ഇച്ചന്റെ പെണ്ണ്
(രചന: Meera Kurian)
ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു…
അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്…എടാ കുഞ്ഞൂസേ…. അവന്റെ ആ വിളിയിലുണ്ടായിരുന്നു എല്ലാം. തന്റെ പ്രിയപെട്ടവളോട് അത്രമേൽ ഇഷ്ടം തോന്നുമ്പോൾ അവളെ വിളിക്കുന്ന പേര്.
എന്താടാ ഇത്. ഒരു വർഷം എന്നൊക്കെ പറഞ്ഞാൽ, ദാ.. കണ്ണടച്ച് തുറക്കുന്ന പോലെ പോകുന്നേ. ദേ നമ്മടെ കെട്ട് കല്യാണം കഴിഞ്ഞപ്പോൾ ഒന്നേ ഞാൻ പറഞ്ഞ് ഉള്ളൂ. ഈ കണ്ണുകൾ ഒരിക്കലും നിറയരുതന്ന്.
എനിക്ക് അത് സഹിക്കാൻ കഴിയില്ലടീ പെണ്ണേ. പറയുന്നതിനോടോപ്പം അവളെ അവൻ നെഞ്ചിൻ ചൂടിൽ പൊതിഞ്ഞ് പിടിച്ചിരുന്നു.
അവന്റെ ഇടനെഞ്ചിൽ സങ്കട പെമാരി പെയ്തൊഴിക്കുമ്പോൾ അവളുടെ ഓർമ്മകൾ 6 മാസം മുൻപ് ഉള്ള ദിവസത്തിലേക്ക് പോയിരുന്നു..
പപ്പാ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ല. പയ്യനെ ഒന്ന് നേരിട്ട് കാണാതെ കല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല.
അതിനല്ലടീ ഇപ്പം വീഡിയോകോൾ ഉള്ളത്. നീ ഒന്ന് വിളിച്ച് കണ്ടു നോക്ക്. ഞങ്ങൾ ഒക്കെ പോയി കണ്ടതാ മോളെ നല്ല കുടുബമാ. അന്വേഷിച്ചപ്പോൾ ആരും ഒരു ദോഷവും പറഞ്ഞില്ല. മാത്രവുമല്ല യൂറോപ്പിൽ നല്ല ഒരു ജോലിയും.
പപ്പാ എനിക്ക് എന്റെതായ ഇഷ്ടങ്ങൾ ഉണ്ട്.എന്താടീ നിന്റെ ഇഷ്ടം 26 വയസ്സ് ആവുന്നു. ലോകത്തുള്ള ഏത് ആൺപിള്ളാരെ കണ്ടാലും അവൾക്ക് ബോധിക്കില്ല. ചോദിച്ചാൽ പറയും സ്പാർക്ക് വന്നില്ലന്ന്.
ഇനി നിന്റെ ഇഷ്ടങ്ങൾക്ക് തുള്ളാൻ ഇവിടെ പറ്റില്ല. ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം തന്ന് ഇഷ്ടങ്ങളെല്ലാം സാധിച്ച് തന്ന് വഷളാക്കിയത് ഞാൻ തന്നെയാ. അതു കൊണ്ട് ഈ കല്യാണം നടക്കണം.
രാത്രിയിൽ ഉറക്കമില്ലാതെ ജനലരികളിൽ നോക്കി കിടക്കുമ്പോൾ പപ്പയുടെ വാക്കുകളായിരുന്നു മനസ്സ് നിറയെ.
ഒന്നിനും വേണ്ടി ഇന്ന് വരെ വാശിപിടിക്കേണ്ടി വന്നിട്ടില്ല. എന്താഗ്രഹം പറഞ്ഞാലും സാധിച്ച് തരുന്ന അപ്പൻ. പല പെണ്ണ് കാണലും ഞാൻ തന്നെ മുടക്കിയപ്പോൾ, സാരമില്ലടാ..
നീ നിനക്ക് ഇഷ്ടമുള്ളവനെ കെട്ടിയാൽ മതിയന്ന് പറഞ്ഞ് കൂടെ നിന്ന അപ്പടെ മാറ്റം എനിക്ക് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.
രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല. ആദ്യമായാണ് പപ്പയോട് വഴക്കിടുന്നത്. അല്ലെങ്കിലും പെൺകുട്ടികൾക്ക് എന്നും അപ്പൻമാരോട് ഒരു സ്നേഹകൂടുതൽ ഉണ്ടല്ലോ. പക്ഷേ എന്റെ കാര്യം എടുത്താൽ പപ്പയാണ് എനിക്ക് എല്ലാം.
ഒരോന്ന് ആലോചിച്ച് ഉറക്കമില്ലാതെ ഇരുന്നപ്പോഴാണ് മമ്മിടെ നിലവിളി കേട്ടത്. ഓടി ചെന്ന് നോക്കിയതും നെഞ്ചുവേദനയിൽ പുളയുന്ന പപ്പയെ കാൺകെ ശ്വാസം നിലച്ചു പോയിരുന്നു.
ഐ സി യുവിന്റെ വാതിൽക്കൽ എല്ലാം തകർന്നവരെ പോലെ നിൽക്കുന്ന മമ്മിയെയും അനിയനയും കാൺകെ ഒരു തരം കുറ്റബോധം എന്നെ വന്ന് പൊതിയാൻ തുടങ്ങി.
പപ്പയ്ക്ക് ഉണ്ടായത് ഒരു മൈനർ അറ്റാക്ക് ആണെന്നും.അതിനുള്ള പോസ്സിബിലിറ്റി ഡോക്ടർ നേരേത്തേ പറഞ്ഞതിന്റെ പേരിലായിരുന്നു. ഈ കല്യാണ ആലോചനയ്ക്ക് പപ്പ നിർബന്ധം പിടിച്ചത് എന്നറിഞ്ഞതും. മനസ്സില്ലാ മനസ്സോടെ പാതി സമ്മതം മൂളി.
അല്ലെങ്കിലും പെൺകുട്ടികൾക്ക് കല്യാണ കാര്യത്തിൽ നൂറ് സങ്കല്പങ്ങൾ ഉണ്ടാകുമല്ലോ. പണ്ട് മുതലേ ചായ കൊടുത്തുള്ള ഏർപ്പാട് കലിയായിരുന്നു.
ആരെ വേണമെങ്കിലും പ്രേമിച്ചോ എന്ന് അപ്പൻ ഫുൾ ലൈസൻസ് തന്നിട്ടും, ഇന്നു വരെ പ്രേമിക്കാൻ പറ്റിയ ഒരാളെ കണ്ട് കിട്ടിയില്ല എന്നുള്ളതായിരുന്നു സത്യം. എന്റെ ഭാഷയിൽ പറഞ്ഞാൽ സ്പാർക്ക് വന്നില്ല.
എല്ലാ കാര്യങ്ങളിലും വളരെ ബോൾഡ് ആയി തീരുമാനം എടുക്കാറുള്ള ഞാൻ, എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യത്തിൽ ഇങ്ങനെ നിൽക്കേണ്ടി വന്നത് ഓർത്ത് എന്നോട് തന്നെ പുച്ഛം തോന്നി.
എല്ലാവരുടെയും നിർബന്ധത്തിൽ വിഡിയോ കോൾ നടത്തി. എന്റെ സങ്കല്പങ്ങൾക്ക് ഒത്തെ ആൾ ആണെന്ന് കണ്ടിട്ട് തോന്നിയില്ല.
ഇഷ്ടകുറവ് ഉള്ളതു കൊണ്ടാവണം അധികം സംസാരിക്കാതെ വീട്ടുകാരുടെ കൈയ്യിൽ ഫോൺ കൊടുത്ത് തടി തപ്പി.
പിന്നീട് എല്ലാം പെട്ടന്നായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോക്കും വരവും കഴിഞ്ഞ് എന്റെ കാര്യത്തിൽ എല്ലാവരും തീരുമാനം എടുത്തപ്പോൾ മനസ്സിൽ ഒരു തരം നിർവികാരതയായിരുന്നു.
