(രചന: ശ്രേയ)
” നീ ആ പെൺകുട്ടിയെ കണ്ടോ.. എന്ത് അടക്കവും ഒതുക്കവും ഉള്ള കൊച്ചാണെന്ന് നോക്കിയേ..പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം..
കണ്ടുപഠിക്കു നീ.. ഇവിടെ ഒരുത്തിയുണ്ട് ജീൻസും ടോപ്പും വലിച്ച് കയറ്റി നടക്കും. വീട്ടിൽ നിൽക്കുമ്പോൾ ആണെങ്കിലും മുട്ടിനു മേലെ ഇറക്കമുള്ള ഒരു നിക്കറും ഒരു കുട്ടിയുടുപ്പും..
നിന്നെയൊക്കെ നാളെ എന്തു വിശ്വസിച്ചാണ് വേറൊരു വീട്ടിലേക്ക് കല്യാണം കഴിപ്പിച്ചു വിടുന്നത്..? നാട്ടുകാരെ കൊണ്ട് എന്നെ പറയിപ്പിക്കാതെ ഒരു സമാധാനവുമില്ലല്ലോ നിനക്ക്.. ”
അമ്മയുടെ ബന്ധത്തിലുള്ള ഒരു കല്യാണത്തിന് വന്നതാണ്. ജീൻസും ടോപ്പുംമിട്ട് ഞാൻ ഒരാൾ മാത്രമേ അവിടെയുള്ളൂ എന്നൊരു ഭാവത്തിലാണ് അമ്മ ചീത്ത പറയുന്നത്.
പക്ഷേ ഞാൻ ചുറ്റും നോക്കുമ്പോൾ കാണുന്നതു മുഴുവൻ ജീൻസും ടോപ്പും പെൺകുട്ടികളെയാണ്.ഇനി അമ്മയുടെ കണ്ണിന്റെ പ്രശ്നമാണോ ആവോ..!
അങ്ങനെ ചിന്തിച്ചു നിൽക്കുന്നതിനിടയിലാണ് അമ്മ ഒരു പെൺകുട്ടിയെ ചൂണ്ടിക്കാണിച്ചു തരുന്നത്. അമ്മയുടെ സങ്കല്പത്തിന് ഒത്തിണങ്ങിയ പെൺകുട്ടി എന്ന് പറയാവുന്ന ഒരു രൂപം.
കോട്ടൺ ചുരിദാർ ആണ് വേഷം. പക്ഷേ ടോപ്പിന്റെ ഇറക്കം കാൽമുട്ടിന്റെ താഴെ വരെ ഉണ്ട്. ഷോള് രണ്ടു വശത്തും പിൻ ചെയ്തു ആരുടെയും മുഖത്ത് പോലും നോക്കാതെ തലകുനിച്ചു നിൽപ്പാണ്..
അവളെ ഓർത്ത് രേഖയ്ക്ക് സഹതാപം തോന്നി..” നീ കണ്ടോ ആ പെൺകൊച്ചിനെ..? ആരുടെയും മുഖത്ത് പോലും നോക്കാതെ അത് ഇരിക്കുന്ന ഇരിപ്പ് കണ്ടോ..?
നിന്നെയൊക്കെ പോലെ തല തെറിച്ചു നടക്കുകയല്ല ആ പെൺകൊച്ച്. അതിന്റെ വീട്ടുകാർ അതിനെ അത്ര കാര്യമായിട്ടായിരിക്കും വളർത്തിയിട്ടുണ്ടാവുക.
നിന്നെയും അങ്ങനെ വളർത്തണമെന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹം. പക്ഷേ പുരോഗമനം തലയ്ക്കു പിടിച്ച ഒരച്ഛൻ ഉണ്ടല്ലോ നിനക്ക്. പെൺകുട്ടികളെ കൂട്ടിലടച്ച് വളർത്താൻ ഉള്ളവരല്ല അവരെ തുറന്നു വിടണം എന്നൊക്കെ വലിയ വലിയ ഡയലോഗുകൾ പറയുന്ന ഒരാൾ..
