(രചന: രജിത ജയൻ)
മകന്റെ മുന്നിൽ വെച്ച് അവന്റെ ഭാര്യയെ മറ്റൊരുത്തൻ കെട്ടി പിടിക്കുന്നതും നെഞ്ചോരം ചേർത്തു പിടിച്ച് മുഖമാകെ ചുംബനം കൊണ്ട് മൂടുന്നതും കണ്ട് ദേവമ്മ പകച്ച് സ്വന്തം മകനെനോക്കി നിന്നു പോയ് …
ഗിരീ ..എന്താണ് മോനെ ഇത് ?ആരാണിത് ?അവനെന്തിനാ ഗീതുവിനെ …?പകപ്പോടെ അമ്മയിൽ നിന്ന് ചോദ്യങ്ങളോരോന്നായ് പുറത്തു വന്നു കൊണ്ടിരുന്നതും ഗിരി ഒന്നും മിണ്ടാതെ അമ്മയെ തന്നോടു ചേർത്തുപിടിച്ചു ഉമ്മറത്തേക്ക് നടന്നു, അതിനിടയിലവനൊന്ന് തിരിഞ്ഞു നോക്കിയെങ്കിലും കണ്ണുനീരവന്റെ കാഴ്ചയെ മറച്ചിരുന്നു ..
മോനെ ഗിരി എന്താടാ നിന്റെ കണ്ണുനിറഞ്ഞിരിക്കുന്നത് .?ആ വന്ന മോൻ ആരാ.. അവനെന്തിനാ നമ്മുടെ ഗീതുവിനെ ……
അവൾ നമ്മുടെ ഗീതു അല്ല അമ്മേ .. അവൾ അവന്റെ ഗീതുവാ… അവന്റെ മാത്രം ..
ശബ്ദമിടറാതെ ശ്രദ്ധിച്ചു ഗിരി അമ്മയോട് പറഞ്ഞതും അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അമ്മ അവനെ തന്നെ നോക്കി നിന്നു ,അന്നേരം അവർക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു വളരെ ഉച്ചത്തിലുള്ള തന്റെ മകന്റെ ഹൃദയമിടിപ്പ് .. എന്തിനെന്നറിയാതൊരു ഭയം ആ അമ്മ മനസ്സിനെ അന്നേരം പൊതിയുന്നുണ്ടായിരുന്നു ..
തന്റെ മകൻ താലികെട്ടി താനീ വീടിന്റെ മരുമകളായ് കൈപിടിച്ചു കേറ്റിയ പെൺ കുട്ടി മറ്റൊരുത്തനെ സ്നേഹിച്ചിരുന്നവളാണെന്നും ഇന്ന് താൻ കണ്ടത് അവൾ സ്നേഹിക്കുന്ന യുവാവിനെ ആണെന്നും മകനിൽ നിന്നറിഞ്ഞ അവരിലൊരു ഞെട്ടൽ ഉണ്ടായി
മോനെ.. നീയെന്തൊക്കെയാടാ ഈ പറയുന്നത് ..?
നിനക്കീ കാര്യങ്ങളെല്ലാം അറിയാമായിരുന്നോ ..? നിന്റെ ഭാര്യ അല്ലേടാ അവള്..?
നീ കെട്ടിയ താലി അല്ലേ അവളുടെ കഴുത്തിൽ …
അതെ എന്റെ ഭാര്യയാണ് എല്ലാവരുടെയും മുമ്പിൽ ,ഞാൻ കെട്ടിയ താലിയാണ് അവളുടെ കഴുത്തിൽ പക്ഷെ അവൾ അത് ധരിച്ചിരിക്കുന്നത് അവളുടെ ശരീരത്തിൽ മാത്രമാണ് മനസ്സിലല്ല അമ്മേ ..
മനസ്സിൽ മറ്റൊരുത്തനെ കൊണ്ടു നടക്കുന്ന ‘ അവന്റേതാവാൻ ഓരോ നിമിഷവും പ്രാർത്ഥനയോടെ കാത്തിരിക്കുന്ന അവൾ അവന്റെ മാത്രം പെണ്ണാന്ന് അമ്മേ ..
ഷാമിലിന്റെ മാത്രം പെണ്ണ് ..,,, അവിടെ ഞാനെന്ന താൽക്കാലിക ഭർത്താവിന് സ്ഥാനമില്ല
നീയീ പറയണതൊന്നും എനിക്ക് മനസ്സിലാവണില്ല ഗിരിയേ.. നീയിത് എന്തു ഭാവിച്ച സ്വന്തം ഭാര്യയെ അന്യ ഒരുത്തനടുത്താക്കിയിട്ട് ഇവിടെ ഇരുന്നീ വേദം പറയുന്നത്..
വാ.. നമ്മുക്ക് അകത്തേക്ക് പോവാം.. വാ മോനെ..
വേണ്ടമ്മേ അകത്ത് അവർ മാത്രം മതി ,കുറച്ചു സമയം അവരൊറ്റയ്ക്ക് മതി അവിടെ …
അല്പസമയം കൂടി കഴിഞ്ഞാൽ അവർ രണ്ടു പേരും ഇവിടുന്ന് പോവും അതിനു മുമ്പവർ കാര്യങ്ങളെല്ലാം ഒന്ന് സംസാരിച്ച് തീരുമാനിക്കട്ടെ
പോവ്വേ.. ?
അവരോ ..?
ഗീതു പോവ്വേ..? നീയെന്തൊക്കയാ ഗിരി ഈ പറയണത്..
ഭ്രാന്തു പിടിച്ചോ നിനക്ക് ..?
നീയെന്തൊക്കെയാടാ ഈ പറയണത് ..?
തനിക്ക് മുമ്പിൽ നടക്കുന്നതൊന്നും മനസ്സിലാവാതെ പതറിയവർ നിന്നതും ഗിരി അവരെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു ,അവരെ ആശ്വസിപ്പിക്കാനെന്നവണ്ണം ..
അപ്പോഴവന്റെ നിറഞ്ഞ കണ്ണിൽ നിന്നൊരു തുള്ളി അമ്മയുടെ നെറുകയിൽ വീണു ചിതറിഅതേ അമ്മേ ഗീതു പോവുകയാണിന്ന് ഷാമിലിന്റെ കൂടെ
നീയെന്താ ഗിരി ഇങ്ങനെയൊക്കെ പറയുന്നത് ..?
നിനക്ക് കാര്യബോധം നഷ്ട്ടപ്പെട്ടോ ..?
നിന്റെ ഭാര്യയാണ് ഗീതു അവൾക്കൊരു വീടുണ്ട് കുടുംബമുണ്ട് ,ആ വീട്ടിൽ അവളുടെ അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ട് .. ഗീതുവിനെ പറ്റിയുള്ള അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും നീ ..
ഗീതു എന്നെ ഉപേക്ഷിച്ച് ഷാമിലിനൊപ്പം പോയെന്ന് പറഞ്ഞാൽ അവരൊന്നും പിന്നീടെന്നോട് ചോദിക്കില്ല, കാരണം എനിക്ക് മുന്നേ അവരറിഞ്ഞതാണ് അവളുടെ പ്രണയം, അതറിഞ്ഞു കൊണ്ടു തന്നെയാണ് അവരവളെ എനിക്ക് വിവാഹം കഴിപ്പിച്ച് തന്നത് ..
മോനെ ഗിരീ…സത്യമാണമ്മേ ഞാനീ കാര്യങ്ങളെല്ലാം അറിഞ്ഞത് കല്യാണ രാത്രിയിൽ ഗീതു പറയുമ്പോഴാണ് ..
വിവാഹത്തിന് മുമ്പേ ഇതെല്ലാം എന്നെ അറിയിക്കാൻ അവൾ പലവട്ടം ശ്രമിച്ചതാണ് ,പക്ഷെ എല്ലാം അവളുടെ അച്ഛനും ഏട്ടന്മാരും തടഞ്ഞു ..
തല്ലിയും ഭീഷണി മുഴക്കിയും അവരീ കല്യാണം നടത്തിയപ്പോ തകർന്നു പോയിരുന്നു ഗീതു ..
എന്നെ ചതിക്കാൻ വയ്യെന്ന് പറഞ്ഞ് ഗീതു ഇതെല്ലാം എന്നോടു പറഞ്ഞപ്പോൾ ഞാനാണവളോട് പറഞ്ഞത് അവളുടെ പ്രണയത്തിലേക്ക് തന്നെ മടങ്ങി പൊയ്ക്കോളാൻ …
മോനെ നീ പറയുന്നത് ..?സത്യമാണമ്മേ ,ഗീതു സ്നേഹിച്ചത് ഒരന്യ മതസ്ഥനെ ആയതു കൊണ്ടാണ് അവളുടെ വീട്ടുകാർ ഇതിനെ എതിർത്തത് ,അവനാണെങ്കിൽ ജോലി സംബന്ധമായ് വിദേശത്തുമായ് പോയ് ..
വിവാഹ രാത്രിയിൽ തന്നെ ഞാൻ ഷാമിലിനെ വിളിച്ചിരുന്നു ,എന്നെ വിശ്വാസമുണ്ടെങ്കിൽ അവന്റെ പെണ്ണിനെ വിശ്വാസമുണ്ടെങ്കിൽ ഗീതു അവൻ വരുന്നതുവരെ എന്റെ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ് , മറ്റുള്ളവർക്ക് മുമ്പിൽ ഭാര്യയായും എനിക്കൊപ്പമൊരു നല്ല സുഹൃത്തായും ..
