എന്റെ ഉമ്മ
രചന: Navas Amandoor
“മോൻ നാട്ടിൽ ഉണ്ടെന്നുള്ള ധൈര്യത്തിൽ ആളാവാൻ നോക്കിയാൽ തള്ളേ.. മടക്കിക്കൂട്ടി ഒരു മൂലയിൽ ഇടും ഞാൻ. ”
അടുക്കള വാതിൽക്കൽ ഞാൻ എത്തിയപ്പോൾ കണ്ടത് സൈറ ഉമ്മയുടെ നേർക്ക് വിരൽ ചൂണ്ടി ഉമ്മയോട് കയർത്ത് സംസാരിക്കുന്നതാണ്.
അവൾ പറയുന്നത് കേട്ട് തല കുനിച്ചു നിന്നതേയുള്ളു ഉമ്മ.പെട്ടെന്ന് എന്നെ കണ്ടപ്പോൾ അതുവരെ ഭാവമാറ്റമില്ലാതിരുന്ന ഉമ്മയുടെ കണ്ണ് നിറഞ്ഞു. ഉമ്മ ആ കണ്ണീർ മറച്ചു പിടിക്കാൻ ശ്രമിച്ചു.
സൈറ ആ സമയം എന്നെ പ്രതീക്ഷിച്ചില്ല.അതുകൊണ്ട് തന്നെ അവൾ എന്റെ നോട്ടത്തിൽ നിന്നും മുഖം തിരിച്ചു.
“എന്റെ ഉമ്മ.. എനിക്ക് വേണ്ടി മാത്രം ജീവിച്ച എന്റെ ഉമ്മയുടെ നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ നിനക്ക് എങ്ങനെ ധൈര്യം ഉണ്ടായി സൈറ. “ദേഷ്യം വന്നിട്ട് എന്റെ കണ്ണുകൾ ചുമന്നു..
അവൾക്ക് അറിയില്ല, മരിച്ചു പോയെന്ന് ഡോക്ടർ വിധി എഴുതിയ എന്നെയും എടുത്ത് പാതിരാത്രി വേറെയൊരു ഡോക്ടറുടെ വീട്ടിലേക്ക് മഴയത്ത് സാരി
തുമ്പ് കൊണ്ട് പൊതിഞ്ഞ് നെഞ്ചോട് ചേർത്തു നടന്നുചെന്ന് ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ നിന്നും തിരിച്ചു പിടിച്ച എന്റെ ജീവന് ഈ ഉമ്മയുടെ കാവലും പ്രാർത്ഥനയും ഉണ്ട്..”പോട്ടെ മോനെ സാരില്ല.. മോൻ ക്ഷമിക്ക്.. ”
“പലരും പറഞ്ഞതാണ് ഇവൾ ഉമ്മയെ കഷ്ടപ്പെടുത്തുന്നത്.. അപ്പോഴേല്ലാം ഉമ്മയല്ലേ പറഞ്ഞത്… അതൊക്ക വെറുതെ ആളുകൾ പറയുന്നതാണെന്ന്… എന്നിട്ട് ഇപ്പൊ കണ്ടില്ലേ ഞാൻ… കേട്ടില്ലേ ഞാൻ.. ക്ഷമിക്കില്ല.. ഉമ്മ. ”
അടുക്കളയിൽ നിന്നും മാറാൻ കഴിയാതെ നിൽപ്പാണ് എന്റെ ദേഷ്യം കണ്ട് പേടിച്ച് കാലുകൾ മരവിച്ച് സൈറ.ആദ്യമായിട്ടാണ് അവളെന്നെ ഇങ്ങനെ കാണുന്നത്.
ഞാൻ അടുക്കളയിൽ ചുറ്റും കണ്ണോടിച്ചു. കണ്ണിൽ തടഞ്ഞ കത്തി കൈയിൽ എടുത്തു.സൈറയുടെ അടുത്തേക്ക് ചെന്നു.
“ഡീ അറിയോ നിനക്ക് എന്നെ ഞാനാക്കിയ എന്റെ ഉമ്മയുടെ വില. ഭാര്യയാക്കാൻ എത്ര പെണ്ണിനെ വേണങ്കിലും കിട്ടും.. പക്ഷെ ഉമ്മ ഒന്നേ ഉണ്ടാകൂ.. ”
പറഞ്ഞു തീരും മുൻപേ ഉമ്മാക്ക് തടുക്കാൻ കഴിയാത്ത വേഗത്തിൽ ഞാൻ എന്റെ ഉമ്മയുടെ നേരെ ചൂണ്ടിയ അവളുടെ വിരൽ അടുക്കളയിലെ സ്ലേവിന്റെ മേലെ വെച്ച് വെട്ടി.
