രചന: Pratheesh
രാവിലെ മകന്റെ മുറിയിൽ വെളിച്ചവും
കൂടെ വാതിലും ചെറുതായി തുറന്നു കിടക്കുന്നതു കണ്ട് അങ്ങോട്ടു ചെന്നു നോക്കിയ അവന്റെ അമ്മ കാണുന്നത്….,
രക്തം തളം കെട്ടിയ കൈകളാൽ തറയിൽ ബോധശൂന്യനായി കിടക്കുന്ന സ്വന്തം മകനെയാണ്……..!
അതു കണ്ടതും
അവരുടെ നിലവിളി വലിയ ശബ്ദത്തിൽ അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചതും ചുറ്റുമുള്ളവരെല്ലാം ഒാടി കൂടി പെട്ടന്നു തന്നെ അവനെ വാരിയെടുത്ത് ഹോസ്പ്പിറ്റലിൽ എത്തിക്കാനായി കാറിലേക്ക് കയറ്റാൻ ശ്രമിക്കവേ,
അതു കണ്ട് സഹായത്തിനായി അങ്ങോട്ടോടി വന്ന ജോസഫേട്ടൻ പെട്ടന്നു തന്നെ അവന്റെ ശരീരം പിടിച്ച് കാറിനുള്ളിലേക്ക് കയറ്റി വെച്ചതും ആ ശരീരത്തിന്റെ തണുപ്പു കണ്ട് അതുവരെ അവനെ താങ്ങി വന്നവരെ നോക്കിയ ഒരു നോട്ടമുണ്ട്,
അതു കണ്ട് അവരും യാതൊരു സാധ്യതയും ഇല്ലെന്ന വിധത്തിൽ തലയാട്ടിയതും അതെല്ലാം കണ്ട് അവന്റെമ്മയുടെ ഉള്ള ജീവനും അവസാനിച്ച പോലെയായി…,
പിന്നീടുള്ള ആ കാർ യാത്രയിൽ ഹോസ്പ്പിറ്റലിൽ എത്തും വരെ
അവരിൽ നിന്നും അടർന്നു വീണത് കണ്ണീരായിരുന്നില്ല,
രക്തം തന്നെയായിരുന്നു……!
ആ യാത്രയിൽ അവർ ദൈവത്തെ വിളിച്ചപേക്ഷിച്ച പോലെ ജീവിതത്തിലൊരിക്കലും അവർ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല,
കാരണം നാലു വർഷം മുന്നേ മരിച്ച ഭർത്താവിന്റെ വിയോഗത്തിൽ നിന്നു കരകയറി വരുന്ന തന്നോട് തന്റെ ഏക മകനോ ദൈവമോ ഒരിക്കലും ഇങ്ങനെ ഒരു ചതി ചെയ്യുമെന്നവർ കരുതിയിരുന്നില്ല…..,
അവനെ കയറ്റിയ ഐ സി യു വിനു മുന്നിലെ കസേരയിലിരിക്കുമ്പോഴും തീക്കനലിൽ ചവിട്ടി നിൽക്കും പോലെ അകവും പുറവും ഒന്നാകെ വിയർത്തു കൊണ്ടെയിരുന്നു….,
ആരോക്കയോ
അവരെ ആശ്വസിപ്പിക്കാനായി അവർക്കിരുവശത്തും ഇരിക്കുന്നുണ്ടായിരുന്നെങ്കിലും
അവർ എന്തോക്കയോ പറയുന്നുണ്ടായിരുന്നെങ്കിലും ആ വാക്കുകളൊന്നും അന്നേരം അവർക്ക് ആശ്വാസകരമായിരുന്നില്ല..,
അവരെയും കൊണ്ടു കൂടെ വന്ന ആണുങ്ങളും ഇരിപ്പുറക്കാതെ ഐ സി യു വിനു മുന്നിൽ കിടന്നു നടക്കുന്നുണ്ടായിരുന്നു അവരെ ഭയപ്പെടുത്തുന്നതും അവനെ കൊണ്ടു വരുമ്പോൾ അവനു ശ്വാസമോ അവന്റെ കൈയ്യിൽ പൾസോ ഒട്ടും ഇല്ലായിരുന്നു എന്നതാണ്…,
എന്നിട്ടും അവസാനം അവന്റെമ്മയുടെ ഹൃദയമുരുകി വീണ കണ്ണീർ കണങ്ങൾക്കു മുന്നിൽ ദൈവം ക്രൂരത കാട്ടിയില്ല ശാസ്ത്രത്തിന്റെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ഈശ്വരനവനു ആയുസ് നീട്ടി കൊടുത്തു….!
അപകടമൊന്നുമില്ലായെന്ന് ഡോക്ടറുടെ നാവിൽ നിന്നു കേട്ട ശേഷമാണ് അവന്റെമ്മയുടെ നല്ല ജീവൻ അവരിലെക്ക് തിരിച്ചു വന്നത്…,
അതിനിടയിൽ മകന്റെ പോക്കറ്റിൽ
നിന്നു കിട്ടിയതാണു എന്നു പറഞ്ഞ് അവനെഴുതിയ ഒരു സൂയ്സൈഡ് നോട്ട് ഡോക്ടർ അവരുടെ കൈയ്യിൽ വെച്ചു കൊടുത്തു.,
അതു വാങ്ങുമ്പോൾ അവരുടെ വിരലുകളെ പോലെ മനസും വിറക്കുന്നുണ്ടായിരുന്നു..,
അന്നേരം അതൊന്നു തുറന്നു നോക്കാനുള്ള മനോബലം പോലും അവർക്കില്ലായിരുന്നു എന്നാൽ അതോടൊപ്പം അതിനകത്തെന്താണെന്നറിയാൻ അവരുടെ മനസ് വെമ്പൽ കൊള്ളുന്നുമുണ്ടായിരുന്നു….,
അപകടനില തരണം ചെയ്തതോടെ കൂട്ടത്തിലൊരാൾ ഒരു കാപ്പി വാങ്ങി കൊണ്ടു വന്ന് നിർബന്ധപ്പൂർവ്വം
അവരുടെ കൈയ്യിലേൽപ്പിച്ചു..,
തുടർന്ന് കൂട്ടത്തിലൊരു സ്ത്രീയെ അവരോടൊപ്പം നിർത്തി ബാക്കിയുള്ളവരെല്ലാം വൈകിട്ടു വരാമെന്നു പറഞ്ഞു തിരിച്ചു പോയി….!
ആ സൂയ്സൈഡ് നോട്ട് അപ്പോഴും അവരുടെ മനസിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു..,
പതിയെ മനോബലത്തെ മനസു മറി കടന്നതോടെ വിറപൂണ്ട വിരലുകളോടെ അവർ ആ എഴുത്തു തുറന്നു…,ആ കത്ത് അവർക്കു തന്നെ എഴുതപ്പെട്ടതായിരുന്നു….!
