അവനു ഇതിലും നല്ലൊരു പുതുപെണ്ണിനെ കിട്ടില്ലായിരുന്നു? .ഇതിപ്പോൾ സ്വന്തം മതവുമല്ല.കൂടാതെ രണ്ടാംകെട്ടും.”

കോംമ്പോ ഓഫർ
(രചന: Nisha Pillai)

“ഇന്ദിരാമ്മേ ഇത് നല്ലൊരു ആലോചനയാണ്. ഞാൻ കണ്ടു . കിടുക്കാച്ചിയൊരു പെൺക്കൊച്ച്. നല്ല നിറം.നല്ല പൊക്കം . ഒതുങ്ങിയ ശരീരം.

ഞാനവിടെ പോയി അന്വേഷിച്ചു. ഒന്നാന്തരം കത്തോലിക്കൻ ഫാമിലി.അപ്പന് ടൗണിലൊരു കാർ ഷോറൂം ഉണ്ട്.പിന്നെ ആകെയുള്ളത് ഒരു ആങ്ങള ചെറുക്കൻ.

അവൻ നേവിയിലായിരുന്നു, ഇപ്പോളൊരു പായ്ക്കപ്പലിൽ ലോകപര്യടനത്തിലാണ്.അവന് ബിസിനസ്സിലൊന്നും താല്പര്യമില്ല.അവൻ പെണ്ണ് കെട്ടിയിട്ടുമില്ല.”

“അപ്പോൾ അമ്മയോ “”അവരുടെ അമ്മച്ചി നേരത്തെ മരിച്ചു പോയി . അപ്പനാണ് രണ്ടുപേരെയും വളർത്തിയത്. മൂത്തത് ഈ പെങ്കൊച്ചാണ്.

കെട്ടുദോഷം ആദ്യത്തെ കല്യാണത്തോടെ മാറി കിട്ടി. ആദ്യത്തെ കെട്ടിയവൻ നല്ല ജോലിയൊക്കെയായിരുന്നു . പക്ഷെ എന്നാ പറയാനാ, മൂക്കറ്റം കുടിയാണ്.

ഉപദ്രവം കൂടിയപ്പോൾ ആറുമാസം ഗർഭിണിയായ കൊച്ച് അവിടുന്നിറങ്ങി അപ്പന്റെ അടുത്ത് വന്നു. ഒരുവയസ്സുള്ള പെൺകുഞ്ഞ് ഉണ്ട്. അതൊന്നും സാരമില്ല ,ഇട്ടു മൂടാൻ സ്വത്തും പണവുമുണ്ട്.നല്ല ദൈവ ഭയമുണ്ട്.അഹങ്കാരം തീരെയില്ല.”

“എന്നാലുമോ എന്റെ അരവിന്ദാ. കൊച്ചൊക്കെയുള്ളോരു പെങ്കൊച്ചിനെയാണോ കണ്ണന് വിധിച്ചത്.”

“അതിനിപ്പോൾ നമ്മൾ രണ്ടുപേരും കണ്ടു പിടിച്ചതാണോ? നിങ്ങളുടെ കണ്ണൻ മോൻ കണ്ടിഷ്ടപ്പെട്ടതല്ലേ .അവൾക്കും അവനെയിഷ്ടം. പരസ്പരം ഇഷ്ടപ്പെടുന്നത് തന്നെയല്ലേ പ്രധാനം.”

“പിന്നെ ഞാൻ നോക്കിയിട്ടു ഇതൊരു കോംമ്പോ ഓഫറാണ് .ചൊവ്വ ദോഷം മൂലം കല്യാണം മുടങ്ങി കിടന്ന നിങ്ങളുടെ മകനൊരു സുന്ദരിയും സ്വത്തുകാരിയുമായ പെണ്ണും കൂടെയൊരു പൊന്നിൻ കുടം പോലൊരു മാലാഖ കൊച്ചും.

അവനിപ്പോൾ വയസ്സ് മുപ്പത്തിനാല് കഴിഞ്ഞില്ലേ ,അവൾക്കാണേൽ ഇരുപത്തിയേഴു നടപ്പിലാണ് .”

“എന്നാലും കണ്ണനെപ്പെടുത്തി കളഞ്ഞല്ലോ ആ പെൺകൊച്ച്.അവനു ഇതിലും നല്ലൊരു പുതുപെണ്ണിനെ കിട്ടില്ലായിരുന്നു? .ഇതിപ്പോൾ സ്വന്തം മതവുമല്ല.കൂടാതെ രണ്ടാംകെട്ടും.”

“എന്റെ ഇന്ദിരാമ്മേ ,കണ്ണൻ പറഞ്ഞിട്ടാണ് ഞാൻ ആ വീട്ടിൽ പോയത് .അവനു ഈ പെണ്ണ് തന്നെ മതിയെന്നാ അവൻ പറയുന്നത് .

കാരണമായി പറയുന്നത് ഒരു സംഭവമാണ്. ലിഫ്റ്റിൽ കുടുങ്ങിയ കഥ .നമ്മൾ സമ്മതിച്ചില്ലേലും ഈ കല്യാണം നടക്കും.പിന്നെ നടത്തി കൊടുക്കുന്നത് തന്നെയാ ബുദ്ധി.”

“ലിഫ്റ്റിലെ കഥ കേട്ട് കേട്ട് ഞാൻ മടുത്തു.ഇവനും ആ കൊച്ചും ഒരേ കെട്ടിടത്തിലാ ജോലി ചെയ്യുന്നത്.അന്ന് ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞവൻ നേരത്തെ ഇറങ്ങിയതാ.

അവൻ ലിഫ്റ്റിൽ കയറിയപ്പോൾ കറണ്ട് പോയി. സാധാരണ ജനറേറ്റർ ഓണാകും,അന്ന് അത് ഓണായില്ല . ചെറുക്കൻ പെട്ട് പോയി ലിഫ്റ്റിൽ. വെട്ടവുമില്ല കാറ്റുമില്ല. പേടിച്ചു പോയി കാണും. ഫോൺ ഉണ്ടായത് കൊണ്ട് സെക്യൂരിറ്റിയെ വിളിച്ചു.

ഇപ്പോൾ ഓണാക്കാം എന്ന് പറഞ്ഞു. ഓണാക്കിയിട്ടും ലിഫ്റ്റ് അനങ്ങിയില്ല. അത് സ്റ്റക്ക് ആയി നിന്നു. ഇവനാകെ വിയർത്ത് കുളിച്ചു. ആരോ രണ്ടാം നിലയിൽ നിന്നും ബട്ടൺ പ്രസ് ചെയ്തപ്പോഴാണ് ലിഫ്റ്റ് അനങ്ങിയത്.

അതിവളായിരുന്നു.വിയർത്തു ക്ഷീണിച്ച ഇവന് അവൾ ബാഗ് തുറന്നു വെള്ളം കൊടുത്തു . അവന്റെ ഓഫീസിൽ കൊണ്ടാക്കി.പിന്നെ നമ്പറുകൾ കൈ മാറി .മെസ്സേജ് ആയി .

വിളിയായി. ഇനിയവൻ ആരാധനാ മൂത്ത് പൂജാമുറിയിൽ വച്ച് വിളക്ക് വയ്ക്കുമോന്നാ എന്റെ പേടി. ഇപ്പോഴേ ഇങ്ങനയായാൽ കല്യാണം കഴിയുമ്പോൾ അസ്സലൊരു പെങ്കോന്തനാകും.തീർച്ച….”

“ആദ്യ പുതുമയൊക്കെ അങ്ങ് മാറത്തില്ലിയോ. പുത്തനച്ചി പുരപ്പുറം തൂക്കാൻ സമ്മതിക്കരുത്. നിങ്ങള് കണ്ടും അറിഞ്ഞു അങ്ങ് നിക്കണം ഇന്ദിരാമ്മേ.ഇനിയിപ്പോൾ അതേയുള്ളൂ രക്ഷ.”

ഇന്ദിരാമ്മ എത്ര ശ്രമിച്ചിട്ടും കണ്ണൻ പിറകോട്ടു പോയില്ല.അവൻ വിചാരിച്ച പോലെ നേഹ കുര്യൻ അവന്റെ ഭാര്യയായി.ഒരു വയസ്സുള്ള തേജൾ അവന്റെ മകളായി.അവനെ ചൊടിപ്പിക്കാനായി ഇന്ദിരാമ്മ പലപ്പോഴും പറയും.

“ഈ കുഞ്ഞിന് നേഹയുടെ ഒരു കട്ടുമില്ല.അപ്പന്റെ സ്വരൂപം ആയിരിക്കും.”ഇതൊക്കെ കേട്ട് ചിരിക്കുകയല്ലാതെ അവർ രണ്ടുപേരും പ്രതികരിക്കില്ല.സന്തോഷ പൂർണമായ ഒരു ദാമ്പത്യമായിരുന്നു. പ്രായത്തിന്റെ പക്വതയുള്ളവർ തമ്മിലുള്ള പരസ്പര മാനസിലാക്കലിലൂടെയുള്ള ഒരു ദാമ്പത്യം.

ഇരുപത്തി രണ്ടു വർഷമായി കണ്ണന്റെ അച്ഛൻ മരിച്ചിട്ട്,അന്ന് മുതൽ അമ്മയും മകനും മാത്രമുള്ള ലോകത്തേക്കാണ് താൻ കടന്നു വന്നതെന്ന ബോധ്യം നേഹയ്ക്കുമുണ്ടായിരുന്നു.

അവരെ തമ്മിലടിപ്പിക്കാൻ അമ്മ ഇടക്കിടക്ക് ഒരുക്കുന്ന ചെറിയ ചെറിയ കെണികളിൽ പെടാതെ അവൾ തന്ത്രപൂർവം ഒഴിഞ്ഞു മാറി.

രാവിലെ നേരത്തെ എണീറ്റ് തനിയെ ആഹാരം തയാറാക്കി കൊണ്ടിരുന്ന ഇന്ദിരാമ്മ ,അവൾ വന്നതിൽ പിന്നെ അടുക്കളയിൽ കയറാതെയായി.

കണ്ണനോട് പോലും പരിഭവം പറയാതെ അവൾ അടുക്കളയൊക്കെ ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ശീലിച്ചു.

കുഞ്ഞിനെ ഉറക്കി അമ്മയെ ഏല്പിച്ചു ഒരു രാത്രി സെക്കൻഡ് ഷോക്ക് പോയി. കഴിഞ്ഞു മടങ്ങി വന്നപ്പോളാണ് നാളത്തേയ്ക്ക് പ്രാതലിനു അരയ്ക്കാൻ മറന്നു എന്നവൾ ഓർത്തത്.

നാളെ കണ്ണന് നേരത്തെ പോകണം. കുറച്ചു പച്ചരി കഴുകി വാരി തേങ്ങയും ചോറും യീസ്റ്റും ചേർത്ത് കുഴച്ചു വച്ചു. നേഹയെ രഹസ്യമായി നിരീക്ഷിച്ചു ഇന്ദിരാമ്മയും പുറകെ നിൽക്കുന്നുണ്ടായിരുന്നു.

“അമ്മ ഉറങ്ങിയില്ലായിരുന്നോ? പാലപ്പത്തിന് അരയ്ക്കാൻ മറന്നു പോയി.”

അവൾ ലൈറ്റ് അണച്ച് പോയി കിടന്നു.രാവിലെ അഞ്ചു മണിക്കുണർന്നപ്പോൾ കൊച്ചും ഉണർന്നു.അതിനെയും ഒക്കത്തു വച്ചു കൊണ്ട് അടുക്കളയിൽ കയറി.ആദ്യം ചെയ്തത് തലേന്ന് കുഴച്ച് വച്ച പച്ചരിയും തേങ്ങയും തേങ്ങാവെള്ളം ചേർത്ത് അരച്ച് വച്ചു.

അടുക്കളയിൽ വന്നിരുന്ന അമ്മയുടെ മടിയിലേക്കു കുഞ്ഞിനെ വച്ചു കൊടുത്തു നേഹ. അവൾ പെട്ടെന്ന് കറികൾ ഉണ്ടാക്കി. ഒന്നൊര മണിക്കൂർ കഴിഞ്ഞപ്പോൾ പുളിച്ചു വന്ന മാവ് അപ്പച്ചട്ടിയിലേയ്ക്ക് ഒഴിച്ച് നല്ല പൂ പോലത്തെ പാലപ്പം ഉണ്ടാക്കി വച്ചു.

അവൾ കണ്ണന് ചായ കൊടുക്കാനായി മുറിയിലേയ്ക്കു പോയപ്പോൾ അമ്മയെണീറ്റു അപ്പം തൊട്ടു നോക്കി. ഇതാണ് അച്ചായത്തി പെൺപിള്ളേരുടെ ഗുണം.നല്ല കൈപ്പുണ്യം .നല്ല പൂപോലത്തെ പാലപ്പം.കണ്ണൻ ഭാഗ്യവാനാണ്.മിടുക്കി.”

“തൊട്ടൊന്നും നോക്കണ്ട ,നല്ല രുചിയുള്ള അപ്പമാണ്.എന്റെ അമ്മച്ചി പഠിപ്പിച്ചതാണ്.”നേഹ ചിരിച്ചു കൊണ്ട് പറഞ്ഞു.കണ്ണൻ അടുക്കളയിലേയ്ക്ക് വന്നു

“കണ്ണേട്ടാ, ഞാൻ ഒരു ജോലിക്കാരിയെ വയ്ക്കാൻ തീരുമാനിച്ചു. രാവിലെ കുഞ്ഞിനേയും കൊണ്ട് അടുക്കളയിൽ, തീയിന്റെ അടുത്ത് നിന്നുള്ള പരിപാടി റിസ്കാണ് . പിന്നെ അമ്മയ്ക്കും വയ്യല്ലോ.

നമ്മൾ ഓഫീസിൽ പോകുമ്പോൾ കുഞ്ഞിനെ നോക്കി കൊള്ളും.പിന്നെ അമ്മയുടെ കാലില് എണ്ണയിട്ടൊക്കെ തടവി കൊടുക്കും.മൊത്തത്തിൽ ഒരു സഹായമാകും.”

കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചു അതിനെ ഉമ്മ വച്ചിട്ട് ഇന്ദിരാമ്മ ഇങ്ങനെ പറഞ്ഞു.

“അതൊന്നും വേണ്ട ,ഞാൻ നോക്കി കൊള്ളാം എന്റെ പൊന്നിൻകുടത്തിനെ.നീ ഒന്ന് സഹായിച്ചാൽ മതി .ഇനി പണിയൊക്കെ ഞാൻ ചെയ്തോളാം. നമ്മുടെ ഇടയിൽ വേറൊരാൾ എന്തിനാ.”

“ഈ അമ്മയെ മനസിലാക്കാൻ പറ്റുന്നില്ലല്ലോ.”അവരുടെ കവിളിൽ ഉമ്മ വച്ച് കൊണ്ട് അവൻ പറഞ്ഞു.

“അമ്മയെനിക്ക് എൻ്റെ സ്വന്തം അമ്മച്ചിയെ പോലെയാണ്. “എന്ന് നേഹ പറഞ്ഞപ്പോൾ സ്നേഹം നിറഞ്ഞ കണ്ണുകളോടെ അമ്മ അവളെ നോക്കി.

“എന്റെ മകൻ എന്നിൽ നിന്നും അകന്ന് പോകുമെന്ന് തോന്നി.എനിക്ക് വേറെയാരാ ഉള്ളത് മോളെ.നിങ്ങളല്ലേയുള്ളൂ.”

അമ്മയെ ചേർത്ത് പിടിച്ചു മകനും മരുമകളും നിന്നപ്പോളാണ്.അമ്മക്ക് കോംമ്പോ ഓഫറിന്റെ അർഥം മനസിലായത്.

സ്നേഹത്തിന്റെ കാര്യത്തിൽ ഒരു കോംമ്പോ ഓഫർ ആണ് തനിക്കു കിട്ടിയിരിക്കുന്നത്. ഭർത്താവിന്റെ മാലയിട്ട ചിത്രത്തിന് മുൻപിൽ കൈകൂപ്പി അവർ പറഞ്ഞു.ഞാനത്ര ഭാഗ്യം കെട്ടവളല്ലെന്ന് മനസ്സിലിലായില്ലേ നിങ്ങൾക്ക് .

ഉമ്മറത്തിരുന്ന് മടിയിലിരുത്തിയ കുഞ്ഞിനെ കൊഞ്ചിച്ച് കളിപ്പിക്കുന്ന അമ്മ. യാത്ര പറഞ്ഞ് സ്നേഹത്തിന്റെ കോംമ്പോ പാക്കുമായി ആ യുവമിഥുനങ്ങൾ കണ്ണിൽ നിന്നും മറയുന്നത് വരെ ആ അമ്മ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *