(രചന: അംബിക ശിവശങ്കരൻ)
വൈകുന്നേരം ജോലികഴിഞ്ഞ് എത്തിയതും അവൾ നന്നേ ക്ഷീണതയായിരുന്നു. രാവിലെ കഴുകിയിട്ട തുണി പോലും അതേപടി മുറ്റത്ത് മഞ്ഞു കൊണ്ട് കിടക്കുന്നു.
“എന്താ ഉണ്ണിയേട്ടാ ആ തുണി എങ്കിലും ഒന്ന് എടുത്ത് മടക്കി വച്ചു കൂടായിരുന്നോ നിങ്ങൾക്ക്?”
സോഫയിൽ കിടന്ന് സുഖമായി ടിവി കണ്ടുകൊണ്ടിരുന്ന തന്റെ ഭർത്താവിനോട് അവൾ ചോദിച്ചു.
” ആ എന്നിട്ട് വേണം അമ്മയുടെ വായിൽ ഇരിക്കുന്നത് ഞാൻ കേൾക്കാൻ… “അയാൾ കൂസൽ ഇല്ലാതെ പറഞ്ഞു.
ഇന്ന് ഓഫീസിൽ കുറേയേറെ ജോലികൾ ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും വന്ന് ഒന്ന് കിടന്നാൽ മതി എന്നായിരുന്നു മനസ്സിൽ.പക്ഷേ വീട്ടിൽ വന്നു കയറിയപ്പോഴാണ് ഓഫീസ് തന്നെയായിരുന്നു ഭേദം എന്ന് തോന്നി പോയത്.
അവൾ വേഗം കുളിച്ച് ഫ്രഷായി അടുക്കളയിലേക്ക് ചെന്നു.ഉച്ചയ്ക്ക് കഴിച്ച പാത്രങ്ങൾ അടക്കം സകലതും സിങ്കിൽ കൂട്ടി ഇട്ടേക്കുന്നു. ദേഷ്യം വന്ന് ഇരച്ചുകയറിയതും അവൾ നേരെ ഉണ്ണിയുടെ അടുത്തേക്ക് ഓടി.
” ആ കഴിച്ച ഏച്ചിൽ പാത്രം കഴുകാനും എന്നെ കാത്തിരുന്നല്ലോ ഉണ്ണിയേട്ടാ നിങ്ങൾ?നിങ്ങളുടെയൊക്കെ അടിമപ്പണി എടുക്കാൻ ആണോ എന്നെ ഇങ്ങോട്ട് കല്യാണം കഴിച്ചു കൊണ്ടുവന്നത്? ”
അവളുടെ ശബ്ദം ഉയർന്നതും അത്രനേരം മുറിയിൽ നാമം ജപിച്ചുകൊണ്ടിരുന്ന ഉണ്ണിയുടെ അമ്മ പുറത്തേക്ക് വന്നു.
“വിളക്ക് വയ്ക്കുന്ന നേരത്താണോ ഇവിടെ കിടന്നു ഒച്ച വയ്ക്കുന്നത്?എന്താ നിന്റെ പ്രശ്നം സിമി?”അവർ യാതൊരു കൂസലും ഇല്ലാതെ ചോദിച്ചു.
“ഓഫീസിൽ ഇത്രനേരം പിടിപ്പത് പണി ചെയ്തിട്ട ഞാൻ വരുന്നത്.വേറെ ഒന്നും ചെയ്യേണ്ട ആ കഴിച്ച പാത്രമെങ്കിലും ഉണ്ണിയേട്ടന് കഴുകി വെച്ചു കൂടെ… വേറെ പണിയൊന്നുമില്ലല്ലോ രാവിലെ മുതൽ വൈകിട്ട് വരെ ഇവിടെ വെറുതെ ഇരിക്കുകയല്ലേ..”
“ആ… ആ…ആ… കേട്ടോടാ….അവൾ പണിയെടുത്ത് നിനക്ക് തിന്നാൻ തരുന്നതിന്റെ അഹങ്കാരം കേട്ടോടാ… ഞാൻ അപ്പോഴേ പറഞ്ഞതാ ഇവളെ ജോലിക്ക് വിടേണ്ട എന്ന്.
