രക്ത ബന്ധം
രചന: Rajesh Dhibu
“വിഷ്ണു വായടക്കടാ..
നീ ആരോടാ സംസാരിക്കുന്നതന്ന് പലപ്പോഴും മറന്നു പോകുന്നു …. ”
“അമ്മ… അമ്മയുടെ കാര്യം നോക്കിയാൽ മതി ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടേണ്ട .. ”
വിഷ്ണുവിൻ്റെ സ്വരത്തിൽ അഹങ്കാരത്തിൻ്റെ ധ്വനിയുണ്ടായിരുന്നു വെന്ന് അച്ഛൻ തിരിച്ചറിഞ്ഞു..”ഭാനുമതി നീ മിണ്ടാതെ നിൽക്ക് അവൻ പറയാനുള്ളതെല്ലാം.പറയട്ടേ..”
പറഞ്ഞു തീർന്നതും അവർ കരച്ചിൽ അടക്കാൻ കഴിയാതെ സാരിത്തലപ്പു കൊണ്ട് വായ് പൊത്തി..
“എനിക്കറിയണം.. തെക്കേത്തൊടി ആരുടെ പേരിലാണ് അച്ഛൻ എഴുതി വെച്ചിരിക്കുന്നതെന്ന് ..?”
“അത് അറിയാൻ നിനക്ക് എന്ത് അവകാശമാണ് ഉള്ളത്.. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയത് എനിയ്ക്കിഷ്ടമുള്ളവർക്കു കൊടുക്കും… ”
“അത് അച്ഛൻ മാത്രം തീരുമാനിച്ചാൽ മതിയോ.. “”ഞാൻ ശ്യാമയോട് പറഞ്ഞിട്ടുണ്ട് അവളുടെ ഭാഗവും അതും എൻ്റെ പേരിലാക്കണം.. ”
അല്ലങ്കിൽ എനിയ്ക്ക് ഒന്നും വേണ്ട ഇടിഞ്ഞു പൊളിഞ്ഞുവിഴാറായ ഈ വീടും കെട്ടിപ്പിടിച്ചു അച്ഛനും അമ്മയും ഇവിടെത്തന്നെ കഴിഞ്ഞോളു..
ചത്ത് കഴിഞ്ഞാൽ കൊള്ളിവെയ്ക്കാൻ എൻ്റെ പട്ടി വരും… ”
വാതിലിൻ്റെ പുറകിൽ നിന്ന് വിഷ്ണുവേട്ടൻ്റെ സംസാരം കേട്ടു ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു .. വിഷ്ണുവിൻ്റെ ഭാര്യയായ സ്വാതി ….
“ഏട്ടൻ തകർക്കുകയാണല്ലോ.. അപ്പോൾ എന്നോടും തൻ്റെ വീട്ടുകാരോടും ഏട്ടന് സ്നേഹമുണ്ട് ….”
വിഷ്ണു പറയുന്നതെല്ലാം കേട്ടു നിശബ്ദനായി.. രാധാകൃഷ്ണൻ ഉമ്മറത്തെ ചാരുകസേരയിൽ ചെന്നിരുന്നു..
“ഭാനു ഇച്ചിരി വെള്ളം.”
പെട്ടന്നു തന്നെ അവർ അകത്തു പോയി വെള്ളം എടുത്തു കൊണ്ടുവന്നു കൊടുത്തു..
“എട്ടാ എന്തു പറ്റി.. “”ഒന്നുല്ല ടി. ഒരു തളർച്ച പോലെ ….”മറുപടി പറയാതെ ചാരുകസേരയിൽ കിടക്കുന്ന അച്ചനെയും അമ്മയേയും നോക്കി. രോഷാകുലനായി അവൻ പറഞ്ഞു. ..
“ഒടുക്കത്തെ അഭിനയമാണ് രണ്ടിന്റെയും …ഇതിന് തള്ളേം തന്തേം അനുഭവിയ്ക്കും ഞാൻ പറഞ്ഞേക്കാം…. ”
ഇത്രയും പറഞ്ഞ് തൻ്റെ മുറിയിലേയ്ക്ക് തിരിച്ചു നടന്ന വിഷ്ണുവിൻ്റെ പിന്നാലെ സ്വതിയും അനുഗമിച്ചു..
