(രചന: ശ്രേയ)
” ഡീ… ഡീ… ഇവിടെ ആരുമില്ലേ..? ഈ വാതിൽ ഒക്കെ കൂടെ അടച്ചു പൂട്ടി ആ നാശം പിടിച്ചവൾ എങ്ങോട്ട് പോയാവോ..?
തുടർച്ചയായി വാതിലിൽ തട്ടിക്കൊണ്ടു കുഴഞ്ഞ ശബ്ദത്തിൽ ഗണേഷ് വിളിച്ചു ചോദിക്കുന്നുണ്ട്.
” ഹോ.. ശീലാവതിക്ക് വാതിൽ തുറക്കാൻ പറ്റില്ലായിരിക്കും.. “പുച്ഛത്തോടെ പറഞ്ഞു ചിരിച്ചു കൊണ്ടവൻ ഉമ്മറത്തേക്ക് ഇരുന്നു.ഇരിപ്പുറയ്ക്കുന്നതിനു മുൻപേ അയാൾ അവിടേക്ക് വീണു പോയി..
അകത്ത് അയാൾ പറയുന്നതൊക്കെയും കേട്ടുകൊണ്ട് ഒരു പെണ്ണിരിപ്പുണ്ടായിരുന്നു. തന്റെ കുഞ്ഞിനെയും ചേർത്തു പിടിച്ചു കൊണ്ട് അവൾ ഭയത്തോടെ അയാളുടെ ശബ്ദത്തിന് കാതോർത്തു.
“അവൾക്ക് ഞാൻ വിളിച്ചാൽ മാത്രമേ തുറക്കാൻ പറ്റാതുള്ളൂ… വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ എപ്പോഴേ തുറന്ന് കൊടുത്തേനെ..”
അങ്ങനെ കിടക്കുമ്പോഴും അയാൾ പിറുപിറുത്തത് അതായിരുന്നു. അത് കേട്ടപ്പോൾ തന്റെ ശരീരം ആരോ കുത്തിക്കീറുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.
തന്റെ അടുത്ത് ഭയത്തോടെ ഇരിക്കുന്ന മകളെ നോക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു വേദന തോന്നി. എന്തൊരു വിധിയാണ് ഈ കുഞ്ഞിന്റെതും..
സ്വന്തം അച്ഛന്റെ സ്നേഹമോ വാത്സല്യമോ അനുഭവിക്കാൻ ഒരു വിധിയും ഇല്ലാത്ത ഒരു പെൺകുട്ടി… അമ്മ മാത്രം തണലായി ഉള്ള ഒരു കുട്ടി.. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവൾക്ക് ഇനി ആരാണ് ഉണ്ടാവുക..?
ആ ഒരു ചിന്ത തന്നെ അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.ഒരു കണക്കിന് പറഞ്ഞാൽ അവൾക്ക് ഇങ്ങനെ ഒരു വിധി സമ്മാനിച്ചത് അവളുടെ അമ്മയായ താൻ തന്നെയാണ്.. ഒരുപക്ഷേ സർവ്വ സുഖങ്ങളും അനുഭവിച്ച് മറ്റെവിടെയെങ്കിലും ജീവിക്കാനുള്ള കുട്ടിയായിരുന്നു..!
അവളുടെ കണ്ണിലൂടെ ഒഴുകുന്നത് കണ്ണുനീർ പകരം രക്തമായിരുന്നു..അവളുടെ ചിന്തകൾ വർഷങ്ങൾ പിന്നിലേക്ക് പോയി..
അച്ഛനും അമ്മയ്ക്കും അവർ രണ്ടു മക്കളായിരുന്നു. അവളും അവളുടെ ഏട്ടനും.. സ്നേഹവും സമാധാനവും ഒക്കെ ഒരു പോലെയുണ്ടായിരുന്നു നല്ലൊരു കുടുംബമായിരുന്നു അവളുടെത്..
അവളുടെ വീടിന്റെ തൊട്ടപ്പുറത്ത് ഉണ്ടായിരുന്നത് അവരുടെ കുടുംബ വീടായിരുന്നു. അച്ഛച്ചനും അച്ഛമ്മയും ഒക്കെ മരണപ്പെട്ടതിനു ശേഷം ആ വീട്ടിൽ ആരും താമസത്തിന് ഉണ്ടായിരുന്നില്ല.
ഇവിടൊക്കെ അവളുടെ അമ്മയും അവളും ഒക്കെ കൂടെ പോയി ആ വീട് വൃത്തിയാക്കി ഇടും എന്നല്ലാതെ അവിടെ ആരും താമസത്തിനുണ്ടായിരുന്നില്ല..
ആയിടയ്ക്ക് അവളുടെ അച്ഛന് സാമ്പത്തികമായി കുറച്ച് പ്രശ്നങ്ങൾ വന്നപ്പോൾ ആ വീട് വിൽക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി വീട്ടിൽ കുറച്ച് അറ്റകുറ്റപ്പണികൾ ഒക്കെ ചെയ്യേണ്ടി വന്നു.
പഴയ ഓടിട്ട വീടായിരുന്നു ആ തറവാട്. അതൊക്കെ പൊളിച്ചുമാറ്റി ഷീറ്റിട്ട് കുറച്ചു കൂടി ഭംഗിയാക്കി എല്ലാംകൊണ്ടും പുത്തൻ എന്ന് തോന്നിപ്പിക്കുന്ന രീതിയിലേക്ക് ആ വീടിന്റെ ഛായ മാറ്റിയെടുക്കാൻ ആയിരുന്നു തീരുമാനം.
അതിനു വേണ്ടി കോൺട്രാക്ട് പണിക്ക് കൊടുക്കുകയും ചെയ്തു.ആ കൂട്ടത്തിൽ അവിടെ എത്തിപ്പെട്ടതായിരുന്നു രാജേഷ്.
കൂട്ടത്തിൽ ഏറ്റവും പ്രായം കുറവ് രാജേഷനായിരുന്നു.കാണാനും നല്ല ഭംഗിയായിരുന്നു.. 16 വയസ്സുള്ള അവൾക്ക് അവനെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി എന്നു പറയുന്നത് തെറ്റല്ല.
ഇടയ്ക്ക് ചായയും ചോറും ഒക്കെ കൊടുക്കാനായി അവിടേക്ക് പോയി പോയി അവർ തമ്മിൽ നല്ല പരിചയമായി. ആ പരിചയം ഒരു പ്രണയത്തിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടി വന്നില്ല.
കൗമാരപ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ മനസ്സിന്റെ ചാപല്യം മാത്രമായിരുന്നു അത്.. പക്ഷേ അത് തിരിച്ചറിയാൻ അന്നത്തെ പ്രായത്തിൽ അവൾക്ക് കഴിയാതെ പോയി.
അതിന്റെ പരിണിത ഫലമായി സംഭവിച്ചത് അവിടുത്തെ പണി തീർന്നു രാജേഷ് തിരികെ പോകുമ്പോൾ അവളെയും കൂടെ കൂട്ടി. അവൾക്കു വേണ്ടി ഒരു നൂറായിരം സ്വപ്നങ്ങൾ നീതു കൊണ്ട് കാത്തിരിക്കുന്ന അവളുടെ അച്ഛനെയും അമ്മയെയും ഒക്കെ അവൾ മറന്നു.
അവന്റെ കൈപിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് പോകുമ്പോൾ ഇനിയുള്ള തന്റെ ജീവിതം മനോഹരമായിരിക്കും എന്ന് ആ പെൺകുട്ടി സ്വപ്നം കണ്ടു.
പക്ഷേ അവന്റെ വീട്ടിലേക്ക് ചെന്നു കയറുന്നത് വരെ ആയിരുന്നു അതിനുള്ള ആയുസ്സ്.. ആ വീട്ടിൽ അവനെ കൂടാതെ 5 അംഗങ്ങൾ ഉണ്ടായിരുന്നു. വീടാണെങ്കിൽ വളരെ ചെറുതും.. പുതിയൊരു അംഗത്തെ കൂടി അവിടെ അംഗീകരിക്കാൻ ആ വീട്ടിൽ സ്ഥലം ഉണ്ടായിരുന്നില്ല..
തന്റെ ഭാര്യയാണ് എന്ന് അവൻ പരിചയപ്പെടുത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വായ പൊത്തിക്കൊണ്ട് പൊട്ടിക്കരയുന്നതും കുട്ടികൾ തുറിച്ചു നോക്കുന്നതും അവൾ കണ്ടു.
ആരൊക്കെയോ തന്നെ അവജ്ഞയോടെ നോക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പക്ഷേ അതിനൊക്കെയുള്ള കാരണം മാത്രം അവൾക്ക് അറിയുമായിരുന്നില്ല.
ആ വീട്ടിൽ അവരെ നിർത്താൻ കഴിയില്ല എന്ന് പറഞ്ഞതോടെ ആ വീട്ടിലുള്ളവരെ ശാപവാക്കുകൾ വേദനിപ്പിച്ചു കൊണ്ട് അവൻ അവളുമായി പടിയിറങ്ങി. അവിടെ നിന്നും അധികം അകലെയല്ലാത്ത രീതിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെയായിരുന്നു പിന്നീട് അവരുടെ താമസം.
ആ വീട്ടിൽ കണ്ട ആളുകളെ കുറിച്ച് അവൾ അന്വേഷിച്ചെങ്കിലും അതൊക്കെ എന്റെ ബന്ധുക്കളാണ് എന്നൊരു വാക്കിൽ അവൻ മറുപടി അവസാനിപ്പിച്ചു. കൂടുതലൊന്നും ചോദിക്കാൻ അവൾ ശ്രമിച്ചതുമില്ല.
അവിടുത്തെ ക്ഷേത്രത്തിനു മുന്നിൽ വച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്ത ഒരു താലി മാത്രമായിരുന്നു അവൾ അവന്റെ ഭാര്യയാണ് എന്നുള്ളതിന് തെളിവ്.
ഭാര്യ ഭർത്താക്കന്മാരെ പോലെ തന്നെയായിരുന്നു അവരുടെ ജീവിതം. അധികം വൈകാതെ അവൾ വിശേഷം അറിയിക്കുകയും ചെയ്തു. പക്ഷേ അതോടെ അവന്റെ സ്വഭാവം മാറി..
” ഇത്രയും വേഗം ഇങ്ങനെ ഒരു സാധനത്തിനെ വയറ്റിൽ എടുത്തു വയ്ക്കേണ്ട കാര്യമുണ്ടായിരുന്നോ..? നാശം.. ”
അവൾ സന്തോഷത്തോടെ വിശേഷം പറഞ്ഞപ്പോൾ അവന്റെ മറുപടി അതായിരുന്നു. അത് കേട്ട് അവൾക്ക് നെഞ്ച് പൊട്ടുന്നത് പോലെയാണ് തോന്നിയത്.
പിന്നീട് അവന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ അവൾ നോക്കി കണ്ടു. സ്ഥിരമായി മദ്യപിച്ചുകൊണ്ട് മാത്രം അവൻ വീട്ടിലേക്ക് വരാൻ തുടങ്ങി.
ജോലിക്ക് പോകാറില്ല.. വല്ലപ്പോഴും ജോലിക്ക് പോയാൽ തന്നെ ആ പണം കൊണ്ട് കുടിക്കാൻ മാത്രമാണ് അവന് കഴിയുക. അതിനിടയിൽ അവൾക്ക് ആഹാരം വേണമെന്ന് അവളെ ആശുപത്രിയിൽ കൊണ്ടു പോകണമെന്നോ ഒന്നും അവന് അറിയില്ലായിരുന്നു..
ആരുടെയൊക്കെയോ കാരുണ്യത്താൽ അവളുടെ ജീവൻ പിടിച്ചു നിർത്തി. ആയിടക്കാണ് അവളെ തേടി അവന്റെ അമ്മ എത്തുന്നത്.
” നിന്റെ ഈ അവസ്ഥ കണ്ടിട്ട് എനിക്ക് സഹതാപം തോന്നേണ്ട ആവശ്യമൊന്നുമില്ല. കാരണം നിന്നെക്കാൾ ഏറെ വേദനിച്ചു കൊണ്ട് ഒരു പെണ്ണ് എന്റെ വീട്ടിലുണ്ട്.
ഇവന്റെ ഭാര്യ.. ഇവന്റെ രണ്ടു കുട്ടികളുടെ അമ്മ.. അവളുടെ മുന്നിലേക്ക് ആണ് നിന്റെ കയ്യും പിടിച്ച് ഇവൻ വന്നു കയറിയത്. അന്നുമുതൽ ഇന്നുവരെ ആ പെണ്ണ് വേദനിക്കുന്നത് ഞാൻ കണ്ടതാണ്.
ഇപ്പോൾ നിനക്ക് വേണ്ടി എന്നെ ഇവിടേക്ക് അയച്ചത് പോലും അവളാണ്.. നിനക്ക് അത്രയ്ക്കുള്ള പ്രായമല്ലേ ഉള്ളൂ കൊച്ചേ.. ഇവന്റെ കൂടെ ഇറങ്ങിത്തിരിച്ചത് എന്തിന്റെ പേരിലാണ്..? ”
അവൾ ഞെട്ടി പോയിരുന്നു.. അവനെ മറ്റൊരു ഭാര്യയും കുഞ്ഞുങ്ങളും ഉണ്ട് എന്നുള്ള കാര്യം അവൾക്ക് യാതൊരു അറിവും ഇല്ലാത്തതായിരുന്നു.. എന്ത് ചെയ്യണം എന്ന് ഓർത്ത് അവൾക്ക് വല്ലാത്ത ആദി തോന്നി..
അവളുടെ അവസ്ഥ മനസ്സിലാക്കിയത് പോലെ അമ്മ അവൾക്ക് ധൈര്യം കൊടുത്തു. അതിനുശേഷം മാത്രമാണ് അവൾ പ്രഗ്നന്റ് ആണ് എന്നുള്ള വാർത്ത അവർ അറിയുന്നത്.
എന്തായാലും അവളുടെ വീട്ടിലേക്ക് വിവരങ്ങൾ അറിയിക്കാൻ തന്നെ അവർ അവളെ ഉപദേശിച്ചു. വീട്ടിലേക്ക് വിളിച്ചെങ്കിലും ഇങ്ങനെയൊരു മകൾ ഞങ്ങൾക്കില്ല എന്നൊരു മറുപടിയിൽ അവർ അവളെ ഒഴിവാക്കി..
തകർന്നുപോയ അവളെ പിന്നീട് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ആ അമ്മയും അവന്റെ ഭാര്യയും കൂടിയായിരുന്നു.
ആ പെണ്ണിനെ നോക്കുമ്പോഴൊക്കെ അവൾക്ക് കുറ്റബോധം തോന്നുമെങ്കിലും അവൾ ചെയ്യാത്ത തെറ്റാണ് എന്നറിയാവുന്നതു കൊണ്ട് തന്നെ അവൾക്ക് മാപ്പ് നൽകാൻ ആ പെണ്ണിനെ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല..
ദിവസങ്ങൾ കടന്നു പോകുമ്പോൾ അവന്റെ സ്വഭാവം കൂടുതൽ കൂടുതൽ മോശമായി വരുന്നു എന്നല്ലാതെ അവളെ സംരക്ഷിക്കാൻ അവൻ തയ്യാറായിരുന്നില്ല..
സ്വന്തമായി ഒരു ജോലി കണ്ടുപിടിച്ച് ദിവസങ്ങൾ കഴിച്ചു കൂട്ടേണ്ട അവസ്ഥയിലേക്ക് അവൾ വന്നെത്തി. ആരെയും പരിചയമില്ലാത്ത ആ നാട്ടിൽ ജീവിതം എന്തെന്നറിഞ്ഞിട്ടില്ലാത്ത ആ പ്രായത്തിൽ അവൾ കൈതൊഴിലുകൾ പഠിച്ചു തുടങ്ങി.
അവിടെയുള്ള ആളുകളോടൊപ്പം ചേർന്ന് ഓരോ കൈത്തൊഴിലുകൾ ആയി ചെയ്തു ചെറിയ വരുമാനം കൂട്ടിവെച്ച് അവൾ ജീവിതം മുന്നോട്ടു കൊണ്ടുപോയി.
പലപ്പോഴും അവൾ കൂട്ടിവയ്ക്കുന്ന പണത്തിൽ നിന്ന് കയ്യിട്ടു വാരാൻ അവന് യാതൊരു മടിയും തോന്നാറില്ല.
അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും അവളുടെ സ്വഭാവം ഒരുപാട് മാറിയിരുന്നു. ദിവസങ്ങൾ മുന്നോട്ടു പോയപ്പോൾ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി..
ആ കുഞ്ഞിനെ സ്വന്തം എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ പോലും അവൻ ശ്രമിച്ചിട്ടില്ല. അപ്പോഴും അവൾക്ക് തുണയായി നിന്നത് അവന്റെ അമ്മയും വീട്ടുകാരും തന്നെയായിരുന്നു.
അവൾ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ അവരുടെ വീട്ടിൽ ഏൽപ്പിച്ചിട്ടാണ് അവൾ പോകാറ്. അവന്റെ ഭാര്യ ആ കുഞ്ഞിനെ സ്വന്തമെന്ന് കരുതി തന്നെ ചേർത്തു പിടിക്കുന്നു .
ഇടയ്ക്ക് അവനവന്റെ വീട്ടിലേക്ക് പോകാറുണ്ട്.. അല്ലാത്ത ദിവസങ്ങളിൽ കള്ളും കുടിച്ച് വീട്ടിലേക്ക് വന്നുള്ള ഈ പ്രഹസനങ്ങൾ പതിവാണ്..
തന്റെ ഈ വിധിയിൽ ഒരിക്കലും ആരെയും കുറ്റം പറയാൻ പറ്റില്ല.. നല്ലത് മാത്രം പറഞ്ഞു തന്ന അച്ഛനെയും അമ്മയെയും ഒക്കെ വഞ്ചിച്ചു കൊണ്ട് ഇയാളോടൊപ്പം ഇറങ്ങിത്തിരിച്ചത് താൻ തന്നെയാണ്.. അനുഭവിക്കേണ്ടതും താൻ തന്നെ..!!
കണ്ണീരോടെ ഓർത്തെങ്കിലും എന്നെങ്കിലും ഒരിക്കൽ തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തനിക്ക് മടങ്ങി പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു മൗനമായ പ്രാർത്ഥന അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.