(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” എന്തായി സന്തോഷേ ചികിത്സയൊക്കെ.. എന്തേലും മാറ്റം ഉണ്ടോ.. ”
ഏകദേശം ഒരു വർഷത്തോളമായി പലയിടങ്ങളിൽ നിന്നും മാറി മാറി കേൾക്കുന്ന ചോദ്യം. ഇപ്പോ കേട്ട് കേട്ട് ഒരു പുതുമ ഇല്ലാണ്ടായി. ഇന്നിപ്പോൾ ഓഫീസിലെ ചന്ദ്രേട്ടന്റെ വകയായിരുന്നു ആ ചോദ്യം.
” ഒന്നും ആയിട്ടില്ല ചേട്ടാ.. ”
പുഞ്ചിരിയോടെ മറുപടി നൽകി പതിയെ പോകാനിറങ്ങി സന്തോഷ്. ഇനിയൊരു ചോദ്യം കേൾക്കാൻ അവന് താത്പര്യം ഇല്ലായിരുന്നു അത് കൊണ്ട് തന്നെ ആർക്കും മുഖം കൊടുക്കാതെ നിലത്തു നോക്കി നടന്നു കൊണ്ടാണവൻ പുറത്തേക്കിറങ്ങിയത്.
” പാവം.. കല്യാണം കഴിഞ്ഞു വർഷം രണ്ട് ആകുന്നില്ലേ.. വിശേഷം ഒന്നും ആകാത്തതിൽ അവന് നല്ല വിഷമം ഉണ്ട്.”
” പെണ്ണിന്റെ വീട്ടിൽ ന്ന് അവര് എന്തൊക്കെയോ കുത്തി കുത്തി പറഞ്ഞെന്നും കേൾക്കുന്നു.. ആകെ വിഷമത്തിലാ അവൻ ”
ചന്ദ്രനും അടുത്തിരുന്ന ആളും അടക്കം പറഞ്ഞു കൊണ്ട് പതിയെ തിരിഞ്ഞു.വീട്ടിലേക്കുള്ള യാത്രയിലും ഏറെ ആസ്വസ്ഥനായിരുന്നു സന്തോഷ്. തുടരെ തുടരേയുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങൾ അത്രമേൽ അവനെ ആസ്വസ്ഥനാക്കിയിരുന്നു.
വീട്ടിലെത്തുമ്പോൾ അയൽക്കാരുമായി സംസാരിച്ചിരിക്കുകയായിരുന്നു അമ്മ. ഒപ്പം തന്നെ ഉണ്ടായിരുന്നു അവന്റെ ഭാര്യ ആരതിയും. സന്തോഷിനെ കണ്ടപാടെ എഴുന്നേറ്റു ആരതി.
ബൈക്ക് ഷെഡിൽ വച്ച് വീടിനുള്ളിലേക്ക് കയറാൻ വരുമ്പോൾ അവൻ മനസിലാക്കി അമ്മയുടെയും അയൽക്കാരുടെയും സംഭാഷണവും തങ്ങൾക്ക് കുട്ടികൾ ഉണ്ടാകാത്തതിനെ സംബന്ധിച്ച് ആയിരുന്നു എന്നത്.
” മോനെ.. ഇപ്പോ നിങ്ങൾ കാണിക്കുന്ന ആ ഡോക്ടർ നല്ലതാണെന്നു തന്നാ ദേ ഈ ശാരദയും പറയുന്നേ. അവരുടെ ബന്ധത്തിലെ ആരൊക്കെയോ ഈ ഡോക്ടർ ടെ ട്രീറ്റ് മെന്റിൽ ഓക്കേ ആയെന്ന്. ”
കണ്ട പാടെ അമ്മ പറഞ്ഞത് കേട്ടിട്ട് അരിശം വന്നെങ്കിലും അയൽക്കാർ കൂടി ഉള്ളത് കൊണ്ട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പതിയെ അകത്തേക്ക് പോയി സന്തോഷ്. അവന്റെ മാനസികാവസ്ഥ മനസിലാക്കിയത് കൊണ്ട് തന്നെ പിന്നാലെ ചെന്നു ആരതിയും.