എന്തോ.. നോ പറയാൻ മനസ്സും ശരീരവും അനുവദിക്കാത്ത അവസ്ഥ.ഇത് നിന്റെ വിധി തന്നെയാ… ദൈവം എന്റെ മോൾക്കായിട്ട് കൊണ്ടു വന്ന പയ്യൻ തന്നെ. ഒറ്റ കാര്യത്തിലെ പപ്പയ്ക്ക് സങ്കടം ഉള്ളൂ.
നിങ്ങൾ രണ്ട് പേരും അക്കരയും ഇക്കരയും നിൽക്കണ്ടേ. വർഷത്തിലെ ഒരു മാസമേ ലീവ് ഉള്ളൂ. പപ്പടെ പറിച്ചിൽ കേട്ടപ്പോൾ ഓർത്തത് മൂന്നാല് മാസങ്ങൾക്ക് മുൻപ് ഞാൻ എടുത്ത എന്റെ പ്രതിജ്ഞ ഓർത്താണ്.
ഒരിക്കൽ പനിയായിട്ട് ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ. ഒരു നിറവയറുള്ള ചേച്ചീ സ്റ്റെപ്പ് ഇറങ്ങി വരുന്നത് കാണുന്നത്. കണ്ടപ്പോൾ തന്നെ പാവം തോന്നി.
അത്രയ്ക്ക് ക്ഷീണം ഉള്ള വയ്യാത്ത ഒരു മുഖം. ഞാൻ നോക്കി നിൽക്കയാണ് ആളുടെ കാല് മടിഞ്ഞത്. ഓടി ചെന്ന് ചേച്ചിയെ താങ്ങി വേണ്ട മരുന്ന് മെടിച്ച് കൊടുത്തപ്പോൾ ആണ് ചേച്ചീടെ കഥ എന്നോട് പറയുന്നത്. ഹസ്ബൻഡ് ദുബായിലാന്നും.
ഒറ്റയ്ക്ക് വേണം കാര്യങ്ങൾ നടത്താനും എന്ന്. സ്വന്തം കെട്ടിയോൻ കൂടെ ഇല്ലാത്ത ആ ചേച്ചീടെ അവസ്ഥ കണ്ടപ്പോൾ അന്ന് എടുത്ത തീരുമാനം ആയിരുന്നു. എന്തൊക്കെ വന്നാലും വെളിയിൽ നിന്ന് ഒരാലോചന വേണ്ടന്ന്.
ഇപ്പം അത് ഒരാശ്വാസമായി തോന്നി. വിവാഹം കഴിഞ്ഞ് ഒരു മാസം സഹിച്ചാൽ മതിയല്ലോ. പിന്നെ ശല്യം ഉണ്ടാവില്ല. അടുത്ത ലീവിന് വരുന്നതിന് മുൻപ് ദൂരെ എവിടെ എങ്കിലും എനിക്കും ഒരു ജോലി നോക്കി മാറാം. മനസ്സിൽ പല പദ്ധതികളും കണക്ക് കൂട്ടി.
ആൾക്ക് ലീവിലായിരുന്നത് കൊണ്ട് തന്നെ നാല് മാസം കഴിഞ്ഞ് നടത്താം എന്ന് തീരുമാനിച്ചു.
ഒരിക്കൽ ഫോണിൽ പതിവുപോലെ നോക്കി കൊണ്ടിരിക്കുന്ന സമയത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വരുന്നത്. കെട്ടാൻ പോകുന്നവന്റെ മെസ്സേജ് ആണ് എന്ന് തിരിച്ചറിഞ്ഞതും എന്തോ വല്ലാത്ത ദേഷ്യമാണ് വന്നത്.
പിന്നീട് തുടരെത്തുടരെയുള്ള ഫോൺവിളികളും മെസ്സേജ് അയപ്പും.ആദ്യം തന്നെ ഒരു ഡിസ്റ്റൻസുമില്ലാതെ എല്ലാ കാര്യങ്ങളും എല്ലാം തുറന്നു പറയുന്ന സംസാരം കേൾക്കെ വല്ലാത്ത ദേഷ്യം ആയിരുന്നു തോന്നിയിരുന്നത്. ആളുടെ അടുത്ത് ഞാൻ വല്ലാത്ത ഒരു ഗ്യാപ്പ് ഇട്ടിരുന്നു.
