രചന: Kannan Saju
” ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ലേ? ” ആ ഫ്ലാറ്റിന്റെ ടോപ്പിൽ രാത്രിയുടെ അന്ധകാരത്തെ ഭേദിക്കുന്ന വെളിച്ചങ്ങളെയും മിന്നി നിൽക്കുന്ന നക്ഷത്രങ്ങളെയും വാസുകിയുടെ മുടിയിഴകൾ തഴുകി ഒഴുകുന്ന കാറ്റിനെയും സാക്ഷിയാക്കി നെഞ്ചുരുകുന്ന വേദനയോടെ അമർ ചോദിച്ചു…..
ചോദ്യം കാതുകളിൽ സ്വീകരിക്കും മുന്നേ മനസ്സിൽ തുളഞ്ഞു കയറിയിരുന്നത് കൊണ്ടാവാം കണ്ണുകൾ പറഞ്ഞതനുസരിക്കാതെ ഒഴുകാൻ തുടങ്ങിയത്…. കാറ്റിൽ പറക്കുന്ന മുടിയിഴകൾ ചെവിക്കു പിന്നിലേക്ക് വലിച്ചു വെച്ചു കൊണ്ടു നിറ കണ്ണുകളോടെ വാസുകി അവനെ നോക്കി…
” ഞാൻ തനിച്ചായിരുന്നു അമർ… നമ്മൾ പരിചയ പെട്ടിട്ടു എത്രയോ വർഷങ്ങൾ… ഭർത്താവില്ലാത്ത ഞാൻ കണ്മുന്നിൽ കണ്ടവരിൽ നിന്നെല്ലാം അവനെയും ചേർത്തു പിടിച്ചു ഓടുക ആയിരുന്നു…
ഒരിക്കൽ പോലും നീ എന്നോട് ഇഷ്ടം പറഞ്ഞിരുന്നില്ല… നിനക്ക് ഇഷ്ടമുള്ളതായി എനിക്കും തോന്നിയിരുന്നില്ല… തോന്നിയിരുന്നെങ്കിൽ എന്നെ ഞാനെന്റെ ഇഷ്ടം പറയുമായിരുന്നു ”
ഒരു ഞെട്ടലോടെ അമർ അവളെ നോക്കി… എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി…” അതെ അമർ… എനിക്കിഷ്ടമായിരുന്നു…. ”
” ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ? “വേദനയോടെ അമർ ചോദിച്ചു” ഹും… വിധവ… മകൻ കല്യാണപ്രായമായി നിക്കുന്നു.. ഇതിനിടയിൽ ഞാൻ നിന്നോടു ഇഷ്ടം പറഞ്ഞാൽ നിന്റെ ചിന്തകൾ എങ്ങനെ ആയിരിക്കും? ”
” ഞാനും അങ്ങനൊന്നും ചിന്തിച്ചിരുന്നില്ല വാസു.. പക്ഷെ നീ മകനും മരുമകൾക്കും ഒപ്പം പോവുന്നു എന്ന് പറഞ്ഞപ്പോൾ എന്തോ പോലെ… അപ്പോഴാണ് ഒരു ചുമരിനപ്പുറം നീ ഇനി ഇല്ലെന്ന തോന്നൽ എന്നെ വേട്ടയാടാൻ പോവുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്… എന്നും നീ
കോളേജിലെക്കു ഇറങ്ങുമ്പോൾ നിന്റെ ഒഴുകി കിടക്കുന്ന സാരിയും വട്ടത്തിലുള്ള വലിയ പൊട്ടുകളും കാറ്റിൽ പറന്നു നടക്കുന്ന മുടിയിഴകളും കണ്ടു കൊണ്ടായിരുന്നു എന്റെ ഒരു ദിവസം ആരംഭിച്ചിരുന്നു.. പക്ഷെ അതിനു
ജീവിതത്തിൽ ഇത്രയും സ്വാധീനം ഉണ്ടന്ന് നീ പഠിപ്പിക്കൽ അവസാനിപ്പിച്ച് മകനൊപ്പം പോവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയപ്പോൾ ആണ് എനിക്ക് മനസ്സിലായത് വാസു ”
” ഒറ്റയ്ക്ക് ഞാൻ കഴിഞ്ഞ രാത്രികളിൽ നിങ്ങൾ എത്രയോ തവണ എനിക്കൊപ്പം ഡിന്നർ കഴിച്ചിരുന്നു… ഒരിക്കലും നോട്ടം കൊണ്ടു പോലും നിങ്ങളെനിക്ക് ഒരു സൂചന തന്നില്ലല്ലോ? ”
” അന്ന് അങ്ങനൊന്നും ചിന്തിച്ചിരുന്നില്ല വാസു… നിന്റെ ഒപ്പം ഉള്ള നിമിഷങ്ങളിൽ അനാഥത്വം എന്നെ വേട്ടയാടിയില്ല… കൺമുന്നിൽ മരിച്ചു വീണ റുബീനയും മോളും ഇല്ലെന്ന സത്യം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നു.. നീ
ഒന്നൊന്നായി ഓരോന്നും വിവരിക്കുമ്പോൾ അത് കേട്ടിരിക്കാൻ ഞാൻ കൊതിച്ചു.. നിന്റെ കണ്ണുകളിൽ ഉള്ള തിളക്കം കണ്ടു കൊണ്ടിരിക്കണം എന്ന് എനിക്ക് എപ്പോഴും തോന്നി… അത് പ്രണയമായിരുന്നു എന്ന് നീ പോവുന്നു എന്ന് പറഞ്ഞപ്പോൾ ആണ് വാസു ഞാനറിയുന്നത്.. ”
” നിങ്ങളുടെ സാമിപ്യം എന്നെയും സന്തോഷപ്പെടുത്തിയിരുന്നു… മുൻവിധികൾ ഇല്ലാതെ മറ്റാരും എന്നെ കേട്ടിരുന്നിട്ടില്ല… എന്നിട്ടും നിങ്ങളോടു പറയാൻ എനിക്ക് ഭയമായിരുന്നു ”
” മരിച്ചു പോയ ഭർത്താവിനെ ഓർത്തിട്ടാണോ? “” ഒരിക്കലും അല്ല.. അദ്ദേഹം പോയി.. അതൊരു സത്യമാണ്…. അദ്ദേഹം നൽകിയ നല്ല നിമിഷങ്ങളും എന്റെ മോനും അല്ലാതെ വരും കാല ജീവിതങ്ങളിൽ ഇനി അദ്ദേഹം ഇല്ലെന്നത് ഒരു സത്യമാണ് അമർ ”
” ഞാൻ ഇഷ്ടം പറഞ്ഞിരുന്നെങ്കിലോ? ” വാസുകി മൗനം പാലിച്ചു” ചിന്തിച്ചിരുന്നോ? ഒരു പക്ഷെ ഞാൻ ഇഷ്ടം പറഞ്ഞിരുന്നെങ്കിലോ? ”
” എന്റെ മനസ്സും ശരീരവും എന്നെ മനസ്സിലാക്കുന്ന ഒരാളെ കൊതിച്ചിരുന്നു അമർ “അമർ അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി…
” ഇരുപത്തി രണ്ട് വര്ഷം ! ഈ ഇരുപത്തി രണ്ട് വര്ഷം എന്റെ സമ്മതത്തോടെ ഒരാൾ പോലും എന്നെ തൊട്ടിട്ടില്ല.. ഒരുപക്ഷെ നീ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്നെ തന്നെ നിനക്ക് ഞാൻ തരുമായിരുന്നു അമർ ”
ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..” നീ എന്നെ കേട്ടിരുന്ന നിമിഷങ്ങളിൽ ഒരു തലോടിലനായി ഞാൻ കൊതിച്ചിട്ടുണ്ട്.. എന്റെ വിഷമങ്ങൾ നിന്റെ നെഞ്ചിൽ കരഞ്ഞു തീർക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്… പക്ഷെ, വിധവ.. അമ്മ… ഒരുപാട് മതിലുകൾ എന്നെ
തളച്ചിട്ടു.. ഒരുപക്ഷെ നീ എന്റെ ശരീരത്തെ മാത്രം പ്രണയിച്ചാലോ എന്ന് ഞാൻ ഭയന്നു.. നാളെ മകൻ ഇത് അറിയുമ്പോൾ എന്താകും എന്ന് ഞാൻ ഭയന്നു… എല്ലാം ഉള്ളിൽ ഒതുക്കി.. എനിക്ക് വേണ്ടത് ആരെങ്കിലും ആയിരുന്നില്ല… ഞാൻ ഇഷ്ട്ടപെടുന്നവനും എന്നെ ഇഷ്ടപ്പെടുന്നവനും ആയിരുന്നു… ”
” നെഞ്ചിൽ തീ കോരി ഇട്ടിട്ടാണല്ലോ വാസു നീ പോകാൻ പോവുന്നെ… ” അവന്റെ കൈകൾ വിറക്കുവാൻ തുടങ്ങി…
” ചില പ്രണയങ്ങളും ചില ജീവിതങ്ങളും അങ്ങനാണ് അമർ…. അത് മറ്റുള്ളവർക്ക് വേണ്ടി ഹോമിക്ക പെടും… നീ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്.. പക്ഷെ അനുഭവിക്കാൻ എനിക്കും നിനക്കും യോഗമില്ലാതെ ആയി പോയി…
നാളെ ഈ സമയം ഞാൻ അതിർത്തികൾ കടന്നു പോവുകയായിരിക്കും.. ഒരിക്കലും ഇനി കാണുക എന്നൊന്ന് ഉണ്ടാവില്ല.. ഈ മോഹം ഉള്ളിൽ എരിഞ്ഞടങ്ങട്ടെ അമർ ”
” ആഹാ കൂട്ടുകാരു രണ്ടും ഇവിടെ വന്നു നീക്കുവാണോ ? താഴെ എല്ലാവരും വന്നു ” മരുമകൾ മുകളിൽ എത്തി പറഞ്ഞു…
താഴെ യാത്രയയപ്പു പരിപാടികൾ ആരംഭിച്ചു.. ഫ്ലാറ്റിൽ ഉള്ളവർ എല്ലാം സമ്മാനങ്ങൾ നൽകി.. പലരും പിണക്കങ്ങൾ പറഞ്ഞു മാറ്റി…
ഒരു മൂലയിൽ ഒന്നും മിണ്ടാതെ അമർ ഇരുന്നു… യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ ഒരു പാവക്കുട്ടിയെ പോലെ വാസുകിയും….
അരങ്ങൊഴിഞ്ഞു… ഒരു ഭിത്തിക്ക് അപ്പുറവും ഇപ്പുറവും ഇരുവരും കരഞ്ഞു കൊണ്ടു ചാരി ഇരുന്നു….
