കല്യാണം
(രചന: തുഷാര)
“ഉമ്മാ … എനിക്ക് സമ്മതക്കുറവ് ഒന്നുമില്ല. അവരോട് വരാൻ പറഞ്ഞോളൂ.” ഒറ്റ ശ്വാസത്തിലാണ് അവൾ പറഞ്ഞു നിർത്തിയത്. ഇത് കേട്ട് അവളുടെ ഉമ്മ കണ്ണ് മിഴിച്ചു നിന്ന് പോയി.
ഇന്നലെ വരെ ഇവിടെ എന്ത് പുകിലായിരുന്നു. ഇപ്പൊഴെ എന്നെ കെട്ടിച്ചു വിട്ടാൽ കല്യാണത്തിന്റെ അന്ന് എന്റെ മയ്യത്ത് എടുക്കേണ്ടി വരും എന്ന് പറഞ്ഞു ഭീഷണിപെടുത്തിയ പെങ്കൊച്ചാ.
എന്ത് പറ്റിയാവോ. ഉമ്മ ഒരു അന്ധാളിപ്പോടെ വാപ്പയുടെ അടുത്തേക്ക് ഓടി. “അതേയ്…. നാളെ തന്നെ അവരോട് വരാൻ പറയ്.
അവള് സമ്മതിച്ചു. മനസ് മാറുന്നേനു മുന്നേ എന്തേലും ഒന്ന് ആക്കി വെക്കണം”. വാപ്പ ഉമ്മാനെ ഒന്ന് നോക്കി. “എങ്കിൽ നാളെ തന്നെ അവരോട് വരാൻ പറയാ.” വാപ്പ ധൃതിയിൽ ഫോൺ എടുത്ത് ഉമ്മറത്തേക്ക് നടന്നു.
പിന്നാലെ ഉമ്മയും. അവൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി വാതിൽ അടച്ചു. പുതിയ ഒരു പ്രൊജക്റ്റ് വർക്ക് തുടങ്ങി വെച്ചതായിരുന്നു. ഇന്ന് ഇനി എഴുതാൻ പറ്റില്ല. അല്ല ഇനി എഴുതിയിട്ട് എന്താ കാര്യം.
കല്യാണം കഴിഞ്ഞാൽ പിന്നെ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടാവില്ലല്ലോ. പിന്നെ എല്ലാ പെണ്ണുങ്ങളെയും പോലെ ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിൽ തന്നെ ഇരിക്കാം. അവളുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി പാഞ്ഞു പോയി.
പെട്ടെന്നാണ് മൂത്തുമ്മയുടെ മോൾ ആയിഷയുടെ വാട്സാപ്പ് മെസ്സേജ് വന്നത്. ” അല്ല ആമിയേ… ചെക്കന്റെ ഫോട്ടോ കണ്ടപ്പോ നിന്റെ മനസ് ഒന്ന് ഇളകിയാ”.
കൂടെ വാ പൊത്തി ചിരിക്കുന്ന ഒരു ഇമോജിയും. അവൾ ആ മെസ്സേജിന് റിപ്ലൈ ചെയ്യണം എന്ന് വിചാരിച്ചതല്ല. പിന്നെ അവൾക് എന്ത് തോന്നും എന്ന് കരുതി കണ്ട ഒരു ഇമോജി കൊടുത്ത് അത് ഒഴിവാക്കി വിട്ടു.
നാളെ പെണ്ണ് കാണാൻ വരുന്ന കാര്യം ഉമ്മ എല്ലാരേം വിളിച്ചു അറിയിച്ചിട്ടുണ്ട്. ഇനീപ്പോ നാളെ വന്നു കണ്ടു കഴിഞ്ഞാൽ എല്ലാം പെട്ടെന്ന് ആയിരിക്കും. അത് കഴിഞ്ഞാൽ നിങ്ങൾക്കൊക്കെ വിശ്രമം.
മേശപ്പുറത്തിരുന്ന പുസ്തകങ്ങളെ നോക്കി അവൾ സ്വയം പറഞ്ഞു
അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഉള്ളിലുണ്ടായിരുന്ന ഒരുപാട് സ്വപ്‌നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയാൻ പോകുന്നു.
പ്ലസ് ടുവിനു ആ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് അവൾ ആയിരുന്നു. അത്കൊണ്ട് തന്നെ ഡിഗ്രിക്ക് ആഗ്രഹിച്ച കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി.
ഇത്രയും നല്ല മാർക്ക് വാങ്ങി പാസ്സ് ആയത്കൊണ്ട് എൻട്രൻസ് എഴുതാതെ ഡിഗ്രിക്ക് ചേർന്നതിൽ ഒരുപാട് വിമർശനം അവൾ കേട്ടിരുന്നു. അല്ലെങ്കിലും നാട്ടുകാർക്കും ബന്ധുക്കൾക്കും ബാക്കി ഉള്ളവരുടെ കാര്യത്തിൽ നല്ല വേവലാതിയാണല്ലോ.
എൻട്രൻസ് കോച്ചിങ്ന്റെ ഫീസ് കൂലിപ്പണികാരനായ വാപ്പാനെ കൊണ്ട് താങ്ങുന്നതിന് അപ്പുറമാണെന്ന് അവൾക്കറിയാമായിരുന്നു.
സ്വന്തം കാലിൽ നിന്നിട്ടു മതി കല്യാണം എന്ന തീരുമാനം അവൾ എടുത്തത് ആയിഷാത്താനെ കണ്ടിട്ടായിരുന്നു.
തൃശൂർ മെഡിക്കൽ കോളേജിൽ മൂന്നാം വർഷം എംബിബിഎസ് പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അയിഷാന്റെ നിക്കാഹ് നടന്നത്. പയ്യൻ ഗൾഫിൽ ഡോക്ടർ ആണ്.
അതുകൊണ്ട് തന്നെ പഠനം കഴിഞ്ഞാൽ ഇത്താക്കും അവിടെ ജോലി വാങ്ങി കൊടുക്കും. കല്യാണം കഴിഞ്ഞും പഠിക്കാല്ലോ……
എന്തൊക്കെ മോഹന സുന്ദര വാഗ്ദാനങ്ങളായിരുന്നു. ഒടുക്കം കല്യാണം കഴിഞ്ഞ് രണ്ടാം മാസം ഇത്താക്ക് വിശേഷമായി.
വയറ്റിലുണ്ടേൽ ന്തിനാ ഇപ്പൊ തെരക്കിട്ട് പഠിക്കാൻ പോണേ…. കടിഞ്ഞൂലല്ലേ… ഇത് കഴിഞ്ഞിട്ടും അവലോ… ” ഉമ്മുമ്മാടെ വകയായിരുന്നു ചോദ്യം.
എല്ലാരും അത് ഏറ്റെടുത്തു. ആദ്യത്തെ പ്രസവത്തിനു ശേഷം കുഞ്ഞ് ഒരു പ്രായമായപ്പോൾ ഇത്ത പഠിക്കാൻ പോകാൻ ഒരുങ്ങി. “പെണ്ണുങ്ങൾ പണിക്ക് പോയിട്ട് വേണോ കുടുമത്ത് ചെലവ് നടക്കാൻ”…..
ചോദ്യം പല ഭാഗത്തു നിന്നും ഉയർന്നു… അതും എല്ലാരും ഏറ്റെടുത്തു. അതോടെ ആ ഡോക്ടറിന്റെ ജീവിതവും അവിടെ അവസാനിച്ചു.
ഇപ്പൊ ആയിഷാത്താ കെട്ട്യോനേം മൂന്നു പിള്ളേരേം നോക്കി ദുബായിലെ ഫ്ലാറ്റിൽ കഴിയുന്നു.
പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും തന്നെ ഒരുപാട് കല്യാണാലോചനകൾ വന്നു കൊണ്ടേ ഇരുന്നു. പക്ഷെ ഒരു വാശി ആയിരുന്നു അവൾക്ക്. പഠിക്കണം…. സ്വന്തം കാലിൽ നിൽക്കണം.
അങ്ങനെ വന്നു കൊണ്ടിരുന്ന എല്ലാ ആലോചനകളെയും തട്ടി മാറ്റികൊണ്ട് അവൾ അവളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. “പെണ്ണിന് ഇത്ര അഹങ്കാരം എന്താ”…
“ആ കോളേജിൽ വല്ല ചുറ്റിക്കളിയും കാണും”…..മാമിമാരും എളേമ്മമാരും അവരുടെതായ അഭിപ്രായം രേഖപെടുത്തിക്കൊണ്ടേ ഇരുന്നു.
