പ്രണയം പൂത്തുലയുമ്പോൾ
(രചന: Neeraja S)
വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചുദിവസം കഴിഞ്ഞിരിക്കുന്നു.. ചിലപ്പോൾ തോന്നും എല്ലാമൊരു സ്വപ്നമാണെന്നും ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എല്ലാം പഴയപടി ആകുമെന്നും..
നാളെ ലീവ് തീരും.. നാളെത്തന്നെ ഇവിടെനിന്നും പോകണം..അതോർത്തപ്പോൾ ഒരു വിഷമം. കല്യാണത്തിന്റെ തിരക്കിൽ
അമ്മയോട് നന്നായി ഒന്ന് സംസാരിക്കാൻ പോലും സമയം കിട്ടിയില്ല. കമ്പനിയിൽ നിന്നും കല്യാണം പ്രമാണിച്ചു ഇരുപതു ദിവസത്തെ ലീവാണ് അനുവദിച്ചു കിട്ടിയത്.
ഇന്നെങ്കിലും അമ്മയോട് സംസാരിക്കണം എഴുന്നേറ്റു അടുക്കളയിൽ ചെന്നപ്പോൾ അമ്മ ധൃതിയിൽ ഓരോ ജോലികൾ ചെയ്യുന്നു.. നാളെ താനും ഭാര്യയും പോകുമ്പോൾ തന്നയക്കാനുള്ളതാണ്.
കൂടെയിരുന്നു കുറെ നേരം. കല്യാണമൊക്കെ കഴിച്ചിട്ട് എങ്ങനെയുണ്ടെടാ കൊച്ചേ.. വിചാരിച്ചപോലെ എല്ലാം ഭംഗിയായോന്ന്
ചോദിച്ചപ്പോൾ പെട്ടെന്ന് കണ്ണുനിറഞ്ഞു. അമ്മ കാണാതിരിക്കാനായി ഫോൺ എടുത്തിട്ട് വരാം എന്ന് പറഞ്ഞ് അവിടെനിന്നും മുങ്ങി..
അമ്മയോട് എങ്ങനെ കള്ളം പറയും. താൻ ഭാര്യയോട് ഇതുവരെ ശരിക്കൊന്നു സംസാരിച്ചു പോലുമില്ലെന്ന് പറഞ്ഞാൽ..
വിവാഹത്തിന്റെ അന്ന് രാത്രിയിലാണ് പുതുപ്പെണ്ണു മനസ്സ് തുറന്നത്… അസ്ഥിയിൽ പിടിച്ചൊരു പ്രണയം ഉണ്ടായിരുന്നെന്നും വേറൊരാളെ ആ സ്ഥാനത്തു കാണാനാവില്ലെന്നും കരച്ചിലിന്റെ അകമ്പടിയോടെയാണ് പറഞ്ഞത്.
“ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ വിഡ്ഢിയാകില്ലായിരുന്നു.””ഞാൻ എല്ലാം പറയാൻ പലതവണ ശ്രമിച്ചതാണ് പക്ഷെ അച്ഛൻ.. ഈ കല്യാണം മുടങ്ങിയാൽ കഴിക്കാനായി വിഷം വാങ്ങി കൈയ്യിൽ കരുതിയിരുന്നു.. ”
പെട്ടുപോയി അല്ലാതെന്തു പറയാൻ.. കരച്ചിൽ കണ്ടപ്പോൾ പറയാൻ വന്ന തെറിവാക്കുകൾ വിഴുങ്ങി..
“ഇനി എന്താണ് നിങ്ങളുടെ ഭാവി പരിപാടികൾ. ” അല്പം ദേഷ്യത്തോടെയാണ് ചോദിച്ചത്..”എനിക്കറിയില്ല.. ” അവൾ വീണ്ടും കരയാൻ തുടങ്ങി.
