എന്റെ ജീവിതത്തിൽ ഇനി അങ്ങനെ ഒരബദ്ധം പറ്റില്ല… തത്കാലം കല്യാണവും ഇല്ല..””ഇത്രയൊക്കെ പറയാൻ എന്തുണ്ടായി കാർത്തി…” “ഉണ്ടായതു എന്തെന്ന് നിനക്ക്

ജീവിതവഴികൾ
(രചന: Jolly Shaji)

“മിത്രാ ഇനിയുമീബന്ധം തുടരാൻ എനിക്ക് താത്പര്യം ഇല്ല… നമുക്ക് പിരിയാം അതാണ് എനിക്കും നിനക്കും നല്ലത്..”

“നിനക്ക് എങ്ങനെ പറയാൻ കഴിയുന്നു ഇത്രയും സിംപിൾ ആയി… അപ്പോൾ നീയെന്നെ മനസ്സിലാക്കിയിട്ടേ ഇല്ല അല്ലെ കാർത്തി…”

“മനസ്സിലാക്കിയില്ലേ എന്ന് … നീ തന്നെ ഇത് ചോദിക്കണം മിത്രാ… നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ഇന്നലെ വരെ ഇന്നെനിക്കു പറ്റില്ല…”

“എന്താ നിനക്ക് പെട്ടന്ന് സംഭവിച്ചത്.. എന്താ നിനക്ക് വേറെ അഫയർ എന്തെകിലും കിട്ടിയോ…. അതോ കല്യാണം വല്ലതും ഉറപ്പിച്ചോ…”

“അഫയർ.. മണ്ണാങ്കട്ട.. എന്റെ ജീവിതത്തിൽ ഇനി അങ്ങനെ ഒരബദ്ധം പറ്റില്ല… തത്കാലം കല്യാണവും ഇല്ല..””ഇത്രയൊക്കെ പറയാൻ എന്തുണ്ടായി കാർത്തി…”

“ഉണ്ടായതു എന്തെന്ന് നിനക്ക് അറിയില്ലേ… എല്ലാം അറിയാമായിരുന്നിട്ടും നീ നന്നായി അഭിനയിക്കുകയായിരുന്നു അല്ലെ.. എന്തിനാണ് എന്നെ ഇങ്ങനെ ഒരു കോമാളി വേഷം കെട്ടിക്കുന്നു..”

“കാർത്തീ.. നീ വ്യക്തമായി പറയൂ കാര്യങ്ങൾ… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..”

‘ഇന്നലെ ഹരി എന്നെ കാണാൻ വന്നിരുന്നു.. “”അതിൽ എന്തിരിക്കുന്നു നിങ്ങൾ പണ്ടേ സുഹൃത്തുക്കൾ അല്ലെ..”

“ഇന്നലെ അവൻ എന്നോട് സംസാരിച്ചത് എന്റെ സുഹൃത്ത് ആയിട്ടല്ല… അവന്റെ ഭാര്യയുടെ കാമുകൻ ആയിട്ടാണ്… അതായതു നിന്റെ ഭർത്താവ് ആയിട്ടു..”

മിത്രയിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു… പക്ഷെ അവൾ പതറിയില്ല..”എന്താ ഹരിയേട്ടൻ നിന്നോട് പറഞ്ഞത്…”

“ഒന്നും പറഞ്ഞില്ല… മിത്രാ ഇനി നീയെന്നെ വിളിക്കരുത്.. മെസ്സേജും ചെയ്യരുത്.. പ്ലീസ് എന്റെ അപേക്ഷയാണ്…”

കാർത്തിക്ക് ഫോൺ കട്ട് ചെയ്തു.. അവൾ പലവട്ടം വിളിച്ചു പക്ഷെ അവൻ കാൾ എടുത്തില്ല..

അവൾ വേഗം ഫോൺ എടുത്തു ഹരിയെ വിളിച്ചു..”ഹരിയേട്ടൻ എവിടെയാ.. നേരത്തെ വരാൻ പറ്റുമോ എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട്..”

“ഓഫീസിൽ അല്പം തിരക്ക് കൂടുതൽ ഉണ്ട്… എങ്കിലും ഞാൻ ശ്രമിക്കാം… എന്താ അത്യാവശ്യം കുട്ടികൾക്ക് എന്തെങ്കിലും വാങ്ങാൻ ആണോ..”

“അല്ല.. വരാൻ നോക്കു വരുമ്പോൾ പറയാം..”അവൾ ഫോൺ കട്ട് ചെയ്തു… വീണ്ടും കാർത്തിക്കന്റെ ഫോണിലേക്കു വിളിച്ചു പക്ഷെ ഫോൺ സ്വിച് ഓഫ്…

അവളിലെ സന്തോഷങ്ങൾ പെട്ടെന്ന് കെട്ടടങ്ങി… വല്ലാത്തൊരു മൂകത അവളെ പിടികൂടി… അടുക്കളയിൽ കയറാനോ ഭക്ഷണം ചൂടാക്കാനോ ഒന്നും അവൾക്കു തോന്നിയില്ല…

കുട്ടികൾക്ക് തണുത്ത ഭക്ഷണം വാരികൊടുത്തു.. സാധാരണ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ കഥകൾ പറഞ്ഞു കൊടുക്കാറുള്ള മിത്രക്ക് ഇന്ന് ഒന്നിനും
തോന്നിയില്ല…

കുട്ടികൾ എന്തൊക്കെയോ ചോദിക്കുന്നു അവൾ വ്യക്തമായി മറുപടി പോലും കൊടുത്തില്ല…

ഹരി വന്നപ്പോൾ ലേറ്റ് ആയി…മിത്രാ നേരത്തെ പോരണം എന്നോർത്തതാ പക്ഷേ ഇറങ്ങാൻ നേരം ചില അത്യാവശ്യ വർക്കുകൾ വന്നു… എന്തായിരുന്നു അത്യാവശ്യം വല്ലതും ഉണ്ടായിരുന്നോ.. ”

“ഇല്ല..അവളുടെ മൗനം ഹരിയിൽ ചില സംശയങ്ങൾ സൃഷ്ടിച്ചു…”എന്തുപറ്റി മിത്രാ നീയാകെ ഗ്ലൂമി ആയി ഇരിക്കുന്നത്… നിനക്കെന്താ വയ്യായ്ക വല്ലതുമുണ്ടോ…”

“ഇല്ല… ഹരിയേട്ടന് ഭക്ഷണം എടുത്തുവെച്ചിട്ടുണ്ട്… ഞാൻ കിടക്കുന്നു… നല്ല തലവേദന..”

“ഹോസ്പിറ്റലിൽ പോണോ… താൻ ഒന്ന് തുറന്നു പറയെടോ എന്ത് പറ്റിയെന്നു…””ഒന്നുല്ല… ഒന്നുറങ്ങിയാൽ സുഖമാവും..”

അവൾ മുറിയിലേക്ക് പോയി… ഹരി കുളിച്ച് ഭക്ഷണം കഴിച്ചു റൂമിൽ ചെല്ലുമ്പോൾ ചെരിഞ്ഞു കിടന്ന് മിത്ര കണ്ണുകൾ തുടക്കുന്നു…

“മിത്രാ തനിക്കു എന്താ പറ്റിയത്… വയ്യെങ്കിൽ വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം…””വേണ്ട ഏട്ടാ വി ക്സ് പുരട്ടി അത് കണ്ണിൽ അല്പം പോയി അതിന്റെ നീറ്റൽ ആണ്..”

ബെഡിൽ ഒരു അകലമിട്ടാണ് അവർ കിടന്നതു… ഹരി അവളെ ശല്യം ചെയ്യാൻ പോയതും ഇല്ല…

രാത്രി അവൾ ഉറങ്ങിയിട്ടില്ലെന്നു അയാൾക്ക്‌ മനസ്സിലായി… ഇടയ്ക്കിടെ ഫോൺ എടുത്തു വാട്സാപ്പ് നോക്കുന്നതും ആയാൾ ശ്രദ്ധിച്ചു…

രാവിലെ എണീറ്റ്‌ ഭക്ഷണം ഉണ്ടാക്കി ഹരിക്കും കുട്ടികൾക്കും കൊടുത്തെങ്കിലും അവൾ അതികം സംസാരിച്ചില്ല…

കുട്ടികൾ പോയിട്ടും ഹരി ഓഫീസിൽ പോകാതിരുന്നപ്പോൾ അവൾ അയാളുടെ അടുത്തേക്ക് ചെന്നു..

“ഹരിയേട്ടൻ ഓഫീസിൽ പോകുന്നില്ലേ ഇന്ന്…””കുറച്ച് വൈകി ചെന്നാൽ മതി ഇന്ന്.. എന്താ നിനക്ക് ഹോസ്പിറ്റലിൽ പോണോ..”

“വേണ്ട… എനിക്ക് ഒന്ന് അമ്പലത്തിൽ പോണമായിരുന്നു…””അതിനെന്താ നമുക്ക് ഒരുമിച്ചു പോകാമല്ലോ… തിരിച്ചു നിനക്ക് ബസിൽ പോരല്ലോ…”

“ഏട്ടൻ ഓഫീസിൽ പൊയ്ക്കോളും എന്നെ ബസ്റ്റോപ്പിൽ വിട്ടാൽ മതി ഞാൻ ബസിൽ പൊയ്ക്കോളാം..””എങ്കിൽ റെഡിയായിക്കോളു..”

അവൾ വേഗം റെഡിയായി… ഹരി അവളെ ബസ്റ്റോപ്പിൽ വിട്ടിട്ടു പോയി…മിത്ര നേരെ കാർത്തിക്കിന്റെ റൂമിലേക്കാണ് പോയത്… അവൾ ചെല്ലുമ്പോൾ റൂം പൂട്ടിയിരിക്കുന്നു… അവൾ ചെല്ലുന്നതു കണ്ട് അടുത്ത റൂമിൽ നിന്നും ഒരു പയ്യൻ ഇറങ്ങി വന്നു…

“കാർത്തിക്ക്‌ ഇല്ലേ ഇവിടെ..””കാർത്തി പോയി രാവിലെ… ചേച്ചിയാണോ മിത്ര…””അതെ എന്തെ…”

“ചേച്ചി വരുമെന്നും വന്നാൽ കൊടുക്കണം എന്ന് പറഞ്ഞ് ഒരു കത്ത് തന്നിട്ടുണ്ട്… ഞാൻ എടുത്തിട്ടുവരാം…”

അവൻ റൂമിൽ പോയി കത്ത് എടുത്തു അവൾക്കു കൊടുത്തു… അറിയാനുള്ള ആകാംഷയാൽ അവൾ ആ കടലാസ് നിവർത്തി..

“മിത്രാ നീയെന്നെ തേടി വരുമെന്ന് എനിക്കറിയാമായിരുന്നു… വരരുതായിരുന്നു നീ… കാരണം നീ ഹരിയുടെ ഭാര്യയാണ്… അപ്പോൾ എന്റെ ആരാണെന്നു അല്ലെ….

ഒരിക്കൽ ജീവിതം മടുത്തു ഈ ഒന്നരകാലുമായി നാടുവിട്ട ഞാൻ എങ്ങനെയോ ഈ നാട്ടിൽ എത്തപ്പെട്ടു.. ഇവിടെ വന്ന എന്നിൽ മാറ്റങ്ങൾ തുടങ്ങുകയായിരുന്നു…

ഹരി എന്നെ സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ കൂടെ നിർത്തി… എനിക്ക് ഇരുന്നു ചെയ്യാൻ പറ്റിയ ഒരു ജോലി വാങ്ങി തന്നു….