നിന്റെ നക്കാപ്പിച്ച ശമ്പളം കിട്ടിയിട്ട് ഒന്നും വേണ്ട ഈ കുടുംബം കഴിയാൻ.. ഈ പറമ്പിൽ വീഴുന്ന തേങ്ങ പറക്കി വിറ്റാൽ തന്നെ നിനക്ക് ഒരു മാസം കിട്ടുന്നതിനേക്കാൾ കൂടുതൽ കിട്ടും. അമ്പാട്ട് തറവാട്ടുകാരെ കുറിച്ച് നിനക്ക് അറിയാത്തതുകൊണ്ടാണ്.
അത് നിന്റെ അച്ഛനും അമ്മയ്ക്കും അറിയാവുന്നതു കൊണ്ടാണല്ലോ അവർ ഈ ബന്ധം വന്നപ്പോ ചാടി പിടിച്ചത്. എന്നിട്ട് എന്റെ മോൻ അടുക്കള പണിയും കൂടി എടുക്കണം എന്ന്…. ഒരു ചൂല് പോലും ഞാൻ അവനെ കൊണ്ട്
തൊടീച്ചിട്ടില്ല. ഭർത്താവിന്റെ കാര്യം നോക്കാതെ സ്വന്തം കാര്യം നോക്കി ജോലിക്ക് പോയിട്ട് എന്റെ മോന്റെ മേക്കിട്ട് കയറാൻ വരുന്നോ…? അതു കൊള്ളാം.”
അവൾ പിന്നെ ഒരക്ഷരം മിണ്ടിയില്ല. ചക്ക എന്ന് പറഞ്ഞാൽ ചുക്ക് എന്ന് കേൾക്കുന്നവരോട് എന്തു പറയാൻ? ഇത്തരം അമ്മമാർ തന്നെയാണ്. ആൺമക്കൾക്ക് വളം വെച്ച് കൊടുക്കുന്നത്.
സ്വന്തം മകൻ കഴിച്ച പാത്രം പോലും കഴുകി വയ്ക്കുന്നത് കുറച്ചിലായി കാണുന്ന ഇവർക്ക് മറ്റൊരു വീട്ടിൽ നിന്ന് കയറി വന്ന മകന്റെ ഭാര്യയെ കൊണ്ട് അവന്റെ എച്ചിൽ പാത്രങ്ങളും അടിവസ്ത്രങ്ങളും വരെ കഴുകിയിടിക്കാൻ ഒരു മടിയുമില്ല. അത് അവളുടെ കടമയാണ് പോലും…
അവൾ അരിച്ചു കയറിയ ദേഷ്യം മുഴുവൻ കടിച്ചമർത്തിതറവാട്ട് മഹിമയും ഗൾഫുകാരനെയും കണ്ട് അച്ഛനും അമ്മയും കണ്ടുപിടിച്ചു തന്ന ബന്ധമാണ്.ഗൾഫിലെ ജോലി മതിയാക്കി നാട്ടിൽ വന്നപ്പോൾ ഇവിടെ എന്തെങ്കിലും ജോലിക്ക് പോകുമെന്നാണ് കരുതിയത്. ഹ്മ്മ് ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാറില്ല ത്രെ…
ഭർത്താവ് ജോലിക്ക് പോകാതെ വീട്ടിലിരിക്കുമ്പോൾ കുഞ്ഞിന് ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങാൻ പോലും അമ്മയോട് ഇരക്കണം. തറവാട്ടു മഹിമയുടെയും കുടുംബ പാരമ്പര്യത്തിന്റെയും പേരിൽ പരിഹസിക്കുന്നത് പോരാഞ്ഞിട്ട് കുഞ്ഞിന് ഭക്ഷണം വാങ്ങുന്നതിനും വരെ കണക്കുകൾ പറഞ്ഞു തുടങ്ങിയപ്പോഴാണ് സ്വന്തമായി ഒരു ജോലി വേണമെന്ന് തീരുമാനിച്ചത്.
ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയാണ്. ഇതാണ് ഇന്നിപ്പോൾ ആകെയുള്ള ബലം. എത്രയൊക്കെ കുറ്റപ്പെടുത്തലുകൾ കേട്ടാലും സ്വന്തമായി അധ്വാനിച്ച് പത്ത് രൂപ ഉണ്ടാക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.