“ദേ ഒന്നു നിന്നേ ഏട്ടനെ ഒന്നു കെട്ടി പിടിക്കാൻ തോന്നാ …”
“ഇങ്ങാട്ട് നോക്കിക്കേ. കയ്യിലെല്ലാം രോമം എഴുന്നേറ്റ് നിൽക്കുന്നു .. “”വിഷ്ണേട്ടാ. ഇന്നാണ് നിങ്ങൾ ഒരാണായത്..പ്രകടനം കലക്കി.. ”
“സ്വാതി നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ.. മനുഷ്യന് പ്രാന്ത് പിടിച്ചിരിയ്ക്കാ.. ”
“ഇത് നല്ല കൂത്ത് നന്നായിന്ന് പറഞ്ഞതിന് എന്തിനാ തൻ്റെ മേലേ .. ചാടിക്കയറുന്നത് .. “ഞാൻ അച്ഛനെ വിളിച്ചു പറയട്ടെ… – കാര്യങ്ങൾ എല്ലാം അനുകൂലമാണെന്ന്.. ”
“നീ ഇപ്പോൾ ആരെയും വിളിയ്ക്കണ്ട .. “”പറഞ്ഞാൽ എന്താ കുഴപ്പം.അവരും കൂടി അറിയട്ടെ ഈ സന്തോഷ വാർത്ത..
എല്ലാം നമ്മുടെ കയ്യിൽ വന്നാൽ ആരും കാണാത്ത എവിടെയെങ്കിലും കൊണ്ടിടണം രണ്ടണ്ണത്തിനേയും .. അഹങ്കാരം അല്ലാതെ എന്താ പറയാ..
കുഴിയിലേയ്ക്ക് എടുക്കാറായി അപ്പോഴും കണ്ടില്ലേ.. രണ്ടെണ്ണത്തിൻ്റേയും ഒരു ഒത്തൊരുമ..”
സ്വാതിയുടെ പിറുപിറുക്കൽ ‘വിഷ്ണുവിൻ്റെ കോപത്തിന് ആക്കം കൂട്ടി….”ഞാൻ കണ്ടു പിടിയ്ക്കും അത് ആർക്കാ കൊടുത്തെതെന്ന് എന്നിട്ടേ .തനിയ്ക്ക് ഇനി ഉറക്കമുള്ളൂ… ”
അവൻ ഹാങ്കറിൽ നിന്ന് ഷർട്ട് എടുത്തിട്ടു തിടുക്കത്തിൽ പുറത്തേയ്ക്കിറങ്ങി.
നേരെ പോയത് പ്രഭാകരൻ വക്കീലിൻ്റെ വീട്ടിലേയ്ക്കാണ്…
”ആരാ ഇത് വിഷ്ണുവോ.. വരൂ കയറിയിരിക്കൂ…””നാട്ടിൽത്തന്നെ സ്ഥിരതാമസമായില്ലേ..
നന്നായി മോനേ…
വയസ്സാംകാലത്ത് അവറ്റകൾക്ക് അത് പെരുത്ത് ആശ്വാസമാകും.”
”പ്രഭാകരേട്ടാ. ഞാൻ വന്നത് വേറെ ഒരു കാര്യം അറിയാനാ…””എന്താ മോനേ.. പറയൂ ..””അച്ഛൻ സ്ഥലം ഭാഗം വെച്ചത് അറിഞ്ഞിരിയ്ക്കുമല്ലോ.. ”
“അറിയാം. ഞാനാണ് എല്ലാം ശരിയാക്കിയത്..
അതിൽ എന്താണ് തെറ്റ്… വീട് നിൻ്റെ പേരിൽത്തന്നെയാണല്ലോ എഴുതിയത് ..
ശ്യാമയ്ക്ക് ഒന്നും വേണ്ട എന്നു പറഞ്ഞതുകൊണ്ട് അച്ഛൻ്റെയും അമ്മയുടേയും കാലശേഷം അതും നിനക്ക് തന്നെ എന്നാണല്ലോ.. എഴുതിയിരുന്നത്….”