രാത്രി മുഴുവൻ ഉറങ്ങാതെ ഇതിനെങ്ങനെ പരിഹാരം കാണുമെന്ന ചിന്തയായിരുന്നു. സിനിമയിൽ ഒക്കെ കാണുന്നതുപോലെ ഒന്നുകിൽ കുറച്ചു ദിവസം കഴിയുമ്പോൾ ഇവൾ അവന്റെ കൂടെ ചാടിപ്പോകുമായിരിക്കും.
അഭിനയം വശമുണ്ടെന്ന് തോന്നുന്നു.. എത്ര ഭംഗിയായിട്ടാണ് എല്ലാവരുടെയും മുൻപിൽ ഉത്തമ ഭാര്യയായി അഭിനയിച്ചത്.. ചില നേരങ്ങളിൽ കണ്ണു തള്ളി ഇരുന്നു… ചിലപ്പോൾ കൈയ്യിൽ നുള്ളി നോക്കേണ്ടി വന്നു.
എന്തായാലും ആരെയും വിഷമിപ്പിക്കണ്ടെന്ന് തീരുമാനിച്ചു. നാളെ മാരണത്തെയും കൊണ്ട് സ്ഥലംവിടുക തന്നെ. ബാക്കി ബാംഗ്ലൂർ ചെന്നിട്ട് തീരുമാനിക്കാം.
പോകുന്നവഴിക്ക് തന്റെ അടുത്തിരിക്കുന്ന.. മനസ്സ് കൊണ്ട് ഒത്തിരി അകന്നിരിക്കുന്ന ഭാര്യയെ നോക്കി. നല്ല ഉറക്കം.. ഇനി താൻ സംസാരിച്ചു ബുദ്ധിമുട്ടിക്കാതിരിക്കാൻ ചിലപ്പോൾ ഉറക്കം നടിക്കുന്നതും ആകാം. ട്രെയിൻ ഇടയ്ക്കു നിർത്തിയപ്പോൾ കണ്ണുതുറന്നു ചുറ്റിനുംനോക്കി.
നോട്ടം തന്റെ മുഖത്തേക്ക് വരുന്നതുകണ്ടപ്പോൾ ഉറക്കം നടിച്ചു. ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോൾ വീണ്ടും കണ്ണടച്ച് ഇരിപ്പായി. ചിലപ്പോൾ മറ്റവനെ സ്വപ്നം കാണുവായിരിക്കും. അസൂയ ഒതുക്കാനായില്ല… പതുക്കെ കൈയിൽ തൊട്ടു വിളിച്ചു..
” അമ്മ ഭക്ഷണം തന്നു വിട്ടിട്ടുണ്ട് വിശക്കുന്നുണ്ടെങ്കിൽ കഴിക്കാം.. “”ഇപ്പോൾ വേണ്ട.. വിനു വേണമെങ്കിൽ കഴിച്ചോ.. ”
അപ്പോൾ ഇവക്കു തന്റെ പേര് അറിയാം.. പക്ഷെ കുടുംബത്തിൽ പിറന്ന ആരെങ്കിലും ഭർത്താവിനെ പേര് വിളിക്കുവോ… ആ.. ആർക്കറിയാം.. ഇവൾ അതിനു തന്നെ ഭർത്താവായി കണക്കാക്കിയിട്ടി ല്ലായിരിക്കും.
ബാംഗ്ലൂർ വാസം തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. താമസസ്ഥലത്ത് രണ്ടു മുറി യുള്ളത് നന്നായി. മനസ്സുകൊണ്ട് അടുപ്പമില്ലാത്ത വർ ഒരു മുറിയിൽ കഴിയാതിരിക്കുന്നതാണ് നല്ലത്..
വീട് ഭംഗിയായി നോക്കാനൊക്കെ അറിയാമെന്ന് തോന്നുന്നു. നല്ല വൃത്തിയും വെടിപ്പും. നന്നായി പാചകം ചെയ്യാനും അറിയാം. വിധിയില്ലാതെ പോയി.. എത്ര നാളിങ്ങനെ മുന്നോട്ടുപോകും.
ഒരുദിവസം രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടി രുന്നപ്പോൾ തലേദിവസം റിഹേഴ്സലെടുത്ത് പഠിച്ച ചോദ്യങ്ങൾ ചോദിക്കാൻ തന്നെ തീരുമാനിച്ചു.
“കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആയി.. ഇനി എന്താണ് ഭാവി പ്ലാൻ.. ഇങ്ങനെ മുന്നോട്ട് പോയാൽ മതിയോ.. ”
“ഞാൻ.. എനിക്ക്… അറിയില്ല..”വീണ്ടും കരച്ചിൽ.. കള്ളികളാണ് മിണ്ടുമ്പോൾ കരയുന്നതെന്ന് അമ്മ പറയുന്നതെത്ര ശരിയാണ്. തന്റെ ബലഹീനതയും അതാണ്.. ആരും കരയുന്നതിഷ്ടമല്ല.
“കരച്ചിൽ നിർത്തിയിട്ടു കാര്യംപറ. എനിക്ക് ദേഷ്യം വരുന്നുണ്ട്.. “”അവന്റെ പ്ലാൻ എന്താണ്.. വിളിക്കുവോ പറയുവോ വല്ലതും ചെയ്തോ..? ”
ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ദേഷ്യം പിടിച്ചാൽ കിട്ടാതെയായി കഴിച്ചുകൊണ്ടിരുന്ന പാത്രംതട്ടി ദൂരെയെറിഞ്ഞു.. ചാടി
എഴുന്നേറ്റു. അവൾ പേടിച്ചു കരഞ്ഞുകൊണ്ട് തറയിലിരിക്കുന്നത് കണ്ടപ്പോൾ പാവംതോന്നി… പ്രണയം ഒത്തിരി മാരകമാണെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്..
അമ്മ എന്നും പറയുമായിരുന്നു. ആരുടേയും മുന്നിൽ തല കുനിക്കരുതെന്ന്. അഭിമാനം ഒരിക്കലും പണയം വയ്ക്കരുതെന്നും. പ്രണയമെന്ന വികാരം അതുകൊണ്ട് മനഃപൂർവം മാറ്റിവച്ചതാണ്.
രണ്ടുപേർ പ്രണയിക്കുമ്പോൾ അവർക്കുമാത്രം അതു സുന്ദരമായിരിക്കും. ചുറ്റിനുമുള്ളവർ അത്ര രസത്തോടെയാവില്ല നോക്കിക്കാണുന്നത്. ചിലർക്ക് പരിഹാസം. ചിലർക്ക് അസൂയ. ചിലർ കളിയാക്കും. ചിലർ മോശം കണ്ണോടെയാവും കാണുന്നത്.
എന്തായാലും അത്തരം നേരമ്പോക്കുകൾക്കു പോകാൻ തനിക്കുസമയമില്ല. കല്യാണം കഴിഞ്ഞ് അവളെയങ്ങ് പ്രണയിക്കണം മരണംവരെ… അതായിരുന്നു ആഗ്രഹം. പക്ഷെ ഇപ്പോൾ..കരച്ചിൽ അല്പം കുറഞ്ഞിട്ടുണ്ട്..
“ഞാനെന്താണ് വേണ്ടതെന്ന് പറയൂ. അതുപോലെ ചെയ്യാം. വീട്ടുകാരെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കാം. നിങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചോ.. എനിക്ക് പരാതിയില്ല. പക്ഷെ ഇവിടെനിന്നും പോകാൻ പറ്റില്ല.. അടുത്തമാസം രണ്ടാഴ്ച ലീവ് കിട്ടും.. വീട്ടിൽ പോകാം.. ”
“സ്വന്തം വീട്ടിൽനിന്നും പോയാൽ മതി. എന്നേം എന്റെ വീട്ടുകാരെയും കുഴപ്പത്തിലാക്കരുത്. ഇതുവരെ ചീത്തപ്പേര് കേൾക്കാതെ ജീവിച്ചവനാണ് ഞാൻ.. ”
ഇടയ്ക്കെനിക്ക് വല്ലാതെ നാണക്കേട് തോന്നുന്നുണ്ടായിരുന്നു.. ഞാനെന്തിനാണ് ഇവളുടെ മുൻപിൽ താഴുന്നത്.. അന്നുതന്നെ രണ്ടെണ്ണം കൊടുത്തു വീട്ടിൽ പറഞ്ഞ് വിടേണ്ടതായിരുന്നു.