എപ്പോഴോ എൻറെ ഒരു റിപ്ലൈ പോലും കിട്ടാഞ്ഞിട്ടും എന്നെ കെയർ ചെയ്യുന്ന സ്നേഹിക്കുന്ന സംസാരം കേൾക്കേ എവിടെയോ കുറ്റബോധം തോന്നി തുടങ്ങി.
ഒരുപാട് പ്രതീക്ഷയോടെ എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ കാത്തിരിക്കുന്ന ഒരാൾ. പിന്നെ ഉള്ള സംസാരങ്ങൾ വെറുതെയാണെങ്കിലും കേട്ടിരിക്കാൻ തുടങ്ങി.
എന്റെ അതേ രീതിയിലുള്ള അതേ സ്വഭാവമുള്ള ഉള്ള ഒരാൾ. ചുരുക്കിപ്പറഞ്ഞാൽ എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന ഒരാൾ.
ദിവസങ്ങൾ കഴിഞ്ഞു പോകേ
എവിടെയൊക്കെ എന്റെ മനസ്സ് ആ ഫോൺ വിളി കാത്തിരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
ഇഷ്ടമാണോ എന്ന് ചോദിച്ചാൽ അല്ല. ഇഷ്ടം അല്ലേ എന്ന് ചോദിച്ചാൽ എന്തോ ഒരിഷ്ടവും.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി ജീവിതത്തിൽ ഏറ്റവും അധികം സ്വപ്നം കണ്ട വിവാഹ വസ്ത്രത്തിൽ വെള്ള ഗൗൺ ഇട്ട് ഒരു മാലാഖയെ പോലെ ആളുടെ അരികിൽ നിൽക്കുമ്പോൾ ഒന്നേ പ്രാർത്ഥിച്ചുള്ളു എങ്ങനെയും ആളെ സ്നേഹിക്കാൻ പറ്റണന്ന്.
പുതിയതായി വീട്ടിലേക്ക് കേറിചെന്നപ്പോൾ എല്ലാ പെണ്ണുങ്ങളെയും പോലുള്ള ആകുലതകളും പരിഭ്രാന്തിയും ആയി നിന്നപ്പോൾ.
ഫസ്നൈറ്റ് നമുക്ക് നമ്മുടെ വീട്ടിൽ മതി എന്ന് പറഞ്ഞ് എന്റെ കൈ പിടിച്ച് കാറിന്റെ അരികിലേക്ക് പോകുന്ന ആളെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ തറഞ്ഞ് നിന്നു പോയി.
എന്താടോ താൻ അന്തം വിട്ടു നിൽക്കുന്ന നമ്മടെ വീട് എന്ന് പറഞ്ഞത് തന്റെ വീട് തന്നെയാ. ഇനി മുതൽ എന്റെ നിന്റെ എന്ന് ഒന്നുമില്ല, നമ്മുടെതെ ഉള്ളൂ.
ആ പറച്ചിൽ കേൾക്കേ ലോട്ടറി അടിച്ച സന്തോഷമായിരുന്നു എനിക്ക്. എങ്ങനെ ഇത്ര കറക്റ്റ് ആയിട്ട് എന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞത് എന്നോർത്ത് ഒരുവേള അത്ഭുതം തോന്നി.
പിന്നീടങ്ങോട്ട് എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമേ ജീവിതത്തിൽ ഉണ്ടാകാനുള്ളൂ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
എനിക്ക് പപ്പ ഇല്ലല്ലോ അതുകൊണ്ട് തന്റെ പപ്പയെ ഞാൻ അങ്ങ് എടുക്കുവാ തനിക്ക് കുശുമ്പ് ഒന്നും തോന്നണ്ടാന്ന് പറഞ്ഞ്, വീട്ടിൽ എത്തിയത് മുതൽ ഞാൻ പപ്പടെ പുറകേ നടക്കണ പോലെ നടക്കുന്ന ആളെ കണ്ടപ്പോൾ നേരിയ ഒരു കുശുമ്പ് മുള പൊട്ടുന്നത് ഞാനറിഞ്ഞിരുന്നു.
