അച്ഛൻ ഇത്രയും പ്രയാസപ്പെടുത്തിയിട്ടും അമ്മ എന്താ അച്ഛനെ വിട്ട് പോകാത്തത്?”.

സ്നേഹമാണഖിലസാരമൂഴിയിൽ
(രചന: Mahalekshmi Manoj)

സ്കൂൾ കാലത്തിലെപ്പോഴോ ചോറ് വെയ്ക്കാൻ അരിയില്ലാതെ വിഷമിച്ചിരുന്ന അമ്മ ഏതോ വിശേഷത്തിന് എപ്പോഴോ വാങ്ങി വെച്ചിരുന്ന നെല്ല്

ചെറുതായി ഇടിച്ച് അതിൽ നിന്നും വിട്ട് കിട്ടുന്ന അരി വെച്ച് ചോറ് മക്കൾക്ക്‌ വെച്ച് കൊടുക്കാം എന്ന് കരുതി ആ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്നപ്പോഴായിരുന്നു എന്റെ ചോദ്യം.

“അച്ഛൻ ഇത്രയും പ്രയാസപ്പെടുത്തിയിട്ടും അമ്മ എന്താ അച്ഛനെ വിട്ട് പോകാത്തത്?”.

“അച്ഛനെ സ്നേഹിച്ചിരുന്ന കാലത്തെ സ്നേഹം ഇപ്പോഴും ഉള്ളത് കൊണ്ട്.””ങേ, അപ്പോൾ നിങ്ങള് സ്നേഹിച്ചാണോ കല്യാണം കഴിച്ചത്?”, അന്ന് അതെനിക്ക് പുതിയ അറിവായിരുന്നു.

അമ്മ മറുപടി പറഞ്ഞില്ല, നെല്ല് ഇടിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, ഒരു മണി അരി പോലും നഷ്ടപ്പെടാൻ പാടില്ല എന്നുറച്ച്.

“അപ്പോൾ അമ്മയുടെ വീട്ടിൽ സമ്മതിച്ചോ?”, ഞാൻ വിട്ടില്ല.”ചേട്ടൻ പറഞ്ഞു ഇത് നമുക്ക് വേണ്ട, നീ ഒന്ന് കൂടി ആലോചിക്ക്, അവനെ കുറിച്ച് ഞാൻ നല്ല പോലെ അന്വേഷിച്ചു,

കൂട്ട് കെട്ട് അവനെ കാർന്നുതിന്നുകൊണ്ടിരിക്കയാണ്, നീ പ്രയാസപ്പെടും എന്നൊക്കെ.””എന്നിട്ട്?”.

“എന്നിട്ടെന്താ?, എനിക്ക് അന്ന് അഹങ്കാരം ആയിരുന്നു ഒരു ജോലി ഉള്ളതിന്റെ, ഞാൻ പറഞ്ഞു എനിക്ക് ജോലി ഉണ്ടല്ലോ ഞങ്ങൾ അത് കൊണ്ട് ജീവിച്ചു കൊള്ളാം എന്ന്.

കണ്ടില്ലേ ഇപ്പോൾ നന്നായി ജീവിക്കുന്നത്?”, അമ്മ കണ്ണുകൾ തുടച്ചു.അമ്മ തുടർന്നു, “പക്ഷെ അന്നത്തെ ആ സ്നേഹം ഇന്നും മനസ്സിൽ തന്നെ ഉണ്ട്,

അത് കൊണ്ട് ഒരിക്കലും വിട്ട് പോകാൻ കഴിയില്ല, നിങ്ങടെ അച്ഛനും അത് സാധിക്കില്ല എന്നെനിക്കറിയാം.”

ആ സ്നേഹം സത്യമായത് കൊണ്ടായിരിക്കാം ഞങ്ങൾക്കായി ആഹാരം ഉണ്ടാക്കാനുള്ള വഴി കണ്ടെത്തുന്ന കൂട്ടത്തിൽ അച്ഛനുള്ളത് കൂടി മറക്കാതെ അമ്മ കരുതി വെച്ചിരുന്നത്.

ആ സ്നേഹം ഉള്ളിൽ ഉറഞ്ഞു പോയത് കൊണ്ടാകണം അച്ഛൻ മരിച്ച സമയം വീട്ടിലായിരുന്ന അമ്മയെ അച്ഛൻ പേരെടുത്ത് വിളിക്കുന്നത് പോലെ അമ്മ കേട്ടത്.

ഇന്നും അമ്മ പറയും, “എന്നെ പേര് വിളിക്കുന്നത് വ്യക്തമായി ഞാൻ കേട്ടു, ഞാൻ വിളി കേൾക്കുകയും ചെയ്തു.”

ആ സ്നേഹം അത്രമേൽ തീവ്രമായത് കൊണ്ടായിരിക്കണം അമ്മയല്ലാതെ വേറെ ആരും അച്ഛനെ കുറ്റം പറയുന്നത് അമ്മ ഇഷ്ടപ്പെടാതിരുന്നത്.

ആ സ്നേഹം ഇന്നും അത് പോലെ ഉള്ളത് കൊണ്ടാകണം അച്ഛനെ കുറിച്ചോർക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത്.

അമ്മ ഇല്ലാതായാൽ ഞാൻ എന്ത് ചെയ്യും എന്ന് അറിയാതെ ചിന്തിച്ചു പോയാൽഅത് സംഭവിച്ചത് പോലെ ആർത്തലച്ച് കരയുന്നതും അമ്മയോട് അത്രയും സ്നേഹമുള്ളത് കൊണ്ടാവാം, അല്ല ആണ്.

നമ്മൾ ഇല്ലാതായാലും നമ്മളെ കുറിച്ചോർക്കാനും സങ്കടപ്പെടാനും, നമ്മളുടെ ഓർമ്മകൾ നമ്മുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ സുഗന്ധം നിറയ്ക്കാനും,

നമ്മുടെ ആത്മാവിനു വേണ്ടി അവർ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാനും ഒക്കെ അവരെ നമ്മൾ സ്നേഹിക്കണം.

അങ്ങോട്ട്‌ കൊടുക്കുന്നത് ആത്മാർഥമാണെങ്കിൽ ഒരംശം എങ്കിലും തിരികെ കിട്ടും,

എന്ത് കാര്യവും കൊടുത്താൽ അത് പോലെ തിരികെ കിട്ടണമെന്ന് വാശി പിടിക്കാൻ ആവില്ലല്ലോ, പ്രത്യേകിച്ച് സ്നേഹത്തിന്റെ കാര്യത്തിൽ.

തിരികെ കിട്ടില്ല എന്ന ഉറപ്പോടെ കൊടുത്താൽ ഒരിക്കലും പ്രയാസപ്പെടേണ്ടി വരില്ല എന്ന് പറയുന്നതും സ്നേഹത്തെ കുറിച്ച് തന്നെ.സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പറയുന്നത് എത്ര വലിയ സത്യം.

Leave a Reply

Your email address will not be published. Required fields are marked *