(രചന: രജിത ജയൻ)
“അലൻ എനിക്ക് നിന്റെയൊരു കുഞ്ഞിനെ വേണം…’അതേ അലൻ ,നിന്റെ ഒരു കുഞ്ഞിനെ എനിക്ക് പ്രസവിച്ചു വളർത്തണം….
ചുറ്റുമുള്ള നിശബ്ദതയെ കീറി മുറിച്ച് ജീനയുടെ ശബ്ദം അലന്റെ കാതിൽ വീണ്ടും വീണതും അവൻ ഞെട്ടിത്തിരിഞ്ഞ് അവളെ നോക്കി …
സായന്തന കാറ്റിൽ ഇളകുന്ന മുടിയിഴകളെ വലം കയ്യാലൊതുക്കി അവന്റെ മുഖത്തേക്ക് തന്നെ ദൃഷ്ടികൾ ഉറപ്പിച്ചു നിൽക്കുന്നവളെ കണ്ടതും അവൻ്റെ ഉള്ളിൽ നിന്നൊരു തേങ്ങൽ പുറത്തേക്കു വരാൻ വെമ്പി…
“ജീന മോളെ ,നീ എന്താണ് ഇപ്പോൾ പറഞ്ഞതന്നോട്..?അലൻ പരിഭ്രമത്തോടെ ചോദിക്കുമ്പോഴും ജീന കുസൃതി നിറഞ്ഞ മുഖത്തോടെ അവനെ നോക്കിക്കാണുകയായിരുന്നു.
ഇളം മെറൂൺ ഷർട്ടിൽ ചുവന്നു തുടുത്തമുഖത്തോടെ നിൽക്കുന്ന അലന്റെ കവിളിലെ കറുത്ത മറുകിൽ അവളുടെ കണ്ണുകൾ ഒരു നിമിഷം തങ്ങി.
“അലൻ ദാ.. ഇതുപോലെ കവിളിൽ ഒരു കറുത്ത മറുകുള്ള നിൻറെ ഒരു കുഞ്ഞിനെ എനിക്ക് പ്രസവിച്ചു വളർത്തണമെന്ന് …
ജീന വീണ്ടും ആവർത്തിച്ചു
അലൻ ഒന്നും പറയാനാകാതെയവളെ നോക്കി നിന്നുഅവൻറെ കണ്ണുകളിൽ നീർത്തുള്ളികൾ ഉരുണ്ട് കൂടുന്നതു കണ്ടിട്ടും ജീന ഒട്ടും പതറാതെ അവനെത്തന്നെ നോക്കി നിന്നു ഒരു ചെറു ചിരിയോടെ..
“ഞാൻ… ഞാനെങ്ങനാടീ …എനിക്..പതർച്ചയോടെ ജീനയെ നോക്കി പറഞ്ഞു കൊണ്ടലൻ താഴെ നിലത്തേക്ക് ഇരുന്നപ്പോൾ ജീന അവനോട് ചേർന്നിരുന്നവന്റെ കൈകൾ തൻറെ കൈക്കുള്ളിലാക്കി പൊതിഞ്ഞു പിടിച്ചു.
“എനിക്കറിയാം അലൻ, വരുന്ന രണ്ടുമൂന്നാഴ്ച കഴിഞ്ഞാൽ നീ മറ്റൊരുവളുടേതാണെന്ന്..
” നമ്മുടെ ഈ സ്നേഹവും പ്രണയവും എല്ലാം വെറും ഓർമ്മകൾ മാത്രം ആകുമെന്ന് ,പക്ഷേ എനിക്ക് അതിനു വയ്യ അലൻ ..
“ഒരു വെറും ഓർമ്മയായി നിന്നെ മാറ്റാൻ എനിക്ക് സാധിക്കില്ല,അതുകൊണ്ടുതന്നെ ഞാനൊരുപാടാലോചിച്ചെടുത്തൊരു തീരുമാനമാണ് എനിക്ക് നിന്റെ ഒരു കുഞ്ഞിനെ വേണം എന്നത്..
