വസന്തം അകലെ
രചന: Sebin Boss J
ഹൈറേഞ്ചിലേക്കുള്ള സർക്കാർ ബസിന്റെ സൈഡ് സീറ്റിലിരിക്കുമ്പോൾ അയാളുടെ മുഖം പ്രസന്നമായിരുന്നു. സീറ്റിനടിയിൽ വെച്ചിരുന്ന പഴയ ഒരു ട്രങ്ക് പെട്ടി കാലുകൾ കൊണ്ട് മുറുകെ പിടിച്ചിട്ടയാൾ സീറ്റിലേക്ക് ചാരിക്കിടന്നു.
” ഇതെന്റെ മകന്റെ അധ്വാനമാണ്. തിന്നുമുടിക്കാൻ ഒരു ജന്മം ”
ഭാര്യയുടെ സ്വരമുയർന്നതും കയ്യിലെടുത്ത മീൻ കഷ്ണം പാത്രത്തിലേക്ക് തന്നെ വീണുപോയി,
കുനിഞ്ഞിരുന്നു ആഹാരം കഴിക്കുന്ന മോളും മരുമോനും.
ഊറിയ ചിരിയോടെ മൊബൈൽ നോക്കികൊണ്ട് മോൻ.
അവജ്ഞയോടെ ചിരി കടിച്ചമർത്തുന്ന മരുമോൾ.
അയാൾ എണീറ്റു കൈ കഴുകി പുറത്തേക്ക് നടന്നു.മോളും മരുമോനും അമ്മയോടും ആങ്ങളയോടും യാത്രപറഞ്ഞു പോകുമ്പോഴും വരാന്തയിലെ കസേരയിൽ അനാഥനെ പോലെ അയാൾ ഇരിപ്പുണ്ടായിരുന്നു.
” പുറത്തേക്ക് ”അവരെ യാത്രയാക്കി തന്നെ പുച്ഛത്തോടെ നോക്കിക്കൊണ്ട് വീടിനുള്ളിലേക്ക് നടന്ന ഭാര്യയെയും മകനെയും നോക്കി അയാളലറി.
പതിവില്ലാത്ത വിധം അയാളുടെ ശബ്ദം ഉയർന്നിട്ടാണോ എന്തോ അമ്മയും മകനും ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. ഒച്ചകേട്ട് മരുമോളും പുറത്തേക്കോടി വന്നു
” ഹമ്മ് ..” പുച്ഛത്തോടെ ഒന്ന് മൂളിയിട്ട് മൂളിയിട്ടകത്തേക്ക് നടന്നതും അയാൾ അവരുടെ പുറകെ കുതിച്ചു.” ഇതെന്റെ വീടാണ്. നിങ്ങളുടെ ഭരണമൊക്കെ അങ്ങ് വെളിയിൽ.”
മുന്നിലേക്ക് വന്നുവീണ ട്രങ്ക് പെട്ടിയുടെയും ഏതാനും മുഷിഞ്ഞ ഡ്രെസ്സുകളുടെയും മുന്നിൽ അയാൾ സ്തബ്ധനായി നാവറ്റു നിന്നുപോയി.
” പരാതിക്കാരനായ ശേഖരൻ ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് പദ്മജയുടെ പേരിലുള്ള ഒന്നരയേക്കർ പുരയിടവും ടൗണിലെ നാലു മുറി കെട്ടിടവും എന്ന് കോടതിക്ക് ബോദ്ധ്യമായതിനാൽ മേൽപ്പറഞ്ഞ
സ്വത്തിന്മേൽ യാതൊരു അവകാശങ്ങളും പ്രതിഭാഗം പദ്മജക്കോ മകൻ മിഥുനോ മകൾ മീനാക്ഷിക്കൊ ഉള്ളതല്ല എന്നും പരാതിക്കാരന് യഥേഷ്ടം തന്റെ സ്വത്തുവകകൾ കൈകാര്യം ചെയ്യാമെന്നും കോടതി ഈ കേസിന്മേൽ തീർപ്പ് കൽപ്പിക്കുന്നു ” ”’
”സാർ … എവിടേക്കാ ?”ആരുടെയോ ചോദ്യം കേട്ടാണ് ശേഖരൻ പാതിമയക്കത്തിലെ കഴിഞ്ഞ നാളുകളിൽ നിന്നുണർന്നത്.
. അടുത്ത സീറ്റിലിരിക്കുന്ന പെണ്ണാണ് . തമിഴത്തി ആണെന്ന് കണ്ടാൽ അറിയാം. ഇരുനിറമുള്ള അവളുടെ കയ്യിലും മുഖത്തുമൊക്കെ മുഖത്ത് മഞ്ഞളിന്റെ നിറം. പിന്നിയ മുടിയിൽ മുല്ലപ്പൂ. കയ്യിൽ നിറം മങ്ങിയ ഇമിറ്റേഷൻ ആഭരണങ്ങൾ മടിയിൽ ആറോ ഏഴോ വയസുള്ള ഒരു പെൺകുഞ്ഞുണ്ട്. കുഞ്ഞിന്റെ കയ്യിൽ ഒന്ന് രണ്ട് ബിസ്ക്കറ്റും.
” മൂന്നാറിന് ”
സീറ്റിനടിയിലിരിക്കുന്ന ട്രങ്ക് പെട്ടി ഭദ്രമാണോയെന്ന് കാലുകൊണ്ട് പരിശോധിച്ച ശേഷം ശേഖരൻ ഉത്തരം പറഞ്ഞു.” ഓ … ടൂറ് പോകുവാണോ ?”
അയാളുടെ അഴുക്ക് പിടിച്ച വസ്ത്രത്തിലേക്ക് സംശയത്തോടെ നോക്കിയിട്ടാണ് അവൾ ചോദിച്ചത്.
”ടൂറൊന്നുമല്ല. എന്തേലും പണി കണ്ടുപിടിക്കണം ”കയ്യിലുള്ള കാശിനെപ്പറ്റി അയാൾ ബോധപൂർവം മറച്ചുപിടിച്ചു .
വീട്ടിൽ നിന്നിറങ്ങിയതിൽ പിന്നെ കോടതിയനുകൂല വിധി ഉണ്ടാകും വരെ തെരുവിൽ ഏതെങ്കിലും കടത്തിണ്ണയിലായിരുന്നു നാളുകളായി കിടന്നിരുന്നത് . വീടും സ്ഥലവും കുഴപ്പമില്ലാത്തൊരു വിലക്ക് വിറ്റ് പാതി തുക ഭാര്യക്കും മക്കൾക്കും കൊടുക്കാൻ വക്കീലിനെ ഏൽപ്പിച്ച ശേഷം അപ്പോൾ തന്നെ ബസ് കേറിയതായിരുന്നു അയാൾ.
നല്ല തണുപ്പ് അടിക്കുന്നുണ്ട് . എന്നിട്ടും അയാൾ ഷട്ടർ താഴ്ത്തിയില്ല. എത്രനാൾ കൂടിയാണ് ഇങ്ങനെ ശുദ്ധവായു ശ്വസിക്കുന്നത്. ചെറുപ്പത്തിൽ മുന്നാറിലെതോ സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നതെന്ന നേരിയ ഓർമ ഉണ്ട്.
മൂന്നാറിലെ തേയിലത്തോട്ടത്തിലെ കങ്കാണിയായിരുന്ന അച്ഛന്റ കൈപിടിച്ചു മഞ്ഞിലൂടെ നടന്ന നനുത്ത ഓർമയാണ് ആദ്യം കണ്ട മൂന്നാർ ബസിലേക്ക് കയറ്റിയത്.
അച്ഛൻ മരിച്ചപ്പോൾ അമ്മ നാട്ടിലേക്ക് തിരിച്ചുപോന്നു, പത്താം ക്ളാസ് നല്ല രീതിയിലാണ് പാസായത്.
അപ്പോഴേക്കും അമ്മക്കും വയ്യാതായതിനാൽ ഒരു വരുമാനം വേണ്ടിയിരുന്നതിനാൽ വെൽഡിങ് പഠിച്ചു. നാട്ടിൽ ചില്ലറ ജോലിയുമായി പോയപ്പോഴാണ് ഗൾഫിൽ പോകാനുള്ള വഴി തെളിഞ്ഞത്.
അമ്മയെ ഇട്ടെറിഞ്ഞുപോകാൻ മടിയായിരുന്നുവെങ്കിലും സ്വന്തമായൊരു വീടെന്ന സ്വപ്നവും എന്തെങ്കിലും മിച്ചം പിടിക്കുകയെന്നതും ലക്ഷ്യമെന്നതിനാൽ അമ്മയുടെ തന്നെ നിർബന്ധത്താൽ ഗൾഫിലേക്ക് പോയി. . രണ്ടോ
മൂന്നോതവണ വന്നു പോയപ്പോഴാണ് വിവാഹത്തെ കുറിച്ചമ്മ പറയുന്നത് . അമ്മ തന്നെ കണ്ടുപിടിച്ചതാണ് പദ്മജയെ. വീടിന്റെ അൽപം അടുത്തുതന്നെയായിരുന്നു പദ്മജയുടെ വീടും . വിവാഹം കഴിഞ്ഞു കുറെ വർഷം
കുഴപ്പമില്ലായിരുന്നു . മീനാക്ഷി ഉണ്ടായി ആറുമാസത്തിനുള്ളിൽ അമ്മ മരിച്ചു. അമ്മ മരിച്ചതിൽ പിന്നെ പണം പദ്മജയുടെ അകൗണ്ടിലേക്കായിരുന്നു അയച്ചത്. തന്റെ സുഖവിവരങ്ങളന്വേഷിക്കുന്നതിനേക്കാൾ ആവശ്യങ്ങൾക്കായായിരുന്നു അവളുടെ
കത്തുകൾ കൂടുതലും. പറഞ്ഞിട്ട് കാര്യമില്ല, രണ്ടോമൂന്നോ വർഷങ്ങൾ കൂടുമ്പോൾ വിരലിലെണ്ണാവുന്ന ദിനങ്ങൾ ലീവിന് വരുന്നവനോടെന്ത് എന്ത് ആത്മബന്ധവും സ്നേഹവും ആണ് ഉണ്ടാവുക?. ഇന്നത്തെക്കാലത്തെ പോലെ അന്ന് ഫോണിലൂടെ കാണാനോ മിണ്ടാനോ പറ്റുകയുമില്ലായിരുന്നല്ലോ.
മോശമല്ലാത്തൊരു വീടും സ്വത്തും ഉണ്ടാക്കിയെന്ന വിശ്വാസത്തിലാണ് ജോലി നിർത്തി പോന്നത്. ശക്തമായ നടു വേദനയും ഒരു കാരണമായി . നാട്ടിലെത്തിയപ്പോഴേക്കും മോന്റെയും മോളുടെയും പഠിപ്പ് പൂർത്തിയായിരുന്നു.
രണ്ടാൾക്കും ജോലിയായതോടെ വിവാഹവും കഴിഞ്ഞു. മിഥുന് ജോലിയായതോടെ മാറിത്തുടങ്ങിയ പദ്മജയുടെ സ്വഭാവത്തിന് കടുപ്പമേറിയത്. അളവറ്റ സ്വത്തിന്റെ ഏക അവകാശിയായ മരുമോൾ വന്നു
കയറിയതിൽ പിന്നെയാണ് ഇനിയാരുടെയും ആശ്രയം വേണ്ടന്ന തോന്നലിൽ ആവും.
” സാർ .. നിങ്ങൾക്ക് പറ്റിയ ജോലിയൊന്നും മൂന്നാർ ഉണ്ടാവില്ല ”തമിഴ് ചുവ കലർന്നതെങ്കിലും അവൾ നന്നായി മലയാളം സംസാരിക്കുന്നുണ്ടായിരുന്നു.
”എന്ത് ജോലി ആയാലും ചെയ്യും ” ശേഖരൻ അവളെ നോക്കി ചിരിച്ചപ്പോൾ അയാളുടെ ഉള്ളിൽ ഗൾഫിൽ ചെന്ന സമയത്തനുഭവിച്ച ആടുജീവിതമായിരുന്നു.
” എന്നാൽ പൂപ്പാറ രാജാക്കാട് ഭാഗത്തോ മറയൂർ കാന്തല്ലൂർ ഭാഗത്തോ നോക്കിക്കോ. കുറച്ചു പൈസയുണ്ടേൽ സ്ഥലം വല്ലതും പണയത്തിനെടുത്ത് കൃഷിചെയ്യാം ” അവളത് പറയുമ്പോൾ തന്റെ കഴുത്തിൽ കിടക്കുന്ന രണ്ടരപവൻ മാലയിലേക്ക് നോട്ടം പാളുന്നതയാൾ
ശ്രദ്ധിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ നെറ്റിപ്പട്ടം കെട്ടിട ഗജവീരനെ പോലെ നടത്തുന്നതിനാൽ പദ്മജ അയാളുടെ മാലയിലൊന്നും കൈവെച്ചിരുന്നില്ല.
” ആദ്യം ഒരു താമസ സ്ഥലം നോക്കണം . എന്നിട്ട് എല്ലായിടവും ഒന്ന് കറങ്ങിനോക്കണം . പറ്റുന്ന ജോലി ഉണ്ടോന്ന് നോക്കാൻ . കൊച്ചെവിടെയാ താമസം? പേരെന്നാ ?”
” ഞാൻ വള്ളി….സൂര്യനെല്ലിയിലാ, ഒരു ടീ എസ്റ്റേറ്റിൽ.”” മൂന്നാറിൽ ലോഡ്ജ് കിട്ടുമായിരിക്കുമല്ലേ ?””സീസണായത് കൊണ്ട് നല്ല തിരക്കാവും. പൈസയും കൂടും ”
”സൂര്യനെല്ലിയിൽ വല്ല ചെറിയ ലോഡ്ജും ഉണ്ടോ … എന്റേൽ കുറച്ചു പൈസയെ ഉള്ളേ . ചിലവിന് ഈ മാല വിൽക്കണം ”
”ഒരു ദിവസത്തേക്ക് വല്ലോമാണേൽ സാറിന് എന്റെ കൂടെത്താമസിക്കാം . അവിടെ ലയത്തിലാണെ. വല്യ സൗകര്യമൊന്നുമില്ല”” കൊച്ചിന് എന്നെ പേടിയില്ലേ ?”
തന്റെ മാലയിലും പണത്തിലുമാണോ അവളുടെ കണ്ണെന്ന ചിന്തയിൽ പിന്തിരിപ്പിക്കാനാണയാൾ അങ്ങനെ ചോദിച്ചത്
വള്ളി ഒരു പുച്ഛ ചിരിയോടെ കൊച്ചിനെ ഒന്ന് കൂടി മടിയിലേക്ക് കയറ്റിയിരുത്തിയിട്ട് പുറത്തേക്ക് നോക്കി
മൂന്നാറിൽ നിന്നും ഒരു ഷട്ടിൽ ജീപ്പിനാണ് സൂര്യനെല്ലിയിലേക്ക് എത്തിയത്. പുറകിലെ ചവിട്ടുപടിയിൽ കുറച്ചു തമിഴരോടൊപ്പം തൂങ്ങിനിൽക്കുമ്പോൾ ജീപ്പിന്റെ മുകളിലെ കരിയറിൽ ചാക്കുകെട്ടുകൾക്കൊപ്പം വെച്ചിരുന്ന പെയിന്റ് പോയ ട്രങ്ക് പെട്ടിയിലേക്ക് ശേഖരൻ ഇടക്കിടെ നോക്കിക്കൊണ്ടിരുന്നു.
ഒരു മുറിയും ചെറിയ ഹാളും അടുക്കളയും അതിനോട് ചേർന്നൊരു കക്കൂസും ആണ് ലയത്തിലുണ്ടായിരുന്നത്. എല്ലാം കൂടെ ചേർന്നാലും തന്റെ വീട്ടിലെ ഒരു റൂമിന്റെയത്രേം പോലും വരില്ലെന്ന് ശേഖരന് തോന്നി. പത്തോളം വീടുകൾ ഉള്ള ആ ലയത്തിൽ മറ്റുതാമസക്കാരെ
കാണുവാനുണ്ടായിരുന്നില്ല. പുറകിൽ ഒരോ വീടുകളും കൊങ്ങിണിച്ചെടികൾ കൊണ്ട് കൊണ്ട് വേർതിരിച്ചിരിക്കുന്നു. പുറകിലെ വലിയ മൺതിട്ടക്ക് മുകളിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടം. അതിന് തണലേകാൻ കായ്ച്ചുനിൽക്കുന്ന ഓറഞ്ചുമരങ്ങൾ
തന്റെയേറ്റവും മനോഹരമായ ഒരു ദിവസവും താൻ ചിലവഴിച്ചതിലേറ്റവും സുന്ദരമായ സ്ഥലവും ഇതാണെന്ന് , തേയിലത്തോട്ടത്തിന് മുകളിലെവിടെയോ ഉള്ള ഉറവയിൽ നിന്നുള്ള ഹോസിലൂടെ വരുന്ന തണുത്ത വെള്ളത്തിന് ചുവട്ടിൽ നിൽക്കുമ്പോൾ ശേഖരൻ തമ്പിക്ക് തോന്നി.
കുളിച്ചു മുന്നിലെ മുറ്റത്ത് നിന്ന് പ്രകൃതിഭംഗിയും തണുപ്പും ആസ്വദിക്കുമ്പോൾ പുറകിൽ നിന്ന് വള്ളി ആഹാരം കഴിക്കാൻ വിളിച്ചു.
റേഷനരികൊണ്ടുള്ള ചോറും തക്കാളിചട്ണിയും ബീൻസും. നല്ല രുചിതോന്നി . കുഞ്ഞിനെ അവൾ ആഹാരം കൊടുത്തുകിടത്തിയിരുന്നു .
ആകെയുള്ള കട്ടിൽ റൂമിലാണ്. അതിൽ ഉണ്ടായിരുന്ന നല്ല തുണി വിരിച്ചിട്ട് ഹാളിലെ തറയിൽ പുൽപ്പായ വിരിച്ചു കുഞ്ഞിനേം കിടത്തി തന്നോട് മുറിയിൽ കിടക്കാൻ പറഞ്ഞപ്പോൾ ശേഖരന് അമ്പരപ്പും കരച്ചിലുമൊരുപോലെ വന്നു.
” വേണ്ട മോളെ ..കൊച്ചിനേം കൊണ്ട് തണുപ്പത്ത് ””ഞങ്ങക്ക് ഈ തണുപ്പ് പരിചയമാ ..സാറകത്തു കിടന്നോ അല്ലേൽ പനിയോ മറ്റോ പിടിക്കും ”
” ഇവിടെയാരുമില്ലല്ലോ ..നിനക്ക് തനിച്ചുപേടിയില്ലേ ?”” എല്ലാവരും നാട്ടിൽ ഉത്സവത്തിന് പോയേക്കുവാ …നാളെയോ മറ്റന്നാളോ വരും ?”
;; നീയെന്താ നേരത്തെ പോന്നെ ? ഉത്സവം കൂടണ്ടേ ?”” നാട്ടിലാരുമില്ല സാർ ..ആപ്പാവും അമ്മാവും ഒക്കെ കൊല്ലം സൈഡാ. ഞാൻ പോയി കണ്ടിട്ട് പോന്നു ”
” അവിടെയാണോ അവർക്ക് ജോലി ? ഈ കുഞ്ഞിന്റെയച്ഛൻ ?” ശേഖരൻ ഒന്ന് സംശയിച്ചിട്ട് ചോദിച്ചു
” അറിയില്ല സാർ … ആരാണെന്ന് അറിയില്ല . അപ്പാവുക്കും അമ്മാവുക്കും കൊട്ട വട്ടി ഒക്കെ കെട്ടുന്ന ജോലിയാ. കെട്ടി കൊല്ലം സൈഡിൽ വിൽക്കും . റോഡിൽ ഏതേലും കടത്തിണ്ണയിലാ ഉറക്കം .. ഒരുനാൾ ആരോ എന്നെ …”
ലൈറ്റണച്ചതിനാൽ അവളുടെ മുഖത്തെ അഭിമുഖീകരിക്കണ്ടല്ലോയെന്നുള്ള ആശ്വാസത്താൽ ശേഖരൻ കണ്ണടച്ചു
” ഞാൻ അനുഭവിച്ചത് എന്റെ മോൾ അനുഭവിക്കരുത്. അപ്പാവുടെ ഒരു ഫ്രണ്ട് മുഖേനെ ഇവിടെ ജോലിയിൽ കേറി. ഇവിടെ ഒരു വീടുണ്ടല്ലോ കിടക്കാൻ ”
” എന്നാ അച്ഛനോടും അമ്മയോടും ഇവിടെ വന്നു നിൽക്കാൻ പറയത്തില്ലാരുന്നോ..അല്ലെങ്കിൽ നാട്ടിലേക്ക് പോകത്തില്ലേ? അവിടെ വീടുണ്ടോ ?”
” നാട്ടിൽ . പോകാൻ പറ്റത്തില്ല സാറെ, ഊരുവിലക്ക് . അമ്മാവും പ്രേമിച്ചു കല്യാണം കഴിച്ചത്. ഇവിടെ വന്ന് നിന്നതാപണ്ട് .അമ്മാവുക്ക് ആസ്ത്മ . തണുപ്പ് പറ്റത്തില്ല. ഇടക്ക് വരും ഒരുനാൾ നിന്നിട്ട് പോകും ”
ശേഖരനുറക്കം വന്നില്ല .അത് കട്ടിലിന് താഴെ ഇരിക്കുന്ന ട്രങ്ക്പെട്ടിയിലെ പണമോർത്തിട്ടല്ലായിരുന്നു, പകരം ഭൂമിയിൽ താങ്കളെപ്പോലെ നാളെയെ കുറിച്ചുള്ള ചിന്തയില്ലാത്തവരുടെ നൊമ്പരങ്ങളായിരുന്നു.
ജനിച്ചതല്ലേ …ജീവിക്കണം. ഇവളെ സംബന്ധിച്ച് താൻ അനുഭവിച്ചതൊന്നുമല്ല. !!
” സാർ ..ദൂരെയെങ്ങും പോകരുത്. ആ പെട്ടിക്കുള്ളിൽ പണം വല്ലതും ഉണ്ടേൽ എടുത്തിട്ട് പോ. ഇവിടെ കള്ളന്മാർ ഒന്നുമില്ല , എന്നാലും ഈ വാതിൽ അത്ര ബലത്തിൽ ഒന്നും അല്ല ”
രാവിലെ കുളിച്ചു ഷർട്ടും മുണ്ടും ഉടുത്തു പുറത്തേക്കിറങ്ങിയപ്പോൾ വള്ളിയുടെ ഓർമ്മപ്പെടുത്തൽ.
”അതിൽ പണമാണ് … പക്ഷെ മൊത്തം എടുത്തോണ്ട് പോകുന്നില്ല, പോക്കറ്റിലൊതുങ്ങില്ല” പറഞ്ഞിട്ട് നടന്നകന്നപ്പോൾ വള്ളിയുടെ വായ പൊളിഞ്ഞുതന്നെയായിരുന്നു.
വൈകിട്ട് ശേഖരൻ തിരിച്ചെത്തിയപ്പോൾ വള്ളി അത്താഴമൊക്കെ റെഡിയാക്കിയിരുന്നു.
” ജോലി വല്ലതും കിട്ടിയൊ സാർ?”” നിനക്കെന്നെ ചേട്ടനെന്നോ അണ്ണനെന്നോ വിളിച്ചുകൂടെ ?”’
”സാറിനെ കണ്ടാൽ അറിയാം വലിയആളാണെന്ന് ”” വലിയ ആൾ … അതൊക്കെ പണം തീരുമാനിക്കുന്നതാ കൊച്ചേ . കയ്യിൽ പണവും പദവിയുമുണ്ടേൽ എല്ലാവരും സാറാ. സാറെന്ന വാക്കിനൊരു മര്യാദ ഉണ്ടായിരുന്നു. ” ചൂട് കഞ്ഞിയും ചീരത്തോരനും കൂടി വായിലേക്കിട്ടിട്ട് ശേഖരൻ പറഞ്ഞു.
” ശാന്തമ്പാറ അൽപം ഉള്ളിലായി കുറച്ചുസ്ഥലമുണ്ട്. അടിക്കാട് പട്ടയമേ ഉള്ളൂ. അത് സാരമില്ല ..സമ്പാദിക്കുന്നതൊന്നും ഈ ലോകത്തുനിന്നും കൊണ്ടുപോകാനാർക്കും പറ്റില്ലല്ലോ.. ഒരു
ചെറിയ വീടുണ്ട് വസ്തുവിൽ, അത് മതി കയറിക്കിടക്കാൻ. കുറച്ചാടുകളെയും കോഴികളെയുമൊക്കെ വാങ്ങിയാൽ ഒരുസ്ഥിര വരുമാനമാകും ”
”ഹമ് … വാടകക്ക് എടുക്കാൻ ആണോ അണ്ണാ .. പണം വേണ്ടേ?” വള്ളിയുടെ കണ്ണുകൾ അയാളുടെ കഴുത്തിലെ മാലയിൽ പതിഞ്ഞു.
” അഡ്വാൻസ് കൊടുത്തു. ഇനി എഴുതണം . പണമുണ്ടല്ലോ പെട്ടിയിൽ നീ നോക്കിയില്ലേ ?”
”ഞാൻ നോക്കിയില്ല അണ്ണാ. നോട്ട് കണ്ടാൽ മനസിലാകും .എണ്ണം ഒന്നും പഠിച്ചിട്ടില്ല ”” നീ വരുന്നുണ്ടോ ശാന്തമ്പാറക്ക് ”
” ഇവിടെ അടുത്തായിരുന്നേൽ പണിക്ക് വന്നുപോകാമായിരുന്നു. ഇതൊത്തിരി ദൂരമില്ലേ ?”
” പണിക്ക് വരുന്ന കാര്യമല്ല, ഇനിയുള്ള കാലം അവിടെ എന്റെ കൂടെത്താമസിക്കാൻ ..”വള്ളി അയാളെ കണ്ണും മിഴിച്ചു നോക്കി.
” മോളെ .. എനിക്ക് വയസ്സായി. മറ്റൊന്നും മനസ്സിൽ വെച്ചോണ്ടല്ല ഞാൻ നിന്നോട് ചോദിച്ചത്. നിന്റെ മോളെ പഠിപ്പിക്കാനും നല്ലൊരു ജീവിതം കൊടുക്കാനുമല്ലേ നീ കഷ്ടപ്പെടുന്നത്. നമുക്കൊരുമിച്ചു അധ്വാനിക്കാം. എത്രയൊക്കെ വെട്ടിപ്പിടിച്ചാലും ആരുമൊന്നും ഈ
ലോകത്തുനിന്നും കൊണ്ടുപോകുന്നില്ല .സുഖസമൃദ്ധമായിട്ടല്ലെങ്കിലും മരിക്കുവോളം ജീവിക്കണം എന്നെ എനിക്കുള്ളൂ. എന്റെ കാലശേഷം ആ ഭൂമിയും വീടും നിനക്കും മോൾക്കും ആയിരിക്കും. അരുമല്ലാത്തൊരു
മനുഷ്യനെ അലിവ് കാട്ടി താമസിക്കാൻ സ്ഥലവും ആഹാരവും തന്ന നീ എന്നെ ഒരിക്കലും കൈവിടില്ലെന്നെനിക്കുറപ്പുണ്ട്”വള്ളി പൊടുന്നനെ അയാളെ തൊഴുതു പൊട്ടിക്കരഞ്ഞുപോയി
അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തന്നെ ശേഖരനും വള്ളിയും കുഞ്ഞും ശാന്തമ്പാറയിലേക്ക് താമസം മാറ്റി. രണ്ടുപേരുടെയും വിശ്രമമില്ലാത്ത ദിനങ്ങൾ .. മാസങ്ങൾ കൊണ്ട് ആ വീടും പുരയിടവും നല്ലൊരു കൃഷിഭൂമിയായി
മാറി. മീൻ കുളവും പശു ഫാമും ആടും നിരവധി പച്ചക്കറികളും മറ്റും ആ ഭൂമിയിൽ നിറഞ്ഞപ്പോൾ മികച്ച കർഷകനുള്ള ആ വർഷത്തെ അവാർഡ് ശേഖരനായിരുന്നു ,” ഇവിടെയാരുമില്ലേ ?”
ഒരു ദിവസം പണി കഴിഞ്ഞ് ഉമ്മറത്ത് വിശ്രമിക്കുകയായിരുന്ന ശേഖരൻ ആരുടെയോ വിളികേട്ട് എണീറ്റത്. സ്വത്ത് കേസിൽ തനിക്കെതിരായി പദ്മജക്ക് വേണ്ടി വാദിച്ച വക്കീലിനെ അയാൾക്ക് പെട്ടന്ന് തന്നെ മനസിലായി.
”ആഹാ … ഇവിടുണ്ടായിരുന്നോ? ഇങ്ങു കേറിപ്പോരേ ..ആളിവിടുണ്ട്”
മുറ്റത്തു നിന്നയാൾ താഴെ റോഡിലേക്ക് നോക്കി പറഞ്ഞതും ശേഖരൻ അങ്ങോട്ട് നോക്കി .ഒന്ന് രണ്ടുകാറുകൾ കിടപ്പുണ്ട് .അതിൽ നിന്നും ഇറങ്ങുന്ന തന്റെ ഭാര്യ പദ്മജയെയും മകൻ മിഥുനെയും കണ്ടയാൾ അമ്പരന്നു.
‘ നാണമുണ്ടോ മനുഷ്യാ കണ്ട പാണ്ടിച്ചികളുടെ കൂടെ കിടന്ന് കൂത്താടാൻ, മനുഷ്യന് തൊലിയുരിഞ്ഞിട്ട് നാട്ടിലിറങ്ങാൻ വയ്യ ”
സംസാരം കേട്ട് മോളെയും കൊണ്ടിറങ്ങിവന്ന വള്ളിയെയും ശേഖരനെയും മാറിമാറിനോക്കി പദ്മജയലറി”’ അനാവശ്യം പറയരുത് ” ശേഖരന്റെ ശബ്ദം കനത്തു.
” ഓഹോ .. അനാവശ്യം കാണിക്കാം . വയസ്സാം കാലത്തു കിളവന്റെ ഓരോ പൂതി . മര്യാദക്കിവളെയിവിടുന്നിറക്കി വിട്ടോ ?” പദ്മജ കൈചൂണ്ടിക്കൊണ്ട് വള്ളിയുടെ നേരെ കുതിച്ചതും ശേഖരൻ പദ്മജയുടെ കൈ പിടിച്ചു പുറത്തേക്ക് തള്ളി
”… എന്റമ്മേനെ തൊടുന്നൊ ?”
വീഴാൻ പോയ പദ്മജയെ താങ്ങി , തന്റെ നേരെ പാഞ്ഞടുത്ത മിഥുന്റെ കരണക്കുറ്റിക്ക് തന്നെ ശേഖരനൊന്ന് പൊട്ടിച്ചു.
”അടങ്ങടാ ചെറുക്കാ .. നിന്റെയീ തടി തന്നെ എന്റെ വിയർപ്പിന്റെ ഫലമാ..കണക്ക് പറഞ്ഞതല്ല .. പറയിപ്പിച്ചതാ. നീയൊക്കെ ആരാ എന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ ? ഓഹ് ! ഒരബദ്ധം പറ്റിയിരുന്നു. ഡൈവോഴ്സ്
വാങ്ങാൻ മറന്നു . വക്കീലേ ..അതിനുള്ള ഫീസെത്രയാ. എവിടണേൽ ഒപ്പിട്ടുതന്നേക്കാം. ശരീരവും മനസും കൊണ്ടെന്നെ അകന്നതാ ഇനി അതായിട്ടു കുറക്കണ്ട ” ശേഖരൻ വക്കീലിന്റെ നേരെ പറഞ്ഞപ്പോൾ പദ്മജയുടെ മുഖം വിളറി
” എനിക്ക് തെറ്റുപറ്റി . നിനക്ക് പണം അയച്ചു തന്നപ്പോൾ ഞാൻ അവിടെ അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ പ്രാരാബ്ധം പറഞ്ഞില്ല . എന്നെക്കാൾ വിഷമഘട്ടത്തിലൂടെ വളർന്ന നിനക്ക് അത് മനസിലാകുമെന്ന് കരുതി. പക്ഷെ എനിക്ക് തെറ്റി, ചിലരങ്ങനെയാണ് ..
കാശുകാണുമ്പോൾ കണ്ണ് മഞ്ഞളിക്കും, നീ നിന്റെ മക്കൾക്ക് നല്ലതുപറഞ്ഞുകൊടുത്തിരുന്നുവെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു . നീയും അതിന്റെ ഫലം അനുഭവിക്കാൻ പോകുന്നതേയുള്ളൂ . ഇന്ന് അച്ഛനെ ആട്ടിയിറക്കിയവൻ നാളെ അമ്മയേം ഇറക്കിവിടില്ലന്ന് നിനക്ക് തോന്നുന്നുണ്ടോ
പദ്മജയുടെ മുഖം താണു” ആഹാരം തന്ന് സ്നേഹിച്ചും ലാളിച്ചും പോറ്റിവളർത്തുന്നൊരേതൊരു പെണ്ണും അമ്മയാണ്. ഏത് വിഷമഘട്ടത്തിലും കൂടെ താങ്ങായി തണലായി നിൽക്കുന്നതാണ് ഭാര്യ. മരിക്കുവോളം പരിപാലിക്കുന്നവൾ ആവണം മകൾ .
അങ്ങനെ എനിക്ക് ഈ ഭൂമിയിൽ ആകെയൊരാൾ ഉള്ളൂ ..ഈ നിൽക്കുന്ന വള്ളി, ഞാനും ഇവളും തമ്മിലുള്ള ബന്ധത്തിന് ഇതിലേത് ഭാവം നിങ്ങൾ നൽകിയാലും എനിക്കൊരു പ്രശ്നവുമില്ല . അന്തസ്സും ആഭിജാത്യവും പണം കൊണ്ട് ഉണ്ടാകുന്നതാവരുത് , അത്
സഹജീവികളോടുള്ള പെരുമാറ്റം കൊണ്ടും സ്വഭാവത്തിലെ മഹിമ കൊണ്ടും ഈ സമൂഹം നൽകുന്നതാണ്. ഇനി ഇതിന്റെ പേരിൽ ആരെങ്കിലുമീ മുറ്റത്തു കാല് കുത്തിയാൽ വെട്ടിയരിഞ്ഞു മീൻ കുഞ്ഞുങ്ങൾക്കിട്ടു കൊടുക്കും ഞാൻ പറഞ്ഞേക്കാം …ഞങ്ങൾക്കും ജീവിക്കണം ഈ ഭൂമിയിൽ….
ശേഖരൻ പറഞ്ഞു തീരുമ്പോഴേക്കും തല താഴ്ത്തി മടങ്ങിയിരുന്നു.എന്ത് പറയണമെന്നറിയാതെ കരഞ്ഞുകൊണ്ട് നിന്ന വള്ളിയുടെ മൂർദ്ധാവിൽ ചുംബിച്ചിട്ട് ശേഖരൻ തൂമ്പയുമെടുത്തു വീണ്ടും പറമ്പിലേക്കിറങ്ങി … പുതിയൊരു വസന്തം കെട്ടിപ്പടുക്കാൻ