തനിക്കൊപ്പം ശരീരം പങ്കിട്ടു കിടക്കുന്ന ഭർത്താവ് മറ്റൊരു സ്ത്രീയുടെ പേര് ആ സമയത്ത് വിളിക്കുമ്പോൾ എന്റെ മാനസ്സീകാവസ്ഥ എന്തായിരുന്നുവെന്ന് നിങ്ങൾക്കറിയോ

(രചന: രജിത ജയൻ)

പള്ളി പെരുന്നാളിന്റെ തിരക്കിനിടയിൽ പെടാതെ സാമിനൊപ്പം പള്ളിമുറ്റത്തേക്ക് ഒതുങ്ങി നിൽക്കുമ്പോഴും ലില്ലിയുടെ കണ്ണുകൾ സാമിനോട് സംസാരിച്ചു നിൽക്കുന്നവനിലായിരുന്നു

ആറടി പൊക്കത്തിലും അതിനൊത്ത വണ്ണത്തിലുമുള്ള അയാളുടെ ശരീരത്തിലൂടെ ലില്ലിക്കുട്ടിയുടെ കണ്ണുകൾ അരിച്ചു നീങ്ങി..

സാമിനോട് സംസാരിക്കുമ്പോൾ അയാളുടെ മുഖത്ത് വിടരുന്ന ഭാവങ്ങളിലേക്കവൾ വിടർന്ന മിഴികളോടെ നോക്കി നിന്നു

തനിക്കൊപ്പം നിൽക്കുമ്പോഴും തന്റെ കൂട്ടുകാരനെ അടിമുടി ഉഴിഞ്ഞു നോക്കുന്ന ലില്ലിയെ സാമും ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

സാമിന്റെ ദേഷ്യത്തോടെയുള്ള നോട്ടം തനിക്കു മേൽ പതിഞ്ഞതും ലില്ലിക്കുട്ടി അവനെ പരിഹസിച്ചെന്ന പോൽ ഒന്നു ചിരിച്ചു വീണ്ടും അവളുടെ കണ്ണുകൾ സാമിന്റെ കൂട്ടുകാരനു മേൽ പതിപ്പിച്ചു ..

സാമിന്റെ കണ്ണുകൾ തന്നിൽ തന്നെയാണെന്ന് മനസ്സിലായതും അവൾ പള്ളിപറമ്പിലുള്ള പുരുഷന്മാർക്കിടയിലേക്ക് തന്റെ കണ്ണുകൾ പായിച്ചു ,വികാരാവേശം കൂടിയിട്ടെന്നപ്പോലെ അവൾ തന്റെ കീഴ്‌ച്ചുണ്ട് പല്ലുകളാലൊന്ന് അമർത്തി ഞരിച്ചു വിടുന്നതു കണ്ടതും സാം തന്ന്റെ കണ്ണുകൾ അവളിൽ നിന്നു മാറ്റി …

സാമിന്റെയും ലില്ലിയുടെയും പ്രവൃത്തികളോരോന്നും നിരീക്ഷിച്ചു കൊണ്ട് പള്ളിക്കരികിൽ നിന്ന സാമി ന്റെ പപ്പയുടെ മിഴികളിൽ ദേഷ്യം ആളിക്കത്തി ..ലില്ലി…,, എന്താണ് നിന്റെ ഉദ്ദേശം..?

എന്റെ മകന്റെ ഭാര്യയായ് ഈ വീട്ടിൽ നിന്നു കൊണ്ട് നിന്റെ തോന്ന്യാസങ്ങൾ ചെയ്യാൻ നിന്നെ ഞങ്ങൾ സമ്മതിക്കില്ല ലില്ലി..