“ഇതൊക്ക കേൾക്കുമ്പോൾ ഞാനൊരു കോന്തൻ ആണെന്ന് നീ കരുതുന്നുണ്ടാകും. നിർബന്ധിച്ചു സ്നേഹിപ്പിക്കാൻ പറ്റില്ലല്ലോ.. എന്തായാലും ഇതുവരെ ആയില്ലേ.. ബാക്കി വരുന്നിടത്തുവച്ചു കാണാം. ”
ഓഫീസിൽ നിന്നും ഒരാഴ്ചത്തെ ക്യാഷ്ലീവെടുത്ത് അടുത്തദിവസം നാട്ടിലേക്കു പുറപ്പെട്ടു. ഇതിനൊരവസാനം ഉടൻ കാണണം എന്നൊരു തോന്നൽ…
റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ടാക്സി വിളിച്ചു. വീട്ടിലെത്തി വിശ്രമിച്ചിട്ട് അവളുടെ വീട്ടിലേക്കു പോകാമെന്നായിരുന്നു ചിന്ത. അമ്മയോട് പറയാനുള്ള കള്ളങ്ങൾ നേരത്തെ തയ്യാറാക്കി വച്ചിരുന്നു.
ഇടയ്ക്കു വച്ച് അവൾ പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു..”നമുക്ക് അവന്റെ വീട്വരെ പോയാലോ..? ഞാൻ തീർച്ചയായും നിങ്ങളുടെകൂടെ തിരികെ വരാം.. ഒരിക്കലും നാണം കെടുത്തില്ല.. ”
ആകെനനഞ്ഞു ഇനി കുളിച്ചു കേറുകതന്നെ. ഡ്രൈവർക്ക് അവൾ വഴി പറഞ്ഞു കൊടുത്തു.
ടാക്സി റോഡരുകിൽ നിർത്തിയ ഉടൻതന്നെ അവൾ ഡോർ തുറന്നു ഇറങ്ങിയിരുന്നു.. ഡ്രൈവറോട് അല്പസമയം കാത്തുകിടക്കാൻ പറഞ്ഞിട്ട് അവൾ പോയവഴിയേ നടന്നു..
വിശാലമായ മുറ്റവും ചുറ്റിനും ധാരാളം പൂക്കളുള്ള ഭംഗിയുള്ള പൂന്തോട്ടവും… ഇടവഴി നടന്ന് അവൾ ഓടിക്കയറിയ വീട്. അവന്റെ അമ്മയാണെന്ന് തോന്നുന്നു കതകിൽ മുട്ടിയപ്പോൾ ഇറങ്ങിവന്നു. അവൾ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി..
ഈ കരച്ചിൽ അതാണ് സഹിക്കാൻ വയ്യാത്തത്.. മുറ്റത്ത് നിന്നു പരുങ്ങുന്നത് കണ്ടിട്ടാവും അമ്മ അകത്തുകയറി ഇരിക്കാൻ ക്ഷണിച്ചു.
കസേരയിൽ ഇരിക്കാനാഞ്ഞപ്പോഴാണ് കഥാനായകൻ അകത്തുനിന്നും വന്നത്. സത്യം പറയാല്ലോ കണ്ടപ്പോൾ നല്ല അസൂയതോന്നി. ഒരു സുന്ദരൻ. ആര് കണ്ടാലും ഒന്നുകൂടി നോക്കും.. നോക്കി പുഞ്ചിരിച്ചപ്പോൾ തിരികെ ചിരിക്കാതെ യിരിക്കാനായില്ല.