”എനിക്ക് മുന്നോട്ട് ജീവിക്കാൻ ,സ്വപ്നങ്ങൾ കാണാനെല്ലാം നിന്റെയൊരു കുഞ്ഞിനെ വേണം ടാ…
” നീ എന്തു ഭ്രാന്താണ് ജീന ഈപറയുന്നത് ..?”ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നിനക്കൊരു ജീവിതമുണ്ട് അത് നീ മറന്നാലും ഞാൻ മറക്കില്ല
” ഒരു നാശത്തിലേക്ക് നിന്നെ തള്ളിവിട്ടിട്ടെനിക്ക് ആരുടെയും ജീവൻ രക്ഷിക്കേണ്ട… ആർക്കും ജീവിതം കൊടുക്കണ്ട…
അലൻ ഒരു പൊട്ടി കരച്ചിലോടെ അവളുടെ മടിയിലേക്ക് മുഖം ചേർത്ത് കരഞ്ഞപ്പോൾ ജീനയുടെ മിഴികളുംആർത്തുപെയ്യാൻ തുടങ്ങിയിരുന്നു..,
അവനെയോർത്ത്.. അവൻറെ നിസ്സഹായത ഓർത്ത് …
“അലൻ രക്ത ബന്ധങ്ങളുടെ വില നിന്നെക്കാൾ നന്നായറിയുന്നവളാണ് ഞാൻ .. നമ്മുടെ എടുത്തു ചാട്ടം കൊണ്ട് അമ്മച്ചിക്കോ അനിയത്തിക്കോ എന്തെങ്കിലും സംഭവിച്ചാൽ പിന്നീടു നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സന്തോഷമുണ്ടാവുമോ ? സമാധാനം ഉണ്ടാവുമോ ?
ജീന ചോദിച്ചതും അവൻ ഉത്തരമൊന്നും പറഞ്ഞില്ല ..ആരുമില്ലാതെ അനാഥയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ വളർന്ന തനിക്ക് നഴ്സിംഗ് കോളേജിൽ വെച്ച് കിട്ടിയ സൗഹൃദമായിരുന്നു അലൻ
സൗഹൃദം പ്രണയത്തിലേക്ക് മാറിയപ്പോഴും അവനോട് ഒന്നേ പറഞ്ഞിരുന്നുള്ളൂ അനാഥ എന്ന പേരല്ലാതെ മറ്റൊന്നും സ്വന്തമായി ഇല്ലാത്തവളാണ് താനെന്ന്…
അന്നുമുതലിന്നോളം അവൻ തന്റെ എല്ലാമായിതീരുകയായിരുന്നുതെറ്റ് ചെയ്യുമ്പോൾ ശാസിക്കുന്ന അച്ഛനായും കരുതലുള്ള ഏട്ടനായുമെല്ലാം അവൻ തന്നിൽ നിറഞ്ഞു ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ..
വീട്ടിൽ സുഖമില്ലാത്ത ഒരു അമ്മച്ചിയും കോളേജിൽ പഠിക്കുന്ന അനിയത്തിയും ചാച്ചനും ആയിരുന്നു അലനുണ്ടായിരുന്നത് .
ചെറിയ രീതിയിൽ പണം മറ്റുള്ളവർക്ക് പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടായിരുന്നു അലന്റെ ചാച്ചന്
നാട്ടിൽ തന്നെയുള്ള പുത്തൻ പണക്കാരനായ തോമസ് മുതലാളിയിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വാങ്ങുന്ന പണമായിരുന്നു ചാച്ചൻ മറ്റുള്ളവർക്ക് കൂടുതൽ പലിശക്ക് നൽകിയിരുന്നത്
ഒരു ദിവസം പെട്ടെന്നാണ് അലന്റെ ചാച്ചൻവീട്ടിൽ വന്നു തോമസ് മുതലാളിയുടെ മകൾ സെലിനു അലനെ വലിയ ഇഷ്ട്ടം ആണെന്നും അവരുടെ വിവാഹം നടന്നാൽ അലന്റെ അനിയത്തിയുടെ വിവാഹത്തിന്റെ സകല ചിലവുകളും അവർ നോക്കിക്കോളുമെന്നും പറഞ്ഞത്
അതു കൊണ്ടു തന്നെ അലന്റെവിവാഹം സെലിനമായ് അയാൾഉറപ്പിച്ചു എന്ന് പറയുന്നത് …
തനിക്ക് ചുറ്റുംഎന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുനിന്ന അലനോടായാൾ പറഞ്ഞത് തന്തയും തള്ളയും ആരെന്നു പോലും അറിയാതെ ഒരുത്തിയെ കല്യാണം കഴിക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അതങ്ങ് മുളയിലെ നുള്ളനാണ്…
ചാച്ചന്റെ വാക്കിനെ മറികടന്ന് ജീനയെ വിവാഹം കഴിച്ചാൽ അലന്റെ അമ്മയെയും സഹോദരിയെയും ജീവനോടെ കൊന്നു താനും ജീവനൊടുക്കും
എന്ന് ചാച്ചൻ അലന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ അവന് മനസ്സിലായിരുന്നു തോമസ് മുതലാളിയുടെ കണക്കില്ലാത്ത സ്വത്തിൽ ചാച്ചൻ മയങ്ങി വീണിരിക്കുന്നുവെന്ന്
ആ സ്വത്ത് നഷ്ടപ്പെടുന്ന ഒരവസ്ഥയിൽ സ്വയം ചാവാനും മറ്റുള്ളവരെ കൊല്ലാനും ചാച്ചൻ മടിക്കില്ലാന്നവനു മനസ്സിലായ് ..
തങ്ങളുടെ കാര്യം നോക്കണ്ട സ്വന്തം ജീവിതം നോക്കിക്കോന്ന് അലനോട് അമ്മയും അനിയത്തിയും പറഞ്ഞുവെങ്കിലും അലന് ചാച്ചനെ ധിക്കരിക്കാൻ ധൈര്യമുണ്ടാവില്ലെന്ന് ജീനക്ക് അറിയാമായിരുന്നു..
കാരണം ഒരു വാശിക്ക് ചാച്ചൻ പെറ്റ തള്ളയെയും കൂടപ്പിറപ്പിനെയും എന്തെങ്കിലും ചെയ്താലോ എന്ന ഭയം അവനിൽ കൂടു കൂട്ടിയിരുന്നത് അവൾ മനസ്സിലാക്കിയിരുന്നു
ഒടുവിൽ ചാച്ചനെ അനുസരിക്കാനും തന്നെ മറക്കാനും ജീന തന്നെയാണ് അവനോട് പറഞ്ഞത്.. തനിക്കും ചാച്ചനുമിടയിൽ അലൻ ഉരുകിയില്ലാത്താവുന്നത് കാണാൻ പറ്റാത്ത വിഷമത്തിൽ …
അലൻ അവളെ സ്നേഹിക്കുന്നത് ആത്മാർത്ഥമായിട്ടാണെന്ന് മറ്റാർക്കു മനസ്സിലായില്ലെങ്കിലും അവൾക്കറിയാമായിരുന്നു .
“അലൻ നിന്നോടുള്ള എൻറെ അവസാനിക്കാത്ത പ്രണയത്തിൻറെ തെളിവായി എനിക്ക് നിൻറെ ഒരു കുഞ്ഞിനെ വേണം പിന്നീടൊരിക്കലും ഞാൻ നിൻറെ ജീവിതത്തിലേക്ക് കടന്നു വരില്ല …
“നീയും നിനക്ക് കഴിയുന്നതു പോലെ സെലീനയെ സ്നേഹിച്ചു മുന്നോട്ട് ജീവിക്കണം
” നിനക്ക് എങ്ങനെയിത്ര നിസ്സാരമായി ഇതെല്ലാം പറയാൻ സാധിക്കുന്ന ജീനെ ..?അലൻ വേദനയോടെ അവളോട് ചോദിച്ചു
“ആരുമില്ലാത്തവളായി ജീവിതം ഇവിടെ ജീവിച്ച എനിക്ക് എന്നെ മനസ്സിലാവുന്നത്ര മറ്റൊരാൾക്ക് എന്നെ മനസ്സിലാക്കാൻ പറ്റില്ല അലൻ, അനാഥയായ എനിക്ക് നഷ്ട്ടപ്പെടാനൊന്നുമില്ല ,ആരെയും ഒന്നും ബോധിപ്പിക്കാനുമില്ല ..