അമ്മേ…..,
നിങ്ങൾ രണ്ടു പേരെയും
ഞാൻ ഒരേ പോലെയാണു ഞാൻ സ്നേഹിച്ചത്..,
പീന്നീടെപ്പോഴൊ ഞാനവളെ അമ്മയേക്കാൾ കുറച്ചു കൂടുതലായി സ്നേഹിച്ചു പോയി…,
ഞാനമ്മയേക്കാൾ കൂടുതലായി അവളെ സ്നേഹിച്ചത് തെറ്റാണെങ്കിൽ അമ്മ എന്നോടു ക്ഷമിക്കുക…,
എന്നിട്ടും,
ഇന്നവൾ വീട്ടുക്കാർ പറയുന്നതേ കേൾക്കാനാവൂ എന്നു വാശിപ്പിടിക്കുമ്പോൾ, ഇക്കാലമത്രയും അവൾ എന്നോടു കാണിച്ച സ്നേഹം ഒരു നേരം പോക്കു മാത്രമാണെന്നു മനസിലാവുമ്പോൾ എല്ലാം കൊണ്ടും ഞാൻ ഒന്നുമല്ലാത്തവനേപ്പോലെയായി….,
ഒരു ദിവസം പെട്ടന്ന് ഒറ്റപ്പെട്ടു പോകുന്നതിന്റെ വേദന അതു പറഞ്ഞാൽ ആർക്കും മനസിലാവില്ല…,
അവൾക്കറിയാം,
ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാനവളെ സ്നേഹിക്കുന്നുണ്ടെന്ന്….,
അവളുടെ കാലിലൊരു മുള്ളു കൊള്ളുന്നതു പോലും സഹിക്കാനാവാത്ത എന്നോട് അവൾ തന്നെ അവളുടെ തനിഷ്ടപ്രകാരം അവളെ മറ്റൊരാൾക്കു നൽകുകയാണെന്നു പറഞ്ഞപ്പോൾ എനിക്കതു സഹിക്കാനായില്ല…..,
നാളിതു വരെ ഞാനവളെ എന്റെതു മാത്രമായി കണ്ടു സ്നേഹിച്ചത്,
അവൾ മറ്റൊരാളുടെതായി കാണാനല്ലല്ലോ അമ്മേ…..?
എന്നിട്ടും,
കൈയെത്തും ദൂരത്ത് എല്ലാം കൈവിട്ടു പോയപ്പോൾ അതു വരെ കണ്ടതെല്ലാം വെറും പാഴ്ക്കിനാക്കൾ മാത്രമായിരുന്നു എന്ന തിരിച്ചറിവ്,
എന്റെ മുന്നിൽ അന്നേരം മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ലായിരുന്നു…,അമ്മ ഈ മകന്നോടു ക്ഷമിക്കുക…!
ആ കത്തവസാനിച്ചതോടെ ഒരു കാര്യം അവർക്കു മനസിലായി…,രക്തബന്ധത്തേക്കാൾ വിലയുണ്ട്,ഒരു പെണ്ണിന്റെ നഷ്ടത്തിനെന്ന്
ഒരാളുടെ ഹൃദയം ശുദ്ധവും,
അയാളുടെ പ്രണയം സത്യസന്ധവുമാണെങ്കിൽ,
ആ പെണ്ണിന്റെ വാക്കുകൾക്ക് അവൻ കൽപ്പിച്ചിട്ടുള്ള വില അതു സ്വന്തം ജീവൻ തന്നെയാണെന്ന്… ”
ഇതെല്ലാം ഒാർത്തെങ്കിലും
അവരിലേക്ക് അപ്പോൾ മിഴിതുറന്നത് മറ്റൊരു കാര്യമായിരുന്നു….,
മുപ്പതു വർഷം മുന്നേയുള്ള സ്വന്തം ജീവിതം തന്നെ…!അന്നത്തെ ആ കോളേജ് കാലം അവരിലേക്ക് പതിയെ ഇറങ്ങി വന്നു…,
അന്ന് ആ കോളേജിന്റെ വസന്തമായിരുന്നു ഹരി, മുഴുവൻ സമയവും കലയും സാഹിത്യവും കഥയും കവിതയുമായി നടക്കുന്ന ഒരു സ്വപ്നജീവി….!
ആ കോളേജിലെ സകല പെൺക്കുട്ടികളുടെയും ഹൃദയേശ്വരനായിരുന്നു കക്ഷി….!
പക്ഷെ എനിക്കെന്തോ അയാളോട് അത്ര വലിയ താൽപ്പര്യം ഒന്നും തോന്നിയില്ല…, ഇതിനും മാത്രം എന്തു പ്രത്യേകതയാണ് അവർക്ക്…?