കൈയിൽ പിടിച്ചു ഇരിക്കാൻ ആഗ്യം കാണിച്ചു. അടുത്തിരുന്ന കസേരയിൽ ഒപ്പം ഇരിക്കുകയും ചെയ്തു.. തന്റെ ശത്രു മുന്നിൽ..
അമ്മയുടെ വക ചോദ്യം വന്നു..”ഇപ്പോൾ അവധി ആണോ.. കല്യാണം കഴിഞ്ഞ് പോയിട്ട് ആദ്യമായി വരികയല്ലേ.. ”
പിന്നെ മുന്നുംപിന്നും നോക്കാതെ കാര്യം പറഞ്ഞു. അമ്മ കുറച്ചു നേരത്തേക്ക് മിണ്ടാതെനിന്നു. പിന്നെ മകന്റെ നേർക്കു എന്തൊക്കെയോ ആഗ്യം കാണിച്ചു… മകൻ തിരിച്ചും.. കസേരയിൽ നിന്നും ചാടി എഴുന്നേൽക്കുമ്പോൾ അവന്റെ മുഖം ചുവന്നുതുടുത്തിരുന്നു.
വേഗത്തിൽ ചെന്ന് അവളുടെ തോളിൽ ആഞ്ഞൊരടി. വീണ്ടും കൈ പൊക്കിയപ്പോൾ അമ്മ ഓടിച്ചെന്നു പിടിച്ചുമാറ്റി. പിന്നെ അവിടെ നടന്നതൊന്നും എനിക്ക് മനസ്സിലായില്ല.
പൊട്ടൻ ആട്ടം കണ്ടപോലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഏതാണ്ട് അതുപോലെ.. മൂന്നുപേരെയും മാറി മാറി നോക്കി അങ്ങനെയിരുന്നു.
നിശബ്‌ദമായി വല്യ വഴക്കുണ്ടാക്കാൻ പറ്റുമെന്ന് മനസ്സിലായി. അവളുടെ ഏങ്ങലടി മാത്രം കേൾക്കാം. ബഹളംകഴിഞ്ഞ് അവൻ അടുത്തുള്ള കസേരയിൽ വന്നിരുന്നു എന്തൊക്കെയോ
ആഗ്യം കാണിച്ചു. എന്നിട്ട് കാലിൽ പിടിക്കാൻ തുടങ്ങിയ പ്പോഴാണ് അവൻ ക്ഷമയാണ് പറഞ്ഞതെന്ന് മനസ്സിലായത്.അമ്മ അടുത്തുവന്നു നിന്നു പറഞ്ഞു…
“മോൻ ഞങ്ങളോട് ക്ഷമിക്കണം എന്റെകുഞ്ഞിന് ജനിച്ചപ്പോൾത്തന്നെ കേൾവി ശക്തിയും സംസാരശേഷിയും ഉണ്ടായിരുന്നില്ല. ഇവർ തമ്മിൽ ഇഷ്ടമായിരുന്നു എന്നുള്ളത് സത്യമാണ്. ഇവന്റെ കുറവുകളായിരുന്നു അവളുടെ അച്ഛന്റെ എതിർപ്പിനുള്ള ഏറ്റവും വലിയ കാരണവും..”
“പക്ഷെ വേറൊരാളെ വിവാഹം കഴിച്ചതോടെ ഇവന്റെ മനസ്സിൽനിന്നും അവൾ ഇറങ്ങിപ്പോയി. ഇപ്പോൾ ഇവന്റെ മനസ്സിൽ ഒന്നുമില്ല. തന്റെ കുറവുകൾ അവന് നന്നായി അറിയാം..”
