ഈ പ്രായത്തിലിത് വേണമായിരുന്നോ,, നിങ്ങൾക്കിതെന്തിന്റെ കേടാന്ന് പലരും ചോദിച്ചപ്പോൾ അവർക്കൊക്കെ മറുപടി കൊടുത്തത് നന്ദനായിരുന്നു.

നന്മ മരം
(രചന: Shanif Shani)

കൂട്ടുകാരുടെ കളിയാക്കൽ കേട്ടാണ് ഗോപുമോൻ ഇന്നും വീട്ടിലെത്തിയത്. കരഞ്ഞു കൊണ്ടവൻ അമ്മയുടെ അടുത്തെത്തി.”എന്താ ഉണ്ണീ ഇന്നത്തെ പ്രശ്നം”

തേങ്ങലടക്കി അവൻ കാര്യം പറഞ്ഞു, “അമ്മക്ക് എന്നെ കുറച്ച് നേരത്തെ പ്രസവിച്ചൂടായിരുന്നോ….

അച്ഛനെ കണ്ടാൽ അപ്പുറത്തെ രോഹിത്തിന്റെ അപ്പൂപ്പനെ പോലെയുണ്ട്.. അവരൊക്കെ എന്നെ കളിയാക്കുവാണമ്മാ.. അച്ഛന് തിരിച്ച് ഗൾഫിലേക്കെന്നെ പൊയ്ക്കൂടേ..”ഒന്നും പറയാനാവാതെ അമ്മ അവനെ മാറോടണച്ച് സമാധാനിപ്പിച്ചു.

മാധവേട്ടനും ഭാര്യക്കും രണ്ട് മക്കളാണ്. മൂത്തവൻ നന്ദൻ, അവനിപ്പോ ഒരു സിവിൽഎഞ്ചിനീർ ആണ്.
ഇളയവനാണ് ഗോപു. അവർ തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ട്..

ഒരുപാട് കാലം പ്രവാസിയായി വീടും കുടുംബവും വിട്ട് കൂടെപ്പിറപ്പുകൾക്കു വേണ്ടി ജീവിച്ച മാധവേട്ടന്റെ നല്ലകാലമൊക്കെ മരുഭൂമിയിലെ മണൽതരികൾ ഊറ്റിയെടുത്തു..

മക്കളെ നല്ലപോലെ താലോലിക്കാനോ അവരുടെ അടുത്തിരിക്കാനോ പറ്റിയില്ല. ഫ്രണ്ട്സിന്റെ കളിയാക്കൽ കാരണം ഗോപുവിന് അച്ഛനോട് വെറുപ്പാണിപ്പോൾ..

അവൻ ചെറിയ കുട്ടിയല്ലേടാന്ന് പറഞ്ഞ് മാധവേട്ടനും സമാധാനിക്കും.. ഉറങ്ങി കഴിഞ്ഞാൽ മക്കളുടെ അടുത്തിരുന്ന് തലോടി കണ്ണീർ പൊഴിക്കുന്ന കാഴ്ച ആ അമ്മക്ക് മാത്രം അറിയാം..

അമ്മ ഗർഭിണിയാണെന്ന വിവരം നന്ദനറിഞ്ഞപ്പോ മുതൽ അവർക്കൊരു ചമ്മലായിരുന്നു. പക്ഷെ അവരേക്കാളേറെ കൂടെപ്പിറപ്പിനെ സ്വീകരിക്കാൻ നന്ദൻ ഒരുങ്ങിയിരുന്നു.

അമ്മയെ നോക്കാനും ശരീരമനക്കാതെ അവിടെയിരുത്തി വീട്ടുജോലികൾ ചെയ്തും പോഷകാഹാരങ്ങൾ കൊടുത്തും നന്ദൻ അമ്മയുടെ കൂടെയിരുന്നു.

ഈ പ്രായത്തിലിത് വേണമായിരുന്നോ,, നിങ്ങൾക്കിതെന്തിന്റെ കേടാന്ന് പലരും ചോദിച്ചപ്പോൾ അവർക്കൊക്കെ മറുപടി കൊടുത്തത് നന്ദനായിരുന്നു.

അച്ഛന് അധികം പ്രായമൊന്നും ആയിട്ടില്ലേലും പ്രവാസത്തിന്റെ ജെരാനെരകൾ അദ്ദേഹത്തെ ബാധിച്ചിരുന്നു. അത്കൊണ്ടാവാം ഗോപുവിന്റെ ഫ്രണ്ട്‌സ് അച്ഛനെ കണ്ട് അപ്പൂപ്പാന്ന് വിളിച്ചത്.

“മോനിത് അമ്മയോട് പറഞ്ഞത് പറഞ്ഞു,, അച്ഛനോട് പറയരുത്, അച്ഛൻ കേട്ടാൽ സങ്കടാവുട്ടോ…”വേണ്ട ഗോപു ഇനി അച്ഛനോട് മിണ്ടില്ല,, എന്നും പറഞ് അവൻ റൂമിലേക്കോടി.

നന്ദന്റെ ബൈക്കിന്റെ ഹോണടി കേട്ടാണ് ഗോപു പുറത്തേക്ക് വന്നത്. നന്ദന്റെ കയ്യിൽ നിന്ന് അവനുള്ള പതിവ് മിട്ടായിയും വാങ്ങി അവൻ റൂമിലേക്ക് തന്നെ ഓടിപോയി.

“ഇതെന്താ അമ്മേ അവന് പറ്റിയത്..””അവനെ കൂട്ടുകാരാരോ കളിയാക്കീന്നും പറഞ്ഞാ വൈകുന്നേരം കയറിവന്നത്”അമ്മ പറഞ്ഞപ്പോ തന്നെ നന്ദന് കാര്യം മനസിലായി.

“അച്ഛാ.. അമ്മേ, നാളെ നമുക്കൊരു ടൂർ പോവണം.. രാവിലെ തന്നെ മാറ്റി റെഡിയാവണം.. ഗോപൂ നീ കേട്ടോ…”ടൂർ എന്ന് കേട്ടപ്പോ അവന്റെ ശബ്ദമൊന്ന് പുറത്തേക്ക് വന്നു.

അച്ഛനെ മൈന്റ് ചെയ്യാതെ കാറിന്റ പിൻസീറ്റിലിരുന്ന് കാഴ്ചകൾ കണ്ടാണ് ഗോപുവിന്റെ യാത്ര. ബോർഡർ കടന്ന് വഴിയറിയാതെ ഡ്രൈവ് ചെയ്യുന്ന നന്ദനെ മാറ്റി അച്ഛൻ ഡ്രൈവർസീറ്റിലിരുന്നപ്പോ ഗോപു ആശ്ചര്യത്തോടെയൊന്ന് നോക്കി..

പിന്നെ അവിടുള്ള ഓരോ സ്ഥലങ്ങളും ഒരു ഗൈഡിനെപ്പോലെ അവരെ കാണിക്കുമ്പോഴും അവിടുത്തെ ഭാഷയിൽ അച്ഛൻ അനായാസം അവിടെയുള്ളവരോട് ഓരോന്ന് സംസാരിക്കുന്നതൊക്കെ കണ്ടപ്പോൾ ഗോപുവിന് അത്ഭുതം തോന്നി..

റോഡ് മുറിച്ച് കടക്കുമ്പോ കോഴിക്കുഞ്ഞുങ്ങളെ തള്ളക്കോഴി ചിറകിനുള്ളിൽ ഒളിപ്പിച്ച് നടക്കുന്നപോലെ തോന്നി അവനച്ഛനെ.. ഏട്ടൻ പോലും ആ തണലിൽ നടക്കുന്നത് കണ്ടപ്പോ അവനും കൂടെക്കൂടി.

ഒന്നിനും പറ്റാത്ത ഒരു പഴഞ്ചൻ അച്ഛനാണ് തന്റെ അച്ഛനെന്ന് പറഞ്ഞ രോഹിതിന്റെ അപ്പൂപ്പനെ കൊണ്ടിതൊക്കെ സാധിക്കുമോ..എന്റച്ഛൻ സൂപ്പറാന്ന് അവൻ മനസ്സിൽ ഉറക്കെ പറഞ്ഞു.

മടക്കയാത്രയിൽ അച്ഛന്റേം അമ്മയുടേം ഉണ്ണികുട്ടനായി അവൻ കൗതുകത്തോടെ അച്ഛന്റെ മടിയിൽ കേറിയിരുന്നു.

വീട്ടിലെത്തി പിറ്റേന്ന് രാവിലെ കഴിഞ്ഞ ദിവസത്തെ ടൂറിനെ കുറിച്ച് കൂട്ടുകാരുടെ മുന്നിലിരുന്ന് വീമ്പ് പറയുന്ന ഗോപുവിനെയാണ് കണ്ടത്.
“നിങ്ങൾക്കൊക്കെ വെറും ഒരച്ഛനല്ലേ ഉള്ളൂ,, എന്റേത് ഒരൊന്നൊന്നര അച്ഛനാണ് മക്കളേ..”

ഇത് കേട്ട് നന്ദൻ, “അമ്മേ ഇതുപോലൊരു അനിയത്തിയെ കൂടി തരാമോന്ന് ചോദിക്കുമ്പോ പോടാ ചെക്കാന്ന് പറഞ് ചിരിയോടെ അമ്മ ഉമ്മറത്തിരിക്കുന്ന അച്ചനെ നോക്കുന്നുണ്ടായിരുന്നു.

മക്കൾക്ക് പലപ്പോഴും തിരിച്ചറിയാനാവാതെ പോവുന്ന നന്മ മരമാണ് അച്ഛൻ. കടമകൾക്ക് മുന്നിൽ വില്ലൻ വേഷം അണിയാൻ നിർബന്ധിക്കപ്പെട്ടവൻ..

അമ്മക്ക് മാത്രമറിയാവുന്ന സ്നേഹനിധിയായ മനുഷ്യൻ… കണ്ണുള്ളപ്പോ ചിലപ്പോൾ കണ്ണിന്റെ വിലയറിയില്ല, സ്നേഹിക്കുക അവരുള്ളപ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *