നല്ല സ്റ്റാമിനയൊക്ക ഉണ്ടോ ആളിന്… ഫസ്റ്റ് നൈറ്റിൽ ഒരു കൺഫ്യൂഷൻ വരാൻ പാടില്ലല്ലോ അതുകൊണ്ട് ചോദിക്കുവാ


(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“പയ്യന് സർക്കാർ ജോലി ആയത് കൊണ്ട് സ്ത്രീധനം കുറച്ചൂടൊക്കെ കിട്ടും കേട്ടോ.. “മാധവൻ പറഞ്ഞത് കേട്ട് ബാലചന്ദ്രൻ ഒന്ന് പരുങ്ങി

” അത് പിന്നെ.. ഞങ്ങൾ അത്രയ്ക്ക് കാശ്കാരൊന്നുമല്ല.. എങ്കിലും പറ്റുന്ന പോലെ ഈ പറഞ്ഞത് ചെയ്യാം ഞാൻ. ”

ആ മറുപടി കേട്ട് അൽപനേരം മൗനമായി മാധവൻ. ശേഷം വീണ്ടും തുടർന്നു.” ഇവന് ഇവിടുത്തെ പെണ്ണിനെ ഇഷ്ടമായി എന്ന് പറഞ്ഞത് കൊണ്ട് ഇനീപ്പോ കൂടുതൽ ഒന്നും ഞങ്ങള് ചോദിക്കുന്നില്ല ”

ആ പറഞ്ഞത് ബാലചന്ദ്രന്റെ മുഖം തെളിഞ്ഞു .”എന്നാൽ പിന്നെ നമുക്ക് ഇതങ്ങട് ഉറപ്പിക്കാം അല്ലെ.. പറഞ്ഞ പോലെ അൻപത് പവനും അഞ്ചു ലക്ഷം രൂപയും സ്ത്രീധനം .. പിന്നതിൽ കൂടുതൽ എന്തേലും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് കേട്ടോ പറ്റുമെങ്കിൽ ചെയ്യണം .. ”

സ്ത്രീധനതിന്റെ കാര്യത്തിൽ നിന്നും പിടിവിടാൻ മാധവൻ തയ്യാറാകാതെ നിന്നപ്പോൾ മറുപടിയൊന്നും പറയാതെ തലയാട്ടി ബാലചന്ദ്രൻ. അതോടെ മാധവന്റെ മുഖം വിടർന്നു.

ഒരു വിവാഹം ഉറപ്പിക്കൽ ചടങ്ങിനെ അവസാനഘട്ടമായിരുന്നു. ബാലചന്ദ്രന്റെയും ശ്രീദേവിയുടെയും മകൾ ശിവാനിയാണ് പെൺകുട്ടി. വരൻ അരുൺ ആകട്ടെ സർക്കാർ ജീവനക്കാരനും. അച്ഛൻ മരണപ്പെട്ടത്

കൊണ്ട് അമ്മ ബിന്ദുവിനും അമ്മാവൻ മാധവനുമൊപ്പമാണ് അരുൺ പെണ്ണ് കാണൽ ചടങ്ങിൽ എത്തിയത്. പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടമായതോടെ പതിവ് സ്ത്രീധന ചർച്ചയിലേക്ക് തിരിഞ്ഞു മാധവൻ.

കന്നുകാലി ചന്തയിൽ കന്നുകാലികൾക്ക് വിരപേശുന്നത് പോലെ മാധവൻ സ്ത്രീധനക്കാര്യത്തിൽ വിലപേശുമ്പോൾ എതിർക്കാൻ കഴിയാതെ അസ്വസ്ഥനായി ഇരുന്നു അരുൺ. ബിന്ദുവും ഏറെക്കുറെ അതെ അവസ്ഥയിൽ ആയിരുന്നു