എന്നാൽ പപ്പടെ മുഖത്തേ നിറഞ്ഞ പുഞ്ചിരി കണ്ടപ്പോൾ ആ കുശുമ്പിന് നിമിഷ നേരേത്തേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.
ആദ്യ രാത്രിയിൽ കട്ടിലിനറ്റത്ത് കിടക്കുമ്പോൾ മനസ്സ് പെരുമ്പറ കൊട്ടുകയായിരുന്നു. അപ്പേഴാണ് ആളുടെ അസ്ഥാനത്തെ ചോദ്യം.
എടോ.. തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാ? ആളുടെ ചോദ്യത്തിന് മൗനമായിരുന്നു എന്റെ മറുപടി.എനിക്കറിയാടോ തനിക്ക് ഇഷ്ടം പപ്പയാന്ന്.
പക്ഷേ എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഈ പെണ്ണിനെയാന്ന് പറഞ്ഞ് എന്റെ നെറ്റിയിൽ ചുംബനം തരുമ്പോൾ ഇന്നു വരെ അനുഭവിക്കാത്ത ഒരു സന്തോഷം എന്നെ പൊതിയുന്നുണ്ടായിരുന്നു.
പിറ്റേന്ന് എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ എന്റെ സങ്കടം കണ്ടിട്ടാവണം എന്റെ വലംകൈയ്യിൽ ആൾ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. ഇനി നിനക്ക് ഞാനില്ലേ എന്ന് പറയാതെ പറയും പോലെ.
കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം പനി വന്ന് വിറയ്ക്കുന്ന രാത്രിയിൽ ഉറക്കം കളഞ്ഞ് കൂട്ടിരുന്ന് നെഞ്ചോട് ചേർത്ത് പിടിക്കുന്ന ആളെ കാൺകെ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
വേണ്ട പനി പകരും എന്ന എന്റെ പറച്ചിലിൽ.
എന്റെ പെണ്ണിന്റെ പനിയല്ലേ , അത് കിട്ടുവാണേൽ കിട്ടട്ടെ ഞാൻ സഹിച്ചോളാന്ന് പറഞ്ഞ് ഒന്ന് കൂടി എന്നെ ചേർത്ത് പിടിച്ചപ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. അതെ പപ്പടെ സെലക്ഷൻ ഒട്ടും തെറ്റിയിട്ടില്ല. ദൈവം എനിക്കായി തന്നത് തന്നെ.
പീരിയേഡസിന്റെ ദിവസങ്ങളിൽ നടുവ് വേദനയും വയറു വേദനയുമായി പുളയുമ്പോൾ ചൂട് പിടിച്ച് തരാനും, എന്താഗ്രഹം പറഞ്ഞാലും അത് അപ്പം തന്നെ സാധിച്ച് തരാനും,
എന്റെ എല്ലാ പൊട്ടത്തരങ്ങൾ ഒരു മടിയും ഇല്ലാതെ കേട്ടിരിക്കാനും, എന്റെ ചെറിയ കുറുമ്പുകൾക്ക് കൂട്ട് നിൽക്കാനും ഒരാൾ.
പിന്നീട് അങ്ങോട്ട് ഒരു പ്രണയകാലമായിരുന്നു. സ്നേഹവും കരുതലും വാത്സല്യവും ഒക്കെ കൊണ്ട് ഒരു വസന്ത കാലം. ദിവസങ്ങൾ കൊണ്ട് ഞാൻ ഇച്ചായന്റെ പെണ്ണായി മാറുകയായിരുന്നു. ഞാൻ ഇച്ചന്റെ കുഞ്ഞൂസും.
ജീവിതം എന്ന് പറയുന്നത് വല്ലാത്ത ഒരു സംഭവമാ. നമ്മൾ എത്രയോക്കെ പ്ലാൻ ചെയ്താലും ദൈവം ചില വിധികൾ കരുതി വച്ചിട്ട് ഉണ്ടാവും. ജീവിതത്തിലെ ഏറ്റവും ബ്യൂട്ടിഫുൾ മോമന്റസ് അത് തന്നെയാവും.