പക്ഷേ ഇങ്ങനെ തുറന്നു വിട്ട പെൺകുട്ടികൾക്ക് പിന്നീട് ഒരു വിവാഹജീവിതം പോലും ഉണ്ടായിട്ടില്ല എന്ന് നിന്റെ അച്ഛനു അറിയില്ല.. നിന്റെ കാര്യത്തിൽ എനിക്കുള്ള ഒരേയൊരു ഭയം അതാണ്. നിനക്കിനി ഒരു വിവാഹജീവിതം ഉണ്ടാകുമോ എന്ന കാര്യത്തിൽ എനിക്ക് നല്ല ആശങ്കയുണ്ട്.. ”
അമ്മ പറയുന്നത് കേട്ടിട്ട് രേഖയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.” അമ്മയുടെ വിചാരം എന്താ ഒരു വിവാഹമാണ് ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നാണോ..? കല്യാണം കഴിച്ചില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല എന്നൊക്കെയാണോ അമ്മ കരുതി വച്ചിരിക്കുന്നത്..?
കല്യാണം കഴിഞ്ഞില്ലെങ്കിലും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റും. പിന്നെ ജീൻസും ഷർട്ടും ഇട്ടതുകൊണ്ട് മാത്രം ഒരു പെൺകുട്ടിയുടെ സ്വഭാവം മോശമായി പോകും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല.
അങ്ങനെ വിശ്വസിക്കാത്ത ആൺകുട്ടികളും ഉണ്ടാകും. അങ്ങനെ ഒരുത്തൻ മാത്രമേ എനിക്ക് ചേരൂ. അങ്ങനെ ഒരാളിനെ കണ്ടെത്താൻ പറ്റുമോ എന്ന് ഞാനും ഒന്നു നോക്കട്ടെ… ”
അവൾ പറഞ്ഞപ്പോൾ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.” ഇനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ..”
ഇനിയും താൻ അമ്മയോടൊപ്പം നിന്നാൽ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാവുകയേ ഉള്ളൂ എന്ന് തോന്നിയപ്പോൾ അവൾ പതുക്കെ അമ്മയുടെ അടുത്ത് നിന്ന് മാറി നടന്നു.
ആ നേരത്ത് തന്നെയാണ് അമ്മയുടെ ചില സുഹൃത്തുക്കൾ അമ്മയ്ക്കടുത്തേക്ക് സംസാരത്തിന് വന്നത്. അതുകൂടി കണ്ടതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടുക ആയിരുന്നു രേഖ..!
അവൾ ലക്ഷ്യം വച്ചത് അമ്മയുടെ സങ്കല്പത്തിലെ പെൺകുട്ടിയെ ആയിരുന്നു. അതിനെ കാണുമ്പോൾ തന്നെ അറിയാം ഈ വേഷവിധാനങ്ങളോട് ഒന്നും താല്പര്യം ഇല്ലെങ്കിലും ഇങ്ങനെ വേഷം കെട്ടി വന്നതാണെന്ന്..
അതിന്റെ നിസ്സഹായ അവസ്ഥ മനസ്സിലായത് കൊണ്ടാണ് രേഖ അവളോട് സംസാരിക്കാൻ തയ്യാറായത്.
” താനെന്താടോ ഇവിടെ മാറിയിരിക്കുന്നത്..? “സൗഹൃദ ഭാവത്തിൽ അവളോട് ചോദിച്ചു കൊണ്ട് രേഖ അവൾക്ക് അടുത്തേക്ക് ചെന്നു.
പെട്ടെന്ന് ഞെട്ടി കൊണ്ട് ആ പെൺകുട്ടി ചുറ്റും നോക്കി. അവളിൽ ഒരുതരം ഭയം കാണാനുണ്ടായിരുന്നു.
“താൻ ഇത് ആരെയാണ് അന്വേഷിക്കുന്നത്..?”അവൾക്കൊപ്പം തന്നെ നോക്കിക്കൊണ്ട് രേഖ ചോദിച്ചപ്പോൾ അവൾ ഒന്ന് പതറി.
” തനിക്ക് നല്ല പേടി ഉണ്ടല്ലേ..? ആരെയാണ് പേടിക്കുന്നത്..? ഒരാളിനെ പേടിച്ചു കൊണ്ട് എത്ര കാലം ജീവിക്കാൻ പറ്റും..? താൻ എന്താടോ അത് ഓർക്കാത്തത്..? ”
അവൾ അത് ചോദിച്ചു കഴിഞ്ഞപ്പോൾ ആ പെൺകുട്ടിക്ക് ഒരു വല്ലായ്ക തോന്നി. തന്നെക്കുറിച്ച് എല്ലാം ഇവർ മനസ്സിലാക്കി കഴിഞ്ഞല്ലോ എന്നൊരു തോന്നൽ ആയിരുന്നു അവൾക്കുണ്ടായിരുന്നത്.
” ഇപ്പോ എനിക്ക് അങ്ങനെയല്ലേ ചെയ്യാൻ പറ്റൂ.. ”
നിസ്സഹായതയോടെ ആ പെൺകുട്ടി പറഞ്ഞപ്പോൾ രേഖയ്ക്ക് അലിവ് തോന്നി.
“എടോ തനിക്ക് ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് പറഞ്ഞൂടെ.. മറ്റുള്ളവരുടെ താല്പര്യത്തിനല്ലല്ലോ സ്വന്തം താല്പര്യത്തിന് അല്ലേ നമ്മൾ ജീവിക്കേണ്ടത്.. ഇങ്ങനെ
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ എന്ത് സന്തോഷം കിട്ടാനാണ്..?”രേഖ ചോദിച്ചപ്പോൾ ആ പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞു.
” ചേച്ചിക്ക് അറിയോ ചേച്ചിയെ പോലെയൊക്കെ ഡ്രസ്സ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ഇതിന് മുന്നേ ചേച്ചി എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.
പക്ഷേ ഞാൻ കാണാറുണ്ട്.ബസ്റ്റോപ്പിൽ വച്ച്..ഇടയ്ക്ക് ഇതുപോലെ എന്തെങ്കിലുമൊക്കെ ഫംഗ്ഷൻ വരുമ്പോൾ ഒക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്.
എല്ലാവരോടും സംസാരിച്ചു ചിരിച്ചു കളിച്ചു ചേച്ചിക്ക് ഇഷ്ടമുള്ള പോലെ ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ചേച്ചി ജീവിതം ആസ്വദിക്കുന്നത് കാണുമ്പോൾ
എനിക്ക് സത്യം പറഞ്ഞാൽ അസൂയ തോന്നാറുണ്ട്. ചേച്ചി എന്നല്ല ഞാനല്ലാത്ത എല്ലാ പെൺകുട്ടികളോടും എനിക്ക് അസൂയയാണ്. അതിന് ഒരു കാരണം മാത്രം..
ജീവിതത്തിൽ ഇന്ന് വരെ സ്വാതന്ത്ര്യം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല. അതിനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ. എല്ലാവരോടും ഒപ്പം ഒന്ന് ചിരിക്കാനും വർത്തമാനം പറയാനും എല്ലാവരെയും പോലെ വസ്ത്രം ധരിക്കാനും ഒക്കെ എനിക്ക് ആഗ്രഹമുണ്ട്
പക്ഷേ എന്റെ അമ്മയുടെയും അച്ഛന്റെയും ഒക്കെ വിശ്വാസത്തിൽ അതൊക്കെ ചെയ്യുന്നത് മോശം പെൺകുട്ടികളാണ്.. എനിക്ക് ചേരാത്ത ഈ വേഷം എന്നെക്കൊണ്ട് കെട്ടിക്കുന്നത് എന്റെ വീട്ടുകാർ തന്നെയാണ്.