” ഏട്ടാ.. അവര് പറയുന്നത് കേട്ട് വിഷമിക്കേണ്ട… നമുക്ക് ഭാഗ്യമുണ്ടെൽ എല്ലാം നല്ലതാകും..”
അവളുടെ മുഖത്തെ പ്രതീക്ഷ കണ്ട് ഒന്ന് പുഞ്ചിരിച്ചു സന്തോഷ്.”നിനക്ക് വിഷമം ഇല്ലേ ഒരു അമ്മയാകാൻ കഴിയാത്തതിൽ”
ആ ചോദ്യം കേട്ട് അവനെ തന്നെ നോക്കി അല്പസമയം നിന്നു ആരതി.” വിഷമം ഉണ്ടെന്ന് വച്ച്. എപ്പോഴും അതും പുറത്ത് കാണിച്ചു നടക്കാൻ പറ്റോ. ഭാഗ്യം ഉണ്ടേൽ എല്ലാം മംഗളമായി നടക്കും. അത്ര തന്നെ..”
ആ മറുപടി കേട്ട് ഒന്ന് മന്ദഹസിച്ചു സന്തോഷ്.” എന്നാൽ പിന്നെ നമുക്ക് ഒരു നൈറ്റ് റൈഡ് പോയാലോ.. “പതിവില്ലാതെ അവനിൽ നിന്നും അങ്ങനൊരു ചോദ്യം കേട്ടപ്പോ അമ്പരന്നു ആരതി.
” അയ്യോ.. ഇതെന്താ പറ്റി ഇപ്പോ പതിവില്ലാത്തൊരു ചിന്തയൊക്കെ.. സാധാരണ ഞാൻ അങ്ങട് പിന്നാലെ നടന്ന് ചോദിച്ചാൽ പോലും സമ്മതിക്കാത്ത ആളാണല്ലോ ”
അവളുടെ വാക്കുകൾ കേട്ട് പതിയെ ബെഡിലേക്കിരുന്നു സന്തോഷ്.” ആകെ ട്ടയേർഡ് ആണെടോ.. ഓഫീസിലെ വർക്ക് ലോഡും അതിനിടക്ക് വിശേഷം ഒന്നും ആയില്ലേ ന്നുള്ള ചോദ്യങ്ങളും എല്ലാം കൊണ്ടും വട്ടെടുക്കുന്നു നമുക്ക് ഒന്ന് കറങ്ങി അടിച്ചു പൊളിച്ചു വരാം. എന്താ താൻ ഓക്കേ അല്ലെ ”
” പിന്നെ ഓക്കേ അല്ലാണ്ട്.. എനിക്കും ഇത് തന്നാ അവസ്ഥ. ഒരു സമയം ആകുമ്പോ അയൽക്കാര് എല്ലാരും കൂടി കേറി വരും എന്നിട്ട് അമ്മയുമായി ചർച്ച തുടങ്ങും. എന്നും ചർച്ച നമ്മുടെ കാര്യങ്ങൾ തന്നെ. കേട്ട് കേട്ട് മടുത്തു….. ”
തലയിൽ കൈ വച്ച് കൊണ്ട് അവനരികിൽ ബെഡിലേക്കിരുന്നു ആരതിയും.” നിന്റെ അച്ഛൻ എന്നോട് എന്തൊക്കെയോ പറഞ്ഞു.. കുട്ടികൾ ഉണ്ടാകാത്തത് എന്റെ പ്രശ്നം ആണോ ന്ന് ചോദിച്ചു. അത് അറിഞ്ഞു വച്ചോണ്ട് ആണോ ഈ കല്യാണത്തിനു നിന്നത് എന്ന് വരെ ചോദിച്ചു ”
സന്തോഷിന്റെ ആ വാക്കുകളിൽ നോവ് പടർന്നിരുന്നു. മറുപടിയായി അവനെ തന്റെ ചുമലിലേക്ക് പിടിച്ചു ചേർത്ത് നെറുകയിൽ ഒരു മുത്തം നൽകി ആരതി.