കണ്ണൻ വന്നു ലൈറ്റ് ഇട്ടു..” അമ്മ ഇനി ഉറങ്ങാൻ സമയം ഇല്ലല്ലോ ? “അവൾ നിലത്തു നിന്നും എഴുന്നേറ്റു…” ഇതെന്ന നിലത്തിരുന്നേ? ”
” ഏയ് ഒന്നുല്ല… ഇനി ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ… അതാ “” ഈ വീട് വിട്ടു പോവുന്നതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടല്ലേ ? “” ഉം ”
” കണ്ണേട്ടാ ആ ബാഗ് ഒന്നടക്കാൻ ഹെല്പ് ചെയ്യുവോ? ” ഭാര്യ അരികിലേക്ക് വന്നു…വാസുകിയുടെ ഫോൺ ബീപ്പ് ചെയ്തു” പോവാതിരിക്കാൻ പറ്റുമോ വാസു? ”
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു…. അമർ അത് പറയണ്ടായിരുന്നു എന്ന് അവൾ ചിന്തിച്ചു…
” ഞാനെന്തു മറുപടി പറയും അമർ ! എന്റെ മോൻ… സമൂഹം… ഞാൻ കാരണം അവന്റെ ജീവിതം ഇല്ലാതാവരുത് അമർ ”
” ഇനിയുമൊരു ജന്മം ഉണ്ടങ്കിൽ എന്ന് തോന്നി പോവുന്നു വാസു “പോവാൻ സമയമായി
” അങ്കിള് വരുന്നില്ലേ എയർപോർട്ടിലേക്ക്? ” കണ്ണന്റെ ചോദ്യം കേട്ടു വാസുകി അമറിനെ നോക്കി
” ഇല്ല.. ഞാൻ വരുന്നില്ല…. നല്ല തലവേദന.. “” അപ്പൊ ശരി അങ്കിൾ… ” കണ്ണൻ അമറിന്റെ കൈകളിലേക്ക് ഒരു കവർ കൊടുത്തു..
” ഡോക്യൂമെന്റസ് എല്ലാം ഇതിൽ ഉണ്ട്… സെയിൽ ആയി കഴിഞ്ഞു അങ്കിൾ പണം അയച്ചാ മതി “” ഉം ”
അമർ നോക്കി നിക്കേ അവർ കാറിൽ കയറി… കയറും മുന്നേ വാസുകി അവസാനമായി ഒരു നോട്ടം നോക്കി
” മരണത്തനു മാത്രമായിരിക്കും ഇനി നമ്മെ ഒന്നിപ്പിക്കാൻ കഴിയുക അല്ലേ അമർ ” എന്ന് അവൾ ചോദിക്കുന്ന പോലെ അവനു തോന്നി.. അവൻ നോക്കി നിക്കേ വണ്ടി വിദൂരതയിൽ മറഞ്ഞു… ഒരു തേങ്ങലോടെ അകത്തു കയറിയ അമർ പൊട്ടി കരഞ്ഞു….
ഇനി ഒരിക്കലും അവളെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് അവനു ഭ്രാന്ത് പിടിച്ചു… പല്ലുകൾ കടിച്ചു ഒരു ഭ്രാന്തനെ പോലെ കരഞ്ഞു കൊണ്ടു അവൻ നിലത്തേക്കിരുന്നു…
ദേഷ്യത്തിൽ കയ്യിലിരുന്ന കവർ വലിച്ചെറിഞ്ഞു… അതിൽ നിന്നും പുറത്തു വീണ പേപ്പറുകൾക്കു ഇടയിൽ ഒരു പാസ്‌പോർട്ടും ഉണ്ടായിരുന്നു… അവൻ ചാടി എണീറ്റു പാസ്പോര്ട് നോക്കി…
” അയ്യോ… വാസുകിയുടെ പാസ്പോര്ട് ! “അവൻ വേഗത്തിൽ വാതിൽ തുറന്നു പുറത്തേക്കിറങ്ങി… കയ്യിൽ ഫോണെടുത്തു..
എയർപോർട്ടിൽ വണ്ടി നിന്നു.. കാറിൽ നിന്നും മൂവരും ഇറങ്ങി…..ഒന്നും മിണ്ടാതെ നിക്കുന്ന വാസുകിയെ കണ്ണനും ഭാര്യയും നോക്കി…
” അമ്മക്കെന്താ പറ്റ്യേ? അമർ അങ്കിൾ വരാത്തതിന്റെ വിഷമം ആണോ? “ഞെട്ടലോടെ മരുമോളുടെ ചോദ്യം കെട്ട വാസുകി ഇരുവരെയും അതിശയത്തോടെ നോക്കി..
” എന്റമ്മ.. അമ്മ ഇവിടെ ഒറ്റക്കാണല്ലോ എന്നോര്ത്താണ് അമ്മയെ കൂട്ടാൻ ഞങ്ങൾ വന്നത്.. അമ്മക്ക് ഇവിടെ ഒരു കൂട്ടുണ്ടങ്കിൽ പിന്നെ അവിടെ വന്നു വിഷമിച്ചിരിക്കണോ? എവിടെ ആയിരുന്നാലും എന്റെ അമ്മ
സന്തോഷമായി ഇരിക്കണം.. ഇത്രയും വര്ഷം സ്വയം മറന്നു ഓടിയതല്ലേ ? ചെല്ല്.. അമർ അങ്കിൾ അവിടെ കാത്തിരിക്കുന്നുണ്ടാവും അമ്മയുടെ പാസ്‌പോർട്ടുമായി…. “” കണ്ണാ ”
” അയ്യേ.. കണ്ണീർ നാടകം ഒന്നും വേണ്ട.. ഇന്നലെ നിങ്ങൾ സംസാരിച്ചത് മുഴുവൻ ഇവൾ കേട്ടിരുന്നു.. ഇത് ഞങ്ങൾ നല്ല പോലെ ആലോചിച്ചു എടുത്ത തീരുമാനം ആണ്.. ഞങ്ങൾക്ക് രണ്ടാൾക്കും പ്രശ്നം ഇല്ലങ്കിൽ പിന്നെ ആർക്കണമ്മ? തുണക്കു പ്രായം ഒന്നും ഇല്ല.. ഞങ്ങക്ക് തരാൻ
പറ്റുന്ന സ്നേഹവും അങ്കിളിനു തരാൻ പറ്റുന്ന സ്നേഹവും രണ്ടാണ്.. ഇനിയുള്ള കാലം അമ്മക്ക് വേണ്ടി ജീവിക്കു.. ആരെയും പേടിക്കാതെ അദേഹത്തിന്റെ കൈ പിടിച്ചു ഒന്നും ഒളിക്കാൻ ഇല്ലാതെ അദേഹത്തിന്റെ മാത്രമായി ജീവിക്കു.. ഇടയ്ക്കു സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ ഞങ്ങൾ വരും… ”
പറഞ്ഞു തീർന്നതും അമർ പാസ്‌പോർട്ടുമായി ഓടി എത്തി….അമർ മൂവരെയും മാറി മാറി നോക്കി…കണ്ണൻ ഒന്നും മിണ്ടാതെ ഒരു ചിരിയോടെ അവനെ കെട്ടിപിടിച്ചു…..” അമ്മയെ നോക്കിക്കോളണം… “അമറിന്റെ കണ്ണുകൾ നിറഞ്ഞു…
” ഇനിയും നിന്നാൽ ഞാനും കരയും.. പോവാണ് അങ്കിൾ ” കണ്ണുകൾ നിറഞ്ഞു കൊണ്ടു അവളുടെ കയ്യും പിടിച്ചു ബാഗുമായി കണ്ണൻ അകത്തേക്ക് നടന്നു
അമറും വാസുകിയും പരസ്പരം നോക്കിഒരു കരച്ചിലോടെ അവൾ അമറിനെ വന്നു കെട്ടിപിടിച്ചു… അമർ അവളെ ചേർത്തു പിടിച്ചു..
” ഒരമ്മയായി നിന്നെ പോലെ വിജയിക്കാൻ ആർക്കു കഴിയും വാസു … ഇതുപോലെ ഒരു മകൻ സ്വപ്നമാണ് . ” അമർ അവളുടെ നിറുകയിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു..
ഇരുവരും ദൂരേക്ക് നോക്കി… കണ്ണൻ ഒരു ചിരിയോടെ അവർക്ക് നേരെ കൈ വീശി…