ജീവ താളം
(രചന: ദേവാംശി ദേവ)
അലൈ പായുതെ കണ്ണാ …എൻ മനം ഇഹ അലൈ പായുതെ…. ഉൻ ആനന്ദ മോഹന വേണു ഗാനമതിൽ അലൈപായുതെ കണ്ണാ എൻ മനം ഇഹ അലൈ പായുതെ…
“ടി….” കിച്ചന്റെ ഒച്ച കേട്ടതും മീര ഞെട്ടി തിരിഞ്ഞു നോക്കി… “നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആകപ്പാടെ ഉറങ്ങാൻ കിട്ടുന്ന ഒരു ഞായറാഴ്ച കാലിൽ ഈ കിലുക്കാം പെട്ടിയും കെട്ടി ഇവിടെ കിടന്ന് തുള്ളരുതെന്ന്.”
“തന്നോട് ഞാനും ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇത് കിലുക്കാം പെട്ടി അല്ല ചിലങ്ക ആണെന്ന്..”
“എനിക്ക് ഇങ്ങനെ പറയാനെ സൗകര്യം ഉള്ളു… മര്യാദക്ക് നിർത്തിയിട്ട് പോകുന്നത് ആണ് നിനക്ക് നല്ലത്.”
“എനിക്കും പ്രാക്റ്റിസ് ചെയ്യാൻ കിട്ടുന്നത് ഞായറാഴ്ച മാത്രം ആണ്.””എന്നാലേ ഫ്ലാറ്റിന് മുകളിൽ പോയി തുള്ളിക്കോ.””സൗകര്യം ഇല്ല.. ഇതേ എനിക്കും കൂടി അവകാശപെട്ട ഫ്ലാറ്റ് ആണ്…”
“അവകാശവും പറഞ്ഞ് ഇനിയും ഇവിടെ കിടന്ന് ചാടാൻ ആണ് ഉദ്യേശം എങ്കിൽ നിന്റെ മുട്ട് കാല് തല്ലിയൊടിക്കും..””ഓഹോ.. എന്ന അത് കണ്ടിട്ട് തന്നെ കാര്യം.”
മീര വീണ്ടും പാട്ട് വെച്ച് നൃർത്തം ചെയ്യാൻ തുടങ്ങിയതും “ടീ” ന്ന് വിളിച്ചുകൊണ്ട് കിച്ചൻ അടുത്തേക്ക് വന്നു.. വേഗം ഡോർ തുറന്ന് പുറത്തേക്ക് ഓടനായി ഡോറിനടുത്തേക്ക് ഓടിയതും ഡോർ തുറന്ന് വന്ന ജീവന്റെ നെഞ്ചിൽ ഇടിച്ചു നിന്നു മീര
“മീരേ…” അമ്മയുടെ ദേഷ്യത്തിലുള്ള അടക്കിപിടിച്ചുള്ള വിളി കേട്ട് മീര തിരഞ്ഞു നോക്കി..
“നിന്റെ ആര് ചത്തിട്ടാടി ഇങ്ങനെ നിന്ന് മോങ്ങുന്നത്… തോന്നിവാസത്തിന് എല്ലാം ചെയ്ത് വെച്ചിട്ട്..
ദേ.. താഴെ ജീവൻ മോൻ വന്ന് നിൽപുണ്ട്….വേഗം മുഖം കഴുകി താഴേക്ക് വാ… വിവാഹത്തിന് ഇനി അഞ്ച് ദിവസം തികച്ചില്ല…ഇങ്ങനെ കരഞ്ഞു വിളിച്ച് ഈ വിവാഹം എങ്ങാനും മുടങ്ങിയാൽ പിന്നെ എന്നെയും നിൻെറ അച്ഛനെയും ജീവനോടെ കാണില്ല നീ..
വേഗം താഴേക്ക് വാ” അമ്മ പോയതിന്റെ പുറകെ വേഗം മുഖം കഴുകി പാറി പറന്ന് കിടന്ന മുടിയൊതുക്കി വെച്ച് മീര താഴേക്ക് ചെന്നു…
സിറ്റൗട്ടിൽ അച്ഛനോട് സംസാരിച്ചിരിക്കുകയാണ് ജീവൻ.. മീരയെ കണ്ടതും” നിങ്ങൾ സംസാരിക്കു” എന്ന് പറഞ്ഞ് അച്ഛൻ അകത്തേക്ക് പോയി.
“ജീവേട്ടൻ എപ്പോ വന്നു..””ഇപ്പൊ എത്തിയതെയുള്ളൂ.. തനിക്ക് സുഖമില്ലെ.. മുഖം വല്ലാതിരിക്കുന്നു..””ചെറിയൊരു തലവേദന..ഞാൻ കിടക്കുവായിരുന്നു..””ഹോസ്പിറ്റലിൽ പോണോ..””ഏയ് അത്രക്കൊന്നും ഇല്ല..”
“ഞാൻ ഇന്നലെ ഒരുപാട് വിളിച്ചു..താൻ ഫോണെടുത്തില്ല.. അതാ രാവിലെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതിയത്..”
“സോറി..ഞാൻ കണ്ടില്ലായിരുന്നു..””ഇറ്റ്സ് ഓകെ…. പിന്നെ… .മീര..””എന്താ ജീവേട്ട..””കല്യാണത്തിന് കിച്ചനെ വിളിക്കണ്ടേ..”
“ഏയ് അത് വേണ്ട..” അങ്ങനെയൊരു മറുപടിപറയാൻ മീരക്കൊട്ടും ആലോചിക്കണ്ടായിരുന്നു..”എന്ന ഞാൻ ഇറങ്ങട്ടെ..”
“മ്മ്മ്മ്..” ജീവൻ പോയി കഴിഞ്ഞതും മീര മുറിയിലേക്ക് ഓടി.. അതുവരെ അടക്കി നിർത്തിയിരുന്ന കണ്ണുനീർ തലയണയിലേക്ക് ഒഴുക്കി വിടുമ്പോൾ ജീവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ..
“കിച്ചനെ കല്യാണം വിളിക്കണ്ടേ..”വിളിച്ചാൽ തീർച്ചയായും വരും.. സന്തോഷത്തോടെ. നിറഞ്ഞ മനസ്സാലെ അനുഗ്രഹിക്കും.. കാരണം ആ മനസ്സിൽ മീര വെറും കൂട്ടുകാരി മാത്രമാണ്.. കോടതി മുറ്റത്ത് വെച്ച് പരസ്പരം കൈ കൊടുത്ത് പിരിയുമ്പോഴും പറഞ്ഞത് അതുതന്നെ ആണല്ലോ..
“താൻ എന്നും എന്റെ നല്ലൊരു ഫ്രണ്ട് ആയിരിക്കും.. എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണം.”
പക്ഷെ മീരയ്ക്ക് ആരായിരുന്നു കിച്ചൻ.. വെറുമൊരു ഫ്രണ്ട് മാത്രം ആയിരുന്നോ.. അല്ല.. ഒരിക്കലും അല്ല..
കിച്ചൻ തന്റെ പ്രണയം ആയിരുന്നു.. പക്ഷെ അത് താൻ പോലും തിരിച്ചറിഞ്ഞത് കിച്ചൻ തന്നിൽ നിന്ന് യാത്ര പറഞ്ഞു പോയ ശേഷമാണ്..
അറിയാതെ പോയ പ്രണയം പറയാതെ പോയ പ്രണയം.. കണ്ണുനീരിനോടൊപ്പം മീരയുടെ ഓർമകളും പിന്നിലേക്ക് പോയി.
കുട്ടിക്കാലം മുതൽ നൃർത്തം ആയിരുന്നു മീരയുടെ ജീവൻ.. നൃർത്തതിനുവേണ്ടി ജീവിക്കാനായിരുന്നു അവളുടേ താത്പര്യം.
അപ്പോഴാണ് ജാതക ദോഷത്തിന്റെ പേരിൽ അച്ഛൻ അവൾക്ക് വിവാഹം നോക്കാൻ തുടങ്ങിയത്…
എതിർത്തിട്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായപ്പോൾ കൂട്ടുകാരുടെ സഹായത്തോടെ ബാംഗ്ളൂരിൽ ജോലി ശരിയാക്കി ആരോടും പറയാതെ മീര അങ്ങോട്ടേക്ക് പോയി.. വീട്ടുകാരുടെ മനസ്സ് മാറുന്നത് വരെ മാറി നിൽക്കുക എന്ന് മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ
കമ്പനികാർ അവൾക്ക് താമസ സൗകര്യം കൊടുത്തഫ്ലാറ്റിൽ അതേ കമ്പനിയിൽ ജോലി ചെയ്യുന്നകൃഷ്ണ പ്രസാദ് എന്ന കിച്ചൻ കൂടി താമസിക്കുന്നുണ്ടായിരുന്നു..
ആദ്യം കുറച്ച് പേടിയുണ്ടായിരുന്നെങ്കിലും രണ്ട് ദിവസം കൊണ്ട് തന്നെ കിച്ചൻ പ്രശ്നക്കാരൻ അല്ലെന്ന് മീരയ്ക്ക് മനസ്സിലായി..
തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന ജീവൻ ആയിരുന്നു കിച്ചന്റെ ബെസ്റ്റ് ഫ്രണ്ട്..ജീവനുമായി വളരെ പെട്ടെന്ന് തന്നെ മീരയും അടുത്തു..
മീരയുടെ എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ട് അച്ഛനും അമ്മയും അവളെ തേടിയെത്തിയത്..
കിച്ചനെയും മീരയേയും ഒരേ ഫ്ലാറ്റിൽ ഒരുമിച്ച് കണ്ട് ലിവിങ് ടുഗതർ ആണെന്ന് തെറ്റിദ്ധരിച്ച് പിണങ്ങി പോയ അവർ നേരെ പോയത് കിച്ചന്റെ വീട്ടിലേക്ക് ആണ്..
അവരുടെ അവസ്‌ഥ കണ്ട് തന്റെ മകൻ കാരണം അവൾക്ക് ഒരു ദോഷവും വരില്ലെന്ന് കിച്ചന്റെ അച്ഛൻ അവർക്ക് വാക്ക് കൊടുത്തു.. കിച്ചനും മീരയും അറിയതെ തന്നെ വീട്ടുകാർ അവരുടെ വിവാഹം ഉറപ്പിച്ചു..
ഒന്നും പറയാൻ കഴിയാതെ,വീട്ടുകാരുടെ ആത്മഹത്യ ഭീഷണിക്ക് വഴങ്ങി അവർ വിവാഹിതരായി.. എന്നാൽ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അവർ പിരിയാനായി വക്കീലിനെ കണ്ടു.
ഒരു വർഷം ഒരുമിച്ച് ജീവിച്ചാൽ മാത്രമേ ഡിവോഴ്സ് കിട്ടു എന്ന് അറിഞ്ഞപ്പോൾ ആ ഒരു വർഷം കഴിയുന്ന ദിവസത്തിനായി അവർകാത്തിരുന്നു..
എല്ലാം അറിയുന്ന ഒരേ ഒരാൾ ജീവൻ മാത്രമായിരുന്നു.. ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളും വാശിയും ദേഷ്യവും തല്ലുപിടിത്തവുമായി മീരയും കിച്ചനും പരസ്പരം അടുത്തുകൊണ്ടിരുന്നു.. അവർപോലും അറിയാതെ..
ഒരു വർഷത്തിന് ശേഷം കിച്ചനും മീരയും പിരിയാനായി ജോയിൻ പെറ്റിഷൻ ഫയൽ ചെയ്തു.. വീട്ടുകാർ എതിർത്തെങ്കിലും അവർ പിന്മാറിയില്ല..
ഡിവോഴ്‌സും വാങ്ങി കോടതി മുറ്റത്ത് വെച്ച് പരസ്പരം കൈ കൊടുത്ത് അവർ പിരിഞ്ഞു..
എന്നാൽ വീട്ടിലെത്തിയ മീര അറിയുന്നത് അച്ഛൻ ഹോസ്പിറ്റലിൽ ആണെന്നാണ്.. അച്ഛന്റെ വാശിക്ക് മുന്നിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി മീരയ്ക്ക് വേറെ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു..
എല്ലാം അറിയാവുന്ന ജീവൻ വിവാഹലോചനയുമായി വന്നപ്പോൾ മീരയുടെ വീട്ടുകാർ അത് ഉറപ്പിച്ചു..
എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ആണ് കിച്ചൻ തനിക്ക് ആരായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു തുടങ്ങിയത്.. കിച്ചന്റെ whats up ലെ പ്രൊഫൈൽ ഫോട്ടായിലേക്ക് നോക്കി മീര കിടന്നു..
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാതെ..
“ഏട്ടാ…” ബൽക്കണിയിൽ ഇരിക്കുവായിരുന്ന കിച്ചൻ അനിയത്തി കാവ്യയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി..”മോള് എപ്പൊ വന്നു..”
“ഇപ്പൊ വന്നതെയുള്ളൂ..ഏട്ടാ…””എന്താടാ…””എന്തിനാ ഏട്ടാ.. എന്തിനാ വിട്ട് കളഞ്ഞേ..ഇങ്ങനെ സ്വയം ഉരുകി തീരാനോ..”
“അറിഞ്ഞില്ല മോളെ…. ജീവിതത്തിൽ നിന്നും നിസാരമായി പറഞ്ഞു വിട്ടപ്പോൾ ഇത്രയും പ്രിയപ്പെട്ടതാണെന്ന് അറിഞ്ഞിരുന്നില്ല..
അവളില്ലാതെ പറ്റില്ലെന്ന് തോന്നിയ നിമിഷം തേടി പോയതല്ലേ.. പക്ഷെ അപ്പോഴേക്കും മറ്റൊരാളിന്റേത് ആകാൻ തയാറായി കഴിഞ്ഞു അവൾ..” നിറഞ്ഞു വന്ന കണ്ണ് കാവ്യ കാണാതിരിക്കാനായി കിച്ചൻ തിരിഞ്ഞു നിന്നു…
“നാളെ ആണ് വിവാഹം..പോകുന്നില്ലേ .””ഏയ്..ഇല്ല.. അത് കാണാനുള്ള കരുത്തതൊന്നും ഏട്ടനില്ല മോളെ..” തന്റെ കൂടപ്പിറപ്പ് അത്ര മാത്രം വിഷമിക്കുന്നുണ്ടെന്ന് ആ വാക്കുകളിൽ നിന്ന് കാവ്യക്ക് മനസ്സിലായി..
അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി മീര ജീവന്റെ വാമ ഭാഗത്തായി നിന്നു.. വിവാഹം വളരെ ലളിതമായിമായി മതിയെന്ന് ജീവന്റെ തീരുമാനം ആയിരുന്നു..
അച്ഛന്റെ കയ്യിൽ നിന്നും താലി വാങ്ങി ജീവൻ മീരയുടെ നേരെ നീട്ടുമ്പോൾ, ആ നിമിഷം അവിടെ വീണ് മരിച്ചെങ്കിൽ എന്ന് അവൾ ആത്മാർഥമായി പ്രാർത്ഥിച്ചു..
“ഏട്ടാ…ഏട്ടാ…” വാതിലിൽ ഉറക്കെ മുട്ടികൊണ്ടുള്ള കാവ്യയുടെ വിളികേട്ട് ആണ് കിച്ചൻ വാതിൽ തുറന്നത്..
“എന്താ കാവ്യ..എന്തിനാ നീ ഇങ്ങനെ ബഹളം വെയ്ക്കുന്നത്..””ഏട്ടനൊന്നിങ്ങ് വന്നേ..” അവളവന്റെ കയ്യും പിടിച്ച് നടന്നു..”എന്താ കാവ്യ..എങ്ങോട്ടാ നീ പോകുന്നേ..”
“പറയാം.. ഏട്ടൻ വാ.” കാവ്യയുടെ കൂടെ ഉമ്മറത്തെത്തിയ കിച്ചൻ വിവാഹ വേഷത്തിൽ നിലക്ക്കുന്ന ജീവനെയും മീരയേയും കണ്ട് ഞെട്ടി..
അവന്റെ കണ്ണുകൾ തേടി പോയത്ത് അവളുടെ കഴുത്തിൽ ആയിരുന്നു.. ജീവൻ ചാർത്തിയാ താലി അവളുടെ കഴുത്തിൽ ഉണ്ടയിരുന്നില്ല.. നെറുകയിൽ സിന്ദൂരവും ഉണ്ടായിരുന്നില്ല..
“ജീവ..” കിച്ചൻ ജീവന്റെ അടുത്തക്ക് പോയതും ജീവന്റെ കൈ കിച്ചന്റെ കവിളിൽ പതിഞ്ഞു..
“എങ്ങനെ സാധിക്കുന്നെട പ്രാണൻ പോകുന്ന വേദനയിലും ഇങ്ങനെ മുറിയടച്ചിരിക്കാൻ..””ജീവ..ഞാൻ..”
“നീ എന്താ കരുതിയത് ജീവൻ മണ്ടനാണെന്നോ..
നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് അറിഞ്ഞപ്പോൾ ഇവളോട് ഒരിഷ്ടം തോന്നി.. അതുകൊണ്ട് തന്നെയാ വിവാഹം ആലോചിച്ച് ചെന്നത്..
എന്നാൽ വിവാഹം ഉറപ്പിച്ചപ്പോൾ മുതൽ ഞാൻ കാണുന്നത് ആണ് ഇവളുടെ ഉള്ള് നീറുന്നത്..
അതിന് കാരണം നീയാണെന്നറിഞ്ഞപ്പോഴാണ് ഞാൻ നിന്നെ കാണാൻ വന്നത്..എല്ലാം പറയാൻ..
എന്നാൽ നിന്റെയും അവസ്ഥ അത് തന്നെ ആണെന്ന് അറിഞ്ഞപ്പോൾ നീയായി ഇവളെ തേടി വരട്ടെ എന്ന് കരുതി.. താലി കെട്ടുന്ന അവസാന നിമിഷം വരെ നീ വരും എന്ന് ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ അവിടെ നീ എന്നെ തോൽപ്പിച്ചു കളഞ്ഞു കിച്ച..”
“അങ്ങനെ അല്ല ജീവ…വരണമെന്ന് നൂറു വട്ടം ആഗ്രഹിച്ചതാണ്..പക്ഷെ അവളുടെ മനസ്സിൽ നീയാണെന്ന് അറിഞ്ഞപ്പോൾ…”
“അറിഞ്ഞത് അല്ല കിച്ച..അറിയാതെ പോയതാ…
നീ ഇവളെയും ഇവൾ നിന്നെയും അറിഞ്ഞില്ല.. അറിയാൻ ശ്രമിച്ചില്ല…
ഇനിയെങ്കിലും പരസ്പരം അറിയാൻ ശ്രമിച്ചു ജീവിക്ക്.. സ്നേഹം ഒരിക്കലും പിടിച്ച് വാങ്ങാൻ കഴിയില്ല കിച്ച…അതുപോലെ തന്നെ ഒരാളെ മനസ്സിൽ വെച്ച് മറ്റൊരാളെ സ്നേഹിക്കാനും പറ്റില്ല..
മീര കിച്ചനുള്ളത് ആണ്..കിച്ചൻ മീരക്കും.
അതിനിടക്ക് ഒരു വില്ലൻ കളിക്കാൻ എനിക്ക് ഒരു താല്പര്യവുമില്ല.. രണ്ട് വീട്ടുകാരോടും ഞാൻ എല്ലാം പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്”
കിച്ചന്റെ തോളിൽ തട്ടി.. മീരയെ നോക്കി പുഞ്ചിരിച്ച് ജീവൻ തിരിഞ്ഞു നടന്നു..കണ്ണീരോടെ ജീവനെ നോക്കി നിൽക്കുമ്പോൾ മീരയുടെ കണ്ണുകളിൽ ജീവനോടുള്ള ബഹുമാനവും നന്ദിയും ആയിരുന്നു..
അവളുടെ മനസ്സ് മണിക്കൂറുകൾക്ക് മുൻപ് ജീവന്റെ താലിക്കായ് ഹൃദയമിടിപ്പോടെ, കണ്ണീരോടെ, തലകുനിച്ച് നിൽക്കുന്ന ഒരു പെണ്ണിലായിരുന്നു.. ഏറെ നേരം കഴിഞ്ഞിട്ടും താലി കെട്ടാത്തതിനാൽ ആണ് മീര തലയുഴർത്തി നോക്കിയത്.. മീരയെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ജീവൻ,ആ താലി അവളുടെ കൈകളിൽ വെച്ച് കൊടുത്തു.
“ഇതിന്റെ അവകാശി ഞാൻ അല്ല മീര..കിച്ചൻ ആണ്… നിന്റെ ഹൃദയത്തിന്റെ അവകാശിക്ക് മാത്രമേ നിന്റെ താലിയുടെ അവകാശിയും ആകാൻ കഴിയൂ…
എങ്കിൽ മാത്രമേ ഈ സ്വർണ മാലക്ക് താലി എന്ന് അർത്ഥം വരു.. എങ്കിൽ മാത്രമേ അതിന് പവിത്രത വരു.. അല്ലെങ്കിൽ അത് വെറും ലോഹം മാത്രമാണ് മീര… നിന്റെ മനസ്സിൽ കിച്ചൻ മാത്രമേയുള്ളു എന്ന് ഞാൻ എന്നെ മനസ്സിലാക്കിയത് ആണ്..അവന്റെ മനസ്സിലും നീ മാത്രമേ ഉള്ളു മീര…
പക്ഷെ നിങ്ങൾ അത് പരസ്പരം അറിഞ്ഞിരുന്നില്ല എന്ന് മാത്രം… ഇനിയും നിങ്ങൾ അകന്നിരിക്കരുത്…
ഒന്നായി തന്നെ ജീവിക്കണം.” ജീവൻ അത് പറഞ്ഞു നിർത്തുമ്പോൾ മീര ഒരു പൊട്ടികരച്ചിലൂടെ അവന്റെ കാലിലേക്ക് വീണു.
“മീര….”. കിച്ചന്റെ വിളികേട്ട് മീര തിരിഞ്ഞു നോക്കി…”കിച്ചേട്ട…എനിക്ക് കിച്ചേട്ടന്റെ കൂടെ ജീവിച്ചാൽ മതി…” അവൾ ആ നെഞ്ചിൽ വീണ് കരയുമ്പോൾ അവൻ അവളെ ചേർത്തു പിടിച്ചു…. ഒരിക്കലും വിട്ടുകളയില്ലെന്ന ഉറപ്പോടെ…
“മീര..മീര.. .””കിച്ചേട്ട..ഞാൻ ഇവിടുണ്ട്..””നീ..ദേ ഇവിടുരുന്നെ…” മീരയേ കട്ടിലിൽ പിടിച്ചിരുത്തി കിച്ചൻ..”ഇനിയൊന്ന് കണ്ണടച്ചേ…””കണ്ണടക്കാനോ… എന്തിനാ..””കണ്ണടക്ക്…””മ്മ്മ്മ്..”
മീര കണ്ണടച്ചതും കിച്ചൻ അലമാരയിൽ നിന്നും ഒരു പാക്കറ്റ് എടുത്തു. അതിൽ നിന്നും രണ്ട് ചിലങ്കകൾ എടുത്ത് അവളുടെ കാലുകളിൽ അണിയിച്ചു…
“ഹായ്..ചിലങ്ക.. കിച്ചേട്ടൻ ചിലങ്ക വാങ്ങിത്തരുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല… എന്തുപറ്റി ഇപ്പൊ കിലുക്കാം പെട്ടിവാങ്ങാൻ”
“ഈ കിലുക്കാം പെട്ടിയുടെ ശബ്ദം എന്റെ ജീവതാള ആണെന്ന് അറിയാൻ നീ എന്നിൽ നിന്ന് കുറച്ച് അകന്നു നിൽക്കേണ്ടി വന്നു മീര..
നീ ഇല്ലാതെ പറ്റില്ലെന്ന് അറിഞ്ഞ നിമിഷം നിന്നെ തേടിവന്നിരുന്നു ഞാൻ.. അന്ന് നിനക്കായ് വാങ്ങിയത് ആണ്.. ഇന്ന് നിന്നെപ്പോലെ തന്നെ പ്രാണനാണ് എനിക്ക് ഈ കിലുക്കാംപെട്ടിയും…
കിച്ചൻ അവളുടെ പാദങ്ങളിൽ ചുംബിച്ചു.. തന്റെ പ്രാണനും പ്രണയവും നേടിയെടുത്ത സന്തോഷം കൊണ്ട് മീരയുടെ കണ്ണുകൾ നിറഞ്ഞു…. ഇനി കിച്ചനും അവന്റെ മീരയും ജീവിക്കട്ടെ..
പ്രണയം മനസ്സിൽ ഒളിപ്പിക്കേണ്ടതോ മറച്ചു പിടിക്കേണ്ടതോ അല്ല.. പകർന്നു നൽകേണ്ടതാണ്…