കറുത്ത തടിച്ച എന്നെ വന്ന് വിവാഹം കഴിക്കാൻ… നിങ്ങൾക്ക് നിങ്ങളുടെ മനസ്സുപോലെ ഏത് രീതിയിലുള്ള പെണ്ണിനെ വേണമെങ്കിലും കിട്ടുമായിരുന്നല്ലോ

(രചന: J. K)

“”എന്താ ഇപ്പൊ അവൻ ചെയ്ത കുറ്റം???
എന്റെ പ്രിയപ്പെട്ട അമ്മായമ്മയാണ് എന്റെ ഡ്രസ്സുകൾ എല്ലാം പാക്ക് ചെയ്ത് വീട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ് ഞാൻ..

അതുകണ്ട് ചോദ്യംചെയ്യാൻ വന്നതാണ് അപ്പോൾ പറഞ്ഞു നിങ്ങളുടെ മകൻ കാരണം തന്നെയാണ് എന്ന് അതിന് കേട്ട മറുപടിയാണ് ഇത്….

“””” വന്നനാളു മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാ ബോഡി ഷേയ്മിംഗ്… അയാളുടെ വൃത്തികെട്ട തമാശകൾക്ക് കഥാപാത്രമാകാൻ ഇനിയെന്നെ കിട്ടില്ല അതൊന്നു മകൻ വരുമ്പോൾ പറഞ്ഞു പഠിപ്പിച്ചോളൂ””

എന്നുപറഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്ന് അമ്മ ഉറക്കെ പറയുന്നത് കേട്ടിരുന്നു. ഇല്ലാത്തതൊന്നുമല്ലല്ലോ അവൻ പറയുന്നതൊക്കെ ഉള്ളത് തന്നെയല്ലേ എന്ന്..

ജന്മനാ അല്പം കറുത്തിട്ടാണ് നല്ല തടിയും ഉണ്ട്.. ഇതെല്ലാം കണ്ടിട്ട് തന്നെയാണ് അയാൾ കല്യാണം കഴിച്ചത് പക്ഷേ കല്യാണം കഴിച്ച് വിരുന്നിനു പോകാൻ തുടങ്ങിയത് മുതൽ കേൾക്കാൻ തുടങ്ങിയതാണ് നാലാള് കൂടുന്നിടത്ത് തന്നെ കഥാപാത്രമാക്കിയുള്ള അയാളുടെ പരിഹാസങ്ങൾ…

കേൾക്കുന്നവർക്കും പറയുന്നവർക്കും യാതൊരു തരത്തിലുള്ള മര്യാദയുമില്ലെങ്കിൽ പിന്നെ അവരോടൊന്നും പറയാൻ നിൽക്കാതിരിക്കുക തന്നെയാണ് നല്ലത്..

അതുകൊണ്ടാണ് അവിടെ നിന്നിറങ്ങി സ്വന്തം വീട്ടിലേക്ക് വന്നതും..അവിടെയും പറഞ്ഞപ്പോൾ കേട്ടത് അതെല്ലാം മോള് സഹിക്കണം അതിപ്പോ വലിയ കാര്യമൊന്നുമല്ലല്ലോ അവൻ ഒരു തമാശ പറഞ്ഞതല്ലേ എന്നായിരുന്നു എനിക്ക് ദേഷ്യമാണ് തോന്നിയത് ഞാൻ വേഗം മുറിയിലേക്ക് പോയി..

പിറ്റേദിവസം തന്നെ അയാളുടെ അമ്മയും അമ്മാവനും കൂടി അവിടേക്ക് വന്നിരുന്നു എന്നെ തിരികെ കൊണ്ടുപോകാൻ കൂട്ടത്തിൽ അയാളും…

അവിടെ എന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് എന്നോട് ചോദിച്ചു എന്തുണ്ടായിട്ടാണ് നീ ഇപ്പോൾ ഇങ്ങോട്ടേക്ക് ഇറങ്ങിപ്പോന്നത് എന്ന് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇത്തിരി തന്റേടം കൂടുതലാണ്.

എന്ത് ചെയ്താലും ആരും ഒന്നും പറയാനില്ലല്ലോ അത് തന്നെ കാരണം.
പണ്ടൊക്കെ പെൺകുട്ടികൾക്ക് കാരണവന്മാരെ പേടിക്കണമായിരുന്നു. ഇപ്പോൾ ആര് എന്ത് പറയാനാ ഇനി പറഞ്ഞാൽ തന്നെ ആര് വില വയ്ക്കുന്നു അമ്മാവൻ ഇരുന്ന് പറയാൻ തുടങ്ങി..

“” അവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്റെ മോൻ അവളെ കൈവെള്ളയിൽ അക്കൗണ്ട് നടക്കുന്നത് എന്നിട്ടും കണ്ടില്ലേ ഇതിന് അഹങ്കാരം എന്നല്ലാതെ എന്താണ് പറയുക… “”

അമ്മയുടെ വകയുള്ളതും സംസാരിച്ചു കഴിഞ്ഞു..
പിന്നെ അയാളുടെ ഊഴമായിരുന്നു..

“” ഞാൻ എന്തെങ്കിലും തമാശയ്ക്ക് പറയുന്നുണ്ടെന്ന് വിചാരിച്ചു അതെല്ലാം കാര്യമാക്കി എടുക്കണോ…

അത് ഒരു ചെവിയിൽ കൂടെ കേട്ട് മറ്റു ചെവിയിൽ കൂടെ വിടാനുള്ളതിന് ഇറങ്ങി പോരാനുള്ള ഒരു കാരണമാക്കാൻ മാത്രം ഒന്നുമില്ല ഇതിപ്പോ ഞങ്ങൾ ആയതുകൊണ്ട് വീണ്ടും കൊണ്ടുപോകാൻ വേണ്ടി ഇതുപോലെ വന്നു വേറെ ആരെങ്കിലും ആണെങ്കിൽ പോട്ടെ പുല്ല് എന്ന് വെച്ച് മൈൻഡ് ചെയ്യില്ല…”””

അയാളും പറഞ്ഞുതീർത്തത് കൂടി എനിക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി വർദ്ധിച്ച ദേഷ്യത്തോടെ തന്നെ അവരോട് ചോദിച്ചു..

“””” കഴിഞ്ഞോ??? “””എന്ന്….”” നിങ്ങൾ എന്താ പറഞ്ഞത് തമാശയാണെന്ന് നിങ്ങളുടെ കൂട്ടുകാരുടെ മുന്നിൽവച്ച് നിങ്ങളുടെ കുടുംബക്കാരുടെ മുന്നിൽവച്ച്, വീടിന്റെ വാതിൽ മാറ്റണം ഇവളെ അതിന്റെ ഉള്ളിലൂടെ കൊള്ളുന്നില്ല…

പവർകട്ട് വന്നാൽ പിന്നെ ഇവളെ കാണണമെന്നുണ്ടെങ്കിൽ ടോർച്ച് അടിച്ചു നോക്കണം അത്രയ്ക്ക് നല്ല നിറം ആണല്ലോ എന്നൊക്കെ പറയുന്നതാണോ നിങ്ങളുടെ തമാശ… എങ്കിൽ കേട്ടോളൂ എനിക്ക് അത്തരത്തിലുള്ള തമാശകളൊന്നും സഹിക്കാനും പൊറുക്കാനും ഉള്ള കഴിവ് ഒന്നുമില്ല…””

ഒന്നും മിണ്ടാതെ അവർ എന്നെ തന്നെ കേട്ടിരുന്നു.””” നമ്മുടെ വിവാഹത്തിന് മുമ്പ് പെണ്ണുകാണൽ എന്നൊരു ചടങ്ങ് ഉണ്ടായിരുന്നു.

അന്ന് ഞാൻ എന്റെ ഈ രൂപത്തിൽ തന്നെയാണ് നിങ്ങളുടെ മുന്നിൽ വന്നത് അന്ന് നിങ്ങൾ കണ്ടു ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നത് അല്ലാതെ ഞാനോ എന്റെ വീട്ടുകാരോ നിങ്ങളെ നിർബന്ധിച്ചില്ല കറുത്ത തടിച്ച എന്നെ വന്ന് വിവാഹം കഴിക്കാൻ…

നിങ്ങൾക്ക് നിങ്ങളുടെ മനസ്സുപോലെ ഏത് രീതിയിലുള്ള പെണ്ണിനെ വേണമെങ്കിലും കിട്ടുമായിരുന്നല്ലോ അങ്ങനെ ഉള്ളവളെ പോയി കല്യാണം കഴിക്കാമായിരുന്നല്ലോ എന്തിനാണ് ഇങ്ങോട്ട് തന്നെ വീണ്ടും വന്നത്?? “””

ഇത്തവണ മറുപടിയില്ലാതെ അവർ എന്നെ തന്നെ നോക്കിയിരുന്നു..””” അപ്പോ നിങ്ങൾക്ക് നിറവും തടിയും ഒന്നുമല്ല പ്രശ്നം പണം കൂടിയാണ് അത്യാവശ്യം പണം ഉണ്ട് ഇവിടെ എന്ന് നിങ്ങൾക്കറിയാം തന്നെയുമല്ല എനിക്കൊരു ഗവൺമെന്റ് ജോലിയും ഉണ്ട് അപ്പൊ പിന്നെ നിങ്ങൾ എന്റെ തടിയും നിറവും ഒന്നും പ്രശ്നമാക്കിയിരുന്നില്ല….

എന്നിട്ട് വിവാഹം കഴിച്ചു അതിനുശേഷം ഇതുപോലെ ഓരോരുത്തരുടെയും മുന്നിൽ വെച്ച് ഇതുപോലെ ഓരോന്ന് പറയുന്നു.. ഞാൻ കറുത്തതാണ് തടിച്ചതാണ് എന്ന് പറയുമ്പോൾ എനിക്ക് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ല പക്ഷേ ഞാൻ ഇറങ്ങിപ്പോരാൻ കാരണം നിങ്ങളുടെ ഈ ദുഷിച്ച മനസ്സാണ്…

സ്വന്തം ഭാര്യയെ ചേർത്തുപിടിക്കേണ്ടതിനു പകരം ഓരോന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുന്നിൽ തമാശിച്ചു ആളാവാൻ ശ്രമിക്കുന്നു.. ഇങ്ങനെ ഒരാളുമായി സഹകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നത് .””

“””മോളെ മതി.. നീ എന്തൊക്കെയാ ഈ പറയുന്നത് എന്ന് വല്ല വിചാരവും ഉണ്ടോ അവൻ നിന്റെ ഭർത്താവ് അല്ലേ അവന് അതിനുള്ള അധികാരം ഒക്കെ ഇല്ലേ അതൊക്കെ വലിയ കാര്യമാക്കി എടുക്കണം അവര് പറഞ്ഞ മാതിരി ഇതൊരു തമാശയല്ലേ… ഇതൊക്കെ എന്തിനാ മോളെ ഇങ്ങനെ വലിയ പ്രശ്നമാക്കുന്നത് “””

അമ്മയാണ് എന്റെ ഭാഗം നിൽക്കാത്ത എന്റെ സ്വന്തം അമ്മ എനിക്ക് അത് കേട്ടപ്പോൾ ആകെക്കൂടി നിരാശ തോന്നി മറ്റ് ആര് എന്നെ പറ്റി എന്ത് പറഞ്ഞാലും എനിക്ക് അത്ര കൊള്ളുമായിരുന്നില്ല ഇതിപ്പോൾ സ്വന്തം അമ്മ തന്നെ പെട്ടതാണ് എന്നെ ഞെട്ടിച്ചുകൊണ്ട് അച്ഛൻ എന്നെ ചേർത്ത് പിടിച്ചത്..

“” അവൾ പറഞ്ഞതിലും കാര്യമുണ്ട് ഭവാനി. നീ ആദ്യം മിണ്ടാതിരിക്ക്… ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ പരിഹാസ കഥാപാത്രം ആക്കാൻ വേണ്ടിയിട്ടല്ല എന്റെ മോളെ ഞാൻ വിവാഹം കഴിച്ചു കൊടുത്തത്

അവൾക്ക് മറ്റുള്ളവരുടെ മുന്നിൽ നാണിക്കേണ്ട ഒരു ആവശ്യവുമില്ല അത്യാവശ്യത്തിന് ജോലിയും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുമുണ്ട് അവൾക്ക് അത് മതി ഒരു പെണ്ണിനെ ഈ ലോകത്ത് ജീവിക്കാൻ ഇതേ വേണ്ടൂ…

അവൾ പറഞ്ഞതുപോലെ നിങ്ങളുടെ കാൽ ആരു പിടിച്ചില്ലല്ലോ ഇവളെ ഒന്ന് വിവാഹം കഴിക്കണം എന്ന് പറഞ്ഞ്.. തനിക്ക് തമാശ പറയാനും മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ ഉള്ളതല്ല എന്റെ മകൾ

അത്രയും അച്ഛൻ പറഞ്ഞപ്പോൾ എന്റെ മിഴി നിറഞ്ഞിരുന്നു ഒരാളെങ്കിലും എന്റെ ഭാഗം നിന്നല്ലോ എന്ന് വിചാരിച്ച്..അവരോട് അച്ഛൻ ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞിരുന്നു..

ഒന്നും മിണ്ടാതെ അവരെ ഇറങ്ങിപ്പോയി. അപ്പോഴും അവർ ചെയ്ത തെറ്റ് അവർ മനസ്സിലാക്കി എന്നെനിക്ക് തോന്നുന്നില്ല അവരുടെ ഭാഗത്തെ തെറ്റും മുഴുവൻ എന്റേതാണ് ഒന്നും മിണ്ടാതെ പഞ്ചഭുഛ മടക്കി അവർ പറയുന്നതും കേട്ട് നിൽക്കണം…

എങ്കിൽ അപ്പോൾ ഗുഡ് സർട്ടിഫിക്കറ്റ്… സ്വന്തം മനസ്സ് നോവുമ്പോൾ എന്തെങ്കിലും തിരിച്ച് പ്രതികരിച്ചാൽ അവൾ ചീത്ത പെണ്ണ് അഹങ്കാരി തന്റേടി…

അവിടെ സ്വന്തം കുടുംബക്കാർ പോലും ചേർത്തുനിർത്തില്ല എന്നതാണ് ഏറെ വിഷമകരം ഇതിപ്പോൾ എന്റെ അച്ഛനുണ്ടായി എന്റെ ഭാഗം പറയാൻ അതുകൊണ്ട് തന്നെ അഭിമാനത്തോടുകൂടി ഇനി എനിക്ക് ജീവിക്കാം…

ഒരാളുടെ രൂപവും നിറവും ഒന്നുമല്ല അയാളുടെ കഴിവ് നിശ്ചയിക്കുന്നത്.. എല്ലാവരും ഒരുപോലെ ആവില്ലല്ലോ എന്ന് വെച്ച് അത് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാനുള്ള ഒന്നല്ല… അങ്ങനെയുള്ളവരെ അർഹിക്കുന്ന അവഗണന കൊടുത്ത് മാറ്റിനിർത്തിയേക്കണം..

“”” നിന്നെ അംഗീകരിക്കാൻ കഴിയുന്ന ഒരാൾ വന്നാൽ മാത്രം അന്ന് ഒരു കുടുംബ ജീവിതത്തെ പറ്റി ചിന്തിക്കാം.. അതുവരെ അച്ഛന്റെ മോളായി ഇവിടെ നിൽക്കാം.. “”

എന്ന് അച്ഛൻ പറഞ്ഞപ്പോൾ, അതിലും വലുതായി ഒരു ധൈര്യം എനിക്ക് കിട്ടാനില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *