മൂന്നാം മാസം
(രചന: Navas Amandoor)
“അമ്മേ… എനിക്ക് ദാഹിക്കുന്നു. ”ഉറക്കത്തിൽ കൊച്ചുകുട്ടിയുടെ സങ്കടത്തോടെയുള്ള ശബ്ദം കേട്ട് മീര ഞെട്ടി ഉണർന്ന് പേടിയോടെ കണ്ണുകൾ തുറന്നു.
കണ്ണ് തുറന്നപ്പോൾ ബെഡ് റൂമിൽ ഒരു കുഞ്ഞിന്റെ ദാഹത്തോടെയുള്ള കരച്ചിൽ.മീര മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ആ നോട്ടത്തിൽ ഇരുട്ടിൽ മിന്നായം പോലെ ഒരു കുഞ്ഞ് മാംസപിണ്ഡം.
പെട്ടെന്ന് ആ മാംസക്കഷ്ണം ചലിക്കാൻ തുടങ്ങി.ആദ്യം രണ്ട് കണ്ണുകൾ ഉണ്ടായി. ആ കണ്ണുകളിൽ പക്ഷേ കൃഷണമണികൾ ഉണ്ടായിരുന്നില്ല.
പിന്നെ മൂക്കും ചെവിയും.. അതിന് ശേഷം ഓരോ നിമിഷത്തിലും ഓരോ അവയവങ്ങൾ വളരാൻ തുടങ്ങി.
മീരയുടെ കണ്മുന്നിൽ വെച്ച് തന്നെ ആ മാംസപിണ്ഡം വളർന്നു.അരികിൽ സ്വർണ നിറത്തിലുള്ള കസവ് തുന്നിപ്പിടിപ്പിച്ച ചുമന്ന പട്ടുപാവാടയും ബ്ലൗസ്സും ധരിച്ച പെൺകുട്ടിയായി മീരയ്ക്ക് മുൻപിൽ വന്നുനിന്നു.
പെട്ടെന്ന് തന്നെ ആ പെൺകുട്ടി മീര നോക്കി നിൽക്കെ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി.
മീര കട്ടിലിൽ നിന്നും ചാടി എണീറ്റ് കുട്ടിയുടെ പിന്നാലെ ഓടി.. പക്ഷെ അടച്ചിട്ട വാതിലിൽ തട്ടി മീര തെറിച്ചു താഴെ വീണു.
അവൾ വീണ ശബ്ദം കേട്ട് വികാസ് ഉണർന്നു. ലൈറ്റിട്ടപ്പോൾ കട്ടിലിൽ കിടന്നിരുന്ന മീര വേദന കൊണ്ട് പുളഞ്ഞ് തറയിൽ കിടക്കുന്നു.
താഴെ വേദനയോടെ പുളയുന്ന മീരയെ വികാസ് പൊക്കിയെടുത്തു കട്ടിലിൽ കിടത്തി.
നെറ്റി വാതിലിൽ തട്ടിയപ്പോൾ ഉണ്ടായ മുറിവിൽ നിന്നും ചോര ഒലിച്ചു.“ഏട്ടാ…. ഒരു. കുട്ടി.. ദാ അതിലൂടെ പുറത്തേക്ക് ഓടി..ഈശ്വരാ…”“നീ എന്തെങ്കിലും സ്വപ്നം കണ്ടതാവും.. മോളെ.”
“അല്ല… ഇവിടെ വന്നിരുന്നു… ഞാൻ കേട്ടതാണ് അവളുടെ ശബ്ദം… സത്യം.. അവൾ ആ വാതിലിലൂടെ ഓടി മറഞ്ഞു.”
“അടച്ചിട്ട വാതിൽ തുറക്കാതെ എങ്ങനെയാ അകത്തേക്ക് വരുന്നതും പുറത്തേക്ക് ഓടുന്നതും.”
“എനിക്കറിയില്ല… പക്ഷെ ഞാൻ കണ്ടതാണ്.”“വെറുതെ.. ഓരോന്ന് ഓർത്ത് കിടന്നിട്ടാണ്.. ഇങ്ങനെയൊക്കെ തോന്നുന്നത്.”
ആ സമയവും നെറ്റിയിൽ നിന്നും ചോര ഒലിക്കുന്നുണ്ട്. സംസാരത്തിനിടയിൽ വികാസ് നെറ്റിയിൽ നിന്നും ചോര തുടച്ചു മാറ്റി.
കണ്ണുകൾ അടച്ച് കിടക്കുന്നുണ്ടെങ്കിലും കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇതുപോലെയൊരു രാത്രി..ആകാശത്തിൽ ഒത്തിരി നക്ഷത്രങ്ങളും നിലാവുമുള്ള രാത്രി..
ജനലിലൂടെ നോക്കി നിൽക്കുന്ന മീരയുടെ അരികിൽ വന്നു നിന്ന വികാസ് മീരയുടെ വയറിൽ കൈ വെച്ച് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു പറഞ്ഞ വാക്കുകളാണ് മനസ്സിൽ.
“ഞാൻ കണ്ട സ്വപ്നത്തിൽ നിന്റെ വയറ്റിലുള്ള നമ്മുടെ കുട്ടി മോളാണ്.. എനിക്ക് ഉറപ്പുണ്ട് അച്ഛന്റെ മോൾ തന്നെയാവും.”
അവളുടെ ഗർഭപാത്രത്തിൽ അവന്റെ ചോരയിൽ നിന്നും ഒരു ജീവൻ മുളപൊട്ടിയെന്നു അറിഞ്ഞ നിമിഷം വികാസ് സന്തോഷം കൊണ്ട് അവളെ കെട്ടിപിടിച്ചു ചുംബിച്ചു.
അവളുടെ വയറ്റിൽ ജീവന്റെ തുടിപ്പ് ഉണ്ടായ സമയത്ത്… ആ കുഞ്ഞ് ജനിക്കും മുൻപേ വികാസ് എന്ന അച്ഛൻ ജനിച്ചു.
സന്തോഷത്തോടെ ആ വാർത്ത എല്ലാവരെയും വിളിച്ചറിയിച്ച അന്ന് കൂട്ടുകാർക്കും വീട്ടുകാർക്കും ആ വീട്ടിൽ വികാസ് പാർട്ടി ഉണ്ടാക്കി.
“ഈ സമയം ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനാണ്.. എല്ലാ ദൈവങ്ങൾക്കും നന്ദി.”
വീട്ടിലേക്ക് പുതിയൊരു അതിഥിയെ കാത്തിരിക്കുന്ന ആഹ്ലാദകരമായ സമയമാണ്.
ഗർഭിണിയാണെന്ന് അറിഞ്ഞ് ഒരാഴ്ച കഴിഞ്ഞു മീര ജോലിക്ക് പോകാൻ തുടങ്ങി.“നിനക്കെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ജോലിക്ക് പോകണ്ട.”
“സാരമില്ല… ഏട്ടാ.. എത്ര കഷ്ടപ്പെട്ടിട്ട് കിട്ടയതാണ് ഈ ജോലി … അത് നഷ്ടപ്പെടുത്താൻ പറ്റില്ല.”
മൂന്നാമത്തെ മാസത്തിലാണ് ജോലി കഴിഞ്ഞ് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങിയ മീര റോട്ടിൽ വീണത്.
കേട്ടപ്പോൾ തന്നെ വികാസ് മീരയുടെ അരികിലെത്തി.“ഏട്ടാ… സോറി.”അവരുടെ സന്തോഷദിനങ്ങൾക്ക് അവസാനമായിയെന്ന് അറിഞ്ഞ നിമിഷം അയാളുടെ കണ്ണുകൾ നിറഞ്ഞു.
“ഏട്ടാ… പതുക്കെയാ ഞാൻ പോയത് എന്നിട്ടും…”“നിന്നോട് ഞാൻ പറഞ്ഞതല്ലേ മോളേ…ജോലി പോകുന്നെങ്കിൽ പോട്ടേ.. വീട്ടിൽ റസ്റ്റ് എടുക്കാൻ.”
ഇനിയിപ്പോ എന്ത് പറഞ്ഞിട്ടെന്താ സാരമില്ല.. വിധിച്ചിട്ടുണ്ടാവില്ല.. ”“ഇനി ഇങ്ങനെയൊരു അവസരം എനിക്ക് കിട്ടോ.. ആ ജോലി കളയാൻ തോന്നിയില്ല. കാത്തിരുന്നു കിട്ടിയതല്ലേ.”
“ഉം… എന്തായാലും സങ്കടമായി.”നഷ്ടമായ സ്വപ്നങ്ങളുടെ വേദനയിൽ ഉറങ്ങാൻ കിടന്ന ആ രാത്രിയിൽ തളർച്ചയോടെ ഉറങ്ങിയ മീരയുടെ കണ്മുന്നിൽ വലിയൊരു അഗ്നികുണ്ഡത്തിൽ തീ ആളിപ്പടർന്നു കാറ്റിനൊപ്പം നൃത്തമാടി.
പൂർണ്ണ ന ഗ്നമായ ശരീരത്തോടെ കുറേ ആണിനെയും പെണ്ണിനെയും ആ തീയുടെ അരികിൽ നിരത്തി നിർത്തിയിട്ടുണ്ട്..
ഇത് തീയുടെ ചൂടിൽ വിയർത്തൊലിക്കുന്ന ന ഗ്നമായ ശരീരങ്ങളുടെ വിധി നടപ്പിലാക്കുനുള്ള സമയമാണ്.
അടുത്ത് നിൽക്കാൻ പോലും കഴിയാത്ത തീയിലേക്ക് ഊഴത്തിനനുസരിച്ച് ഓരോ ആണിനെയും പെണ്ണിനേയും എടുത്തെറിയപ്പെടുന്നു.
വല്ലാത്തൊരു അലർച്ചയോടെ അവർ തീയിൽ ഇല്ലാതാകുന്നു.ഓരോ ജോഡികളും തീയിൽ വീഴുമ്പോൾ കരച്ചിലും അട്ടഹാസങ്ങളും മുഴുങ്ങി. പതിയെ അട്ടഹാസങ്ങൾ ഇല്ലാതാകുമ്പോൾ..
കുറേ കുഞ്ഞിക്കൈകൾ തമ്മിലടിച്ചു ചിരിക്കുന്ന ശബ്ദം കേൾക്കാം.മാസങ്ങളോളം തുടർച്ചയായി കാണുന്ന ആ ദു:സ്വപ്നത്തെ ഓർത്ത് ഭയപ്പെട്ടാണ് മീര ഉറങ്ങാൻ കിടക്കുക.
വികാസ് എല്ലാം മറന്ന് തുടങ്ങി. മീരയെ ജോലിയിൽ സ്ഥിരപ്പെടുത്തി. അതിന് ശേഷം മീര ഒരു കുഞ്ഞിന് ജന്മം നൽകി.
കണ്ട സ്വപ്നവും നഷ്ടപ്പെട്ട കുഞ്ഞും എല്ലാം എല്ലാവരും മറന്നു. ആദ്യത്തെ കണ്മണിക്ക് വേണ്ടി മാറ്റി വെച്ചതും സ്വപ്നം കണ്ടതും രണ്ടാമത്തെ കുട്ടിക്ക് നൽകി.
അതിന് ശേഷം ഈ രാത്രിയാണ് മീരയെ എല്ലാം വീണ്ടും ഓർമിപ്പിക്കാൻ വേണ്ടി മുറിയുടെ ഇരുട്ടിൽ കരയുന്ന കുട്ടിയുടെ രൂപം..
വികാസ് പതുക്കെ നെറ്റിയിലെ മുറിവ് തുടച്ചു. അപ്പോഴും രക്തം ഒലിക്കുന്നുണ്ട്. അലമാരയിൽ നിന്നും ഒരു തുണിയെടുത്ത് കീറി മുറിവ് കെട്ടിവച്ചു.
“വേദന ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം.”“വേണ്ട… നെറ്റിയെക്കാൾ വേദന മനസ്സിലാണ്. ഏട്ടൻ ഉറങ്ങിക്കോ.”
മീര കണ്ണടച്ചു കിടന്നു. അരികിൽ കിടക്കുന്ന മോനെ ചേർത്ത് പിടിച്ചു വികാസ് ഉറങ്ങി.
കുറച്ചു കഴിഞ്ഞു ജനൽ വിരികൾ ആടിയുലയാൻ തുടങ്ങി. മുറിയിൽ ഒരു കൊച്ചിന്റെ കരച്ചിൽ. കണ്ണ് തുറന്നു കിടക്കുന്ന മീര ഭയന്നു.
പെട്ടെന്ന് ചോര കൊണ്ട് പടം വരക്കുന്ന പോലെ മാംസപിണ്ഡത്തിൽ കണ്ണും മുക്കുമുള്ള ഒരു രൂപം ഭിത്തിയുടെ മുകളിൽ തെളിഞ്ഞു.
കറങ്ങുന്ന ഫാനിന്റെ കുറച്ചു മാറി തെളിഞ്ഞ രൂപത്തിൽ നിന്നും തുള്ളി തുള്ളിയായി ചോര ഇറ്റ് മീരയുടെ മുഖത്തേക്ക് വീണു.