“അതൊന്നുമല്ല. എൻ്റെ പ്രശ്നം വീടിൻ്റെ കണ്ണായ സ്ഥലമാണ് തെക്കേ തൊടിയിലെ ഒന്നരേക്കർ തെങ്ങും പറമ്പ് ….
അത് അച്ഛൻ ആരുടെ പേർക്കാണ് എഴുതിയതെന്ന് എനിക്കറിയണം..”
“മോനേ വിഷ്ണു അത് പറയാൻ എനിയ്ക്ക് ഇത്തിരി ബുദ്ധിമുട്ടുണ്ട് ….””വേണ്ട നിങ്ങൾ പറയണ്ട. നാട്ടിൽ നിങ്ങൾ മാത്രമല്ലല്ലോ .. വക്കീലായിട്ടുള്ളത്.. ഞാൻ കണ്ടു പിടിച്ചോളാം..
അച്ഛൻ്റെ കൂട്ടുകാരനല്ലേ.. കുട്ടിക്കാലം മുതൽ ബഹുമാനിച്ചതുകൊണ്ടാണ് ഇത്രയും നേരം ശാന്തനായി സംസാരിച്ചത്
“മോനേ വിഷ്ണു .. നീ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും. ഇതിൻ്റെ പിന്നിൽ ചരട് വലിയ്ക്കുന്നത് ആരാണെന്നും ..ഈ പ്രഭാകരന് നന്നായി അറിയാം.. അവരുടെ ആഗ്രഹം നടക്കില്ല…”
നിൻ്റെ അച്ഛൻ്റെ കൂട്ടുകാരനായിട്ടല്ല.. എൻ്റെ അരുണിൻ്റെ സ്ഥാനത്താണ് ഞാൻ നിന്നെയും കണ്ടിട്ടുള്ളത്.. ആ ഒരു അവകാശം വെച്ച് പറയുകയാണ് ഇനിയെങ്കിലും ആ പാവത്തിനെ ദ്രോഹിക്കാതെ ഇരുന്നൂടെ…”
“വേണ്ടാ ഉപദേശം വേണ്ടാ .. അത് അറിയാതെ ഞാനിനി പച്ചവെള്ളം കുടിയ്ക്കില്ല. ആ വീട്ടിൽ നിന്ന് …”
“ഇച്ചിരി വാശി തനിയ്ക്കും ഉണ്ട്..
അച്ഛൻ്റെ വാശി കുറച്ചെങ്കിലും കാണിച്ചില്ലേൽ മണപറമ്പിൽ രാധാകൃഷ്ണൻ്റെ മകൻ കിഴങ്ങനാണെന്ന് നാട്ടുകാര് കളിയാക്കും.. .”
അത് കേട്ടു പ്രാകരൻ പൊട്ടിച്ചിരിച്ചു..
“എന്താ നീ പറഞ്ഞത് മണപറമ്പിൽ രാധാകൃഷ്ണൻ എന്നോ …..””ആ പേര് പറയാൻ പോലും നീ അർഹനല്ല …. “”പ്രഭാകരേട്ടാ…”!!!!
“അതേ പ്രഭാകരൻ തന്നെയാണ്. പറയുന്നത്…””മകനായ തനിയ്ക്ക് അറിയാനുള്ള അവകാശമില്ലേ…. :”നിനക്ക് ഒരവകാശവും ഇല്ല … അത്ര ത്തന്നെ ..പ്രഭാകരൻ തറപ്പിച്ചു പറഞ്ഞു.
ആ വാക്കുകൾ പൊട്ടി തകർന്ന കണ്ണാടി ചില്ലു പോൽ..നിലത്തു തകർന്നു വീണിരുന്നു ….
തളർന്നുവീഴാതിരിക്കാൻ അവൻ തൂണിൽ ചേർത്തു പിടിച്ചു….
അല്പനേരത്തെ മൗനത്തിനു ശേഷം അവൻ വീണ്ടും തുടർന്നു.
പ്രഭാകരേട്ടന് എല്ലാം അറിയാം. എന്നോടെങ്കിലും എല്ലാം തുറന്നു പറയൂ…. അധികാരത്തിൻ്റെ സ്വരത്തിൽ നിന്ന് മാറി
അപേക്ഷയുടെ സ്വരത്തിൽ അവൻ അവർക്കു മുന്നിൽ കൈൾകൂപ്പി നിന്ന് കെഞ്ചി …
ആ വലിയ മനുഷ്യൻ്റെ കരുണ കൊണ്ടാണ് നിനക്ക് ഇത്രയെങ്കിലും എഴുതി വെച്ചത് .. ദൈവമാടാ നിനക്കയാൾ എന്നിട്ടിപ്പോൾ നിൻ്റെ അവകാശം ചോദിയ്ക്കാൻ വന്നിരിക്കുന്നു ….
പ്രഭാകരേട്ടാ എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല. അതു പറയുമ്പോൾ അവൻ്റെ ശബ്ദം ഇടറിയിരുന്നു ..
. കണ്ണിലെ കോപാഗ്നിയിൽ മിഴിനീരിൻ്റെ നനവ് പടർന്നിരുന്നു..
“മോനേ വീട്ടിലേയ്ക്ക് ചെല്ല് അച്ചൻ്റെ കാൽക്കൽ വീണു മാപ്പു ചോദിയ്ക്കൂ…”
അവൻ പ്രഭാകരേട്ടൻ്റെ കയ്യിൽ കടന്നുപിടിച്ചു.
പറയൂ പ്രദാകരേട്ടാ…..
“നീ മണപ്പറമ്പിൽ രാധാകൃഷ്ണൻ്റെ മകനല്ല ..അദ്ദേഹത്തിന് ആണായിട്ടും പെണ്ണായിട്ടും ശ്യാമ മാത്രമേ .. ഉള്ളൂ.. ”
ഒരു ഞെട്ടലോടെയാണ് ആ വാർത്തകൾ വിഷ്ണുവിൻ്റെ കാതിൽ പതിച്ചത് ..അപ്പോൾ ഞാൻ ആരാണ്.. ????:
ആ ഒന്നര ഏക്കറിൻ്റെ അവകാശി ആരെന്ന് നീ ചോദിച്ചില്ലേ.. അതാണ് നിൻ്റെ അമ്മ .. ഇന്നല്ലങ്കിൽ നാളെയെന്നു പറഞ്ഞ് മരിക്കാൻ കിടക്കുന്നുണ്ട് …..
“മരിക്കാൻ കിടക്കുമ്പോഴും അവർ ചോദിച്ചത് നിന്നെ ഒരു നോക്ക് കാണണമെന്നല്ല…
അതിനു പകരമായി പണമോ വസ്തുവോ .വേണമെന്നായിരുന്നു ..
പ്രഭാകരേട്ടാ എനിയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല …. ”
മോനേ നിനക്ക് ജന്മം നൽകിയവനല്ലെങ്കിലും നിനക്ക് അദ്ദേഹം അച്ഛൻ തന്നെയായിരുന്നു….
വിധവയായ സ്ത്രീ പുതിയ ഒരാളെ തേടി
പോയപ്പോൾ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു പോയി.. രാധാകൃഷ്ണൻ എന്നിട്ടതിനെ എടുത്തു വളർത്തി ..
വർഷങ്ങൾക്കു ശേഷം മേൽവിലാസവും തിരഞ്ഞുപിടിച്ച് നിൻ്റെ ‘ അമ്മ ഇവിടെയും എത്തി.. നിൻ്റെ അച്ഛനോടവർ നിനക്കു വില പറഞ്ഞു …
പാവമാടാ നിൻ്റെ അച്ഛൻ സ്നേഹിക്കാൻ മാത്രമേ .. അറിയൂ.. ഉപദ്രവിക്കരുത് ആ പാവത്തിനെ…
പ്രഭാകരേട്ടാ.. എനിയ്ക്ക് ഒന്നും വേണ്ട. ചെയ്തു പോയ തെറ്റുകൾ ഏറ്റുപറഞ്ഞ്..ആ കാലിൽ വീണ് മാപ്പ് ചോദിക്കണം , പൊറുക്കാൻ കഴിയാത്ത തെറ്റുകളാണ് ഞാൻ ചെയ്തത്. അവൻ കരഞ്ഞുകൊണ്ട് പ്രഭാകരേട്ടൻ്റെ കൈകളിൽ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു ..
കുറ്റബോധം നമ്മളെ വല്ലാതെ അലട്ടുമ്പോൾ ചിലർ സ്വന്തം കുറ്റങ്ങൾ തിരിച്ചറിയാറുണ്ട്.. മനസ്സിൽ ഇത്തിരി യെങ്കിലും കരുണയുള്ളവർക്കേ അതിന് കഴിയു….
വിഷ്ണു .. നീ വീട്ടിലേക്ക് ചെല്ലൂ നിനക്ക് വേണ്ടി അവർ കാത്തിരിക്കുന്നുണ്ടാകും.. വെറുപ്പിൻ്റേയും വിദ്വേഷത്തിൻ്റേയും കഥയല്ല മറിച്ച് സ്നേഹിക്കാനറിയാവുന്ന ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിൻ്റേയും കാത്തിരിപ്പാണ്…
നിനക്ക് അവരെ പിരിയാൻ കഴിയില്ല. അവർക്ക് നിന്നെയും അതിന് രക്തബന്ധത്തിൻ്റെ ആവശ്യ’മുണ്ടെന്ന് തോന്നുന്നില്ല ….
അവരുടെ കുറ്റപ്പെടുത്തലിനു മുന്നിൽ അവൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…
യാത്ര പോലും പറയാതെ.നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തുടച്ചു കൊണ്ടവൻ എങ്ങോട്ടില്ലാതെ നടന്നു.. തലയല്ലാം ഒരു മരവിപ്പായിരുന്നു ..
ചെയ്തു പോയ തെറ്റിനെ കുറിച്ച് ഓർത്തോർത്തു കരഞ്ഞു.. സന്ധ്യയാകാറായപ്പോഴേയ്ക്കും വീട്ടിൽ തിരിച്ചെത്തി.. ഉമ്മറത്ത് തന്നെയും കാത്ത് അമ്മ നിൽപ്പുണ്ട് ….
വിഷ്ണു .. നീ എവിടേയ്ക്കാ പോയേ ..
ഒന്നു പറഞ്ഞിട്ട് പോകാമായിരുന്നില്ലേ….
അച്ഛൻ ഒരു പാട് അന്വേഷിച്ചു ..
“അമ്മേ…അച്ഛൻ… ”
അവൻ ചാരുകസേരയിൽ നോക്കി കൊണ്ട് ചോദിച്ചു..
“അച്ഛൻ പുറത്തേയ്ക്ക് പോയേക്കുവാ. ഒരു മരണാവശ്യമുണ്ടായിരുന്നു …. നിന്നെയും കൂട്ടാമെന്ന് കരുതിയപ്പോൾ നീ ഇവിടെ ഇല്ലല്ലോ .. “”അപ്പോൾ ആ സ്ത്രീ മരിച്ചുവല്ലേ.. ”
മനസ്സിലേ പറഞ്ഞുള്ളൂ.. പെട്ടന്നാണ് പിന്നിൽ ‘ നിന്നൊരു വിളി .. “അച്ചൻ ” …
തൻ്റെ മനസ്സ് അച്ഛൻ വായിച്ചതു പോലെ ..”വിഷ്ണു “.. നീ പ്രഭാകരനെ കണ്ടുല്ലേ…
അവൻ കൊച്ചു കുട്ടികളെ പോലെ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ..
“എന്നോട് ക്ഷമിക്കൂ. അച്ഛാ.. ഞാൻ അച്ഛൻ്റെ മകൻ തന്നെയാ.. ആ നിൽക്കുന്നതാ.. എൻ്റെ ‘ അമ്മ…. ”
അവനെ ആശ്വസിപ്പിച്ചു കൊണ്ട്.
അഴയിൽ കിടന്ന തോർത്തുമുണ്ടെടുത്ത് കിണറ്റിൻ കരയിലേയ്ക്ക് നടന്നപ്പോൾ നനവു പടർന്ന തൻ്റെ കണ്ണുകൾ രാധാകൃഷ്ണൻ തോർത്തു കൊണ്ട് ഒപ്പിയെടുത്തു…. “തെമ്മാടീ. തോൽപ്പിച്ചു കളഞ്ഞു…. ”