പ്രണയകൊണ്ട് നിറഞ്ഞ രാത്രികളിൽ നിന്നും എന്തോ കടമ ചെയ്തു തീർക്കുന്ന പോലെ തന്നിൽ നിന്നും അകന്നു മാറിയ അയാളുടെ മുഖം ഓർക്കുമ്പോൾ അവൾക്ക് അവളോട് തന്നെ അറപ്പു തോന്നിയിരുന്നു

(രചന: ദേവിക VS)

അച്ഛനെയും അമ്മയെയും കൂട്ടി പ്രവീണേട്ടൻ വീട്ടിൽ വരുമ്പോളും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല ഈ കല്യണം നടക്കുമെന്ന്. അല്ലെങ്കിൽ തന്നെ എന്ത് കണ്ടിട്ടാണ്….

സാധാരണയൊരു മിഡിൽ ക്ലാസ് ഫാമിലിയിലുള്ള എന്നെപോലെയൊരു പെണ്ണിന് സ്വപ്നം കാണാൻ കഴിയുന്ന ബന്ധമായിരുന്നില്ല ഇത്.

അതുകൊണ്ട് തന്നെയാണ് ഇഷ്ടം പറഞ്ഞു പുറകെ നടന്നിട്ടും അവഗണിച്ചു ഒഴിഞ്ഞു മാറി നടന്നത്. ഇതിപ്പോൾ ഇങ്ങനെയൊരു നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല .

ചായയുമായി എല്ലാവരുടെയും മുന്നിലേക്ക്‌ ചെല്ലുമ്പോൾ കൈ വിറച്ചിരുന്നു. ആരുടെയും മുഖത്തേക്ക് നോക്കാതെ ചായ കൊടുത്ത ശേഷം പിന്നിലേക്ക് മാറി നിന്നു.

പല നല്ല ആലോചനകളും വന്നിട്ടും
പ്രവീണിന് അതിനോടൊന്നും താൽപ്പര്യമില്ല. അവന് കാർത്തികയെ മതീന്ന്….

പിന്നെ അവന്റെ ഇഷ്ടമാണല്ലോ നോക്കേണ്ടത്. ഈ ബന്ധത്തിനോട് വലിയ താൽപ്പര്യമില്ലെന്നുള്ളത് പ്രവീണെട്ടന്റെ അച്ഛന്റെ വാക്കുകളിലൂടെ മനസ്സിലായിരുന്നു.

അധികം ചടങ്ങുകളൊന്നും വേണ്ടാ ഗുരുവായൂരിൽ വെച്ചൊരു താലികെട്ട് അത്രയും മതി… തെളിച്ചമില്ലാത്ത മുഖത്തോടെ അവിടുത്ത മാലതിയമ്മയും പറഞ്ഞൂ.

അങ്ങനെ ഏറ്റവും അടുത്ത കുടുംബക്കാരെ മാത്രം വിളിച്ചുകൊണ്ടു വിവാഹം നടത്തി .എന്നാൽ റിസപ്ഷൻ ഗ്രാൻഡായി തന്നെ ആയിരുന്നു .

രാത്രിയിൽ അടുക്കളയിൽ ജോലിക്ക് നിൽക്കുന്ന ഉഷചേച്ചിയാണ് കയ്യിലെക്കൊരു പാൽ ഗ്ലാസ്സ് തന്നത്. നിലവിളക്ക് തന്നു സ്വീകരിച്ചു കയറ്റുന്ന സമയത്ത് മാത്രം അമ്മയെയൊന്നു കണ്ടിരുന്നു… പിന്നീട് ഇതുവരെ തനിക്കരുകിലേക്ക് വന്നിട്ടില്ല… ഒരു വലിയ വീടുംമൂന്ന്നാല് ആൾക്കാരും… പരസ്പരം കാണുന്നത് തന്നെ അപൂർവമായിരിക്കും.

അപ്പോഴാണ് കാർത്തിക തന്റെ വീടിനെ കുറിച്ച് ഓർത്തത്‌… അപ്പുറത്തെ മുറിയിലെ ഒരു കുഞ്ഞു ശബ്ദം പോലും അടുത്ത മുറയിൽ നിന്നു തന്നെ കേൾക്കാം… പരസ്പരം വീട്ടിലുള്ളവരുടെ മനസ്സറിയുന്ന പോലെ….

പാൽ ഗ്ലാസുമായി മുറിയിലേക്ക് ചെല്ലുന്നത് കണ്ട് കട്ടിലിലിരുന്ന പ്രവീൺ വാതിൽ ലോക്ക് ചെയ്തു.

എന്തെ മുഖം വാടിയിരിക്കുന്നത്… വീട്ടിൽ നിന്നും മാറി നിന്നതിലുള്ള വിഷമം ആണോ? അതോ ഇവിടുത്തെ സാഹചര്യങ്ങൾ….
പറയാൻ വന്നത് പകുതിയിൽ നിർത്തി യവൻ.

ഇവിടെ ആരും തമ്മിൽ വലിയ സംസാരങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല… പണ്ട് തൊട്ടേ അതൊന്നു ശീലമില്ല…

അച്ഛനും അമ്മയ്ക്കും എപ്പോഴും തിരക്കായിരിക്കും… പ്രവീണയുമായി എന്തെങ്കിലുമൊക്കെ സംസാരിക്കും എന്നാലും താനും തന്റെ അനുജത്തിയും പോലെ ഭയങ്കരമായ കൂട്ട് ഒന്നുമില്ലട്ടോ …

എന്റെ ലോകം ഈ മുറിയാണ്… ഈ അക്ഷരങ്ങളും ബുക്കുകളുമൊക്കെയായി ഞാൻ ഇവിടേക്ക് ഒതുങ്ങി കൂടും.

എന്റെ കാത്തൂ ഇതൊന്നും കണ്ട് വിഷമിക്കണ്ട… നമ്മുടെ ലൈഫ് സന്തോഷമായി നമുക്ക് മുന്നോട്ട് കൊണ്ടുപോകാം…മറ്റുള്ളവരുടെ കാര്യം നോക്കാൻ നിൽക്കേണ്ട.ഹാ… ഒന്ന് ചിരിക്കടോ താൻ, താടി തുമ്പിൽ പിടിച്ചുകൊണ്ടവൻ കൊഞ്ചിച്ചു.

ആ വീടിന്റ അവസ്ഥ അവൾക്കും മനസിലാകുന്നുണ്ടായിരുന്നു. ആളുകൾ തമ്മിൽ ഒരു ആത്മബന്ധവുമില്ല….. എല്ലാവർക്കും അവരവരുടെ കാര്യം. പക്ഷെ പ്രവീണെട്ടൻ അങ്ങനെയല്ലന്നവൾ ഉറച്ചു വിശ്വസിച്ചു.

ഇങ്ങനെ സങ്കടപ്പെട്ടു നിൽക്കാനുള്ളതാണോ ഈ ദിവസം. ഞാൻ എത്രമാത്രം സ്വപ്നം കണ്ട ദിവസമാണിതെന്ന് അറിയോ . മുറിയിലെ വെട്ടം കെടുത്തി കട്ടിലിലേക്ക് അവളെ ചായിച്ചു കിടത്തിക്കൊണ്ടവൻ പറഞ്ഞു.അതു കേൾക്കെ അവളുടെ മുഖവും നാണത്തിൽ ചുവന്നു പോയിരുന്നു.

അഴിഞ്ഞുലഞ്ഞ മുടിയും നെറ്റിയിലേക്ക് പടർന്ന സിന്ദുരവുമായി തനിക്കരുകിൽ കിടക്കുന്നവളെ അവൻ കണ്ണു ചിമ്മാതെ നോക്കി കിടന്നു….

ഉറക്കം വിട്ട് രാവിലെ എഴുന്നേറ്റ കാത്തൂ കാണുന്നത് തന്നെ നോക്കി കിടക്കുന്ന ഏട്ടനെയാണ്. നാണത്തോടെ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിക്കുമ്പോൾ അവനും ചിരിച്ചു പോയിരുന്നു.

രാവിലെ കുളിച്ചു അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഉഷചേച്ചി രാവിലത്തെ കാപ്പിക്ക് ഒരുക്കി കൊണ്ടിരിക്കുകയായിരുന്നു. കയ്യിലേക്ക് രണ്ടു കപ്പ്‌ ചായ നീട്ടിക്കൊണ്ട് അമ്പലത്തിൽ പോയി വരാൻ ഓർമിപ്പിച്ചു.

അമ്പലത്തിൽ നിന്നും തിരികെ വീട്ടിൽ വരുമ്പോൾ എല്ലാവരും ഡൈനിംഗ് ടേബിളിന് മുന്നിൽ തന്നെയുണ്ട്…

അവരോടൊപ്പം ആഹാരം കഴിക്കാനിരിക്കുമ്പോളും പരസ്പരം ആരുമൊന്നും മിണ്ടുന്നില്ലായിരുന്നു… പതിയെ ആ സാഹചര്യങ്ങളുമായി കാത്തുവും പൊരുത്തപ്പെട്ടു തുടങ്ങി…

പ്രവീണിന്റെയും കാർത്തികയുടെയും ജീവിതം തീർത്തു സന്തോഷം നിറഞ്ഞതായിരുന്നു…. ഉറക്കമില്ലാത്ത രാത്രികളിലെ പ്രണയ നിമിഷങ്ങളും ഒരുമിച്ചുള്ള യാത്രകളുമൊക്കെ രണ്ടുപേരും ഏറെ ആസ്വദിച്ചിരുന്നു.

കല്യാണം കഴിഞ്ഞു ഒരുവർഷം കഴിയുമ്പോഴായിരുന്നു വില്ലേജ് ഓഫിസറായി ജോലി നോക്കിയ പ്രവീണിന് സ്ഥലം മാറ്റം കിട്ടുന്നത്…

ബിസിനസ്‌ കാര്യങ്ങളിൽ ഒട്ടും താൽപ്പര്യമില്ലാത്തതുകൊണ്ടാണ് അതിലേക്കിറങ്ങാതെ പഠിച്ചു സർക്കാർ ജോലി വാങ്ങിയെടുത്തത്.

ഭാര്യയെ പിരിഞ്ഞു നിൽക്കാനും, ആഗ്രഹിച്ചു നേടിയ ജോലി വിട്ടുകളയാനുമാകാതെ ആകെ ധർമ്മസങ്കടത്തിലായി പ്രവീൺ.കാത്തൂവിന്റെ കോഴ്സ് തീരാൻ ഇനിയും ഒരു വർഷമുണ്ട് …

ഒരു വർഷമല്ലേ ഏട്ടാ….അതുപെട്ടന്ന് കഴിയില്ലേ… അവൾ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറയുമ്പോൾ അവന്റെ മനസ്സും പാകപ്പെട്ട് തുടങ്ങിയിരുന്നു.

കോഴിക്കോട്ടെക്ക് അവൻ ജോലിക്കായി പോയി… അവിടെ ചെന്നു ആദ്യം തന്നെ വാടകക്കൊരു വീട് കണ്ടുപിടിച്ചിരുന്നു. അപ്പോഴൊക്കെയും അവന്റെ മനസ്സിൽ കാത്തുനെ എത്രയും പെട്ടന്ന് ഇങ്ങോട്ടേക്ക് കൊണ്ടുവരണം എന്നുള്ളത് ആയിരുന്നു ചിന്ത.

ആദ്യമൊക്കെ ആഴ്ചയിൽ വീട്ടിലേക്കു ഓടിയെത്തും പ്രവീൺ ചിലപ്പോൾ ഒരു ദിവസം ലീവ് എടുത്തു നിൽക്കും. എന്നാലും തിരികെ പോകുന്നത് മടിച്ചയിട്ടായിരിക്കും .