പള്ളിയിൽ നിന്ന് തിരികെ വന്നയുടനെ സാമിന്റെ പപ്പ ലില്ലിയോട് പൊട്ടിത്തെറിച്ചുപലവട്ടമായ് നിന്റെ തന്നിഷ്ട്ടങ്ങളും തോന്ന്യാസങ്ങളും ഞങ്ങൾ കാണുന്നു, ഇനിയതിവിടെ പറ്റില്ല, ഈ വീടിനൊരു നിലയും വിലയുമുണ്ട് ഈ നാട്ടിൽ, അതു നശിപ്പിക്കുന്ന യാതൊന്നും ഇവിടെ ഞാൻ വെച്ചുപൊറുപ്പിക്കില്ല

പപ്പയുടെ ഉറച്ച വാക്കുകൾ കേട്ടതും ലില്ലിയുടെ മുഖത്തൊരു ചിരി വിരിഞ്ഞതു കണ്ട പപ്പയുടെ മുഖം ദേഷ്യത്താൽ വിറച്ചു

തലയ്ക്ക് മൂത്തവർ കാര്യം പറയുമ്പോൾ പരിഹസിച്ചു ചിരിക്കുന്നോടി മാനം കെട്ടവളെ ..

പപ്പ അവൾക്ക് നേരെ തിരിഞ്ഞതും അത്രയും നേരം ചിരിച്ചുകൊണ്ടിരുന്നവളുടെ മുഖത്തെ ചിരി മായുന്നതും അവിടെ ദേഷ്യം നിറയുന്നതും സാം ഒട്ടൊരു പരിഭ്രമത്തോടെ നോക്കി നിന്നു

ഞാൻ മാനം കെട്ട് ജീവിക്കുന്നത് പപ്പ കണ്ടിട്ടുണ്ടോ .. ?അവൾ ദേഷ്യത്തിലയാളോട് തിരക്കി

ഇനിയെന്താന്നെടീ കൂടുതൽ കാണാനും അറിയാനും ഉള്ളത്..? ഇന്നുതന്നെ സ്വന്തം കെട്ടിയവനായ സാമിന്റെ കൂടെ നിൽക്കുമ്പോൾ നിന്റെ നോട്ടമെല്ലാം അവനൊപ്പമുള്ള കൂട്ടുകാരിലും പെരുന്നാള് കൂടാൻ വന്ന മറ്റ് ആണുങ്ങളുടെ മേത്തുമായിരുന്നില്ലേ..?

സ്വന്തം കെട്ട്യോന്റെ കൂടെ നിന്ന് അന്യ ആണുങ്ങളുടെ ചോരയൂറ്റുന്ന നിനക്കെവിടുന്നാടി നാണവും മാനവും ..

പപ്പ ഈ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യം തന്നെയാണ് അതുകൊണ്ട് ഞാനായിട്ടിതിനൊരു മറുപടി ഇപ്പോൾ പറയുന്നില്ല, പക്ഷെ ഒന്നു പറയാം ഞാനിനിയും ഇങ്ങനെ ഒക്കെ തന്നെയാവും എന്റെ കണ്ണിനും മനസ്സിനും ഇഷ്ട്ടം തോന്നുന്ന പുരുഷന്മാരെ ഞാൻ നോക്കും ആസ്വദിക്കും എന്റെ ഭർത്താവായ സാമിച്ചൻ വേണ്ട എന്നു പറയുന്നതു വരെ..

ഉറപ്പോടെ പപ്പയുടെ മുഖത്തു നോക്കി ലില്ലിയതു പറഞ്ഞതും അവിടെ കൂടി നിന്നവരുടെ എല്ലാം മുഖം വിളറി വെളുത്തു

നിന്നെ പോലൊരുത്തി വേണ്ടടീ ഇനിയീ കുടുംബത്ത് ,എന്റെ സാം എങ്ങനേലും ജീവിച്ചോളും ,പക്ഷെ നീയിനി വേണ്ട ഇവിടെ ഇപ്പോ തന്നെ ഇറങ്ങണം ഈ വീട്ടീന്ന് ..