ദിവസങ്ങൾ ശരവേഗത്തിൽ പോയ്കൊണ്ടിരുന്നു. എനിക്ക് വേണ്ടി ഇച്ചായൻ ഒരു മാസം കൂടി ലീവ് നീട്ടി. രണ്ട് മാസം എത്ര പെട്ടന്നാ പോയത്.
നീ എന്താടീ കുരുപ്പേ ആലോചിച്ച് കൂട്ടുന്നത് എന്ന ഇച്ചന്റെ ചോദ്യമാണ് യഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
ആളുടെ നെഞ്ചിൽ മുഖമുരസി കൊണ്ട് ഞാൻ പറഞ്ഞു ഈ ലോകത്ത് ഏറ്റവും ഇഷ്ടം എനിക്ക് എന്റെ ഇച്ചനയാ ന്ന്. അതു കേട്ടപ്പോൾ ആ കണ്ണുങ്ങൾ തിളങ്ങുന്നത് ഇരുട്ടിലും ഞാൻ കണ്ടിരുന്നു.
ഞാൻ പോകുമ്പോൾ എന്ത് സമ്മാനമാ എനിക്ക് തരുന്നത് എന്ന ആളുടെ ചോദ്യത്തിന്. ആ ഇടനെഞ്ചിലെ മറുകിൽ പല്ലുകൾ ആഴ്ത്തി നല്ല ഒരു കടി വച്ച് കൊടുത്തിട്ട് പറഞ്ഞു. ഇതാ എന്റെ സമ്മാനം. തിരികെ വരുന്നത് വരെ എന്നെ മറക്കാതിരിക്കാൻ.
പിറ്റേന്ന് യാത്ര പറഞ്ഞ് പോകുമ്പോൾ വിധി എന്ന രണ്ടക്ഷരം ഓർത്ത് കരയുകയായിരുന്നു. ഒരിക്കൽ എങ്ങനെയെങ്കിലും പറഞ്ഞ് വിട്ടാൽ മതിയെന്ന് വിചാരിച്ചിരുന്നടത്ത് നിന്ന് എത്ര പെട്ടന്നാണ് ഞാൻ മാറിയത്.
ഇന്ന് എന്റെ ഹൃദയം തകർന്നു പോകുന്ന വേദനയിൽ കരയാതെ പിടിച്ച് നിൽക്കാൻ പാടുപെടുകയായിരുന്നു.
കാത്തിരിപ്പിന് വല്ലാത്തൊരു സുഖമാന്ന് എവിടെയൊ വായിച്ചതായി ഓർക്കുന്നു. പക്ഷേ വെറുതെയാണ് ഈ ലോകത്ത് കാത്തിരിപ്പിനോളം വേദന നിറഞ്ഞതായി ഒന്നുമില്ല.
പെട്ടന്ന് ഒരു ദിവസം കൂടെ ഉണ്ടായിരുന്ന ജീവന്റെ പാതിടെ വേർപാട് അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല.
രാത്രിയിൽ ഇച്ചന്റെ നെഞ്ചിൽ തല വച്ചവൾ, തലയണയെ കൂട്ട് പിടിച്ച് അത് കണ്ണീരിൽ കുതിർന്നതും.
കലണ്ടറിൽ ഒരോ ദിവസം എണ്ണി അത് വെട്ടി തീർത്തും, ഊണിലും ഉറക്കത്തിലും നീറുന്ന ഓർമ്മകൾ കൊണ്ട് മനസ്സ് പുകയുന്ന അവസ്ഥ. അത് ഒരു പ്രവാസിയുടെ ഭാര്യയ്ക്ക് മാത്രമേ അറിയൂ.
ചില ദിവസങ്ങളിൽ ഫോൺ വിളിക്കുമ്പോൾ എന്താ എന്റെ പെണ്ണിന്റെ സൗണ്ട് വല്ലാതെ ഇരിക്കുന്ന എന്ന് ആൾ പരാതി പറയുമ്പോൾ, ഒരു വാക്ക് മിണ്ടി പോയാൽ വിതുമ്പി പോകും എന്നറിയാവുന്നത് കൊണ്ട് തലവേദനയാന്ന് കള്ളം പറയും.
