(രചന: ശിഖ)
“””അമ്മേ… എനിക്ക് ട്യൂഷൻ വേണ്ട. ഞാൻ വീട്ടിലിരുന്നു പഠിച്ചോളാം…അന്നും വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വന്ന മകൾ റിൻസി സൂസന്നയോട് പറഞ്ഞു..
“””ദേ കൊച്ചേ… നീ എന്റേന്ന് മേടിക്കും. പറഞ്ഞേക്കാം… പത്താം ക്ലാസ്സിലാണെന്ന ഓർമ്മ നിനക്കില്ലെങ്കിലും എനിക്കുണ്ട്.
“””ട്യൂഷന് പോയാലോന്നും എനിക്ക് ഒരുപാട് മാർക്ക് വാങ്ങാനൊന്നും പറ്റില്ലമ്മാ. പക്ഷേ എല്ലാ വിഷയത്തിനും തോൽക്കാതെ ജയിക്കാനുള്ള മാർക്ക് വാങ്ങാൻ എനിക്ക് പറ്റും. അതിനെനിക്ക് ട്യൂഷൻ വേണ്ട.
“””ജയിക്കാനുള്ള മാർക്ക് വാങ്ങി നീ വീട്ടിലിരിക്കെ ഉള്ളു. പതിനൊന്നാം ക്ലാസ്സിലേക്ക് അഡ്മിഷൻ കിട്ടണോങ്കിൽ മര്യാദക്ക് പഠിച്ച് നല്ല മാർക്ക് വാങ്ങിക്കോ അതാണ് നിനക്ക് നല്ലത്. അല്ലെങ്കിൽ പൊക്കി തുടയിൽ ചൂട് വക്കും ഞാൻ.
ഉണ്ടാക്കിയ തന്ത ഉപേക്ഷിച്ചു പോയ നിന്നെ തീറ്റിപ്പോറ്റാനും ഉടുപ്പിക്കാനുമൊക്കെയാ ഞാൻ രാവന്തി ഇല്ലാതെ പണിയെടുക്കണത്. അതിന്റെ എടേല് എന്റെ കഷ്ടപ്പാട് കണ്ട് ഫീസ്
പോലും വാങ്ങാതെ ആ മാഷിന് നിന്നെ പഠിപ്പിക്കാൻ തോന്നിയത് തന്നെ വലിയ കാര്യം. അതുകൊണ്ട് പഠിപ്പിക്കുന്ന മാഷിനേം എന്നേം നാണം കെടുത്താതെ നല്ല മാർക്ക് വാങ്ങിച്ചോ നീ.
ഭീഷണി പോലെ സൂസന്ന അത് പറഞ്ഞതും റിൻസിയുടെ കണ്ണുകൾ നിറഞ്ഞു.
“””അമ്മേ… എനിക്ക് ട്യൂഷന് പോവാൻ പേടിയായോണ്ടാ. ചില ദിവസങ്ങളിൽ പഠിപ്പിച്ചു തീർന്നിട്ടില്ലെങ്കിൽ സാർ വീട്ടിലേക്ക് വിടാൻ താമസിക്കും. വഴീല് ഇരുട്ട് വീഴും മുന്നേ വിടാൻ പറഞ്ഞാലും സാർ കേക്കില്ല.
സന്ധ്യ കഴിഞ്ഞാൽ ആ ഇടവഴീലൂടെ വരനെനിക്ക് പേടിയാ. ആ വഴീലെങ്ങും ആരുമുണ്ടാവില്ല.
അത് പറയുമ്പോൾ റിൻസിയുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു.”””ഓരോ കാരണം പറഞ്ഞു വീട്ടിലിരിക്കാൻ നോക്കണ്ട നീ. ട്യൂഷൻ കഴിഞ്ഞു നേരം വൈകിയാ ആ വഴീന്റ അടുത്ത് ഞാൻ വന്ന് നിക്കുന്നുണ്ട്. ആ പേരും പറഞ്ഞു നീ ക്ലാസ്സ് മുടക്കാൻ നിക്കണ്ട.
സൂസന്ന അവളുടെ ചുമലിലൊന്ന് ആഞ്ഞു തല്ലികൊണ്ട് അകത്തേക്ക് കേറിപ്പോയി.
റിൻസിക്ക് നല്ല സങ്കടം വന്നു. യഥാർത്ഥ പ്രശ്നമെന്താണെന്ന് അമ്മയോട് പറയാൻ അവൾക്ക് പേടിയായിരുന്നു. എപ്പോഴും ദേഷ്യം പിടിക്കേം ചെറിയ കാര്യത്തിന് പോലും തല്ലുകയും ചെയ്യുന്ന അമ്മയെ അവൾക്ക് ഭയമാണ്.
റിൻസിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ ആന്റപ്പൻ തെങ്ങിൽ നിന്ന് വീണ് മരിക്കുന്നത്. അതോടെ കൊച്ച് റിൻസിയെയും കൊണ്ട് അടുക്കള പണിക്ക് പോയാണ് സൂസന്ന കുടുംബം പോറ്റിയത്.
വയ്യാതെ തളർന്ന് കിടക്കുന്ന ആന്റപ്പന്റെ അമ്മ മേരിയുടെ ചികിത്സയ്ക്കുള്ള പണം കൂടി സൂസന്ന വേണം കണ്ടെത്താൻ. ഒരു കൊല്ലം മുൻപ് മേരി മരിച്ചതോടെ ആ ബാധ്യത അവസാനിച്ചു. എങ്കിലും അവരുടെ ചികിത്സയ്ക്കായി പലരിലും നിന്ന് വാങ്ങിയ പൈസ കുറേ തിരിച്ചു കൊടുക്കാനുണ്ട്.
റിൻസി വലുതായപ്പോൾ അടുക്കള പണിക്കൊപ്പം ടൗണിലെ ഓഫീസുകൾ തൂത്തു തുടയ്ക്കാനും സൂസന്ന പോകാറുണ്ട്.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ അവർ ഒരു മുരടയായ സ്ത്രീയായി മാറിപ്പോയിരുന്നു. സ്നേഹം പ്രകടിപ്പിക്കാനോ മോളോട് മയത്തിൽ സംസാരിക്കാനോ സൂസന്നയ്ക്കറിയില്ല. ഓർമ്മവച്ച നാൾ മുതൽ റിൻസിയും അമ്മയുടെ ഈ മുഖമാണ് കണ്ട് വരുന്നത്.
അന്നും ട്യൂഷൻ കഴിഞ്ഞ് രവി മാഷ് അവളെ വിട്ടപ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു. പേടിച്ചു പേടിച്ചാണ് റിൻസി മാഷിന്റെ വീട്ടിൽ നിന്നിറങ്ങിയത്.
രവി മാഷിന്റെ വീട് കഴിഞ്ഞാൽ പിന്നെ വലിയൊരു വളവ് തിരിഞ്ഞു ഒരു ഇടവഴിയിലൂടെ നടന്ന് വേണം റിൻസിയുടെ വീട്ടിലേക്ക് പോകാനുള്ള വഴിയിലെത്താൻ.
ആ ഇടവഴിയുടെ ഇരുവശവും വീടുകൾ നന്നേ കുറവാണ്. അതുകൊണ്ട് അധികം ആളുകളും സന്ധ്യ കഴിഞ്ഞാൽ ആ വഴി പോകാനില്ല. കുറച്ചു ദിവസമായി അതുവഴി തനിച്ച് പോകുന്ന റിൻസിയെ ഏതോ അപരിചിതൻ പിന്തുടരാൻ തുടങ്ങിയിട്ട്.
ഇടയ്ക്കൊരു ദിവസം അയാൾ മനഃപൂർവം അവളുടെ ശരീരത്തിൽ മുട്ടിയുരുമി നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ചെയ്തപ്പോൾ അവൾ പേടിച്ചുപോയി. ഓടിപ്പോകാൻ
ആഞ്ഞവളെ ബലമായി പിടിച്ചുവച്ച് മാറിൽ അമർത്തി ഞെരിച്ചു ഉപദ്രവിക്കാൻ ശ്രമിച്ചു. ആ സമയത്താണ് അതുവഴി ആരോ വരുന്ന കാലടി ശബ്ദം കേട്ട് അപരിചിതൻ റിൻസിയിലെ പിടി വിട്ടത്.
അയാളുടെ പിടി അയഞ്ഞതും അവൾ ഭയന്ന് വിറച്ച് ബാഗും മാറോടടുക്കി വീട്ടിലേക്കോടി. അന്ന് രാത്രി റിൻസിക്ക് ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ് അവൾക്കിങ്ങനെ ക്രൂരമായൊരു അനുഭവം നേരിടുന്നത്. അതിന്റെ ഒരു ഷോക്ക് ആ കുഞ്ഞു മനസ്സിൽ വലിയൊരു നടുക്കവും ഭീതിയുമാണ് സൃഷ്ടിച്ചത്.
