കണ്ടവന്റെ ഒപ്പം കറങ്ങി നടക്കുന്ന നിന്നെപ്പോലെയുള്ള ഒരുത്തിയെ എനിക്കിനി വേണ്ട… ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിക്കോണം

(രചന: മഴമുകിൽ)

കേട്ടവർക്കൊക്കെ ഞെട്ടൽ ആയിരുന്നു… പ്രിയ ഒളിച്ചോടിയ വാർത്ത… പ്രണയിച്ചു വിവാഹം കഴിച്ചവരല്ലേ.. പോരാത്തതിന് ഒരു കുഞ്ഞും ഉണ്ട്..

അതൊക്കെ ശെരി തന്നെ. പക്ഷെ പ്രിയ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല..

ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ച പ്രിയയെയും വകയിലെ അമ്മാവനും അമ്മായിയുമാണ് വളർത്തി വലുതാക്കിയത്.

പ്രണയ വിവാഹമായിരുന്നു പ്രിയയുടെയും ഹരിയുടെയും. ഇടയ്ക്ക് വെച്ച് ചില അസ്വരസ്യങ്ങൾ ഉള്ളത് ഒഴിച്ചാൽ വേറെ കുഴപ്പം ഒന്നുമില്ല. ഹരി നല്ലൊരു ചെറുപ്പക്കാരൻ തന്നെ..

സന്തോഷം നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞോമന വന്നതോടുകൂടി ആ ജീവിതം അല്പം കൂടി ഭംഗിയുള്ളതായി മാറി.

ദിവസങ്ങൾ കടന്നുപോകുന്തോറും അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും കൂടിക്കൊണ്ടിരുന്നു.

കുഞ്ഞിന് രണ്ട് വയസ്സ് ആയപ്പോൾ പ്രിയക്ക് അടുത്ത സുഹൃത്തിന്റെ ഓഫറിൽ ഒരു ജോലി കിട്ടി. ഒരു പുതിയ കമ്പനിയുടെ അക്കൗണ്ട് സെക്ഷനിലേക്ക്.

ഒരു തുടക്കക്കാരി എന്ന നിലയിൽ വളരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രിയക്കു കഴിഞ്ഞു. ജോലിയും വീട്ടുകാര്യങ്ങളും കുഞ്ഞിന്റെ കാര്യവും ഒക്കെ വളരെ ഭംഗിയായി തന്നെ പ്രിയ നിർവഹിക്കുകയും ചെയ്തു.

ഹരിയുടെ വരുമാനവും പ്രിയയുടെ ശമ്പളവും കൂടിയായപ്പോൾ അവർക്ക് ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു.

ഒരു ദിവസം ഓഫീസിൽ പ്രിയക്ക് അധിക വർക്ക് ഉണ്ടായിരുന്നതിനാൽ സമയത്തിന് ഇറങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഉടമസ്ഥൻ ഗിരി അവളെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു.

ഗിരിയുടെ ക്ഷണം അവൾ പുഞ്ചിരിയോടെ നിരസിച്ചു..താൻ ഇനിയും നിന്നാൽ ഒരുപാട് ലേറ്റ് ആവും അതുകൊണ്ടാണ് പ്രിയ ഞാൻ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞത്. ഈ സമയത്ത് അങ്ങോട്ടേക്ക് ബസ്സും കുറവാണ്.

അയാളുടെ തുടരെത്തുടരെയുള്ള നിർബന്ധം കാരണം പ്രിയക്ക് കയറാതിരിക്കാൻ കഴിഞ്ഞില്ല.
ഫോണിൽ ചാർജ് പോയത് കാരണം ഹരിയോട് ലേറ്റ് ആകുമെന്ന് പറയാൻ പ്രിയ മറന്നു.

പതിവ് സമയം കഴിഞ്ഞിട്ടും പ്രിയയെ കാണാതെ ആയപ്പോൾ വീട്ടിലുള്ളവർ ഹരിയെ വിളിച്ചുപറഞ്ഞു. പ്രിയയുടെ മൊബൈലിൽ വിളിച്ചിട്ടാണെങ്കിൽ സ്വിച്ച് ഓഫ്…

അസ്വസ്ഥതയോടു കൂടി ഹരി ബൈക്കും എടുത്ത് അന്വേഷിക്കാനായി ഗേറ്റിനു പുറത്തേക്ക് ഇറങ്ങുമ്പോൾ.. കാറിൽ വന്നിറങ്ങുന്നു പ്രിയ.

അവൾ വേഗം ഹരിയുടെ അടുത്തേക്ക് വന്നു.. ഹരി ബൈക്കിൽ നിന്നിറങ്ങി..ഇന്ന് അല്പം കൂടുതൽ വർക്കുണ്ടായിരുന്നു ഹരിയേട്ടാ അതാണ് ലേറ്റ് ആയത്. സാറാണ് എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തത്..

പ്രിയ ഹരിയെ ഗിരിക്ക് പരിചയപ്പെടുത്തിക്കൊടുത്തു.എന്നാൽ ഹരിയുടെ മുഖത്ത് അത്രയും സന്തോഷ ഭാവം ഒന്നുമല്ലായിരുന്നു.. ഗിരി യാത്ര പറഞ്ഞു പോയി കഴിഞ്ഞതും ഹരിപ്രിയയോട് ദേഷ്യപ്പെട്ടു .

നീ എന്തിനാ ആവശ്യമില്ലാതെ അയാളുടെ കാറിൽ കയറി വന്നത്.. നിനക്ക് ബസ്സിൽ വന്നാൽ പോരായിരുന്നോ…

ഹരിയേട്ടാ ഈ സമയത്ത് അവിടുന്ന് ഇങ്ങോട്ട് ബസ് ഇല്ല അതുകൊണ്ടാണ് ഞാൻ സാർ വിളിച്ചപ്പോൾ കാറിൽ കയറിയത്.

എങ്കിൽ നീ ഒരു ഓട്ടോ പിടിച്ചു വരാത്തത് എന്താ ഇവിടെ വന്നിട്ട് ഞാൻ കാശുകൊടുക്കുമായിരുന്നല്ലോ.. ഒരാൾ നമ്മൾക്ക് ലിഫ്റ്റ് തരാം എന്ന് പറയുമ്പോൾ നമ്മൾ അവരെ ഒഴിവാക്കുന്നതെങ്ങനെയാ….

ഹരിക്ക് ആ മറുപടി ഒട്ടും ഇഷ്ടമായില്ല അവൻ ചാടിതുള്ളി അകത്തേക്ക് പോയി.ഹരിയുടെ പോക്ക് കണ്ട് അമ്മ പ്രിയയോട് കാര്യം തിരക്കി.എന്തിനാ മോളെ അവൻ ഇത്രയും ദേഷ്യപ്പെട്ട് പോയത്.

ഇന്ന് ഓഫീസിൽ ഒരുപാട് പണിയുണ്ടായിരുന്നു അതുകൊണ്ടാണ് ലേറ്റ് ആയത്. അവിടുന്നിങ്ങോട്ടു ബസ് കിട്ടാൻ പാട് ആയതുകൊണ്ട് സാറാണ് ലിഫ്റ്റ് തന്നത്.. ഞാൻ സാറിന്റെ കൂടെ വന്നത് ഹരിയേട്ടനു ഇഷ്ടമായില്ല .

അത്രയേ ഉള്ളൂ…ബസ് കിട്ടാൻ വൈകിയാൽ.. നീ അവിടെ നിൽക്കേണ്ടി വരില്ലേ.. ഇതിപ്പോൾ എന്തായാലും നേരത്തിനും കാലത്തിനും വീടെത്താൻ പറ്റിയല്ലോ…

നീയത് കാര്യമാക്കണ്ട അകത്തു പോയി ഫ്രഷായി എന്തെങ്കിലും കഴിക്കാൻ നോക്ക്…

അന്നത്തെ ദിവസം മുഴുവനും ഹരി മുഖം വലിച്ചു കയറ്റി.. പിണക്കം നടിച്ചു എങ്കിലും പ്രിയ അത് കാര്യമാക്കാതെ അവനോട് നല്ല രീതിയിൽ തന്നെ ഇടപെട്ടുകൊണ്ടിരുന്നു….അതോടെ ആ പിണക്കം അവസാനിച്ചു.

ദിവസങ്ങൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു…ഒരു ദിവസം രാവിലെ… നോക്കുമ്പോൾ പ്രിയ ആരോടോ ഫോണിൽ സംസാരിക്കുന്നു .

ആരായിരുന്നു പ്രിയ ഫോണിൽ..നമ്മുടെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്ന സുഷമയാണ്.

ഗിരി സാറിന് കഴിഞ്ഞദിവസം എന്തോ ആക്സിഡന്റ് പറ്റി . ഓഫീസിലെ സ്റ്റാഫ് എല്ലാവരും കൂടി ഇന്ന് സാറിനെ കാണാൻ ഹോസ്പിറ്റലിൽ പോകുന്നു. അത് എന്നോട് പറയാൻ വേണ്ടി വിളിച്ചതാണ് സുഷമ .

അങ്ങനെ പോയി നോക്കേണ്ട ആവശ്യമൊക്കെയുണ്ടോ…..എന്തു വർത്തമാനംആണ് ഹരിയേട്ടൻ ഈ പറയുന്നത് അതല്ലേ മര്യാദ….

നീ എന്നെ മര്യാദ ഒന്നും പഠിപ്പിക്കാൻ വരണ്ട അല്ലെങ്കിൽ തന്നെ ഞാൻ കാണുന്നുണ്ട് പലതും… കൊഞ്ചലും കുഴയലും…. ഇതൊന്നും എനിക്ക് അത്ര പിടിക്കുന്നില്ല. ഞാനൊന്നും മനസ്സിലാകുന്നില്ല എന്ന് നീ വിചാരിക്കരുത്

ഹരിയുടെ ഏറ്റവും വലിയ കൂട്ടുകാരനാണ് ശ്യാമളൻ.. എല്ലാ കാര്യങ്ങളും ശ്യാമളനുമായി തുറന്നു പറയും.

ഒരിക്കൽ സംസാരത്തിന്റെ ഇടയ്ക്ക് പ്രിയക്ക് ലിഫ്റ്റ് കൊടുത്ത ഗിരിയുടെ കാര്യം പറഞ്ഞു..

എന്റെ ഹരി നീ ഇത്രക്ക് പാവമായി പോയല്ലോ. വലിയ വലിയ ഓഫീസുകളിലെ മിക്കവാറും സാറന്മാരുടെ അസുഖമാണ് കാണാൻ കൊള്ളുന്ന പെൺപിള്ളേരെ കറക്കിയെടുക്കുക എന്നത്…

അതിനുവേണ്ടി അവന്മാരെ പല നമ്പറും ഇടും. നിന്റെ പ്രിയ അതിലൊന്നും ചെന്ന് വീഴാതെ നീ നോക്കിക്കോ…

അതിനുശേഷം ആണ് ഹരിക്ക് പ്രിയയെ ഈ വിധത്തിൽ സംശയം തുടങ്ങിയത്..ഒരിക്കൽ ഹരി കയറി വരുമ്പോൾ പ്രിയയും അമ്മയും കൂടിയിരുന്നു ഓഫീസിലെ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നു…

പ്രിയ പറയുന്നതിനനുസരിച്ച് അമ്മ വാവിട്ട് ചിരിക്കുന്നുണ്ട് ഒപ്പം പ്രിയയും..ഇതെന്താ ഇത്രമാത്രം ചിരിക്കാൻ ആയിട്ട്…

അല്ലടാ മോനെ പ്രിയ അവളുടെ ഓഫീസിലെ സാറിനെ പറ്റി പറയുകയായിരുന്നു.. കൊച്ചനെ കുറിച്ച് കേൾക്കുമ്പോൾ,അവൻ പറയുന്ന തമാശകൾ ഒക്കെ കേൾക്കുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയില്ല….

അയാൾക്ക് ഓഫീസിൽ വേറെ പണിയൊന്നുമില്ലേ നിങ്ങളോടൊപ്പം ഇരുന്ന് തമാശ പറയുന്നതാണോ അയാളുടെ ജോലി. അയാൾ ആൾ അത്രയും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല…. അവനവൻ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എനിക്ക് അത്രയേ പറയാനുള്ളൂ..

ഹരി അത്രയും പറഞ്ഞു മുറിയിലേക്ക്
പോയതും പിന്നാലെ പ്രിയയും ചെന്നു.ഹരിയേട്ടൻ എന്തിനാ അമ്മയുടെ മുന്നിൽവച്ച് അങ്ങനെയൊക്കെ പറഞ്ഞത്..

എന്താടി അവനെക്കുറിച്ച് പറയുമ്പോൾ നിനക്ക് ഇത്ര ദേഷ്യം..അതു പിന്നെ ഇല്ലാത്ത കാര്യം പറയുമ്പോൾ ആർക്കായാലും ദേഷ്യം വരും കുറച്ചുദിവസമായി ഞാൻ കാണുന്നുണ്ട് ഹരിയേട്ടന്റെ ഈ മാറ്റം..

ഞാനും കാണുന്നുണ്ട് അവിടെയും ഇവിടെയും ആയിട്ടുള്ള നിന്റെ പല മാറ്റവും. അത്രമാത്രം അവനെ മറക്കാതിരിക്കാൻ അവൻ നിനക്ക് എന്തെങ്കിലും തന്നോ…

സൂക്ഷിച്ചു സംസാരിക്കണം ….ഇല്ലെങ്കിൽ എന്ത്‌ ചെയ്യും…തർക്കങ്ങളിൽ തുടങ്ങി അവസാനം അടി പിടിയിൽ അവസാനിച്ചു…

അതുവരെ കണ്ടിട്ടില്ലാത്ത ഒരു ഹരിയേയായിരുന്നു പ്രിയ ആദ്യമായി കണ്ടത്….

കണ്ടവന്റെ ഒപ്പം കറങ്ങി നടക്കുന്ന നിന്നെപ്പോലെയുള്ള ഒരുത്തിയെ എനിക്കിനി വേണ്ട… ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിക്കോണം

അല്ലെങ്കിലും ഇറങ്ങാൻ തന്നെയാണ് പോകുന്നത് നിങ്ങളോടൊപ്പം ഈ സംശയരോഗവും വെച്ച് കഴിയുവാൻ പ്രയാസമാണ്….

ഞാനും എന്റെ കുഞ്ഞും ഇപ്പോൾ തന്നെ ഇവിടെ നിന്ന് ഇറങ്ങി തരാം.നിങ്ങൾക്ക് ഭ്രാന്താണ് സംശയം മൂത്ത ഭ്രാന്ത്…

ഇനി എപ്പോഴെങ്കിലും നിങ്ങളുടെ സംശയമൊക്കെ മാറി ഭാര്യയും കുഞ്ഞിനോടൊപ്പം താമസിക്കണമെന്ന് തോന്നുമ്പോൾ എന്നെ വന്ന് വിളിച്ചാൽ മതി. കുഞ്ഞിനെയും എടുത്തുകൊണ്ട് ഡ്രസ്സുകൾ എല്ലാം ഒരു പെട്ടിയിലാക്കി പ്രിയ ഇറങ്ങി…

ചെന്നുകയറാൻ ഒരു ആശ്രയമില്ലാത്തത് കൊണ്ട് തന്നെ .. അവൾ ഒരു ഹോസ്റ്റലിലേക്ക് ആണ് താമസം മാറിയത്..

സ്വന്തം കാലിൽ നിന്ന് കുഞ്ഞിനെ വളർത്താം എന്നുള്ള ഒരു ധൈര്യം അവൾക്കുണ്ടായിരുന്നു ആരുടെ മുന്നിലും അടിമയെ പോലെ ജീവിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല….

തലയുയർത്തിപ്പിടിച്ച് തന്നെ ഈ സമൂഹത്തിൽ ജീവിക്കും.സ്വന്തം കാലിൽ നിൽക്കാം എന്നുള്ള ആത്മവിശ്വാസം ഉണ്ട്…. സമ്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ച ബാങ്ക് ബാലൻസ് ഉണ്ട്…..

അയാളുടെ കാൽക്കീലിൽ ചവിട്ടും തുപ്പും ഏറ്റു കിടക്കാൻ വയ്യ….. ഇപ്പോൾ അവൾ കുഞ്ഞുമായി സമാധാനത്തോടുകൂടി ജീവിക്കുന്നു…

പക്ഷേ നാട്ടുകാരുടെ വായ അടയ്ക്കാൻ കഴിയില്ലല്ലോ. പ്രിയ ആരുടെയോ ഒപ്പം ഒളിച്ചോടിപ്പോയി എന്ന രീതിയിലാണ് വാർത്ത പരന്നത്.. ഇതുപോലെ ഉള്ള ഹരിമാർക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നത് തന്നെയാണ്…

Leave a Reply

Your email address will not be published. Required fields are marked *