പപ്പ അവളെ നോക്കി അലറിപപ്പ ഈ പറഞ്ഞതിനുള്ള മറുപടി ഞാൻ പറഞ്ഞോട്ടെ സാമിച്ചാ..

ഒരു പരിഹാസചിരിയോടെ ലില്ലി സാമിനുനേരെ തിരിഞ്ഞു ചോദിച്ചതും അവനൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു

പപ്പ കണ്ടല്ലോ ഞാൻ എങ്ങനെ നടന്നാലും എന്റെ കെട്ടിയവനതിൽ യാതൊരു പരാതിയും ഇല്ല, അങ്ങേർക്കില്ലാത്ത പരാതിയും പ്രശ്നവുമൊന്നും നിങ്ങൾക്കാർക്കും വേണ്ട ..

പറഞ്ഞു കൊണ്ടവൾ മുറിയിലേക്ക് നടന്നതും ഒന്നും വിശ്വസിക്കാൻ കഴിയാതെ അവിടെ തറഞ്ഞു നിന്നു പോയ് സാമിന്റെ പപ്പയും മമ്മിയും ..

അന്നേരമവരുടെ കൺമുന്നിൽ തെളിഞ്ഞത് തങ്ങളുടെ മകന്റെ രണ്ടാം ഭാര്യയായ് ഈ വീട്ടിലേക്ക് കയറി വന്ന സാധുവായ ലില്ലിക്കുട്ടി എന്ന പെൺക്കുട്ടിയുടെ മുഖമായിരുന്നു..

നമ്മുക്ക് തെറ്റുപറ്റിയോ അച്ചായാ.. ?വേദനയോടെ സാമിന്റെ അമ്മച്ചി ചോദിച്ച അതേ ചോദ്യമായിരുന്നു അന്നേരം പപ്പയുടെ മനസ്സിലും..

എന്നെ നിങ്ങളുടെ ജീവിതത്തീന്ന് ഒഴിവാക്കാൻ ഇത്രയും നല്ല ഒരവസരം കിട്ടിയിട്ടും നിങ്ങളത് വേണ്ടപ്പോലെ ഉപയോഗിച്ചില്ലല്ലോ സാമിച്ച..കഷ്ട്ടം

മുറിയിലെ ബെഡ്ഡിൽ തലയും താഴ്ത്തി ഇരിക്കുന്ന സാമിനെ നോക്കി ലില്ലി പറഞ്ഞു

എനിക്കറിയാം ലില്ലിക്കുട്ടീ നീയെന്നോട് പക വീട്ടുകയാണെന്ന് … നീയിപ്പോൾ പറയുന്നതും ചെയ്യുന്നതും എല്ലാം എന്നോടുള്ള ദേഷ്യം തീർക്കൽ ആണെന്നും അറിയാം.. പക്ഷെ…

പാതിയിൽ പറഞ്ഞു സാം നിർത്തിയതും ലില്ലിയുടെ ചുണ്ടിലാ പരിഹാസചിരി വിടർന്നുഎന്തേ സാമിച്ചാ ഒരു പക്ഷെ ..?

എനിക്കറിയാം ഞാൻ ഈ ലോകത്തുള്ള സകല ആണുങ്ങളുടെ പിന്നാലെ നടന്നാലും നിങ്ങൾക്കൊരു പരാതിയും ഉണ്ടാവില്ലാന്ന് ,നിങ്ങളെന്നെ തടയുക പോലും ഇല്ലെന്ന് കാരണം ഞാനെങ്ങനെ ആയാലും അതൊന്നും നിങ്ങളെ ബാധിക്കില്ല.

പറഞ്ഞു നിർത്തുമ്പോൾ ഇടറിപോയിരുന്നു ലില്ലിയുടെ ശബ്ദം..അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നിസ്സംഗതയോടെ നോക്കി നിൽക്കാൻ മാത്രമേ സാമിനപ്പോൾ കഴിഞ്ഞുള്ളു

എന്തിനായിരുന്നു സാമിച്ചാ നിങ്ങളുടെ ആദ്യ ഭാര്യ ലീന മരിച്ചപ്പോൾ നിങ്ങളെന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടിയത് ..?

നിങ്ങൾക്കൊരിക്കലും ലീനയെ മറക്കാൻ പറ്റില്ലായിരുന്നെങ്കിൽ അവരുടെ ഓർമ്മയിൽ നിങ്ങൾക്ക് നിങ്ങളുടെ ബാക്കി ജീവിതം ജീവിച്ചു തീർക്കാമായിരുന്നു

അതിനു പകരം ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥയായ എന്നെ നിങ്ങളുടെ പപ്പയുടെ നിർബന്ധത്തിന് വഴങ്ങി കെട്ടിയിട്ട് നിങ്ങളെന്തു നേടി

ഒരിക്കൽ പോലും ഒരു ഭർത്താവിന്റെ പൂർണ്ണമനസ്സോടെ നിങ്ങൾ എനിക്കൊപ്പം കിടന്നിട്ടില്ല ,കിടന്നപ്പോഴെല്ലാം നിങ്ങളുടെ നാവിൽ നിന്നുതിർന്ന് വീണത് ലീന എന്ന പേരായിരുന്നു ..

തനിക്കൊപ്പം ശരീരം പങ്കിട്ടു കിടക്കുന്ന ഭർത്താവ് മറ്റൊരു സ്ത്രീയുടെ പേര് ആ സമയത്ത് വിളിക്കുമ്പോൾ എന്റെ മാനസ്സീകാവസ്ഥ എന്തായിരുന്നുവെന്ന് നിങ്ങൾക്കറിയോ .. ഞാനൊരു അഭിസാരികയെക്കാളും താഴെയായിരുന്നു

ലീനയ്ക്ക് കൊടുക്കാൻ പറ്റാത്ത മാതൃസ്ഥാനം എനിക്കും വേണ്ടാന്ന് നിങ്ങൾ വാശി കാണിച്ചപ്പോൾ തകർന്നത് എന്നിലെ സ്ത്രീയാണ് .ഞാനെന്ന പെണ്ണാണ് അമ്മയാവാൻ ആഗ്രഹിച്ച എന്റെ മനസ്സാണ് .

ഞാനൊരു സാധാരണ സ്ത്രീയാണ് ,ചെറിയ ചെറിയ മോഹങ്ങളും ആഗ്രഹങ്ങളും ഉള്ള സ്ത്രീ ..

ആദ്യ ഭാര്യയുടെ ഓർമ്മകളിൽ നിങ്ങൾ ജീവിച്ചപ്പോൾ നിങ്ങളുടെ ശരീര ദാഹം തീർക്കാനുള്ള വെറുമൊരു ശരീരമായിരുന്നു നിങ്ങൾക്ക് ഞാൻ ..

എന്നാൽ എനിക്കതല്ലായിരുന്നു നിങ്ങളിൽ നിന്നും വേണ്ടത് ,എനിക്ക് നിങ്ങളാൽ ലാളിക്കപ്പെടണമായിരുന്നു ,കൊഞ്ചികപ്പെടണമായിരുന്നു ,സ്നേഹിക്കപ്പെടണമായിരുന്നു ..

നിങ്ങളിൽ നിന്ന് കിട്ടാത്തത് പുറത്ത് നിന്ന് നേടി കണ്ടെത്താൻ മാത്രം വൃത്തികെട്ടവൾ അല്ല ഞാൻ ..

പക്ഷെ എന്റെ മനസ്സും ശരീരവും പലപ്പോഴും എന്നെ അനുസരിക്കുന്നില്ല നിങ്ങളിൽ നിന്നാഗ്രഹിച്ചത് മറ്റുള്ളവരിൽ കാണുമ്പോൾ അറിയാതെ ഞാനും മാറി പോവുന്നുണ്ട് ,പലതും ആഗ്രഹിക്കുന്നുണ്ട് ,സ്നേഹത്തോടെയുള്ള നിങ്ങളുടെ ഒരു തലോടൽ പോലും എന്റെ സ്വപ്നമാണ് ,അറിയ്യോ സാമിച്ചന്..