ആ രൂപത്തിൽ നിന്നും മഴ പോലെ പെയ്യുന്ന ചുടുചോര…പേടിയോടെ അലറി വിളിച്ചു മീര കട്ടിലിൽ നിന്നും ചാടി എണീറ്റു.ആ നിമിഷം വികാസും ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.
“എന്താ മീര…?”“നോക്ക്… ചോര… മേലെ നിന്നും ചോര..”അവൾ ബോധം നഷ്ടമായി താഴെ വീണു.
പിറ്റേന്ന് കണ്ണ് തുറക്കുമ്പോൾ മീര ഹോസ്പിറ്റലിലാണ്. തളർച്ച മാറാൻ കൈയിലെ ഞരമ്പിലൂടെ ഗ്ളൂക്കോസ് കയറുന്നുണ്ട്.
വികാസ് അവളുടെ അരികിൽ തന്നെ ഇരുന്ന് അവളുടെ മുടിയിൽ തലോടി.“നിനക്ക് എന്താണ് പറ്റിയത് മോളെ..?”
“ഏട്ടൻ കണ്ടോ.. മേലെ രക്തത്തുള്ളികൾ അടർന്നു വീഴുന്ന ഒരു കുട്ടിയുടെ രൂപം.”“ഞാനൊന്നും കണ്ടില്ല… നിനക്ക് തോന്നിയതാകും.”
മീര ബോധം കെട്ട് വീണ സമയം വികാസും കണ്ടതാണ്.. ആരോ രക്തം കൊണ്ട് വരച്ച രൂപം.പക്ഷേ അത് അവളോട് പറഞ്ഞാൽ അവൾക്ക് കൂടുതൽ ടെൻഷൻ ആകുമെന്ന് കരുതി പറഞ്ഞില്ല.“ഏട്ടാ… ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് വെറുപ്പ് തോന്നോ..?”
“ഇല്ല… നീ പറ.”“വെറുപ്പും ദേഷ്യവും തോന്നിയാലും എനിക്ക് പറയാതിരിക്കാൻ കഴിയില്ല.. എന്നെക്കൊണ്ട് അത് പറയിപ്പിക്കാതെ മോൾ വിടില്ല.”
“ആരുടെ മോൾ…?”“നമ്മുടെ മോൾ.. ഏട്ടൻ എന്റെ വയറ്റിൽ കൈ വെച്ച് ഒരിക്കൽ കുറേ ആഗ്രഹിച്ച നമ്മുടെ മോൾ..
അന്ന് ഞാൻ ഏട്ടനോട് ഒരു തെറ്റ് ചെയ്തു.. ആ തെറ്റിനുള്ള ശിക്ഷയാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.”
“നീ കരയാതെ… കാര്യം പറ.. മോളെ…എന്തായാലും ഞാനും അറിയട്ടെ.”“അന്ന് വണ്ടിയിൽ നിന്നും വീണിട്ടല്ല.. അബോർഷൻ ആയത്.. ലീവ് എടുത്താൽ ജോലിയിൽ തുടരാൻ കഴിയില്ല..
വേറെ ആൾ കയറുമെന്ന് കേട്ടപ്പോൾ എന്റെ പൊട്ടബുദ്ധിക്ക് ഒരു കൂട്ടുകാരി പറഞ്ഞു തന്ന മരുന്ന് കഴിച്ച് ഞാൻ തന്നെയാ ഏട്ടന്റെ മോളെ ഇല്ലാതാക്കിയത്.”
വികാസിന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞു അവൾ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ നിമിഷം ഹോസ്പിറ്റലിലെ മുറിയിൽ മുഴങ്ങിയ കുഞ്ഞിന്റെ കരച്ചിൽ രണ്ട് പേരും കേട്ടു…
പതുക്കെ പതുക്കെ നേർത്ത് നേർത്ത് ആ കരച്ചിൽ ഇല്ലാതായി.ഒരു കുഞ്ഞിന് വേണ്ടി വർഷങ്ങളായി കാത്തിരിപ്പ് തുടരുന്നവരുണ്ട്. കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണ്.
മനഃപൂർവ്വം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ഗർഭപാത്രത്തിൽ വിരുന്ന് വന്ന ജീവനെ ഇല്ലാതാക്കുന്നവർ അറിയുക.. ആ മഹാപാതകത്തിന് ഒരിക്കൽ മറുപടി പറയേണ്ടി വരും.