അത് കഴിഞ്ഞുള്ള രണ്ട് ദിവസവും താൻ നേരത്തെ പഠിച്ചത് കൊണ്ട് സന്ധ്യ ആകുന്നതിനു മുൻപേ രവി മാഷ് അവളെ വീട്ടിൽ പറഞ്ഞു വിട്ടിരുന്നു. ആ ദിവസങ്ങളിൽ വഴിയിലെങ്ങും തിരിഞ്ഞു നോക്കാൻ പോലും നിൽക്കാതെ അവൾ വീട്ടിലേക്ക് ഓടുകയായിരുന്നു.
അത് കഴിഞ്ഞുള്ള മൂന്നാം ദിവസം റിൻസിക്കൊപ്പം വഴിയിൽ വച്ച് ജോലി കഴിഞ്ഞു വരുന്ന അവളുടെ വീടിനടുത്തുള്ള ചേച്ചി കൂടി ഉണ്ടായിരുന്നത് കൊണ്ട് അന്നും അവളാ അപരിചിതന്റെ കയ്യിൽ നിന്നും രക്ഷപെട്ടു. അന്ന് ആ ചേച്ചിക്കൊപ്പം വരുമ്പോൾ രവി
മാഷിന്റെ വീട് കഴിയുമ്പോഴുള്ള വലിയ വളവിനടുത്തുള്ള കലുങ്കിൽ അയാളിരിക്കുന്നുണ്ടായിരുന്നു. എപ്പോഴും മുഖം മറയുന്ന രീതിയിൽ മുഖത്ത് തൂവാല കെട്ടിയിരുന്നത് കൊണ്ട് ആൾ ആരാന്ന് അവൾക്ക് മനസ്സിലായില്ല.
റിൻസിയെ കണ്ട് അയാൾ അവൾക്ക് പിന്നാലെ നടന്ന് വരുമ്പോഴാണ് വീടിനടുത്തുള്ള ചേച്ചി കുറച്ചു മുൻപിൽ പോകുന്നത് കണ്ട് റിൻസി അവർക്കടുത്തേക്ക് ഓടിച്ചെന്ന് ആ
ചേച്ചിക്കൊപ്പം നടക്കാൻ തുടങ്ങിയത്. ശേഷം അവൾ പിന്തിരിഞ്ഞു നോക്കിയപ്പോൾ അയാൾ മടങ്ങി പോയിരുന്നു. ആശ്വാസത്തോടെ അന്നും റിൻസിക്ക് വീട്ടിൽ പോകാൻ കഴിഞ്ഞു.
എത്ര നാളാണ് തനിക്കിങ്ങനെ രക്ഷപെടാൻ കഴിയുക എന്നോർത്ത് അവൾക്ക് പേടിയായി. അക്കാര്യം അമ്മയോട് പറയാനും അവൾക്ക് ധൈര്യം വന്നില്ല. എങ്കിലും പറയാതെ നിവൃത്തിയില്ലല്ലോ എന്ന് കരുതി റിൻസി അമ്മയോട് ഇങ്ങനെ പറഞ്ഞു.
“””അമ്മേ… ഞാൻ ട്യൂഷൻ കഴിഞ്ഞു ഇറങ്ങാൻ വൈകുമ്പോൾ മാഷിന്റെ വീട് കഴിഞ്ഞുള്ള വളവ് മുതൽ ആരോ എന്റെ പുറകേ വരും. ഒരു ദിവസം അയാളെന്റെ കൈക്ക് കയറി പിടിക്കേം ചെയ്ത്. അന്ന് ആരോ അതുവഴി വന്നപ്പോ അയാളെന്റെ കൈവിട്ടു. ഞാൻ പേടിച്ചിട്ട് ഓടി പോന്നു.
ഇനിമുതൽ അമ്മയെന്നെ വിളിക്കാൻ വരുമോ? സന്ധ്യ കഴിഞ്ഞു ഒറ്റയ്ക്ക് വരാൻ എനിക്ക് പേടിയാ.
റിൻസി ഭയത്തോടെയാണ് അമ്മയോട് അത് പറഞ്ഞത്. പക്ഷേ അവൾ പ്രതീക്ഷിച്ചത് പോലെയൊന്നുമുണ്ടായില്ല. സൂസന്ന ദീർഘമായൊന്ന് മൂളി ചെയ്തു കൊണ്ടിരുന്ന ജോലി തുടർന്നു. അതിന് കാരണമുണ്ടായിരുന്നു.
രണ്ട് ദിവസം മുൻപാണ് ടൗണിൽ ബസ് കേറാൻ നിൽക്കുമ്പോൾ സൂസന്ന, പോലിസ് കാർ ലുക്ക് ഔട്ട് നോട്ടീസ് കൊടുത്ത ജയിൽ ചാടിയ പ്രതിയെ കുറിച്ച് അറിയുന്നത്. കുട്ടികളെ മൃഗയമായി പീഡിപ്പിച്ചു കൊല്ലുന്നവനാണ്. ഇപ്പൊ റിൻസി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവരുടെ മനസ്സിലേക്ക് പെട്ടെന്ന് വന്നത് ആ കാര്യമാണ്.
പിറ്റേ ദിവസം മുതൽ സൂസന്ന മോളെ ട്യൂഷൻ കഴിഞ്ഞിറങ്ങുന്ന നേരം നോക്കി വിളിക്കാൻ ചെന്നു. അതുപോലെ തന്നെ സന്ധ്യയാകും മുൻപേ കൊച്ചിനെ പഠിപ്പിച്ചിട്ട് വിടാനും അവർ പറഞ്ഞു. ജയിൽ ചാടിയ പ്രതിയെക്കുറിച്ചുള്ള ന്യൂസ് അറിഞ്ഞ മാഷും ആ ആവശ്യം അംഗീകരിച്ചു.
തുടർന്നുള്ള ദിവസങ്ങൾ സൂസന്ന മോളെ വിളിക്കാൻ പോകുമ്പോൾ പരിസരവും നിരീക്ഷിച്ചിരുന്നു. പക്ഷേ സംശയ തക്കതായ ഒന്നും കണ്ടുമില്ല, റിൻസിയെ പിന്തുടരുന്ന ആളെയും പിന്നെ ആ പരിസരത്ത് അവർ കണ്ടില്ല.
അന്നൊരു ദിവസം സൂസന്ന ജോലി കഴിഞ്ഞു എത്താൻ വൈകിയത് കൊണ്ട് റിൻസിയെ വിളിക്കാൻ ചെല്ലാൻ പറ്റിയില്ല. വൈകുന്നതിന് മുൻപ് അവളെ വീട്ടിലേക്ക് വിടാൻ രവി മാഷിനെ വിളിച്ചു സൂസന്ന പറഞ്ഞത് കൊണ്ട് സന്ധ്യ ആകുന്നതിനു
മുൻപ് തന്നെ രവി മാഷ് അവളെ പറഞ്ഞയച്ചു. അന്ന് അമ്മ ഒപ്പമില്ലാത്തോണ്ട് ഭയന്നാണ് അവൾ വീട്ടിലേക്ക് പോയത്.
കൃത്യം ആ ഇടവഴി എത്തിയതും അവിടെയുള്ള ഏതോ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ആ അപരിചിതൻ അവളുടെ നേർക്ക് എടുത്ത് ചാടി. പോലീസ് ലുക്ക് ഔട്ട് നോട്ടീസിൽ ഉണ്ടായിരുന്ന പ്രതിയായിരുന്നു അത്. ആ വഴിയിലെ ഏതോ വീട്ടിൽ ആയിരുന്നു അവൻ ഒളിച്ചു കഴിഞ്ഞിരുന്നത്.
അതുവരെ ആശ്വാസത്തോടെ നടന്ന് വന്നിരുന്ന റിൻസി തന്റെ തൊട്ട് മുന്നിലേക്ക് എടുത്ത് ചാടിയവനെ കണ്ട് ഭയന്ന് വിറച്ചുപോയി. ഒരുനിമിഷം പോലും ആലോചിച്ചു നിൽക്കാതെ പിന്തിരിഞ്ഞു
ഓടാൻ തുടങ്ങിയ റിൻസിയെ തൂക്കിയെടുത്തു തോളിലിട്ട് കൊണ്ട് അവൻ അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കയറി.
അയാളുടെ പിടിയിൽ ഞെരിഞ്ഞമർന്ന് പോയ ആ പാവം പിടിച്ച പെൺകൊച്ചു ആരെങ്കിലും രക്ഷിക്കാൻ വരുമെന്ന ആഗ്രഹത്താൽ ഉറക്കെ നിലവിളിച്ചു കൊണ്ട് ആ കാട്ടാളന്റെ പിടിയിൽ നിന്ന് മോചിതയാകാൻ കുതറി പിടഞ്ഞു.
വഴിയിൽ പോകുന്ന ആരെങ്കിലും ശബ്ദം കേട്ടാൽ അങ്ങോട്ട് കേറി വരുകയും തങ്ങളെ കാണുകയും ചെയ്യുമെന്ന് അയാൾക്കുറപ്പായിരുന്നു. ആ ദുഷ്ടൻ അവൻ ഉടുത്തിരുന്ന മുഷിഞ്ഞ ലുങ്കി ഊരി
റിൻസിയുടെ വായിൽ തിരുകി ശേഷം അവളുടെ തന്നെ യൂണിഫോം ഷാൾ എടുത്ത് അവിടെ കിടന്നൊരു പഴയ കയറ് കട്ടിലിൽ റിൻസിയെ കെട്ടിയിട്ടു.
അവൾക്ക് മുന്നിൽ പൂർണ്ണ നഗ്നനായി നിന്ന് ക്രൂരമായ നോട്ടത്തോടെ റിൻസിക്ക് നേരെ നടന്നടുക്കുകയായിരുന്നു അയാൾ. വിശന്ന് വലഞ്ഞ സിംഹത്തിന് ഇരയെ കിട്ടിയ ഭാവമായിരുന്നു അയാളിൽ. ആ കാഴ്ച കാണാനാവാതെ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പേടിയോടെ റിൻസി കണ്ണുകൾ അടച്ചു.
പെട്ടെന്നാണ് പുറത്ത് ബൂട്ടുകളുടെ സൗണ്ട് കേട്ടത്. പോലീസുകാർ ആ വീട് വളഞ്ഞിരുന്നു. അപകടം മനസ്സിലാക്കിയ അയാൾ റിൻസിയുടെ വായിൽ തിരുകിയ ലുങ്കി വലിച്ചെടുത്ത് ചുറ്റിക്കൊണ്ട്
പിൻവാതിലിന് നേർക്കോടി. അപ്പോഴാണ് മുൻവാതിലും പിൻവാതിലും തകർത്ത് കൊണ്ട് പോലിസും നാട്ടുകാരും അകത്തേക്ക് ഇരച്ചെത്തിയത്.
പോലീസുകാരെ കണ്ടതും റിൻസിക്ക് ശ്വാസം നേരെ വീണു. ഏതോ വനിതാ കോൺസ്റ്റബിൾ വന്ന് കെട്ടുകൾ അഴിച്ച് അവളെ സ്വാതന്ത്രയാക്കി. അതേസമയം നാട്ടുകാരിൽ ചിലർ ചേർന്ന് പോലിസ് പിടിച്ച പ്രതിയെ നന്നായി കൈകാര്യം ചെയ്തിരുന്നു.
നാട്ടുകാരിൽ നിന്നും ഒരുവിധമാണ് അയാളെ പിടിച്ചെടുത്തു പോലീസുകാർ കൊണ്ട് പോയത്. അപ്പോഴേക്കും വിവരമറിഞ്ഞു ഓടിയെത്തിയ സൂസന്ന മകളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അവൾക്കൊന്നും സംഭവിക്കാതെ തിരിച്ചു കിട്ടിയതിൽ അവർ സഹായിച്ച നാട്ടുകാരോട് നന്ദി പറഞ്ഞു.
“””ഇനിയെങ്കിലും കൊച്ചിനെ സൂക്ഷിച്ചു വേണം പുറത്തേക്ക് വിടാൻ. കുറച്ചു ദിവസമായി സന്ധ്യ നേരത്ത് ഇവൻ ഇവിടെകിടന്ന് കറങ്ങുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.
പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് കൂടി കണ്ടപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി. നിങ്ങടെ മോളെ കൂടാതെ രാവിലെ ട്യൂഷന് ഇതുവഴി പോണ ആണ്പിള്ളേരേം പെൺപിള്ളേരേം ഇവൻ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇവൻ എവിടെയാ ഒളിച്ചിരിക്കുന്നതെന്ന് കണ്ട് പിടിക്കാൻ പറ്റിയില്ല.
രാത്രി ഇവിടെയുള്ള ഏതെങ്കിലും വീട്ടിൽ കയറി കിടന്നിട്ട് പകൽ വല്ല പൊന്തക്കാട്ടിലുമാണ് ഇവൻ ഒളിച്ചിരുന്നത്. അതുകൊണ്ടാ ആ നാറിയെ പിടികൂടാൻ വൈകിയത്.
ഒന്നും സംഭവിക്കാതെ കൊച്ചിനെ തിരിച്ചു കിട്ടിയത് നിങ്ങടെ ഭാഗ്യം.
നാട്ടുകാരിൽ ഒരാൾ അത് പറഞ്ഞ ശേഷം അവിടെ നിന്ന് പോയി. സൂസന്ന മകളെ പൊതിഞ്ഞു പിടിച്ചു സകല ദൈവങ്ങളോടും നന്ദി പറഞ്ഞു വീട്ടിലേക്ക് നടന്നു. ഇനിയൊരിക്കലും തന്റെ മകൾക്ക് ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലെന്ന് അവർ മനസ്സിൽ പ്രതിജ്ഞയെടുത്തിരുന്നു.