അരുണിന്റെ അച്ഛൻ മരിച്ചതിൽ പിന്നെ ഒരു കാരണവരായി എല്ലാ കാര്യത്തിനും മുന്നിൽ നിന്നിട്ടുള്ളത് അയാളാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് വെറുപ്പിക്കാനും പറ്റില്ല

“അങ്ങനാണേൽ ഞങ്ങള് ഇറങ്ങുവാ സമയം പോലൊരു ദിവസം നിങ്ങളും അങ്ങട് ഇറങ്ങ് നമുക്ക് ഡേറ്റ് ഒക്കെ തീരുമാനിക്കാം ”

അതും പറഞ്ഞു മാധവൻ പതിയെ എഴുന്നേറ്റു. പിന്നാലെ എഴുന്നേൽക്കാൻ ആഞ്ഞു അരുണും ബിന്ദുവും”അതെ.. എല്ലാം തീരുമാനിച്ച സ്ഥിതിക്ക് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.”

പെട്ടെന്ന് ശിവാനി മുന്നിലേക്ക് കയറവേ സംശയത്തോടെ അവളെ നോക്കി ബാലചന്ദ്രനും ശ്രീദേവിയും. പൊതുവെ അല്പം എടുത്തുചാട്ടം കൂടുതൽ ആയതിനാൽ ശിവാനിയുടെ വായിൽ നിന്നും എന്താണ് വീഴാൻ പോകുന്നത് എന്ന കാര്യത്തിൽ അവർക്ക് ലേശം പേടിയുണ്ടായിരുന്നു. ആ പേടി സത്യമായി.

” അതെ.. എല്ലാം ഉറപ്പിച്ചുവെങ്കിൽ എനിക്കൊരു കാര്യം അറിയാൻ ഉണ്ട്… “അവളുടെ വാക്കുകൾ കേട്ടിട്ട് എന്തോ തീരുമാനിച്ചുറച്ചാണെന്ന് മനസിലാക്കി ബാലചന്ദ്രൻ.” എന്താ മോളെ.. എന്താണേലും ചോദിച്ചോ ”

അവളെ തടുക്കുവാൻ ശ്രീദേവി തുനിഞ്ഞെങ്കിലും ബിന്ദുവിന്റെ പിന്തുണ ലഭിച്ചതോടെ ആ ശ്രമം വിഫലമായി.

” അതെ.. തുകയും സ്വർണ്ണവും ഒക്കെ കണക്ക് പറഞ്ഞു ഉറപ്പിച്ചു. നിങ്ങടെ മോന്റെ കാര്യങ്ങൾ എങ്ങിനാ.. ”

ആ ചോദ്യം കേട്ട് സംശയത്തോടെ എല്ലാവരും മുഖമുഖം നോക്കി അതോടെ തുടർന്നു ശിവാനി.

“അല്ല.. വേറൊന്നുമല്ല നല്ല സ്റ്റാമിനയൊക്ക ഉണ്ടോ ആളിന്… ഫസ്റ്റ് നൈറ്റിൽ ഒരു കൺഫ്യൂഷൻ വരാൻ പാടില്ലല്ലോ അതുകൊണ്ട് ചോദിക്കുവാ.. ശേഷിയൊക്കെ ഉണ്ടോന്ന് ചെക്ക് ചെയ്‌തിട്ടുണ്ടോ ഉണ്ടെങ്കിൽ അതിന്റെ റിസൾട്ടോ മറ്റോ കാണിച്ചാൽ ഉപകാരമായിരുന്നു ”

അവളുടെ വാക്കുകൾ കേട്ട് ഏവരും ഒരുപോലെ നടുങ്ങി പോയി. ബാലചന്ദ്രനും ശ്രീദേവിയും നടുക്കത്തോടെ പരസ്പരം മുഖമുഖം നോക്കി അരുൺ ആകട്ടെ ആകെ നാണം കെട്ട അവസ്ഥയിൽ ആയി.

” ഏ… എന്താ ഈ കുട്ടി ചോദിക്കണേ. എന്ത് വൃത്തികേട് ആണിത്.. ബാലചന്ദ്രാ.. ഇങ്ങനാണോ താൻ മോളെ വളർത്തിയേക്കുന്നെ ”

മാധവൻ വാ പൊളിച്ചു പോയി.” മോളെ.. എന്ത് തോന്ന്യവാസം ആണ് നീ ഈ പറഞ്ഞത് “ബാലചന്ദ്രൻ ചാടിയെഴുന്നേൽക്കുമ്പോഴും പുഞ്ചിരി തൂകി നിന്നു ശിവാനി.

” എന്തെ അച്ഛാ. ചോദിച്ചതിൽ എന്താ തെറ്റ്.. അവര് വിലപേശി പറഞ്ഞ തുകയ്ക്ക് അല്ലെ അച്ഛൻ കച്ചോടം ഉറപ്പിച്ചത്.അപ്പോ ഇത്രേം കാശ് അച്ഛൻ കൊടുത്താൽ കിട്ടുന്ന പ്രോഡക്റ്റ് ആണ് ദേ ഈ ഇരിക്കുന്ന ആള്… കാശ് കൊടുത്ത് വാങ്ങുന്ന സാധനം വർക്കിംഗ്‌ കണ്ടീഷൻ ആണോ ന്ന് ഉറപ്പ് വരുത്തേണ്ടെ.. ”

ആ മറുപടി കേട്ട് വിളറി വെളുത്തു നിന്നും ബാലചന്ദ്രൻ.” മോളെ.. മിണ്ടാതിരിക്ക് “ശ്രീദേവി പെട്ടെന്ന് അവളെ പിന്നിലേക്ക് പിടിച്ചു വലിച്ചു.

മാധവനും ബിന്ദുവും അരുണുമെല്ലാം ആ നടുക്കത്തിൽ തന്നെയായിരുന്നു.” അമ്മേ എന്തിനാ എന്നെ ഇങ്ങനെ പിടിച്ച് വലിക്കുന്നെ.. ഞാൻ കാര്യങ്ങൾ തിരക്കട്ടെ.. കാശ് എണ്ണി കൊടുക്കുവല്ലേ അച്ഛൻ. അപ്പോ എല്ലാം വിശദമായി തിരക്കണം ”

ശ്രീദേവിയുടെ പിടിയിൽ നിന്ന് കുതറി ശിവാനി.” ശ്ശെ… നാണക്കേട്.. ഇങ്ങനെ മോളെ കൊണ്ട് നാണം കെടുത്താനാണോ ബാലചന്ദ്രാ നീ ഞങ്ങളെ വിളിച്ചു വരുത്തിയെ… നാക്കിനു എല്ലില്ലാത്ത

അസത്ത്.. ഇവളെ കെട്ടി കുടുംബത്തു കൊണ്ട് പോയാൽ നാളെ വീട് എടുത്ത് തിരിച്ചു വയ്ക്കും ഇവൾ ഞങ്ങൾക്ക് വയ്യ ഈ വയ്യാവേലി എടുത്ത് തലയിൽ വയ്ക്കാൻ. ”

അത്രയും പറഞ്ഞു അരുണിനും ബിന്ദുവിനും നേരെ തിരിഞ്ഞു മാധവൻ.” എന്തിനാ ഇരിക്കണേ.. വാ പോകാം.. ഇനി ഇതിൽ കൂടുതൽ നാണം കെടാൻ ഇല്ലല്ലോ

അയാൾ കലി തുള്ളി അതോടെ ഒന്ന് തണുപ്പിക്കുവാനായി ബാലചന്ദ്രൻ അരികിലേക്ക് ചെന്നു

” മാധവാ.. താനൊന്ന് ക്ഷെമിക്ക് അവള് എന്തോ വിടുവായത്തരം പറഞ്ഞതാ അത് കാര്യാക്കല്ലേ ”

” ആരാ പറഞ്ഞെ വിടുവായത്തരം എന്ന്.. അച്ഛൻ എന്താ ഞാൻ ഭ്രാന്ത് പറയുന്നെന്നു ആണോ കരുതുന്നെ.. ഇവര് ഈ പറഞ്ഞ സ്ത്രീധനം കൊടുക്കാൻ അച്ഛന്റേൽ ഉണ്ടോ… ഈ വീട് പണയം വച്ചല്ലേ അതിനു പറ്റുള്ളൂ..