ഫോൺ വിളി കഴിഞ്ഞ് അപ്പറത്ത് കോൾ കട്ട് ആകുകയും കണ്ണിൽ കണ്ണീരും മനസ്സിൽ വേദനയും തിങ്ങി നിറയും. ഉറക്കമില്ലാതെ കണ്ണീരിനെ കൂട്ടുപിടിച്ച രാത്രികൾ.
ശരിക്കും ഭ്രാന്തമായ അവസ്ഥ. കൂട്ടുകാരികൾ തന്റെ ഹസ്ബൻഡിനോടെപ്പം യാത്ര പോകുകയും അവരുടെ ഒരുമിച്ചുള്ള ഫോട്ടോകളും ആ സന്തോഷവും കാണുമ്പോൾ വെറുതെ മനസ്സ് കൊതിച്ചു പോകും ഒന്ന് അടുത്ത് ഉണ്ടായിരുന്നങ്കിൽ എന്ന്.
ഞങ്ങളെകാൾ രണ്ടാഴ്ച്ച കഴിഞ്ഞ് കല്യാണം കഴിച്ച കൂട്ടുകാരി വിളിച്ച് ഞാൻ പ്രഗ്നനന്റൊ നിനക്ക് വിശേഷം വല്ലതുമുണ്ടോ എന്ന് ചോദിച്ചപ്പോൾ കൈ അറിയാതെ വയറിലേക്ക് നീണ്ടിരുന്നു.
വീട്ടിലുള്ള ഫംഗ്ഷനുകളിലും ഹോസ്പിറ്റലിലേയ്ക്കും ഒറ്റയ്ക്ക് പോകുമ്പോൾ ചുറ്റുമുള്ളവരുടെ ചോദ്യങ്ങളും മനസ്സിനെ വല്ലാതെ മുറിപ്പെടുത്താൻ തുടങ്ങിയിരുന്നു.
ഓണവും ക്രിസ്മസും പിറന്നാൾ ഒക്കെ തന്റെ പ്രിയപ്പെട്ടവൻ അടുത്ത് ഇല്ലാതെ ആഘോഷിക്കുമ്പോൾ ചിരിയുടെ മുഖമൂടി വെറുതെ അണിഞ്ഞ് സന്തോഷം അഭിനയിക്കാൻ നന്നായി പാടുപെടുകയായിരുന്നു.
ദിവസങ്ങളും, മാസങ്ങളും കടന്ന് പോയി. ഒരോ ദിവസത്തിനും ഒരു യുഗത്തിന്റെ ദൈർഘ്യമുണ്ടന്ന് തോന്നി.
ഫോൺ വിളിക്കുമ്പോൾ എന്റെ പെണ്ണിന് എന്താ കൊണ്ടു വരണ്ടേ എന്ന ചോദ്യത്തിന്,
എനിക്കൊന്നും വേണ്ട ഇച്ചാ … അടുത്ത മാസം നമ്മടെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആഘോഷിക്കുമ്പോൾ നമ്മൾ ഒരുമിച്ചുണ്ടായാൽ മതി എന്ന എന്റെ പറച്ചിലിൽ,
അപ്പറത്ത് അത് കേട്ട് ആ ഹൃദയം സന്തോഷം കൊണ്ടും സങ്കടം കൊണ്ടും നിറയുന്നതറിയുന്നുണ്ടായിരുന്നു.
മറുപടിയായി അതിന് രണ്ട് ദിവസം മുൻപേ ഞാൻ എത്തും. വരുമ്പോൾ ഞാൻ എന്റെ കുഞ്ഞൂസിന് ഒരു സർപ്രൈസ് കൊണ്ടുവരുന്നുണ്ടന്നും പറഞ്ഞപ്പോൾ,
ഇനി നീണ്ട കാത്തിരിപ്പിന് ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്ന് ഓർത്തപ്പോൾ നഷ്ടപെട്ടു പോയ എന്തോ ഒന്ന് തിരിച്ച് കിട്ടിയ ഫീൽ ആയിരുന്നു. എന്നാൽ അതിന് വലിയ ആയുസ്സ് ഇല്ല എന്നറിഞ്ഞത് ഒരാഴ്ച്ച കഴിഞ്ഞാണ്.