നിന്നെയും മക്കളെയും കൂടി പരിചയപ്പെട്ടപ്പോൾ എനിക്ക് ആരൊക്കെയോ ഉള്ളതുപോലെ ആയി മാറി…. രുചികരമായ ഭക്ഷണം എത്രയോ വട്ടം നീയെനിക്ക് വെച്ചു വിളമ്പി…

അപ്പോളൊക്കെ എനിക്ക് എന്റെ അമ്മയുടെ സാമിപ്യം ആണ് കിട്ടിയത്…. എന്റെ മുഴിഞ്ഞ ഡ്രസ്സ് നീ കഴുകി തന്നപ്പോളൊക്കെ നീയെന്റെ കൂടെപ്പിറപ്പു ആവുകയായിരുന്നു…

എന്റെ സങ്കടങ്ങളിൽ എന്നെ അശ്വസിപ്പിച്ചു കൂടെ നിന്നപ്പോൾ നീയെന്റെ ആത്മാർത്ഥ സുഹൃത്ത് ആയി മാറുകയായിരുന്നു…

ഒഴിവുനേരങ്ങളിൽ നീയെന്നെ വിളിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്യുമ്പോളൊക്കെ എപ്പോളൊക്കേയൊ നിന്നിൽ ഞാൻ എന്റെ കാമുകിയെ കണ്ടു…

പക്ഷെ ഒരിക്കലും നീയൊ ഞാനോ പ്രണയം എന്നൊരു ലോകത്തേക്ക് കടന്നിട്ടേ ഇല്ല… നിന്റെ മനസ്സിൽ അങ്ങനെ ഒരു വിചാരം ഉണ്ടായിരുന്നോ എന്നെനിക്ക് ഇന്നും അറിയില്ല…

എനിക്കറിയാം നിനക്ക് എന്നോടുണ്ടായിരുന്നത് സഹതാപം കൊണ്ടുള്ള ഇഷ്ടം ആയിരുന്നു എന്ന്… ഒരു കാൽ ഇല്ലാത്തവൻ അല്ലെ ഞാൻ..

പക്ഷെ നമ്മുടെ അടുപ്പം പലരിലും സംശയം ജനിപ്പിച്ചു… അങ്ങനെ അത് ഹരിയിലുമെത്തി… നമ്മൾ തെറ്റൊന്നും ചെയ്യുന്നില്ല എന്നിട്ടും നമ്മുടെ ബന്ധത്തെ എല്ലാരും സംശയിക്കുന്നു…

മാറ്റാരുവേണമെങ്കിലും സംശയിച്ചോട്ടെ ഹരിക്ക്‌ നിന്നോടുള്ള വിശ്വാസം നഷ്ടപെടുന്നത് എനിക്ക് സഹിക്കില്ല..

അതുകൊണ്ട് ഞാൻ പോണ് ഈ നാട് വിട്ട്… എങ്ങോട് എന്ന് അറിയില്ല… പക്ഷേ പോയെ പറ്റു… അല്ലെങ്കിൽ ഇത്രയും എന്നെ സ്നേഹിച്ചവരൊക്കെ വെറുക്കും… നിന്റെ ജീവിതവും പോകും..

ഞാൻ ഹരിയോട് കാര്യങ്ങൾ സംസാരിച്ചു ഇന്നലെ രാത്രിയിൽ… അവനു എല്ലാം ബോധ്യം ആയി… നിങ്ങൾ മക്കളൊത്തു സന്തോഷത്തോടെ കഴിയുക… ഇനി ഒരിക്കലും എന്നെ തിരയരുത്..’

എന്ന് പ്രിയപ്പെട്ട കാർത്തി…”അവൾ ആ കത്ത് മടക്കി ബാഗിൽ വെച്ചു റോഡിലേക്കിറങ്ങി…

“മിത്രാ..” ഹരിയുടെ ശബ്‍ദം കേട്ട അവൾ തലയുയർത്തി നോക്കി….കാറിലിരുന്നു ഹരി അവളെ വിളിച്ചു…

ഡോർ തുറന്നു അകത്തേക്ക് കയറിയ മിത്ര ഹരിയുടെ നെഞ്ചിലേക്ക് വീണ് പൊട്ടികരഞ്ഞു… അവൻ അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…

അതെല്ലാം കണ്ടു ആ ലോ ഡ്ജിന്റെ തിണ്ണയിൽ നിന്ന കാർത്തിക്കിന്റെ കണ്ണുകളും നിറഞ്ഞു… അവൻ ക്രചസിൽ ഊന്നി വേഗം മുറി തുറന്നു അകത്തേക്ക് പോയി….

Leave a Reply

Your email address will not be published. Required fields are marked *