പക്ഷെ അവളെ സംബന്ധിച്ചെടുത്തോളം എല്ലാ പെണ്ണുങ്ങളെയും പോലെ ഭർത്താവിനെയും മക്കളെയും നോക്കി മാത്രം ജീവിക്കാൻ അവൾക്കു കഴിയില്ലായിരുന്നു. ഒരു ജോലി…
ഒത്തിരി വലുതൊന്നും വേണ്ട… സ്വന്തം കാര്യം നോക്കാൻ മാത്രം പാകത്തിന് വരുമാനം ഉള്ള ഒരു ജോലി….. വാപ്പാക്ക് വയ്യാണ്ടായി.
എല്ലാരും പറയും…. ഹസനിക്കാക്ക് മൂത്തത് ഒരു മകനായായിരുന്നെങ്കിൽ ഈ കഷ്ടപ്പാടൊന്നും വരില്ലായിരുന്നു”….. എന്തെ… പെണ്മക്കൾ ഉണ്ടെങ്കിൽ തന്തയ്ക്കും തള്ളക്കും ഇത്ര കഷ്ടപ്പാടാണോ…
നമ്മൾ നോക്കിയാലും കുടുംബം മുന്നോട്ട് പോകും. …. അത്രേ അവൾ ആഗ്രഹിച്ചിട്ടുള്ളു…. വാപ്പയോട് തന്റെ ആഗ്രഹം അവൾ പറഞ്ഞതാണ്. വാപ്പയും തടസം ഒന്നും പറഞ്ഞില്ല.
പക്ഷെ ഒരു അറ്റാക്ക് കഴിഞ്ഞപ്പോ വാപ്പാക്കും ടെൻഷൻ ആയി. ഒരു പ്രായം കഴിഞ്ഞാൽ പെണ്മക്കൾ നാട്ടുകാരുടെ കണക്കുപുസ്തകത്തിൽ വാപ്പാടെ ബാധ്യത ആണല്ലോ…
പോരാത്തതിന് താഴെ ഒരു അനിയത്തിയും എല്ലായിടെത്തുന്നും മകളെ കെട്ടിച്ചു വിടാൻ ഉള്ള ഉപദേശങ്ങളും നിർദേശങ്ങളും.
ഒടുക്കം അവളുടെ വാശിക്ക് മുന്നിൽ വാപ്പാക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് കണ്ട് മൂത്താപ്പ മുന്നിട്ടിറങ്ങി ഒരു ചെക്കനെ കൊണ്ട് വന്നു. ഇൻഫോ പാർക്കിൽ ആണ് ജോലി. ഒരു സാധാരണ കുടുംബം.
തരക്കേടില്ലാത്ത ശമ്പളം….. സ്ത്രീധനം ഒന്നും വേണ്ട…. ഇത് കേട്ടപ്പോ തന്നെ വീട്ടുകാർക്ക് നന്നായി ബോധിച്ചു. അത്രയും നാൾ അവളുടെ സമ്മതത്തിന് വേണ്ടി ആയിരുന്നു അവരെല്ലാവരും കാത്തിരുന്നത്.
ഒടുക്കം വാപ്പയുടെ കണ്ണ് അവൾക്കു മുന്നിൽ നിറഞ്ഞപ്പോൾ ഗദ്യന്തരമില്ലാതെ അവൾക്കു സമ്മതിക്കേണ്ടി വന്നു…
പിറ്റേന്ന് സുബ്ഹി നമസ്കാരം കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോഴേ ഉമ്മ അതിഥികളെ സൽക്കരിക്കാനുള്ള പരിപാടികൾ തുടങ്ങിയിരുന്നു.
അവളെ കണ്ടപ്പോഴേ ഉമ്മ പറഞ്ഞു…”ആമിയെ… കഴിഞ്ഞ പെരുന്നാൾക്ക് മാമ വാങ്ങി തന്ന കരിമ്പച്ച ചുരിദാർ ഇട്ടാ മതി….. അത് നല്ല എടുപ്പായിരിക്കും…. അവൾ തലയാട്ടി സമ്മതിച്ചു…
“ഇത്താത്താക്ക് മിണ്ടാട്ടം ഇല്ലാലോ ഉമ്മാ… ടെൻഷൻ ആയിരിക്കുമല്ലേ….” ഒരു കളിയാക്കി ചിരിയോടെ അനിയത്തി ചോദിച്ചു….” പോടീ… ” ഇത്രയും പറഞ്ഞു അവളുടെ തലയ്ക്കു ഒരു കോട്ടും കൊടുത്ത് അവൾ ഓരോ പണികളിൽ മുഴുകി.