“അതുകൊണ്ട് ഇനി വരുന്ന കുറച്ചുദിവസം നമ്മൾ ജീവിക്കുന്നു ഭാര്യ ഭർത്താക്കന്മാരായി…
“ഞാനൊരു നഴ്സ് മാത്രമല്ലല്ലോ അലൻ ഒരു പെണ്ണ് കൂടിയല്ലേ ?”എനിക്ക് മുന്നോട്ടു ജീവിക്കാൻ നമ്മൾ ഒരുമിച്ചുള്ള ഈ കുറച്ച് ദിവസങ്ങളുടെ ഓർമ്മകൾ മാത്രം മതി.. എതിരുപറയരുത് നീ ..
ജീനയുടെ നിർബന്ധത്തിനു വഴങ്ങി അവൾക്കൊപ്പം താമസിച്ച കുറച്ചു ദിവസങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിരുന്നു ..
വരാൻ പോവുന്ന നാളുകളിലെ വേദനകളെ മറന്നവർ പരസ്പരം സ്നേഹിച്ചു .. ഇരുനദികൾ ചേർന്നൊരു പുഴയാവുന്നതു പോലെ ജീന അലനിൽ ലയിച്ചു ചേർന്നു ..
അലന്റെ വിവാഹം കഴിഞ്ഞ് കുറച്ചു രണ്ടു വർഷങ്ങൾക്കു ശേഷം വീട്ടിലേക്ക് കയറി വരുന്ന ജീനയെ കണ്ടു അലന്റെ ചാച്ചൻ അമ്പരന്നു ..
അയാൾ ആദ്യം ശ്രദ്ധിച്ചത് അവളുടെ കയ്യിലിരുന്ന് കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കുന്ന കുട്ടിയെ ആയിരുന്നു
കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയാതെ അയാൾ വീണ്ടും വീണ്ടും കുഞ്ഞിനെതുറിച്ചു നോക്കി, അവന്റെ കവിളിലെ കറുത്ത മറുകിലേക്കയാൾ നോക്കുന്നതു കണ്ടതും ജീനയിലൊരു ചിരി മിന്നി മാഞ്ഞു
“ചാച്ചൻ ഇങ്ങനെ ചാഞ്ഞും ചരിഞ്ഞും സൂക്ഷിച്ചു നോക്കണ്ട ഇതു നിങ്ങളുടെ മകൻറെ കുഞ്ഞു തന്നെയാണ്….
ജീന സൗമ്യമായ ശബ്ദത്തിൽ അയാളോട് പറഞ്ഞുച്ഛീ…കണ്ടിടം നിരങ്ങി വല്ലവന്റേം കുഞ്ഞിനേം പ്രസവിച്ചിട്ട് വീട്ടിൽ വന്നനാവശ്യം വിളിച്ചു പറയുന്നോടി പിഴച്ചവളെ നീ ..
അയാൾ അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവളുടെ നേരെ ഉറക്കെ ശബ്ദം ഉണ്ടാക്കി
ശബ്ദം കേട്ട് ഉമ്മറത്തേക്കെത്തിയ അലന്റെ ഭാര്യ ജീനയെ കണ്ടമ്പരന്നു ,അവളുടെ മുഖം പ്രേതത്തെ കണ്ടതുപോലെ വിള്ളി വെളുക്കുന്നത് കണ്ട് ജീനയിൽ ഒരു ചിരി ഉടലെടുത്തു
ചാച്ചൻ എന്നെ ഇപ്പോൾ വിളിച്ചില്ലേ കണ്ടിടം നിരങ്ങി വയറു വീർപ്പിച്ചവളെന്ന്, അങ്ങനെ ഒരുത്തി അത് ഞാനല്ല നിങ്ങളുടെ ഈ പുന്നാര മരുമകൾ തന്നെയാണ്..