ഞാനഗ്രഹിക്കുന്ന ഒരു ഭർത്താവായ് നിങ്ങൾ മാറാത്ത പക്ഷം ഞാനുമിങ്ങനെ തന്നെയായിരിക്കും

സർവ്വംസഹയായ സ്ത്രീ അല്ല ഞാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരു സാധാരണ സ്ത്രീയാന്ന് .. തെറ്റുകൾ ചെയ്യിപ്പിക്കരുത് എന്നെ കൊണ്ട് നിങ്ങൾ .. നിങ്ങളെ പറ്റി നിങ്ങളുടെ മാതാപിതാക്കളോട് പറയാനുള്ള അവസരവും ഉണ്ടാക്കരുത്

ലില്ലി പറഞ്ഞവസാനിപ്പിക്കുമ്പോൾ അവൾ പറഞ്ഞ വാക്കുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു സാം ..

അവനെന്ന പുരുഷന്റെ, ഭർത്താവിന്റെ പരാജയമാണ് ലില്ലി എന്ന പെണ്ണിന്റെ നാശത്തിന് കാരണമായ്തീരുക എന്ന തിരിച്ചറിവ് അവനെ ആകെ തളർത്തി ..

കുഞ്ഞു നാൾ മുതൽ മനസ്സിൽ കൊണ്ടു നടന്നു സ്നേഹിച്ചു സ്വന്തമാക്കിയ ലീനയോടൊപ്പം സന്തോഷത്തോടെ ഒരു ജീവിതം തുടങ്ങിയ സമയത്തു തന്നെയായിരുന്നു തീരെ പ്രതീക്ഷിക്കാതെ ഒരപകടത്തിലൂടെ അവളെ എന്നന്നേക്കുമായ് നഷ്ട്ടപ്പെട്ടത്

ജീവിതത്തിലെ ആഗ്രഹങ്ങളും മോഹങ്ങളും ഉപേക്ഷിച്ച് ഈ മുറിയിൽ ജീവിതം തളച്ചിട്ട തനിക്ക് ഒടുവിൽ പപ്പയുടെ നിർബന്ധത്തിന് വഴങ്ങി ലില്ലിയെ കെട്ടേണ്ടി വന്നു ..

പക്ഷെ അവളെ ഒരിക്കലും ലീനയുടെ സ്ഥാനത്ത് കാണാൻ തനിക്ക് പറ്റിയില്ല ..തന്നെ മനസ്സിലാക്കി തനിക്കൊപ്പം നിൽക്കാൻ ആദ്യമെല്ലാം ലില്ലിക്ക് കഴിഞ്ഞുവെങ്കിലും പിന്നീടവൾ മാറാൻ തുടങ്ങി

അവളാഗ്രഹിക്കുന്ന ഭർത്താവായ് താൻ മറാത്തതു കൊണ്ടു തന്നെയാണ് അവളുടെ ഈ മാറ്റം .. അതു തന്റെ കഴിവുകേട് തന്നെയാണ്

തെറ്റുകൾ തിരുത്തിയൊരു പുതിയ ജിവിതം തുടങ്ങിയില്ലെങ്കിൽ തനിക്കും ലില്ലിയ്ക്കും തങ്ങളുടെ ജീവിതം നഷ്ട്ടപ്പെടുമെന്ന തോന്നലിൽ സാമൊരു പുതു ചിന്തയോട തന്റെ മനസ്സിനെ പാകപ്പെടുത്താൻ തുടങ്ങിഅവർക്കൊരു നല്ല ജീവിതം പ്രതീക്ഷിക്കാം നമ്മുക്ക് ..

Leave a Reply

Your email address will not be published. Required fields are marked *