ഈ അസത്ത് കാരണമാ എന്റെ ചേച്ചി പോയത് എന്ന് വരെ ആ വായിൽ നിന്ന് വന്നു…എനിക്ക് ഉണ്ടായ സങ്കടം സഹിക്കാൻ

(രചന: J. K)

“” എന്തിനാ ഇപ്പോൾ കുട്ടി ഹോസ്റ്റലിലേക്ക് മാറണം എന്ന് ശാഠ്യം പിടിക്കുന്നത്?? “”എന്ന് ചോദിച്ചു ചിറ്റ എത്ര ആലോചിച്ചിട്ടും അതിനുള്ള കാരണം കണ്ടെത്താൻ കഴിയുന്നില്ലായിരുന്നു കാരണം ഈ വീടും ഇവിടത്തെ തൊടിയും കുളവും കാവും എല്ലാമായിരുന്നു എന്റെ ലോകം.

ഇവിടം വിട്ട് എനിക്ക് എങ്ങോട്ടും മാറി നിൽക്കാൻ കഴിയില്ലായിരുന്നു അങ്ങനെയുള്ള ആള് പെട്ടെന്ന് ഹോസ്റ്റലിലേക്ക് മാറുകയാണ് എന്ന് പറഞ്ഞതിലെ പൊരുത്തം ഇല്ലായ്മ ആലോചിച്ചിരിക്കുകയാണ് ചിറ്റ…

“” ഇവിടെ നിന്നാൽ എനിക്ക് ശരിക്കും പോലെ പഠിക്കാൻ ഒന്നും കഴിയുന്നില്ല അവിടെയാകുമ്പോൾ ഇഷ്ടത്തിന് കുട്ടികൾ ഉണ്ടാവും അവരുമായി കമ്പയിൻ സ്റ്റഡി ഒക്കെ നടത്താം എനിക്ക് അതാ നല്ലത് എന്ന് തോന്നുന്നു. എന്ന് ചിറ്റയോട് പറഞ്ഞു….

തൽക്കാലത്തേക്ക് ചിറ്റ ഒന്നും മിണ്ടാതെ പോയി എങ്കിലും ഞാൻ പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢിയല്ല ചിറ്റ എന്ന് എനിക്കറിയാമായിരുന്നു….

കാരണം ചിറ്റയോളം എന്നെ മനസ്സിലാക്കിയ മറ്റാരും തന്നെ ഇവിടെയില്ല…

അമ്മയുടെ അനിയത്തിയാണ് ചിറ്റ.. അമ്മയുടെ വിവാഹം കഴിഞ്ഞ് ഏട്ടൻ കുഞ്ഞായിരുന്നപ്പോൾ ചിറ്റയുടെയും വിവാഹം കഴിഞ്ഞിരുന്നു ഒരു പ്രണയ ബന്ധത്തിന്റെ സാക്ഷാത്കാരമായിരുന്നു ചിറ്റയുടെ കല്യാണം എന്നാൽ കൂടുതൽ കാലം ആ ഭാഗ്യം അനുവദിക്കാൻ അനുഭവിക്കാൻ യോഗമുണ്ടായില്ല

ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ചിറ്റയുടെ ഭർത്താവിനെ വിധി തട്ടിയെടുത്തപ്പോൾ ചിറ്റ ശരിക്കും ഒറ്റപ്പെട്ടു പോയിരുന്നു….

എനിക്ക് കൂടി ജന്മം നൽകി അമ്മയും ഞങ്ങളെ വിട്ടു പിരിഞ്ഞു.. പിന്നെ എനിക്കും ഏട്ടനും അമ്മയായത് എല്ലാം ആയതും ചിറ്റ തന്നെയായിരുന്നു…
അമ്മ പോയതിന്റെ വിഷമത്തിൽ അച്ഛനും ഞങ്ങളെ ഉപേക്ഷിച്ചു പോയി..

വീടും പുരയിടവും അവിടെ നിന്നും കിട്ടുന്ന ആദായങ്ങളും കൃഷിയും എല്ലാം ചിറ്റ നോക്കി നടത്തി… യാതൊരുവിധ അല്ലലും ഇല്ലാതെ എന്നെയും ഏട്ടനെയും വളർത്തി വലുതാക്കി…

ഏട്ടനും മാത്രമായിരുന്നു എന്റെ ലോകം അവരെ ഒരു ഉപഗ്രഹം പോലെ ചുറ്റി ഞാനും നടന്നു…

ഏട്ടനും എനിക്കും തമ്മിൽ ആറേഴു വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഏട്ടൻ എന്നെ ഒരു മോളെ പോലെയാണ് കരുതിയിരുന്നത് ഞാൻ ഏട്ടന് ഒരു അച്ഛന്റെ സ്ഥാനമായിരുന്നു കൊടുത്തിരുന്നത് എന്റെ എല്ലാ കളിക്കും കൂട്ടുനിൽക്കും ഞാനെന്തു പറഞ്ഞാലും വാങ്ങിത്തരും…

അതുകൊണ്ടുതന്നെ ഏട്ടന്റെ കാര്യത്തിലും എനിക്ക് വല്ലാത്ത പൊസസീവ്നെസ് ഉണ്ടായിരുന്നു..

ഏട്ടന് എന്നെക്കാൾ മുമ്പ് വിവാഹപ്രായമായി… അടുത്തുള്ള സ്കൂളിൽ അധ്യാപകനായിരുന്നു ഏട്ടൻ അവിടെത്തന്നെ ജോലി ചെയ്യുന്ന ഒരു ടീച്ചറുമായി ഏട്ടൻ പ്രണയത്തിലായിരുന്നു ഒന്ന് മടിച്ചെങ്കിലും ചിറ്റയോട് ഏട്ടൻ അത് തുറന്നു പറഞ്ഞു…

ചിറ്റക്കും വളരെ സന്തോഷമായിരുന്നു ഏട്ടന്റെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ അങ്ങനെ ആ വിവാഹം നടന്നു…

വിവാഹം കഴിയുന്നത് വരെ ഏറെ ഉത്സാഹം കാട്ടിയ എനിക്ക് പക്ഷേ വിവാഹം കഴിഞ്ഞതോടെ കൂടി വല്ലാത്ത നിരാശയായിരുന്നു ഫലം…
ഏട്ടന്റെ കാര്യങ്ങളിൽ ഇടപെടാനുള്ള എന്റെ സ്വാതന്ത്ര്യം പരിമിതമാക്കപ്പെട്ടു…

ചിലയിടങ്ങളിൽ നിന്ന് എന്നെ പൂർണമായി അവഗണിക്കുന്നതുപോലെ എനിക്ക് തോന്നി എപ്പോഴും കയറി ചെല്ലാൻ കഴിയുമായിരുന്ന ഏട്ടന്റെ റൂമിന് പുതിയൊരു കൊളുത്ത് വീണു ഏട്ടത്തി അമ്മയുടെ…

എനിക്ക് മാത്രം സമ്മാനങ്ങൾ കൊണ്ട് തന്നിരുന്ന ഏട്ടൻ രഹസ്യമായി കൊണ്ടുവരുന്ന സമ്മാനപ്പൊതി ഏട്ടത്തി അമ്മയ്ക്ക് കൊടുക്കുന്നത് ഞാൻ കണ്ണുകൊണ്ട് കണ്ടു..

എനിക്കിനി ആരുമില്ല എന്ന് തോന്നൽ ശക്തമായി ചിറ്റ എന്റെ എല്ലാ കാര്യങ്ങളും നോക്കി കൂടെയുണ്ടാകും എങ്കിലും ഏട്ടത്തിയമ്മയുടെ എന്തെങ്കിലും കാര്യം വന്നാൽ എന്നെയാണ് ശകാരികത ഏട്ടത്തിയമ്മയുടെ കൂടെ നിൽക്കും എനിക്കതൊന്നും സഹിക്കാൻ പറ്റിയില്ല…

എന്റെ എല്ലാം അവർ സ്വന്തമാക്കുന്നത് പോലെ… എന്റെ പ്രിയപ്പെട്ട ഏട്ടനേയും ചിറ്റയെയും ഈ വീടും എല്ലാം….

അങ്ങനെയാണ് അവരുമായി ശീത സമരം പ്രഖ്യാപിച്ചത് അവർ എന്ത് ചെയ്താലും കുറ്റം…

ഒരു ദിവസം എന്തോ പറഞ്ഞ് എന്നെ ഉപദേശിക്കാൻ വന്ന ഏടത്തിയമ്മയെ ഞാൻ പിടിച്ചു തള്ളി അവരവിടെ വീണു അന്ന് ഏട്ടൻ വന്ന് എന്നെ അടിച്ചു ആദ്യമായി ഏട്ടന്റെ കയ്യിൽ നിന്ന് അടികിട്ടി….

ചിറ്റയും എന്നെ ശകാരിച്ചു കണക്കില്ലാതെ.. “” ഈ അസത്ത് കാരണമാ എന്റെ ചേച്ചി പോയത് എന്ന് വരെ ആ വായിൽ നിന്ന് വന്നു…എനിക്ക് ഉണ്ടായ സങ്കടം സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു…

ഞാൻ ആകെ തകർന്നു പോയി അപ്പോഴത്തെ ദേഷ്യത്തിന് ജയിക്കാൻ വേണ്ടിയാണ് അവർ അങ്ങനെയെല്ലാം പറഞ്ഞത് എന്ന് എനിക്ക് അറിയാമായിരുന്നു. അല്ലാതെ ചിറ്റ ഇന്നേവരെ എന്നെ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല പക്ഷേ അത് തകർത്തത് എന്റെ മനസ്സിനെ ആയിരുന്നു..

ആരോടും മിണ്ടാതെ ആ ദിവസം മുഴുവൻ ഞാൻ എന്റെ മുറിയിൽ കരഞ്ഞ് കഴിച്ചുകൂട്ടി കുറെ കഴിഞ്ഞപ്പോൾ ഏട്ടൻ സമാധാനിപ്പിക്കാൻ വന്നിരുന്നു… ഏട്ടത്തിയമ്മ ഗർഭിണിയാണ് അതുകൊണ്ടാണ് ഏട്ടൻ അറിയാതെ അങ്ങനെ ചെയ്തത് എന്ന് പറഞ്ഞു…

ഈ വിവരം ചിറ്റക്കും അറിയാമായിരുന്നു അതുകൊണ്ടാണ് അവർ അത്രക്ക് ദേഷ്യപ്പെട്ടത് ഞാൻ മാത്രം വിഡ്ഢിയെ പോലെ ഒന്നും അറിയാതെ പോയി…

തന്നെയാണ് ആവശ്യപ്പെട്ടത് ഏട്ടത്തിയമ്മയുടെ പോയി മാപ്പ് പറയാൻ ചെയ്തുപോയ തെറ്റിന്..
അവരെ മുഷിപ്പിക്കേണ്ട എന്ന് കരുതി പറഞ്ഞതുപോലെ തന്നെ ഞാൻ ചെയ്തു എല്ലാവർക്കും സന്തോഷം ആയി…

ഗർഭിണിയാണെന്ന് അറിഞ്ഞതോടുകൂടി പിന്നെ ഏട്ടത്തിയമ്മയെ ഏട്ടനും ചിറ്റയും നിലത്ത് നിർത്തിയിട്ടില്ല..

ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കലും കടയിൽ നിന്ന് വാങ്ങിക്കൊണ്ടു കൊടുക്കലും ആയി അവർ അവരുടേതായ ലോകത്ത് ആയിരുന്നു ഇതിനിടയിൽ എന്റെ കാര്യങ്ങൾ ആരും ഒന്ന് ശ്രദ്ധിച്ചത് പോലും ഇല്ല…l

അങ്ങനെയാണ് ഞാൻ ഈ തീരുമാനം എടുത്തത് വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരമേ ഉള്ളൂ കോളേജിലേക്ക് എങ്കിലും ഹോസ്റ്റലിൽ നിന്ന് പഠിക്കാം എന്ന്..

ഒരുപാട് കുട്ടികൾ അതുപോലെ അവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നുണ്ട് എന്റെ പ്രിയപെട്ട ഒരു കൂട്ടുകാരി അടക്കം..

വീട്ടിൽ ഉണ്ടാവുന്ന എല്ലാ കാര്യങ്ങളും ഞാൻ അവളോട് തുറന്നു പറയാറുണ്ട് അവൾ തന്നെയാണ് എനിക്ക് ഈ മാർഗം ഉപദേശിച്ചത് നീ ഇങ്ങോട്ട് പോരെ ഇവിടെ ഹോസ്റ്റലിൽ നമുക്ക് ഒരുമിച്ച് നിൽക്കാം

എന്ന് എനിക്കും അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി അവിടെ നിന്നും മാറി നിന്നാൽ എന്റെ ശല്യം അവർക്കുണ്ടാവേണ്ടല്ലോ എന്ന് കരുതി..

എന്റെ തീരുമാനം കേട്ടപ്പോൾ ചിറ്റയും ഏട്ടനും ഒരുപാട് എതിർത്തിരുന്നു.. മുമ്പൊക്കെയാണെങ്കിൽ അവർക്ക് എന്തെങ്കിലും സങ്കടം ഉണ്ടാക്കുന്ന ഒരു തീരുമാനം ഞാൻ ഓർക്കുക പോലും ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെയല്ല എല്ലാം മാറി എല്ലാവർക്കും..

അതുകൊണ്ടുതന്നെ ഞാൻ പിടിച്ചു അവർക്ക് സമ്മതിക്കേണ്ടിവന്നു ഞാൻ ഹോസ്റ്റലിലേക്ക് ചെന്നു…

ചിറ്റയെ വിട്ട് ഏട്ടനെ വിട്ട് ആദ്യമായിട്ടായിരുന്നു ഇങ്ങനെ എനിക്ക് അവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല വെറും കരച്ചിൽ മാത്രം…അപ്പോഴൊക്കെ അവളാണ് എന്നെ ഉപദേശിച്ചത്..

“” എന്റെ പൊന്നു വീണേ വിവാഹം എന്ന് പറഞ്ഞാൽ മനോഹരമായ ഒരു സംഗതിയാണ് അത് കഴിഞ്ഞാൽ പിന്നെ ഭാര്യക്കും ഭർത്താവിനും ഒരുപാട് സ്വകാര്യ നിമിഷങ്ങൾ കാണും..

ആ ബന്ധം ഒരു അത്ഭുതം തന്നെയാണ്.. അതിപ്പോൾ നീയാണെങ്കിലും അങ്ങനെ തന്നെ ഉണ്ടാവും… എന്നുവച്ച് നിന്റെ ഏട്ടന് നിന്നോടുള്ള സ്നേഹം ഇല്ലാതായി എന്നല്ല കരുതാൻ ഭാര്യ ഒരു വശത്ത് പെങ്ങൾ മറുവശത്ത്..

ഈ പെങ്ങൾ ഒരിക്കലും ഏട്ടന് എല്ലാകാലവും ഉണ്ടാവില്ല നീ നിന്റെ ജീവിതം നോക്കി ഒരുകാലത്ത് പോകും അന്നും നിന്റെ ഏട്ടന് ഭാര്യ മാത്രമേ ഉണ്ടാവൂ…

അങ്ങനെയുള്ള ഒരാളോട് കുറച്ചു അടുപ്പം കാണിക്കുന്നതാണോ വലിയ തെറ്റായി തോന്നിയത്… അത് അവരുടെ അവകാശം ആണ്…

ഒരുപക്ഷേ നിനക്ക് അമ്മയും അച്ഛനും ഉണ്ടായിരുന്നുവെങ്കിൽ ഇത്ര മാത്രം പ്രശ്നം നിന്റെ ജീവിതത്തിൽ ഉണ്ടാവില്ലായിരുന്നു…

പിന്നെ ചിറ്റ അവർക്ക് വന്നു കേറിയ ഏട്ടത്തിയമ്മയെ ചീത്ത പറയാനും ശകാരിക്കാനും കഴിയുമോ അവർക്ക് ചീത്ത പറയാനും ശകാരിക്കാനും സ്വാതന്ത്ര്യം ഉള്ളത് നിന്നോടല്ലേ അവരുടെ മകൾ തന്നെയല്ലേ നീ…

ഇതൊന്നും എന്താ നീ മനസ്സിലാക്കാഞ്ഞത്.. “‘പക്വതയുള്ള കൂട്ടുകാരിയുടെ വർത്തമാനം കേട്ട അവൾ സ്വയം ഒന്ന് അവലോകനം നടത്തി…

ചെയ്തത് തെറ്റ് തന്നെ തന്നെയാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ താൻ സ്വാർത്തയായിരുന്നു ഒരിക്കലും ചിറ്റയും ഏട്ടനും താനും ഉള്ള ലോകത്തേക്ക് മറ്റൊരാൾ കടന്നുവരുന്നത് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല

അതാണ് തന്റെ പ്രശ്നം വന്നയാളെ എപ്പോഴും ഒരു അന്യയായി മാറ്റി നിർത്തി..
അവൾ ചെയ്ത തെറ്റ് അവൾക്ക് മനസ്സിലായിരുന്നു…

ഇതാണ് വീട്ടിലേക്ക് പോയി…
ഏട്ടത്തിയമ്മയോട് സ്നേഹത്തോടെ പെരുമാറി അവൾക്ക് അതിനേക്കാൾ സ്നേഹം തിരിച്ചും കിട്ടി…

“” മോൾക്ക് എന്നെ ഇഷ്ടമില്ല എന്നാണ് കരുതിയത് അതാണ് ഞാനും ശല്യപ്പെടുത്താൻ വരാതിരുന്നത് ഇപ്പോഴെങ്കിലും എന്നോട് വന്ന് മിണ്ടാൻ തോന്നിയല്ലോ ഏട്ടനും ഈ കാര്യത്തിൽ വലിയ വിഷമം ഉണ്ടായിരുന്നു”””

എന്ന് പറഞ്ഞപ്പോൾ സങ്കടത്തോടെ ഏട്ടത്തിയമ്മയെ കെട്ടിപ്പിടിച്ചു..
എനിക്കും ഒരു തെറ്റുപറ്റിയതാണ് എന്ന് പറഞ്ഞു..

അത് ചൂണ്ടി കാണിച്ചു തരാൻ ഒരാളുണ്ടായപ്പോൾ സ്വയം തിരുത്തണമെന്ന് തോന്നി വന്നതാണ് എന്ന് പറഞ്ഞു…

ഇനിയങ്ങോട്ട് പോകണ്ട അവിടെത്തന്നെ നിന്നൂടെ എന്ന് ചിറ്റയും ഏടത്തിയമ്മയും ഏട്ടനും ഒരുപാട് നിർബന്ധിച്ചു പക്ഷേ പോകുന്നതാണ് നല്ലത് കുറച്ചുകാലം ഒറ്റയ്ക്ക് നിന്ന് അല്പം പക്വത പഠിക്കട്ടെ എന്ന് പറഞ്ഞ് അവൾ ആ പടിയിറങ്ങി ഇത്തവണ ദേഷ്യത്തോടെയല്ല സന്തോഷത്തോടെ മനസ്സുനിറഞ്ഞ്…

നമ്മുടെ പ്രിയപ്പെട്ടവരുടെ ഇടയിലേക്ക് മറ്റൊരാൾ കടന്നുവരുമ്പോൾ ചിലർക്കെങ്കിലും അത് വലിയ പ്രശ്നമാവാറുണ്ട് സ്നേഹത്തോടെ സംയമനത്തോടെ അവരെ പറഞ്ഞു മനസ്സിലാക്കിയാൽ ഒരുപക്ഷേ ഏറ്റവും മനോഹരമായ ഒരു ബന്ധമായിരിക്കും അവിടെ തുടങ്ങുക…

Leave a Reply

Your email address will not be published. Required fields are marked *