അപ്പോ നമ്മുടെ കിടക്കാടം കളഞ്ഞിട്ട് ഒരു നല്ല ജീവിതം തേടി പോകാൻ എനിക്ക് പറ്റില്ല.. എന്നെ അതിനു നിർബന്ധിക്കേം വേണ്ട.. സ്ത്രീയാണ് ധനം എന്ന് മനസിലാക്കി വരുന്ന ആരേലും ഉണ്ടേൽ മതി അല്ലേൽ ഞാൻ കെട്ടുന്നില്ല.. ”

ശിവാനിയുടെ ഒച്ചയുയർന്നപ്പോൾ ബാലചന്ദ്രനും മറുപടിയില്ലായിരുന്നു. അവൾ പറഞ്ഞത് സത്യമായിരുന്നു. വീട് വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാതെ അത്രയും വലിയൊരു തുക സംഘടിപ്പിക്കുവാൻ അവർക്ക് കഴിയില്ലായിരുന്നു.” മോളെ നീ ഒന്ന് അടങ്ങ്.. അതൊക്കെ അച്ഛൻ വേണ്ടത് ചെയ്തോളും ”

ശ്രീദേവിയുടെ അപേക്ഷ കേട്ട് ശിവാനിയുടെ മിഴികൾ നിറഞ്ഞിരുന്നു” എന്തിനാ അമ്മേ.. എന്തിനാ ഇങ്ങനെ കച്ചവടത്തിന് നിൽക്കുന്നെ… കടം വാങ്ങിയായാലും ഒഴിവാക്കി വിടാൻ ഞാൻ എന്താ അത്രക്ക് ബാധ്യതയാണോ നിങ്ങൾക്ക്.. ”

ആ ചോദ്യം കേട്ട് നടുങ്ങി ശ്രീദേവി. ബാലചന്ദ്രനും അതൊരു നടുക്കമായി”മോളെ.. ഇങ്ങനൊന്നും പറയല്ലേ.. നിനക്ക് നല്ല ജീവിതം കിട്ടാൻ അല്ലെ അച്ഛൻ… ”

വേദനയാൽ അയാളുടെ വാക്കുകൾ മുറിഞ്ഞു. ശേഷം മാധവനു നേരെ തിരിഞ്ഞു

“ക്ഷമിക്കണം… പറയാൻ പാടില്ലാത്തതാണ് അവള് പറഞ്ഞത് പക്ഷേ അതിലും കുറച്ചു കാര്യം ഉണ്ട് ന്ന് എനിക്കിപ്പോൾ തോന്നുന്നു. ഒരുതരം കച്ചവടം പോലെയായിപ്പോയി ഈ പെണ്ണുകാണൽ ചടങ്ങ്.. അത് കൊണ്ട് നിങ്ങൾ പൊയ്ക്കോളൂ.. ഈ ബന്ധത്തിന് ഞങ്ങൾക്ക് താത്പര്യം ഇല്ല..”

അതോടെ ആകെ വിളറി വെളുത്തു പോയി മാധവൻ. ബാലചന്ദ്രന്റെ ഭാഗത്തു നിന്നും അങ്ങനൊരു പ്രതികരണം അയാൾ പ്രതീക്ഷിച്ചില്ല.