കോളേജിൽ അവധി കിട്ടുമ്പോൾ കാത്തുവും കോഴിക്കോട്ടേക്ക് പോകും. എന്നാൽ പിന്നീട് വീട്ടിലേക്കുള്ള പ്രവീണിന്റെ വരവ് പതിയെ കുറഞ്ഞ് വന്നു.

തിരക്കാണെന്നാണ് അതിനുള്ള കാരണമായി പറഞ്ഞത്.വിഷമം തോന്നിയെങ്കിലും ഭർത്താവിന്റെ അവസ്ഥ അറിഞ്ഞു കാത്തു പെരുമാറി.. പരിഭവം ഒന്നും കാണിക്കാൻ നിന്നില്ല…

അങ്ങനെയിരിക്കെ ഒരുദിവസം കോളേജിൽ വെച്ചു തലച്ചുറ്റി വീണ്‌… വീട്ടിൽ നിന്നും ആളെ വിളിപ്പിച്ചു ഹോസ്പിറ്റലിലേക്ക് പോയി. അവിടെവെച്ചാണ് ആ സന്തോഷം വാർത്ത അറിയുന്നത്…

ഞങ്ങളുടെ പ്രണയതിന്റെ അടയാളമായി ഒരു കുഞ്ഞു ജീവൻ വയറ്റിനുള്ളിൽ പിറവി കൊണ്ടുവെന്നു… സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയിരുന്നു. പ്രവീണേട്ടനെ കാണാൻ തോന്നുന്ന പോലെ….

അമ്മയോട് പറയുമ്പോൾ അവൻ വന്നിട്ട് എത്ര ദിവസമായി… എന്ന ചോദ്യമാണ് മറുപടിയായി വന്നത്.മൂന്ന് ആഴ്ച… അല്പം പേടിയോടെ പറഞ്ഞു.

കോഴ്സ് കഴിഞ്ഞു എത്രയുംപെട്ടന്ന് അവനരുകിലേക്ക് പോകാൻ നോക്കണം… ഞങ്ങൾ ആരെങ്കിലും കൂടെ വരണോ?? പരുക്കൻ ശബ്ദത്തിൽ ആണ് ചോദ്യമെങ്കിലും എവിടെയൊക്കെയോ ചെറിയ വാത്സല്യവും നിറഞ്ഞു നിന്നിരുന്നു.വേണ്ടാ… തനിയെ പൊക്കോളാം.

ബസ്സിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യതു കോഴിക്കട്ടേക്ക് തിരിക്കുമ്പോൾ ഒരുതരം ആവേശമായിരുന്നു… ഇതറിയുമ്പോളുള്ള ഏട്ടന്റെ മുഖത്തിലെ സന്തോഷം അതൊക്കെയായായിരുന്നു മനസ്സിൽ.

ബസ് സ്റ്റാൻഡിൽ നിർത്തിയിറങ്ങുമ്പോളും വിളിക്കാൻ വരാൻ പറയാൻ തോന്നിയില്ല സർപ്രൈസ് ആയിക്കോട്ടെന്ന് കരുതിയൊരു ഓട്ടോ വിളിച്ചു പോയി.

വീടിന്റെ വാതിലിൽ ചെന്നിറങ്ങുമ്പോൾ സമയം ഒമ്പതു കഴിഞ്ഞിരുന്നു. ഉമ്മറത്ത് മാത്രം വെട്ടമുണ്ട് മുറിയിലെങ്ങും വെളിച്ചം കാണുന്നുണ്ടായിരുന്നില്ല…

ആള് കാണില്ലേ….വാടിയ മുഖത്തോടെ അവൾ ഉമ്മറത്തേക്ക് കയറി ബെല്ലടിച്ചു… ഒന്ന് രണ്ടു തവണ ബെല്ലടിച്ചിട്ടും വാതിൽ തുറക്കാത്തത് കണ്ട് തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് മൊബൈൽ ഫോൺ എടുത്തു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരഞ്ഞു നോക്കുമ്പോൾ ഇർഷ്യ നിറഞ്ഞ മുഖത്തോടെ ഇറങ്ങി വരുന്ന പ്രവീണേട്ടനെയാണ് കണ്ടത്.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കാത്തുനെ അവിടെ കണ്ടതിന്റെ പരിഭ്രമം ആവോളം ആമുഖത്ത് തെളിഞ്ഞു നിന്നിരുന്നു.

പ്രവിണെട്ടാ എന്തായിത് അന്തം വിട്ടു നോക്കി നിൽക്കുന്നത്… അവന്റെ കൈയ്യിൽ പിടിച്ചു ചോദിക്കുമ്പോൾ മറുപടിയൊന്നും പറയാനില്ലാതെയവൻ ഉമിനീർ വിഴുങ്ങി

പ്രതീക്ഷിക്കാത്ത എന്നെ കണ്ടതിന്റെ ഞെട്ടലിൽ ആണല്ലേ… അങ്ങനെയാണേൽ ഇനിയുമുണ്ട് എന്റെ കയ്യിൽ സർപ്രൈസ്…അപ്പൊ എന്തോരം ഞെട്ടും…അവന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറി കൊഞ്ചലോടെയവൾ ചോദിച്ചു.

ബെഡ്റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറിയതും, കണ്ട കാഴ്ചയിൽ അവൾ തറഞ്ഞു നിന്നു..

പുതപ്പുകൊണ്ട് ദേഹം മറച്ചു ബെഡ്റൂമിന്റെ മൂലയിലായി തലകുനിച്ചു നിൽക്കുന്നയൊരു സ്ത്രീരൂപം… കണ്ണുകൾ നിറഞ്ഞു ഒഴുകിപോയി….

പ്രവീണെട്ടൻ കാണാതെ കയ്യിൽ കരുതിയ പെർഗ്നൻസി കിറ്റ് ഉർന്നു താഴേക്ക്‌ വീണുപോയിരുന്നു … അവനെയൊന്നു തിരിഞ്ഞു നോക്കിയ ശേഷം അടുത്ത മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു.

കാർത്തികയുടെയും പ്രവീണിന്റെയും ജീവിതം കണ്ട് അസൂയ പെട്ട ഒരുപാട് പേരുണ്ടായിരുന്നു… പ്രവീണിനെ പോലെ ഒരു ഭർത്താവ് കാർത്തികയുടെ ഭാഗ്യം….

മറ്റുള്ളവരുടെ ആ വാക്കുകൾ ഒക്കെയായിരുന്നു ആ നിമിഷം ചെവിയിലേക്ക് തുളഞ്ഞു കയറിയത്. ഇത്രയേറെ തന്നെ സ്നേഹിച്ചയാൾക്ക് ചതിക്കാൻ കഴിയുമൊ?? നെഞ്ച് നുറുങ്ങി പോകുന്നുണ്ടായിരുന്നു….

സഹിക്കാൻ കഴിയാത്ത വേദന…. ആ രാത്രി അവൾക്ക് ഉറങ്ങനായില്ല…. ഇങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു ഒരു ഉറച്ച തീരുമാനത്തോടെ….

മുറിയുടെ വാതിൽ തുറക്കുമ്പോൾ സെറ്റിയിൽ തന്നെ കിടപ്പുണ്ടായിരുന്നു അയാൾ… യാത്ര പറയാനോ….ഒന്നും ചോദിക്കാനോ നിന്നില്ല തിരികെ വീട്ടിലേക്ക് മടങ്ങി…വീട്ടിൽ വന്നു അയാളുടെ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു.

അവർക്കും ഏതാണ്ടൊക്കെ അറിയാമായിരുന്നെന്നു സംസാരത്തിൽ തോന്നി .. പൊട്ടിയായതു ഞാൻ മാത്രാണ്… പരാതിയോ പരിഭവമോ ഒന്നുമില്ലാതെ അവിടുന്നിറങ്ങി….

എത്രസമ്പത്തും സൗകര്യങ്ങളും ഉണ്ടായിട്ടൊരു കാര്യമില്ലല്ലോ മനസ്സിന്റെ സന്തോഷമല്ലേ പ്രധാനം… മകളുടെ അവസ്ഥ മനസ്സിലാക്കിയ വീട്ടുകാരും അവൾക്കൊപ്പം നിന്നു.

പ്രണയകൊണ്ട് നിറഞ്ഞ രാത്രികളിൽ നിന്നും എന്തോ കടമ ചെയ്തു തീർക്കുന്ന പോലെ തന്നിൽ നിന്നും അകന്നു മാറിയ അയാളുടെ മുഖം ഓർക്കുമ്പോൾ അവൾക്ക് അവളോട് തന്നെ അറപ്പു തോന്നിയിരുന്നു അറിയാതെ അവളുടെ കൈ വയറിലേക്ക് പോയി…. തന്റെ കുഞ്ഞു… വാ വിട്ടു കരഞ്ഞുപോയവൾ…

കുഞ്ഞു ജനിച്ചതിന് ശേഷം അയാളുടെ വീട്ടിൽ നിന്നും അമ്മയും അച്ഛനും അനിയത്തിയുമൊക്കെ വന്നിരുന്നു അപ്പോഴും അയാൾ മാത്രം വന്നില്ല…. പിന്നീട് അയാളെ കാണുന്നത് കോടതി വരാന്തയിൽ വെച്ചാണ്…

മ്യൂച്ചൽ ഡിവോസ് പെറ്റീഷൻ ആയത് കൊണ്ട് തന്നെ അധികം നീണ്ടു പോകാതെ ബന്ധംവേർപിരഞ്ഞു.

ഹരിയേട്ടന്റെ മാറിലേക്ക് ചേർന്നിരുന്നുകൊണ്ട് ചിതക്കു തീ കൊളുത്തുന്ന അച്ചൂട്ടനെ കണ്ട് കണ്ണിൽ നിന്നുമൊരു തുള്ളി കണ്ണുനീർ ഭൂമിലേക്ക് പതിച്ചു.

ആത്മഹത്യയായിരുന്നു…. തിരിച്ചറിവുകൾ ഉണ്ടായപ്പോൾ രക്ഷപെടാനുള്ള ഏറ്റവും നല്ല വഴി അയാൾ തെരെഞ്ഞെടുത്തു…അവൾക്കു വേണ്ടി എല്ലാവരെയും നഷ്ടപ്പെടുത്തി അവസാനം കൂടെയുണ്ടായിരുന്നവൾ മറ്റൊരുത്തന്റെയൊപ്പം ഇറങ്ങി പോകുകയും ചെയ്തു.

ഒട്ടും വേദന തോന്നുന്നില്ല… കോടതി മുറ്റത്ത്‌ വെച്ചു സ്വന്തം കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാതെ അവൾക്കൊപ്പം കൈകോർത്തു പിടിച്ചു മുന്നിൽ കൂടെ കടന്നുപോയ ആ രൂപമാണ് മനസ്സിൽ.

ഒരു കാര്യത്തിൽ അയാളുടെ നന്ദിയുണ്ട്…. അയാൾ കാരണമാണ് എനിക്കും എന്റെ കുഞ്ഞിനും ഹരിയേട്ടനെ കിട്ടിയത്…

ഉള്ളിൽ തോന്നിയ പ്രണത്തെ പറയാതെ കൊണ്ട് നടന്ന അച്ഛൻ പെങ്ങളുടെ മോൻ…. ജനിച്ചനാൾ മുതൽ അച്ചുട്ടന് അച്ഛനെന്നു പറഞ്ഞാൽ ഹരിയേട്ടനാണ്.

മോന് വേണ്ടിയാണ് അന്ന് അങ്ങനൊരു കല്യാണത്തിനു സമ്മതിച്ചതെങ്കിലും ഇന്ന് എന്റെയും പ്രാണനാണ്… വിർത്തുന്തി നിൽക്കുന്ന വയറിൽ തലോടികൊണ്ടവൾ ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *