(രചന: ജ്യോതി കൃഷ്ണകുമാർ)
ഒരു ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് വിവാഹ ആലോചന വന്നതും ശരിയായതും..
മീര “”” എന്നായിരുന്നു അവളുടെ പേര്.. ശരിക്കും ഒരു പാവം.. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ്..
അവളെ കണ്ട മാത്രയിൽ ഞാൻ ഇതു മതി എന്ന് തീരുമാനിച്ചിരുന്നു.. കൂടുതൽ അലങ്കാരങ്ങൾ ഒന്നുമില്ലാത്ത അവൾക്ക് എന്തോ ഒരു പ്രത്യേകത തോന്നിയിരുന്നു.
അങ്ങനെയാണ് ആ വിവാഹം നടന്നത് കല്യാണം കഴിഞ്ഞ് നാല് മാസം കഴിഞ്ഞു അവൾക്ക് വിശേഷം ഉണ്ടെന്നറിഞ്ഞു….
സന്തോഷത്തിന് നെറുകയിൽ ആയിരുന്നു അപ്പോൾ എല്ലാവരും പക്ഷേ അത് അധികകാലം നീണ്ടുനിന്നില്ല ജോലി ചെയ്തിരുന്ന ഫിനാൻസ് കമ്പനി അടച്ചു പൂട്ടി..
അങ്ങനെ ഒരു അവസ്ഥയിൽ ജോലി നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കൂടി വയ്യായിരുന്നു ശരിക്കും ബുദ്ധിമുട്ടി വീട്ടിലെ ചിലവും അവളുടെ മരുന്നും പ്രസവവും എല്ലാംകൂടെ…
എന്റെ ഒറ്റ ആളിന്റെ ശമ്പളത്തിൽ ആയിരുന്നു ആ വീട് കഴിഞ്ഞിരുന്നത്..ചേച്ചിയുടെ വിവാഹം കഴിഞ്ഞതിന്റെ ബാധ്യത പോലും തീർന്നിട്ടില്ല.
അച്ഛൻ ഒരു അറ്റാക്ക് കഴിഞ്ഞതുകൊണ്ട് വയ്യാതെ ഇരിക്കുകയാണ്… പിന്നെ ഒരു അനിയത്തി ഉള്ളത് പഠിക്കാൻ മിടുക്കി.. അവളെ പഠിപ്പിക്കണം..
ശരിക്കും കണ്ണീര് കുടിച്ച ദിവസങ്ങൾ.. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ സുഹൃത്ത് വഴി ഗൾഫിലേക്ക് ഒരു വിസ ശരിയാക്കുന്നത്…
ഒരു വലിയ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാൻ എന്ന് ആയിരുന്നു പറഞ്ഞത്… എന്തുതന്നെയായാലും പോകാൻ തയ്യാറായിരുന്നു..
അവളെയും അവളുടെ വയറ്റിലുള്ള എന്റെ കുഞ്ഞിനെയും ഇട്ടിട്ടു പോകാൻ ഭയങ്കര മടി ആയിരുന്നു…
അവൾക്കും… പിരിയുക എന്ന് പറഞ്ഞാൽ സങ്കൽപിക്കാൻ പോലും ആവില്ലാരുന്നു..എങ്കിൽ പോലും പോവാതിരിക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ മനസ്സില്ലാമനസ്സോടെ യാത്ര പറഞ്ഞു..
കുറച്ച് കാലം… ബാധ്യത തീരും വരെ…അത് കഴിഞ്ഞു നാട്ടിൽ തന്നെ…അങ്ങനെ ഉറപ്പിച്ചാണ് പോയത്..
ഞാൻ അവിടെ എത്തിയതിനു ശേഷം ആണ് അവൾ എന്റെ പൊന്നുമോൾക്ക് ജന്മം നൽകിയത്….
നിറഞ്ഞ മിഴികളോടെ എന്റെ രാജകുമാരി വന്ന കാര്യം കേട്ടു.. വീഡിയോ കോളിലൂടെ മാത്രം കണ്ടു തൃപ്തിപ്പെട്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ആളെ പരിചയപ്പെടുന്നത്…സ്റ്റെഫിൻ”””
ഒരു ആഫ്രിക്കക്കാരൻ അയാൾ വളരെ ഹൃദ്യമായി എന്നോട് പെരുമാറി…എന്റെ വീട്ടിലെ ബുദ്ധിമുട്ടുകളും എന്റെ അപ്പോഴത്തെ അവസ്ഥയും വരാനുണ്ടായ സാഹചര്യം എല്ലാം ഞാൻ അയാളോട് തുറന്നു പറഞ്ഞു….
എനിക്ക് അയാൾ ഒരു നല്ല സുഹൃത്ത് ആയിട്ട് തോന്നി…. അങ്ങനെ ആരേം എനിക്ക് കൂട്ടായി കിട്ടിയില്ലായിരുന്നു അവടെ..
റൂമിൽ മുഴുവൻ ഫിലിപ്പിനികളും ഇൻഡോനീഷ്യക്കാരും.. അവരോട് പറയത്തക്ക അടുപ്പവും ഉണ്ടായിരുന്നില്ല..അത് കൊണ്ട് തന്നെ സ്റ്റേഫിനെ എന്തോ ഇഷ്ടപ്പെട്ടു..
ഇവിടെ ഈ സൂപ്പർമാർക്കറ്റിൽ ഇങ്ങനെ സെയിൽസ്മാനായി നിന്നാൽ നിനക്ക് ജീവിതത്തിൽ ഒരു തരത്തിലുള്ള ഉയർച്ചയും ഉണ്ടാവില്ല എന്ന് അവൻ എന്നോട് പറഞ്ഞു ഞാൻ അവനെ അത്ഭുതത്തോടെ നോക്കി….
അവൻ അവന്റെ വീട്ടിലേക്ക് ഈ മാസം അയച്ച പണം എത്ര എന്ന് കാട്ടി തന്നു…എനിക്ക് സ്വപ്നം കാണാൻ പോലും ആവാത്ത തുക..നിനക്കും ഇതിന് സാധിക്കും എന്ന് പറഞ്ഞു..
ഒപ്പം പണമുണ്ടാക്കാനുള്ള ഒരു വഴിയും…അവിടെ ഉള്ള ഒരു കമ്പനി സിറ്റി നടത്തുന്നുണ്ട് അതിലേക്ക് പണം ആളുകളുടെ കയ്യിൽ നിന്നും വാങ്ങി കൊടുക്കുക കൂടുതൽ ആളെ അതിലേക്ക് ചേർക്കുക….
നല്ല ഒരു അമൗണ്ട് സാലറിയും പറഞ്ഞു പിന്നെ ഓരോരുത്തരെ ചേർത്തുന്നതിനനുസരിച്ച് കമ്മീഷനും എനിക്ക് വളരെയധികം സന്തോഷമായി…
ദൈവം കണ്ടറിഞ്ഞ് തന്ന ഒരു അവസരമായി ഞാനതിനെ കരുതി ഓടിനടന്ന് ആളുകളെ ചേർത്തു അവരുടെ കൈയിലെ പണം പിരിച്ചു അവർക്ക് കൊണ്ടുപോയി കൊടുത്തു…
മീരയെ വിളിച്ചുപറഞ്ഞപ്പോൾ അവൾക്കും സന്തോഷമായിരുന്നു….. എല്ലാം നമ്മുടെ മോള് വന്നതിന്റെ ഭാഗ്യമാണ് എന്നവൾ പറഞ്ഞു..അതെ ഞാനും അങ്ങനെ വിശ്വസിച്ചു…
കുറേ മാസങ്ങൾ വീട്ടിലേക്ക് നന്നായി തന്നെ പണം അയച്ചു കൊടുത്തു… അതുകൊണ്ട് കടങ്ങൾ വീട്ടി…
പെങ്ങൾക്ക് കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു സ്ത്രീധനത്തുക കൊടുത്തു…വീട് നന്നാക്കി… ഒരു അനിയത്തിയെ കൂടി കല്യാണം കഴിച്ചു വിടാൻ ഉണ്ടായിരുന്നു. അത് കൂടെ കഴിഞ്ഞാൽ എന്റെ എല്ലാ പ്രാരാബ്ധങ്ങളും തീർന്നു…
ഗൾഫിൽ നിന്നും നാട്ടിൽ വന്ന് എന്തെങ്കിലും കൂലിപ്പണി ചെയ്ത് അവളുടെ മോളുടെ കൂടെ ജീവിക്കാം എന്നായിരുന്നു മോഹം…
പക്ഷേ എല്ലാം തകിടം മറിഞ്ഞത് അപ്പോഴാണ്… ആരൊക്കെയോ പണവും കൊണ്ട് മുങ്ങി…. ആ ആഫ്രിക്ക കാരനെയും പിന്നീട് കണ്ടില്ല കുറ്റം മുഴുവൻ എന്റെ തലയിലായി..
അന്യ നാട്ടിൽ ആരോരുമില്ലാതെ ഒരു വലിയ തുക ബാധ്യതയുമായി….എന്ത് ചെയ്യണം ആരോട് പറയണം എന്നൊന്നും അറിയില്ലായിരുന്നു….
നാട്ടിലെ മുഴുവൻ സ്വത്ത് കൊടുത്താലും അവർക്ക് കൊടുക്കാനുള്ള തുകയുടെ ചെറിയൊരു അംശം പോലും ആവില്ലായിരുന്നു…
വേഗം നാട്ടിലേക്ക് പുറപ്പെട്ടു പോന്നു… മാധ്യമങ്ങൾ വാർത്ത കൊട്ടി ഘോഷിച്ചു കോടിക്കണക്കിന് രൂപയുമായി നാടുവിട്ട മലയാളിയെ എല്ലാവരും വെറുപ്പോടെ നോക്കി..
നാട്ടിലെത്തി ദൂരെ ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിച്ചു താമസിക്കാൻ തുടങ്ങി.. അവിടെയും രക്ഷയില്ല എന്ന് മനസ്സിലായി… തെറ്റ് ചെയ്യാതെ തന്നെ ക്രൂശിക്കപ്പടും എന്നും…
മറ്റുള്ളവർക്ക് കൂടി ബാധ്യത ആവാതിരിക്കാൻ ആണ് ഞാൻ കുഞ്ഞിനെ പോലും ഓർക്കാതെ ആ ത്മ ഹത്യയ്ക്ക് ശ്രമിച്ചത്….
അവിടെ നിന്നും പോന്നു.. പൂട്ടി കിടന്നിരുന്ന നിറെ ഓർമ്മകൾ ഉറങ്ങുന്ന അമ്മ വീട്ടിൽ എത്തി..അവിടെ ഒരു മാവിന്റെ കൊമ്പിൽ…..
അവിടെയും ദൈവം എന്നെ തോൽപ്പിച്ചു.. കെട്ടിത്തൂങ്ങി പാതി മരിച്ചപ്പോൾ ആരൊക്കെയോ കണ്ടു എന്നെ രക്ഷപ്പെടുത്തി..
ഒരു ജീവഛവമായി കിടക്കാൻ മാത്രം എനിക്ക് ജീവൻ ബാക്കി കിട്ടി…കഴുത്തിനു മുകളിൽ മാത്രം ജീവൻ ഉള്ള ജീവിച്ചിരിക്കുന്ന ഒരു ശവശരീരം ആയി ഞാൻ..അപ്പൊ അവൾ ഓടി വന്നിരുന്നു…
എന്റെ മീര..കുഞ്ഞിനെ കാണിച്ച് ഞങ്ങളെ വേണ്ടേ എന്ന് ചോദിക്കാൻ.. അവളുടെ മുന്നിൽ ഉത്തരമില്ലാതെ എന്റെ മിഴികൾ നിറഞ്ഞു…
പിന്നീട് എന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടു എങ്കിലും എനിക്ക് നഷ്ടം ആവാനുള്ള എല്ലാം നഷ്ടമായി കഴിഞ്ഞിരിക്കുന്നു… ഇന്ന് അവൾ പോകുന്നുണ്ട്… എന്റെ മീര..
ഒന്ന് അനങ്ങാൻ പോലുമാവാത്ത എന്നെ കുഞ്ഞിന്റെ കയ്യിൽ ഏൽപ്പിച്ചു,എന്റെയും കുഞ്ഞിന്റെയും അച്ഛന്റെയും അമ്മയുടെയും വയറു നിറയ്ക്കാൻ…
രാത്രി വയ്യാണ്ടായി വന്ന് നടുവ് നിർത്തുന്നവളോട് എത്രയോ ദിവസം ഞാൻ കേണപേക്ഷിച്ചിട്ടുണ്ട്,
ഈ ജീവിതം ഒന്ന് അവസാനിപ്പിക്കാൻ സഹായിക്കാൻ… അതിനു പോലും സ്വയം കഴിവില്ലാത്തവനല്ലേ എന്ന്… അപ്പോ അവൾ പറയുന്ന ഒരു വാക്ക് ഉണ്ട്..
“”” നിങ്ങളിങ്ങനെ കിടക്കുന്നതുകൊണ്ട് മാത്രമാണ് ഞാനും എന്റെ ഈ കുഞ്ഞും ഇങ്ങനെ പിടിച്ച് നിൽക്കുന്നത് “””” എന്ന്…എന്നോ പഠിച്ച ഒരു വരി അപ്പോൾ മനസ്സിലേക്ക് ഒഴുകി എത്തിയിരുന്നു…“””മാംസ നിബന്ധമല്ല രാഗം”””