നീ ഒരു പെൺകുട്ടിയാണ്…. നാളെ ഒരു വീട്ടിൽ കയറി ചെല്ലേണ്ട കുട്ടിയാ…. അതുകൊണ്ട് പഠിപ്പിന് ഒപ്പം തന്നെ നീ വീട്ടുകാര്യങ്ങളിലും ശ്രദ്ധിക്ക്

മംഗല്യം തന്തു നാനേന
(രചന: ശിവ ഭദ്ര)

“മോളെ . പറഞ്ഞതൊന്നും മറക്കണ്ട കേട്ടോ.. നിന്റെ കുട്ടിത്തരങ്ങളും പിടിവാശികളും കുരുത്തക്കേടുകളുമോക്കെ അവിടെ പാടില്ല…

അവിടെ നീ കുട്ടിയല്ലേ., ആ വീട്ടിലെ മരുമകളാണ്… കുറച്ച് പക്വതയോടെ കാര്യങ്ങകൾ ചെയ്യണം.. കണ്ടറിഞ്ഞ് പെരുമാറണം… എല്ലാത്തിനുമുപരി മോളെ നീ ഇപ്പോൾ ഒരു ഭാര്യയാണ് ..

അത് ഒരിക്കലും മറക്കരുത്.. ഇന്ന് മുതൽ നിന്റെ ഭർത്താവാണ് പ്രവീൺ .. അവന്റെ എല്ലാ കാര്യങ്ങളും നീ നല്ല വണ്ണം നോക്കണം ഒരു കുറവും വരുത്തരുത്..”

ഇതെല്ലാം കേട്ട് നിൽക്കുമ്പോഴും ഋതുവിന്റെ മനസ്സ് പാറിപറന്ന് നടക്കുവായിരുന്നു….

തന്റെ ജീവിതത്തിൽ നടക്കുന്നത് എന്ത് എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത ഒരവസ്ഥ..

ഇരുപത് വയസ്സ് ആകുന്നുള്ളൂ.. പഠിച്ച് നടക്കേണ്ട സമയം… അപ്പോഴേക്കും വന്നെത്തി…. കല്യാണം…

കൂട്ടുകാരും.. കോളേജും… പഠിച്ചു ജോലി നേടണമെന്ന ആശയും.. ജോലി കിട്ടി കഴിഞ്ഞ് കുറച്ച് നാൾ ജീവിതം അങ്ങ് അടിച്ചു പൊളിച്ചു നടക്കണമെന്ന ആശയും … എല്ലാം തീർന്നു…

എന്താ ഇങ്ങനെ…?തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ച് തുടങ്ങുന്നെയുള്ളു.. അപ്പോഴേയ്ക്കും.. ചിറകുകൾ ഓടിച്ചു…

ഒരു പെൺകുട്ടിയായി ജനിച്ചത് കൊണ്ട് ആശകളും ഇഷ്ടങ്ങളും എല്ലാം വേണ്ടന്നു വെക്കണോ…?

കാലം എത്ര പുരോഗമിച്ചു എന്ന് വാദിച്ചാലും … ചില ചിന്താഗതികൾ മാറ്റാൻ..

അല്ലെങ്കിൽ ചില ചിന്താഗതികൾക്ക്‌ മാറ്റംകൊണ്ടുവരാൻ വളരെ പ്രയാസമാണ്..

ഒരു പെൺകുട്ടി ജനിക്കുമ്പോൾ..
അവൾ ആ വീടിന്റെ ഐശ്വര്യമാണ് എന്ന് വിശ്വസിക്കുമ്പോഴും….
വിദ്യാഭ്യാസവും സ്വാതന്ത്ര്യവും അവൾക്ക് നൽകുമ്പോഴും…ഇടയ്ക്ക് കേൾക്കാം പറയുന്നത്..

“ടി.. നീ ഒരു പെൺകുട്ടിയാണ്…. നാളെ ഒരു വീട്ടിൽ കയറി ചെല്ലേണ്ട കുട്ടിയാ…. അതുകൊണ്ട് പഠിപ്പിന് ഒപ്പം തന്നെ നീ വീട്ടുകാര്യങ്ങളിലും ശ്രദ്ധിക്ക്‌…..നാളെ വല്ല വീട്ടിൽ ഉള്ളവരെ കൊണ്ട് പറയിപ്പിക്കരുത്….”