അടുത്ത ബന്ധുക്കളോടല്ലാതെ മറ്റാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. ഇതിപ്പോ ഞാൻ ചേച്ചിയോട് സംസാരിക്കുന്നത് കണ്ടാൽ അതു മതി അടുത്ത ഒരു ഭൂകമ്പത്തിന്..!
അവരോടൊപ്പം ഇരുന്ന് അവർ നിർദേശിക്കുന്ന ആഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ. സത്യം പറഞ്ഞാൽ തടങ്കലിൽ എന്നൊക്കെ പറയില്ലേ അങ്ങനെ ഒരു അവസ്ഥ തന്നെയാണ്..
എന്നെങ്കിലും ഒരിക്കൽ ഇതിൽ നിന്ന് ഒരു സ്വാതന്ത്ര്യം കിട്ടും എന്ന് പ്രതീക്ഷിക്കാൻ അല്ലാതെ ഒന്നും ചെയ്യാനില്ല.. ”
നിരാശയോടെ അവൾ പറഞ്ഞു നിർത്തുമ്പോഴേക്കും അവളെ അന്വേഷിച്ചു അവളുടെ അമ്മ വന്നു കഴിഞ്ഞിരുന്നു.
“നീ സംസാരിച്ചിരിക്കുകയാണോ..? നമുക്ക് ആഹാരം കഴിക്കാം.. അവിടെ എന്റെ ചില സുഹൃത്തുക്കൾ ഒക്കെ നിന്നെ അന്വേഷിക്കുന്നുണ്ട്..”
അത്രയും പറഞ്ഞുകൊണ്ട് അവളെ വിളിച്ചു കൊണ്ടുപോകുമ്പോൾ അറക്കാൻ കൊണ്ടുപോകുന്ന മാടിന്റെ അവസ്ഥയായിരുന്നു ആ പെൺകുട്ടിക്ക്. ആരെയും ശ്രദ്ധിക്കാതെ തലയുയർത്തി നോക്കുക പോലും ചെയ്യാതെ അവൾ അവരോടൊപ്പം നടന്നു.
രേഖ തിരികെ അമ്മയുടെ അടുത്തെത്തുമ്പോഴും അവരുടെ സംസാരവിഷയം ആ പെൺകുട്ടി തന്നെയായിരുന്നു.
” ആ കുട്ടിയെ കണ്ടില്ലേ.. എന്ത് വിനയമാണ് അതിന്റെ പെരുമാറ്റത്തിൽ ഒക്കെ.. അധികം സംസാരിക്കുന്നത് പോലുമില്ല.. കണ്ടു പഠിക്കണം അതിനെ..”
അമ്മ ആ പെൺകുട്ടിയെ പുകഴ്ത്തുന്നത് കേട്ടിട്ട് രേഖയ്ക്ക് ചിരി വന്നു. അതിന്റെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്യുകയാണ് ഇവിടെ എല്ലാവരും.
ഒരിക്കൽ നല്ല കുട്ടി എന്നൊരു പേര് വന്നു കഴിഞ്ഞാൽ പിന്നീട് അതിൽ നിന്ന് പുറത്ത് കടക്കുക അസാധ്യമാണ്.
അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി എന്നത് ഒരു ബാധ്യതയാണ്. ഏതോ ഒരു സിനിമയിൽ ആരോ പറഞ്ഞ ആ വാക്യമാണ് അവൾക്ക് ഓർമ്മ വന്നത്.
അതിനെ അന്വർത്ഥമാക്കുന്ന പ്രവർത്തികൾ തന്നെയാണ് ഈ കാലത്ത് കാണുന്നതെന്ന് വല്ലായ്മയോടെ രേഖ ഓർത്തു.
ചെന്നായ്ക്കൾക്കിടയിൽ പെട്ടുപോയ ആട്ടിൻകുട്ടിയെ പോലെയുള്ള ആ പെൺകുട്ടിയുടെ അവസ്ഥ കണ്ട് ആ നിമിഷവും അവളുടെ ഉള്ളം നീറുന്നുണ്ടായിരുന്നു .