എടാ ഇവിടെ ജോലി ആയി ബന്ധപ്പെട്ട് അത്യാവശ്യം വന്നത് കൊണ്ട് വരാൻ കഴിയില്ല എന്ന് വിളിച്ചു പറയുമ്പോൾ, കൈ കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകെ ചേർത്ത് പൊട്ടി കരഞ്ഞിരുന്നു.
ഏപ്രിൽ 24 ആനിവേഴ്സറിടെ അന്ന് രാവിലെ പള്ളിയിൽ പോയി തിരികെ റൂമിലേക്ക് വന്നതും രണ്ട് കൈകൾ വയറിൽ ചുറ്റിപിടിച്ചതും ഒരുമിച്ചായിരുന്നു.
തിരിഞ്ഞ് നോക്കാതെ തന്നെ പ്രിയപ്പെട്ടവന്റെ ഗന്ധം തിരിച്ചറിഞ്ഞിരുന്നു. ഒന്ന് അനങ്ങാൻ പോലും കഴിയാതെ കുറേ നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു. അപ്പോഴും രണ്ട് പേരുടെയും കണ്ണും മനവും ഒരേ പോലെ നിറഞ്ഞിരുന്നു.
എടാ ഇച്ചായാ എന്തിനാടാ എന്നെ പറ്റിച്ചത് എന്ന് പറഞ്ഞ് ആ നെഞ്ചിൽ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്തപ്പോൾ,
എന്റെ പെണ്ണിന് ഒരു സർപ്രൈസ് തരാനല്ലടാ ക്ഷമിക്കടീ. അപ്പം ഇതായിരുന്നോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് ഒത്തിരി സന്തോഷത്തോടെ ആളെ ഞാൻ കെട്ടിപിടിക്കാൻ തുടങ്ങിയതും.
എന്റെ പെണ്ണ് കണ്ണ് ഒന്നടയ്ക്ക് നിനക്ക് ആനിവേഴ്സറി ഗിഫ്റ്റ് വേണ്ടേ അതാ ശരിക്കുള്ള സർപ്രൈസ് എന്ന് പറഞ്ഞ് എന്റെ കണ്ണുകൾ മൂടി കൈയ്യിൽ എന്തോ വച്ച് തന്നു.
കണ്ണ് തുറന്നതും കണ്ടത് ഒരു കവർ ആണ്. തുറന്ന് നോക്കിയതും ഈ ലോകം കീഴടക്കിയെ സന്തോഷമായിരുന്നു. ഞങ്ങൾക്ക് ഒരുമിച്ചുള്ള ടിക്കറ്റും വിസയും.
വിശ്വാസം വരാതെ ആ മുഖത്തേയ്ക്ക് നോക്കിയതും. ഇനി എന്റെ പെണ്ണില്ലാതെ ഇച്ചായന് വയ്യടാ എന്ന് പറഞ്ഞ് എന്നെ കെട്ടി പിടിച്ചിരുന്നു.
ഇനി എന്താ എന്റെ കുഞ്ഞൂസ് എനിക്ക് ഗിഫ്റ്റ് തരുന്നത് എന്ന ചോദ്യം ചോദിച്ചതും ഓടി പോയി ആ നെഞ്ചിൽ മുഖം അമർത്തി ഇച്ചനും എനിക്കും ഏറ്റവും പ്രിയപ്പെട്ട ആ ഇടനെഞ്ചിലെ മറുകിൽ അമർത്തി ചുംബിച്ചിരുന്നു.
അപ്പോഴും ആ ഇടനെഞ്ചിലെ മറുക് പറയാതെ പറയുന്നുണ്ടായിരുന്നു ഇവൾ ഇച്ചന്റെ പെണ്ണ് തന്നെ.