നിക്കാഹ്
രചന: Navas Amandoor
“ജസ്‌ന പ്രഗ്‌നന്റാണ് “നിക്കാഹ് കഴിഞ്ഞ് ദുബായിൽ പോയ ചെക്കൻ ആഘോഷമായി കല്യാണം നടത്താനായി വരാനായപ്പോൾ പെണ്ണ് ഗർഭിണിയാണെന്ന് അറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തം വിട്ട് പിറുപിറുത്തു.
“മുനീർ നിക്കാഹ് കഴിഞ്ഞ് പോയതാണ്. അടുത്ത മാസം അവൻ ദുബായിൽ നിന്നും വരും കല്യാണത്തിനായി. എന്റെ റബ്ബേ അവനോട് എന്താ പറയാ.. നമ്മള്. ”
“നീയും അവനും കൂടിയല്ലേ.. ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തിയത്. ഉമ്മയും മോനും അനുഭവിക്ക്… ഹല്ല പിന്നെ. ”
ജസ്‌നയെ കണ്ടപ്പോൾ തന്നെ മുനീറിന്റെ ഖൽബിൽ അവൾ അവന്റെ പെണ്ണായി. ലീവ് കുറവായതു കൊണ്ട് ആഘോഷമായി കല്യാണം നടത്താനുള്ള സമയമില്ല.
അതുകൊണ്ടാണ് പോകുന്നതിനു മുൻപ് പള്ളിയിൽ വെച്ച് നിക്കാഹ് നടത്തിയത്. കൈ വിട്ട് പോകാതിരിക്കാൻ ഇണയാക്കി ഹലാലാക്കി കബൂലാക്കി.
ദുബായിലേക്ക് പോകും മുൻപേ ആരും അറിയാതെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിൽ കണ്ടു.. നിക്കാഹ് കഴിഞ്ഞാൽ അവളിൽ അവന് അവകാശമുണ്ട്. ആർക്കും എതിർക്കാൻ കഴിയില്ലെങ്കിലും.. കല്യാണം കൂടി കഴിഞ്ഞാലേ സ്വാതന്ത്ര്യം കിട്ടൂ..
അവളെ പിന്നിൽ ഇരുത്തി ഒത്തിരി ദൂരം സഞ്ചരിച്ചു. അവൾ അവനിലേക്ക് ചേർന്ന് ഇരുന്നു പുഞ്ചിരി തൂകി ഇണ കുരുവികളെ പോലെ പറന്നു.
“ഇയാള് എന്റെ ഭാഗ്യമാണ്. ഞാൻ കാത്തിരുന്നപോലെ ഒരാളെയാണ് റബ്ബ് എനിക്ക് തന്നത്. ഐ ലൗ യു. ”
അവൾ മുനീറിന്റെ ചെവിയിൽ പതുക്കെ അങ്ങനെ പറഞ്ഞ നിമിഷം മുനീറിന് തോന്നി ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ അവനാണെന്ന്.
കറക്കവും പ്രണയസല്ലാപവും കഴിഞ്ഞ് ആറു മാസം കഴിഞ്ഞ് കല്യാണം ആഘോഷമായി നടത്താൻ വരാമെന്നും പറഞ്ഞു അവൻ യാത്ര പറഞ്ഞു.
ഇപ്പൊ എല്ലായിടത്തും ഉണ്ട് ഇങ്ങനെ. പെണ്ണ് കണ്ട് ഇഷ്ടായാൽ നിക്കാഹ് നടത്തി വെക്കും. എന്നിട്ട് കല്യാണം വേറെ നടത്തും. കല്യാണം വരെ അവൾ അവളെ വീട്ടിൽ അവനെ സ്വപ്നം കണ്ട് അവന്റെ പെണ്ണായി കാത്തിരിക്കും. ചുരുക്കി പറഞ്ഞാൽ സ്വന്തമായിട്ടും സ്വന്തമാവാത്ത അവസ്ഥ.
മുനീർ പോയി ഒരു മാസം കഴിഞ്ഞപ്പോൾ എറണാകുളത്തുള്ള ഒരു സ്കൂളിൽ അവന്റെ സമ്മതത്തോടെ ടീച്ചറുടെ തത്കാലിക പോസ്റ്റിൽ ജോലിയിൽ കയറി ജസ്ന..
താമസം സ്കൂളിന്റെ തന്നെ ഹോസ്റ്റലിൽ.
ഇന്ന് രാവിലെ ക്ലാസ്സ് എടുത്തുകൊണ്ടിരിന്ന നേരത്ത് കുട്ടികളുമായി സംസാരിച്ചു നിന്ന ജസ്‌ന പെട്ടെന്ന് കുട്ടികളെ മുൻപിൽ തല കറങ്ങി വീണു.
അപ്പോൾ തന്നെ പൊക്കി എടുത്തു സ്കൂൾ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിച്ചു.