സമയം 10. 30 കഴിഞ്ഞു. മുറ്റത്ത് ഒരു കാർ വരുന്ന ശബ്ദവും അതോടെ ഓടി പാഞ്ഞു അടുക്കളയിൽ എത്തിയ വാപ്പയും. ” ഹസീനാ…. അവര് വന്ന്ട്ടോ”….
ഇത് കേട്ടതും ഉമ്മ ധൃതിയിൽ പുതിയ ചായക്കോപ്പായിലേക്ക് ചായ പകർന്നു… മൂത്തുമ്മയും മൂത്തപ്പയും എത്തീട്ടുണ്ട്. മൂത്തുമ്മ വേഗം പലഹാരങ്ങൾ പാത്രത്തിലാക്കി.
അവൾ ആ കരിമ്പച്ച ചുരിദാരുമിട്ട് അടുക്കളയിൽ ഒരു മൂലയ്ക്ക് നിൽപ്പാണ്. വാപ്പയും മൂത്തപ്പയും എല്ലാവരേം സലാം പറഞ്ഞു സ്വീകരിച്ചു വിശേഷം പറയാൻ തുടങ്ങി. ഉമ്മയും അനിയത്തിയും മൂത്തുമ്മയും കൂടെ പലഹാരങ്ങളും ചായയുമായി പോകുന്നുണ്ട്….
ഒടുക്കം അവളുടെ ഊഴമെത്തി… മോളെ എന്നൊരു. നീട്ടി വിളിയിൽ അവൾ അടുക്കളപ്പുറത്തു നിന്നും മെല്ലെ നടന്നു…. നടക്കും തോറും ഒരു ടെൻഷൻ അവളിൽ നിറഞ്ഞു. അടുക്കളയിൽ നിന്നും ഹാളിലേക്ക് ഇത്രയും ദൂരമോ…..
അവൾ ഹാളിലെ അതിഥികൾക്ക് മുന്നിൽ എത്തി…. എല്ലാവരെയും നോക്കി സലാം പറഞ്ഞു…..കൂട്ടത്തിൽ ഒരു കരിമ്പച്ച നിറത്തിലുള്ള ഷർട്ട് ഇട്ട പയ്യനെയും അവൾ നോക്കി… അതാണ് ചെക്കൻ….
” ദേ…. മാമാടെ ഡ്രെസ്സിന്റെ അതെ കളർ തന്നെ ഈ ഇത്തയും ഇട്ടേക്കുന്നു “…വളരെ ആശ്ചര്യത്തോട് കൂടെ കൂടെ ഉള്ള ഒരു കുട്ടി പറഞ്ഞു…. പെങ്ങളുടെ മകൾ ആണ് അതെന്ന് പിന്നീട് മനസിലായി… വന്നവരൊക്കെ അവളുടെ പേരും വിശേഷവും ചോദിച്ചു… അവസാനം ആ ചടങ്ങിലേക്ക് മൂത്താപ്പ ആണ് കൊണ്ടെത്തിച്ചത്.
“ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാട്ടോ….” മൂത്താപ്പ പറഞ്ഞു….ഒരു ചിരിയോടെ അയാൾ എഴുന്നേറ്റു….”ചെല്ല് മോളേ… ” ഉമ്മ അവളെ പറഞ്ഞു വിട്ടു. അവൾ അയാളുടെ പിന്നാലെ നടന്നു….
മുറ്റത്തെ ചെമ്പകമരം ലക്ഷ്യമാക്കി അയാൾ നടന്നു….നടക്കുന്ന വഴി അയാൾ ചോദിച്ചു….” ആമിന ബിഎ ലിറ്ററേച്ചർ ഫൈനൽ ഇയർ അല്ലെ പഠിക്കുന്നത്”….അതെ എന്നവൾ മൂളി.
” ക്ലാസ്സ് ഉണ്ടനെ തീരില്ലേ അപ്പൊ”…”രണ്ട് മാസം കൂടി”…… “അവർ ആ ചെമ്പകചോട്ടിൽ നിന്നു. “ഇനിപ്പോ എന്താ പ്ലാൻ?…. വീണ്ടും ചോദ്യം വന്നു.
“പിജി ചെയ്തിട്ട് നെറ്റ് എഴുതാൻ ആണ്”…. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു….” ഓ അപ്പോൾ കോളേജ് പ്രൊഫസർ ആവാനാണു ആഗ്രഹം അല്ലെ”…
അവൾ തലയാട്ടി..” അപ്പൊ പിന്നെ പിജി അഡ്മിഷൻ വീടിന്റെ അടുത്തുള്ള ഒരു കോളേജിൽ റെഡിയാക്കാം… അതാകുമ്പോ പോയി വരാൻ എളുപ്പം ഉണ്ടല്ലോ”…. അയാൾ അവളെ നോക്കി പറഞ്ഞു…”
“നെറ്റ് മാത്രം കിട്ടിയിട്ട് കാര്യമില്ലഡോ…. ഇനിപ്പോ ഡോക്ടറേറ്റ് കൂടെ വേണ്ടി വരും…” തനിക്ക് പഠിക്കാൻ ഒക്കെ ഇഷ്ടമാണോ…. ” അപ്രതീക്ഷിതമായിയിരുന്നു ആ ചോദ്യം….
“അതെ”… അവൾ പറഞ്ഞു”കല്യാണം കഴിഞ്ഞു എന്ന് വെച്ച് പഠിപ്പ് നിർത്തുവൊന്നും വേണ്ട”…. തനിക്ക് ഇഷ്ടമുള്ളത് വരെ പഠിക്കാം….”
അവൾ ഒന്ന് പുഞ്ചിരിച്ചു….. കുറെ നേരം അയാൾ അവളോട് ഓരോ ചോദ്യം ചോദിച്ചു കൊണ്ടേ ഇരുന്നു…
ഒടുവിൽ അയാളുടെ ഉമ്മ വന്ന് വിളിക്കുമ്പോഴായിരുന്നു അവർ തിരിച്ചു അകത്തേക്ക് കേറിയത്…പിന്നെ കുറെ വിശേഷം പറഞ്ഞു അവർ അങ്ങനെ ഇരുന്നു. ഉമ്മ ഉണ്ടാക്കിയ പത്തിരിയും ബീ ഫ് കറിയും കഴിച്ചതിനു ശേഷം അവർ ഇറങ്ങാൻ തുടങ്ങി….
” അപ്പൊ നിങ്ങൾ വിളിച്ചാൽ മതി…. ഡേറ്റ് ഒക്കെ നമ്മുക്ക് അപ്പൊ തീരുമാനിക്കാം… “ഇറങ്ങാൻ നേരം ചെക്കന്റെ വാപ്പ പറഞ്ഞു”…
എല്ലാം ഉറപ്പിച്ച മട്ടായിരുന്നു. അവളുടെ വാപ്പയുടെ മുഖത്തു സന്തോഷം ഇങ്ങനെ മിന്നി തെളിയുന്നത് അവൾ കണ്ടു.
അവൾ ആ വാതിൽ പടിയിൽ നിന്നും അവർ പോകുന്നത് നോക്കി നിന്നു… അവൾക്ക് മനസ്സിൽ ചെറിയ ഒരു ആശ്വാസം തോന്നി… അവൾ മുറിയിലേക്ക് നടന്നു… ഇന്നലെ ചെയ്യാൻ തുടങ്ങിയ പ്രൊജക്റ്റ് എടുത്ത് മുന്നിൽ വെച്ചു.
“ഒന്നുല്ലെങ്കിലും പുള്ളിക്ക് അങ്ങനെ പറയാൻ തോന്നിയല്ലോ…. എല്ലാ ആണുങ്ങളേം പോലെ ആവാതിരുന്നാൽ മതി എന്റെ പടച്ചോനേ…”
അവൾ മനസ്സിൽ വിചാരിച്ചു. പിജിക്ക് കോളേജിൽ പോകുന്ന കാര്യം ആലോചിച്ചു അങ്ങനെ ഇരുന്നു… പെട്ടെന്നാണ് വാട്സാപ്പിൽ അയിഷാത്താടെ മെസ്സേജ് വന്നത്….
“എന്തായി….അവരൊക്കെ വന്ന് പോയാ”…..ഒരു നിമിഷം അവളുടെ മനസ് ഒന്ന് പതറി. വാട്സാപ്പിൽ അയിഷാത്താടെ ഡി പി എടുത്തവൾ നോക്കി….
വെള്ള കോട്ടും സ്‌തെതസ്കോപ്പും ഇട്ടു നിൽക്കേണ്ടവൾ കറുത്ത ഒരു പർദ്ധയും കഴുത്തിൽ ഒരു താലി മാലയും…. കൂടെ മൂന്നു പിള്ളേരും…… എന്തൊക്കെ മോഹന സുന്ദര വാഗ്ദാനങ്ങളാണ് അല്ലെ…..