” പറയുന്നവർ എന്ത് വേണോ പറയട്ടെ ഏട്ടാ . ഞാൻ ഉണ്ട് ഏട്ടനൊപ്പം.. നമുക്ക് ഒരു കുട്ടി ജനിക്കും അതെനിക്ക് ഉറപ്പ് ആണ്. ഇച്ചിരി വൈകിയാലും അതിനായാണ് ഞാൻ കാത്തിരിക്കുന്നത്.”
പ്രതീക്ഷയോടെയുള്ള ആരതിയുടെ ആ വാക്കുകൾ കൂടുതൽ നോവായി സന്തോഷിന് . ഉള്ളിലെ വേദന പുറത്ത് കാട്ടാതെ പതിയെ എഴുന്നേറ്റു അവൻ.
” ഞാൻ ഒന്ന് കുളിച്ചു വരാം താണ് അപ്പോഴേക്കും റെഡിയാക് ”
ടവ്വലുമായവൻ ബാത്‌റൂമിലേക്ക് കയറുമ്പോൾ ആരതിയും പതിയെ എഴുന്നേറ്റു.”എവിടേക്കാ രണ്ടാളും ഈ രാത്രിയിൽ ”
റെഡിയായി പുറത്തേക്കിറങ്ങവവേ അമ്മയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു ആരതി.
” ഞങ്ങളൊന്നു കറങ്ങി വരാം അമ്മേ.. ഇവിടിങ്ങനെ ഇരുന്നിരുന്ന ആകെ ഒരു ബോറ് ”
“അത് നന്നായി.. ഒരുമിച്ച് പുറത്തൊക്കെ ഒന്ന് പോയി ഭക്ഷണം ഒക്കെ കഴിച്ചു ഹാപ്പിയായി വാ രണ്ടാളും ”
അമ്മയുടെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ടുകൊണ്ടാണ് സന്തോഷും പുറത്തേക്ക് വന്നത്.” ശെരിയമ്മേ.. പോയിട്ട് വരാം ”
യാത്ര പറഞ്ഞു രണ്ടാളും ബൈക്കിലേക്ക് കയറി. പതിയെ റോഡിലേക്കിറങ്ങവേ പിന്നിൽ നിന്നും സന്തോഷിനെ ചുറ്റിപ്പിടിച്ചു ചേർന്നിരുന്നു ആരതി.
” കല്യാണം കഴിഞ്ഞ സമയത്തോ മറ്റോ ആണ് അല്ലെ ഏട്ടാ നമ്മൾ ഇങ്ങനെ പോയിട്ടുള്ളത്. അത് കഴിഞ്ഞിട്ട് ഇന്നിപ്പോഴാണ് ഇങ്ങനെ ഒരു യാത്ര.. “അവനെ പറ്റിച്ചേർന്നു കൊണ്ട് ഓർമ്മകൾ അയവിറക്കി ആരതി.
” ശെരിയാണ്.. ഒരുപാടായി ഇങ്ങനൊക്കെ ഒന്ന് കറങ്ങീട്ടു.. ഇന്ന് എന്തായാലും നമുക്ക് പാതിരാത്രി വരെ കറങ്ങാം. നാളെ ഞാൻ ലീവ് ആണ്. “സന്തോഷും യാത്രയുടെ മൂഡിലേക്ക് വന്നു
” സത്യമാണോ. അപ്പോ പൊളി. നമുക്ക് ബീച്ചിൽ പോയിരിക്കാം. ഏട്ടന് ഓർമ ഉണ്ടോ കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോ ഇതുപോലൊരു നൈറ്റിൽ നമ്മൾ ബീച്ചിൽ പോയത്… അന്ന് തിരികെ വന്നിട്ട് ആണ് നമ്മൾ ആദ്യമായി… “അത്രയും പറഞ്ഞു നാണത്താൽ അവന്റെ മേൽ മുഖമമർത്തി അവൾ .
” എനിക്കോർമ്മ ഉണ്ട്. അന്ന് നിന്നെയൊന്നു പറഞ്ഞു സമ്മതിപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്കല്ലേ അറിയൂ.”
മറുപടി പറയുമ്പോൾ ചിരിച്ചു പോയി സന്തോഷ്.” പോ ഏട്ടാ ഒന്ന്. അന്നൊക്കെ പേടിയായിരുന്നു… കല്യാണം കഴിഞ്ഞതല്ലേ ഉള്ളു ആ സമയം.. ”
നാണത്തോടെ അവനെ ഒന്ന് നുള്ളി ആരതി.” അയ്യോ.. “ഒന്ന് ഞെരി പിരി കൊണ്ടു സന്തോഷ്.
ആ യാത്ര അവസാനിച്ചത് ബീച്ചിൽ ആയിരുന്നു. സമയം ഏകദേശം ഇരുട്ടി തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അവിടെ തിരക്കും കുറഞ്ഞു തുടങ്ങി. ബൈക്ക് പാർക്കിംഗ് ഏരിയയിൽ വച്ച്
രണ്ടാളും പതിയെ ഇരമ്പുന്ന കടലിനരികിലേക്ക് നടന്നു. സന്തോഷിനെ പറ്റി ചേർന്ന് നടക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നി ആരതിക്ക്.
” ഏട്ടാ.. ഇതെന്താ ഒരു മൂഡ് ഓഫ് പോലെ “സന്തോഷിനെ അപ്പോഴാണ് അവൾ കൂടുതൽ ശ്രദ്ധിച്ചത്.” ഏയ് ഒന്നുമില്ലടോ.. “മറുപടി പറഞ്ഞു കൊണ്ടവൻ പതിയെ അവളെ ചേർത്തു പിടിച്ചു.
” ഏട്ടാ.. മറ്റുള്ളോരുടെ ചോദ്യങ്ങൾ കേട്ട് ഇങ്ങനെ വിഷമിക്കാൻ നിന്നാൽ പിന്നെ അതിനെ സമയം കാണുള്ളൂ. പിന്നെ എന്റെ അച്ഛൻ പറഞ്ഞത്.. അത് ഏട്ടൻ കാര്യമാക്കേണ്ട. ഞാനുണ്ടല്ലോ ഏട്ടനൊപ്പം ”
ആരതി പറഞ്ഞത് കേട്ട് പുഞ്ചിരിച്ചു അവൻ.” നമുക്ക് എവിടേലും ഒന്ന് ഇരിക്കാമെടോ.. ”
ചുറ്റുമോന്ന് പരതി ഒരു സ്ഥലം കണ്ടെത്തി അവൻ. പതിയെ അവിടേക്ക് പോയിരുന്നു അവർ.
അല്പസമയം ഇരമ്പുന്ന കടൽ നോക്കി മൗനമായിരുന്ന ശേഷം പതിയെ ആരതിക്ക് നേരെ തിരിഞ്ഞു സന്തോഷ്
” സത്യം പറയ്.. നിനക്ക് വിഷമം ഇല്ലേ ഒരു അമ്മയാകാൻ കഴിയാത്തതിൽ “ആ ചോദ്യം കേട്ട് അതിശയത്തോടെ അവനെ നോക്കി ആരതി.
” ഏട്ടാ നമ്മൾ ഒരേപോലല്ലേ ആ വിഷമം അനുഭവിക്കുന്നത്. പിന്നെന്താ എന്നോടായി മാത്രം ഒരു ചോദ്യം.. “” ഏയ്.. ഒന്നുല്ലടോ.. വെറുതെ.. ”
വീണ്ടും അല്പസമയം കടലിലേക്ക് നോക്കി ഇരുന്നു സന്തോഷ്. ശേഷം വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു
” ആരതി… ഞാൻ പറയുന്നത് നീ വ്യക്തമായി കേൾക്കണം.താൻ വേണേൽ മറ്റൊരു വിവാഹത്തെ പറ്റി ചിന്തിച്ചോ… നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ഉണ്ടാകില്ല “” ങേ..!”ഇത്തവണ ഒന്ന് ഞെട്ടി അവൾ.