പാതി മുറിഞ്ഞ അവളുടെ വിരലിൽ നിന്നും ചോര ഒഴുകി.”എന്നേക്കാൾ എന്റെ ഉമ്മയെ അവൾ സ്നേഹിക്കുമെന്ന് ഞാൻ കരുതി.. പക്ഷേ എനിക്ക് തെറ്റിപ്പോയി… സ്നേഹിച്ചില്ലെങ്കിലും എന്റെ ഉമ്മയെ അവൾക്ക് ദ്രോഹിക്കാതിരുന്നൂടെ?
നിങ്ങളുടെ മകളെ ഉപദ്രവിച്ചതിന് ഉമ്മയും ഉപ്പയും പോലീസിൽ പരാതി കൊടുത്തോളു ”
ഹോസ്പിറ്റലിൽ വെച്ച് നടന്നതൊക്കെ ഹാഷിം സൈറയുടെ ഉമ്മയോടും ഉപ്പയോടും പറഞ്ഞു. അവർ ഒന്നും മിണ്ടാതെ നിന്നു. അവർക്കും അറിയാം സൈറയുടെ സ്വഭാവം. പലവട്ടം സൈറയോട് പറഞ്ഞു കൊടുത്തതാണ് ഹാഷിമിന്റെ ഉമ്മയോട് നന്നായി പെരുമാറാൻ.
“ഹാഷിംമോനെ നിന്നെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്.. നീയും ഉമ്മയും പരസ്പരം കാണിക്കുന്ന സ്‌നേഹം കാണുമ്പോൾ അവൾക്ക് അവൾ ആഗ്രഹിക്കുന്നപോലെ നിന്നിൽ നിന്നും
സ്‌നേഹം കിട്ടില്ലെന്നുള്ള തോന്നൽ.. അല്ലെങ്കിൽ നീ അവളുടെ മാത്രമാവണമെന്നുള്ള വാശി.. അതൊക്കെയാ അവളെ ഇങ്ങനെ ആക്കിയത്. ”
“ഉമ്മയുടെ സങ്കടങ്ങളും പ്രയാസങ്ങളും കണ്ട് വളർന്ന എന്റെ മനസ്സിലെ നിയ്യത്ത് എന്റെ ഉമ്മയുടെ കണ്ണുകൾ ഇനി നനയാൻ പാടില്ല.. മനസ്സ് നോവാൻ പാടില്ല. അങ്ങനെ കൊണ്ട് നടക്കുന്ന എന്റെ പൊന്നുമ്മയോടാ എന്റെ ഭാര്യ വിരൽ
ചൂണ്ടി.. വഴക്ക് പറഞ്ഞത്… ആ സമയം അവളോട് തോന്നിയ ദേഷ്യത്തിൽ ഞാൻ വിരൽ മുറിച്ചു.. ചിലപ്പോൾ ഞാൻ ചെയ്തത് തെറ്റായിരിക്കാം.. പക്ഷെ എനിക്കതിൽ കുറ്റബോധമില്ല. എന്റെ ഉമ്മയെ വേദനിപ്പിച്ചാൽ സഹിക്കാനും ക്ഷമിക്കാനും കഴിയില്ല.”
അകത്തെ മുറിയിൽ അറ്റ് തൂങ്ങിയ സൈറയുടെ വിരൽ തുന്നിപ്പിടിപ്പിച്ചു.കുറച്ചു നേരത്തിനു ശേഷം വീൽ ചെയറിൽ ഇരുത്തി മുറിയിലേക്ക് കൊണ്ട് വന്ന സൈറയുടെ അരികിൽ ഹാഷിമിന്റെ ഉമ്മ ഉണ്ടായിരുന്നു.
ഉമ്മ അവളുടെ തലമുടിയിൽ തലോടി.”സൈറ എന്റെ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. വാപ്പയെ കണ്ട ഓർമ്മയില്ല എനിക്ക്… ഞാനും ഉമ്മയും പട്ടിണി കിടന്നിട്ടുണ്ട്..