“മോൻ പേടിക്കണ്ട.. അവൻ ഒരിക്കലും ഒരു ശല്യം ആവില്ല.. ഞാൻ ചായ എടുക്കാം. ആദ്യമായി വന്നതല്ലേ ഒന്നും തരാതെ വിടുന്നതെങ്ങനെയാ.. ”
അമ്മ സംസാരിക്കുമ്പോൾ അവൻ തറയിലേക്ക് നോക്കി കുനിഞ്ഞിരിക്കുകയായിരുന്നു. അമ്മ അകത്തേക്ക് പോയപ്പോൾ മുഖമുയർത്തി നോക്കിച്ചിരിച്ചു. സാരമില്ല എല്ലാം ശരിയാകുമെന്ന് കൈ കൊണ്ടാഗ്യം കാണിച്ചു.
എഴുന്നേറ്റുപോയി അവളുടെ ചെവിക്കുപിടിച്ചു കൊണ്ടുവന്ന് അടുത്തുനിർത്തി. ക്ഷമ പറയാൻ ആഗ്യം കാണിച്ചു. അവളുടെ ചെവി നന്നായി വേദനിക്കുന്നുണ്ടെന്ന് മുഖം കാണുമ്പോളറിയാം. വേണ്ട കുഴപ്പമില്ലെന്ന് ആഗ്യം കാണിച്ചെങ്കിലും അവൻ സമ്മതിച്ചില്ല.
ചായയും പലഹാരങ്ങളുമായി അകത്തുനിന്നും വന്ന അമ്മ വേഗത്തിൽവന്ന് പിടിച്ചുമാറ്റി. എന്നിട്ട് ആഗ്യം കാണിച്ചതെനിക്ക് മനസ്സിലായി. തന്നെ ചൂണ്ടി അവളുടെ ഭർത്താവ് ആണെന്നും നിനക്ക് അവളെ ശിക്ഷിക്കാൻ അവകാശം ഇല്ലെന്നും പറഞ്ഞത്.
അവൻ അവളുടെ താലി പിടിച്ചുയർത്തി. ഭിത്തിയിലെ ദൈവത്തിന്റെ ഫോട്ടോയിൽ കൈ ചൂണ്ടി എന്നിട്ട് തന്റെനേർക്കും. താലികെട്ടിയ ഭർത്താവിനെ ദൈവത്തെപ്പോലെ കാണണമെന്ന്.
അവന്റെ ഭാഷ കുറച്ചു താനും പഠിച്ചിരിക്കുന്നു. കൊള്ളാം ശബ്‌ദരഹിത വഴക്കിനു ഈ ഭാഷ ഗുണം ചെയ്യും.
പതിയെ അവളുടെ മുഖത്തേക്ക് നോക്കി. അവിടെ കാർമേഘം ഒഴിഞ്ഞിരിക്കുന്നു. ചായകുടിച്ചിട്ടു യാത്ര പറഞ്ഞിറങ്ങി. കുറച്ചു നടന്നപ്പോൾ പിന്നാലെ അവൾ വരുന്നതിന്റെ കാലടിശബ്‌ദം കേട്ടു. കാറിൽ കുറച്ചുദൂരം പിന്നിട്ടപ്പോൾ അവൾ ഡ്രൈവറെ വിളിക്കുന്നത് കേട്ടാണ് നോക്കിയത്.
“ഡ്രൈവർ… റെയിൽവേ സ്റ്റേഷനിലേക്ക് പോയാൽ മതി.. “അന്തംവിട്ടിരുന്ന തന്റെ നേർക്കു നോക്കി..
“ഓഫീസിൽ വിളിച്ചു ലീവ് ക്യാൻസൽ ചെയ്തേരെ.. അവിടെ ചെന്നിട്ട് കുറച്ചു സാധനം വാങ്ങിക്കണം.. അടുക്കളയിൽ എല്ലാം തീർന്നിരിക്കുകയാ..”
ഉത്തരവാദിത്തമുള്ള ഭാര്യയായി എത്ര പെട്ടെന്നാണ് മാറിയത്. വിശ്വസിക്കാനാകാതെ മുഖത്തേക്ക് നോക്കിയപ്പോൾ… ചെറുപുഞ്ചിരി യോടെ പുറത്തേക്ക് നോക്കിയിരിക്കുന്നു.