എന്നതായിരുന്നു എന്റെ ചിന്തകൾ…!
എന്നാൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ അവരുടെ ഒരു കവിത അച്ചടിച്ചു വന്നതു മുതൽ അധ്യാപകർ പോലും തികഞ്ഞ ബഹുമാനത്തോടെ അവരെ കാണാൻ തുടങ്ങിയതോടെ…..,
പലരും വരും തലമുറയിലെ വയലാറായി അവരെ പ്രതിഷ്ഠിക്കാൻ തുടങ്ങിയതോടെ എന്നിലെ കാമുകിക്കും ഇളക്കം തട്ടി തുടങ്ങി…,
അതോടെ എന്റെ കണ്ണുകളും അവരിലെക്ക് സദാസഞ്ചരിക്കാൻ തുടങ്ങി..,
എന്നാൽ അവർ അവർക്കു പരിചയമുള്ളവരോടല്ലാതെ മറ്റാരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു..,
പണ്ടു തൊട്ടെ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും പക്ഷെ അവർ എന്തോ ആരോടും പ്രണയാർദ്രമായ ഒരടുപ്പം കാണിച്ചില്ല…..!
അതു തന്നെയായിരുന്നു എനിക്കും അവർക്കുള്ളിലെക്ക് കടന്നു ചെല്ലാനുള്ള പ്രധാന തടസ്സവും, വഴിയും..,
അതു കൊണ്ടു തന്നെ എന്റെ മുന്നിലുള്ള ടാർഗറ്റ് വളരെ വലുതായിരുന്നു.,
കാര്യങ്ങൾ വിചാരിക്കും പോലെ അത്ര എളുപ്പമല്ല എന്നു മനസിലായതോടെ എന്റെ കുരുട്ടു ബുദ്ധികൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തനം ആരംഭിച്ചു തുടർന്ന് ഒരു ബുദ്ധി തെളിഞ്ഞു,
അതു പ്രകാരം എന്റെ മുഖം അവരുടെ മനസിൽ പതിയുകയാണ് ആദ്യം വേണ്ടതെന്നു ഞാൻ മനസിലാക്കി തുടർന്ന് അവരുടെ സ്ഥിരമായുള്ള പോക്കു വരവുകളെ പിൻതുടർന്നു കണ്ടു പിടിച്ച്
അവരേക്കാൾ മുന്നേ അവിടെയെത്തി അവർക്കെതിരെ കടന്നു പോകുക എന്നതായിരുന്നു ഞാൻ സ്വീകരിച്ച മാർഗ്ഗം അപ്പോൾ അവർ കൃത്യമായും എന്റെ മുഖം കാണും..,
അതു ഏറെ കുറെ വിജയിച്ചെന്നു പറയാം അവർ കോളേജിൽ വെച്ചെന്നെ ഒന്നു രണ്ടു തവണ കണ്ടപ്പോൾ മുഖമുയർത്തി അതു ഞാൻ തന്നെയല്ലെ എന്നു സംശയം തീർക്കാൻ ശ്രമിച്ചതോടെ അവരെന്നെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു എന്നെനിക്കു മനസിലായി…,
എന്നാൽ അധികം താമസിയാതെ തന്നെ അവരെന്റെ കള്ളത്തരം കൈയോടെ പിടികൂടി……!അവരെന്നോടു ചോദിച്ചു..,
കുട്ടി,
കുറച്ചു ദിവസായല്ലൊ എന്റെ പിന്നാലെ കൂടിയിട്ട് എന്താ ഉദേശം….? ?എനിക്കിഷ്ടമാണെന്ന് ഞാൻ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു…..!
അതു കേട്ടതും അവരെന്നോട് പറഞ്ഞു..,കുട്ടി..,ഈ കോളേജിലെ എന്നെയറിയുന്ന എല്ലാവർക്കും അറിയാം എനിക്ക് പ്രണയത്തിൽ വിശ്വാസം ഇല്ലായെന്ന്….!
അതെന്താ വിശ്വാസം ഇല്ലാത്തത്….?
തിരിച്ചു ഞാനും ചോദിച്ചു.,അതിനവരുടെ മറുപടി,
പ്രണയം എഴുതാനും വായിക്കുവാനും മാത്രമേ കൊള്ളൂ.,
പുസ്തകത്തിൽ മാത്രമാണവ സുന്ദരം.,
ജീവിതത്തിൽ അവ എന്നും വേദനകൾ മാത്രമേ നൽകാറുള്ളൂ….!
അതെന്താണ് എന്ന എന്റെ ചോദ്യത്തിന് അയാൾ പറഞ്ഞു….,പെണ്ണു ചതിക്കും…..!!!അതെന്താ ആണു ചതിക്കില്ലെ….? ? ?വിട്ടു കൊടുക്കാൻ ഞാനും തയ്യാറായില്ല….!
എന്നാൽ
അതിനവൻ പറഞ്ഞ മറുപടിക്ക് എവിടെയൊക്കയോ ഒരു ശരിയുണ്ടായിരുന്നു അതൊടെ ഞാൻ പിന്നൊന്നും പറഞ്ഞില്ല….!
പക്ഷെ…,
അവരിൽ നിന്നു തിരിഞ്ഞു നടന്ന ഞാൻ രണ്ടടി മുന്നോട്ടു വെച്ച ശേഷം ഒന്നു നിന്ന് പിന്നെയും അവരിലെക്ക് തിരിഞ്ഞു നിന്നു കൊണ്ട് അവരെ നോക്കി മുഖമൊന്നു കനപ്പിച്ച് അവരോടു പറഞ്ഞു…,
അതെ…..?
ഞാൻ കുട്ടിയൊന്നുമല്ല…..!നല്ല ഒന്നാന്തരം പ്രായപൂർത്തിയായ പെണ്ണു തന്നെയാണ്…..!
കുട്ടിയാണത്രെ……? കുട്ടി…! ഹം……..!!പെട്ടന്നതു കേട്ടതും അവർ ചിരിച്ചു…,എന്നെ കുട്ടിയെന്നു വിളിച്ചതിലെ ഈർഷയും ദേഷ്യവും പരിഭവവും സങ്കടവും കലർന്ന ഭാവങ്ങളും അന്നേരത്തെ ദേഷ്യംപൂണ്ട എന്റെ മുഖവും ആ പറച്ചിലും കൂടിയായപ്പോൾ ആ
ഭാവങ്ങളോടൊത്ത് എന്റെ മുഖവും ആ നിമിഷം അവരുടെ മനസിൽ വല്ലാതൊരു അപൂർവ്വത സൃഷ്ടിച്ചു…,അതു പ്രണയമായി മാറാൻ വലിയ താമസമുണ്ടായില്ല..,
ആ സമയത്തെ എന്റെ വാക്കുകൾക്കും ഭാവങ്ങൾക്കും പ്രകടനങ്ങൾക്കും ഒരാളുടെ മനസു കീഴടക്കാനുള്ള ശക്തിയുണ്ടായിരുന്നെന്ന് രണ്ടു ദിവസത്തിനകം തന്നെ എനിക്കു മനസിലായി…,
രണ്ടാം ദിവസം അവന്റെ ഒരു സുഹൃത്ത് അവൻ എന്നെ ഏൽപ്പിക്കാൻ പറഞ്ഞതാണെന്നു പറഞ്ഞ് ഒരു പൊതി എനിക്കു തന്നു ഞാനതു വാങ്ങി തുറന്നു നോക്കിയതും അതൊരു പുസ്തകമായിരുന്നു,
ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന മലയാളത്തിലെ ക്ലാസിക്ക് നോവൽ…,