” എന്താ ഏട്ടാ എന്താ ഈ പറയുന്നേ.. ഏട്ടനെന്താ വട്ടായോ.. “”സത്യമാണെടോ ടെസ്റ്റ് റിസൾട്ട് വന്നു. എനിക്കൊരിക്കലും ഒരച്ഛനാകാൻ കഴിയില്ല.”കേട്ടപാടെ ഒന്ന് നടുങ്ങി ആരതി.” സത്യമാണോ ഏട്ടാ… ”
“അതെ ടോ.. സത്യമാണ്. പ്രശ്നം എനിക്ക് തന്നെയാണ്.. തനിക്ക് ഒരു കുഴപ്പവും ഇല്ല..”
സന്തോഷ് ഉറപ്പിച്ചു പറയുമ്പോൾ മറുപടിയൊന്നും പറഞ്ഞില്ല ആരതി. അവളുടെ നടുക്കം മുഖത്ത് പ്രകടമായിരുന്നു. അവനിൽ നിന്നും മുഖം തിരിച്ചു ആർത്തിരമ്പുന്ന കടലിനെ നോക്കി അങ്ങിനിരുന്നു അവൾ.
” എടോ… നിന്റെ അച്ഛൻ പറയുന്ന പോലെ മനഃപൂർവം തന്നെ ചതിച്ചതല്ല ഞാൻ. സത്യമായും ഇങ്ങനെ ഒരു പ്രശ്നം എനിക്കുണ്ടെന്ന് അറിയില്ലായിരുന്നു… ”
സന്തോഷിന്റെ ശബ്ദമിടറുമ്പോഴും മൗനമായിരുന്നു ആരതി. അവളുടെ നിശബ്ദത അവനെ കൂടുതൽ അസ്വസ്ഥനാക്കി.
” എനിക്കറിയാം ആരതി ഒരു കുഞ്ഞിനെ ലാളിക്കുവാൻ നീ എത്രമാത്രം കൊതിക്കുന്നുവെന്ന്. നമുക്ക് പിരിയാം. മറ്റൊരു വിവാഹം കഴിക്കണം നീ.. നിന്റെ ആഗ്രഹം പോലെ ഒരു അമ്മയാകാൻ കഴിയും നിനക്ക്. ”
സന്തോഷ് പറഞ്ഞു നിർത്തുമ്പോൾ അവന്റെ മിഴികളിൽ നനവ് പടർന്നിരുന്നു.
അത്രയും നേരം മൗനമായിരുന്ന ആരതി പതിയെ അവനെയൊന്ന് നോക്കി.
” ഏട്ടാ.. പിരിയാം…. പക്ഷെ എന്നെ പിരിയുന്നതിൽ നിങ്ങൾക്ക് ഒരു വിഷമവും ഇല്ലേ.. ”
ആ ചോദ്യം ഏറെ കുഴയ്ക്കുന്നതായിരുന്നു. എന്ത് മറുപടി നൽകണം എന്നത് അറിയില്ലായിരുന്നു അവന്. കാരണം ആരതിയെ പിരിയുക എന്നത് സന്തോഷിനെ സംബന്ധിച്ച് മരണ തുല്യമായിരുന്നു. അവന്റെ മൗനം കണ്ട് ഒന്ന് പുഞ്ചിരിച്ചു ആരതി.
” എന്റെ മനുഷ്യാ.. ഞാൻ ആഗ്രഹിച്ചത് നിങ്ങടെ കുഞ്ഞിനെ പെറ്റ് നിങ്ങടൊപ്പം സന്തോഷത്തോടെ ജീവിക്കണം എന്നാണ്. അല്ലാണ്ട് വേറെ ആരുടേയും ഒപ്പം അല്ല”
ആ മറുപടി കേട്ട് അവളെ തന്നെ മിഴിയെടുക്കാതെ നോക്കിയിരുന്നു സന്തോഷ്.
” എന്തോന്നാ ഉണ്ടക്കണ്ണാ ഇങ്ങനെ നോക്കുന്നെ… ഒരു കുഞ്ഞില്ലെന്ന് വച്ച് നിങ്ങളെ ഞാൻ കളഞ്ഞിട്ട് പോകും ന്ന് കരുതുന്നുണ്ടോ.. അങ്ങിനെയാണോ എന്നെ മനസ്സിലാക്കിയേക്കുന്നെ ”
ഇത്തവണ സന്തോഷിന്റെ മിഴികൾ തുളുമ്പി. പതിയെ എഴുന്നേറ്റു അവൻ. ഒപ്പം ആരതിയും.
” എടോ മനുഷ്യാ ഒരു കുഞ്ഞില്ലാത്തത് വിഷമം തന്നെയാണ്. പക്ഷെ നിങ്ങടെ സ്നേഹം അതെനിക്ക് മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ്.. അത് വേണ്ട ന്ന് വയ്ക്കാൻ മാത്രം പൊട്ടിയല്ല ഞാൻ ”
അത്രയും പറഞ്ഞു കൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു അവൾ.
മറുപടി പറയുവാൻ വാക്കുകൾ ഇല്ലാതെ വിതുമ്പി സന്തോഷ്. അവളെ വാരി പുണർന്നു കൊണ്ട് നെറുകയിൽ ഒന്ന് മുത്തി അവൻ.
” എനിക്ക് കിട്ടിയ ഭാഗ്യമാണ് നീ.. “ആരതിയുടെയും മിഴികൾ തുളുമ്പി. അവനോട് പറ്റിച്ചേർന്നു നിന്നും അവൾ.
തിരിയെയുള്ള യാത്രയിൽ ഏറെ സന്തോഷവാനായിരുന്നു സന്തോഷ്. മനസ്സിനെ അസ്വസ്തമാക്കിയിരുന്ന ആ വേദന വിട്ടകലവേ ആഹ്ലാദത്തിൽ കൂകി വിളിച്ചു അവൻ.
” എന്റെ ഏട്ടാ.. ഇതിപ്പോ ഭ്രാന്തായോ നിങ്ങൾക്ക്.. “ബൈക്കിന്റെ പിന്നിൽ ഇരുന്ന ആരതിയ്ക്ക് അതിശയമായി. ആ സന്തോഷത്തിൽ അവളും പങ്ക് ചേർന്നു അപ്പോഴാണ് മറ്റൊരു ചിന്ത അവളുടെ മനസ്സിൽ ഉടലെടുത്തത്
” ഏട്ടാ ഒരു കാര്യം ഞാൻ ചോദിക്കട്ടെ.. “പതിവില്ലാതെ അവളുടെ മുഖവുര കേട്ട് ബൈക്ക് സൈഡാക്കി നിർത്തി സന്തോഷ്” എന്താടോ ഒരു മുഖവുര താൻ കാര്യം പറയ്.. ”
” അത് ഏട്ടാ. ഒരു അമ്മയാകാൻ പ്രസവിക്കണം എന്നില്ലല്ലോ.. പെറ്റമ്മയായില്ലെങ്കിലും പോറ്റമ്മയാകാമല്ലോ ”
അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കവേ സന്തോഷിന്റെ മിഴികളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു.
” എടോ.. ഞാനിത് അങ്ങട് പറയണം ന്ന് കരുതിയതാ.. തനിക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി മൗനമായതാ.. “ആ മറുപടി ആരതിയെയും സന്തോഷിപ്പിച്ചു.
” എന്നാൽ പിന്നെ വൈകിക്കേണ്ട നാളെ തന്നെ ഏതേലും ഓർഫനേജിൽ പോയി കാര്യങ്ങൾ തിരക്കാം നമുക്ക്.. അതിനു വേണ്ടത് എന്താ ന്ന് വച്ചാൽ ചെയ്യാം ”
സന്തോഷത്തോടെ വീണ്ടും സന്തോഷിനെ പറ്റിച്ചേർന്നു അവൾ.”വിട് മോനെ വണ്ടി…. “പുഞ്ചിരിയോടെ സന്തോഷ് പതിയെ ആക്‌സിലേറ്ററിൽ കൈ അമർത്തി. ജീവിതത്തിലെ പുതിയൊരു വഴിത്തിരിവിലേക്ക് അവർ അവിടെ നിന്നും യാത്ര ആരംഭിച്ചു.