ഒക്കെയും കേട്ട് ഇരുന്ന ബിന്ദു പതിയെ എഴുന്നേറ്റു. ശേഷം അരുണിന് നേരെ തിരിഞ്ഞു.” ഇതൊക്കെ കേട്ടിട്ട് നിനക്ക് ഒന്നും പറയാൻ ഇല്ലേ മോനെ.. ”

” അവനെന്ത്‌ പറയാൻ.. നാണം കെട്ട് ചൂളി ഇരിക്കുവല്ലേ അവൻ. ഇനീപ്പോ ആരും കൂടുതൽ ഒന്നും പറയാൻ നിൽക്കേണ്ട പോകാം നമുക്ക് അത്ര തന്നെ ”

ഇന്ദുവിനുള്ള മറുപടി നൽകിയത് മാധവൻ ആണ്. ശേഷം വേഗത്തിൽ പുറത്തേക്ക് ഇറങ്ങി അയാൾ . അപ്പോഴേക്കും അരുൺ പതിയെ എഴുന്നേറ്റു.

” മോനെ.. ക്ഷമിക്ക് “ബാലചന്ദ്രന്റെ പതിഞ്ഞ സ്വരം കേട്ട് മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തി അവൻ.” വേണ്ട ഒന്നും പറയണ്ട ഇപ്പോ ”

അത്ര മാത്രം പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകാൻ തിരിയവേ ശിവാനിയെ ഒന്ന് പാളി നോക്കാൻ മറന്നില്ല അരുൺ. മനസ്സിൽ പതിഞ്ഞു പോയ ആ മുഖം മറക്കുവാൻ അല്പം ബുദ്ധിമുട്ട് തോന്നി അവനും. ദേഷ്യം

കാട്ടിയെങ്കിലും ശിവാനിയുടെ ഉള്ളിലും ചെറിയൊരു വേദന നിറഞ്ഞു കാരണം അതുവരെ വന്ന ആലോചനകളിൽ മനസ്സ് കൊണ്ട് അവൾക്ക് ഇഷ്ടം തോന്നിയത് അരുണിനോട് മാത്രമായിരുന്നു.

” ഞങ്ങൾ ഇറങ്ങുവാ.. “യാത്ര പറയുമ്പോൾ ബിന്ദുവിന്റെയും ശബ്ദമിടറി.മാധവനും ബിന്ദുവും കാറിലേക്ക് കയറവേ ഡോർ തുറന്ന്

ഡ്രൈവിംഗ് സീറ്റിലേക്ക് കയറാനാഞ്ഞ ശേഷം ഒന്നുകൂടി തിരിഞ്ഞു നോക്കി അരുൺ. വീടിനു മുൻവശത്ത് അവനെ തന്നെ നോക്കി നിന്നിരുന്നു ബാലചന്ദ്രനും ശ്രീദേവിയും ശിവാനിയും.

” നീ കേറുന്നില്ലേ അരുണേ.. ഇനി എന്ത് നോക്കി നിൽക്കുവാ”വണ്ടിയ്ക്കുള്ളിൽ നിന്ന് മാധവൻ വിളിച്ചു ചോദിക്കവേ പതിയെ തല കുമ്പിട്ടു ഉള്ളിലേക്ക് നോക്കി അവൻ

” ഒരു മിനിറ്റ് അമ്മാവാ.. ഞാൻ ഇപ്പോ വരാം ഒരു കാര്യം ഒന്ന് പറഞ്ഞോട്ടെ അവരോട്.. ”

അത്രയും പറഞ്ഞു വീണ്ടും നിവർന്നു അരുൺ. അവനെന്ത്‌ ഭാവിച്ചാണെന്ന് മനസിലാകാതെ വേവലാതിയിൽ ബിന്ദു നോക്കവേ പതിയെ ചിരിച്ചു മാധവൻ.

” അവൻ പോയി നല്ലത് പറയട്ടെ.. പിന്നെ ചെറുക്കനും നാണക്കേട് തോന്നില്ലേ ഇമ്മാതിരി സംസാരം ഒക്കെ ആ പെണ്ണ് സംസാരിച്ചാൽ.. അഹങ്കാരി.. ”

അയാളുടെ സംസാരം കേട്ട് പിന്നെയും മൗനമായിരിക്കാൻ തോന്നിയില്ല ബിന്ദുവിനു

” ഏട്ടൻ ഒന്ന് മിണ്ടാതിരുന്നേ…. ഏട്ടൻ ഇച്ചിരി ഓവർ ആയി പോയി ഒരു കണക്ക് പറച്ചിൽ.. ”

അവരുടെ സംസാരത്തിൽ അമർഷം നിറഞ്ഞിരുന്നു. അത് കേട്ട് പതിയെ തിരിഞ്ഞു നോക്കി മാധവൻ.

” ഒക്കെ നമ്മടെ ചെറുക്കന്റെ നല്ലതിന് വേണ്ടി അല്ലെ ബിന്ദു “പിന്നെ ഒന്നും പറഞ്ഞില്ല ബിന്ദു .

ആ സമയം അരുൺ നടന്നു ബാലചന്ദ്രനരികിൽ എത്തിയിരുന്നു. അവൻ തിരികെ വരുന്നത് കണ്ട് അവരും ഒന്ന് സംശയിച്ചു.

അവർക്കരികിൽ എത്തി പതിയെ പുഞ്ചിരിച്ചു അരുൺ. ശേഷം ശിവാനിയെ നോക്കി

” ശേഷിയുടെ കാര്യം അറിയില്ല കേട്ടോ.. ഉണ്ടെന്നാണ് വിശ്വാസം ഇനീപ്പോ അത് ടെസ്റ്റ്‌ ചെയ്ത് റിസൾട്ട്‌ കൊണ്ട് വന്നേ ഇയാളെ കെട്ടാൻ പറ്റുള്ളൂ എങ്കിൽ അതും ചെയ്യാം ഞാൻ. കാരണം എനിക്ക് ഇയാള് മതി ”

“ങേ..!”അപ്രതീക്ഷിതമായത് കൊണ്ട് തന്നെ ആ വാക്കുകൾ ശിവാനിക്ക് നടുക്കമായി. ബാചന്ദ്രനും ശ്രീദേവിയും പരസ്പരം നോക്കി. അവരുടെ ഭാവം കണ്ട് വീണ്ടും പുഞ്ചിരിച്ചു അരുൺ.

” അമ്മാവൻ ഒരു ടൈപ്പ് ആണ്. ഞങ്ങൾക്ക് ആകെ ഉള്ള ഒരു ബന്ധുവാണ്. ഈ വിടുവായത്തരം പറച്ചിലെ ഉള്ളു ആള് ശുദ്ധനാണ്. അതുകൊണ്ടാണ് സ്ത്രീധന കാര്യം

പറഞ്ഞപ്പോഴും ഞാൻ എതിർക്കാതിരുന്നത്. ഇറങ്ങാൻ നേരം ഇതുപോലെ നിങ്ങളോട് കാര്യം പറയാം ന്ന് കരുതി പക്ഷെ അതിനിടക്ക് ഇയാള് കേറി..

ഒന്ന് നിർത്തി വീണ്ടും ശിവാനിയെ ഒന്ന് നോക്കി അരുൺ. അപ്പോഴേക്കും അവൾ പതിയെ ശ്രീദേവിക്ക് പിന്നിലൊളിച്ചു. അത് കണ്ടിട്ട് ചിരി മായ്ക്കാതെ ബാലചന്ദ്രന് നേരെ തിരിഞ്ഞു അവൻ.

” അമ്മാവൻ പറഞ്ഞത് കാര്യമാക്കേണ്ട എനിക്ക് സ്ത്രീധനം ഒന്നും വേണ്ട. ദേ നിങ്ങടെ ഈ മോളെ ഇങ്ങ് തന്നാൽ മതി പൊന്ന് പോലെ നോക്കിക്കോളാം ഞാൻ ”

ഇത്തവണ ബാലചന്ദ്രന്റെ മുഖം വിടർന്നു. ശ്രീദേവിയാകട്ടെ സന്തോഷത്താൽ മിഴിനീർ പൊഴിച്ചു. ശിവാനിയുടെ ഉള്ളിലാണ് ആ വാക്കുകൾ പതിച്ചത്. സന്തോഷത്താൽ അവളുടെ മിഴികളിലും നീർ തെളിഞ്ഞു

” മോനെ… വലിയ മനസ്സ് ആണ് നിന്റേത്.. നിനക്ക് എന്റെ മോളെ. ഇഷ്ടമായെങ്കിൽ അത് അവളുടെ ഭാഗ്യമാണ് ”

ബാലചന്ദ്രൻ തന്റെ കരം കവരുമ്പോൾ ശിവാനിയെ വീണ്ടുമൊന്ന് നോക്കി അരുൺ.

” സ്നേഹത്തിന്റെ വിലയറിയുന്ന നിങ്ങളുടെ ഈ മോളെ കിട്ടിയാൽ ഞാൻ ആണ് ഭാഗ്യവാൻ. അമ്മാവനെ ഞാൻ പറഞ്ഞ് മനസിലാക്കാം. ഉടനെ തന്നെ നിങ്ങൾ അങ്ങട് വരണം നമുക്കിത് ഉറപ്പിക്കണം ”

അത്രയും പറഞ്ഞ് പുഞ്ചിരിയോടെ തന്നെ തിരികെ നടന്നു അരുൺ.
ആ സമയം നാണത്താൽ ശ്രീദേവിയുടെ ചുമലിൽ മുഖമമർത്തി ശിവാനി.

എന്താണ് നടന്നത് എന്ന് മനസിലാകാതെ കാറിനുള്ളിൽ നോക്കിയിരുന്നു മാധവനും ബിന്ദുവും. എങ്കിലും അരുണിന്റെ മുഖത്തെ സന്തോഷവും ശിവാനിയുടെ തെളിഞ്ഞ മുഖവും ഒക്കെ കാൺകെ ഏറെക്കുറെ നടന്നത് എന്താകുമെന്ന് ബിന്ദു ഊഹിച്ചു. അതുകൊണ്ട് തന്നെ പതിയെ അവരുടെ മുഖം വിടർന്നു

” എന്തുവാടാ.. നീ പത്തു ചീത്ത പറയാൻ പോയതാണെന്നാ ഞാൻ കരുതിയെ.. ഇതിപ്പോ നീ അവിടുന്ന് വന്നേ പിന്നെ എല്ലാരുടേം മുഖത്തു സന്തോഷം ആണല്ലോ.. എന്തോന്നാ നീ അവിടെ പറഞ്ഞെ ”

കാറിലേക്ക് വന്ന് കയറിയ പാടെ മാധവൻ ചോദിക്കുമ്പോൾ അയാളെ നോക്കി വെളുക്കെ ഒന്ന് ചിരിച്ചു അരുൺ.

” അമ്മാവാ എല്ലാം ഞാൻ സെറ്റ് ആക്കീട്ടുണ്ട്. അമ്മാവന് ക്ഷീണം ആയാൽ ഞാൻ ക്ഷമിക്കില്ല. അമ്മാവന് ക്ഷീണം ആകാത്ത വിധം എല്ലാം ക്ലിയർ ആക്കും ഞാൻ വീട്ടിൽ എത്തട്ടേ ”

ഒന്നും മനസിലാകാതെ മിഴിച്ചു നോക്കി ഇരിക്കുന്ന മാധവനെ കണ്ടിട്ട് അരുൺ മാത്രമല്ല ബിന്ദുവും ചിരിച്ചു പോയി.ആ കാറ് പതിയെ നീങ്ങി പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി.

Leave a Reply

Your email address will not be published. Required fields are marked *