രചന: Rivin Lal
“ചാരുവിനൊരു വിസിറ്ററുണ്ട്”. പോലീസുകാരിയുടെ വിളി കേട്ടപ്പോൾ ചാരു സെല്ലിൽ നിന്നും മുട്ട് കുത്തിയിരുന്നിടത്തു നിന്നു തല ഉയർത്തി നോക്കി.
“എനിക്കാരുമില്ല. എന്നെ കാണാൻ ആരും വരണ്ട.” അവൾ ദേഷ്യത്തോടെ പറഞ്ഞു.ഒരു പ്രായമായ സ്ത്രീയാണ് വന്നത്. അവർ നിങ്ങളെ കണ്ടേ മടങ്ങു എന്നാ പറഞ്ഞത്. പൊലീസുകാരി വീണ്ടും പറഞ്ഞു.
ചാരു ഒരു നിമിഷം മൗനം പാലിച്ചു. പിന്നെ എഴുന്നേറ്റു വിസിറ്റിംഗ് റൂമിന്റെ അടുത്തേക്ക് അവരുടെ കൂടെ നടന്നു. കാണാൻ വന്നത് ചാരു പ്രതീക്ഷിച്ച ആൾ തന്നെയായിരുന്നു. തന്റെ അമ്മ. ഈ ലോകത്തു കൊലപാതകിയായ തന്നെ കാണാൻ മറ്റാര് വരാനാണെന്ന് അവൾ മനസ്സിൽ ഓർത്തു.
അമ്മയുടെ മുഖത്തു നോക്കാനുള്ള കെല്പുണ്ടായിരുന്നില്ല അവൾക്ക്.
എങ്കിലും അവൾ പിടിച്ചു നിന്നു.
“മോളെ.. നാളെയാണ് കേസിന്റെ വിധി. രണ്ടാം പ്രതിയായ അയാളുടെ സുഹൃത്തിനു ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടുമെന്നാണ് എല്ലാരും പറയുന്നത്.” അവളുടെ അമ്മ പറഞ്ഞു.
“ഉം.. അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. ആ വിധി പറയുമ്പോൾ ഞാനീ ലോകത്തു ഉണ്ടാവുമോ ഇല്ലയോ എന്ന ഒരു സംശയം മാത്രമേ എനിക്കിപ്പോൾ ബാക്കിയുള്ളൂ അമ്മേ..!”
അവൾ വിഷമത്തോടെ പറഞ്ഞു.
അവളുടെ വാക്കുകൾ കേട്ടതും വാർദ്ധക്യത്തിലേക്കു കടന്ന ആ പാവം സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ന്നാലും ന്റെ കുട്ടി..!!” വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ അവർ തേങ്ങാൻ തുടങ്ങി.
“അമ്മ കരയരുത്. അമ്മയുടെ ഈ മോൾ ചെയ്തതാണ് ശരി. അത് മാത്രമേ ശരിയുള്ളു. ഇത് നമ്മുടെ നാടാണ്. അമ്മയെയും പെങ്ങളെയും സ്വന്തം മകളെ പോലും തിരിച്ചറിയാൻ കഴിയാത്ത ചെന്നായ്ക്കൾ വാഴുന്ന നാടാണിത്. അമ്മ പ്രാർത്ഥിക്കണം. തെറ്റ് ചെയ്തവർ എന്നായാലും ശിക്ഷിക്കപ്പെടണം.
അത് ദൈവത്തിന്റെ പുസ്തകത്തിലെ നിയമമാണ്. നാളെ വൈകിട്ടോടെ ഞാനീ ലോകം വിട്ടു പോകും. ഇനിയൊരു മകൾക്കോ അമ്മയ്ക്കോ ഈ ഗതി വരരുത്. ഇനി എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ.!”
“മോളേ…!!!” അമ്മക്ക് നീയില്ലാതെ വേറെ ആരാ ഉള്ളേ.?? അവർ സങ്കടത്തോടെ പറഞ്ഞു.
“അമ്മ പൊയ്ക്കോളൂ. എനിക്ക് സമയമായി. ഇനിയൊരു കണ്ടു മുട്ടൽ ഇല്ല. പിന്നെ.. അച്ഛൻ ഉറങ്ങുന്ന മണ്ണിന്റെ അടുത്ത് തന്നെ മതി എനിക്കും ഉറങ്ങാൻ ഇടം. എന്റെ ആ ഒരു ആഗ്രഹം കൂടി അമ്മ അവസാനമായി സാധിച്ചു തന്നാൽ മതി.!”
അത്രയും പറഞ്ഞു കണ്ണുകൾ നിറഞ്ഞു കൊണ്ട് ചാരു തിരിഞ്ഞു സെല്ലിലേക്ക് നടന്നു. അവൾ കണ്ണിൽ നിന്നും മായും വരെ അവളെതന്നെ നോക്കി കണ്ണീരോടെ ആ അമ്മ അവിടെ തന്നെ നിന്നു.
അടുത്ത ദിവസം വൈകുന്നേരം…ചാരുവിന്റെ തലയിലൂടെ കറുത്ത തുണി ഇടാൻ പോകുമ്പോൾ അവളോടായി നിയമ പാലകർ ചോദിച്ചു.”മരിക്കുന്നതിന് മുൻപ് അവസാനമായി എന്തേലും ആഗ്രഹം ഉണ്ടോ..??”
അവൾ പറഞ്ഞു.. “ഉണ്ട്. എന്റെ മകളെ കൊന്നതിനു കൂട്ട് നിന്നവന്റെ ഇന്നത്തെ കോടതി വിധി എന്താണ്.? അതും കൂടി എനിക്കറിയണം. അത് കേട്ടിട്ടു എനിക്ക് മരിച്ചാൽ മതി.!!”
അവളുടെ ആഗ്രഹ പ്രകാരം അവർ ടീവി യിൽ വാർത്ത വെച്ചു. അതിലെ വാർത്ത ഇങ്ങിനെ ആയിരുന്നു. “ആത്മേഘ വധക്കേസിലെ കോടതി വിധി വന്നു. സാഹചര്യ തെളിവുകൾ രണ്ടാം പ്രതിക്കു
പ്രതികൂലമായതിനാലും തെളിവുകൾ വ്യക്‌തമായി നികത്താൻ പ്രോസിക്യൂഷന് കഴിയാത്തതിനാലും രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടിരിക്കുന്നു.!!”
“മതി..നിർത്തു… എനിക്കിനി കേൾക്കണ്ട. വരൂ.. പോകാം..!! അവളുടെ കണ്ണുകൾ നിറഞ്ഞു.
കൊലക്കയറിനു ചുവട്ടിൽ അവളെ നിർത്തി. തലയിലൂടെ കറുത്ത തുണി കൊണ്ട് മൂടി. കൈകൾ രണ്ടും പിന്നിലേക്കു കെട്ടി. ആരാച്ചാർ ലിവർ വലിക്കാൻ പോകുമ്പോൾ അവൾ കണ്ണുകൾ അടച്ചു മനസ്സിൽ പറഞ്ഞു.
“ഈ ലോകം ഇങ്ങിനെയാണ്. പണവും അധികാരവും ഉള്ളവർക്ക് എന്തും ആകാം. ആരെയും കൊല്ലാം. ഒരു നിയമവും ചോദിക്കില്ല. മദ്യപിച്ചു വന്നു എട്ടും പൊട്ടും തിരിയാത്ത മൂന്നാം ക്ലാസിൽ പഠിക്കുന്ന സ്വന്തം മകളെ പിച്ചി ചീന്തി ശ്വാസം മുട്ടിച്ചു
കൊന്ന അയാളുടെ തല അറുത്തെടുത്തു റെയിൽ പാളത്തിൽ എറിഞ്ഞ താൻ ചെയ്തത് തന്നെയാണ് ശരി!!
പൊന്നു മോളേ.. ഈ അമ്മയോട് പൊറുക്കൂ..നിന്നെ രക്ഷിക്കാൻ ഈ അമ്മയ്ക്കായില്ല..
ഹേ ലോകമേ.. നിങ്ങൾ ഇനിയെങ്കിലും ഉണരൂ.!!” അത്രയും ചിന്തിച്ചു മുഴുമിപ്പിക്കുമ്പോളും ആരാച്ചാർ ലിവർ വലിച്ചു അവളുടെ കാലുകൾ എയറിൽ തൂങ്ങി ആടുന്നുണ്ടായിരുന്നു.