അവൾ പാത്രങ്ങൾ ഓരോന്നായി കഴുകി കമഴ്ത്തി വച്ചു.
രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കുമ്പോഴും അവളുടെ മനസ്സ് തന്റെ സഹപ്രവർത്തകയായ ആനി പറഞ്ഞ വാക്കുകളിൽ ഉടക്കി നിന്നു.
“ഇച്ചായൻ ഭയങ്കര ഹെൽപ്പിംഗ് ആണ്… ഞങ്ങൾ ഒരുമിച്ചാണ് ജോലിയെല്ലാം ചെയ്യുന്നത്.ഞാൻ എത്താൻ വൈകിയാലും ജോലിയൊക്കെ ചെയ്തു വെച്ച് എനിക്ക് കോഫി ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാകും.”
ഭാര്യമാർ എന്നാൽ വെറും മാംസപിണ്ഡങ്ങൾ ആണെന്ന് മാത്രം കരുതിവയ്ക്കുന്ന ഒരുപാട് വിഡ്ഢികൾ ഈ ലോകത്ത് ഇപ്പോഴും ഉണ്ട്.അതിൽ ഏറ്റവും വലിയൊരു വിഡ്ഢിയാണ് തന്റെ ഭർത്താവ്.അവരെ ഇങ്ങനെ ആക്കി തീർക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് ചെറുതല്ല. നിന്റെ എച്ചിൽ പാത്രം കഴുകേണ്ടവൾ അല്ല നിന്റെ ഭാര്യ എന്ന് പറഞ്ഞു വളർത്താൻ കഴിയാതെ പോയ കുറെ അമ്മമാർ…
ജോലിയെല്ലാം തീർത്തു കഴിഞ്ഞപ്പോഴേക്കും അവൾ ആകെ ക്ഷീണിച്ചു. മോൾക്ക് ഭക്ഷണവും കൊടുത്തു ഉറക്കി കഴിഞ്ഞപ്പോഴാണ് അയാൾ അങ്ങോട്ട് വന്നത്.
പതിവുപോലെ കട്ടിലിലേക്ക് വലിച്ചിട്ട് അവളുടെ നൈറ്റി അഴിക്കാൻ തുടങ്ങിയതും അവൾ ആ കൈ തട്ടിമാറ്റി.
” ഇന്നത്തോടെ നിർത്തിക്കോണം ഈ പരിപാടി. നിങ്ങൾ എന്താ വിചാരിച്ചത്??? ഞാനെന്താ നിങ്ങൾക്ക് തോന്നുമ്പോഴൊക്കെ കിടന്നു തരാനുള്ള വസ്തുവാണെന്നാണോ? ഇതിന് വേണ്ടി അല്ലാതെ നിങ്ങൾ എപ്പോഴെങ്കിലും ഭാര്യ എന്ന പരിഗണന എനിക്ക് തന്നിട്ടുണ്ടോ? എന്നും രാത്രി സുഖം തേടി വരാൻ മാത്രം ഞാൻ വേശ്യ അല്ല നിങ്ങളുടെ ഭാര്യയാണ്… ”
“ഛീ നിർത്തടി വെറുതെ വിളിച്ചുകൂവി അമ്മയെ കൂടി കേൾപ്പിക്കേണ്ട…””കേൾക്കട്ടെ അവർ വളർത്തി വഷളാക്കി വച്ചത് കൊണ്ടാണല്ലോ മകൻ ഇങ്ങനെയായത്.. അമ്മയെ പേടിയുള്ള ആള് പിന്നെ എന്തിനാ കല്യാണം കഴിച്ചത്? ഒരു അമ്മ എങ്ങനെ ആകരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആ സ്ത്രീ.
ഇത്രനാൾ നിങ്ങളുടെയും അമ്മയുടെയും സകല പരിഹാസവും ആട്ടും സഹിച്ച് ഒരു അടിമയെ പോലെയാണ് ഞാനിവിടെ കഴിഞ്ഞത്. ഇനി എനിക്ക് അതിന്റെ ആവശ്യമില്ല. എന്റെ വായടപ്പിക്കാൻ നിങ്ങൾ ഇനി നോക്കേണ്ട… അവരും കേൾക്കട്ടെ മകന്റെ തനി സ്വഭാവം.”