അവനു വിശ്വാസമായിരുന്നു അവന്റെ പെണ്ണിനെ ഇന്നിതാ അവനവന്റെ പെണ്ണിനെ തിരികെ കൊണ്ടുപോവാൻ വന്നു .ഈ രാത്രിയവർ ഈ നാടുവിടും …
മോനെ ഇതൊക്കെ നടക്കുന്ന കാര്യമാണോ നീയെന്താണ് നിന്നെ പറ്റി ചിന്തിക്കാത്തത് ..?
ഭാര്യ ഉപേക്ഷിച്ചു പോയ നീ നാളെയീ നാട്ടുകാർക്കൊരു കോമാളി മാത്രമായ്തീരും .. നിന്റെ കഴിവുകേടുകൊണ്ടാണ് നിന്റെ ഭാര്യ പോയതെന്നു വരെ പറഞ്ഞു പരത്തും ഈ നാട്ടുകാർ ..
ഒരു പെണ്ണ് കെട്ടിയെന്നതിന്റെ പേരിൽ നാളെ നിനക്ക് നല്ലൊരു ജീവിതം പോലും കിട്ടില്ല, നീയൊരു രണ്ടാം കെട്ടുകാരനായ് മാറും …
നാട്ടുകാർ എന്നെ പറ്റി എന്തു കരുതുമെന്ന് കരുതി എനിക്ക് ജീവിക്കാൻ പറ്റില്ല അമ്മേ .. മനസ്സിൽ മറ്റൊരുത്തനെ പ്രാണനെ പോലെ സ്നേഹിച്ചു കൊണ്ടു നടക്കുന്നവളെ ഭാര്യയാക്കാനും പറ്റില്ല ..
മകളുടെ മനസ്സറിഞ്ഞിട്ടും അതിനൊപ്പം നിൽക്കാതെ ഒരേ സമയം എന്നെയും അവളെയും ചതിച്ച അവളുടെ വീട്ടുകാർക്ക് ഇതിനെകാൾ നല്ലൊരു തിരിച്ചടി കൊടുക്കാനില്ല അമ്മേ ..
അവൾ പോകുന്നതിൽ നിനക്ക് സങ്കടമൊന്നും ഇല്ലേടാ,നിന്റെ ഭാര്യയായിരുന്നവളല്ലേ മോനെ അവൾ..?
ഒരിക്കലും ഇല്ല അമ്മേ അവളെന്റെ നല്ല കൂട്ടുകാരി മാത്രമായിരുന്നു, അവനെന്റെ നല്ലൊരു ചങ്കും ..അവര് ജീവിക്കട്ടെ അവരു സ്വപ്നം കണ്ട ജീവിതം..
ഇങ്ങനെയെല്ലാം പറയുമ്പോഴും നിറയുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കേ ആ അമ്മയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു മറ്റൊരുത്തന്റേത് ആണെന്ന് അറിഞ്ഞിട്ടും തന്റെ മകനാ പെണ്ണിനെ സ്നേഹിച്ചിരുന്നുവെന്ന് ..
മനസ്സിൽ നന്മ ഉള്ള ഏതൊരാളും താൻ താലി കെട്ടിയ പെണ്ണിനെ സ്നേഹിക്കുന്നതു പോലെ ..
ഒരു പക്ഷെ അതാ താലി എന്ന പവിത്ര ബന്ധം കാരണമാവാം ..
ഷാമിലും ഗീതുവും ഗിരിയോടും അമ്മയോടും എങ്ങനെ നന്ദിയും കടപ്പാടും തീർക്കുമെന്നറിയാതെ പരിഭ്രമിച്ച് നിന്നപ്പോൾ ഗിരി അവരെ ആശ്വസിപ്പിച്ച് സ്നേഹത്തോടെ യാത്ര അയച്ചു ..
കൈകൾ കോർത്തു പിടിച്ച് സ്നേഹത്തോടെയവരാ വീടിന്റെ പടിയിറങ്ങി പോവുമ്പോഴും എന്തിനെന്നറിയാതെ ഗിരിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ കാമുകന്റെ കൂടെ പോണതിനെക്കാൾ വലിയൊരു നാണക്കേടില്ലാ ഭൂമിയിൽ എന്ന വിധമായിരുന്നു പിറ്റേ ദിവസം മുതൽ നാട്ടിലെ കാര്യം
സഹിക്കാവുന്നതിലും ഏറെയായിരുന്നു പലപ്പോഴും നാട്ടുകാരുടെ പരിഹാസവും കുടുംബക്കാരുടെ സാന്ത്വന വാക്കുകളും …
സാന്ത്വനം എന്ന പേരിൽ ഓരോരുത്തരും നടത്തുന്ന നാടകം നിസ്സംഗനായ് നോക്കി നിന്നവൻ ..
തെറ്റു ചെയ്തുവെന്ന പൂർണ്ണ ബോധ്യത്തോടെ ഗീതുവിന്റെ വീട്ടുകാർ അവനുമുമ്പിൽ തല കുനിച്ചു നിന്നപ്പോൾ അവർക്കായൊരു പുഞ്ചിരി മാത്രമായിരുന്നു അവന്റെ മറുപടി..
ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറവേ എല്ലാവരും എല്ലാം മറന്നെങ്കിലും ഗീതുവിന്റെ വീട്ടുകാർക്കവർ ഗിരിയോട് തെറ്റു ചെയ്തുവെന്ന കുറ്റബോധം കൂടി കൂടി വന്നു ..
അതിനൊരു പരിഹാരവുമായവർ ഗിരിയുടെ അടുക്കലെത്തി എങ്കിലും അവരോടുള്ള മറുപടി വിഷാദം നിറഞ്ഞ അവന്റെയൊരു ചിരി മാത്രമായിരുന്നു
ഗീതു ചെയ്ത തെറ്റിന് പരിഹാരമെന്നോണം അവളുടെ അനിയത്തിയെ വിവാഹം കഴിക്കുക എന്നതായിരുന്നു അവരുടെ പ്രായശ്ചിത്തം..
ഗിരിയുടെ മറുപടിയോ തീരുമാനമോ അറിയാതെ ഗീതുവിന്റെ വീട്ടുകാർ ദിവസങ്ങൾ തള്ളി നീക്കുന്നതിനിടയിലൊരു ദിവസം തനിക്ക് ഗീതുവിന്റെ അനിയത്തിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ഗിരി അറിയിച്ചത് എല്ലാവരിലും സന്തോഷം നിറച്ചു ..
മോനെ ഗിരി, നിനക്ക് പൂർണ്ണ സമ്മതമല്ലേ അവളെ കല്ല്യാണം കഴിക്കാൻ ..? പറ്റില്ലെങ്കിൽ പറ നമ്മുക്ക് വേറെ നോക്കാം …അമ്മ പറഞ്ഞതിനൊരു നിറചിരിയായിരുന്നു ഗിരിയുടെ ആദ്യ മറുപടി
അമ്മേ വിവാഹമാർക്കറ്റിൽ എനിക്കിപ്പോഴുള്ള വില ഒരു രണ്ടാം കെട്ടുകാരന്റെ ആണ്
ഇനി ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നാലും അതുമൊരുപക്ഷെ ഒരു രണ്ടാം വിവാഹക്കാരി ആയിരിക്കും ..
എനിക്കങ്ങനെ ഒരാളെ വേണ്ട അമ്മേ..
ഒരുത്തിയുടെ കൂടെ കുറച്ചു കാലം ജീവിച്ചെങ്കിലും പെണ്ണ് എന്തെന്നറിയാത്തവനാണ് ഞാൻ ..
അതു കൊണ്ടു തന്നെ ഇനിയെന്റെ ജീവിതത്തിലേക്ക് വരുന്നവളുടെയും ആദ്യ പുരുഷൻ ഞാൻ തന്നെയാവണം .. അതിനെന്തു കൊണ്ടും നല്ലത് ഗീതുവിന്റെ അനിയത്തി തന്നെയാണ്
ചേച്ചിനെയോ കിട്ടിയില്ല, അനിയത്തി എങ്കിലും ഇരിക്കട്ടെ..അമ്മ കേട്ടിട്ടില്ലേ ഒരുത്തി തേച്ചാൽ അടുത്തത് അവളുടെ അനിയത്തിയെന്ന് ..ഇതും അത്രയേ ഉള്ളു .
അമ്മയോട് പറഞ്ഞ് നിറഞ്ഞ ചിരിയോടെ വീടിനകത്തേക്ക് നടക്കുന്ന അവനെ കണ്ടപ്പോ അമ്മയുടെ മനസ്സൊന്ന് ആശ്വസിച്ചു .. മാറുന്ന കാലത്തിനനുസരിച്ച് തന്റെ മകനും
ജീവിക്കാൻ പഠിച്ചുവെന്ന ആശ്വാസം.. അവൻ പറഞ്ഞ വാക്കുകൾ അപ്പോഴും അവരുടെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു ..ഒരുത്തി പോയാൽ അടുത്തതവളുടെ അനിയത്തി ….