അതിലവരുടെ പേരെഴുതിയിരുന്നു…,
അങ്ങിനെ ഞങ്ങൾക്കിടയിലെ ആദ്യപ്രണയോപഹാരം കൈമാറപ്പെട്ടു.,പിന്നെ തുടർന്നുള്ള മൂന്നു വർഷം ക്യാമ്പസ് മുഴുവൻ അസൂയയോടെ നോക്കി ആസ്വദിച്ച പ്രണയം ഞങ്ങളുടെതായിരുന്നു..,
അക്കാലങ്ങളിലെ എന്റെ ഏറ്റവും വലിയ വിനോദം ഒഴിവുള്ള സമയങ്ങളിലെല്ലാം ക്യാമ്പസിലെ മറ്റാരുടെയും കണ്ണെത്താത്ത ഇടങ്ങളിൽ അവരുടെ മടിയിൽ കിടന്ന് അവർ വായിച്ചു തരുന്ന കഥയും കവിതയും കേൾക്കുക എന്നതായിരുന്നു….,
തലയിൽ ഒരു ഭാരങ്ങളുമില്ലാതെ സങ്കൽപ്പങ്ങളുടെ ഒരു മായാലോകത്ത് ജീവിക്കുക അതായിരുന്നു അന്നത്തെ സന്തോഷം….!
എന്നാൽ
പെട്ടന്നൊരു ദിവസം എല്ലാം തകിടം മറിഞ്ഞു, ആഴ്ച്ചയവധിക്ക് നാട്ടിലെത്തിയ ആ ഞായറാഴ്ച്ച അപ്രതീക്ഷിതമായി എന്റെ പെണ്ണു കാണൽ നടന്നു, വന്നവർക്കെല്ലാം എന്നെ ബോധിച്ചതോടെ വീട്ടുക്കാർ അതു ഉറപ്പിച്ച പോലെയായി അതോടെ എന്റെ കാര്യം പരുങ്ങലിലായി…,
എന്തു ചെയ്യണമെന്ന ഒരുപാടു നേരത്തെ ആലോചനക്കു ശേഷം എനിക്ക് മനസിലായി
വീട്ടുക്കാരെ എതിർത്ത് അവരുടെ കൂടെ പോയാൽ ജീവിതം അത്ര സുഖകരമാവില്ലെന്നും,
ഒരുപാടു കഷ്ടപാടുകൾ അതിനു വേണ്ടി സഹിക്കേണ്ടി വരുമെന്നും……!
അതോടെ
എന്നിലെ പ്രണയമെല്ലാം എന്നിൽ ആറി തണുത്തു ”
തുടർന്ന് ഞാനവർക്കൊരു കത്തെഴുതി എനിക്ക് മറ്റു മാർഗ്ഗങ്ങൾ ഇല്ലായെന്നും ”
അടുത്ത ജന്മം ആരെതിർത്താലും ഒന്നായി നമ്മൾ ജീവിക്കും ”
എന്നും അവനോട് പറഞ്ഞു കൊണ്ട്,
എന്നിട്ട് അതവനു കൊടുക്കാൻ കൂട്ടുക്കാരിയേ ഏൽപ്പിച്ചു…,അവനെ നേരിൽ കാണേണ്ടി വന്നാലോ എന്ന ഭയം ഞാൻ വീടു വിട്ടു പുറത്തിറങ്ങിയില്ല.,
വിവാഹം കഴിഞ്ഞതോടെ പിന്നീടൊരിക്കലും ഞാനവനെ ഒാർക്കാനോ കാണാനോ ശ്രമിച്ചില്ല പതിയെ അവനും ആ കാലവും വിസ്മൃതിയിലാണ്ടു പോയി……!
അവർ പഴയ ഒാർമ്മകളിൽ നിന്നുണരുമ്പോഴും ആ സൂയ്സൈഡ് നോട്ട് അവരുടെ കൈകളിൽ ഇരുന്നു വിറക്കുന്നുണ്ടായിരുന്നു….,
അന്നേരം ഒരു കാര്യം
അവർക്കു പകൽ പോലെ വ്യക്തമായി…,കാലം ഒന്നും മറന്നിട്ടില്ല…!
കാലം ഒന്നും മറക്കുകയുമില്ല…!
കാലം എല്ലാം ക്ഷമയോടെ കാത്തു വെക്കുന്നു….!
എന്റെ പാപത്തിന്റെ പിഴ എന്റെ വിധിയായി എന്നെ തിരഞ്ഞെത്തിയിരിക്കുന്നു…,
നീ അളക്കുന്ന അളവാൽ നിനക്കും അളക്കപ്പെടും എന്നു പറയുന്ന പോലെ..,അന്ന് തന്റെ ഇര അവനായിരുന്നെങ്കിൽ,
അവന്റെ സ്ഥാനത്ത് ഇന്ന് തന്റെ മകനാണ്…..!നമ്മൾ ചെയ്തത്തിന്റെ വേദന കാലം നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരിലാണു ഏൽപ്പിക്കുക…,
അവർ ആ വേദന താങ്ങാനാവാതെ
ആത്മഹത്യ ചെയുകയോ.,
ഏകാകിയാവുകയോ.,
ഭ്രാന്തനായി മാറുകയോ.,
കുടിച്ച് ലക്കു കെട്ട് കണ്ടടം വീണു നടക്കുകയോ.,
താടിയും മുടിയും നീട്ടി കോലം കെട്ടു
നടക്കുകയോ.,
കൺമുന്നിൽ കാണുമ്പോഴെ നമ്മൾ നമ്മളെ വിശ്വസിച്ചവരെ ചതിച്ചതിന്റെ വേദന നമുക്ക് മനസിലാവൂ എന്നു കാലത്തിനറിയാവുന്ന പോലെ മറ്റാർക്കാണറിയാവുന്നത്……?
എന്നാൽ തന്റെ തെറ്റിന്റെ വിധിയാണു നടപ്പിലാവുന്നത് എന്നു മനസിലായിട്ടും ആദ്യനാൾ തൊട്ടു വാരിപുതച്ച തന്റെ ജീവിതത്തിൽ മറ്റൊരു പുരുഷനുണ്ടായിട്ടിലെന്ന വാദം പലർക്കും പലതും പിന്നെയും തൊണ്ടതൊടാതെ വിഴുങ്ങേണ്ടി വരുന്നു എന്നത് മറ്റൊരു യാഥാർത്യം….!!!
ഒരാഴ്ച്ചക്കകം എല്ലാം പഴയ പോലെ ആയെങ്കിലും,എന്താ ആണുങ്ങൾ ചതിക്കില്ലെ….?
എന്ന പണ്ടത്തെ അവളുടെ ചോദ്യത്തിനു അന്നവൻ നൽകിയ മറുപടി മുപ്പതു വർഷത്തിനിപ്പുറവും അതിന്റെ പ്രാധാന്യം നഷ്ടപ്പെടാതെ ഇപ്പോഴും നിലനിൽക്കുന്നതിൽ അവർക്ക് വലിയ അതിശയം തോന്നി……,
അവന്റെ ആ മറുപടി മറ്റുള്ളവരുടെ കാര്യത്തിൽ ശരിയാണോ തെറ്റാണോ എന്നതിനേക്കാൾ അവരുടെ കാര്യത്തിൽ ശരിയായിരുന്നു….,
ഇപ്പോൾ അവരെ വിടാതെ പിൻതുടരുന്നതും അവന്ന്നു പറഞ്ഞ
ആ വാക്കുകളാണ്…,” ആണിന് അവസാന വഴിയും,പെണ്ണിന് എളുപ്പ വഴിയുമാണ് ചതി……!!!! ”
.