അവളലറിയതും അവൻ ആഞ്ഞു ഒരു അടി അവളുടെ കരണത്തടിച്ചു. സകല നിയന്ത്രണവും തെറ്റിയ അവൾ അവിടെ ഉണ്ടായിരുന്ന സകലതും നിലത്തെറിഞ്ഞു ഉടച്ചു. ശബ്ദം കേട്ട് അമ്മ കൂടി വന്നതോടെ അവിടെ പിന്നെ ഒരു ലഹള ആയിരുന്നു.
“ഈ എരണം കെട്ടവൾ എന്റെ മോന്റെ ജീവിതം നശിപ്പിച്ചല്ലോ ദൈവമേ… ഈ മുടിഞ്ഞവൾ എന്ന് കാലെടുത്തുവച്ചോ അന്ന് തുടങ്ങിയതാണ് ഈ കുടുംബത്തിന്റെ നാശം. അവളിപ്പോൾ വലിയ ജോലിക്കാരിയായി അവിടെ ഏതോ ഒരുത്തന്റെ കൂടെ അഴിഞ്ഞാടി നടക്കാൻ തുടങ്ങിയപ്പോൾ എന്റെ മോൻ ഒരു ഭാരം ആയി.. അവൾക്കപ്പൊ എന്റെ മോൻ കൊള്ളില്ലാത്തവനും ആയി… നീ മുടിഞ്ഞു പോവുകയുള്ളൂ…”
ശാപവാക്കുകൾ പെരുമഴയായി പതിക്കും തോറും അവളുടെ കോപം അഗ്നിയായി ജ്വലിച്ചു. മുന്നിൽ നിൽകുന്ന ആ സ്ത്രീയെ ആ നിമിഷം ശ്വാസംമുട്ടിച്ച് കൊല്ലുവാൻ ആണ് അവൾക്ക് തോന്നിയത്. സ്വന്തം മകന്റെ തെറ്റുകൾ എത്ര സമർത്ഥമായാണ് ആ സ്ത്രീ മറച്ചു പിടിക്കുന്നത്? അപ്പോഴും അയാൾ യാതൊന്നും സംഭവിക്കാത്ത മട്ടിൽ അമ്മയുടെ ഭാഗം ചേർന്ന് നിൽക്കുകയായിരുന്നു.
ഒച്ചയും ബഹളവും കേട്ട് കുഞ്ഞു ഉണർന്നതോടെയാണ് അവളുടെ ക്രോധം ശ്രമിച്ചത്. ആ നിമിഷം അവൾ ഒരു സ്ത്രീയിൽ നിന്ന് അമ്മയായി മാറി. ഓടിച്ചെന്ന് കുഞ്ഞിനെ എടുത്ത് മാറോട് ചേർക്കുമ്പോൾ ഇപ്പോഴെങ്കിലും ഇതെല്ലാം പറയാൻ കഴിഞ്ഞല്ലോ എന്ന് ആത്മസംതൃപ്തിയായിരുന്നു മനസ്സിൽ
. അപ്പോഴും അമ്മയും മകനും നാട്ടുകാർ കേൾക്കും പാകത്തിൽ അവളെപ്പറ്റി എന്തെല്ലാമോ അനാവശ്യങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
“ആ കൊച്ചു പോലും ഇവന്റെ ആണെന്ന് ആർക്കറിയാം?”സ്വന്തം കുഞ്ഞാണെന്ന് ഉറപ്പുണ്ടായിട്ടും ആ സ്ത്രീ പറയുന്നത് കേട്ട് മറുതൊന്നും പറയാതെ നിൽക്കുന്ന തന്റെ ഭർത്താവിനെ കണ്ടതും അവൾക്ക് അറപ്പ് തോന്നി.
ഇനിയെങ്കിലും ദാമ്പത്യത്തിനുള്ളിലെ വേർപിരിയലിന് കുഞ്ഞുങ്ങൾ ഒരു ബാധ്യതയാകാതിരിക്കട്ടെ… തങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖമോർത്ത് ആയിരിക്കും പലരും എല്ലാം സഹിച്ചു കടിച്ചുപിടിച്ചു നിൽക്കുന്നത്. താനും ഇത്രനാൾ എല്ലാം ക്ഷമിച്ചത് കുഞ്ഞിനെ ഓർത്തായിരുന്നു. അച്ഛനുമമ്മയും വേർപിരിഞ്ഞാൽ കുഞ്ഞിന്റെ ഭാവി എന്താകും എന്നുള്ള ഭയം…
വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഗർഭം ധരിക്കുക എന്നൊരു തെറ്റായ ചിന്താഗതി നമ്മുടെ നാട്ടിലുണ്ട്. രണ്ടുമാസം കഴിയുമ്പോഴേക്കും വിശേഷമായില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിൽ നിന്ന്, ഇപ്പോൾ വേണ്ടെന്ന് വെച്ചാൽ ഇനി വേണമെന്ന് വെച്ചാൽ ദൈവം തരില്ല കേട്ടോ എന്ന മണ്ടൻ അന്ധവിശ്വാസത്തിൽ നിന്ന്,വരും തലമുറയെങ്കിലും മുക്തി നേടട്ടെ…
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ തനിനിറം അറിഞ്ഞു വരുമ്പോഴേക്കും കയ്യിൽ ഒരു കുഞ്ഞു ആയിട്ടുണ്ടാകും. പിന്നെ ആ കുഞ്ഞിനെ കരുതി സഹിച്ച് സഹിച്ചു വർഷങ്ങൾ തള്ളിനീക്കും. ചിലർ പിന്നെ ഒരു കുപ്പി വിഷത്തിന്റെയോ, ഒരു തുണ്ട് കയറിന്റെയോ സഹായം തേടും.
അന്ന് ഉപദേശങ്ങൾ വച്ചു നീട്ടിയ ഒരാളും പിന്നീട് ജീവിതത്തിലെ പ്രതിസന്ധികളിൽ കൂടെ കാണില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. നമുക്ക് വില തരാത്തിടത്ത് തുടരേണ്ടതില്ല അതിന് കുഞ്ഞൊരു തടസ്സമാകരുത്. ആദ്യം നല്ലൊരു ഭാര്യയായി, മരുമകളായി ആ വീട്ടിൽ സമാധാനമായി തുടരാൻ കഴിയുന്നുണ്ടെങ്കിൽ മാത്രം അമ്മ എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്താൽ മതി.
അവരുടെ നാവിൽ നിന്ന് വരുന്ന വൃത്തികേടുകൾ കേൾക്കാതിരിക്കാൻ അവൾ മനപ്പൂർവം വാതിൽ അടച്ചിട്ടു.
പിറ്റേന്ന് കുഞ്ഞിനെയും എടുത്ത് ആ വീട് വിട്ടിറങ്ങുമ്പോൾ അവിടേക്ക് ഇനി തിരിച്ചു വരില്ല എന്ന തികഞ്ഞ ബോധ്യം അവൾക്കുണ്ടായിരുന്നു.
“ഈ കുഞ്ഞ് നിങ്ങളുടെതാണെന്ന് എനിക്കും അറിയാം നിങ്ങൾക്കും അറിയാം. മറ്റാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ല. ഞാൻ ഇവളെ കൊണ്ടുപോകുന്നു. തിരിച്ചറിവ് ആകുന്നതുവരെ അവൾ എന്നോട് ഒപ്പം നിൽക്കട്ടെ.. അത് കഴിഞ്ഞ് അവൾ തീരുമാനിച്ചോളും… ഏതായാലും എല്ലാം അറിയുമ്പോൾ ഒരിക്കലും അവൾ നിങ്ങളെ തേടി വരില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ ഇറങ്ങുന്നു.”
ആത്മാഭിമാനത്തോടെ അവൾ ആ പടിയിറങ്ങുമ്പോൾ തിരികെ വിളിക്കാൻ പോലും ആകാതെ അയാൾ നിന്നു. കാരണം അവളുടെ ഓരോ വാക്കുകൾക്കും തന്റെ നാവിനെ പിടിച്ചു കെട്ടാനുള്ള ശക്തിയുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.