ലെറ്റർ കിട്ടിക്കഴിഞ്ഞിരുന്നു.
മകന്റെ വിളി എത്താതാകുമ്പോൾ മരുമകളെ വിളിച്ച് പുലഭ്യം പുലമ്പുന്ന അമ്മ പക്ഷെ, മകൻ വിളിച്ചാൽ ഒരു കുഴപ്പവും ഉണ്ടാക്കാതെ അവളോടൊപ്പം വീട്ടിൽ നിന്നോളാം ഒന്നെന്നെ ഇവിടുന്ന് കൊണ്ടുപോ എന്ന് വാവിട്ട് നിലവിളിച്ചു..
ഇപ്പോൾ വിളിച്ചപ്പോഴും എന്നെയൊന്ന് വീട്ടിലേക്ക് കൊണ്ടുവിടു ഇവിടെയെനിക്ക് പറ്റുന്നില്ല ..ഞാൻ വീട്ടിൽ തനിയെ നിന്നോളാമെന്നാണ് അമ്മ പറയുന്നത് ..
“ഇനിയെനിക്ക് വയ്യെടോ അത്രക്കും ഞാൻ സഹികെട്ടു.. ഇതുവരെ കണ്ടതുപോലെ അല്ല അവരിപ്പോൾ …എന്നെ തനിയെ കിട്ടാൻ അവളെ കൊ,ല്ലാ,ൻ പോലും മടിക്കാത്തത് പോലെയുള്ള ഭ്രാന്ത്..”
കിടപ്പ് മുറിയിൽ പോലും മകനും ഭാര്യയ്ക്കും അവരുടേതായ സ്വകാര്യത മാനിക്കാതെ കടന്ന് ചെല്ലുന്ന…
ഭാര്യയെയും കൂട്ടി ഒരു യാത്ര പോലും പോകാൻ അനുവദിക്കാത്ത…
നിസ്സാരകാര്യങ്ങളിൽ പോലും ഭാര്യയെക്കാൾ അവകാശം അവനിൽ തനിക്കാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന അമ്മയെ അവന് മടുത്തിരിക്കുന്നു.
“അമ്മയെ സാധിക്കുമെങ്കിൽ ഒരു ഡോക്ടറെ കാണിക്കൂ ചിലപ്പോൾ ഇങ്ങനുള്ള സന്ദർഭങ്ങളിൽ കൗൺസിലിംഗ് സഹായമാകാറുണ്ട്”
“അതെല്ലാം പലവട്ടം കഴിഞ്ഞേടോ… അമ്മയ്ക്ക് ഇപ്പോഴൊരു വാശി പോലെയാണ് , മകനെ അമ്മയിൽ നിന്നകറ്റാൻ ശ്രമിക്കുകയാണ് അവൾ അതുകൊണ്ട് അവളെ എന്ത്ചെയ്തും മകന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുമെന്ന വാശി..”
വേറൊന്നും സംസാരിക്കാനില്ലാതെ ഞാനവന്റെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോഴും മനസ്സിൽ അതുവരെയും മകനെന്ന ലോകത്തിനപ്പുറം ചിന്തിക്കാത്ത ഒരമ്മയുടെ ജീവിതം ഇനിയെന്തായിരിക്കും എന്നായിരുന്നു.
സന്തോഷത്തോടെയും സ്നേഹത്തോടെയും മകനും കുടുംബവുമൊത്ത് സമാധാനമായി ജീവിക്കാമായിരുന്നിട്ടും മകന്റെ ജീവിതത്തിലെ സമാധാനകേടാകാനാണ് അമ്മ ശ്രമിച്ചതും ഈ അവസ്ഥയിലെത്തിച്ചതും.
അമ്മയുടെ മാ,റി,ട,ത്തിലെ ചൂടേറ്റ് കിടക്കുന്ന അമ്മിഞ്ഞ മണക്കുന്ന പാൽകുഞ്ഞിൽ നിന്നും മകൻ വലുതായെന്നും അവനൊരു മുതിർന്ന പുരുഷനായെന്നും തിരിച്ചറിയാതെ
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും തന്റെ കരുതലും സ്നേഹവും കൊടുക്കണമെന്ന് തെറ്റിദ്ധരിച്ച് അനാവശ്യമായ ഇടപെടലുകൾ നടത്തി,
തനിക്ക് മാത്രം അവകാശപ്പെട്ടയിടത്തേക്ക് കടന്നുകയറിയവളായി മരുമകളെ മാറ്റി നിർത്തിയപ്പോൾ അമ്മയറിഞ്ഞില്ല മകൻ തന്നിൽ നിന്നും ദൂരേക്ക് പോയത്..
മകൻ തന്നെ അവഗണിച്ചെന്ന തോന്നലും തനിച്ചായിപ്പോയ വേദനയും വൃദ്ധസദനത്തിൽ കൊണ്ടുവിട്ട സങ്കടവുമെല്ലാം കൂടി താമസിയാതെ അമ്മയുടെ ജീവനെടുത്തു.
അവസാനമായി ഒന്ന് കാണാൻ പോലും സാധിക്കാത്തതും മ,ര,ണം വരെയും അമ്മയെ തെറ്റിദ്ധാരണകൾ തിരുത്തി കൂടെച്ചേർക്കാൻ സാധിക്കാതിരുന്നതും മകന്റെ ജീവിതത്തിന്റെ താളവും തെറ്റിച്ചു.
വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച മക്കളെ അവരുടെതായ ലോകത്തിലേക്ക് വിട്ട് ജീവിതം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കാത്ത,
അത്തരം സ്വഭാവം സ്വന്തം ജീവിതത്തോടൊപ്പം മക്കളുടെ ജീവിതവും നരകത്തിലാക്കുമെന്ന തിരിച്ചറിവില്ലാത്ത മാതാപിതാക്കൾ മക്കൾക്കും മരുമക്കൾക്കും മുൻപിൽ പ്രതിനായിക/ നായക വേഷമായിരിക്കുമെന്ന് തീർച്ചയാണ്.