”വീട്ടിൽ കയറി വന്നനാവശ്യം പറയുന്നോടി… ചാച്ചൻ അവളുടെ നേരെ കൈയ്യോങ്ങി
“അനാവശ്യമാണോന്ന് ഇവൾ പറയട്ടെ, ബാംഗ്ലൂർ പഠിക്കുമ്പോൾ തോന്നിയപോലെഅഴിഞ്ഞാടി നടന്നു വയറു വീർപ്പിച്ച് ആ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി ഇവളും ഇവളുടെ വീട്ടുകാരും വന്നത് ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലാണ്..
അന്നത്തെ അബോഷനിടയിൽ ഡോക്ടർക്ക് പറ്റിയൊരു കൈയബദ്ധം കാരണം ഇവളുടെ ഗർഭപാത്രം കൂടി നീക്കം ചെയ്യുന്നത് കണ്ടുകൊണ്ട് നിന്നവളാണ് ഞാൻ… സംശയമുണ്ടെങ്കിൽ ഇവളോട്ചോദിക്ക്..?
“വർഷം രണ്ടായല്ലോ ഇവൾ നിങ്ങളുടെ വീട്ടിലെത്തിയിട്ട് എന്തേ ഇതുവരെ ഇവൾ, അലൻ ഇവളെ പാടേ അവഗണിച്ചിട്ടും നിങ്ങളോടൊന്നും പരാതി പറയാത്തത് … നിങ്ങളുടെ പണത്തിനോടുള്ള ആർത്തി ഇവളും ഇവളുടെ ഡാഡിയും മുതലെടുക്കുകയായിരുന്നു
ഇവളാണ് അലന്റെ ഭാര്യയായ് വന്നതെന്ന് ഞാൻ വൈകിയാണറിഞ്ഞത്, അലനിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി പോയപ്പോൾ നിങ്ങളുടെ മകനെ നിങ്ങൾക്ക് നഷ്ട്ടപ്പെട്ടു
എന്നിട്ടും നിങ്ങൾ ചെയ്ത തെറ്റിൽ നിങ്ങൾക്ക് പശ്ചാതാപമില്ല ,കുറ്റബോധമില്ല ,നിങ്ങൾക്ക് പണം മതി
ജീനയിൽ നിന്ന് വാക്കുകളോരോന്നായ് ചീറി തെറിക്കുമ്പോഴും മറുപടിഇല്ലാതെ ചാച്ചനും സെലിനും തല താഴ്ത്തി നിന്നു
ജീവിതം നശിച്ചെന്ന തോന്നലിൽ സ്വയം നശിക്കാൻ തീരുമാനിച്ച അലനെ എനിക്കു വേണം ഇനി, ഒരിക്കൽ ഞാനവനെ വിട്ടു തന്നതാണ് നിങ്ങൾക്ക് രണ്ടാൾക്കും .
ഇനിയതു പോലെ വിട്ടുതരുന്നില്ല ,ഇപ്പോഴെനിക്ക് നിങ്ങളുടെ മറ്റുള്ളവരെ കൊല്ലും എന്ന ഭീഷണിയേയും പേടിയില്ല, കാരണം നിങ്ങളാഗ്രഹിച്ചതു പോലെയെല്ലാം നടന്നല്ലോ
ഇനി അലനെഎനിക്കു വേണംഞങ്ങളുടെ കുഞ്ഞിനു വേണം.. അവനെന്നെയും ഞങ്ങളുടെ മോനെയും കാത്ത് ഈ വീടിന്റെ പുറത്തു നിൽപ്പുണ്ട് പോവുകയാണ് ഞങ്ങൾ ഒരിക്കൽ ഞങ്ങളാഗ്രഹിച്ച് വിട്ടു കളഞ്ഞ ഞങ്ങളുടെ ചെറിയ ജീവിതത്തിലേക്ക് …
പറഞ്ഞു കൊണ്ട് ജീന മകനെയുമെടുത്ത് തിരികെ നടന്നപ്പോൾ ചാച്ചനെ നോക്കി ഇനിയെന്തെന്നറിയാതെ സെലിൻ നിൽക്കുന്നുണ്ടായിരുന്നു…