സിയ
(രചന: Sarath Lourd Mount)
ഒന്നിന് പുറകെ ഒന്നായി കരയെ പുൽകി പുറകോട്ട് നീങ്ങി വീണ്ടും അതിലേറെ ശക്തമായി കരയെ തേടിയെത്തുന്ന തിരകൾ.
അവയ്ക്കെന്നും ഒരു പ്രത്യേക ഭംഗിയാണ് ,ചില സന്ധ്യകളിൽ അവയ്ക്ക് ഭംഗിയേറും ,ഒരുപക്ഷേ ആ തിരകളെ തേടിയെത്തുന്നവർ ആകണം ആ ഭംഗിക്ക് കാരണം.
ഒരുപാട് സന്ധ്യകളിൽ ആ തിരകളുടെ ഭംഗി ഇരട്ടിയാക്കിയവരാണ് ശ്യാമും അവന്റെ സിയയും. ഇണക്കുരുവികൾ എന്ന് ലോകം വിളിച്ചവർ .
ഇന്നും എത്തിയിട്ടുണ്ട് അവർ അതാകണം ഇന്നത്തെ സന്ധ്യക്ക് ഇത്ര ചന്തം .
ശ്യാമിന്റെ കൈകൾ അവളെ മുറുകെ പിടിച്ചിട്ടുണ്ട് , തിരകളിൽ മുന്നോട്ടും പിന്നോട്ടും ഓടി തിരകളാൽ കാലുകളെ നനയ്ക്കാതെ അവർ ആ തിരകളുടെയും സന്ധ്യയുടെയും ഭംഗി ആസ്വദിക്കുകയാണ്.
ചുറ്റിലും പലരും അവരെ നോക്കി നിൽക്കുന്നുണ്ട് ,നിത്യ കാഴ്ച്ച ആയതിനാലാകും ചിലരൊക്കെ അവരെ ശ്രദ്ധിക്കാതെ നടന്ന് നീങ്ങുന്നു.
ശ്യാമേട്ടാ വാ… ഇങ്ങോട്ട് വാ…. അവളുടെ കിളിനാദം അവന്റെ കാതുകളിൽ മുഴങ്ങി , കഴുത്തിൽ താൻ കെട്ടിയ മിന്നും നെറ്റിയിലെ ആ ചുവപ്പും അവൾ ഒരു ഭാര്യ ആണെന്ന് വിളിച്ചോതുമ്പോളും അവളുടെ കുട്ടിത്തം ആസ്വദിക്കുകയാണ് ശ്യാം.
ദേ പെണ്ണേ ഇന്നെന്താ പതിവില്ലാതെ തിരകളിൽ നനയാൻ ഒരു മോഹം???ഒന്നൂല്ല എനിക്ക് എന്തോ നനയാൻ തോന്നുന്നു വാ ശ്യാമേട്ടാ….
വേണ്ട സിയ പോണ്ടാ … ഈ തിരകളുടെ ഭംഗി അത് ദൂരെ നിന്ന് ആസ്വദിക്കുമ്പോൾ മാത്രമാണ് .
അതിലേക്കിറങ്ങിച്ചെന്നാൽ ആർത്തിയോടെ അത് നമ്മളെ സ്വന്തമാക്കും വേണ്ട സിയ , നിന്നെ എനിക്ക് വേണം. അവൻ ഒന്ന് കൂടി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു…..
നീ വാ നമുക്ക് ആ ബെഞ്ചിൽ ഇരിക്കാം . അവൻ അവളെയും കൂട്ടി നടന്നു.സിയാ.. ഞാൻ അൽപ്പനേരം നിന്റെ മടിയിൽ കിടന്നോട്ടെ???
ദേ ചെക്കാ ഇവിടെ നമ്മൾ മാത്രമല്ല ഉള്ളത്. അവൾ ചുറ്റും ചെറിയൊരു ഭയത്തോടെ നോക്കി.
എന്നാൽ അവൾ അത് പറഞ്ഞു മുഴുവിക്കുന്നതിന് മുൻപ് അവൻ സിയയുടെ മടിത്തട്ടിൽ തലചായ്ച്ചിരുന്നു.
ശോ ഈ ചെക്കൻ… ചുറ്റും നോക്കി അത് പറഞ്ഞെങ്കിലും അവളുടെ കൈവിരലുകൾ അവന്റെ മുടിയിഴകളെ തഴുകി തുടങ്ങിയിരുന്നു..
സിയാ…. പ്രണയാർദ്രമായ അവന്റെ വിളിയിൽ അവളുടെ കണ്ണുകൾ അവന്റെ കണ്ണുമായി കോർത്തു…
നീ ഈ തിരമാലകളെക്കുറിച്ച് കേട്ടിട്ടുണ്ടോ??? ഒന്ന് പോയാൽ മറ്റൊന്ന് വരും….
ചിലരൊക്കെ പ്രണയത്തെയും തിരകളോട് ഉപമിക്കാറുണ്ട് ഒന്ന് പോയാൽ മറ്റൊന്ന് വരുമെന്ന്. പക്ഷെ ഒരിക്കലും ഒരു തിരക്ക് മറ്റൊന്നിന് പകരമാകാൻ കഴിയില്ല.. അതെന്താടോ ആരും മനസ്സിലാകാത്തത്????
പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അവനത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ കടൽക്കാറ്റ് കൊണ്ടോ എന്തോ അത് നിറഞ്ഞു തുടങ്ങിയിരുന്നു.. പതിയെ കണ്ണുനീർത്തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി….
അവരെ പരിചയമില്ലാത്ത ഒരാൾ അവളുടെ കണ്ണുനീർകണ്ട് അടുത്ത് നിന്നൊരാളോട് കാര്യം തിരക്കി..
എന്താ ചേട്ടാ ആ കുട്ടി കരയുന്നത്???ആ ചോദ്യത്തിന് ഉത്തരമെന്നോണം അയാൾ ഒന്ന് പുച്ഛത്തോടെ ചിരിച്ചു.
അവളോ .. അവൾക്ക് ഭ്രാന്താണ്…. കെട്ടിയോൻ കടലിൽ വീണ് മരിച്ചത് മുതൽ എന്നും വരാറുണ്ട് ഇവിടെ .
ആരോ ഒപ്പം ഉള്ളത് പോലെ ആണ് അവൾ ചെയ്യുന്നത് എല്ലാം, പിന്നെ ആർക്കും ശല്യം ഒന്നും ഇലാത്തത് കൊണ്ട് ആരും ഇടപെടാറില്ല…
അയാൾ അതും പറഞ്ഞ് നടന്നകന്നു.
ആ ചോദ്യമുന്നയിച്ച ആൾ അവളെ സഹതാപത്തോടെ നോക്കി. പാവം കുട്ടി അല്ലെ??
അയാൾ ഭാര്യയോടായി പറഞ്ഞു… അതിന് ഉത്തരമെന്നോണം അയാളുടെ കൂടെ ഉള്ള സ്ത്രീയും വിഷാദത്തോടെ തലയാട്ടി..
ചെറുതായി ഒഴുകി വന്ന ഒരു നനുത്ത തെന്നൽ സിയയുടെ മുടിയിഴകളെ തഴുകി നീങ്ങി . ആ കാറ്റിൽ നിന്നാരോ അവളുടെ ചെവിയിലായി മൊഴിഞ്ഞു…
“നമ്മുടെ പ്രണയം വീണ്ടുമവർ ഭ്രാന്താക്കി…….”അത് കേട്ടിട്ടെന്നോണം സിയ ഒന്ന് പുഞ്ചിരിച്ചു……