ശരിയാ ഒരു പെൺകുട്ടി വളരുമ്പോൾ… എല്ലാ മാതാപിതാക്കൾക്കും ഉണ്ടാവും അവളുടെ ഭാവിയെ പറ്റി ആതി…

അവളുടെ വിവാഹത്തെ കുറിച്ച് സ്വപ്നങ്ങൾ….പക്ഷേ ആ സ്വപ്നങ്ങൾക്ക് വേണ്ടി … അവർ ഓരോന്ന് ചെയ്യുമ്പോൾ ….. ഒരിക്കലും അത് പെണ്മക്കളുടെ സ്വപ്നങ്ങളും ഇഷ്ടങ്ങളുമൊക്കെ ഹോമിച്ചു കൊണ്ടാവരുത്…

വിവാഹം കഴിഞ്ഞു… സ്വന്തം വീടും വീട്ടുകാരെയും വിട്ട്…. വേറെയൊരു വീട്ടിൽ…

തികച്ചും അപരിചിതമായ സ്ഥലത്ത് വലത് കാലുവെച്ചു ഒരു പെൺകുട്ടി കയറുമ്പോൾ… അവൾ ആശിക്കുന്നത് … ഒരു ചെറിയ ഇടം മാത്രമാണ്….

തന്നെ സ്നേഹിക്കുന്ന … വിശ്വസിക്കുന്ന.. ഒരു നല്ല പാതിയും… മകളായും കൂടപ്പിറപ്പായും കാണുന്ന കുറച്ച് പേരെയുമാണ്…

പക്ഷേ ഇതൊക്കെ വളരെ ചുരുക്കം ചിലർക്ക് മാത്രം കിട്ടാറുള്ളു എന്നതാണ് സത്യം….

പറഞ്ഞിട്ട് കാര്യമില്ലാ… മരുമകൾക്ക് അമ്മായിയമ്മയെ അമ്മയായി കാണാൻ പറ്റാത്ത പോലെ തന്നെ അമ്മായി അമ്മയ്ക്ക് മരുമകളെ മകളായി കാണാനും കഴിയാറില്ല….

ഇതൊക്കെ ഇനി എന്ന് മാറാനാ അല്ലേ…കാലങ്ങൾ അങ്ങ് കടന്ന് പോകുമ്പോൾ വീടും കുട്ടികളും ജോലിയും പ്രാരാബ്ദങ്ങളുമായി ജീവിതം എന്തെന്ന് പോലും അറിയാതെ മുന്നോട്ട് ….

ഒടുവിൽ തിരിഞ്ഞു ഒന്ന് നോക്കുമ്പോൾ ഈ തിരക്കുകൾക്കിടയിൽ ജീവിക്കാൻ മറന്ന് പോയോ എന്ന് മനസ്സിൽ ആരോ പറയും പോലെ തോന്നിപ്പോകുന്ന നിമിഷങ്ങൾ….

തനിക്കും ഇനി ഇങ്ങനെയൊക്കെയാകുമോ?ഒരു പരിചയം പോലുമില്ലാത്ത ആ വീട്ടിൽ താൻ ഒറ്റയ്ക്ക് എങ്ങനെ?

ഓരോ ചിന്തകൾ മനസ്സിലൂടെ മിന്നിമറിയുമ്പോഴാണ് ഒരു വിളി കേട്ടത്”ഋതു……… ഇറങ്ങാൻ നേരമായി… പോകണ്ടേ… ഇതു ഇപ്പോൾ തന്റെ വീടല്ലാ കേട്ടോ…. വാ നമ്മൾക്ക് നമ്മുടെ വീട്ടിലേക്ക് പോകാം… ”

പ്രവീണിന്റെ വാക്കുകൾക്ക് വാളിന്റെ മൂർച്ചയുള്ള പോലെ അവൾക്ക് തോന്നി…താൻ ചിന്തിച്ചു കൂട്ടിയത് ഒക്കെ സത്യമാകുമോ…

ഒരു പെൺകുട്ടിയായി ജനിച്ചു എന്നത് കൊണ്ടും ..കല്യാണം കഴിഞ്ഞത് കൊണ്ടും…

ജനിച്ചു വളർന്ന വീട് അന്യമായി പോകുമോ… ഈ വീട്ടിൽ താൻ ഒരു അഥിതി മാത്രമായി പോവുകയാണോ….

ഋതുവിന്റെ കണ്ണുകൾ നിറയുമ്പോഴും… മനസ്സിൽ അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു…

“ഇതൊക്കെ സ്വാഭാവികമല്ലേ ഋതു …
പെണ്ണായി പിറന്ന എല്ലാരും ഇതു പോലെയൊക്കെയല്ലേ… ഇന്ന് ഞാനും അതേപാതയിൽ… പുതിയൊരു തുടക്കം….

ഇന്ന് ഞാനെന്നെ തന്നെ പറിച്ചു നടുകയാണ്.. പുതിയയൊരു അന്തരീക്ഷത്തിലേക്ക്… ഒരു പുതിയ അസ്‌തിത്വം ഉണ്ടാക്കുവാൻ വേണ്ടി…

ഞാനും തേടുകയാണ്… ഈ ജീവിതം വിജയിപ്പിക്കുവാനുള്ള രസക്കൂട്ടുകൾ… കൈകുമ്പിളിൽ ഇരിക്കുന്നു തന്റെ ജീവിതം മനോഹരമാക്കാൻ. “

Leave a Reply

Your email address will not be published. Required fields are marked *