ഡോക്ടർ വിശദമായി പരിശോധന നടത്തി. ബോധം തിരിച്ചു കിട്ടിയ ജസ്‌നയുടെ മനസ്സിൽ ആ സമയം പടച്ചോനെ കുറേ ദിവസത്തെക്ക് എന്റെ ബോധം പോയിരുന്നങ്കിൽ എന്നായിരിക്കും. ഡോക്ടർ പറയും മുൻപേ അവൾക്ക് അറിയാം അവൾ പ്രഗ്നന്റാണെന്ന്.
“ആ കുട്ടി പ്രെഗ്നന്റ് ആണ്. “ഡോക്ടർ കൂടെ വന്ന ടീച്ചറോട് കാര്യം പറഞ്ഞു. ചെറുതായിട്ട് ഒന്ന് ഞെട്ടിയിട്ട് ആ ടീച്ചർ ജസ്‌നയുടെ ഉമ്മയെ വിളിച്ച് പറഞ്ഞു.
“ജസ്‌നാടെ ഉമ്മാ… ജസ്‌ന പ്രഗ്നന്റ് ആണ്. ഒന്ന് ഇവിടെ വരെ വരണം. പെട്ടെന്ന് തന്നെ വാ. “ഉമ്മ ഇടിയും നിലവിളിയും തുടങ്ങി.വാപ്പ കേട്ടത് വിശ്വാസിക്കാൻ കൂട്ടാക്കിയില്ല.
“എന്റെ ജസി അങ്ങനെയൊരു തെറ്റ് ചെയ്യില്ല. ഡോക്ടർക്ക് തെറ്റ് പറ്റിയാതാകും.. നീ വേഗം റെഡിയായി വാ… നമുക്ക് മോളെ അടുത്തേക്ക് പോകണം. ”
ഈ സമയം അവിടെ ഉണ്ടായിരുന്ന ഒരുത്തി ന്യൂസ് അപ്പുറത്തെ വീട്ടിൽ എത്തിച്ചു. അവർ വേറെ ആളോട്.. അങ്ങനെ കുറച്ച് സമയം കൊണ്ടു വിശേഷം നാട്ടിൽ വൈറലായി. അവരിൽ ആരോ ഒരാൾ മുനീറിന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു മഹാനായി.
അങ്ങനെ എല്ലാവരും കൂടി ആ ദിവസം ആഘോഷമാക്കി.ജസ്‌നയെ വാപ്പയും ഉമ്മയും പോയി വീട്ടിലേക്ക് കൊണ്ടു പോന്നു. മൂന്ന് പേരും മൗനം.അവളോട് ചോദിക്കാൻ കഴിയാതെ നെഞ്ചു പൊട്ടി
വാപ്പ. കണ്ണീർ കടിച്ചു പിടിച്ചു തേങ്ങി ഉമ്മ.. പുറത്തെ കാഴ്ചകളെ നോക്കി ഷാൾ കൊണ്ട് കണ്ണ് തുടച്ചു അവൾ ഒന്നും പറയാതെ കരച്ചിലോടെ ജസ്‌ന ഉമ്മയുടെ അരികിൽ കാറിൽ ഇരുന്നു.
വീട്ടിൽ എത്തിയപ്പോൾ ജസ്‌ന ഓടി മുറിയിൽ കയറി വാതിൽ അടച്ചു.”ആ കുട്ടി അങ്ങനെ തെറ്റൊന്നും ചെയ്യില്ല. അങ്ങനെ യാ ആ വാപ്പയും ഉമ്മയും അവളെ വളർത്തിയത്. ”
എന്ന് പറയുന്നവരും ഉണ്ട്. പക്ഷെ കൂടുതലും എറണാകുളത്ത് അവൾ ആരുടേയോ കൂടെ…
അത് കണ്ടവർ പോലും ഉണ്ടായിരുന്നു. ആ കഥകളൊക്കെ ഇപ്പോഴാണ് പുറത്ത് വരുന്നത്. എഡിറ്റ് ചെയ്ത് കളർ ഫുള്ളാക്കി പുതിയ പുതിയ കഥകളുമായി പലരും വന്നു.
“കണ്ടാൽ ഒരു മിണ്ടാപൂച്ച… കൈയിലിരുപ്പ് ഇതൊക്കെയും…”രണ്ട് വീട്ടുകാരും വല്ലാത്ത വിഷമത്തിലായി. കല്യാണം വിളി തുടങ്ങി. ഹാൾ ബുക്ക് ചെയ്തു. സ്വർണ്ണവും ഡ്രെസ്സും എടുക്കുവാൻ ദിവസം തീരുമാനിച്ചു.
ഇനിയെങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും. നാണക്കേട് അല്ലെ. നിക്കാഹ് കഴിഞ്ഞ പെണ്ണ് ഇങ്ങിനെ യൊരു തെറ്റ് ചെയ്താൽ.
“അവൻ എന്തായാലും എപ്പോഴാലും അറിയണം. അവനോടു പറയാതിരിക്കാൻ കഴിയില്ലല്ലൊ. ”
“അതെ… ഇങ്ങള് തന്നെ വിളിച്ച് പറ. “മുനീറിന്റെ വാപ്പ മുനീറിന്റെ ദുബായ് നമ്പറിൽ മിസ്സ് കാൾ ചെയ്തു.അവൻ തിരിച്ചു വിളിച്ചു.
“മോനെ വാപ്പ ഇതങ്ങനെ നിന്നോട് പറയുമെന്ന് അറിയില്ല… നിന്റെ ജസ്‌ന പ്രഗ്‌നന്റ് ആണെന്ന് അറിഞ്ഞു. അവൾ നിന്നെ ചതിച്ചു മോനെ. ”
“അൽഹംദുലില്ലാഹ് “വാപ്പയോട് പടച്ചവന് സ്തുതി പറഞ്ഞു. ഒരു പൊട്ടി തെറി പ്രതീക്ഷിച്ച വാപ്പ ചമ്മലോടെ ഉമ്മാനെ നോക്കി.
മുനീർ കാൾ കട്ട് ആക്കി. ജസ്‌നാക്ക് വിളിച്ചു. ജസ്‌ന മൊബൈൽ മുനീറിന്റെ കാൾ നോക്കി അങ്ങനെ ഇരുന്നു.
കുറേപ്രാവിശ്യം വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല.ജസ്‌ന കാൾ എടുക്കാതായപ്പോൾ മുനീർ ജസ്‌ന യുടെ വാപ്പയുടെ മൊബൈലിൽ വിളിച്ചു.
“വാപ്പ മൊബൈൽ ജസ്‌നാക്ക് കൊടുക്കോ..? “”മോനെ… എനിക്കിറിയില്ല നിന്നോട് എന്താ പറയുകയെന്ന്. ജസ്‌ന തെറ്റ് ചെയ്യില്ല മോനെ. ”
“എനിക്ക് അറിയാം ബാപ്പ… അവള് തെറ്റ് ചെയ്യില്ലെന്ന്. അവളെ വയറ്റിൽ ഒരു ജീവൻ തുടിക്കുന്നുണ്ടങ്കിൽ അത് എന്റെ ചോര തന്നെയാണ്. ഫോൺ ജസ്‌നാക്ക് കൊടുക്കോ. ”
മുനീർ പറഞ്ഞത് മനസ്സിലായിട്ടില്ലെന്ന് വാപ്പയുടെ മുഖം കണ്ടാൽ അറിയാം. കാൾ കട്ട് ആക്കാതെ വാപ്പ വാതിൽ മുട്ടി. ജസ്‌ന വാതിൽ തുറന്ന് ഫോൺ വാങ്ങി.
“ഇക്ക എന്നോട് മിണ്ടണ്ട… സമാധാനം ആയല്ലോ എന്നെ നാണം കെടുത്തിയപ്പോ.. ”
“ഇങ്ങനെയൊക്കെ ആകുമെന്ന് ഞാൻ കരുതിയോ.. സംഭവിച്ചു പോയി.. നീ ധൈര്യമായിട്ട് പറ മുത്തേ വയറിൽ കൈ വെച്ച് ഇത് എന്റെ ഇക്ക തന്നതാണെന്ന്. ”
“ഒന്ന് പോ കള്ള തെമ്മാടി.. “അത് വരെ കരച്ചിലായിരുന്ന ജസ്‌ന ചിരിച്ചു. ആ ചിരിയിൽ അവനും ചേർന്നു.
നിക്കാഹ് കഴിഞ്ഞു ദുബായിൽ എത്തിയിട്ട് എന്നും രാത്രിയിൽ മുനീർ ജസ്‌നയെ വിളിക്കും. അവളുടെ ചിരി കേൾക്കാൻ. അവളോട് കിന്നാരം പറയാൻ ആ ചിരി
അവനെ വല്ലാതെയങ്ങു മോഹിപ്പിച്ചു. അങ്ങനെയാ ആരും അറിയാതെ പത്തു ദിവസത്തെ ലീവിന് മുനീർ ദുബായിൽ നിന്നും എറണാകുളത്ത് വന്നത്.
ആ വരവ് ജസ്‌നാക്ക് മാത്രം അറിയുള്ളു. ആരും അറിയാതെ സ്കൂളിൽ നിന്ന് ലീവ് എടുത്ത് അവളും അവനും ഒരുമിച്ച് ഒരു യാത്ര. സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക്.
അന്ന് അവൻ വന്ന് പോയതിന്റെ അടയാളമാണ് ഇന്ന് കണ്ട പുകിൽ.”നിക്കാഹ് കഴിഞ്ഞാൽ അവൾ എന്റെയാണ്. എന്റെ പെണ്ണ് ഗർഭിണിയായിട്ടുണ്ടങ്കിൽ അതിന്റെ കാരണക്കാരൻ ഞാനാണ്.. അതിന് ആർക്കാ കുഴപ്പം…? ”
“ഒരു കുഴപ്പവുമില്ല മോനെ… എന്നാലും നീ പത്തു ദിവസം നാട്ടിൽ വന്നിട്ട് വാപ്പാനെയും ഉമ്മാനെയും കാണാൻ വന്നില്ല ല്ലൊ… ”
“അതൊക്ക അങ്ങ് ക്ഷമിക്ക് ഉമ്മാ… എന്നാ പിന്നെ കല്യാണത്തിന് കാണാട്ടോ.. അസ്സലാമുഅലൈക്കും. ”