എന്നെ കെട്ടിപ്പിടിച്ചു തേങ്ങിക്കരയുന്ന ഉമ്മയുടെ തേങ്ങൽ ഇപ്പോഴും കാതിലുണ്ട്.. എന്നും സങ്കടങ്ങൾ മാത്രം കൂട്ടുള്ള എന്റെ പൊന്നുമ്മയെ വേദനിപ്പിക്കാനും വേദനിപ്പിക്കുന്നത് ക്ഷമിക്കാനും എനിക്ക് കഴിയില്ല.. ”
സൈറ കട്ടിലിൽ തിരിഞ്ഞു കിടക്കുകയാണ്. കൈയിൽ കെട്ടിയ വെള്ള പ്ലാസ്റ്ററിൽ ചോരയുടെ നനവ്.
“വാ ഉമ്മാ നമ്മുക്ക് പോകാം. “”നീ പൊയ്ക്കോ.. ഞാൻ എന്റെ മോളെ ഒപ്പം നിക്കും “”നമ്മുക്കിനി ഇവൾ വേണ്ട.. ഉമ്മ. എന്റെ ഉമ്മയെ സ്നേഹിക്കാൻ കഴിയാത്തവൾ.. എന്നും ഉമ്മയുടെ കണ്ണ് നനയിപ്പിക്കും.”
ഹാഷിം എന്ത് പറഞ്ഞിട്ടും സൈറയുടെ അടുത്ത് നിന്നും ഉമ്മ അനങ്ങിയില്ല.”സൈറ മോളോട് ക്ഷമിച്ചൂടെ.. മോനെ.. ?ഇനി ഒരിക്കലു ഉമ്മയെ വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും അവളിൽ നിന്ന്
ഉണ്ടാവില്ല.എനിക്കൊരു മോൾ ഉണ്ടായിട്ടില്ല.. നിന്റെ ഭാര്യ എനിക്ക് മകളാണ്.. അങ്ങനെയാ ഞാനവളെ കണ്ടിട്ടുള്ളത്.. നീ വേണ്ടെന്ന് പറഞ്ഞാലും ഇവളെ ഇവിടെ ഇട്ട് പോരാൻ എനിക്ക് കഴിയില്ല. ”
തിരിഞ്ഞു കിടന്ന സൈറ മുടിയിൽ തലോടിക്കൊണ്ടിരിന്ന ഉമ്മയുടെ കൈ എടുത്തു മുഖത്തേക്ക് അടുപ്പിച്ചു… വല്ലാത്തൊരു കരച്ചിലോടെ ഉമ്മയുടെ കൈയിൽ തുരുതുരാ ഉമ്മ വെച്ചു.
“ഇക്കാക്ക് എന്നെ വേണ്ടെങ്കിൽ പൊയ്‌ക്കോ… എനിക്ക് എന്തായാലും ഇനി ഈ ഉമ്മ കൂടെ വേണം..വേദനിപ്പിച്ചിട്ടുണ്ട്… സങ്കടപ്പെടുത്തിയിട്ടുണ്ട് അതൊന്നും ഉമ്മാനോട് ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ലായിരുന്നു.. ഉമ്മയുടെയും മോന്റെയും
സ്‌നേഹം കാണുമ്പോൾ ഉണ്ടാകുന്ന കുശുമ്പ്.. എനിക്ക് കിട്ടുന്ന സ്‌നേഹം കുറയുന്നെന്നുള്ള തോന്നൽ.. ഇനി എന്തായാലും ചെയ്തു പോയ തെറ്റിന് സ്‌നേഹം കൊണ്ട് മാപ്പ് പറയണം. ”
അതിന് ശേഷം ഉമ്മയെ അവൾ വേദനിപ്പിച്ചിട്ടില്ല.അവൾ കാരണം ഉമ്മയുടെ കണ്ണ് നിറഞ്ഞിട്ടില്ല. ഇപ്പൊ അവൾക്ക് അറിയാം ഉമ്മയുടെ വില.
മാസങ്ങൾ കഴിഞ്ഞു വിരൽ പഴയത് പോലെ ആയെങ്കിലും മാഞ്ഞു പോകാത്ത, മായ്ച്ചു കളയാൻ കഴിയാതെ, കഴിഞ്ഞ് പോയ നാളുകളിലെ അഹങ്കാരത്തിന്റെ അടയാളമായി ഒരു മോതിരം പോലെ മുറിവിന്റെ അടയാളം ഇപ്പോഴും വിരലിൽ ഉണ്ട്.